Thursday, April 7, 2011

ഗൂഢാലോചനസിദ്ധാന്തക്കാർ വായിച്ചറിയുവാൻ..

കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പില്ലാത്ത ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുണ്ട്. ഇത് തിരിച്ചറിഞ്ഞ് സ്വതന്ത്രമായി ചിന്തിക്കുന്ന നിരവധി വ്യക്തികളും വിഭാഗങ്ങളും കാലഹരണപ്പെട്ട കമ്യൂണിസ്റ് വിരോധത്തിനും സങ്കുചിതമായ ജാതിമത വികാരങ്ങള്‍ക്കും താല്‍ക്കാലികമായ സാമ്പത്തിക പ്രലോഭനങ്ങള്‍ക്കും നിരന്തരമായ മാധ്യമ ദുഷ്പ്രചാരണത്തിനും കീഴ്പ്പെടാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനയാഴ്ച കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാന്‍ കഴിയുന്നത്. സംസ്ഥാനത്തെ പുരോഗമന ശക്തികള്‍ക്ക് ആത്മവീര്യം പകരുന്നതാണ് ഈ സംഭവവികാസം.

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ കാണുന്ന സൂക്ഷ്മചലനങ്ങള്‍ ഈ രാഷ്ട്രീയ കാലാവസ്ഥാ മാറ്റത്തിന്റെ ഒരു സൂചനയാണ്. ഇവിടം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം എന്‍ വിജയന്‍ അനുസ്മരണ സമിതിയിലെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണിക്കെതിരെ സജീവമായി രംഗത്തുണ്ടായിരുന്നു. അന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന വാരം അവര്‍ പട്ടണത്തില്‍ എംഎന്‍ വിജയന്‍ ചരമവാര്‍ഷികമെന്ന പേരില്‍ സംഘടിപ്പിച്ച പൊതുയോഗത്തിന്റെ വിഷയവും അതിലെ പ്രാസംഗികരുടെ നിരയും സ്വയം സംസാരിക്കുന്നതാണ്. “ജനകീയാസൂത്രണത്തിന്റെ 'അപചയം' ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിലെ പ്രമുഖ പ്രാസംഗികര്‍ സി പി ജോൺ, സാറാ ജോസഫ്, പ്രൊഫ. സുഗതന്‍, എം പി വീരേന്ദ്രകുമാര്‍ എന്നിവരായിരുന്നു. ഈ മേജര്‍ സെറ്റ് സിപിഎം വിരുദ്ധ സംഘത്തെ മാസങ്ങള്‍ക്കു മുമ്പുമാത്രം മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറായ സ്ഥലം മനുഷ്യാവകാശ സംരക്ഷകരും കവികളും സാമൂഹ്യപ്രവര്‍ത്തകരും ഇന്ന് കൊടുങ്ങല്ലൂരും അതിന് ചുറ്റുമുള്ള നിയോജക മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി പണിയെടുക്കുകയാണ്. ഉരുത്തിരിയുന്ന ഈ ആരോഗ്യകരമായ തിരിച്ചറിവിന്റെ മറ്റൊരുദാഹരണമാണ് സി പിഐ എം അനുഭാവി എന്ന് ആരും ആരോപിക്കാന്‍ വഴിയില്ലാത്ത കവിയും നാടകകൃത്തുമായ സിവിക് ചന്ദ്രന്റെ മാറിയ നിലപാട്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ ഇറങ്ങുന്ന പാഠഭേദം’മാസികയുടെ തെരഞ്ഞെടുപ്പ് സമീപനം അര്‍ധമനസ്സോടെയാണെങ്കിലും ദേശീയ- അന്തര്‍ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വിജയം ഉറപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

രാഷ്ട്രീയ കാരണംകൊണ്ട് നിഷ്കാസിതരായതാണോ അതോ നാണക്കേടുകൊണ്ട് സ്വയം പിന്മാറിയതാണോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും മലയാളത്തിലെ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ചില സ്ഥിരം ഇടതുപക്ഷ നിരീക്ഷകരും ആസ്ഥാന വിദ്വാന്‍മാരും ഇത്തവണ ചര്‍ച്ചയ്ക്കില്ല എന്നത് അവരുടെ വിവാദാസക്തരായ ആരാധകരാരെങ്കിലും ഇതിനകം ശ്രദ്ധിച്ചിട്ടുണ്ടാകും.

യുഡിഎഫും സംഘപരിവാറും ഒരുപോലെ വിവാദമാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ നിലപാട് മാറ്റത്തിന്റെ പിന്നിലെ വസ്തുനിഷ്ഠ സാഹചര്യവും സംസ്ഥാനത്തിന്റെ നാല് അതിരുകള്‍ക്കപ്പുറം ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ തന്നെയാണ്.

ദേശീയ രാഷ്ട്രീയത്തില്‍ കേരള, ബംഗാള്‍ തെരഞ്ഞെടുപ്പുകളുടെ പ്രാധാന്യം കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നയ വ്യത്യാസത്തില്‍ ഒതുങ്ങുന്നില്ല. കോൺ‌ഗ്രസിനും ബിജെപിക്കുമെതിരായി ഇനിയും രൂപപ്പെടേണ്ട ഇടതുപക്ഷ നേതൃത്വത്തിലുള്ള ഒരു വിശ്വസനീയമായ ദേശീയ ജനാധിപത്യ മതനിരപേക്ഷ ബദലിന്റെ വളര്‍ച്ച സിപിഐ എമ്മിനെ അതിന്റെ രണ്ട് ശക്തിദുര്‍ഗങ്ങളില്‍ പ്രതിരോധിച്ചുകൊണ്ടല്ലാതെ സാധ്യമല്ല. ഇടതുപക്ഷത്തെ ഈ രണ്ട് സംസ്ഥാനങ്ങളില്‍ വിജയിപ്പിച്ചുകൊണ്ടല്ലാതെ നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഒസ്യത്തായ ദേശീയ സാമ്പത്തിക പരമാധികാരവും മതനിരപേക്ഷതയും പൌരാവകാശങ്ങളില്‍ ഊന്നിയ ജനാധിപത്യവ്യവസ്ഥയും സംരക്ഷിക്കാനാവില്ല.

കേരളത്തില്‍ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ആജീവനാന്ത സാമൂഹ്യ സുരക്ഷാ നയത്തെ പിന്തുണച്ചുകൊണ്ടല്ലാതെ മന്‍മോഹന്‍സിങ്, മൊണ്ടേക് സിങ് അലുവാലിയ പ്രഭൃതികളുടെ നവ ലിബറല്‍ നയങ്ങളെ ചെറുക്കാന്‍ കഴിയില്ല. അതേസമയം പൊതുവിതരണ ശൃംഖലയ്ക്കും കാര്‍ഷിക സബ്സിഡിക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും എതിരായ കേന്ദ്രനയങ്ങളെ കേരളത്തിന് പുറത്ത് തുറന്നു കാണിക്കണമെങ്കില്‍ കേരളത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കിയ ഇടതു സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്തിച്ചുകൊണ്ടല്ലാതെ സാധ്യവുമല്ല. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ തുകപോലും കമ്പോളത്തില്‍ പന്താടാന്‍ വിദേശ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തെയും അതിന് കൂട്ടു നില്‍ക്കുന്ന ബിജെപിയെയും ഒരേ സമയം തുടര്‍ന്നും തുറന്നെതിര്‍ക്കാന്‍ കേരളത്തില്‍ ഇടതുപക്ഷം ജയിച്ചേ മതിയാകൂ.

തങ്ങളുടെ വോട്ടിന്റെ ദേശീയ പ്രാധാന്യം മലയാളികള്‍ക്ക് മനസിലാക്കിക്കൊടുത്തതിന് അവര്‍ പ്രത്യേകം നന്ദി പറയേണ്ടത് എകെ ആന്റണിയോടും ഇ അഹമ്മദിനോടുമാണ്. മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന കര്‍ഷക ആത്മഹത്യാപരമ്പര വസ്തുതാപരമായ ഒരു ഭീമാബദ്ധത്തിലൂടെ നമ്മളെ ഓര്‍മിപ്പിച്ചത് ആന്റണിയാണ്. ആ അബദ്ധം തിരുത്താനായി പറഞ്ഞ മറ്റൊരബദ്ധത്തിന്റെ ഫലമായാണ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലെ പട്ടിണി തുടച്ചുമാറ്റിയ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരും കഴിഞ്ഞ രണ്ടു വര്‍ഷമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമീഷണറെപ്പോലും നിയമിക്കാന്‍ കഴിയാത്ത ആന്ധ്രയിലെ കോൺ‌ഗ്രസ് സര്‍ക്കാരുമായുള്ള വ്യത്യാസം നമ്മള്‍ തിരിച്ചറിഞ്ഞതും.

കേരളത്തിലെ ഇടതു സര്‍ക്കാര്‍ നെല്‍കൃഷിക്കാര്‍ക്ക് കിലോയ്ക്ക് 14 രൂപ സംഭരണവില നല്‍കുമ്പോള്‍ കോൺ‌ഗ്രസ് ഭരിക്കുന്ന ആന്ധ്രയിലെ ഇരുപതുലക്ഷത്തോളം പാട്ടക്കാരായ കര്‍ഷകര്‍ക്ക് കടം വാങ്ങുന്നതിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്ന കാര്യവും കോൺ‌ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരണദിവസം തന്നെ ആത്മഹത്യചെയ്ത സത്താറാ ജില്ലയിലെ മൂന്ന് മധ്യവയസ്കരായ കര്‍ഷകരുടെ കഥയും നമ്മള്‍ അറിയുന്നത് ആന്റണിയുടെ അമിതാവേശംകൊണ്ടാണ്.

കേന്ദ്ര പ്രതിരോധമന്ത്രി കേരളത്തിലെ കൃഷികാര്യങ്ങള്‍ കൃത്യമായി അറിഞ്ഞുകൊള്ളണമെന്നില്ലെന്ന് പറഞ്ഞ് ആന്റണി കൈകഴുകിയേക്കാം. എന്നാല്‍, ഈ സൌജന്യംപോലും കേന്ദ്രവിദേശകാര്യ സഹമന്ത്രിയായ ജനാബ് അഹമ്മദിന് അവകാശപ്പെടാനാവില്ല. വിക്കിലീക്സിലൂടെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന താന്‍കൂടി പങ്കാളിയായ കേന്ദ്രസര്‍ക്കാരിന്റെ അമേരിക്കന്‍ വിധേയത്വത്തെക്കുറിച്ച് ലീഗിന്റെ അനിഷേധ്യ ദേശീയനേതാവ് സ്വന്തം നാട്ടില്‍ പുലര്‍ത്തുന്ന കനത്ത മൌനം ചെവിയടപ്പിക്കുന്നതാണ്.

സംസ്ഥാനത്തെ മുസ്ളിം ജനവിഭാഗങ്ങളില്‍ പതുക്കെ പ്രകടമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ മറ്റൊരു രാസത്വരകമാണ് ലീഗിന്റെ നിര്‍ലജ്ജമായ അധികാരഭ്രമം. ഇതില്‍ ജമാഅത്തെ ഇസ്ളാമി അംഗമെന്നോ സമസ്തയുടെ വിശ്വസ്തനെന്നോ ഉസ്താദിന്റെ ശിഷ്യനെന്നോ സുന്നിയെന്നോ മുജാഹിദെന്നോ വ്യത്യാസമില്ല. അഹമ്മദ് സാഹിബുകൂടി അറിഞ്ഞുകൊണ്ടാണ് ഇസ്രയേല്‍ ഇന്ന് ആകെ ഉല്‍പ്പാദിപ്പിക്കുന്ന ആധുനിക ആയുധങ്ങളുടെ പകുതി ഇന്ത്യ ഇറക്കുമതിചെയ്യുന്നത്. അദ്ദേഹത്തിന്റെകൂടി അറിവോടെയാണ് ഇന്ത്യന്‍ മണ്ണില്‍നിന്ന് ഐഎസ്ആര്‍ഒ ഇസ്രയേലിന്റെ ചാര ഉപഗ്രഹമായ ടെലിസ്റാര്‍ വിക്ഷേപിച്ചത്. അദ്ദേഹം മന്ത്രിയായി തുടരുന്നതുതന്നെ അമേരിക്കയുടെ സൌജന്യത്തിലാണെന്ന് ഇറാന്‍ ഇന്ത്യ പൈപ്പ് ലൈനില്‍ തട്ടി മണിശങ്കര്‍ അയ്യരുടെ മന്ത്രിക്കസേര തെറിക്കുന്നത് കണ്ട ലീഗനുഭാവികള്‍തന്നെ ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരായി വീഴുന്ന ഓരോ വോട്ടും യുദ്ധവെറിമൂലം ആഗോളഭൂരാഷ്ട്രീയത്തില്‍ അതിവേഗം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭരണകൂടത്തിനും അവരുടെ സയണിസ്റ് പിണിയാളുകള്‍ക്കുമുള്ള വോട്ടാണെന്ന് അവര്‍ ശരിയായി മനസിലാക്കിയാല്‍ അവരെ പഴിപറയാനാകുമോ?

രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച വന്‍സാമ്പത്തിക മാന്ദ്യത്തിനെ വെല്ലുന്ന, 2008ല്‍ പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് പടിഞ്ഞാറന്‍ ലോകം ഇനിയും കരകയറിയിട്ടില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും ആഗോള മൂലധന ശക്തികളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ വിടാതിരുന്ന ഇടതുപക്ഷം ദേശീയതലത്തില്‍ അവരുടെ ഇടപെടല്‍ശേഷി വീണ്ടെടുക്കുന്നതിന്റെ ആദ്യത്തെ കാല്‍വയ്പ് കൂടിയാണ് കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പ്. എന്നും ഏകാധിപത്യത്തിന്റെയും മതാധിപത്യത്തിന്റേയും ഇരട്ടനുകത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെന്ന് പലരും കരുതിയിരുന്ന അറബ്-വടക്കന്‍ ആഫ്രിക്കന്‍ ജനതയുടെ മുന്നേറ്റത്തിന്റെയും അതു തടയാന്‍ നാറ്റോയെ ഉപയോഗിച്ച് ലിബിയയ്ക്കുമേല്‍ അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെയും കാലഘട്ടത്തില്‍ മലയാളികള്‍ കണ്ണുംപൂട്ടി അമേരിക്കന്‍ പക്ഷപാതികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നവരുടെ രാഷ്ട്രീയം അതിവേഗം നാട്ടില്‍ പാട്ടാവുകയാണ്.

വോട്ടിന്റെ തലേന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ഥ കാരണം കാണാതെ സിവിക് ചന്ദ്രന്‍ മുതല്‍ ജമാഅത്തെ ഇസ്ളാമിവരെയുള്ളവരെ ഇത്തവണ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ദേശീയ-അന്തര്‍ദേശീയ സാഹചര്യം പിണറായി വിജയന്റെ ഗൂഢാലോചയുടെ സൃഷ്ടിയാണെന്ന് പറയുന്നവരുടെ രാഷ്ട്രീയ പാപ്പരത്തം അപാരംതന്നെ. ഇത്തരക്കാര്‍ കലഹിക്കുന്നത് കാലഗതിയോടാണ്. ഇവര്‍ വെല്ലുവിളിക്കുന്നത് മലയാളിയുടെ സാമാന്യ ബുദ്ധിയെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഗൂഢാലോചനാ സിദ്ധാന്തം വോട്ടെണ്ണുമ്പോള്‍ അറംപറ്റുമെന്ന് ഉറപ്പാണ്.


*****


എന്‍ മാധവന്‍ കുട്ടി, കടപ്പാട്:ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച വന്‍സാമ്പത്തിക മാന്ദ്യത്തിനെ വെല്ലുന്ന, 2008ല്‍ പൊട്ടിപ്പുറപ്പെട്ട ആഗോള സാമ്പത്തികത്തകര്‍ച്ചയില്‍നിന്ന് പടിഞ്ഞാറന്‍ ലോകം ഇനിയും കരകയറിയിട്ടില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിനെയും ചിദംബരത്തെയും ആഗോള മൂലധന ശക്തികളുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ വിടാതിരുന്ന ഇടതുപക്ഷം ദേശീയതലത്തില്‍ അവരുടെ ഇടപെടല്‍ശേഷി വീണ്ടെടുക്കുന്നതിന്റെ ആദ്യത്തെ കാല്‍വയ്പ് കൂടിയാണ് കേരളത്തിലെയും ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പ്. എന്നും ഏകാധിപത്യത്തിന്റെയും മതാധിപത്യത്തിന്റേയും ഇരട്ടനുകത്തിനു കീഴില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരെന്ന് പലരും കരുതിയിരുന്ന അറബ്-വടക്കന്‍ ആഫ്രിക്കന്‍ ജനതയുടെ മുന്നേറ്റത്തിന്റെയും അതു തടയാന്‍ നാറ്റോയെ ഉപയോഗിച്ച് ലിബിയയ്ക്കുമേല്‍ അമേരിക്ക നടത്തുന്ന ആക്രമണത്തിന്റെയും കാലഘട്ടത്തില്‍ മലയാളികള്‍ കണ്ണുംപൂട്ടി അമേരിക്കന്‍ പക്ഷപാതികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നവരുടെ രാഷ്ട്രീയം അതിവേഗം നാട്ടില്‍ പാട്ടാവുകയാണ്.

വോട്ടിന്റെ തലേന്നുള്ള കേരളത്തിന്റെ രാഷ്ട്രീയ കാലാവസ്ഥാ വ്യതിയാനത്തിന്റെ യഥാര്‍ഥ കാരണം കാണാതെ സിവിക് ചന്ദ്രന്‍ മുതല്‍ ജമാഅത്തെ ഇസ്ളാമിവരെയുള്ളവരെ ഇത്തവണ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ദേശീയ-അന്തര്‍ദേശീയ സാഹചര്യം പിണറായി വിജയന്റെ ഗൂഢാലോചയുടെ സൃഷ്ടിയാണെന്ന് പറയുന്നവരുടെ രാഷ്ട്രീയ പാപ്പരത്തം അപാരംതന്നെ. ഇത്തരക്കാര്‍ കലഹിക്കുന്നത് കാലഗതിയോടാണ്. ഇവര്‍ വെല്ലുവിളിക്കുന്നത് മലയാളിയുടെ സാമാന്യ ബുദ്ധിയെയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഗൂഢാലോചനാ സിദ്ധാന്തം വോട്ടെണ്ണുമ്പോള്‍ അറംപറ്റുമെന്ന് ഉറപ്പാണ്.