Friday, August 30, 2013

ഭക്ഷ്യസുരക്ഷ എന്ന ജാലവിദ്യ

പ്രാണവായുവും ജീവജലവുംപോലെ എല്ലാ ജീവജാലങ്ങളുടെയും പ്രാഥമികാവശ്യമാണ് ഭക്ഷണം. മനുഷ്യന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനക്ഷമതയ്ക്കും ഊര്‍ജവും പോഷകങ്ങളും ലഭിക്കുന്നത് ഭക്ഷണത്തില്‍നിന്നാണ്. ഭക്ഷ്യക്ഷാമംമൂലമുള്ള പട്ടിണിമരണങ്ങള്‍ ചരിത്രത്തിലെ ക്രൂരതയാണ്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ ഭക്ഷണം അവകാശമാണ് എന്ന് എഴുതിച്ചേര്‍ത്തിരിക്കുന്നു. ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നില്‍രണ്ടുവരുന്ന 81 കോടി ജനങ്ങള്‍ക്ക് ഈ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നത്. മൂന്നുവയസ്സുവരെയുള്ള എല്ലാ കുട്ടികള്‍ക്കും പോഷകാഹാരവും 14 വയസ്സുവരെയുള്ളവര്‍ക്ക് സൗജന്യഭക്ഷണവും നല്‍കുമെന്നാണ് പ്രഖ്യാപനം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പ്രതിമാസം അഞ്ചുകിലോ ധാന്യം സൗജന്യനിരക്കില്‍ നല്‍കും. അരിക്ക് മൂന്നുരൂപയും ഗോതമ്പിന് രണ്ടുരൂപയും ചെറിയ ധാന്യങ്ങള്‍ക്ക് ഒരു രൂപയുംമാത്രം. "വിശപ്പ് ഇനി ചരിത്രമാകും" എന്നാണ് ഭാരത സര്‍ക്കാര്‍ കോടികള്‍ മുടക്കി എല്ലാ മാധ്യമങ്ങള്‍ക്കും നല്‍കിയിട്ടുള്ള പരസ്യവിളംബരം. വിശക്കുന്നവന്റെ മുമ്പില്‍ ദൈവം ഭക്ഷണത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നാണ് പഴമൊഴി. സര്‍ക്കാര്‍ പരസ്യത്തില്‍ ദേവതയുടെയും ദേവന്റെയും വര്‍ണചിത്രം കാണാം- സോണിയ ഗന്ധിയും മന്‍മോഹന്‍സിങ്ങും പാല്‍പുഞ്ചിരി പൊഴിക്കുന്നു. ഭാരതീയര്‍ക്ക് ഇനി വിശപ്പിന്റെ വിളി കേള്‍ക്കേണ്ടിവരില്ലെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

ക്ഷേമരാഷ്ട്രസങ്കല്‍പ്പത്തിന്റെ ഭാഗമായാണ് അറുപതുകളില്‍ സ്റ്റാറ്റ്യൂട്ടറി റേഷനിങ് സമ്പ്രദായം നിലവില്‍വന്നത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനും വില നിയന്ത്രണത്തിനും ഇത് സഹായകമായി. റേഷന്‍ വില കുറവായതിനാല്‍ പൊതുകമ്പോളത്തിലെ ചൂഷണത്തിന് അറുതിവരുത്തി. കരിഞ്ചന്തയും പൂഴ്ത്തിവയ്പും കേരളംപോലെയുള്ള സംസ്ഥാനങ്ങളില്‍ തടയാനും കഴിഞ്ഞിരുന്നു. എഴുപതുകളില്‍ ഹരിതവിപ്ലവത്തെത്തുടര്‍ന്നുണ്ടായ ഭക്ഷ്യപുരോഗതി വലിയ ആശ്വാസമേകി. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമാണ് ഫുഡ്കോര്‍പറേഷന്‍ രൂപീകരിച്ചത്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ ചുരുങ്ങിയ വിലയ്ക്ക് ലഭ്യമാക്കുന്ന പൊതുവിതരണസമ്പ്രദായത്തിന് ഊന്നല്‍ നല്‍കിയാണ് ഇന്ദിരാഗാന്ധി ഇരുപതിന സാമ്പത്തികപരിപാടി പ്രഖ്യാപിച്ചത്. കേരളത്തില്‍ ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലിരുന്നപ്പോഴാണ് പൊതുവിതരണ ശൃംഖല വിപുലപ്പെടുത്തിയത്. 1980 ല്‍ ഇ കെ നായനാര്‍ മുഖ്യമന്ത്രിയും ഇ ചന്ദ്രശേഖരന്‍നായര്‍ ഭക്ഷ്യമന്ത്രിയുമായിരുന്നപ്പോഴാണ് മാവേലിസ്റ്റോറുകള്‍ സ്ഥാപിച്ചത്. നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയ്ക്ക് നല്‍കുന്ന മാവേലിസ്റ്റോറുകള്‍ ഗ്രാമതലംവരെയുള്ള ജനങ്ങള്‍ക്ക് വലിയ ആശ്വാസമായിരുന്നു. മാവേലിസ്റ്റോറുകള്‍ക്കുമുമ്പിലെ നീണ്ട ക്യൂ അല്‍ഭുതപ്രതിഭാസമായിരുന്നു. കൊള്ളലാഭക്കാരായ സ്വകാര്യകച്ചവടക്കാര്‍ പിന്നീട് വാമനന്‍ സ്റ്റോറുകള്‍ തുടങ്ങി മാവേലിസ്റ്റോറുകളെ പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആഗോളവല്‍ക്കരണ അജന്‍ഡ നടപ്പാക്കിയ 1991മുതലാണ് റേഷന്‍ കടകളുടെ ശനിദശ ആരംഭിച്ചത്. ഭക്ഷ്യസബ്സിഡി വെട്ടിച്ചുരുക്കുകയും റേഷന്‍സാധന വില വര്‍ധിപ്പിക്കുകയും ചെയ്തതോടെ റേഷന്‍ കടകളുടെ മരണമണി മുഴങ്ങി. 1997 മുതല്‍ നടപ്പാക്കിയ ബിപിഎല്‍-എപിഎല്‍ വേര്‍തിരിവും, വിലകുറഞ്ഞ റേഷന്‍ പരമദരിദ്രര്‍ക്കായി പരിമിതപ്പെടുത്തിയതും റേഷന്‍ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങളുണ്ടാക്കി. റേഷന്‍ വിതരണം ടാര്‍ജറ്റഡ് ആയപ്പോള്‍ നല്ലൊരു വിഭാഗം പുറന്തള്ളപ്പെട്ടു. റേഷന്‍വില നിരവധിതവണ കൂട്ടിയതോടെ പൊതുകമ്പോളത്തിലെ വിലയുമായി വലിയ അന്തരമില്ലാതായി. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയാണ് സമീപകാലത്തെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് മുഖ്യകാരണം. ഇന്നത്തെ റേഷന്‍സമ്പ്രദായം മുഖേന യഥാര്‍ഥ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണ്ടുപിടിത്തം. റേഷന്‍ വാങ്ങാത്ത ആളുകളുടെ പേരിലുള്ള ഭക്ഷ്യവിഭവങ്ങള്‍ റേഷന്‍കടയുടമകള്‍ മറിച്ചുവില്‍ക്കുന്ന കാര്യം ഒറ്റപ്പെട്ടതല്ല. ഇത് പരിഹരിക്കാന്‍ പുതിയ ഭക്ഷ്യസുരക്ഷാനിയമത്തില്‍ പറയുന്ന വ്യവസ്ഥകളൊന്നും പ്രായോഗികമല്ല. ഭക്ഷ്യസുരക്ഷാനിയമം നടപ്പാവുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്ന കണക്കുപ്രകാരം ഖജനാവില്‍നിന്ന് പ്രതിവര്‍ഷം ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടി രൂപയാണ് മുടക്കേണ്ടത്. ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്ന ഒരു രാജ്യമെന്നനിലയില്‍ ഈ തുക സ്ഥിരമായി വിനിയോഗിക്കാന്‍ കഴിയുമെന്ന് ആര്‍ക്കും പറയാനാവില്ല.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് ഒന്‍പതുശതമാനത്തില്‍നിന്ന് 4.6 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യത്തില്‍ ഭക്ഷ്യധാന്യ ഇറക്കുമതി അസാധ്യമാണ്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ ആദ്യം ചെയ്യേണ്ടത് ഭക്ഷ്യഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രയജ്ഞമാണ്. ആഗോളസാമ്പത്തികമാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് കാര്‍ഷിക സമ്പദ്ഘടന ഒരു പരിധിവരെ ബലവത്തായിരുന്നതുകൊണ്ടാണ്. എന്നാല്‍, കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്താനും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വേണ്ടത്ര ശുഷ്കാന്തിയില്ല. വന്‍തുക സബ്സിഡിയായി അന്താരാഷ്ട്ര കുത്തകകള്‍ക്ക് നല്‍കി അവരെക്കൊണ്ട് കൃഷിയും ഭക്ഷ്യശേഖരണവും നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഗൂഢപദ്ധതി. ഭക്ഷ്യധാന്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പുതിയ ഇനം വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതോടെ പരമ്പരാഗത കാര്‍ഷികമേഖല തകരും. ഇന്ത്യയിലെ ധാന്യ ഉല്‍പ്പാദനത്തിന്റെ 30 ശതമാനംമാത്രമാണ് സര്‍ക്കാരിന് ശേഖരിക്കാന്‍ കഴിയുന്നത്. 70 ശതമാനവും പൊതുവിപണിയിലെത്തുന്നു. പഴയ ജന്മിയുടെ പത്തായപ്പുരയുടെ സ്ഥാനമാണ് ഫുഡ്കോര്‍പറേഷന്‍ ഗോഡൗണുകള്‍ക്ക് ഉണ്ടായിരുന്നത്. ഭക്ഷ്യധാന്യസംഭരണം ഫലപ്രദമായി നിര്‍വഹിക്കാന്‍ എഫ്സിഐയ്ക്ക് കഴിയുന്നില്ല. ധാന്യങ്ങള്‍ സംഭരണശാലകളില്‍ കുമിഞ്ഞുകൂടുന്നതിനാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഇടമില്ല. തുറസ്സായ സ്ഥലങ്ങളില്‍ കിടന്ന് പുഴുവരിച്ച് ടണ്‍കണക്കിന് ധാന്യമാണ് നശിക്കുന്നത്. ഉപയോഗശൂന്യമായവ കത്തിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടിവരുന്നു. പുതിയ നിയമപ്രകാരം കേരളത്തില്‍ 46 ശതമാനംപേര്‍ക്കുമാത്രമാണ് റേഷന്‍ ലഭിക്കുക. എപിഎല്‍ വിഭാഗത്തില്‍പെട്ടവര്‍ക്ക് നേരത്തെ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാവും. ബിപിഎല്‍ കുടുംബത്തിന് 35 കിലോ അരി എന്നത് ഒരു വ്യക്തിക്ക് അഞ്ചുകിലോയായി പരിമിതപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ മഹാഭൂരിപക്ഷം കുടുംബങ്ങളും മൂന്നോ നാലോ പേര്‍ മാത്രമുള്ള അണുകുടുംബങ്ങളാണ്. അഞ്ചുകിലോ അരിയോ ഗോതമ്പോ ലഭിക്കുന്നതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നില്ല. സമ്പൂര്‍ണ പോഷണത്തിനും അന്നജത്തിനും പുറമെ മാംസ്യവും കൊഴുപ്പും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ ആവശ്യമാണ്. അങ്കണവാടികളിലും സ്കൂളുകളിലും കുട്ടികള്‍ക്ക് ഉച്ചക്കഞ്ഞിയോ ഉപ്പുമാവോ നല്‍കിയതുകൊണ്ട് ഭക്ഷ്യസുരക്ഷയാവില്ല. മൂന്നുരൂപയ്ക്ക് അരികിട്ടിയാലും പഴവും പച്ചക്കറികളും പയര്‍വര്‍ഗങ്ങളും ഇറച്ചിയും മീനും പാലും മുട്ടയും ഭക്ഷ്യഎണ്ണയും വാങ്ങണമെങ്കില്‍ തീവില നല്‍കണം. പാചകത്തിനുള്ള ഇന്ധനവില അതിഭീമമാണ്.

ഭക്ഷ്യസുരക്ഷാപദ്ധതിയുടെ ഉപജ്ഞാതാക്കള്‍ സോണിയ ഗാന്ധിയും കെ വി തോമസുമാണ്. കേംബ്രിഡ്ജില്‍ ഭക്ഷണശാലയില്‍ പരിചാരികയായിരുന്ന സോണിയ ഗാന്ധിക്കും പോഷകസമൃദ്ധമായ കേരളീയ ഭക്ഷ്യവിഭവങ്ങള്‍ ഡല്‍ഹിയിലെ ദാദാമാര്‍ക്ക് സ്ഥിരമായി എത്തിച്ചുകൊടുക്കുന്ന കെ വി തോമസിനും സമീകൃതാഹാരം എന്താണെന്ന് ആരും പഠിപ്പിച്ചുകൊടുക്കേണ്ട കാര്യമില്ല. അരിയും ഗോതമ്പും മാത്രം നല്‍കിയതുകൊണ്ട് വിശപ്പടക്കാമെന്നല്ലാതെ ഭക്ഷ്യസുരക്ഷയാവില്ല. 2014ലെ തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടുകൊണ്ടുള്ള സോണിയഗാന്ധിയുടെ ജാലവിദ്യയാണ് ഭക്ഷ്യസുരക്ഷാനിയമം. 1977ല്‍ ഇന്ദിരാഗാന്ധി "ഗരീബി ഹഠാവോ" എന്നും 1989ല്‍ രാജീവ്ഗാന്ധി "ഗരീബീ ഉന്മൂലന്‍" എന്നും മുദ്രാവാക്യം മുഴക്കിയെങ്കിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടിവന്നു. ഭക്ഷ്യ അവകാശം എന്ന സമ്മാനപ്പൂച്ചെണ്ട് ഇന്ത്യയിലെ ജനകോടികളുടെ കണ്ണില്‍ പൊടിയിടുന്ന വന്‍ തട്ടിപ്പാണ്.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി

No comments: