Sunday, April 10, 2011

മന്‍മോഹന്‍ മറന്ന താരതമ്യം

ഇടതുപക്ഷത്തിന്റെ ഇടപെടലുകളും ക്രിയാത്മക സമീപനവുമാണ് ഇന്ത്യക്ക് മാതൃകയായി കേരളം ഉയരാന്‍ നിമിത്തമായത്. കോണ്‍ഗ്രസ് ദീര്‍ഘകാലം ഭരിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കേരളം ഏതൊക്കെ നിലയില്‍ പിന്നോട്ടുനില്‍ക്കുന്നു എന്നു പറയാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറാകണമായിരുന്നു. യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കു പിന്നാലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയും എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവനകളിലൂടെയാണ് ശ്രദ്ധേയരായത്. കോണ്‍ഗ്രസിന്റെ ഈ സമുന്നത നേതാക്കളുടെ പ്രസംഗം കേള്‍ക്കാനെത്തിയ ശുഷ്കമായ സദസ്സും ജനങ്ങളുടെ തണുത്ത പ്രതികരണവും യുഡിഎഫിനെ ജനങ്ങള്‍ കൈവിടുന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. സോണിയഗാന്ധിയുടെ പ്രചാരണയോഗങ്ങളില്‍ നിന്ന് അണികള്‍ വിട്ടുനിന്നതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, വലിയ തയ്യാറെടുപ്പുകളോടെ സംഘടിപ്പിച്ച യോഗങ്ങളാണ് പൊളിഞ്ഞുപോയത് എന്നത് വോട്ടെടുപ്പ് അടുക്കുന്തോറും യുഡിഎഫിന്റെ നില കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ്.

പുതിയ ഒന്നും പറയാനുണ്ടായില്ലെന്നു മാത്രമല്ല, നേരത്തെ ഉന്നയിച്ച് പരിഹാസ്യമായ അതേ കാര്യങ്ങളാണ് പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ നിറഞ്ഞുനിന്നത്. കേരളം പിന്നോട്ടടിച്ചു, കേന്ദ്ര അവഗണന എന്നത് കെട്ടുകഥ, കേന്ദ്ര പദ്ധതികള്‍ പരാജയപ്പെട്ടു എന്നെല്ലാമുള്ള ആരോപണങ്ങള്‍ ഈ തെരഞ്ഞെടുപ്പുപ്രചാരണത്തിന്റെ തുടക്കംമുതല്‍ യുഡിഎഫ് ഉന്നയിച്ചതാണ്. കേരളത്തിന്റെ വികസനസാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കുന്നു എന്നാണ് മന്‍മോഹന്‍ സിങ് പറയുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ വരുംമുമ്പ് യുഡിഎഫിന്റെ ഭരണമായിരുന്നു ഇവിടെ. അന്നും മന്‍മോഹന്‍ പ്രധാനമന്ത്രിയാണ്. അന്നൊന്നും മനസ്സിലാക്കാത്ത വികസനസാധ്യതകള്‍ എന്താണ് ഇപ്പോള്‍ മനസ്സിലേക്ക് വരാന്‍ കാരണം? കേരളവും കേന്ദ്രവും ഒരേകക്ഷി ഭരിച്ചാല്‍ മാത്രമേ വികസനം വരൂ എന്ന എ കെ ആന്റണിയുടെ ഭീഷണിസ്വരം മന്‍മോഹന്റെ വാക്കുകളിലുമുണ്ട്.

യുപിഎ ഭരണം മുറുകെപ്പിടിക്കുന്ന വഴിയിലല്ല കേരളം കഴിഞ്ഞ അഞ്ചുകൊല്ലം മുന്നേറിയത്. അതിനു ബദലായ മാര്‍ഗത്തിലൂടെയാണ്. എന്നിട്ടും കേന്ദ്ര പദ്ധതികളുടെ നടത്തിപ്പിലും അതുകൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിലും സാമൂഹ്യസുരക്ഷാ പദ്ധതികളിലും ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലും അടിസ്ഥാന സൌകര്യവികസനത്തിലും വ്യവസായപുരോഗതിയിലും അധികാര വികേന്ദ്രീകരണത്തിലുമെല്ലാം രാജ്യത്തെ ഏറ്റവുമുയര്‍ന്ന നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. യുപിഎ അഖിലേന്ത്യാതലത്തില്‍ നടപ്പാക്കുന്ന ജനദ്രോഹനയങ്ങള്‍ക്കെതിരായുള്ള പോരാട്ടവും ബദലും ഉള്‍പ്പെടുന്നതാണ് എല്‍ഡിഎഫിന്റെ വികസന കാഴ്ചപ്പാട്. വിശ്വപ്രസിദ്ധമായ കേരള മാതൃകയെ പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു വികസിപ്പിക്കുക എന്ന പ്രക്രിയ നടപ്പാക്കിയതിന്റെ ഫലമായാണ് മന്‍മോഹന്‍ സര്‍ക്കാരിന് വിവിധ മേഖലയില്‍ മികവിനുള്ള പുരസ്കാരം കേരളത്തിനു നല്‍കേണ്ടിവന്നത്.

ആഗോളവല്‍ക്കരണനയം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിനെ അതേപോലെ പിന്തുടരുകയായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. കാര്‍ഷികമേഖലയെ തകര്‍ക്കുകയും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയുമാണ് യുഡിഎഫ് ചെയ്തതെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാര്‍ഷിക കടാശ്വാസനിയമം കൊണ്ടുവന്നു; കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കി; നെല്ലിന് റെക്കോഡ് താങ്ങുവില നല്‍കി. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. 267.81 കോടി രൂപയായിരുന്നു നഷ്ടം. പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍ക്കാന്‍ വെക്കുകയും ചെയ്തു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരമേറ്റ ശേഷം 2009-10ല്‍ 580.69 കോടി രൂപ ലാഭമാണ് പൊതുമേഖലാസ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്. 2010-11 വര്‍ഷം കൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം ലാഭം 870 കോടി കവിയും. കൂടാതെ പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. യുഡിഎഫ് സാമൂഹ്യസുരക്ഷാപദ്ധതികളെ തളര്‍ത്തി- എല്ലാ പെന്‍ഷനും കുടിശ്ശികയാക്കി. എല്‍ഡിഎഫ് വന്നപ്പോള്‍ കുടിശ്ശിക തീര്‍ത്തു; ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു; പുതിയ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കി. ഇപ്പോഴിതാ 1000 രൂപവരെയായി ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു.
നിയമനനിരോധനവും ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കലുമായിരുന്നു യുഡിഎഫ് സംഭാവനയെങ്കില്‍ ഇന്ന് നിയമനനിരോധനമില്ല; സാധാരണക്കാര്‍ക്ക് നികുതി ഭാരമില്ല; ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ തിരിച്ചുകിട്ടി; ഡിഎ യഥാസമയം ലഭിക്കുന്നു; ശമ്പളപരിഷ്കരണം നടപ്പാക്കിയിരിക്കുന്നു.

യുഡിഎഫ് കാലത്ത് പൊതുവിതരണശൃംഖല തകര്‍ത്തു. വിലക്കയറ്റം മൂര്‍ഛിപ്പിച്ചു. ഇടതുപക്ഷം 41 ലക്ഷം കുടുംബത്തിന്് രണ്ടു രൂപയ്ക്ക് അരി നല്‍കി. ഇതു കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമം യുഡിഎഫ് പരാതി നല്‍കിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പു കമീഷന്‍ തടയുകയായിരുന്നു. സഹകരണമേഖല വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നു.

ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഭരണകാലത്ത് ഗുണ്ടാ-മാഫിയ-പെണ്‍വാണിഭസംഘങ്ങള്‍ നാട് ഭരിച്ചു; ക്രമസമാധാന പാലനത്തില്‍ കേരളം യുപിയേക്കാള്‍ പിറകിലായി; വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 18 പേര്‍ക്ക് ജീവന്‍ പോയി. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗുണ്ട-മാഫിയ-പെണ്‍വാണിഭസംഘങ്ങളെ നിലയ്ക്കുനിര്‍ത്തി; ക്രമസമാധാനപാലനത്തില്‍ ഇന്ത്യയില്‍ ഒന്നാമത്തെ സംസ്ഥാനമായി; വര്‍ഗീയ സംഘര്‍ഷങ്ങളില്‍ നിന്നു നാട് വിമുക്തമായി. ഭീതി ജനിപ്പിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നാണ് രാഹുല്‍ഗാന്ധി പറഞ്ഞത്. എങ്കില്‍ സുരക്ഷാ ഏജന്‍സികളെ അവഗണിച്ച് എങ്ങനെ തനിക്ക് ഇടയ്ക്കിടെ കേരളത്തിലെത്തി സഞ്ചരിക്കാന്‍ കഴിയുന്നതെന്ന് രാഹുല്‍ഗാന്ധി പറയേണ്ടിവരും. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ശാന്തിയും സമാധാനവും കേരളത്തിലുണ്ട്.

യുഡിഎഫ് ഭരണം പരമ്പരാഗതമേഖലയെ അവഗണിച്ചു; റിബേറ്റുകള്‍ നിര്‍ത്തി. എല്‍ഡിഎഫ് റിബേറ്റ് പുനഃസ്ഥാപിച്ചു. മത്സ്യകടാശ്വാസപദ്ധതിയും കയര്‍, കൈത്തറിമേഖലയ്ക്ക് സര്‍ക്കാര്‍ സംരക്ഷണവും നല്‍കി. യുഡിഎഫ് കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ പൊതുസംവിധാനത്തെ തകര്‍ത്തു. ഇപ്പോള്‍ പൊതുസംവിധാനം ശക്തിപ്പെട്ടു; വിദ്യാഭ്യാസത്തിനു മാത്രം ബജറ്റില്‍ തുക മൂന്നിരട്ടിയാക്കി; ആശുപത്രികളുടെ നിലവാരമുയര്‍ന്നു. ജനകീയാസൂത്രണം തകര്‍ത്ത യുഡിഎഫ്, ഇപ്പോള്‍ കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീയുമായി എത്തി. കുടുംബശ്രീക്ക് അഭിമാനകരമായ പുരോഗതി എല്‍ഡിഎഫ് ഉറപ്പുവരുത്തി.

യുഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 5.26 ലക്ഷം ആയിരുന്നു. അധികാരമൊഴിയുമ്പോള്‍ അത് 4.65 ലക്ഷമായി. പൊതുമേഖലാസ്ഥാപനങ്ങളില്‍ 30,000 ജീവനക്കാരുടെ കുറവുവന്നു. എല്‍ഡിഎഫ് ഭരണകാലത്ത് കഴിഞ്ഞ 30 വരെ പിഎസ്സി മുഖാന്തരം 1,23,691 പേര്‍ക്ക് നിയമനം നല്‍കി. 24,000 പുതിയ തസ്തിക ആരംഭിച്ചു. ഐടി മേഖലയില്‍ ഒരു ലക്ഷത്തോളം തൊഴിലവസരം. ചെറുകിട വ്യവസായസംരംഭങ്ങളിലൂടെ രണ്ടുലക്ഷം പേര്‍ക്ക് പുതിയ തൊഴിലവസരമുണ്ടാക്കി. എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 47,194 പേര്‍ക്ക് നിയമനം നല്‍കി.

ഇക്കാര്യമൊക്കെ കേരളത്തിലെ ജനങ്ങളോട് ആരെങ്കിലും പറഞ്ഞു കൊടുക്കേണ്ടതില്ല. യുഡിഎഫ്-എല്‍ഡിഎഫ് ഭരണങ്ങളുടെ താരതമ്യത്തില്‍ത്തന്നെ സോണിയ-മന്‍മോഹന്‍-രാഹുല്‍ പ്രഭൃതികള്‍ക്കുള്ള ആ അനുഭവത്തെ; ബോധ്യത്തെയാണ് ഇവിടേക്ക് ആഘോഷപൂര്‍വം പറന്നെത്തി കോണ്‍ഗ്രസ് നേതാക്കള്‍ പരിഹസിക്കുന്നത്. കത്തിനില്‍ക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കാടടച്ചുവെടിവയ്ക്കുന്ന നേതാക്കള്‍ യുഡിഎഫിന് പുതിയ വോട്ടുകള്‍ നേടിക്കൊടുക്കില്ല- ജനങ്ങളുടെ പുച്ഛമല്ലാതെ.


*****


പിണായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷത്തിന്റെ ഇടപെടലുകളും ക്രിയാത്മക സമീപനവുമാണ് ഇന്ത്യക്ക് മാതൃകയായി കേരളം ഉയരാന്‍ നിമിത്തമായത്. കോണ്‍ഗ്രസ് ദീര്‍ഘകാലം ഭരിച്ച സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്ത് കേരളം ഏതൊക്കെ നിലയില്‍ പിന്നോട്ടുനില്‍ക്കുന്നു എന്നു പറയാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തയ്യാറാകണമായിരുന്നു. യുപിഎ അധ്യക്ഷ സോണിയഗാന്ധിക്കു പിന്നാലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രിയും എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധിയും വസ്തുതകള്‍ക്ക് നിരക്കാത്ത പ്രസ്താവനകളിലൂടെയാണ് ശ്രദ്ധേയരായത്. കോണ്‍ഗ്രസിന്റെ ഈ സമുന്നത നേതാക്കളുടെ പ്രസംഗം കേള്‍ക്കാനെത്തിയ ശുഷ്കമായ സദസ്സും ജനങ്ങളുടെ തണുത്ത പ്രതികരണവും യുഡിഎഫിനെ ജനങ്ങള്‍ കൈവിടുന്നതിന്റെ സംസാരിക്കുന്ന തെളിവാണ്. സോണിയഗാന്ധിയുടെ പ്രചാരണയോഗങ്ങളില്‍ നിന്ന് അണികള്‍ വിട്ടുനിന്നതിന്റെ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, വലിയ തയ്യാറെടുപ്പുകളോടെ സംഘടിപ്പിച്ച യോഗങ്ങളാണ് പൊളിഞ്ഞുപോയത് എന്നത് വോട്ടെടുപ്പ് അടുക്കുന്തോറും യുഡിഎഫിന്റെ നില കൂടുതല്‍ വഷളാകുന്നതിന്റെ സൂചനയാണ്.