Picture Courtesy: Sify |
രൂപയുടെ വിലയിടിഞ്ഞതെങ്ങനെ, എന്തുകൊണ്ട്, ആരാണ് അതിനുപിന്നില്‍, എന്നുമുതല്‍ തുടങ്ങി, പണക്കമ്പോളത്തില്‍ നടക്കുന്നതെന്ത്, വിലയിടിഞ്ഞാല്‍ എന്തു പ്രത്യാഘാതം, പരിഹാരമൊന്നുമില്ലേ- ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം വേണ്ടതുണ്ട്.
1991ല്‍ രൂപയുടെ വില ഇടിച്ചുകൊണ്ടാണ് സാമ്പത്തിക പരിഷ്കാരത്തിന് തുടക്കം. 1993 മുതല്‍ രൂപയുടെ വിനിമയനിരക്ക് നിശ്ചയിക്കുന്ന ജോലി കമ്പോളത്തിന് വിട്ടുകൊടുത്തു. "93 ല്‍ രൂപയുടെ വിനിമയമൂല്യം 31 രൂപ 37 പൈസ. അതായത് ഒരു ഡോളറിന്റെ അന്നത്തെ വില 31.37 രൂപ. ഇപ്പോള്‍ ഡോളറൊന്നിന് 68 രൂപ കടന്നു. 91നുശേഷം ഏതാണ്ട് 200 ശതമാനത്തിലേറെ തകര്‍ച്ച. ഈ രണ്ടുപതിറ്റാണ്ടിനിടെ തകര്‍ച്ച എത്രയോ വട്ടം ആവര്‍ത്തിച്ചു. ഈ ആഗസ്ത് 27ന് ഒറ്റദിനംമാത്രം 194 പൈസയുടെ പിന്നോട്ടടി. ആഗസ്ത് 28ന് ആകട്ടെ വീണ്ടും 246 പൈസകൂടി ഇടിഞ്ഞ് 68.80ല്‍ എത്തി; ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച. ഡോളറുമായുള്ള വിനിമയത്തില്‍ ഇത്രയേറെ തകര്‍ന്നത് ഇന്ത്യന്‍ കറന്‍സിമാത്രം. രണ്ടുവര്‍ഷം മുമ്പ് ഡോളര്‍ വില 44 രൂപയായിരുന്നു. നടപ്പു ധനവര്‍ഷത്തില്‍ ഇതുവരെ 18 ശതമാനം തകര്‍ച്ച. ഇതേസമയം ഓഹരിവിപണിയിലും തകര്‍ച്ച. ആഗസ്തില്‍ മൂന്നു ദിവസംകൊണ്ടുമാത്രം മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 1400 പോയിന്റ് പിന്നോട്ടടിച്ചു.
1991 മുതല്‍ വിദേശമൂലധനത്തിനായി ഇന്ത്യയുടെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടതോടെയാണ് രൂപയുടെ ഈ രീതിയിലുള്ള വിലയിടിവ് തുടങ്ങുന്നത്. "91 മുതല്‍ ഇന്ത്യന്‍ ആസ്തികളില്‍ വിദേശ ഉടമസ്ഥാവകാശം കൈവരുന്നു. ഇന്ത്യന്‍ നയങ്ങളില്‍ വിദേശസ്വാധീനവും ശക്തമായി. ഡോളറിന്റെ വരവും പോക്കും ശക്തമാകുന്നതും ഇക്കാലയളവോടെയാണ്. സാമ്രാജ്യത്വ ഘട്ടത്തിലെ മുതലാളിത്തമാകട്ടെ നില്‍ക്കക്കള്ളിയില്ലാതെ പ്രതിസന്ധിയെ നേരിടുന്നു. എങ്ങനെയും കരപറ്റാനുള്ള നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ലോകമുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയില്‍ തകര്‍ച്ച പലവട്ടം കണ്ടുകഴിഞ്ഞു. ലാഭക്കൊതി മൂത്ത ധനമൂലധനം ആര്‍ത്തിപിടിച്ച് പരക്കംപായുന്നു.
അവര്‍ക്ക് പിടിച്ചുനില്‍ക്കാനും ലാഭംകൊയ്യാനും ഇന്ത്യയടക്കമുള്ള സമ്പദ്വ്യവസ്ഥകളില്‍ കടന്നുകയറണം. ഇവരുടെ കടന്നുവരവിന് വഴിയൊരുക്കണമെങ്കില്‍ ഇന്ത്യയില്‍ അടിക്കടി തകര്‍ച്ചയും പ്രതിസന്ധിയും അനിവാര്യമാണ്. പ്രതിസന്ധികള്‍ സൃഷ്ടിക്കപ്പെടണം. അതാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഐഎംഎഫ്, ലോകബാങ്ക് എന്നിവ നടത്തിവരുന്ന സമ്മര്‍ദവും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ തുടര്‍ച്ചയായി നടത്തുന്ന സമ്പദ്വ്യവസ്ഥയുടെ ആരോഗ്യപ്രവചനവും ഇതോടൊപ്പം വായിക്കണം. അടിക്കടി തകര്‍ച്ചകള്‍ ഉണ്ടാകുന്നു, അഥവാ സൃഷ്ടിക്കപ്പെടുന്നു, പരിഹാരം വിദേശനിക്ഷേപത്തിന്റെ (ഡോളറിന്റെ) വരവുമാത്രമെന്ന് ഭരണാധികാരികള്‍തന്നെ പ്രഖ്യാപിക്കുന്നു. രൂപയുടെ തകര്‍ച്ചയെ ഇതില്‍നിന്ന് വേര്‍പെടുത്തി കാണാനാവില്ല. 2012 ഏപ്രില്‍. ഓര്‍ക്കുന്നില്ലേ ആ കോലാഹലങ്ങള്‍. മന്‍മോഹന്‍സിങ്ങിനെ പഴിച്ചും വിമര്‍ശിച്ചും നാണംകെടുത്തിയുമെല്ലാം അരങ്ങേറിയ കോലാഹലങ്ങള്‍. ആദ്യവെടി പൊട്ടിച്ച് രംഗത്തിറങ്ങിയത് പാശ്ചാത്യ "വൈദ്യക്കൂട്ടങ്ങള്‍". സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍, ഫിച്ച്, മൂഡീസ്.. റേറ്റിങ് ഏജന്‍സികള്‍ എന്നൊക്കെ പറയും. (2008-ല്‍ വാള്‍സ്ട്രീറ്റ് തകര്‍ച്ചയ്ക്ക് തുടക്കമിട്ട് ലീമാന്‍ ബ്രദേഴ്സും ഇന്‍ഷുറന്‍സ് ഭീമനായ എഐജിയും എട്ടുനിലയില്‍ പൊട്ടിത്തകരുന്നതിന് തൊട്ടുമുമ്പ് അവയുടെ സാമ്പത്തികനില ഭദ്രമെന്ന് "മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്" നല്‍കിയത് ഈ വൈദ്യന്മാരായിരുന്നു)
സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ 2012 ഏപ്രിലില്‍ പറഞ്ഞു: ഇന്ത്യയുടെ സാമ്പത്തിക ആരോഗ്യം മോശം. വിദേശ നിക്ഷേപത്തിന് അനുകൂലമായ സാഹചര്യമില്ല. അതുകൊണ്ട് ഗ്രേഡിങ് ഞങ്ങള്‍ താഴ്ത്തുന്നു. പരിഹാരം: ശക്തമായ സാമ്പത്തിക പരിഷ്കാരം. തൊട്ടുപിന്നാലെ ഫിച്ചും ഇന്ത്യയുടെ ഗ്രേഡിങ് താഴ്ത്തി. തുടര്‍ന്ന് മൂഡീസിന്റെ ഊഴം. റേറ്റിങ് ഏജന്‍സികള്‍ക്കു പിന്നാലെ കോര്‍പറേറ്റ് മാധ്യമങ്ങളെത്തി. ആദ്യം അമേരിക്കന്‍ വാരിക "ടൈമി"ന്റെ വക. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മുഖചിത്രവുമായി ഇറങ്ങിയ 2012 ജൂലൈ 16ന്റെ ഏഷ്യന്‍ പതിപ്പില്‍ അവരെഴുതി: ""ലക്ഷ്യം നേടാന്‍ കഴിവില്ലാത്തവന്‍"". തൊട്ടുപിന്നാലെ ലണ്ടനിലെ "ഇന്‍ഡിപെന്‍ഡന്റ്" ഇങ്ങനെയെഴുതി: ""ഇന്ത്യയുടെ വിശ്വസ്തനോ അതോ സോണിയയുടെ കാവല്‍നായയോ"". അടുത്തത് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ഊഴമായിരുന്നു. "നിര്‍ജീവമായ സര്‍ക്കാര്‍" എന്ന് അവര്‍ മന്‍മോഹന്‍സിങ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ഏറ്റവുമൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ നേരിട്ട് രംഗത്തെത്തി.
പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യയിലെ "നിക്ഷേപ കാലാവസ്ഥ" മോശമാകുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച ഒബാമ പരിഹാരവും നിര്‍ദേശിച്ചു. വാള്‍മാര്‍ട്ട് അടക്കമുള്ള ആഗോള ഭീമന്മാര്‍ക്ക് ഇന്ത്യയിലേക്ക് നേരിട്ട് വരാന്‍ വാതില്‍ തുറക്കണം. ഇതിനെയൊന്നും എതിര്‍ക്കാന്‍ ചെറുവിരല്‍പോലും അനക്കാതിരുന്ന പ്രധാനമന്ത്രി അവരുടെ നിര്‍ദേശങ്ങള്‍ ശരിവയ്ക്കുകയാണുണ്ടായത്. സെപ്തംബര്‍ 13: ഡീസലിന് ലിറ്ററിന് അഞ്ചുരൂപ കൂട്ടി. പാചക വാതക സബ്സിഡി വെട്ടിക്കുറച്ചു. സബ്സിഡി സിലിണ്ടര്‍ ഒരു കുടുംബത്തിന് പ്രതിവര്‍ഷം ആറെണ്ണം മാത്രം. സെപ്തംബര്‍ 14: ചില്ലറവ്യാപാര മേഖലയില്‍ ബഹുബ്രാന്‍ഡില്‍ 51 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി. ഏകബ്രാന്‍ഡില്‍ 100 ശതമാനവും. വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം. തുടര്‍ന്ന് ഒക്ടോബറില്‍ ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ഫണ്ട് മേഖലകളില്‍ വിദേശനിക്ഷേപ പരിധി 26 ല്‍നിന്ന് 49 ശതമാനമായി വര്‍ധിപ്പിച്ചു. ആദ്യം സൂചിപ്പിച്ച കോലാഹലങ്ങളുടെ അര്‍ഥമെന്തെന്ന് വെളിപ്പെട്ട ദിവസങ്ങളായിരുന്നു ഇത്.
ഇപ്പോള്‍ രൂപയുടെ തകര്‍ച്ചയ്ക്കു മുമ്പും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ രംഗത്തിറങ്ങി. പിന്നെ കയറ്റുമതി- ഇറക്കുമതി വ്യാപാരത്തിലെ തന്നാണ്ടു കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധിക്കുന്നതിനെ മുന്‍നിര്‍ത്തി വ്യാപകമായ പ്രചാരണം. പരിഹരിക്കാന്‍ ഡോളര്‍ എങ്ങനെയും കിട്ടിയേ പറ്റൂവെന്ന് റിസര്‍വ് ബാങ്കും സര്‍ക്കാരും ആവര്‍ത്തിക്കുന്നു. തൊട്ടുപിന്നാലെ, അമേരിക്കയില്‍ സമ്പദ്വ്യവസ്ഥ കരകയറുന്നു, അതുകൊണ്ട് അവിടെ കടപ്പത്രം വാങ്ങി കുറഞ്ഞ നിരക്കില്‍ ഡോളര്‍ നല്‍കിവരുന്ന പരിപാടി നിര്‍ത്താന്‍ പോകുന്നതായി പ്രചാരണം. ഉടനെ ഇന്ത്യന്‍ വിപണികളില്‍നിന്ന് ഡോളറുകള്‍ പിന്‍വലിക്കപ്പെടുന്നു. താമസിയാതെ വിദേശനാണയ വിനിമയ വിപണിയില്‍ ഡോളര്‍ കുറയുന്നു. ഇതോടെ ഡോളറിന് ആവശ്യക്കാര്‍ കൂടുന്നു, അഥവാ ഡിമാന്‍ഡ് വര്‍ധിക്കുന്നു. പിന്നെ തിടുക്കത്തില്‍ രൂപയുടെ വില ഇടിഞ്ഞുതുടങ്ങുന്നു. ഡോളറിന്റെ വില കൂടുന്നു. അപ്പോള്‍, ഡോളര്‍ പിന്‍വലിച്ചുകൊണ്ടുപോകുമ്പോഴാണ് രൂപയുടെ തകര്‍ച്ച തുടങ്ങുന്നതെന്ന് വ്യക്തമാകുന്നു. തിടുക്കത്തിലുള്ള ഈ വരവും പോക്കും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. അതിനുപിന്നില്‍ പലപല കളികളുണ്ട്. രൂപയുടെ തകര്‍ച്ച എന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോള്‍ നമ്മള്‍ ആദ്യം അറിയേണ്ടത് ഈ ചൂതുകളിയെക്കുറിച്ചാണ്.
പണക്കമ്പോളത്തിലെ ചൂതാട്ടം
ഡോളര്‍നിക്ഷേപങ്ങള്‍ കൂട്ടത്തോടെ പിന്‍വലിച്ചുകൊണ്ടുപോകുന്നതും പിന്നാലെ രൂപയുടെയും ഓഹരിയുടെയും വില മൂക്കുകുത്തുന്നതും ഇന്ത്യ പലവട്ടം കണ്ടുകഴിഞ്ഞു. ഒറ്റരാത്രികൊണ്ട് പിന്‍വലിക്കാവുന്ന ഡോളര്‍നിക്ഷേപങ്ങള്‍ ഒഴുകിയെത്തുന്നതും ഒഴുകിപ്പോകുന്നതും ഊഹക്കച്ചവടത്തിന്റെ ഭാഗമായാണ്. രൂപയുടെ തകര്‍ച്ച തുടര്‍ക്കഥയായതോടെ റിസര്‍വ് ബാങ്കുതന്നെ ഇത് സ്ഥിരീകരിച്ചു. ബാങ്കുകള്‍ കറന്‍സി കച്ചവടത്തില്‍ നേരിട്ടിടപെടരുതെന്ന് ജൂലൈ 16ന് റിസര്‍വ് ബാങ്ക് താക്കീതിന്റെ സ്വരത്തില്‍ പറയുകയുണ്ടായി. പക്ഷേ, ഫലം കണ്ടില്ല. രക്ഷയില്ലാതെ നാളെ റിസര്‍വ് ബാങ്കുതന്നെ കറന്‍സി- ഓഹരി വില്‍പ്പനയ്ക്കും ഊഹക്കച്ചവടത്തിനും നേരിട്ട് രംഗത്തിറങ്ങുമോ എന്നു കണ്ടറിയാം. ലാഭാര്‍ത്തിയുമായി ധനമൂലധനം പരിഭ്രാന്തമായി ഓടിനടക്കുന്ന സാഹചര്യമുണ്ടാകുമെന്ന് കാള്‍ മാര്‍ക്സ് വര്‍ഷങ്ങള്‍ക്കുമുന്നേ പറഞ്ഞുവച്ചതും ഇവിടെ ഓര്‍ക്കാം.
കമ്പോളത്തില്‍ ധനമൂലധനം നടത്തുന്ന ഒട്ടേറെ കള്ളക്കളികളും ബോധപൂര്‍വമായ നീക്കങ്ങളും സാമ്പത്തികവിദഗ്ധരും വിപണിവിദഗ്ധരും പ്രമുഖ മാധ്യമപ്രവര്‍ത്തകരും വെളിച്ചത്ത് കൊണ്ടുവന്നിട്ടുണ്ട്. അമേരിക്കയില്‍ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിനാല്‍ കടപ്പത്രങ്ങള്‍ വാങ്ങി ബാങ്കുകള്‍ക്ക് ഡോളര്‍ നല്‍കുന്ന "അളവുപരമായ ഇളവ്" (ക്വാണ്ടിറ്റേറ്റീവ് ഈസിങ്) പിന്‍വലിക്കാന്‍ പോകുന്നുവെന്ന പ്രചാരണവുമെല്ലാം കമ്പോളത്തെ മുന്‍നിര്‍ത്തി അരങ്ങേറുന്ന കളികളുടെ ഭാഗമാണ്. അമേരിക്കയില്‍ അത്തരത്തില്‍ യഥാര്‍ഥ സാമ്പത്തികസ്ഥിതിയില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ബജറ്റ് ഡയറക്ടറായിരുന്ന ഡേവിഡ് സ്റ്റോക്ക്മാന്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടപ്പത്രം വാങ്ങി ഡോളര്‍ നല്‍കുന്ന പദ്ധതി പിന്‍വലിക്കുമെന്ന് പറയുന്നതല്ലാതെ ഇതുവരെ പിന്‍വലിച്ചിട്ടില്ല എന്നതാണ് സത്യം. നേരത്തെ ആഗോള വിപണികളില്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയ്ക്കാന്‍ നടന്ന ഒട്ടേറെ കൃത്രിമ മാര്‍ഗങ്ങള്‍ വിപണി വിദഗ്ധര്‍ തന്നെ പിന്നീട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം പൗണ്ടിന്റെ വില ഇടിക്കാന്‍ ജോര്‍ജ് സോറോസിന്റെ നേതൃത്വത്തില്‍ നടന്ന കളികളും പിന്നീട് വെളിപ്പെട്ടിരുന്നു.
രൂപയുടെ തകര്‍ച്ചയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഈ ഊഹക്കച്ചവടത്തെക്കുറിച്ചും സമ്മര്‍ദതന്ത്രങ്ങളെക്കുറിച്ചും വിശദമായി പഠിക്കേണ്ടതുണ്ട്. ഈ ചൂതുകളിക്ക് വിവിധ രൂപഭാവങ്ങളുണ്ട്. അത് നയിക്കുന്നവരെയൊന്നും ചിലപ്പോള്‍ നേരിട്ട് കാണാനാകില്ല. അതില്‍ അമേരിക്കയടക്കമുള്ള മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകളുണ്ട്; അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വുണ്ട്; കോര്‍പറേറ്റ് മേലാളന്മാരുണ്ട്. ഹെഡ്ജ്ഫണ്ടുകള്‍, ഡെറിവേറ്റീവുകള്‍, ഫ്യൂച്ചര്‍ വ്യാപാരം അഥവാ അവധിക്കച്ചവടം, ഓപ്ഷന്‍... അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍ അറിഞ്ഞാല്‍മാത്രമേ ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതാട്ടം ബോധ്യപ്പെടൂ. ഇതിനര്‍ഥം ഊഹക്കച്ചവടം മാത്രമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമെന്നല്ല. ഇറക്കുമതിവര്‍ധന, കയറ്റുമതി- ഇറക്കുമതി ഇടപാടിലെ തന്നാണ്ടുകണക്കിലെ കമ്മി (കറന്റ് അക്കൗണ്ട് കമ്മി) വര്‍ധന, വിദേശത്തുനിന്ന് കടമെടുപ്പ്, വിദേശനാണയശേഖരത്തിലെ താല്‍ക്കാലിക നിക്ഷേപം (ഹോട്ട് മണി), എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുന്നത് എന്നിവയെല്ലാം രൂപയുടെ തകര്‍ച്ചയ്ക്ക് വഴിവയ്ക്കുന്ന കാരണങ്ങളാണ്.
രൂപയുടെ തകര്‍ച്ചയെന്നാല്‍ എന്തെന്ന് പരിശോധിക്കാം. കഴിഞ്ഞമാസം നാലു രൂപ കൊടുത്ത് 100 ഗ്രാം പഞ്ചസാര വാങ്ങി. ഈ മാസം 100 ഗ്രാം പഞ്ചസാര കിട്ടാന്‍ ആറു രൂപ കൊടുക്കണം. അപ്പോള്‍ പഞ്ചസാരയ്ക്ക് രണ്ടു രൂപ വില വര്‍ധിച്ചു, അഥവാ രൂപയുടെ വിലയിടിഞ്ഞു. ഡോളര്‍- രൂപ വിനിമയത്തില്‍ രൂപയുടെ വിലയിടിഞ്ഞു എന്നു പറയുമ്പോഴും സംഭവിക്കുന്നത് ഇതുതന്നെ. 1993ല്‍ 31 രൂപയായിരുന്ന ഡോളര്‍വില ഇപ്പോള്‍ 68 രൂപ കടന്നിരിക്കുന്നു. പഞ്ചസാരയുടെ വില വര്‍ധിച്ചത് പഞ്ചസാര കിട്ടാനില്ലാത്തതുകൊണ്ടാകാം. അതുപോലെ ഡോളര്‍ കിട്ടാനില്ലാതെ വരുമ്പോള്‍ ഡോളറിന്റെ വിലയും ഉയരുന്നു. ഡോളര്‍വരവ് കൂടിയാല്‍ രൂപയുടെ വില ഉയരുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പലപല വഴിയുണ്ട്; സമ്മര്‍ദതന്ത്രങ്ങളുണ്ട്. അതാണ് വിപണികളില്‍ കണ്ടുവരുന്നത്. ആഗോളവല്‍ക്കരണകാലത്ത് കറന്‍സിയും കച്ചവടവസ്തുവാണ്. ആ കച്ചവടത്തില്‍ വില കൂടുമെന്നോ കുറയുമെന്നോ ഉള്ള നിഗമനങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന പന്തയംവയ്പുകളാണ് ഊഹക്കച്ചവടം അഥവാ ചൂതാട്ടം. ഇന്നിപ്പോള്‍ ബാങ്കുകളില്‍നിന്നെടുക്കുന്ന വായ്പകളില്‍ നല്ലൊരു ഭാഗവും ഉല്‍പ്പാദനമേഖലകളിലേക്കല്ല; ഓഹരി- പണക്കമ്പോളങ്ങളിലെ ചൂതുകളിയിലേക്കാണ് ഒഴുകുന്നത്.
ആഗോള ധനമേഖലകളില്‍ ഊഹക്കച്ചവടം പതിന്മടങ്ങ് വര്‍ധിച്ചതായി കണക്കുകള്‍ തെളിയിക്കുന്നു. അങ്ങേയറ്റം അപകടകരമായ കളികള്‍ കളിക്കുന്ന ഹെഡ്ജ് ഫണ്ടുകളുടെ എണ്ണപ്പെരുക്കവും വിദേശനാണയവിനിമയ വിപണികളിലെ ഇടപാടുകളുടെ വര്‍ധനയും ഇതിന്റെ സൂചനയാണ്. ഹെഡ്ജ് ഫണ്ട് ഡോട്ട്കോമിന്റെ കണക്കുപ്രകാരം രണ്ടായിരത്തില്‍തന്നെ 8923 ഹെഡ്ജ് ഫണ്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിസമ്പന്നരുടെ പണംകൊണ്ട് കളിക്കുന്ന ഹെഡ്ജ് ഫണ്ടുകള്‍ക്ക് ധനക്കമ്പോളത്തില്‍ ഇപ്പോള്‍ വലിയ "റോളു"ണ്ട്. സ്വന്തം ആസ്തികള്‍ സംരക്ഷിക്കലല്ലാതെ കമ്പോളത്തിലെ പ്രവര്‍ത്തനരീതിയൊന്നും ഇവര്‍ക്ക് പ്രശ്നമല്ല. ഉല്‍പ്പാദനത്തില്‍നിന്ന് പൂര്‍ണമായും പിന്മാറിയ മുതലാളിത്തം നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് ഊഹക്കച്ചവടത്തിന്റെ വര്‍ധനയിലൂടെ വെളിപ്പെടുന്നതെന്ന് സോഷ്യലിസം ടുഡേയുടെ പത്രാധിപര്‍ ലിന്‍ വാല്‍ഷ് പറയുന്നു. വിദേശനാണയവിനിമയ വിപണികളുടെയും ഡെറിവേറ്റീവ് വ്യാപാരത്തിന്റെയും പങ്ക് വന്‍തോതില്‍ വര്‍ധിച്ചതായി ബാങ്ക് ഫോര്‍ ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ് 2004 സെപ്തംബറില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍തന്നെ പറയുന്നുണ്ട്. ഈ വിപണികളിലെ പ്രതിദിന വിറ്റുവരവ് അന്നുതന്നെ ലക്ഷം കോടി ഡോളറിലേറെയായിരുന്നു. കറന്‍സിയുടേതായാലും ഓഹരിയുടേതായാലും ഭാവിയിലെ വില മുന്‍കൂട്ടി നിശ്ചയിച്ച് തയ്യാറാക്കുന്ന വിവിധതരത്തിലുള്ള ധനകാര്യകരാറുകളായ ഡെറിവേറ്റുകള്‍ വഴിയാണ് ഊഹക്കച്ചവടം അരങ്ങുതകര്‍ക്കുന്നത്. ഊഹക്കച്ചവടത്തിനുപുറമേ മറ്റു ചില ഘടകങ്ങളും രൂപയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നതായി സൂചിപ്പിച്ചുവല്ലോ. ഇറക്കുമതിവര്‍ധനയും തന്നാണ്ടുകമ്മിയും അതില്‍ പ്രധാനമാണ്. ഇറക്കുമതി ഉദാരവല്‍ക്കരണമാണ് ഇറക്കുമതിയും അതുവഴി തന്നാണ്ടുകമ്മിയും കൂടാന്‍ കാരണം. ഡോളര്‍വില വര്‍ധിക്കുമ്പോള്‍ ഇറക്കുമതി വര്‍ധിക്കുന്നത് ഇറക്കുമതിച്ചെലവ് കൂട്ടാനിടയാക്കും. ഡോളര്‍ അടിസ്ഥാനത്തിലാണ് ഇറക്കുമതി. കൂടുതല്‍ ഡോളര്‍ വേണ്ടിവരുമ്പോള്‍ ഡോളറിന്റെ വില വീണ്ടും കൂടും. രൂപയുടെ വില പിന്നെയും ഇടിയും. പെട്രോളും ഡീസലും സ്വര്‍ണവുമാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണ ഇറക്കുമതി നിയന്ത്രിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും ഇതുവരെ ഫലംകണ്ടില്ല. ജൂണില്‍ 31 ടണ്ണായിരുന്ന സ്വര്‍ണ ഇറക്കുമതി ജൂലൈയില്‍ 47.65 ടണ്ണായി വര്‍ധിച്ചു. നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി 9000 കോടി ഡോളറിന്റേതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 5.7 ശതമാനത്തോളം വരും ഇത്. കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനത്തില്‍ കൂടുന്നത് ആപത്താണ്. ഇറക്കുമതി നിയന്ത്രിച്ച് കയറ്റുമതി വര്‍ധിപ്പിക്കലാണ് കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ ശരിയായ പോംവഴി. അതിനുപകരം എങ്ങനെയും ഡോളറെത്തിച്ച് പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
വിദേശത്തുനിന്ന് കടമെടുപ്പ് പ്രോത്സാഹിപ്പിക്കുന്നതാണ് ഡോളര്‍വില ഉയരാന്‍ മറ്റൊരു കാരണം. ഈ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഡോളര്‍ വേണം. അപ്പോള്‍ ഇത്തരക്കാര്‍ ഡോളറിനായി തിരക്കുകൂട്ടും. മറ്റൊന്ന് എണ്ണക്കമ്പനികള്‍ കമ്പോളത്തില്‍നിന്ന് ഡോളര്‍ വാങ്ങുന്ന പ്രശ്നമാണ്. പൊതുവില്‍ ഇതെല്ലാം ഡോളറിന്റെ ആവശ്യം വര്‍ധിപ്പിക്കുന്ന സാഹചര്യം. വിദേശനാണയശേഖരത്തിന്റെ പൊള്ളത്തരമാണ് വേറൊരു കാര്യം. താല്‍ക്കാലിക നിക്ഷേപമായെത്തുന്ന വിദേശസ്ഥാപന നിക്ഷേപമാണ് (എഫ്ഐഐ- ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ഇതില്‍ നല്ലൊരു പങ്കും. ഹോട്ട് മണി എന്നറിയുന്ന ഈ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിച്ചുകൊണ്ടുപോകാവുന്നവയാണ്. 1994ല്‍ മെക്സിക്കോയിലും 1997ല്‍ തെക്കുകിഴക്കേഷ്യയിലും സമ്പദ്വ്യവസ്ഥകളെ തകര്‍ത്തെറിഞ്ഞത് ഈയിനത്തിലെത്തിയ ഊഹക്കച്ചവട മൂലധനമായിരുന്നു. രൂപയുടെ തകര്‍ച്ചയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
പ്രശ്നം നയത്തിന്റേതുതന്നെ
കഴിഞ്ഞദിവസത്തെ വന്‍വീഴ്ചകളില്‍ നിന്ന് ചെറിയ ഒരു വീണ്ടെടുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ദൃശ്യമായെങ്കിലും വെള്ളിയാഴ്ച തുടക്കത്തില്‍ ഇടിവ് തന്നെയായിരുന്നു. പിന്നീട് അല്‍പം മെച്ചപ്പെട്ടു. രണ്ടു പതിറ്റാണ്ടിലേറെയായി ആവര്‍ത്തിക്കുന്ന പ്രവണതയാണിത്. ഉയര്‍ച്ച, തകര്‍ച്ച, ചാഞ്ചാട്ടം. വിലയിടിച്ചില്‍ തടയാന്‍ റിസര്‍വ് ബാങ്ക് ചില നടപടി സ്വീകരിച്ചുവെന്നതു ശരിതന്നെ. ബാങ്കുകളിലെ പണം അപ്പാടെ ഊഹക്കച്ചവടത്തിന് ഒഴുകുന്നുവെന്ന് മനസ്സിലാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവു കമ്പോളത്തിലെ പണലഭ്യത കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ചില നടപടി പ്രഖ്യാപിച്ചു. പക്ഷേ, മന്‍മോഹനും ചിദംബരവുമെല്ലാം ഇതിനെതിരാണ്. ഇങ്ങനെ രൂപയുടെ വിലയിടിയുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെന്ത്്, ഇതിനൊരു പരിഹാരമില്ലേ എന്നീ വിഷയങ്ങളും ചര്‍ച്ചചെയ്യേണ്ടതുണ്ട്.
Courtesy: indiatoday |
വിദേശനാണയ ശേഖരം ശുഷ്കമാകാനും വിദേശ കടമെടുപ്പ് വര്‍ധിക്കാനും രൂപയുടെ തകര്‍ച്ച ഇടയാക്കും. കാര്‍, ടി വി, വാഷിങ്മെഷീന്‍ മറ്റ് ഗൃഹോപകരണങ്ങള്‍ എന്നിവയുടെയെല്ലാം വില വര്‍ധിക്കും. വിലകൂട്ടി ലാഭം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് ഇതൊരു അവസരവുമാകും. ഡോളര്‍ വില ഉയരുന്നതും രൂപയുടെ വില ഇടിയുന്നതും കയറ്റുമതിക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഒരുപക്ഷേ, ഗുണംചെയ്തേക്കാം. അവരുടെ ഡോളര്‍ വരുമാനം രൂപയിലേക്കു മാറ്റുമ്പോള്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. എന്നാല്‍, ഡോളര്‍ കടം മേടിച്ച് നാട്ടിലേക്ക് അയക്കുന്ന പ്രവാസി കുടുങ്ങുകയുംചെയ്യും. മേടിച്ച കടം തിരിച്ചുകൊടുക്കാന്‍ ഡോളര്‍ വാങ്ങണമെങ്കില്‍ കൂടുതല്‍ രൂപ വേണ്ടി വരും. പരിഹാരം: രൂപയുടെ തകര്‍ച്ചയ്ക്കും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ക്കും വിരാമം വേണമെങ്കില്‍ നയപരമായ തിരുത്തല്‍ വേണമെന്ന് നമ്മള്‍ ആദ്യമേ കണ്ടു.
ചൂതാട്ടത്തെ മുന്‍നിര്‍ത്തി വരുന്ന ധനമൂലധനത്തെയും ഊഹക്കച്ചവടത്തെയും കര്‍ശനമായി നിയന്ത്രിക്കാന്‍ കഴിയണം. കറന്റ് അക്കൗണ്ട് കമ്മി പെരുകല്‍ തടയാന്‍ കഴിയണമെങ്കില്‍ ഇറക്കുമതി കുറയ്ക്കണം. യഥാര്‍ഥ വ്യാപാരത്തിന് ഊന്നല്‍ നല്‍കണം. കമ്മി കുറയ്ക്കാന്‍ വിദേശ സ്ഥാപന നിക്ഷേപത്തെ (ഫോറിന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റ്മെന്റ്) ആശ്രയിക്കരുത്. എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഒരു ജാലകം തുറക്കലാണ് മറ്റൊരു പോംവഴിയായി വിദഗ്ധര്‍ നിര്‍ദേശിച്ചത്. ആഗസ്ത് 29ന് റിസര്‍വ് ബാങ്ക് അത് നടപ്പാക്കി. എണ്ണക്കമ്പനികള്‍ ഇപ്പോള്‍ കമ്പോളത്തില്‍നിന്ന് നേരിട്ട് ഡോളര്‍ വാങ്ങുകയാണ്. ഇത് അവസാനിപ്പിക്കണം. കയറ്റുമതിക്കാര്‍ക്ക് ലഭിക്കുന്ന ഡോളര്‍ രൂപയാക്കി മാറ്റുന്നതിലെ താമസം ഒഴിവാക്കണം. ഡോളര്‍ വില വീണ്ടും വര്‍ധിക്കുന്നതിനും രൂപ തകരുന്നതിനും അവര്‍ കാത്തിരിക്കാനിടയുണ്ട്. കൂടുതല്‍ തകരുമ്പോള്‍ മാറ്റിയാല്‍ അവര്‍ക്ക് കൂടുതല്‍ രൂപ കിട്ടും. അതുപോലെ ഇറക്കുമതിക്ക് വേണ്ടിവരുന്ന ഡോളര്‍ ഉടന്‍ നല്‍കുന്ന രീതിക്ക് മാറ്റം വരുത്താം. അതിന് പ്രത്യേക ചട്ടങ്ങള്‍ രൂപപ്പെടുത്തേണ്ടി വരും. ബാങ്കുകള്‍ ഊഹക്കച്ചവടത്തില്‍ ഇടപെടുന്നത് കര്‍ശനമായി തടയണം. ഇത്രയുമായാല്‍ ഡോളറിന്റെ ലഭ്യത ഉറപ്പാക്കാന്‍ കഴിയുമെന്നും അതുവഴി രൂപയുടെ തകര്‍ച്ച തടയാനാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡോളര്‍ വില കൂടുമ്പോള്‍ കയറ്റുമതിവരുമാനം വര്‍ധിക്കുകയും അതുവഴി കറന്റ് അക്കൗണ്ട് കമ്മി കുറയുകയും ചെയ്യേണ്ടതാണ്. പക്ഷേ, കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയാണെന്നതിനാല്‍ അത് സംഭവിക്കുന്നില്ല. ഈ തകര്‍ച്ചയ്ക്കും പ്രതിസന്ധിക്കും പിന്നില്‍ രാഷ്ട്രീയനാടകം കൂടിയുണ്ടെന്നറിയുക. ഇത് മന്‍മോഹന്‍സിങ്ങും ചിദംബരവും മോണ്ടേക്സിങ് അലുവാലിയയുമെല്ലാം അറിഞ്ഞുനടക്കുന്ന ഒത്തുകളിയാണ്.
ഇന്ത്യയില്‍ തുടര്‍ച്ചയായി പ്രതിസന്ധിയും തകര്‍ച്ചയുമുണ്ടാക്കലും തുടര്‍ന്ന് വിദേശമൂലധനം പരിഹാരമായി നിര്‍ദേശിക്കുന്നതും ഈ ഒത്തുകളിയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രശ്നം നമ്മുടെ രാഷ്ട്രീയനേതൃത്വം പിന്തുടരുന്ന നയത്തിന്റേതാണ്. നവ ഉദാരവല്‍ക്കരണനയങ്ങള്‍ തുടരുന്ന ഓരോ നിമിഷവും രാജ്യത്തിന്റെ സാമ്പത്തികത്തകര്‍ച്ച നെല്ലിപ്പടിയോടടുക്കുന്നു എന്നതാണ് സത്യം. ആ നയം തിരുത്താന്‍ തയ്യാറാകുക എന്നതാണ് ഏക പോംവഴി. അതിന് കോണ്‍ഗ്രസോ ബിജെപിയോ നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാര്‍ തായ്യാറാകില്ല എന്നു വ്യക്തം. അവിടെയാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളില്‍നിന്ന് വ്യത്യസ്തമായ ബദല്‍നയത്തിന്റെ പ്രസക്തി.
*
എന്‍ മധു ദേശാഭിമാനി
No comments:
Post a Comment