Thursday, August 29, 2013

അമേരിക്കയുടെ സിറിയന്‍ അജന്‍ഡ

സിറിയക്കെതിരെ അമേരിക്ക സൈനികനീക്കത്തിന് ഒരുങ്ങുകയാണ്. ബ്രിട്ടനെപ്പോലുള്ള അമേരിക്കയുടെ നാറ്റോ സഖ്യകക്ഷികളും അത്തരമൊരു ആക്രമണത്തില്‍ പങ്കുകൊള്ളാന്‍ വെമ്പല്‍കൊള്ളുന്നു. ഇത് സ്വാഭാവികമായും സിറിയയിലെ സംഘര്‍ഷത്തെ രൂക്ഷമാക്കുമെന്നു മാത്രമല്ല, സംഘര്‍ഷം അയല്‍രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സിറിയന്‍ സൈന്യം ഡമാസ്കസിനടുത്ത് രാസായുധം പ്രയോഗിച്ചുവെന്ന ആരോപണം മറയാക്കിയാണ് അമേരിക്ക ആക്രമണത്തിന് കോപ്പുകൂട്ടുന്നത്. യുഎന്‍ പരിശോധനാസംഘം അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ അമേരിക്കയും സഖ്യകക്ഷികളും സിറിയന്‍ സര്‍ക്കാരിനുമേല്‍ കുറ്റം ആരോപിച്ചു. സദ്ദാം ഹുസൈന്റെ കൈവശം മാരകായുധങ്ങളുണ്ടെന്ന് പറഞ്ഞ് ജോര്‍ജ് ബുഷ് ഇറാഖിനെ ആക്രമിച്ചതിനുസമാനമായ വഞ്ചനാപരമായ നീക്കമാണ് ഒബാമയും നടത്തുന്നത്.

സിറിയയിലെ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ വിമതര്‍ക്ക് ആയുധം നല്‍കുമെന്ന് ജൂണിലാണ് അമേരിക്ക പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി സിറിയയില്‍ സായുധ സംഘര്‍ഷം നടക്കുന്നു. സൗദിഅറേബ്യയും ഖത്തറും തുര്‍ക്കിയും വിമതര്‍ക്ക് ആയുധവും മറ്റുസഹായങ്ങളും നല്‍കിവരുന്നു. ഇറാനുമായി സഖ്യത്തിലായ സിറിയന്‍ സര്‍ക്കാരിന്റെ തകര്‍ച്ച കാണാനാഗ്രഹിക്കുന്ന പാശ്ചാത്യശക്തികളും ഈ നീക്കത്തിന് പിന്തുണ നല്‍കി. ഈ പ്രക്രിയ അമേരിക്കയും നാറ്റോ രാഷ്ട്രങ്ങളും ഇസ്ലാമിക മതമൗലികവാദശക്തികളെ പിന്തുണയ്ക്കുന്നതിലേക്കാണ് എത്തിച്ചേര്‍ന്നത്. സിറിയയിലെ പ്രതിപക്ഷത്തിന്റെ നിര്‍ണായകശക്തിയും ഇവരാണ്. ഈ മേഖലയില്‍ ഒരു ഇസ്ലാമിക രാഷ്ട്രംകൂടി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അഫ്ഗാനിസ്ഥാന്‍, ചെച്നിയ, ലിബിയ, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരും ഈ യുദ്ധത്തില്‍ അണിചേര്‍ന്നിട്ടുണ്ട്.

അമേരിക്കയുടെ വിശ്വസ്ത സഖ്യകക്ഷികളായ സൗദിഅറേബ്യയും ഖത്തറും വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇസ്ലാമികപോരാളികള്‍ക്ക് ആയുധവും സാമ്പത്തികസഹായവും നല്‍കിവരികയാണ്. സിറിയ എന്നും ബഹുസ്വരതയുടെ സംസ്കാരമാണ് പിന്തുടര്‍ന്നത്. സുന്നികളും ക്രിസ്ത്യാനികളും ഷിയാകളും അലാവിറ്റുകളും സൗഹാര്‍ദത്തോടെയാണ് സിറിയയില്‍ ജീവിക്കുന്നത്. ഇസ്ലാമിക പോരാളികളെ കുത്തിനിറച്ച,് പ്രാചീനകാലം മുതലുള്ള സിറിയയുടെ സാമൂഹ്യ-സാംസ്കാരിക പാരമ്പര്യമാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നത്. വിരോധാഭാസമെന്നു പറയട്ടെ, അല്‍ഖായ്ദ വിഭാഗവും അമേരിക്കയും പാശ്ചാത്യ ശക്തികളും ഇന്ന് ഒരേ ചേരിയിലാണ്. അമേരിക്കയും പാശ്ചാത്യ സാമ്രാജ്യത്വവും ഈ നശീകരണ തന്ത്രം സ്വീകരിക്കുന്നത് ഇറാനെ ഒറ്റപ്പെടുത്താനാണ്. ഇറാന്റെ അടുത്ത സഖ്യക്ഷിയാണ് സിറിയ. ഇതിന്റെയൊക്കെ അന്തിമഫലം സിറിയയെന്ന മതനിരപേക്ഷ രാഷ്ട്രത്തിന്റെ തകര്‍ച്ചയും വിഭാഗീയ വിദ്വേഷത്തിന്റെ ഉദയവുമാണ്. ബാഹ്യശക്തികളില്‍നിന്ന് എല്ലാവിധ പിന്തുണയും വിഭവങ്ങളും ലഭിച്ചിട്ടും വിമതര്‍ക്ക് സൈനികമായി അസദ് സര്‍ക്കാരിനെ പുറത്താക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, വിമതരുടെ കൈവശമുള്ള തെക്കന്‍ സിറിയയിലെ ചില പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തിന് കഴിയുകയുംചെയ്തു. അതുകൊണ്ടാണ് അമേരിക്കയും നാറ്റോയും നേരിട്ട് സിറിയയില്‍ ഇടപെടുന്നത്. ഒരു ലക്ഷം പേരുടെ മരണവും വന്‍തോതിലുള്ള നാശനഷ്ടങ്ങളും അനുഭവിച്ച സിറിയയിലെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ക്ക് അന്ത്യമാകുന്നില്ലെന്ന് സാരം. പത്തുവര്‍ഷം മുമ്പാണ് സിറിയയുടെ അയല്‍രാജ്യമായ ഇറാഖില്‍ അമേരിക്കന്‍ അധിനിവേശമുണ്ടായത്. സിറിയയെപ്പോലെ ഇറാഖും അറബ്ലോകത്തെ മതനിരപേക്ഷ രാഷ്ട്രമായിരുന്നു. എന്നാലിന്ന് വിഭാഗീയ സംഘര്‍ഷങ്ങളുടെ വിളനിലമാണ് ഇറാഖ്. അമേരിക്കന്‍ അധിനിവേശത്തിന്റെ ഫലമാണിത്.

സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറത്താക്കിയശേഷം ഷിയാകള്‍ക്ക് ഭൂരിപക്ഷമുള്ള സര്‍ക്കാരാണ് ഇറാഖില്‍ ഭരണം നടത്തിയത്. സുന്നി ന്യൂനപക്ഷം അവര്‍ക്കെതിരെ ആയുധമെടുത്തു. അല്‍ ഖായ്ദ അവര്‍ക്കിടയില്‍ വളരുകയുംചെയ്തു. അമേരിക്കന്‍ അധിനിവേശത്തിന്റെ ബാക്കിപത്രമാണിത്. സുന്നി വിഭാഗത്തിലെ ഈ തീവ്രവാദികളാണ് ഇപ്പോള്‍ സിറിയയിലേക്കു കടന്ന് അസദിനെതിരെ യുദ്ധംചെയ്യുന്ന സുന്നികളുമായി കൈകോര്‍ക്കുന്നത.് മറ്റൊരു മതനിരപേക്ഷ അറബ് രാഷ്ട്രമായ ലിബിയയും അമേരിക്കയുടെയും നാറ്റോയുടെയും ആക്രമണത്തിനിരയായി. ഗദ്ദാഫി വിരുദ്ധര്‍ക്ക് അനുകൂലമായായിരുന്നു ഈ അധിനിവേശം. ഒരു വര്‍ഷത്തിനുശേഷം ഗദ്ദാഫിയെ പുറത്താക്കുകയും വധിക്കുകയും ചെയ്തു. അതോടെ ലിബിയ എതിര്‍സൈനികരുടെ പോര്‍നിലമായി. അവിടെയും അരക്ഷിതാവസ്ഥ സൃഷ്ടിച്ചത് ഇസ്ലാമിക കലാപകാരികളാണ്. ഇറാഖിലായാലും ലിബിയയിലായാലും എണ്ണ ഉല്‍പ്പാദനകേന്ദ്രങ്ങളും അതുമായി ബന്ധപ്പെട്ട സൗകര്യങ്ങളും അമേരിക്കയുടെയും പാശ്ചാത്യ എണ്ണക്കമ്പനികളുടെയും കൈവശമായി. ചരിത്രം ആവര്‍ത്തിക്കുന്നു.

അമേരിക്കയുടെ നടപടികള്‍ ഇസ്ലാമിക മതമൗലികവാദ ശക്തികള്‍ക്ക് പ്രോത്സാഹനമാവുകയാണ്. ഇതിന്റെ ആരംഭം അഫ്ഗാനിസ്ഥാനിലായിരുന്നു. സോവിയറ്റ് പിന്തുണയുള്ള ഭരണത്തിനെതിരെ പൊരുതാന്‍ ജിഹാദുകള്‍ക്ക് അമേരിക്ക ആയുധവും പണവും നല്‍കി. അതിന്റെ ഫലമായി താലിബാന്‍ വളര്‍ന്നു. സിറിയയില്‍ ഇന്ന് മതനിരപേക്ഷ അസദ് സര്‍ക്കാരിനെതിരെ യുദ്ധംചെയ്യുന്നത് അഫ്ഗാനിസ്ഥാനില്‍നിന്നുള്ളവരാണ്. അമേരിക്കയാണ് അവര്‍ക്ക് സഹായം നല്‍കുന്നത്. ഇറാഖിലെയും ലിബിയയിലെയും മതനിരപേക്ഷ സര്‍ക്കാരുകളെ തകര്‍ത്തത് അമേരിക്കയാണ്. ഇന്ന് ഇസ്ലാമിക മതമൗലികവാദികളുടെ പ്രധാനകേന്ദ്രങ്ങളാണ് ഈ രണ്ട് രാഷ്ട്രങ്ങളും. അമേരിക്കന്‍ ഇടപെടലിന്റെ മറ്റൊരു ഫലം ഈ മേഖലയില്‍ ഷിയ- സുന്നി സംഘര്‍ഷം വര്‍ധിച്ചതാണ്. അസദ് സര്‍ക്കാരിനെതിരെയുള്ള കലാപത്തിന് വിഭാഗീയമുഖമുണ്ട്. ക്രിസ്ത്യാനികളുടെയും മതനിരപേക്ഷ സുന്നികളുടെയും പിന്തുണയുള്ള ന്യൂനപക്ഷമായ അലാവിറ്റുകളുടെ സര്‍ക്കാരിനെതിരെ സുന്നി തീവ്രവാദികളാണ് കലാപം നടത്തുന്നത്.

മേഖലയിലെ പുരോഗമന ഇടതുപക്ഷ ശക്തികളെ അടിച്ചമര്‍ത്തുകയെന്നതാണ് സാമ്രാജ്യത്വത്തിന്റെയും ഇസ്ലാമിക മതമൗലികവാദ ശക്തികളുടെയും പൊതുവായ ലക്ഷ്യം. ഈജിപ്തിലെ ജനകീയ മുന്നേറ്റം മുസ്ലിം ബ്രദര്‍ഹുഡിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചപ്പോള്‍ അമേരിക്ക ആശ്വാസംകൊണ്ടു. യാഥാസ്ഥിതികരെങ്കിലും ബിസിനസ് അനുകൂല സര്‍ക്കാരായതിനാല്‍ അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതായിരുന്നു ഈ ആശ്വാസത്തിന് കാരണം. എന്നാല്‍, ഒരു വര്‍ഷത്തിനകംതന്നെ മുസ്ലിം ബ്രദര്‍ഹുഡ് ഭരണം കടുത്ത ഇസ്ലാമികവല്‍ക്കരണ നടപടികളും നവ ഉദാരവല്‍ക്കരണ നടപടികളും കൈക്കൊണ്ടപ്പോള്‍ ജനകീയമുന്നേറ്റം വീണ്ടും ദൃശ്യമായി. സൈന്യത്തിന്റെ ഇടപെടലിലേക്കും പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിലേക്കുമാണ് ഈ ജനകീയ പ്രതിഷേധം വളര്‍ന്നത്. മുര്‍സിയെ പുറത്താക്കുന്നതിനെ അമേരിക്കയ്ക്ക് അനുകൂലിക്കാന്‍ കഴിയില്ലെങ്കിലും ഈജിപ്ത് സൈന്യത്തിന്റെ നടപടിയെ അപലപിക്കാനും അവര്‍ തയ്യാറായില്ല.

അമേരിക്കയില്‍ നിന്ന് 130 കോടി ഡോളറാണ് സൈന്യത്തിന് ലഭിക്കുന്നത്. മാത്രമല്ല, ഈജിപ്ത് സൈന്യം ഭരിക്കുന്നതിലാണ് ഇസ്രയേലിനും താല്‍പ്പര്യം. രണ്ടുവര്‍ഷം മുമ്പ് ഈജിപ്തില്‍ ജനകീയ പ്രതിഷേധം ഉയര്‍ന്നത് ഏകാധിപതിയായ ഹൊസ്നി മുബാറക്കിനെ അധികാരത്തില്‍നിന്ന് പുറത്താക്കി മതനിരപേക്ഷ-ജനാധിപത്യ റിപ്പബ്ലിക് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. സൈന്യം ഭരണം പിടിച്ചെടുക്കുകയും ഇസ്ലാമിക ശക്തികളുമായി സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്തതോടെ ഈ ലക്ഷ്യമാണ് അട്ടിമറിക്കപ്പെട്ടത്. സാമ്രാജ്യത്വം അവരുടെ തന്ത്രപരമായ താല്‍പ്പര്യസംരക്ഷണത്തിനായാണ് മധ്യ-പൗരസ്ത്യ ദേശത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി ഇപ്പോള്‍ സിറിയയെ കീഴ്പ്പെടുത്തുകയാണ് അമേരിക്കയുടെ ലക്ഷ്യം; നേരത്തേ ഇറാഖിലും ലിബിയയിലും ചെയ്തതുപോലെ. മേഖലയിലെ ജനങ്ങളെ സംബന്ധിച്ച് ഇതിന്റെ പ്രത്യാഘാതങ്ങള്‍ വിവരണാതീതമാണ്. സാമ്രാജ്യത്വത്തിന്റെ തനിനിറം ഒരിക്കല്‍കൂടി ദൃശ്യമായിരിക്കുന്നു.

*
പ്രകാശ് കാരാട്ട്

1 comment:

Aneesh chandran said...

വീണ്ടും,അമേരിക്കയുടെ അഴിഞ്ഞാട്ടം കാണാന്‍ കിടക്കുന്നതെ ഒള്ളൂ