Sunday, April 10, 2011

അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കന്മാരുടെ മൗനത്തിന്റെ അര്‍ത്ഥം

പതിമൂന്നാം കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം എന്താണെന്നതിനെക്കുറിച്ച് ആര്‍ക്കും സംശയമില്ല. അഴിമതിയെയും പെണ്‍വാണിഭത്തെയും പറ്റി മാത്രമാണ് വി.എസ്സിന് പറയാനുള്ളത് എന്നും, നേട്ടങ്ങള്‍ പറയാനില്ലാത്തതുകൊണ്ടാണ് അഴിമതിയെക്കുറിച്ച് മാത്രം പറയുന്നതെന്നുമാണ് ആന്റണി, വയലാര്‍ രവി, ഉമ്മന്‍ചാണ്ടി എന്നിവര്‍ ആവര്‍ത്തിച്ചു പറയുന്നത്. അത് കേട്ട് ചില മാധ്യമപ്രവര്‍ത്തകരും എന്നോട് ഇതേ ചോദ്യം ചോദിച്ചു. അതിന് ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞത് ഇതാണ് - കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്തി ഉണ്ടാക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ജനങ്ങളുടെ അനുഭവത്തിലുള്ളതാണ്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവരുടെ ജീവിതം മുന്നോട്ട് നയിക്കുന്നതിന് സര്‍ക്കാരിന്റെ സഹായം ലഭിച്ചു. ക്ഷേമരംഗത്തും ജീവിത നിലവാര വികസന രംഗത്തും അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലുമെല്ലാം രാജ്യത്തെ കൂടിയ തോതിലുള്ള വികസനമാണ് കേരളത്തിലുണ്ടായത്. ആ വമ്പിച്ച വികസന മുന്നേറ്റം തുടരണമെന്ന അഭ്യര്‍ത്ഥനയ്‌ക്കൊപ്പം തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ സമരംകൂടിയായി കാണമമെന്നാണ് ഇടതുപക്ഷ നിലപാട്. വികസനത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുക, നമ്മുടെ മണ്ണിനെയും പ്രകൃതിയെയും സംരക്ഷിക്കുക, എല്ലാവിധ ചൂഷണങ്ങളെയും ചെറുക്കുക, നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ വിനയായി മാറിക്കഴിഞ്ഞ അഴിമതിക്കും സ്ത്രീപീഡനത്തിനുമെതിരെ ജനമനസ്സാക്ഷി ഉണര്‍ത്തുക, രാഷ്ട്രീയത്തിലെയും സാമൂഹ്യജീവിതത്തിലെയും ജീര്‍ണതകള്‍ക്കും തിന്മകള്‍ക്കുമെതിരെ സന്ധിയില്ലാത്ത സമരം - ഇങ്ങനെ വികസനത്തോടൊപ്പം താല്‍ക്കാലികവും ദീര്‍ഘകാലികവുമായ രാഷ്ട്രീയ പ്രശ്‌നങ്ങള്‍കൂടി വിഷയമാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.

അതായത് രാഷ്ട്രീയവുമായോ രാഷ്ട്രീയ സമരങ്ങളുമായോ ബന്ധമൊന്നുമില്ലാതെ രാജകീയ പദവികളോടെ നേതാക്കളായി അവതരിപ്പിച്ച സോണിയാഗാന്ധി, മന്‍മോഹന്‍സിങ്ങ്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ പറയുന്നതും, അവരെ ദൈവങ്ങളായി കണ്ട് ശിരസാവഹിക്കാന്‍ വിധിക്കപ്പെട്ട ആന്റണി-ഉമ്മന്‍ചാണ്ടി ആദികള്‍ പറയുന്നതുമായ കേവല വികസനമുദ്രാവാക്യങ്ങളല്ല ഇടതുപക്ഷത്തിന്റേത്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍കൂടി കോണ്‍ഗ്രസ്സുകാര്‍ തയ്യാറാവണം.
അഴിമതി നിര്‍മാര്‍ജനം ചെയ്യുക, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ അമര്‍ച്ച ചെയ്യുകയും സ്ത്രീ പുരുഷ സമത്വം നടപ്പാക്കുകയും ചെയ്യുക എന്നത് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വിവിധ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഞാന്‍ ഇതിനകം പങ്കെടുത്തു കഴിഞ്ഞു. ആയിരക്കണക്കിന് സ്ത്രീകളടക്കം പതിനായിരക്കണകകിനാളുകളുടെ വര്‍ധിത ആവേശത്തോടെയുള്ള മഹാപ്രവാഹമാണ്, മഹാ സംഗമമാണ്, നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റമാണ് എല്ലായിടത്തും എനിക്ക് കാണാന്‍ കഴിഞ്ഞത്. അഴിമതിക്കും സ്ത്രീത്വത്തിനെതിരായ ചൂഷണങ്ങള്‍ക്കുമെതിരെയും സ്ത്രീ പുരുഷ തുല്യതയ്ക്ക് വേണ്ടിയുമുള്ള കേരള മനസ്സിന്റെ പ്രഖ്യാപനമായാണ് അഭൂതപൂര്‍വ്വമായ പങ്കാളിത്തം എനിക്ക് അനുഭവപ്പെട്ടത്.

കേരളത്തില്‍ അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരെ നടക്കുന്ന ഐതിഹാസിക പോരാട്ടത്തിന് ആവേശം പകര്‍ന്ന മഹാ സംഭവമാണ് ദില്ലിയില്‍ അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരം. ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയെ യു.പി.എ. ഗവണ്‍മെന്റ് അഴിമതിയുടെ കൊടുമുടിയാക്കി അധഃപതിപ്പിച്ചു. പത്മഭൂഷണും പത്മശ്രീയും നല്‍കി ആദരിച്ച മഹാനായ ഗാന്ധിയനാണ് ഹസാരെ. മഹാത്മാഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം അഴിമതിക്കാരുടെ കൂത്തരങ്ങായാണ് പരിണമിച്ചതും 121 കോടി ഇന്ത്യാക്കാരുടെ ഭരണം പെരുംകള്ളന്‍മാരില്‍ നിക്ഷിപ്തമായതും കണ്ടാണ് ഹസാരെ നിരാഹാരം അനുഷ്ഠിക്കുകയും ഇന്ത്യയെ പിടിച്ചുകുലുക്കുകയും ചെയ്തത്. ഇന്ത്യയിലെ പുതുതലമുറ നിസ്സംഗരല്ലെന്ന് തെളിയിച്ച് യുവലക്ഷങ്ങല്‍ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങി. ഇന്ദ്രപ്രസ്ഥത്തിലെ യുവ ചക്രവര്‍ത്തിയായി നടിക്കുന്ന രാഹുല്‍ഗാന്ധി തന്റെ പ്രഭാതസവാരിവഴിയിലുള്ള പ്രതിബന്ധമായി കണ്ട് വഴിമാറി നടന്നു. എന്നാല്‍ ബംഗളൂരുവിലെ ഐടി പ്രഫഷണലുകളടക്കം ആയിരക്കണക്കിന് യുവജനങ്ങള്‍ തൊഴില്‍ നിര്‍ത്തി ഹസാരെക്ക് പിന്തുണയുമായെത്തി. ഈ ചുമരെഴുത്ത് യു.പി.എ.ക്കും യു.ഡി.എഫിനും വായിക്കാന്‍ കഴിയില്ല.

ഹസാരെയുടെ പിറകില്‍ രാജ്യമപ്പാടെ അണിനിരക്കുകയാണെന്നും ഒരുപക്ഷേ അഴിമതിയുടെ കോട്ട കൊത്തളങ്ങള്‍ കടപുഴക്കുന്ന ഒരു സുനാമിയായി അത് വളര്‍ന്നേക്കുമെന്ന് ഭയന്ന് തല്‍ക്കാലം കേന്ദ്ര ഭരണകൂടം കീഴടങ്ങി. ലോക്പാല്‍ ബില്‍ തയ്യാറാക്കുന്നതിനുള്ള സംയുക്ത കമ്മിറ്റി രൂപീകരിക്കാനും ഔദ്യോഗിക അംഗങ്ങള്‍ക്ക് തുല്യമായ അംഗത്വം പൊതുജനങ്ങള്‍ക്ക് നല്‍കാനും കേന്ദ്രം നിര്‍ബ്ബന്ധിതമായി. കമ്മിറ്റിയുടെ സഹ ചെയര്‍മാനായി പ്രമുഖ അഭിഭാഷകന്‍ ശാന്തിഭൂഷണെയും കമ്മിറ്റി അംഗമായി പ്രശാന്ത് ഭൂഷണെയും നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമായി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസുമാര്‍ ഉള്‍പ്പെടെ ജുഡീഷ്യറിയിലെ കള്ളനാണയങ്ങളെ സുപ്രീംകോടതിക്ക് അകത്തുവെച്ച് തന്നെ തുറന്ന്കാണിച്ച അഭിഭാഷകനാണ് പ്രശാന്ത് ഭൂഷണ്‍. അദ്ദേഹത്തിന്റെ കേസിനെ പിന്തുണയ്ക്കുകയും ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പരസ്യ പ്രതികരണം നടത്തുകയും ചെയ്ത സീനിയര്‍ അഭിഭാഷകനാണ് ശാന്തിഭൂഷണ്‍. ജുഡീഷ്യറിയെപ്പോലും അഴിമതിയില്‍ മുക്കുന്ന അവസ്ഥയാണ് കോണ്‍ഗ്രസ് ഈ നാട്ടില്‍ സൃഷ്ടിച്ചത്. അഴിമതിക്കേസിലെ പ്രതിയെ ചീഫ് വിജിലന്‍സ് കമ്മീഷണറായി നിയമിക്കാനുള്ള ഉളുപ്പില്ലായ്മ പോലും മന്‍മോഹന്‍സിങ്ങിന്റെ ഭാഗത്തുനിന്നുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാണിക്കുന്നതിന് തന്റേടം കാട്ടിയ ശാന്തിഭൂഷനെ ലോക്പാല്‍ ബില്ലിനു വേണ്ടിയുള്ള സമിതിയുടെ അധ്യക്ഷനാക്കിയത് ഏറെ പ്രസക്തമാണ്.

ഐസ്‌ക്രീം പെണ്‍വാണിഭവും അതുമായി ബന്ധപ്പെട്ട് നടന്ന മാഫിയാ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കേസെടുത്ത് തുടരന്വേഷണം നടത്തുന്നതിന് നിയമോപദേശം നല്‍കിയത് ശാന്തിഭൂഷണാണ്. ആരാണീ ശാന്തിഭൂഷണ്‍? വി.എസ്സിന്റെ സ്വകാര്യ വക്കീല്‍ അല്ലേ എന്നാണ് കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകരായ ഉമ്മന്‍ചാണ്ടി പ്രഭൃതികളും ചോദിച്ചത്.

ശാന്തിഭൂഷണ്‍ ആരാണെന്ന് ഇപ്പോള്‍ സോണിയയ്ക്കും മന്‍മോഹനും മനസ്സിലായിക്കാണും. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഴിമതി കോടതിയില്‍ തെളിയിച്ച് അവര്‍ക്കെതിരെ വിധി സമ്പാദിക്കുകയും അടിയന്തരാവസ്ഥക്കെതിരെ ഉജ്ജ്വല പോരാട്ടം നയിക്കുകയും ചെയ്ത അഭിഭാഷകനാണ് ശാന്തിഭൂഷണ്‍. ഇന്ത്യയില്‍ അഴിമതിക്ക് എതിരായ നീതിയുടെ ശബ്ദം. ഇടമലയാര്‍ കേസ് വാദിക്കാന്‍ ശാന്തിഭൂഷണെ സമീപിച്ചപ്പോള്‍ കേസു മുഴുവന്‍ കേട്ട അദ്ദേഹം പറഞ്ഞത് ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ ഫീസില്ലാതെ താന്‍ ഈ കേസ് വാദിക്കുമെന്നാണ്. അപ്രകാരംതന്നെ അദ്ദേഹം കേസ് വാദിക്കുകയും യു.ഡി.എഫിലെ ഉമ്മന്‍ചാണ്ടിയുടെ സഹ നേതാവായ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. അതായത് അന്നാ ഹസാരെയുടെ സമരത്തിനും ആ സമരത്തെ തുടര്‍ന്ന് രൂപീകൃതമായ കമ്മിറ്റിയിലെ പങ്കാളിത്തത്തിലുമെല്ലാം കേരളവുമായി ബന്ധപ്പെട്ട ഒരു തലംകൂടിയുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണിയുടെ നേതാവായ ഒരു മുന്‍ മന്ത്രിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുത്തുകൊണ്ടും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടും ഐസ്‌ക്രീം കേസിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ശാന്തിഭൂഷണെക്കുറിച്ചാണ് കേവലം വി.എസ്സിന്റെ വക്കീലല്ലേ എന്ന ചോദ്യവുമായി കുഞ്ഞാലിക്കുട്ടിയും കൂട്ടരും രംഗത്തു വരുന്നത്.

അഴിമതിക്കെതിരായ ഒരു മഹായുദ്ധംതന്നെയാണ് ഈ തെരഞ്ഞെടുപ്പ്. എന്നാല്‍ അണ്ണാ ഹസാരെയുടെ സത്യാന്വേഷണത്തിന്റെ മൂര്‍ധന്യത്തില്‍ കേരളത്തില്‍ പ്രസംഗിക്കാന്‍ വന്ന സോണിയാഗാന്ധിയും മകനും മന്‍മോഹന്‍സിങ്ങും അഴിമതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ ചോദ്യം ചെയ്തപ്പോള്‍ അസന്‍ അലി വെളിപ്പെടുത്തിയ കള്ളപ്പണ ഇടപാടിനെക്കുറിച്ച് മിണ്ടിയില്ല. കേരളത്തിലെ യു.ഡി.എഫുകാരുടേതുള്‍പ്പെടെ 36,00 കോടി രൂപയുടെ സ്വിസ് ബാങ്ക് നിക്ഷേപത്തെക്കുറിച്ചാണ് അസന്‍ അലി വെളിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടും സ്വിസ് ബാങ്കില്‍ നിക്ഷേപിച്ച കോടികളുടെ ഉടമകളുടെ പേരുവിവരം പുറത്തുപറയാത്തതിന്റെ കാരണമെങ്കിലും 'വിദ്യാസമ്പന്നരും പ്രബുദ്ധരുമായ'കേരളത്തിലെ ജനങ്ങളോട് പറയാമായിരുന്നില്ലേ? സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ ആരുടേതൊക്കെ എന്ന് വെളിപ്പെട്ടാല്‍ കേന്ദ്ര മന്ത്രിസഭ നിലംപൊത്തുമോ? സ്‌പെക്ട്രം, ആദര്‍ശ്, കോമണ്‍വെല്‍ത്ത് അഴിമതികളെക്കുറിച്ച് മൗനം പാലിക്കുന്നതെന്തേ? അഴിമതിക്കഥകള്‍ ദിനംപ്രതി പുറത്തുവന്നുകൊണ്ടേയിരിക്കുന്ന ഈ കാലത്ത് അഴിമതിവിഷയങ്ങള്‍ ഒഴിവാക്കി ഞങ്ങള്‍ മറ്റു വിഷയങ്ങള്‍ സംസാരിച്ചാല്‍ നന്നായിരുന്നു എന്ന് കോണ്‍ഗ്രസ്സുകാര്‍ മനമുരുകി പ്രാര്‍ത്ഥിക്കുകയാണ്.

സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേര ഇന്ത്യയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണ്. ഉത്തരേന്ത്യയിലും തമിഴ്‌നാട്ടിലുമെല്ലാം ഭൂമി വാങ്ങി വിറ്റ് ശതകോടികള്‍ സമ്പാദിക്കുന്ന പുതുപ്പണക്കാരന്‍. ആ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിന്റെ കണ്ണികളായ പലരും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയിലുണ്ടെന്ന് ആക്ഷേപമുയര്‍ന്നതാണ്. കെ.പി.സി.സി.യും സ്‌ക്രീനിംഗ് കമ്മിറ്റിയും അറിയാതെ നാലിലൊന്നോളം അജ്ഞാതരെ രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ പെടുത്തിയല്ലോ. അങ്ങനെ അവരോധിക്കപ്പെട്ടവര്‍ എങ്ങനെ വന്നുവെന്ന് ഉമ്മന്‍ചാണ്ടിക്ക് അറിയുമോ? കേരള രാഷ്ട്രീയത്തിലും പുതിയൊരു ദല്ലാള്‍ സംസ്‌കാരം അടിച്ചേല്‍പ്പിക്കുകയല്ലേ രാഹുല്‍ ഗാന്ധി? രാഷ്ട്രീയ ജീര്‍ണതയും അഴിമതിയുമല്ലെങ്കില്‍ മറ്റെന്താണിത്?

അണ്ണാ ഹസാരെയുടെ സമരത്തിന് പരിമിതികള്‍ ഉണ്ട്. രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിലും സമഗ്രതയുടെ കാര്യത്തിലുമെല്ലാം അതില്‍ കുറവുകള്‍ കണ്ടേക്കാം. എന്നാല്‍ അഴിമതിയുടെ കൊടുമുടിയായ യു.പി.എ. ഗവണ്‍മെന്റിനെ പിടിച്ച് കുലുക്കാനും രാജ്യത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്താനും അദ്ദേഹത്തിന്റെ സമരത്തിന് കഴിഞ്ഞു. അതിന്റെ പ്രതിഫലനം കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാവുകതന്നെ ചെയ്യും.


*****


വി എസ് അച്യുതാനന്ദന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഐസ്‌ക്രീം പെണ്‍വാണിഭവും അതുമായി ബന്ധപ്പെട്ട് നടന്ന മാഫിയാ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് കേസെടുത്ത് തുടരന്വേഷണം നടത്തുന്നതിന് നിയമോപദേശം നല്‍കിയത് ശാന്തിഭൂഷണാണ്. ആരാണീ ശാന്തിഭൂഷണ്‍? വി.എസ്സിന്റെ സ്വകാര്യ വക്കീല്‍ അല്ലേ എന്നാണ് കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിയുടെ സംരക്ഷകരായ ഉമ്മന്‍ചാണ്ടി പ്രഭൃതികളും ചോദിച്ചത്.

ശാന്തിഭൂഷണ്‍ ആരാണെന്ന് ഇപ്പോള്‍ സോണിയയ്ക്കും മന്‍മോഹനും മനസ്സിലായിക്കാണും. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അഴിമതി കോടതിയില്‍ തെളിയിച്ച് അവര്‍ക്കെതിരെ വിധി സമ്പാദിക്കുകയും അടിയന്തരാവസ്ഥക്കെതിരെ ഉജ്ജ്വല പോരാട്ടം നയിക്കുകയും ചെയ്ത അഭിഭാഷകനാണ് ശാന്തിഭൂഷണ്‍. ഇന്ത്യയില്‍ അഴിമതിക്ക് എതിരായ നീതിയുടെ ശബ്ദം. ഇടമലയാര്‍ കേസ് വാദിക്കാന്‍ ശാന്തിഭൂഷണെ സമീപിച്ചപ്പോള്‍ കേസു മുഴുവന്‍ കേട്ട അദ്ദേഹം പറഞ്ഞത് ഈ അഴിമതി പുറത്തുകൊണ്ടുവരാന്‍ ഫീസില്ലാതെ താന്‍ ഈ കേസ് വാദിക്കുമെന്നാണ്. അപ്രകാരംതന്നെ അദ്ദേഹം കേസ് വാദിക്കുകയും യു.ഡി.എഫിലെ ഉമ്മന്‍ചാണ്ടിയുടെ സഹ നേതാവായ ബാലകൃഷ്ണപിള്ളയ്ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്തു. അതായത് അന്നാ ഹസാരെയുടെ സമരത്തിനും ആ സമരത്തെ തുടര്‍ന്ന് രൂപീകൃതമായ കമ്മിറ്റിയിലെ പങ്കാളിത്തത്തിലുമെല്ലാം കേരളവുമായി ബന്ധപ്പെട്ട ഒരു തലംകൂടിയുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന മുന്നണിയുടെ നേതാവായ ഒരു മുന്‍ മന്ത്രിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ വാങ്ങിക്കൊടുത്തുകൊണ്ടും ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടും ഐസ്‌ക്രീം കേസിന് പുതിയ ദിശാബോധം നല്‍കിക്കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന ശാന്തിഭൂഷണെക്കുറിച്ചാണ് കേവലം വി.എസ്സിന്റെ വക്കീലല്ലേ എന്ന ചോദ്യവുമായി കുഞ്ഞാലിക്കുട്ടിയും കൂട്ടരും രംഗത്തു വരുന്നത്.