തൊഴില്‍കമ്പോള സ്ഥാപനങ്ങളുടെ പ്രസക്തി

വേതനത്തിലെ മുഖ്യപ്രവണതകള്‍
1995-2007 കാലഘട്ടത്തില്‍ മഹാഭൂരിപക്ഷം രാജ്യങ്ങളിലും ചെറിയ തോതിലുള്ള വേതന വളര്‍ച്ചയുണ്ട്. ആഗോളാടിസ്ഥാനത്തില്‍, വേതന തൊഴില്‍ കണക്കുകള്‍ മൊത്തം തൊഴിലവസരങ്ങളുടെ ഏകദേശം പകുതിയോളം വരും. എല്ലായിടത്തും സ്ത്രീകളുടെയും പുരുഷന്മാരുടെയും കാര്യത്തില്‍ ഈ വിഹിതം ഒരേപോലെ വര്‍ധിക്കുകയാണ്. 2001-07 കാലഘട്ടത്തില്‍ ഏകദേശം പകുതിയോളം രാജ്യങ്ങളില്‍ യഥാര്‍ഥ ശരാശരി വേതനം 1.9 ശതമാനം നിരക്കില്‍ പ്രതിവര്‍ഷ വളര്‍ച്ച ഉണ്ടായതായി ഈ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എന്നാല്‍, പ്രാദേശികമായ അന്തരം വളരെയധികമാണ്. വികസിത രാജ്യങ്ങളുടെ കൂട്ടത്തില്‍, ഇടത്തരം രാജ്യങ്ങളിലെ വേതനം പ്രതിവര്‍ഷം ഏകദേശം 0.9 ശതമാനമാണ് വര്‍ധിച്ചത്. ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും ഇത് 0.3 ശതമാനവും ഏഷ്യയില്‍ 1.7 ശതമാനവും സ്വതന്ത്ര രാഷ്ട്രങ്ങളുടെ കോണ്‍ഫെഡറേഷനിലും യൂറോപ്യന്‍ യൂണിയന്‍ ഇതര മധ്യ-ദക്ഷിണ പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലും 14.4 ശതമാനവുമാണ്. 1990-കളില്‍ സാമ്പത്തിക വ്യവസ്ഥിതിയുടെ പരിവര്‍ത്തനത്തെ തുടര്‍ന്നുള്ള ആദ്യഘട്ടത്തില്‍ കടുത്ത വേതനചോര്‍ച്ച സംഭവിച്ച ഈ രാജ്യങ്ങള്‍ ഇപ്പോള്‍ അതില്‍നിന്ന് കരകയറുന്നതിനാലാണ് ഈ ഉയര്‍ന്ന നിരക്ക്. ഓരോ രാജ്യമായെടുത്താലും ഈ അന്തരം കാണാന്‍ കഴിയും. ഉദാഹരണത്തിന്, ജപ്പാന്‍, സ്പെയിന്‍, അമേരിക്ക എന്നിവിടങ്ങളില്‍ യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച 0 ശതമാനമാണ്. എന്നാല്‍ ചൈന, റഷ്യ, ഉക്രെയിന്‍ എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 10 ശതമാനമോ അതിലേറെയോ ആണ്. ഇന്ത്യ, മെക്സിക്കോ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ വേതനത്തിലെ വളര്‍ച്ച പ്രതിവര്‍ഷം ഏകദേശം 2 ശതമാനത്തോളമാണ്.
വേതനം പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നില്‍
1995 മുതല്‍ 2007 വരെയുള്ള മൊത്തം കാലഘട്ടത്തില്‍, പ്രതിശീര്‍ഷ ജിഡിപി ഒരു ശതമാനം പോയിന്റില്‍ അധികമായി വളര്‍ന്നപ്പോള്‍ ശരാശരി വേതനത്തില്‍ 0.75 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 0.75 ശതമാനം 'വേതന ഇലാസ്റ്റികത' എന്ന് വിളിക്കപ്പെടുന്ന ഇത് വേതനവളര്‍ച്ച പ്രതിശീര്‍ഷ ജിഡിപിയുടെ പിന്നിലാണെന്ന് സ്ഥിരീകരിക്കുന്നു. യഥാര്‍ഥ വേതനത്തിലെ വളര്‍ച്ച ഉല്‍പ്പാദന വളര്‍ച്ചയുടെ പിന്നിലാണെന്ന് ഇത് വ്യക്തമാക്കുന്നു. കാലം കഴിയുന്നതോടെ ഈ ഇലാസ്റ്റികത കുറഞ്ഞുവരികയാണ്. 1995-2000-ല്‍ 0.80 ശതമാനമായിരുന്നത് 2001 മുതല്‍ 0.72 ശതമാനമായി കുറഞ്ഞു. ഏകദേശം നാലില്‍ മൂന്ന് ഭാഗം രാജ്യങ്ങളിലും, ലാഭവും മറ്റു തരത്തിലുള്ള വരുമാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വേതനമായി വിതരണം ചെയ്യുന്ന ജിഡിപി വിഹിതം കുറഞ്ഞുവരുന്ന പ്രവണതയാണ് കാണുന്നത്. സാമ്പത്തിക വികാസത്തിന്റെ ഘട്ടത്തില്‍ വേതനം കൃത്യമായും അതിനോട് ചേര്‍ച്ച കുറഞ്ഞതായിരിക്കും. എന്നാല്‍ സാമ്പത്തിക തകര്‍ച്ചയുടെ ഘട്ടത്തില്‍ അതിനോട് അമിതമായ ചേര്‍ച്ചയായിരിക്കും വേതനത്തിന്റെ കാര്യത്തിലുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനത്തിന്റെ തകര്‍ച്ച ഉണ്ടാകുമ്പോള്‍ വേതനത്തില്‍ 1.55 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകുന്നതായാണ് കാണുന്നത്.
വേതന അസമത്വങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു
സ്ഥിതിവിവര കണക്കുകള്‍ ലഭ്യമായ രാജ്യങ്ങളുടെ മൂന്നില്‍ രണ്ടിലും 1995 മുതല്‍ ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണ്. വികസിത രാജ്യങ്ങളില്‍ ജര്‍മ്മനി, പോളണ്ട്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് ഉയര്‍ന്ന വേതനവും താഴ്ന്ന വേതനവും തമ്മിലുള്ള അന്തരം കുത്തനെ വര്‍ധിക്കുന്നത്. മറ്റു പ്രദേശങ്ങളിലും പ്രത്യേകിച്ച് അര്‍ജന്റീന, ചൈന, തായ്‌ലന്റ് എന്നിവിടങ്ങളില്‍, അസമത്വം രൂക്ഷമായി വര്‍ധിച്ചുവരികയാണ്. വേതനത്തിലെ അസന്തുലിതാവസ്ഥ കുറച്ചുകൊണ്ടുവരുന്നതില്‍ വിജയിച്ച രാജ്യങ്ങളില്‍ ഫ്രാന്‍സും സ്പെയിനും കൂടാതെ ബ്രസീല്‍, ഇന്‍ഡോനേഷ്യ എന്നിവയും ഉള്‍പ്പെടുന്നു. ഇവയില്‍ ബ്രസീലിലും ഇന്‍ഡോനേഷ്യയിലും അസമത്വം വളരെ ഉയര്‍ന്ന നിലയിലാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അന്തരം വളരെ വലുതാണ്; വളരെ മന്ദഗതിയില്‍ മാത്രമാണ് അത് അടുത്തുവരുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമായവയില്‍ 80 ശതമാനത്തോളം രാജ്യങ്ങളില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും വേതനത്തിലെ അനുപാതത്തിലെ വര്‍ധനവിലെ മാറ്റത്തിന്റെ വലിപ്പം വളരെ തുച്ഛമായതോ അവഗണിക്കത്തക്കതോ ആണ്. മഹാഭൂരിപക്ഷം രാജ്യങ്ങളിലും പുരുഷന്മാരുടെ വേതനത്തിന്റെ ശരാശരി 70 ശതമാനത്തിനും 90 ശതമാനത്തിനും ഇടയ്ക്ക് മാത്രമാണ് സ്ത്രീകളുടെ വേതനം. എന്നാല്‍, ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളില്‍, പ്രത്യേകിച്ച് ഏഷ്യയില്‍, ഇതിലും താഴ്ന്ന അനുപാതം കണ്ടെത്തുന്നത് അസാധാരണമല്ല.
മിനിമം വേതനവും കൂട്ടായ വിലപേശലും
നിരവധി രാജ്യങ്ങളുടെ സാമൂഹിക അജണ്ടയില്‍ മിനിമം വേതനം തിരികെ എത്തുന്നു. അടുത്ത കാലത്തായി തൊഴില്‍ വിപണിയിലെ താഴ്ന്ന വിഭാഗത്തിലെ അസമത്വം വര്‍ധിച്ചവരുന്നതിന്റെ ഫലമായി ഉണ്ടാകുന്ന സാമൂഹിക സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനായി മിനിമം വേതനം വീണ്ടും യാഥാര്‍ഥ്യമാക്കാന്‍ നോക്കുകയാണ്. ആഗോളാടിസ്ഥാനത്തില്‍, 2001-2007 കാലഘട്ടത്തില്‍ പ്രതിവര്‍ഷം മിനിമം വേതനം ശരാശരി 5.7 ശതമാനം വീതം വര്‍ധിച്ചു. കഴിഞ്ഞ കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി മിനിമം വേതനത്തിന്റെ യഥാര്‍ഥ മൂല്യം കുറഞ്ഞിരിക്കുകയാണ്. മിനിമം വേതനം ലഭിക്കുന്നവരെ സംബന്ധിച്ചിടത്തോളമുള്ള യഥാര്‍ഥ നേട്ടം വികസിത രാജ്യങ്ങളിലും യൂറോപ്യന്‍ യൂണിയനിലും (+3.8%) വികസ്വരരാജ്യങ്ങളിലും (+6.5%) ഒരേപോലെ ഗണ്യമായ വിധമാണ്. ശരാശരി വേതനവുമായി താരതമ്യപ്പെടുത്തുമ്പോഴും മിനിമം വേതനം വര്‍ധിച്ചിരിക്കുകയാണ്. 2000-2002-ല്‍ 37 ശതമാനമായിരുന്നത് 2004-07-ല്‍ 39 ശതമാനമായി വര്‍ധിച്ചു.
കൂട്ടായ വിലപേശല്‍ പൊതുവെ കുറഞ്ഞു
എന്നാല്‍ ചില രാജ്യങ്ങളില്‍ ഉയര്‍ന്ന തോതില്‍ നിലനില്‍ക്കുന്നുണ്ട്. കൂട്ടായ വിലപേശലിലെ വ്യാപ്തിയുടെ വളര്‍ച്ച ലോകമാകെ ചുരുങ്ങിവരികയാണ്. പല രാജ്യങ്ങളിലും കൂട്ടായ വിലപേശല്‍ വളരെ കുറവാണ്. വ്യത്യസ്ത ലോകങ്ങളില്‍ അത് കുറഞ്ഞുവരികയാണ്. ചെറുകിട സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതും മാതൃകാപരമല്ലാത്ത കരാറുകളും ഈ ഘടകങ്ങളില്‍ ഉള്‍പ്പെടുന്നു. അതേസമയംതന്നെ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, പോര്‍ട്ടുഗല്‍, സ്ളൊവേനിയ, സ്പെയിന്‍, സ്വീഡന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ മറ്റു ചില മേഖലകളിലെ നിരവധി രാജ്യങ്ങളിലും കൂട്ടായ വിലപേശലിന്റെ വ്യാപ്തി വളരെ ഉയര്‍ന്ന തോതിലാണ്. അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കൂട്ടായ വിലപേശല്‍ ശക്തിപ്പെടുത്തുന്നതില്‍ വിജയം വരിച്ചിരിക്കുകയുണാണ്.
കൂട്ടായ വിലപേശലും മിനിമം വേതനവും
കൂട്ടായ വിലപേശലും മിനിമം വേതനവും വേതനത്തിന്റെ അനന്തരഫലത്തെ അഭിവൃദ്ധിപ്പെടുത്തും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി വര്‍ധിക്കുന്നത് സാമ്പത്തിക വളര്‍ച്ചയുമായി വേതനം കൂടുതല്‍ ചേര്‍ച്ചയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കുന്നു; വേതനത്തിലെ അസമത്വം കുറവായിരിക്കാനും അത് ഇടയാക്കുന്നു. "ഉയര്‍ന്ന വ്യാപ്തി''യുള്ള രാജ്യങ്ങളില്‍ (ജീവനക്കാരില്‍ 30 ശതമാനത്തിലേറെ കൂട്ടായ വിലപേശലില്‍ ഉള്‍പ്പെടുന്നത്) വേതന ഇലാസ്റ്റികത 0.27 ശതമാനമാണ്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പ്രതിശീര്‍ഷ ജിഡിപിയില്‍ ഒരു ശതമാനം വര്‍ധന ഉണ്ടാകുമ്പോള്‍ ശരാശരി വേതനത്തില്‍ 0.87 ശതമാനം പോയിന്റ് കൂടി വര്‍ധിക്കും. കൂട്ടായ വിലപേശലിന്റെ വ്യാപ്തി കുറഞ്ഞ രാജ്യങ്ങളിലെ 0.65% എന്ന കുറഞ്ഞ വേതന ഇലാസ്റികതയുമായി ഇതിനെ താരതമ്യപ്പെടുത്താം. അതേസമയം തന്നെ, ഉയര്‍ന്ന മിനിമം വേതനം വേതനത്തിലെ അസമത്വത്തെ താഴ്ത്തുകയും വേതനത്തിലെ സ്ത്രീപുരുഷ അന്തരം കുറയ്ക്കുകയും ചെ യ്യും.
ന്യായമായ നയാവിഷ്കരണം അനിവാര്യം
പരസ്പര പൂരകവും ന്യായയുക്തവുമായ മിനിമം വേതനം പദ്ധതിയുമായും കൂട്ടായ വിലപേശല്‍ നയങ്ങളുമായും ബന്ധപ്പെട്ട നല്ല നടപടികള്‍ ചുവടെ ചേര്‍ക്കുന്നു.
• കൂട്ടായ വിലപേശലിന് പകരമായി മിനിമം വേതനം ഉപയോഗിക്കുന്നത് ഒഴിവാക്കല്‍.
•മിനിമം വേതന നിര്‍ണയ സംവിധാനം സാധ്യമായേടത്തോളം ലളിതവും കൈകാര്യം ചെയ്യാവുന്ന വിധത്തിലുള്ളതുമായി നിലനിര്‍ത്തുക.
•കഴിയാവുന്നതിടത്തെല്ലാം സാമൂഹിക ആനുകൂല്യങ്ങള്‍ മിനിമം വേതന നിലവാരത്തില്‍ നിന്നും വേറിട്ടതായിരിക്കുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കല്‍ - സാമൂഹിക സുരക്ഷാ ബജറ്റിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാകുമെന്ന ആശങ്കയില്‍ മിനിമം വേതനം വര്‍ധിപ്പിക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്ന നടപടിയായതിനാലാണ് ഇത്.
•മിനിമം വേതനം നിശ്ചയിക്കുന്നതോടൊപ്പം അത് ശരിയായ വിധം നടപ്പിലാക്കാനുള്ള സംവിധാനം - ലേബര്‍ ഇന്‍സ്പെക്ടര്‍മാരും അവരോടൊപ്പം സാമൂഹിക പങ്കാളികളും ഉള്‍പ്പെടുന്നതായിരിക്കണം ഈ സംവിധാനം.
•പലപ്പോഴും മിനിമം വേതന നിയമത്തിന്റെ സംരക്ഷണത്തില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വീട്ടുവേലക്കാരെ പോലുള്ള അസംരക്ഷിതരായ വിഭാഗങ്ങള്‍ക്കും ഇത് ബാധകമാക്കണം. മിനിമം വേതനത്തില്‍ ലിംഗ തുല്യതയുടെ പ്രത്യാഘാതം പരമാവധിയാക്കാന്‍ ഇത് ഏറെ പ്രധാനമാണ്.
*
കടപ്പാട്: സി.ഐ.ടി.യു സന്ദേശം