Monday, June 1, 2009

സിഖ് മതത്തിലെ ജാതിപ്പോരും പഞ്ചാബിലെ സംഘര്‍ഷവും

ജാതീയതയുടെ കലാപത്തീയില്‍ പുകയുകയാണ് പഞ്ചാബ്. സിഖ് മതവിശ്വാസികള്‍ ദളിതരും സവര്‍ണരുമായി തിരിഞ്ഞ് തെരുവില്‍ തമ്മിലടിക്കുന്നു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ 15-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിച്ച സിഖ് മതം ഇന്നിപ്പോള്‍ അതേ ജാതിഭ്രാന്തിന് ഇരയാവുകയാണ്.

സിഖ് മതത്തിലെ ദളിത് ജനവിഭാഗങ്ങളുടെ കൂട്ടായ്മയായ ദേര സച്ച്ഖണ്ഡിന്റെ ഉപമേധാവി വിയന്നയില്‍ ചില മതഭ്രാന്തരുടെ വെടിയേറ്റ് മരിച്ചതാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം. ദേര സച്ച്ഖണ്ഡിന്റെ തലവന്‍ സന്ത് നിരഞ്ജന്‍ദാസ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

കഴിഞ്ഞ മെയ് 24നാണ് സംഭവം. യൂറോപ്യന്‍ രാജ്യമായ അസ്ത്രിയയില്‍ വിയന്നക്കടുത്ത് റുഡോള്‍ഫ്ഷിന്‍ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. ദേരസച്ച്ഖണ്ഡിന്റെ നിയന്ത്രണത്തിലുള്ള ഗുരുദ്വാരയില്‍ പ്രാര്‍ത്ഥനയ്ക്കിടെ ആറോളം സവര്‍ണ സിഖുകാര്‍ ആയുധങ്ങളുമായി പ്രവേശിച്ച് നിരഞ്ജന്‍ദാസിന് നേരെയും അദ്ദേഹത്തിന്റെ പ്രഥമ ശിഷ്യനായ സന്ത് രമാനന്ദിന് നേരെയും വെടിയുതിര്‍ക്കുകയായിരുന്നു. വിശ്വാസികള്‍ക്ക് നേരെയും വെടിവെയ്പ്പുണ്ടായി. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. നിരഞ്ജന്‍ദാസിനെയും രമാനന്ദിനെയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രമാനന്ദ് മരിച്ചു.

തങ്ങളുടെ പ്രിയനേതാവ് കൊല്ലപ്പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ ദേരസച്ച്ഖണ്ഡ് വിശ്വാസികള്‍ കയ്യില്‍ കിട്ടിയ ആയുധങ്ങളുമായി തെരുവിലിറങ്ങുകയായിരുന്നു. ജലന്ധര്‍, അമൃത്സര്‍, ഹോഷിയാര്‍പ്പൂര്‍, ഫഗ്വാര തുടങ്ങി പഞ്ചാബിലെ പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം അക്രമികള്‍ അഴിഞ്ഞാടി. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായി. തീവണ്ടികള്‍ക്ക് തീയിട്ടു. അക്ഷരാര്‍ത്ഥത്തില്‍ കലാപസ്ഥിതിയായിരുന്നു സംസ്ഥാനത്തെങ്ങും. രണ്ട് ദിവസത്തോളം പഞ്ചാബില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല. പൊലീസ് വെടിവെയ്പിലും മറ്റുമായി രണ്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. ദ്രുതകര്‍മ്മസേനയും സൈന്യവുമൊക്കെ രംഗത്തിറങ്ങിയ ശേഷമാണ് സ്ഥിഗതികള്‍ ശാന്തമായത്. ഇപ്പോള്‍ അക്രമസംഭവങ്ങള്‍ക്ക് ശമനമായെങ്കിലും ഏതുനിമിഷവും ഒരു കലാപം പൊട്ടിപ്പുറപ്പെടാവുന്ന സ്ഥിതിയില്‍ തന്നെയാണ് സംസ്ഥാനമിപ്പോഴും.

ജാതിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ക്കപ്പുറം സാമ്പത്തികമായ കാരണങ്ങളും ഇപ്പോഴത്തെ സംഘര്‍ഷസ്ഥിതിക്ക് പിന്നിലുണ്ട്. സിഖ് മതം അംഗീകരിച്ചിട്ടുള്ള 15 ഭഗത്തുകളിലൊരാളായ (ആത്മീയാചാര്യന്‍) രവിദാസ് ജിയുടെ അനുയായികളാണ് ദേരാസച്ച്ഖണ്ഡ് വിശ്വാസികള്‍. രവിദാസ്ജി പതിന്നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനായിരുന്നു. സിഖ് മതം അന്ന് രൂപപ്പെട്ടിരുന്നില്ല.

ഉത്തര്‍പ്രദേശിലെ വാരാണസിക്കടുത്ത് ഗോവര്‍ധനില്‍ 1376 ല്‍ ജനിച്ച രവിദാസ് കീഴാളവിഭാഗമായ ചമര്‍ ഗോത്രക്കാരനാണ്. ജാതിവിവേചനത്തിനെതിരെ ശക്തമായി നിലകൊണ്ടയാളായിരുന്നു രവിദാസ്ജി. സന്ന്യാസം സ്വീകരിച്ച അദ്ദേഹം ജാതീയതയ്ക്കെതിരെ വ്യാപകമായ പ്രചാരണം നടത്തുകയും കീഴാളരുടെ നേതാവായി ഉയരുകയും ചെയ്തു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തെ വിമര്‍ശിച്ച് നിരവധി ഗീതങ്ങളും അദ്ദേഹം രചിക്കുകയുണ്ടായി.

പതിനഞ്ചാംനൂറ്റാണ്ടിലാണ് ഗുരുനാനാക്ക്ജി സിഖ് മതത്തിന് രൂപംനല്‍കുന്നത്. പിന്നീടിങ്ങോട്ട് പത്തോളം ഗുരുക്കന്‍മാര്‍ സിഖ് മതത്തിനുണ്ടായി. ഈ ഗുരുക്കന്‍മാരെല്ലാം തന്നെ ജാതിയുടെ പേരിലുള്ള വേര്‍തിരിവൊന്നുമില്ലാതെ എല്ലാവരെയും ഒന്നുപോലെ കാണുന്നതാവണം സിഖ് മതമെന്ന കാഴ്ചപ്പാടാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായി തന്നെ ഹിന്ദുമതത്തില്‍ ഇത്തരം നിലപാടുകള്‍ സ്വീകരിച്ച ആത്മീയനേതാക്കളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രചനകളുമൊക്കെ സിഖ് ഗുരുക്കന്‍മാര്‍ ഗുരു ഗ്രന്ഥസാഹിബിന്റെ ഭാഗമാക്കി. ഇങ്ങനെ ഗ്രന്ഥസാഹിബിന്റെ ഭാഗമായ ആത്മീയനേതാക്കളാണ് ഭഗത്തുക്കള്‍ എന്നറിയപ്പെടുന്നത്. ദളിത്ജനവിഭാഗങ്ങളുടെ ആത്മീയാചാര്യനായിരുന്ന രവിദാസ് ജിയുടെ 41 ഗീതങ്ങള്‍ ഗ്രന്ഥസാഹിബിന്റെ ഭാഗമാക്കിയിട്ടുണ്ട്.

ജാതിവിവേചനമില്ലാതിരുന്ന സിഖ് മതത്തിലും കാലക്രമേണ അഴുക്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ദളിതരും ജാട്ടുകളുമൊക്കെയായി പല ഉപവിഭാഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.

സിഖ് മതത്തിലും വിവേചനം അനുഭവപ്പെട്ട ദളിതര്‍ ഏതാണ്ട് 90 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേര സച്ചാഖണ്ഡ് എന്ന പ്രത്യേക ആത്മീയവിഭാഗത്തിന് രൂപംനല്‍കി. സിഖ് ദളിതരുടെ നേതാവായ ബാബ പിപ്പല്‍ദാസാണ് ദേരയുടെ സ്ഥാപകന്‍. പിന്നീട് ഹരിദാസ്, ഗരീബ് ദാസ് എന്നീ രണ്ട് നേതാക്കള്‍ കൂടി സംഘടനയ്ക്കുണ്ടായി. ദേരയുടെ നാലാമത്തെ മേധാവിയാണ് ഇപ്പോഴത്തെ ആത്മീയനേതാവ് സന്ത് നിരഞ്ജന്‍ദാസ്.

കഴിഞ്ഞ ഇരുപത് വര്‍ഷക്കാലയളവിലാണ് ദേര സച്ചാഖണ്ഡ് ഒരു പ്രബലവിഭാഗമായി ഉയര്‍ന്നത്. ഇതോടെ സവര്‍ണ സിഖുകാരും ദേരവിഭാഗക്കാരും തമ്മില്‍ ഭിന്നത തുടങ്ങി. ദേര വിഭാഗക്കാര്‍ വിഗ്രഹാരാധനയും വ്യക്തിപൂജയും നടത്തുന്നുവെന്ന ആക്ഷേപമാണ് പരമ്പരാഗതസിഖ് വിഭാഗക്കാര്‍ മുഖ്യമായും ഉയര്‍ത്തിയത്. ദേര വിഭാഗക്കാര്‍ പ്രത്യേക ഗുരുദ്വാരകള്‍ കൂടി നിര്‍മ്മിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമായി. ദളിത് സിഖുകാര്‍ തങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ദേര ഗുരുദ്വാരകളില്‍ ചെയ്തുതുടങ്ങി. പഞ്ചാബിന് പുറത്തേക്കും വിദേശത്തേക്കും പ്രത്യേക ദളിത് ഗുരുദ്വാരകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇതോടെ സാമ്പത്തികമായും ഇവര്‍ ശക്തിപ്പെട്ടു. വിദ്വേഷം കൂടുതല്‍ തീവ്രമാകുന്നതിന് ഇത് കാരണമായി.

യൂറോപ്യന്‍രാജ്യങ്ങളില്‍ ദേര സച്ച്ഖണ്ഡ് ഗുരുദ്വാരകള്‍ വന്നുതുടങ്ങിയത് പരമ്പരാഗത സവര്‍ണ സിഖ് വിഭാഗക്കാര്‍ക്ക് തീര്‍ത്തും ദഹിച്ചില്ല. ഇവരിലെ തീവ്രവാദികള്‍ പല സ്ഥലങ്ങളിലും ദേര വിഭാഗക്കാരെ ആക്രമിച്ചു തുടങ്ങി. ആസ്ത്രിയയില്‍ അക്രമം അരങ്ങേറിയ റുഡോള്‍ഫ്ഷീനില്‍ ഒരു പരമ്പരാഗത സിഖ് ഗുരുദ്വാര നിലനിന്നിരുന്നു. എല്ലാ സിഖ് വിശ്വാസികളും തങ്ങളുടെ ചടങ്ങുകളും ആചാരങ്ങളുമൊക്കെ ഇവിടെയാണ് നിര്‍വഹിച്ചത്.

എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് ഗുരുദ്വാര സ്ഥിതിചെയ്ത തെരുവില്‍ തന്നെ തൊട്ട് എതിര്‍വശത്താതി ദേര വിഭാഗക്കാര്‍ തങ്ങളുടെ ഗുരുദ്വാര സ്ഥാപിച്ചു. ഇതോടെ ദളിത് സിഖുകാര്‍ കൂട്ടത്തോടെ പ്രാര്‍ത്ഥനയും മറ്റും ഇങ്ങോട്ടേക്ക് മാറ്റി. ഇവരുടെ മാറ്റം പരമ്പരാഗത ഗുരുദ്വാരയുടെ വരുമാനത്തില്‍ വലിയ ഇടിവു വരുത്തി. ദേര നേതാക്കള്‍ ആസ്ത്രിയ സന്ദര്‍ശിക്കുമ്പോള്‍ അവരെ ആക്രമിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും തയ്യാറാവുന്നതിന് മുഖ്യകാരണം ഇതാണ്.

പദ്ധതി നടപ്പാക്കുന്നതില്‍ അക്രമികള്‍ വിജയിച്ചെങ്കിലും സിഖ് വിശ്വാസികള്‍ക്കിടയില്‍ പരസ്പര വിദ്വേഷവും വെറുപ്പും കൂടുതല്‍ ശക്തിപ്പെടാന്‍ മാത്രമേ ഇത് ഇടയാക്കിയിട്ടുള്ളൂ. ഏതാനും വര്‍ഷം മുമ്പ് സിഖ് മതത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ മറ്റൊരു ദേര വിഭാഗമായ ദേര സച്ചസൌധ വിശ്വാസികളും സിഖ് വിശ്വാസികളും തമ്മില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം കൂടിയായതോടെ സിഖ് മതത്തിലെ ചേരിതിരിവുകള്‍ കൂടുതല്‍ ശക്തമാവുകയാണ്.

*
എം പ്രശാന്ത് ചിന്ത വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ജാതീയതയുടെ കലാപത്തീയില്‍ പുകയുകയാണ് പഞ്ചാബ്. സിഖ് മതവിശ്വാസികള്‍ ദളിതരും സവര്‍ണരുമായി തിരിഞ്ഞ് തെരുവില്‍ തമ്മിലടിക്കുന്നു. ഹിന്ദുമതത്തിലെ ജാതിവിവേചനത്തോടുള്ള പ്രതികരണമെന്ന നിലയില്‍ 15-ാം നൂറ്റാണ്ടില്‍ ഉത്തരേന്ത്യയില്‍ വേരുറപ്പിച്ച സിഖ് മതം ഇന്നിപ്പോള്‍ അതേ ജാതിഭ്രാന്തിന് ഇരയാവുകയാണ്....

എം പ്രശാന്ത് എഴുതുന്നു...

*free* views said...

Sikhism does not acknowledge caste differences. What I understand from the issue is that it is not an internal fight, but between Sikhs and Dera followers, who are not technically Sikhs. So, technically it is wrong to say low caste and high caste Sikhs.

It is sad that even in this century there is differences and discrimination on base of caste. This is evidence that belief systems that are centuries old are not changed easily [same with capitalism]

May the god they believe in help them in finding peace and show them how to live happily with other human beings.

ചാർ‌വാകൻ‌ said...

ഒരുനൂറ്റാണ്ടു മുമ്പ് കേരളത്തില്‍ ഇതുപോലൊരു പ്രസ്ഥാനം രൂപപ്പെടുകയുണ്ടായി
പൊയ്കയില്‍ യോഹനാന്‍ സ്ഥാപിച്ച` "പ്രത്യക്ഷ രക്ഷാ ദൈവ സഭ"
പുതുക്രിസ്ത്യാനികള്‍ക്ക് വേറേ പള്ളിയും ,വേറേ ആരാധനാരീതിയും ,കത്തനാരുടെ സ്ഥാനത്ത് ഉപദേശിയും .പതിനാലോളം
അയിത്തജാതികളേ കൂട്ടി സഭകള്‍ക്കെതിരേ കലാപം നടത്തുകയുണ്ടായി.
ബൈബിളുകള്‍ കൂട്ടിയിട്ട് കത്തിച്ചുകൊണ്ടാണ്.പുതിയസഭതുടങ്ങിയത്.
പിന്നീട്,എഴുപതില്‍ സ്റ്റീഫന്‍ വട്ടപ്പാറ ബിഷപ്പാകുന്നഘട്ടത്തില്‍ സി.എം .എസ്സ്.സഭയും ഇതേനിലപാടെടുത്തു.പല്ലിവാലുമുറിച്ചു കടന്നുകളയുന്ന
പോലെ സവര്‍ണ്ണക്രിസ്ത്യാനികള്‍ സി.എസ്സ്.ഐ.സ്ഥാപിച്ച്.സ്വത്ത് കൈയടക്കി
എണ്‍പതില്‍ മേലുകാവ് ഡയോസ്സിസ്സ് നേടി മലയരയരും ചരിത്രം കുറിച്ചു.
അതായത്,ഭാരതവല്കരിക്കപ്പെട്ട എല്ലാമതങ്ങളിലും ഹിന്ദുമതത്തിലെ ഈരോഗം
വ്യാപിച്ചു.ഇസ്ളാമില്‍ പ്രകടമല്ലന്നുമാത്രം .വം ശശുദ്ധിയുടെ രോഗത്തിനു മീതെ
സ്വത്തുടമസ്ഥതയും ,തൊഴില്‍ കുത്തകയും ചേര്‍ന്നൊരു ബലതന്ത്രം .