Saturday, August 31, 2013

ഫാഷിസത്തിന്റെ വെളുത്ത താടി

നരേന്ദ്രമോഡിയെ കൊല്ലാന്‍ പുറപ്പെട്ട ഭീകരര്‍ എന്ന കള്ളക്കഥ മെനഞ്ഞ്, ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയെയും കൂടെ മറ്റ് മൂന്നുപേരെയും മോഡിയുടെ പൊലീസ് വെടിവച്ചുകൊന്ന് മൂന്ന് ആഴ്ചകള്‍ കഴിയുന്നതിനുമുമ്പ് വിജയലക്ഷ്മി "ഊഴം" എന്ന കവിത മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. അതൊരു വ്യാജ ഏറ്റുമുട്ടലാണെന്നോ, മോഡിയുടെ പൊലീസ് നിസ്സഹായയായ ആ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിനുശേഷം വെടിവച്ചു കൊല്ലുകയായിരുന്നുവെന്നോ വ്യക്തമായിട്ടില്ലാത്ത അക്കാലത്ത്, ഏതോ സഹജാവബോധത്തിന്റെ പ്രേരണയാല്‍ സത്യത്തിന്റെ അണയാത്ത കനലുകളെ ഊതിത്തിളക്കി അവര്‍ എഴുതി:

""അപമാനിക്കപ്പെട്ട മൃതദേഹം
രാത്രിയില്‍ എന്നോട് പറഞ്ഞു:
കണ്ടില്ലേ, എന്റെ കൈകളില്‍ ചേര്‍ത്തുവച്ചത്?
അല്ല, ആ തോക്ക് തീര്‍ച്ചയായും എന്റേതല്ല.
എനിക്ക് വെടിയുണ്ടകളെ അറിയില്ല,
എന്റെമേല്‍ തറഞ്ഞതിനെ ഒഴികെ.
ആ ഡയറിക്കുറിപ്പുകളും എന്റേതല്ല,
ഹിറ്റ്ലിസ്റ്റുകള്‍ വിളക്കിച്ചേര്‍ത്തവ. കൊല്ലപ്പെട്ടുവെങ്കിലും ഞാനൊരു വിഡ്ഢിയല്ല
എങ്കില്‍
എനിക്കും കാണണം,
ഞങ്ങളുടെ പേര് ഹിറ്റ്ലിസ്റ്റില്‍ ചേര്‍ത്ത
എഴുതപ്പെടാത്തതിനാല്‍ അദൃശ്യമായ ആ നാരകീയ ഡയറി
. ........
പകലുകളില്‍ നിന്ന് മായ്ച്ചുകളഞ്ഞ്
പത്രത്താളിലും വാര്‍ത്താബോര്‍ഡിലും
അത്താഴപ്പുറത്തെ അലസമായ
മിനിസ്ക്രീനിലും ചേര്‍ത്ത്
ജീവനറ്റുപോയ കിടപ്പിനെ
പലവട്ടം അപമാനിച്ചാലും
രാത്രി
കളവില്ലാത്ത കണ്ണാടികളില്‍
ഞങ്ങളുടെ ചോര
നിശ്ശബ്ദമായി തെളിഞ്ഞുവരും.
ഉണര്‍ന്നെണീക്കുന്ന
ഓരോ ചെവിയിലും
ചുണ്ടുചേര്‍ത്ത് സൂര്യനുദിക്കും വരെയും അത്
മൃദുവായി
പറഞ്ഞുകൊണ്ടിരിക്കും
"ഉറങ്ങാതിരിക്കുക.
പുലരുന്നത്
നിങ്ങളുടെ ഊഴം ""
.
ഫാഷിസത്തിന്റെ വരവിനെക്കുറിച്ച് പണ്ട് ഓട്ടോ റെനെ കാസ്റ്റിലോ എഴുതിയ പ്രഖ്യാതമായ കവിതയുടെ മുഴക്കങ്ങള്‍ നമുക്കീ വരികളിലും കേള്‍ക്കാനാവും. അടിവച്ചടിവച്ച്, വികസനത്തിന്റെ വിജയഗാഥകളാലപിച്ച്, സുസ്മേരവദനനായി, കഴിഞ്ഞുപോയതിലൊന്നും പശ്ചാത്താപമില്ലാത്തവനായി, ഉരുക്കുപോലെ ഉറച്ച ബോധ്യങ്ങളുടെ പ്രതിനിധിയും പ്രതീകവുമായി വാഴ്ത്തപ്പെട്ട് നാഗരിക മധ്യവര്‍ഗത്തിന്റെ നായകബിംബമായി, ഇന്ത്യന്‍ ഫാഷിസത്തിന്റെ പടപ്പുറപ്പാട് ഗുജറാത്തില്‍നിന്ന് ആരംഭിക്കുന്നതേയുണ്ടായിരുന്നുള്ളൂ; വിജയലക്ഷ്മി ഈ കവിത എഴുതുമ്പോള്‍. തെളിവുകളൊന്നും കൈവന്നിട്ടില്ലെങ്കിലും സത്യത്തിന്റെ കെടാത്ത വെളിച്ചവും ചൂടും പകര്‍ന്ന നൈതിക പ്രേരണകളുടെ പ്രഭാവം കൊണ്ട് ഇസ്രത്ത് ജഹാന്‍ എന്ന പെണ്‍കുട്ടിയും മറ്റ് മൂന്നുപേരും കൊല്ലപ്പെട്ടതാണെന്ന് അവര്‍ 2004 ജൂലൈയില്‍ എഴുതി. ഒമ്പതു കൊല്ലത്തിനുശേഷം വ്യാജ ഏറ്റുമുട്ടലിന്റെയും കൊലപാതകത്തിന്റെയും വിവരങ്ങള്‍ സിബിഐ പുറത്തുകൊണ്ടുവന്ന് ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നു. വൈലോപ്പിള്ളി തന്റെ പഴയ കവിതയില്‍ പറഞ്ഞതുപോലെ ശാസ്ത്രവും ചരിത്രവും തെളിവ് തരുന്നതിനും മുമ്പേ, "ഹൃദയനിമന്ത്രിത"മായ സത്യങ്ങളുടെ പിന്‍ബലത്താല്‍ ഉണര്‍ന്നുനിന്ന ഒരു കാവ്യാനുഭവത്തിന്റെ ചരിത്രമായി ഈ കവിത മാറിത്തീര്‍ന്നിരിക്കുന്നു.

ഒരു പതിറ്റാണ്ടായി പിന്‍വാങ്ങിനിന്ന, ഇന്ത്യന്‍ ഫാഷിസത്തിന്റെ രഥയാത്ര വീണ്ടും തുടങ്ങിയിരിക്കുന്നു. ഗുജറാത്തില്‍നിന്നാണത് വരുന്നത്. മുമ്പും അങ്ങനെയൊന്ന് പുറപ്പെട്ടത് ഗുജറാത്തില്‍നിന്ന് തന്നെയായിരുന്നു. ഗുജറാത്തിലെ സോമനാഥത്തില്‍നിന്നും. ചോരപ്പുഴകള്‍ക്കും കബന്ധങ്ങള്‍ക്കും നടുവിലൂടെ അത് അയോധ്യ വരെയെത്തി. ഇപ്പോള്‍ അത്തരമൊരു പുറപ്പാടിന്റെ ആരവം വീണ്ടും ഗുജറാത്തില്‍ നിന്നുതന്നെ കേട്ടുതുടങ്ങിയിരിക്കുന്നു. ഗുജറാത്ത് ഗാന്ധിജി ജനിച്ച നാടായിരുന്നുവെന്ന് നാം ഇനിയും കുട്ടികളോട് പറഞ്ഞുകൊടുക്കണം! പ്രഹസനമായി ആവര്‍ത്തിക്കുന്ന ചരിത്രം എത്ര വലിയ ദുരന്തങ്ങളെയാണ് കൂടെ കൂട്ടുന്നത്?

വെളുത്ത താടിക്ക് മനുഷ്യവംശത്തിന്റെ പ്രാക്തന സ്മൃതികളില്‍ വിശുദ്ധമായ അര്‍ഥമാണുള്ളത്. മലയാളിക്ക് കളിയരങ്ങിലെ സാത്വിക ചൈതന്യവും കാരുണ്യവുമാണത്. ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ നിറഞ്ഞുനിന്ന വെള്ളത്താടി കേസരി ബാലകൃഷ്ണപിള്ളയുടേതാണ്. താപസോചിതമായ നിര്‍മമതയോടെ അദ്ദേഹം യാതനകള്‍ക്കിടയിലും വരുംകാലത്തിനുവേണ്ടി എഴുതിക്കൊണ്ടിരുന്നു. ഇപ്പോള്‍ വാക്കുകള്‍ കൂടുമാറിയിരിക്കുന്നു. യൗവ്വനത്തിലേക്ക് കാലൂന്നുകമാത്രം ചെയ്ത നിസ്സഹായയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വെടിവച്ചുകൊല്ലുന്നതിന് "വെളുത്ത താടി"യുടേയും "കറുത്ത താടി"യുടെയും അനുവാദം ലഭിച്ചതായി കുറ്റവാളികളായ ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ വിവരം ഇസ്രത്ത് ജഹാന്‍ വധക്കേസിനെക്കുറിച്ചുള്ള സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അര്‍ഥം മാറുന്നത് വാക്കുകള്‍ക്ക് മാത്രമാണോ?

ഇസ്രത്ത് ജഹാന്‍ കൊല ചെയ്യപ്പെട്ട വാര്‍ത്ത വന്ന ദിവസം അര്‍ധരാത്രിയില്‍ അസ്വസ്ഥമായിരുന്ന് താന്‍ കവിത എഴുതിത്തീര്‍ത്തതിന്റെയും പിന്നാലെയുണ്ടായ അനുഭവങ്ങളുടെയും കഥ വിവരിക്കുന്ന വിജയലക്ഷ്മിയുടെ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 14, 2013) അവസാനിക്കുന്നതും ഈ അര്‍ഥപരിണാമത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്: ""വെളുത്ത താടി. അത് മോശയുടേതായിരുന്നു. അനുഗൃഹീത പ്രതിഭ മൈക്കേല്‍ ആഞ്ജലോ ലോകത്തിനു സമ്മാനിച്ച, സമൃദ്ധമായ വെള്ളത്താടി തഴുകി ചിന്താധീനയായിരിക്കുന്ന മോശയെ ചിത്രങ്ങളിലൂടെ അറിഞ്ഞ് ഉറ്റുനോക്കി എത്രയോ നേരമിരുന്നിട്ടുണ്ട്. കാറ്റിലുലയുന്ന വെള്ളത്താടിയുമായി, മോശ കൈയിലെ ദണ്ഡുയര്‍ത്തിയപ്പോള്‍ ചെങ്കടല്‍ രണ്ടായി പിളര്‍ന്നു. ജലം മതിലുപോലെ മാറിനിന്നു. ഇസ്രയേല്‍ ജനത അപ്പുറം കടന്നു... വെളുത്ത താടി അനുഗ്രഹത്തിന്റെയും സുരക്ഷയുടെയും പക്വതയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായിരുന്നു... ഇപ്പോള്‍ അത്?""

സ്വയംഭരണ കോളേജുകള്‍: ചരിത്രവും വര്‍ത്തമാനവും

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും സര്‍ക്കാരും തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് സ്വയംഭരണ കോളേജുകള്‍ എന്ന സങ്കല്‍പ്പത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശകലനം ചെയ്യുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെ ശ്രദ്ധേയമായ ലേഖനം മലയാളം വാരിക പ്രസിദ്ധീകരിച്ചത് (2013 ജൂലൈ 5 ലക്കം). മഹാത്മാഗാന്ധി സര്‍വകലാശാലയുടെ മുന്‍ പ്രോ വൈസ് ചാന്‍സലര്‍ ആയിരുന്ന ഡോ. രാജന്‍ വര്‍ഗീസിന്റെയും അന്നത്തെ വൈസ് ചാന്‍സലര്‍ ഡോ. രാജന്‍ ഗുരുക്കളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ആ സര്‍വകലാശാല അക്കാദമികമായി വലിയ വിജയങ്ങള്‍ ഒന്നൊന്നായി കൈവരിച്ചത് സമീപകാലത്ത് കണ്ടതാണ്. വിവേകപൂര്‍ണമായ സമീപനവും അക്കാദമികമായ ദീര്‍ഘവീക്ഷണവും ഉണ്ടെങ്കില്‍ എത്ര വലിയ പരിമിതികള്‍ക്കിടയിലും നമ്മുടെ സ്ഥാപനങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയുന്ന വിജയങ്ങള്‍ക്കുള്ള തെളിവായിരുന്നു അത്. വിസി, പിവിസി തുടങ്ങിയ പദവികള്‍ ഉത്തരവാദിത്തമല്ല അധികാരമാണ് എന്ന് തെറ്റിദ്ധരിച്ച്, സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ഥികളുമെല്ലാം തന്റെ ആശ്രിതജനതയാണെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഭരണാധികാരികള്‍ സര്‍വകലാശാലകളില്‍ എത്രയോ ഉള്ളപ്പോഴാണ് ഡോ. രാജന്‍ ഗുരുക്കളും ഡോ. രാജന്‍ വര്‍ഗീസും വ്യത്യസ്തവും മാന്യവും അക്കാദമികവുമായ ഒരു മാതൃക നമുക്ക് മുന്നില്‍ അവശേഷിപ്പിച്ചുകൊണ്ട് കടന്നുപോയത്.

സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രത്തിലേക്കും അതിന്റെ വര്‍ത്തമാന വിവക്ഷകളിലേക്കും നന്നായി വെളിച്ചം വീശുന്നതാണ് ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം. 1817ല്‍ തന്നെ കോളേജുകള്‍ സ്ഥാപിക്കപ്പെടുകയും 1857ല്‍ അവയെല്ലാം ബോംബെ, കല്‍ക്കത്ത, മദ്രാസ് സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെടുകയും ചെയ്ത ചരിത്രമാണ് ആധുനിക ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിനുള്ളത്. സര്‍വകലാശാലകള്‍ അക്കാദമിക കേന്ദ്രങ്ങളും വിജ്ഞാനോല്‍പ്പാദന സ്ഥാപനങ്ങളുമാവുക എന്നതിനു പകരം കോളേജുകളുടെ നിയന്ത്രണവും ഭരണവും നടത്തുന്ന ബ്യൂറോക്രാറ്റിക് സ്ഥാപനങ്ങളാവുക എന്നതാണ് തുടക്കം മുതലേ ഇവിടെ സംഭവിച്ചത്. അക്കാദമിക സ്ഥാപനങ്ങള്‍ എന്നതിലുപരി ഭരണസ്ഥാപനങ്ങളായാണ് നമ്മുടെ സര്‍വകലാശാലകള്‍ വിഭാവനം ചെയ്യപ്പെട്ടത് എന്നര്‍ഥം. മെക്കാളെ മിനുറ്റ്സിന്റെയും കോളോണിയല്‍ ഭരണകൂടങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്കും ആവശ്യത്തിനും ഉതകുന്ന ഒന്നായിരുന്നു അത്. സര്‍വകലാശാലകള്‍ വിജ്ഞാനോല്‍പ്പാദന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചില്ല. പകരം യൂറോപ്യന്‍ വിജ്ഞാനം വിതരണം ചെയ്യുന്ന കോളേജുകളുടെ ഭരണകേന്ദ്രമായി അവ മാറി. തങ്ങളുടെ ഭരണനിര്‍വഹണത്തിന് ഉപയുക്തമാവുന്ന അതിവിപുലമായ ഗുമസ്തവൃന്ദത്തിന്റെ നിര്‍മാണമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു കരുതിയ കൊളോണിയല്‍ ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കകത്താണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ നിലവില്‍ വന്നത് എന്നര്‍ഥം.

സ്വാതന്ത്ര്യപ്രാപ്തിക്ക് ആറ് പതിറ്റാണ്ട് പഴക്കമായെങ്കിലും സര്‍വകലാശാലയെയും ഉന്നത വിദ്യാഭ്യാസത്തെയും സംബന്ധിച്ചുള്ള സാമാന്യ ധാരണയില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഈ പ്രശ്നത്തിനുള്ള സാര്‍ഥകമായ പരിഹാരം എന്ന നിലയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന ആശയം ഉയര്‍ന്നുവന്നത്. പിന്നിട്ട മൂന്ന് - നാല് പതിറ്റാണ്ടുകള്‍ക്കിടയില്‍ അത്തരം പല സ്ഥാപനങ്ങളും ദേശീയതലത്തില്‍ രൂപീകരിക്കപ്പെട്ടു. താരതമ്യേന മെച്ചപ്പെട്ട നിലയില്‍ അവ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ ആരംഭിക്കുന്ന സ്വയംഭരണ കോളേജുകള്‍ ഇത്തരമൊരു അക്കാദമിക നവീകരണത്തിനാണോ വഴിതുറക്കുക എന്ന സംശയമാണ് വലിയ തോതില്‍ ഉന്നയിക്കപ്പെടുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസമേഖലയില്‍ അത്യന്തം പ്രബലമായ സ്വാധീനം പുലര്‍ത്തുന്ന മതവിഭാഗങ്ങളും മൂലധനശക്തികളും സ്വയംഭരണാധികാരത്തെ ഏതെല്ലാം നിലകളില്‍ ഉപയോഗപ്പെടുത്തും എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. അക്കാദമിക നവീകരണത്തിനും സുതാര്യതയ്ക്കുമായുള്ള ശ്രമങ്ങളെ കഴിഞ്ഞ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ കാലത്ത്, അട്ടിമറിക്കാന്‍ ഈ വിഭാഗങ്ങള്‍ നടത്തിയ നാനാതരം പരിശ്രമങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ സ്വയംഭരണമെന്ന ആശയം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാവുന്ന ഒന്നായി മാറാനുള്ള സാധ്യത ഏറെയാണെന്ന് ആര്‍ക്കും വ്യക്തമാകും. പ്ലസ്ടു പ്രവേശനത്തിലെ ഏകജാലക സംവിധാനം മുതല്‍ സ്വാശ്രയപ്രവേശനം വരെയുള്ള കാര്യങ്ങള്‍ അട്ടിമറിക്കാന്‍ മതാധികാരവും മൂലധനശക്തികളും കൈകോര്‍ത്ത് നിന്ന് പരിശ്രമിച്ചതിന്റെയും പലപ്പോഴും അവര്‍ അതില്‍ വിജയം നേടിയതിന്റെയും കഥയാണ് സമീപ ഭൂതകാലം നമുക്ക് മുമ്പില്‍ അവശേഷിപ്പിക്കുന്നത്. സ്വയംഭരണമെന്ന ആശയത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ കേരളത്തില്‍ പ്രബലമാവുന്നതും ഇതുകൊണ്ടാണ്.

ഡോ. രാജന്‍ വര്‍ഗീസിന്റെ ലേഖനം സ്വയംഭരണ കോളേജുകള്‍ എന്ന ആശയത്തിന്റെ ചരിത്രപരവും അക്കാദമികവുമായ ഉള്ളടക്കത്തിലേക്കും ഒപ്പംതന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അതിന് വന്നുപെടാവുന്ന പരിണതികളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വസ്തുതകളുടെയും അനുഭവജ്ഞാനത്തിന്റെയും ഉറച്ച അടിത്തറയില്‍ കെട്ടിപ്പൊക്കപ്പെട്ട വാദമുഖങ്ങളാണ് അതിലുള്ളത്. നമ്മുടെ പൊതുസമൂഹം കാര്യമായി പരിഗണിക്കാത്ത ഒരു പ്രശ്നത്തിന്റെ നാനാതലങ്ങളെ അഭിസംബോധന ചെയ്യുന്ന ലേഖനമാണത്. ഗൗരവപൂര്‍വം കണക്കിലെടുക്കേണ്ട ഒന്ന്.
 
രണ്ട് സ്ത്രീകള്‍; ചരാചര പ്രകൃതിക്കായുള്ള സമരവും

കടലിനും പുഴയ്ക്കും വേണ്ടി ഒറ്റയ്ക്ക് സമരം ചെയ്യുന്ന രണ്ട് സ്ത്രീകളുടെ അത്യസാധാരണമായ ജീവിതത്തിന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പ് (ജൂലൈ 28 ലക്കം) പ്രസിദ്ധീകരിച്ചു. കണ്ണൂരിലെ പുതിയങ്ങാടി കടപ്പുറത്തെ ജസീറയും തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലെ ഓലത്താനിയിലെ ഡാര്‍ളിയും. സമരം സമാനതകളില്ലാത്തതാണ്. നമുക്ക് ചുറ്റും നിത്യേനയെന്നോണം അരങ്ങേറിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ അന്യായങ്ങളോടും നീതിനിഷേധങ്ങളോടും സമരസപ്പെട്ടു ജീവിക്കുകയും പൊതുവിചാരങ്ങളായി മാത്രം അവയോടെല്ലാം പ്രതികരിക്കുകയും ചെയ്തു ശീലിച്ച മലയാള ജീവിതത്തിന് ആലോചിക്കാനാവാത്ത വിധം തങ്ങള്‍ക്ക് സ്വകാര്യമായി യാതൊന്നും ലഭിക്കാനിടയില്ലാത്ത, എന്നാല്‍ മനുഷ്യവംശത്തിനും ചരാചര പ്രകൃതിക്കും എത്രയും ഉപയുക്തമാവുന്ന ചില ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ജസീറയും ഡാര്‍ളിയും സമരം ചെയ്യുന്നത്. കണ്ണൂര്‍ കടപ്പുറത്തെ മണ്ണെടുപ്പിനെതിരെ കലക്ടറേറ്റിനു മുന്നില്‍ മക്കളെയും കൂട്ടി രാത്രിയും പകലും കുത്തിയിരുന്ന ജസീറയും ഓലത്താനിയിലെ മണലൂറ്റുകാരുടെ സമ്മര്‍ദങ്ങള്‍ക്കെതിരെ, ആദിമമായ ഏതോ പ്രേരണകളുടെ മാത്രം പ്രഭാവത്താല്‍ പതിറ്റാണ്ടുകളായി ചെറുത്തുനില്‍ക്കുന്ന ഡാര്‍ളിയും. നമ്മുടെ സാമാന്യ യുക്തികള്‍ക്കെല്ലാമപ്പുറം പോകുന്ന അസാധാരണമായ നീതിബോധത്തിന്റെയും പ്രകൃതിബോധത്തിന്റെയും ആവിഷ്കാരങ്ങളെന്നപോലെ, അവര്‍ നഷ്ടങ്ങള്‍ മാത്രമുള്ള സമരത്തിന് ഒരുങ്ങിപ്പുറപ്പെടുന്നു. ഒറ്റയ്ക്ക് നില്‍ക്കുമ്പോഴാണ്, ചിലപ്പോഴൊക്കെ, മനുഷ്യന്‍ ഏറ്റവും ശക്തനായിത്തീരുകയെന്ന് പണ്ട് ഇബ്സണ്‍ പറഞ്ഞുവച്ചതിനെ മിക്കവാറും ഇബ്സണെന്ന പേരുപോലും കേട്ടിരിക്കാനിടയില്ലാത്ത, ഈ സ്ത്രീകള്‍ സാക്ഷാത്കരിക്കുന്നു. രേഖപ്പെടുത്തപ്പെട്ടാലും ഇല്ലെങ്കിലും ഭാവിയുടെ ചരിത്രമാണ് ഇവര്‍ പണിതീര്‍ത്തുകൊണ്ടിരിക്കുന്നത്.

സമകാലിക മാര്‍ക്സിസത്തിന്റെ ചരിത്രസംഗ്രഹം

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ മാര്‍ക്സിസത്തിന് സംഭവിച്ചതായി പരിഗണിക്കപ്പെടുന്ന വലിയ മാറ്റങ്ങളിലൊന്ന് അക്കാദമിക മേഖലകളിലേക്കുള്ള അതിന്റെ വലിയ തോതിലുള്ള കടന്നുകയറ്റമാണ്. മാര്‍ക്സിസം സമരമുഖങ്ങളില്‍നിന്നും സര്‍വകലാശാലകളിലേക്ക് കുടിയേറി എന്ന്, ഒട്ടൊക്കെ വിമര്‍ശനാത്മകമായി തന്നെ, പരാമര്‍ശിക്കപ്പെടുന്ന നിലയില്‍ മാര്‍ക്സിസത്തിന്റെ സ്വാധീനം അക്കാദമിക ജീവിതത്തിന്റെ നാനാതലങ്ങളില്‍ പ്രാബല്യം നേടിയ കാലയളവാണിത്. 1970-കള്‍ക്കുശേഷം ലോകരാഷ്ട്രീയ ഭൂപടത്തിലും രാഷ്ട്രീയ ജീവിതത്തിലും മാര്‍ക്സിസം പലതരം പ്രതിസന്ധികളെയും അഭിമുഖീകരിക്കുകയും ഒടുവില്‍ സോവിയറ്റ് പതനത്തില്‍ ചെന്നവസാനിക്കുകയും ചെയ്ത കാലയളവില്‍ തന്നെയാണ് മാര്‍ക്സിസ്റ്റ് വൈജ്ഞാനികതയുടെ ഈ അനന്യസാധാരണമായ വ്യാപനവും അരങ്ങേറിയത്. സാമ്പത്തികശാസ്ത്രവും ചരിത്രവും രാഷ്ട്രമീമാംസയും മുതല്‍ ഭാഷാചിന്തയും മനോവിശ്ലേഷണവും ഭൂപടവിജ്ഞാനവും വരെയുള്ള മേഖലകളില്‍ മാര്‍ക്സിസം കടന്നുകയറുകയും അതത് വിജ്ഞാനമേഖലകളുടെ ചരിത്രത്തെ വഴിതിരിച്ചുവിടുകയും ചെയ്തു. മാര്‍ക്സിസം മരിച്ചെന്ന പ്രഖ്യാപനം ഒരുഭാഗത്ത് വലിയ ശബ്ദത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ്, ആധുനികലോകത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത വിധത്തില്‍ അത് പടര്‍ന്നുകയറിയത്.

"ക്രിട്ടിക്കല്‍ കംപാനിയന്‍ ടു കണ്ടമ്പററി മാര്‍ക്സിസം"  എന്ന ശീര്‍ഷകത്തില്‍ ജാക്വസ് ബിദെയും സ്റ്റാദിസ് കൊവ്വെലാകിസും ചേര്‍ന്ന് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഗ്രന്ഥം മാര്‍ക്സിസത്തിന്റെ ഈ അസാധാരണ വ്യാപനത്തിന്റെ ചരിത്രം ഇതള്‍ വിടര്‍ത്തിക്കാണിക്കുന്ന ഏറ്റവും സഫലമായ ശ്രമങ്ങളിലൊന്നാണ്. 2001-ല്‍ ഫ്രാന്‍സില്‍ പുറത്തുവന്ന Dictionnaire Marx contemporain  എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷയായി 2008ല്‍ ആണ് ഇത് പുറത്തുവന്നത്. ഫ്രാന്‍സില്‍ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന "ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം" പരമ്പരയിലെ പതിനാറാമത്തെ വാല്യം എന്ന നിലയിലാണ് ഈ ബൃഹദ്ഗ്രന്ഥം വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത് എന്ന കാര്യം കൂടി ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. മാര്‍ക്സിസം ഗൗരവമേറിയ ഒരു പഠനവിഷയവും രീതിപദ്ധതിയുമായി എത്ര സജീവമായി നിലനിന്നുപോരുന്നു എന്ന വസ്തുതയിലേക്കുകൂടി ഈ പരമ്പര വെളിച്ചം വീശുന്നുണ്ട്.

"മാര്‍ക്സിസം, പോസ്റ്റ്-മാര്‍ക്സിസം, നവ മാര്‍ക്സിസങ്ങള്‍" എന്ന പേരില്‍ എഡിറ്റര്‍മാര്‍ തയ്യാറാക്കിയ ആമുഖ പഠനവും തുടര്‍ന്നുള്ള നാല്‍പ്പത് അധ്യായങ്ങളുമായാണ് ഈ ഗ്രന്ഥം ആസൂത്രണം ചെയ്തിട്ടുള്ളത്. സമകാലിക മാര്‍ക്സിസം എന്നതിന്റെ താല്‍പ്പര്യമായി അവര്‍ സൂചിപ്പിക്കുന്നത് മുകളില്‍ പരാമര്‍ശിച്ച നിലയിലുള്ള അക്കാദമിക-വൈജ്ഞാനിക തലങ്ങളിലെ മാര്‍ക്സിസത്തിന്റെ സ്വാധീനത്തെയും വ്യാപനത്തെയുമാണ്. ഏകമുഖമായ ഒരു നിലപാടായോ വീക്ഷണഗതിയായോ അല്ല മാര്‍ക്സിസത്തെ ഈ സമാഹാരത്തിലെ പ്രബന്ധങ്ങള്‍ പണിഗണിക്കുന്നത്. സമകാലിക മാര്‍ക്സിസത്തെക്കുറിച്ച് പ്രമുഖ ചരിത്രകാരനായ എറിക്ഹോബ്സ്ബോം സൂചിപ്പിക്കുന്നതുപോലെ, മാര്‍ക്സിസം ഇന്ന് ബഹുമുഖമായ ഒരു പ്രവാഹമായിക്കഴിഞ്ഞുവെന്നും അതില്‍ പരിഭ്രമിക്കേണ്ടതായോ എതിര്‍ക്കപ്പെടേണ്ടതായോ യാതൊന്നും തന്നെയില്ല എന്ന കാഴ്ചപ്പാടാണ് (Marxist history is plural today. A single `correct\' interpretation of history is not a legacy that Marx left for us. The pluralism of Marxist work today is an inescapble fact. Indeed there is nothing wrong with it എന്ന് ഹോബ്സ്ബോം) ഈ ഗ്രന്ഥം മുന്നോട്ടു വയ്ക്കുന്നത്. സോവിയറ്റ് മാര്‍ക്സിസത്തിന്റെ ഏകതാനതയില്‍ മനസ്സുറച്ചുപോയവര്‍ക്ക് ഈ ബഹുത്വം അസ്വാസ്ഥ്യജനകമാവാമെങ്കിലും മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം സര്‍ഗാത്മകമായ അനുഭവം തന്നെയാണ്.

മൂന്ന് ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്തില്‍ മുതലാളിത്തത്തിന്റെ പരിവര്‍ത്തനങ്ങളും അവയോടുള്ള മാര്‍ക്സിസ്റ്റ് പ്രതികരണവും വിശകലനവിധേയമാക്കുന്ന നാല് പ്രബന്ധങ്ങളാണ് പ്രധാനമായുള്ളത്. ഈ ഗ്രന്ഥത്തിന്റെ സമീപനവും പൊരുളും വിശദീകരിക്കുന്ന, എഡിറ്റര്‍മാര്‍ ഇരുവരും ചേര്‍ന്നെഴുതിയ, ആദ്യ അധ്യായം കൂടാതെയാണിത്. രണ്ടാം ഭാഗത്തിലെ ഇരുപത് അധ്യായങ്ങള്‍ മാര്‍ക്സിസ്റ്റ് ചിന്താപാരമ്പര്യത്തിലെ വ്യത്യസ്ത സമീപനങ്ങളും വിവിധ ജ്ഞാനമേഖലകളില്‍ മാര്‍ക്സിസം ഉളവാക്കിയ ഫലങ്ങളുമാണ് പരിശോധിക്കപ്പെടുന്നത്. അനലറ്റിക്കല്‍ മാര്‍ക്സിസം, ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍, ബുഡാപെസ്റ്റ് സ്കൂള്‍, റെഗുലേഷന്‍ സ്കൂള്‍ എന്നിങ്ങനെയുള്ള പ്രശസ്തവും അപ്രശസ്തവുമായ മാര്‍ക്സിസ്റ്റ് പഠനപാരമ്പര്യങ്ങളും പരിസ്ഥിതി, ദൈവവിജ്ഞാനം, ഭാഷാദര്‍ശനം, നവചരിത്രവാദം, ലോക-വ്യവസ്ഥാ പഠനം തുടങ്ങിയ പഠനശാഖകളില്‍ മാര്‍ക്സിസം ചെലുത്തിയ സ്വാധീനവുമാണ് ഇവിടെ പരിശോധിക്കപ്പെടുന്നത്. അവസാന ഭാഗത്തിലെ പതിനഞ്ച് അധ്യായങ്ങള്‍ കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടിനിടയില്‍ മാര്‍ക്സിസ്റ്റ് ചിന്തയെ സ്വാംശീകരിക്കുകയും പുതിയ രീതികളില്‍ പ്രയോഗിക്കുകയും ചെയ്ത ചിന്തകന്മാരെയും അവരുടെ വിചാരരീതികളെയും വിലയിരുത്തുന്ന പ്രബന്ധങ്ങളാണ്. ഗ്രാംഷിയും അഡോര്‍ണോയും അള്‍ത്യൂസ്സറും വാള്‍ട്ടര്‍ ബഞ്ചമിനും മുതല്‍ ബോര്‍ദ്യുവും ഫ്യൂക്കോയും ഹേബര്‍മാസും ലെഫ്വറെയും ആലന്‍ബാദിയുയും വരെയുള്ളവരുടെ ചിന്താലോകം ഈ ഭാഗത്ത് വിലയിരുത്തപ്പെടുന്നുണ്ട്. ഡേവിഡ് ഹാര്‍വ്വെയും ടെറി ഈഗിള്‍ട്ടണും പോലുള്ള ചില പ്രധാനികള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിലും (അക്കാര്യം എഡിറ്റര്‍മാര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്) കഴിഞ്ഞ ആറേഴ് പതിറ്റാണ്ടുകളില്‍ മാര്‍ക്സിസം നടത്തിയ സര്‍ഗാത്മക സഞ്ചാരങ്ങളുടെ ചരിത്രം ഈ അധ്യായങ്ങളില്‍നിന്ന് നമുക്ക് ലഭ്യമാകും. മാര്‍ക്സിസം യാന്ത്രികമായ ചില പ്രമാണവ്യവസ്ഥകളല്ലെന്നും എത്രയോ സങ്കീര്‍ണവും വൈരുധ്യപൂര്‍ണവുമായ നിലയിലാണ് അത് വികസിച്ചു വന്നതെന്നും വ്യക്തമാക്കിത്തരാന്‍ ഈ ഗ്രന്ഥം അങ്ങേയറ്റം സഹായിക്കും. മാര്‍ക്സിസത്തിന്റെ സമകാലികതയില്‍ തത്പരരായ ആര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഈ ഗ്രന്ഥം.

*
സുനില്‍ പി ഇളയിടം ദേശാഭിമാനി വാരിക

No comments: