Tuesday, April 12, 2011

ആതുരാലയങ്ങളും സേവനത്തുറകളും ശക്തമായ അഞ്ചുവര്‍ഷം

സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം രോഗം വന്നാല്‍ ഇന്ന് ഗവണ്‍മെന്റ് ആശുപത്രികളെ ധൈര്യമായി ആശ്രയിക്കാം. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും സേവനവും പരിചരണവും ലഭിക്കും. മരുന്നുകള്‍ സുലഭം. ആശുപത്രികളിലെ പശ്ചാത്തല സൌകര്യങ്ങളും ശുചിത്വവും മുന്തിയ സ്വകാര്യ സ്ഥാപനങ്ങളെ വെല്ലുന്ന വിധത്തിലും. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പത്തെ സ്ഥിതി അതായിരുന്നില്ല.

ആരോഗ്യമേഖലയില്‍ അതുല്യമായ മുന്നേറ്റം

ഉദാരവല്‍ക്കരണനയങ്ങള്‍മൂലം സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിനിരയാകുന്ന മേഖലയാണ് ആരോഗ്യരംഗം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യമേഖലയുടെ വളര്‍ച്ചയ്ക്ക് എല്ലാ ഒത്താശകളും നല്‍കി. സര്‍ക്കാര്‍ ആശുപത്രികളെ പാടേ ഉപേക്ഷിച്ചു. അവിടെ ഡോക്ടര്‍മാരെയും മറ്റു സ്റ്റാഫിനെയും നിയമിച്ചില്ല. മരുന്നുകള്‍ ആവശ്യത്തിന് ലഭ്യമാക്കിയില്ല. മാത്രമല്ല പഞ്ഞിപോലും ആവശ്യത്തിനില്ലായിരുന്നു. പശ്ചാത്തലമേഖലയെ അത്രമാത്രം അവജ്ഞയോടെയാണ് അവര്‍ അവഗണിച്ചത്.

എന്നാല്‍, ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തില്‍ വന്നതോടെ സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തല സൌകര്യം വര്‍ദ്ധിപ്പിച്ചു. 806 സിവില്‍ സര്‍ജന്‍മാരുടെയും 2900 അസിസ്റ്റന്റ് സര്‍ജന്‍മാരുടെയും അടക്കം 3706 തസ്തികകളാണ് ആരോഗ്യവകുപ്പിലുണ്ടായിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന സമയത്ത് ഇതില്‍ പകുതി തസ്തികകളില്‍പോലും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ല. പ്രമോഷന് അര്‍ഹതയുള്ളവര്‍ക്ക് പ്രമോഷന്‍ നല്‍കിയും പിഎസ്സി വഴി പുതിയ നിയമനങ്ങള്‍ നടത്തിയും ആ ഒഴിവുകള്‍ പൂര്‍ണമായി ഈ സര്‍ക്കാര്‍ നികത്തി. നഴ്സുമാരും ഇതര ജീവനക്കാരും ഉള്‍പ്പെടെ 10,000 പേര്‍ക്ക് പുതിയതായി സ്ഥിരം നിയമനം നല്‍കി. ദേശീയ ഗ്രാമീണ ആരോഗ്യ ദൌത്യം പദ്ധതിയിലൂടെ ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചു. ഡോക്ടര്‍മാരും ഇതര ജീവനക്കാരും ഉള്‍പ്പെടെ 2000 പേരെ അങ്ങനെ നിയമിച്ചു.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ തന്നെ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ രൂപീകരിച്ച് മരുന്നുകളും ഉപകരണങ്ങളും വാങ്ങുന്ന ചുമതല കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങുന്നതില്‍ വന്‍തോതില്‍ അഴിമതിയാണ് നടന്നത്. എന്നാല്‍ ഇപ്പോള്‍ സുതാര്യമായ ടെണ്ടര്‍ നടപടികളിലൂടെയാണ് ഇവ വാങ്ങുന്നത്. അതുകൊണ്ട് 20-30 ശതമാനം കുറഞ്ഞ വിലയ്ക്ക് മരുന്നുകള്‍ വാങ്ങാന്‍ കഴിയുന്നു. ഈ തുക കൂടി മരുന്നുവാങ്ങാന്‍ ഉപയോഗപ്പെടുത്തി പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമെത്തിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ടില്‍നിന്ന് ആശുപത്രികളിലേക്ക് മരുന്നു വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതുമൂലം കൂടുതല്‍ മരുന്നുകള്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ജില്ലാ - താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കാന്‍ കഴിഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ എവിടെയായാലും ആവശ്യത്തിനുള്ള മരുന്നും മറ്റ് സംവിധാനങ്ങളും ഇപ്പോള്‍ ഉണ്ട് എന്നതാണ് വസ്തുത.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ലോകത്തിനുതന്നെ മാതൃകയാണ്. 35 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഈ പദ്ധതിയനുസരിച്ച് 70000 രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. മറ്റു രോഗങ്ങള്‍ക്ക് 30000 രൂപ വരെയാണ് പരിരക്ഷ ലഭിക്കുക.

ഈ സര്‍ക്കാരിന്റെ കാലത്ത് 300 ആശുപത്രികള്‍ അപ്ഗ്രേഡ് ചെയ്തു. 115 കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ നവീകരിച്ചു. മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍ തുടങ്ങിയവ നവീകരിച്ചു. 1500 കോടി രൂപയാണ് അടിസ്ഥാന സൌകര്യ വികസനത്തിനായി ചെലവഴിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തന്നെ 120 കോടി രൂപയുടെ വികസന പദ്ധതികള്‍ പുര്‍ത്തീകരിച്ചു.

ഇന്ന് ആരോഗ്യമേഖലയില്‍ ഗവണ്‍മെന്റ് ആശുപത്രികള്‍ ശക്തമായ തലയെടുപ്പോടെ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാര്‍ക്ക് അത് വലിയ ആശ്വാസമാകുന്നു. മുന്‍കാലങ്ങളില്‍ രോഗം വന്നാല്‍ കടം വാങ്ങിയോ കിടപ്പാടം വിറ്റോ ചികില്‍സ നടത്താന്‍ നിര്‍ബന്ധിതരായിരുന്നവര്‍ക്ക് സൌജന്യമായി മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കി എന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലാണ്. സഹകരണ മേഖലയില്‍ 140 ആശുപത്രികള്‍ കൂടി ഈ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചിട്ടുണ്ട്.

ആരോഗ്യമേഖലയെ കൊള്ളലാഭക്കാരുടെ കൈകളില്‍ എറിഞ്ഞുകൊടുക്കാന്‍ കച്ചകെട്ടി നടക്കുന്ന യുഡിഎഫുകാരെ പരാജയപ്പെടുത്തേണ്ടത് പൊതുജനാരോഗ്യമേഖലയുടെ നിലനില്‍പിന് അനിവാര്യമാണ്. ഇടതുപക്ഷത്തിന്റെ ഭരണ തുടര്‍ച്ചയ്ക്കു മാത്രമേ ഗവണ്‍മെന്റ് ആശുപത്രികളെ കൂടുതല്‍ കരുത്തുള്ളതും ആരോഗ്യപൂര്‍ണവുമാക്കി നിലനിര്‍ത്താനാവൂ.

*****

ഗിരീഷ് ചേനപ്പാടി, കടപ്പാട് :ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...