Monday, June 15, 2009

ഓര്‍മകളുടെ കായലരികത്ത്

തലശേരി ടെമ്പിള്‍ഗേറ്റിലെ ശരവണത്തിന്റെ പടികടക്കുമ്പോള്‍ അറിയാതെ ആ ഗാനം നമ്മുടെ കാതുകളിലെത്തും. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയെത്തിയ സുന്ദരിയുടെ മുഖമാവും അപ്പോള്‍ തെളിയുക. മലയാളിയുടെ ഭാവുകത്വത്തെ തൊട്ടുണര്‍ത്തിയ അനശ്വര ഗാനം കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മനസിന്റെ കരിമ്പിന്‍തുണ്ടുകളില്‍ തട്ടുകയും മുട്ടുകയും ചെയ്യുന്നു. മലയാളചലച്ചിത്രഗാനങ്ങള്‍ക്ക് നാടന്‍പാട്ടിന്റെ ഈണം പകര്‍ന്ന സംഗീതചക്രവര്‍ത്തി തന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ക്ക് കൂട്ടായി ഇന്നുമിവിടെയുണ്ട്.

മലയാള സംഗീത തറവാട്ടിലെ കാരണവരാണ് കെ രാഘവന്‍മാഷ്. കാലാതിവര്‍ത്തിയായ ഒരുപിടി ഗാനങ്ങളിലൂടെ മലയാളമനസിനെ തൊട്ടുണര്‍ത്തിയ സംഗീതജ്ഞന്‍. തൊണ്ണൂറ്റഞ്ചിലെത്തി നില്‍ക്കുന്ന മാഷുടെ ഗൃഹാങ്കണം വേറിട്ടൊരു സംഗീതസദസിന് മെയ് 14ന് വേദിയായി. സംഗീതവും ആദരവും ഓര്‍മകളിലെ ഈണങ്ങളായി പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തി മാഷ് വീണ്ടും പാടി.

'കായലരികത്ത് വലയെറിഞ്ഞപ്പോ
വളകിലുക്കിയ സുന്ദരി...'

പ്രായത്തിന്റെ അവശതക്ക് സംഗീതത്തിന്റെ മധുരം പൊതിഞ്ഞ് മാഷ് പാടുമ്പോള്‍ അരികില്‍ ടി കെ ഹംസയും എം മുകുന്ദനും ബന്ധുക്കളും ആരാധകരുമുണ്ടായിരുന്നു.

മലപ്പുറം കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ ദശവാര്‍ഷികാഘോഷ ഉദ്ഘാടനമാണ് അപൂര്‍വമായ ഒത്തുചേരലിന് അവസരമൊരുക്കിയത്. രാഘവന്‍മാഷ് ഉദ്ഘാടനം നിര്‍വഹിക്കണമെന്നത് സംഘാടകരുടെ നിര്‍ബന്ധമായിരുന്നു. മാപ്പിളപ്പാട്ടിനെ അനശ്വരമാക്കിയ മോയിന്‍കുട്ടിവൈദ്യരെ അനുസ്മരിക്കാന്‍ ഈണങ്ങളുടെ തമ്പുരാന്‍തന്നെ വേണമെന്ന സംഘാടകരുടെ പിടിവാശിക്ക് ഒടുവില്‍ അദ്ദേഹം വഴങ്ങി. യാത്രചെയ്യാനുള്ള പ്രയാസം പരിഗണിച്ചാണ് ഉദ്ഘാടനവേദി ശരവണത്തിന്റെ മുറ്റത്തേക്ക് മാറ്റിയത്. മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ സ്മരണ നിറഞ്ഞ സായാഹ്നം. ഉദ്ഘാടനവേദിയിലേക്ക് മകന്‍ കനകാംബരന്റെ കൈ പിടിച്ചാണ് രാഘവന്‍ മാഷ് മെല്ലെ നടന്നുവന്നത്.

മാപ്പിളകലകള്‍ സമൂഹത്തിന്റെ പൊതുസ്വത്താണെന്ന ടി കെ ഹംസയുടെ അധ്യക്ഷപ്രസംഗത്തോടെയായിരുന്നു തുടക്കം. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന്റെ ദശവാര്‍ഷികം ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ് രാഘവന്‍മാഷ് അവസാനിപ്പിച്ചു. മോയിന്‍കുട്ടി വൈദ്യരുടെയും രാഘവന്‍മാഷുടെയും പാട്ട് എക്കാലവും നമ്മുടെ മനസിലുണ്ടാവുമെന്ന് മുഖ്യാതിഥിയായ സാഹിത്യഅക്കാഡമി പ്രസിഡന്റ് എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ഗാനങ്ങളില്‍ നിന്ന് പാട്ടും ഈണവും പോയി ശബ്ദം മാത്രമായി. സാങ്കേതികവിദ്യയുടെ ഉല്‍പന്നം മാത്രമായി സംഗീതം മാറി. എ ആര്‍ റഹ്മാന്റെ പാട്ടുകള്‍ അമ്പത് വര്‍ഷം ജീവിക്കുമോ. ദീര്‍ഘകാലത്തെ ഡല്‍ഹിവാസത്തിനിടയില്‍ ശരവണത്തിലെത്തി മാഷെ നേരില്‍കാണാന്‍ കഴിയാതെ പോയെങ്കിലും മലയാളികള്‍ മനസുകൊണ്ട് എന്നും മാഷെ കണ്ടിരുന്നതായി മുകുന്ദന്‍ പറഞ്ഞു.

'സംഗീത സാഗര സീമയിലെത്ര നീ
നാടന്‍ ശീലിന്റെ തേനൊഴുക്കി.
കാലത്തിന്‍ കായല്‍ക്കരയില്‍ നിന്‍ ഗാനങ്ങള്‍
ഈണത്തില്‍ കുപ്പിവളകിലുക്കി...'

രാഘവന്‍മാഷ്ക്ക് ആദരമായി ശിഷ്യന്‍ കെ പി അബൂട്ടി പാടിയപ്പോള്‍ ആസ്വാദകര്‍ക്ക് മുന്നില്‍ ഒരു നിമിഷം രാഘവന്‍മാഷുടെ സംഗീതലോകമാണ് മിന്നിമറഞ്ഞത്. മകന്‍ ആര്‍ കനകാംബരനാണ് പാതിവഴിയില്‍ നിര്‍ത്തിയ മാഷുടെ കായലരികത്ത് വലയെറിഞ്ഞപ്പോഴെന്ന ഗാനം പൂര്‍ത്തിയാക്കിയത്. ഫോക്ലോര്‍ അക്കാഡമി വൈസ്ചെയര്‍മാന്‍ വി എം കുട്ടി ചലച്ചിത്രത്തിലൂടെ ആദ്യത്തെ ഒപ്പനപാട്ട് മലയാളിക്ക് സമ്മാനിച്ച രാഘവന്‍മാഷെ ഓര്‍ത്തു. പത്മശ്രീപോലുള്ള ബഹുമതികള്‍ നല്‍കി രാഘവന്‍മാഷെ രാജ്യം ആദരിക്കാന്‍ വൈകുന്നതിലെ ഉത്കണ്ഠയാണ് തലശേരി നഗരസഭ ചെയര്‍മാന്‍ കെ പി രവീന്ദ്രന്‍ പ്രകടിപ്പിച്ചത്.

സംഗീതപെരുമഴയില്‍ കുളിച്ച ശരവണത്തിന്റെ മുറ്റത്തുനിന്ന് തിരികെ മടങ്ങുമ്പോള്‍ മാഷുടെ മനസുനിറയെ സന്തോഷത്തിന്റെ തിരയിളക്കമായിരുന്നു. സ്വീകരണമുറിയിലേക്ക് കടക്കുമ്പോള്‍ അവിടെ നിറയെ പുരസ്കാരങ്ങള്‍. സംഗീതത്തിനായി ജീവിതം സമര്‍പ്പിച്ചതിനുള്ള നാടിന്റെ ആദരവ്. കായലരികത്ത് വലയെറിഞ്ഞ് മലയാളിയുടെ മനസില്‍ ഓളങ്ങള്‍ തീര്‍ത്ത രാഘവന്‍മാഷ് തലശേരിക്കടുത്ത തലായിയില്‍ മയ്യഴിക്കാരന്‍കൃഷ്ണന്റെയും കെ കുപ്പച്ചിയുടെയും മകനായി 1914 ഡിസംബര്‍ രണ്ടിനാണ് ജനിച്ചത്. സംഗീതത്തോടുള്ള അഭിനിവേശം മൂലം തേഡ്ഫോറത്തില്‍ വിദ്യാഭ്യാസം നിര്‍ത്തി. സംഗീതസാഗരത്തിലൂടെയുള്ള നിരന്തരയാത്രയായിരുന്നു പിന്നീടുള്ള ജീവിതം. തിരുവങ്ങാട് പി എസ് നാരായണഅയ്യരുടെ ശിഷ്യനായി അഞ്ചുവര്‍ഷം ശാസ്ത്രീയസംഗീതം പഠിച്ചു. മികച്ച ഫുട്ബോള്‍കളിക്കാരന്‍ കൂടിയായ രാഘവനെ ആ വഴിയിലേക്ക് നയിക്കാനൊരു ശ്രമമുണ്ടായിരുന്നു. ഫുട്ബോള്‍കളിക്കാരനെന്ന നിലയില്‍ ജോലിതേടി മുംബൈയിലെത്തിയെങ്കിലും തന്റെ വഴി സംഗീതമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങി.

മദിരാശി ആകാശവാണിയില്‍ തംബുരു ആര്‍ടിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഡല്‍ഹി ആകാശവാണിയിലും ജോലിചെയ്തു. കോഴിക്കോട് ആകാശവാണിയിലെത്തിയപ്പോഴാണ് സംഗീതസംവിധാന രംഗത്തേക്കുള്ള ചുവടുവെപ്പ്. തമിഴ്-ഹിന്ദി-തെലുങ്ക് സിനിമാ ഗാനങ്ങളുടെ ഈണം കടമെടുത്ത മലയാള സിനിമാഗാനങ്ങളെ വേറിട്ട വഴിയിലേക്ക് നയിച്ചത് കെ രാഘവനാണ്. 1954ല്‍ പുറത്തുവന്ന നീലക്കുയിലിലെ ഗാനങ്ങള്‍ മലയാളിയുടെ മനസില്‍ രാഘവന്‍മാഷ്ക്ക് ഇടം നല്‍കി.

പൊന്‍കുന്നം വര്‍ക്കിയുടെ 'കതിരുകാണാക്കിളി'യും പൊറ്റെക്കാട്ടിന്റെ 'പുള്ളിമാനു'മായിരുന്നു രാഘവന്‍മാഷുടെ ആദ്യചിത്രങ്ങള്‍. രണ്ടും വെളിച്ചം കണ്ടില്ല. മൂന്നാമത്തെ ചിത്രമായ നീലക്കുയിലാണ് വെള്ളിത്തിരയിലെത്തിയത്. 55വര്‍ഷം മുന്‍പ് പുറത്തുവന്ന നീലക്കുയിലിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരില്‍ ജീവിച്ചിരിക്കുന്ന അപൂര്‍വംചിലരില്‍ ഒരാളാണ് കെ രാഘവന്‍. തിയറ്ററില്‍ നീലക്കുയിലിലെ ഗാനങ്ങള്‍ വരുമ്പോള്‍ കാണികളാകെ ആവേശപൂര്‍വം ഒപ്പംപാടിയിരുന്നു. അത്രയേറെ പോപ്പുലറായിരുന്നു നീലക്കുയിലിലെ ഓരോ ഗാനവും.

നീലക്കുയിലുള്‍പ്പെടെ അമ്പതിലേറെ ചിത്രങ്ങള്‍ക്ക് കെ രാഘവന്‍ സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. സിനിമക്ക് മാത്രമല്ല ഒട്ടേറെ നാടകഗാനങ്ങളും അദ്ദേഹം മലയാളിക്കായി സമര്‍പ്പിച്ചു. മലയാളസംഗീതാസ്വാദകര്‍ക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകള്‍. നാടന്‍പാട്ടിന്റെ രാഗഭംഗിയും മലയാളത്തനിമയും രാഘവന്‍മാഷുടെ പാട്ടുകളില്‍ സംഗീതാസ്വാദകര്‍ ദര്‍ശിച്ചു. ഒട്ടേറെ പുര്സകാരങ്ങളും ഈ സംഗീതപ്രതിഭയെ തേടിയെത്തി.

നിര്‍മാല്യം, പൂജക്കെടുക്കാത്ത പൂക്കള്‍ എന്നീ ചിത്രങ്ങളിലെ സംഗീതസംവിധാനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1981ല്‍ സംഗീതനാടകഅക്കാഡമി ഫെലോഷിപ്പ് നല്‍കി ആദരിച്ചു. 1998ല്‍ ജെസി ഡാനിയേല്‍ അവാര്‍ഡും 2008ല്‍ കൈരളി-സ്വരലയ അവാര്‍ഡും മയില്‍പീലി പുരസ്കാരവും സമര്‍പ്പിതമായ സംഗീതജീവിതത്തിന് ആദരമായെത്തി. ഏറ്റവും ഒടുവില്‍ ആകാശവാണിയുടെ ആദരവും അദ്ദേഹം ഏറ്റുവാങ്ങി. പത്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്കാരം നല്‍കി രാജ്യം ആദരിക്കാന്‍ മറന്നുപോയ കലാകാരന്‍കൂടിയാണ് കെ രാഘവന്‍മാഷ്.

പ്രായം അദ്ദേഹത്തിന്റെ സംഗീതസാന്ദ്രമായ മനസിനെ തളര്‍ത്തുന്നില്ല. രാഘവന്‍മാഷുടെ അനുപമമായ സംഗീതതപസ്യയുടെ സാക്ഷ്യമായിരുന്നു മോയിന്‍കുട്ടി വൈദ്യര്‍ ദശവാര്‍ഷികാഘോഷ ഉദ്ഘാടന വേദി. ലളിതമെങ്കിലും പ്രൌഢമായ ചടങ്ങ് ഒരര്‍ഥത്തില്‍ നാടന്‍ശീലിന്റെ തേനൊഴുക്കിയ കെ രാഘവന്‍മാഷ്ക്കുള്ള ആദരംകൂടിയായി. തൊട്ടടുത്തുള്ള ജഗന്നാഥക്ഷേത്രത്തില്‍നിന്ന് ഗാനങ്ങള്‍ ഉയരുകയാണ്. ശരവണത്തിന്റെ പടിയിറങ്ങുമ്പോള്‍ എല്ലാവരുടെയും മനസില്‍ തിരയടിച്ചെത്തിയത് രാഘവന്‍മാഷുടെ സംഗീതലോകമാണ്.

*
പി ദിനേശന്‍ കടപ്പാട്: ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

തലശേരി ടെമ്പിള്‍ഗേറ്റിലെ ശരവണത്തിന്റെ പടികടക്കുമ്പോള്‍ അറിയാതെ ആ ഗാനം നമ്മുടെ കാതുകളിലെത്തും. കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വളകിലുക്കിയെത്തിയ സുന്ദരിയുടെ മുഖമാവും അപ്പോള്‍ തെളിയുക. മലയാളിയുടെ ഭാവുകത്വത്തെ തൊട്ടുണര്‍ത്തിയ അനശ്വര ഗാനം കാലത്തെ അതിജീവിച്ച് ഇന്നും നമ്മുടെ മനസിന്റെ കരിമ്പിന്‍തുണ്ടുകളില്‍ തട്ടുകയും മുട്ടുകയും ചെയ്യുന്നു. മലയാളചലച്ചിത്രഗാനങ്ങള്‍ക്ക് നാടന്‍പാട്ടിന്റെ ഈണം പകര്‍ന്ന സംഗീതചക്രവര്‍ത്തി തന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ക്ക് കൂട്ടായി ഇന്നുമിവിടെയുണ്ട്.

മലയാള സംഗീത തറവാട്ടിലെ കാരണവരാണ് കെ രാഘവന്‍മാഷ്. കാലാതിവര്‍ത്തിയായ ഒരുപിടി ഗാനങ്ങളിലൂടെ മലയാളമനസിനെ തൊട്ടുണര്‍ത്തിയ സംഗീതജ്ഞന്‍. തൊണ്ണൂറ്റഞ്ചിലെത്തി നില്‍ക്കുന്ന മാഷുടെ ഗൃഹാങ്കണം വേറിട്ടൊരു സംഗീതസദസിന് മെയ് 14ന് വേദിയായി. സംഗീതവും ആദരവും ഓര്‍മകളിലെ ഈണങ്ങളായി പെയ്തിറങ്ങിയ സായാഹ്നത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തി മാഷ് വീണ്ടും പാടി.

'കായലരികത്ത് വലയെറിഞ്ഞപ്പോ
വളകിലുക്കിയ സുന്ദരി...'

പ്രായത്തിന്റെ അവശതക്ക് സംഗീതത്തിന്റെ മധുരം പൊതിഞ്ഞ് മാഷ് പാടുമ്പോള്‍ അരികില്‍ ടി കെ ഹംസയും എം മുകുന്ദനും ബന്ധുക്കളും ആരാധകരുമുണ്ടായിരുന്നു.

ജിവി/JiVi said...

രാഘവന്‍മാഷ്ക്ക് പ്രണാമം.

Jayasree Lakshmy Kumar said...

കാലമേറെയായിട്ടും മായാതെ കേൾക്കുന്ന വളകിലുക്കങ്ങൾ. നന്നായി രാഘവന്മാഷിനെക്കുറിച്ചുള്ള ഈ പോസ്റ്റ്. ആശംസകൾ