Saturday, August 31, 2013

ആ സ്വപ്നത്തിന് അമ്പതാണ്ട്

"എനിക്കൊരു സ്വപ്നമുണ്ട്" എന്ന പദാവലി ഐക്യഅമേരിക്കയുടെ സങ്കല്‍പ്പത്തിലെ സമത്വമുഖം വരച്ചിടുന്നതിനിടെ എട്ടുതവണ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ ആവര്‍ത്തിച്ചു. ആ വിഖ്യാതപ്രസംഗത്തിന്റെ 50-ാംവാര്‍ഷികത്തില്‍ ലിങ്കണ്‍ മെമ്മോറിയലിന്റെ അതേപടവില്‍ നിന്ന് സംസാരിക്കുന്നത് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റാണെന്നത് വര്‍ത്തമാനയാഥാര്‍ഥ്യം. അടുത്ത തലമുറയോടെ അമേരിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്നും പഠനം. എങ്കിലും കറുത്തവന്റെ കൊലയാളികളെ അമേരിക്കന്‍ നീതിപീഠം ഇപ്പോഴും വെറുതെ വിടുന്നു

ലോകചരിത്രത്തെ ത്രസിപ്പിച്ച ഒരു പ്രസംഗത്തിന് അമ്പതാണ്ട് തികയുന്നു. 1963 ആഗസ്ത് 28ന് വാഷിങ്ടണിലെ ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളിലൊന്നില്‍നിന്ന് മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്ന മുപ്പത്തിനാലുകാരന്‍ സംസാരിച്ചത് രണ്ടരലക്ഷംപേരോട്. അമേരിക്കന്‍ തലസ്ഥാനം കണ്ട ഏറ്റവും വലിയ ജനക്കൂട്ടം. അനീതിക്കും അസമത്വത്തിനുമെതിരെ പൊരുതുന്ന ലോകത്തിന് ഇന്നും ആവേശത്തിന്റെ അലയൊലിയാകുന്നു ആ വാക്കുകള്‍. അമേരിക്കന്‍ സിവില്‍റൈറ്റ്സ് മൂവ്മെന്റ് സംഘടിപ്പിച്ച "സ്വാതന്ത്ര്യത്തിനും തൊഴിലിനും വേണ്ടിയുള്ള വാഷിങ്ടണ്‍ മാര്‍ച്ചി"ലായിരുന്നു വിശ്വപ്രസിദ്ധമായ ആ പ്രസംഗം.

പ്രസിഡന്റ് കെന്നഡി മുന്നോട്ടുവച്ച പൗരാവകാശ നിയമനിര്‍മാണത്തിനുള്ള (സിവില്‍റൈറ്റ്സ് ലെജിസ്ലേഷന്‍) ബഹുജനപിന്തുണ തെളിയിക്കാനായിരുന്നു വാഷിങ്ടണ്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഇക്കാരണത്താല്‍ തികച്ചും സമാധാനപരമായിരിക്കണം മാര്‍ച്ചെന്ന് സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. മുന്നിലുള്ള ജനസഞ്ചയത്തിന്റെ ആവേശം അതിരുവിടാന്‍ ഇടയാക്കുന്നതരത്തില്‍ ആരും പ്രസംഗിക്കരുതെന്നും തീരുമാനിച്ചിരുന്നു. പലപ്പോഴായി എഴുതപ്പെട്ട കുറിപ്പുകള്‍ കൂട്ടിച്ചേര്‍ത്താണ് വാഷിങ്ടണ്‍ മാര്‍ച്ചിലെ പ്രസംഗത്തിന് കിങ് എത്തിയത്. സ്റ്റാന്‍ലി ലെവിസണ്‍, ക്ലാരന്‍സ് ബെഞ്ചമിന്‍ ജോണ്‍സ് എന്നിവരുടെ സഹായത്തോടെയാണ് പ്രസംഗത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. യഥാര്‍ഥത്തില്‍, പ്രസംഗം തയ്യാറാക്കുന്നതിനേക്കാള്‍ വലിയ ഒട്ടേറെ ചുമതലകള്‍ അവര്‍ക്ക് നിര്‍വഹിക്കാനുണ്ടായിരുന്നു. തലേദിവസം സന്ധ്യ കഴിയുമ്പോഴും പിറ്റേന്ന് താന്‍ എന്താണ് സംസാരിക്കുകയെന്ന് കിങ്ങിന് വ്യക്തതയില്ലായിരുന്നെന്ന് ജോണ്‍സ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയില്‍ അടിമത്തം നിരോധിച്ച എബ്രഹാം ലിങ്കന്റെ പ്രഖ്യാപനത്തിന്റെ നൂറാംവര്‍ഷത്തിലായിരുന്നു വാഷിങ്ടണിലെ മാര്‍ച്ച്. മുമ്പ് പലപ്പോഴുമെന്നപോലെ ലിങ്കനെക്കുറിച്ച് പറഞ്ഞാണ് അമേരിക്കയിലെ കറുത്തവംശജര്‍ നേരിടുന്ന വര്‍ണവിവേചനത്തിന് അറുതിവരുത്താന്‍ പൊരുതിയ കിങ് തുടങ്ങിയത്. ""നൂറുവര്‍ഷങ്ങള്‍ക്കുശേഷവും നീഗ്രോ ഇവിടെ സ്വതന്ത്രനല്ല""- അദ്ദേഹം നിരീക്ഷിച്ചു. പലപ്പോഴായി തയ്യാറാക്കിയ കുറിപ്പുകളില്‍ ഒതുങ്ങിനിന്ന് സംസാരിച്ച കിങ്, പ്രസംഗത്തിന്റെ അവസാനഘട്ടത്തിലാണ് "എനിക്കൊരു സ്വപ്നമുണ്ട്" എന്ന വിഖ്യാത ഭാഗത്തേക്ക് കടന്നത്. വേദിക്ക് തൊട്ടുമുന്നില്‍ നിന്നിരുന്ന ആഫ്രിക്കന്‍- അമേരിക്കന്‍ സുവിശേഷ ഗായിക മഹലിയ ജാക്സന്റെ പ്രേരണയെതുടര്‍ന്നായിരുന്നു ഇതെന്ന് ചരിത്രം. ""മാര്‍ട്ടിന്‍, അവരോട് സ്വപ്നത്തെക്കുറിച്ച് പറയൂ...""- മഹലിയ വിളിച്ചുപറഞ്ഞു. കടലാസുകളില്‍ ഉടക്കിനിന്ന പ്രസംഗത്തില്‍നിന്ന് കിങ്ങിന്റെ വാക്കുകള്‍ ഉണര്‍ന്നത് ഒരു ജനതയുടെ ഹൃദയത്തിലേക്കായിരുന്നു. നിരാശകളില്‍ തളരാതെ ഉണര്‍ന്ന് പൊരുതാന്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറവും ആ വാക്കുകള്‍ ഊര്‍ജമാകുന്നു. സ്വാതന്ത്ര്യവും സമത്വവും പുലരുന്ന തന്റെ രാജ്യത്തെക്കുറിച്ചുള്ള സ്വപ്നം മാര്‍ട്ടിന്‍ ലൂഥര്‍ കിങ് വിവരിച്ചപ്പോള്‍, അത് ലോകചരിത്രത്തിലെ വിഖ്യാതപ്രസംഗങ്ങളില്‍ ഒന്നായി. 20-ാംനൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ അമേരിക്കന്‍ പ്രസംഗമായി "99ല്‍ പണ്ഡിതരും പൊതുജനങ്ങളും ചേര്‍ന്ന് അതിനെ തെരഞ്ഞെടുത്തു. "എനിക്കൊരു സ്വപ്നമുണ്ട്" എന്ന പദാവലി ഐക്യഅമേരിക്കയുടെ സങ്കല്‍പ്പത്തിലെ സമത്വമുഖം വരച്ചിടുന്നതിനിടെ എട്ടുതവണ കിങ് ആവര്‍ത്തിച്ചു.

യഥാര്‍ഥത്തില്‍, ആവര്‍ത്തനവിരസമാകുമെന്നതിനാല്‍ ലിങ്കണ്‍ മെമ്മോറിയലില്‍ ഈ പദപ്രയോഗം ഒഴിവാക്കണമെന്ന് തീരുമാനിച്ചതായിരുന്നു. ഇത്തരത്തിലുള്ള പല പദപ്രയോഗങ്ങളും ആവര്‍ത്തിച്ച് ഉന്നയിക്കുന്ന രീതി മിക്ക പ്രസംഗങ്ങളിലും കിങ് പിന്തുടര്‍ന്നിരുന്നു. "60 മുതല്‍ നടത്തിയ പല പ്രസംഗങ്ങളിലും തന്റെ "സ്വപ്ന"ത്തെക്കുറിച്ച് കിങ് വിശദീകരിച്ചിരുന്നു. "63 ജൂണില്‍ ഡെട്രോയിറ്റിലും അദ്ദേഹം "സ്വപ്ന"പ്രഭാഷണം നടത്തി. ലിങ്കണ്‍ മെമ്മോറിയലിലെ 18 പ്രാസംഗികരില്‍ പതിനാറാമനായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. പക്ഷേ, ലോകം ഓര്‍ത്തുവച്ചത് കിങ്ങിന്റെ "സ്വപ്ന"ത്തെമാത്രമാണ്. അന്ന് അവിടെ തടിച്ചുകൂടിയ രണ്ടരലക്ഷത്തിനും പതിറ്റാണ്ടുകള്‍ക്കിപ്പുറവും പല കോടികള്‍ക്കും നെഞ്ചേറ്റാനുള്ള ഒരു പ്രസംഗത്തിനായിരുന്നു ആ വേദി. ലിങ്കണ്‍ മെമ്മോറിയലിന്റെ പടവുകളെ ചിരസ്മരണീയമായ സ്മാരകമാക്കാന്‍പോന്നവിധം ശക്തവും തീവ്രവുമായിരുന്നു കിങ്ങിന്റെ വാക്കുകളെന്ന് വേദിയിലുണ്ടായിരുന്ന ജോണ്‍ ലെവിസ് പറയുന്നു. അവിടെ കൂടിയവരെമാത്രമല്ല, മുഴുവന്‍ അമേരിക്കയെയും ലോകത്തെയും, പിറക്കാനിരിക്കുന്ന തലമുറകളെയും ആ വാക്കുകള്‍ സ്വാധീനിച്ചു.

അമേരിക്കയില്‍ അടിമത്തനിരോധനത്തിനുശേഷവും കറുത്തവംശജര്‍ക്ക് നേരിടേണ്ടിവന്ന സാമൂഹ്യവിവേചനത്തിന്റെ നേരനുഭവങ്ങളാണ് കിങ്ങിന്റെ പ്രസംഗത്തെ ഇത്രമേല്‍ തീവ്രമാക്കിയതെന്ന് പിന്നീട് ലോകം വിലയിരുത്തി. ലിങ്കനെയും ഗാന്ധിയെയും ആവാഹിച്ച ബൈബിളിന്റെ താളംനിറച്ച കിങ്ങിന്റെ പ്രസംഗത്തെ ലോകമാധ്യമങ്ങള്‍ പുകഴ്ത്തി. വൈറ്റ്ഹൗസിലിരുന്ന് ടെലിവിഷനില്‍ പ്രസംഗം കേട്ട പ്രസിഡന്റ് കെന്നഡി, മാര്‍ച്ചിനുശേഷമുള്ള കൂടിക്കാഴ്ചയ്ക്കിടെ കിങ്ങിനെ അഭിനന്ദിച്ചു. അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിന്റെ ചാരക്കണ്ണുകളിലും ആ പ്രസംഗം ഉടക്കിയെന്ന് ചരിത്രം വ്യക്തമാക്കുന്നു. ""ഇന്നലത്തെ ശക്തമായ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ കിങ് മറ്റേതൊരു നീഗ്രോ നേതാവിനേക്കാളും മുമ്പില്‍ നില്‍ക്കുന്നു. വലിയ ജനസമൂഹത്തെ അയാള്‍ക്ക് സ്വാധീനിക്കാനാകും. ഇപ്പോള്‍ത്തന്നെ നമ്മള്‍ അയാളെ നോട്ടമിടണം. കമ്യൂണിസത്തിന്റെ നിലപാടുതറയില്‍നിന്ന് ഭാവിയില്‍ അമേരിക്കയ്ക്ക് ഏറ്റവും അപകടകാരിയായ നീഗ്രോയാകും അയാള്‍""- അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ചാരശൃംഖലയുടെ ഏജന്റായിരുന്ന വില്യം സി സള്ളിവന്‍ സര്‍ക്കാരിന് നല്‍കിയ കത്തില്‍ പറയുന്നു.

64ല്‍ സമാധാന നൊബേല്‍ നേടിയ കിങ്, ഏറ്റവും പ്രായംകുറഞ്ഞ നൊബേല്‍ ജേതാവുമായി. "83 ആഗസ്തില്‍ "വാഷിങ്ടണ്‍ പോസ്റ്റി"ലാണ് പ്രസംഗത്തിന് ആദ്യമായി അച്ചടിമഷി പുരണ്ടത്. ടൈപ്പുചെയ്ത പ്രസംഗത്തിന്റെ പകര്‍പ്പ്, വേദിയില്‍നിന്ന് ജനക്കൂട്ടത്തിലേക്കിറങ്ങവെ ജോര്‍ജ് റാവലിങ്ങിനാണ് കിങ് കൈമാറിയത്. ബാസ്കറ്റ്ബോള്‍ കോച്ചായ റാവലിങ് അതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1968 ഏപ്രില്‍ നാലിന് 39-ാംവയസ്സില്‍ വര്‍ണവെറിയന്മാരുടെ വെടിയുണ്ടയേറ്റ് ആ ജീവിതം പൊലിഞ്ഞെങ്കിലും, മാര്‍ട്ടിന്‍ ലൂഥറും അദ്ദേഹത്തിന്റെ വാക്കുകളും നീതിക്കായി പൊരുതുന്നവരുടെ ഹൃദയത്തില്‍ എന്നും ഉണര്‍ന്നിരിക്കും. ആ വിഖ്യാതപ്രസംഗത്തിന്റെ 50-ാംവാര്‍ഷികത്തില്‍ ലിങ്കണ്‍ മെമ്മോറിയലിന്റെ അതേപടവില്‍ നിന്ന് സംസാരിക്കുന്നത് അമേരിക്കയുടെ ആദ്യ കറുത്ത പ്രസിഡന്റാണെന്നത് വര്‍ത്തമാനയാഥാര്‍ഥ്യം. അടുത്ത തലമുറയോടെ അമേരിക്കയില്‍ വെള്ളക്കാര്‍ ന്യൂനപക്ഷമാകുമെന്നും പഠനം. എങ്കിലും കറുത്തവന്റെ കൊലയാളികളെ അമേരിക്കന്‍ നീതിപീഠം ഇപ്പോഴും വെറുതെ വിടുന്നു. കറുത്തവംശജനായ ട്രെവന്‍ മാര്‍ട്ടിനെ വധിച്ച സിമ്മര്‍മാനെ വിട്ടയച്ചത് ഒടുവിലത്തെ സംഭവം.

*
വിജേഷ് ചൂടല്‍

No comments: