Tuesday, June 9, 2009

ഐ.ടി മേഖല വരളുന്നു...

ലാഭം പതിനായിരം മടങ്ങ് ഉയര്‍ത്താന്‍ വേണ്ടി ഇന്ത്യയിലും ചൈനയിലും, ഇന്തോനേഷ്യയിലും പോയി കരാര്‍ പണിയെടുപ്പിക്കാന്‍ സ്വന്തം കുത്തകകളെ ഉപദേശിച്ചിരുന്ന അമേരിക്കയിപ്പോള്‍ ഔട്ട്സോഴ്സിംഗിനെതിരെ പടയൊരുക്കം നടത്തുന്നു. സ്വന്തം നാട്ടില്‍ ലഭിക്കേണ്ട തൊഴിലെല്ലാം ബാംഗളൂരേക്കും, ചെന്നൈലേക്കും കയറ്റുമതിചെയ്ത് ലാഭം കുന്നുകൂട്ടുന്ന കമ്പനികള്‍ക്ക് ഇനി നികുതി ഇളവുകള്‍ നല്‍കില്ലന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം. സമ്പദ്ഘടന തകര്‍ന്നു തരിപ്പണമാകുകയും, തൊഴിലില്ലാത്തവരുടെയും അത് നഷ്ടപ്പെടുന്നവരുടെയും എണ്ണം റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുകയും ചെയ്യുമ്പോള്‍ സ്വന്തം രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാനാണത്രെ ഒബാമ ഇങ്ങനെ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.. അമേരിക്കയിലെ വമ്പന്‍ കമ്പനികളെല്ലാം തങ്ങളുടെ ഓഫീസ് ജോലികളുടെ 60% വരെ ഇന്ത്യയടക്കം കൂലിക്കുറവുള്ള രാജ്യങ്ങളിലെ ബി.പി.ഓ. സെന്ററുകളിലാണ് ചെയ്യുന്നത്.. നികുതി ഇളവുകള്‍ അടക്കമുള്ള കോര്‍പ്പറേറ്റ് സബ്‌സിഡികള്‍ വാങ്ങുന്ന ഈ കമ്പനികള്‍ കരാര്‍ കൊടുത്തിരിക്കുന്ന തൊഴിലൊക്കെ അമേരിക്കയില്‍ തന്നെ ചെയ്യിപ്പിക്കാനാണ് പദ്ധതിയത്രെ! അമേരിക്കന്‍ പ്രസിഡന്റിന്റെ ശാസനം അനുസരിച്ചാല്‍ കടുത്ത പ്രതിസന്ധിയിലാവാന്‍ പോകുന്നത് ഇന്ത്യയിലെ ബി.പി.ഓ. സെന്ററുകളില്‍ പണിയെടുക്കുന്ന ഐ.ടി. വിദഗ്ധരും, തൊഴിലാളികളുമാണ്. ഇന്ത്യന്‍ ഐ.ടി., ബി.പി.ഒ. ജോലികളുടെ 60% വും അമേരിക്കന്‍ കമ്പനികളുടേതാണ്.. 10 ലക്ഷം ഐ.ടി. തൊഴിലാണ് ഇങ്ങനെ അറ്റലാന്റിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയെന്നാണ് നാസ്കോം പറയുന്നത്.

അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 35% ആണ്.. ഇപ്പോഴുള്ള നിയമമനുസരിച്ച് വിദേശത്ത് ഉണ്ടാക്കുന്ന ലാഭത്തിന് (അത് അമേരിക്കയിലേക്ക് എത്തുംവരെ) നികുതി ഈടാക്കുകയില്ല. ഈ പഴുത് ഉപയോഗിച്ച്. ഇന്ത്യന്‍ ബി.പി.ഓ. വഴി നേടുന്ന വന്‍ലാഭം നികുതി വിധേയമല്ല.. സ്വന്തമായി ഐ.ടി., ബി.പി.ഒ. ക്യാപ്ടീവ് 'പ്ലാന്റുകള്‍' സ്ഥാപിച്ചും, ഇന്ത്യന്‍ കമ്പനികളെ ഉപയോഗിച്ചും അമേരിക്കയിലെ കൂലിനിരക്കിന്റെ 'പതിനായിരത്തിലൊന്ന്' കൊണ്ട് കാര്യം നടത്തുകയാണ് കമ്പനികള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ നികുതി ഇളവ് നേടിയെടുക്കാനല്ല, കൂലിയില്‍ വലിയ അളവിലുള്ള കുറവ് ലാഭമാക്കിമാറ്റാനാണ് ഈ കമ്പനികള്‍, ജോലികള്‍ ഔട്ട് സോഴ്സ് ചെയ്യുന്നത്. നികുതി ഇളവുകൂടി ലഭിക്കുന്നത്, ഔട്ട്സോഴ്സിംഗ്നെ പ്രോല്‍സാഹിപ്പിക്കുന്നു എന്നുമാത്രം. സിറ്റി ഗ്രൂപ്പ്, ജെ.പി.മോര്‍ഗന്‍, ഐ.ബി.എം., അക്സച്ഞ്ചര്‍ എച്ച്.പി; ജനറല്‍ ഇലക്ട്രിക് തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ ബി.പി.ഒ സെന്ററുകള്‍ വഴി അടിച്ചെടുക്കുന്ന ലാഭത്തിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത് തന്നെ. കഴിഞ്ഞ വര്‍ഷം മാത്രം ബാക്ക് ഓഫീസ് പ്രോജക്ടുകള്‍വഴി 4.8 ബില്യന്‍ ഡോളര്‍ കയറ്റുമതി വരുമാനമാണത് ഇന്ത്യ നേടിയത്.

അമേരിക്കയുടെ ദേശീയ വരുമാനത്തിന്റെ നേര്‍പകുതിയും വിദേശങ്ങളില്‍ നിന്നുവരുന്നതാണത്രെ. ഇത് മുഴുവന്‍ നികുതി വിധേയമാക്കുന്നതിനാണ് ഔട്ട് സോഴ്സിങ്ങ് അവസാനിപ്പിച്ചിട്ട് മാത്രം നികുതിയിളവ് തുടരാന്‍ ആവശ്യപ്പെടുന്നത്.. എന്നാല്‍ 100 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിറ്റി ഗ്രൂപ്പിന്റെ 2007-ലെ 52% വരുമാനവും, അമേരിക്കയുടെ പുറത്തുനിന്നുള്ളതായിരുന്നു. അവരുടെ 62% തൊഴിലാളികളും വിദേശീയരാണുതാനും. 2008-ല്‍ ഇത് 74% ആയിരുന്നുവത്രെ.

അക്സ്ചഞ്ചര്‍ എന്ന അമേരിക്കന്‍ കമ്പനി പറയുന്നത് നികുതിലാഭമല്ല, കൂലിയിനത്തിലുള്ള വന്‍ കുറവാണ് അവരെ ഇന്ത്യയില്‍ നിലനിര്‍ത്തുന്നത് എന്നാണ്.

അതെന്തായാലും, ഐ.ടി. മേഖല വഴി ഇന്ത്യയില്‍ പടുത്തുയര്‍ത്തപ്പെട്ട, നിരവധി തൊഴില്‍ മേഖലകളിലേക്ക് ഓബാമയുടെ പാക്കേജിന്റെ ദുരിതങ്ങള്‍ കടന്നുവരും. ഈ ഒറ്റതീരുമാനംകൊണ്ട് ഐ.ടി. സോഫ്റ്റ്വെയര്‍ കയറ്റുമതികൊണ്ട് വളര്‍ന്നുവന്ന റിയല്‍ എസ്റ്റേറ്റ് മേഖല മുതല്‍ ഐ.ടി. അധിഷ്ടിത ഉന്നത വിദ്യാഭ്യാസ മേഖലവരെ കടുത്ത പ്രതിസന്ധിയിലേക്ക് എടുത്തെറിയപ്പെടും.. കടുത്ത മാന്ദ്യം കാരണം വിദേശങ്ങളില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം കുതിച്ചുയരുന്നതിനൊപ്പം, ഇന്ത്യന്‍ സോഫ്റ്റ്വയര്‍ മേഖലയിയുടെ തകര്‍ച്ച സമ്പൂര്‍ണ്ണമാവുകയാണ്.. ധനകാര്യ ബാങ്കിംഗ് തകര്‍ച്ചകൊണ്ട് ഇപ്പോള്‍ തന്നെ 'പണി' പകുതിയായി കുറഞ്ഞ ഐ.ടി, ബി.പി.ഒ സോഫ്റ്റ്വയര്‍ സ്ഥാപനങ്ങളില്‍ നിന്ന് പുത്തന്‍തലമുറയിലെ 'തൊഴിലാളികള്‍' കൂട്ടത്തോടെ തെരുവിലേക്കിറങ്ങുകയാണ്.. അവരെ കാത്ത് പണിതുയര്‍ത്തപ്പെട്ട പാര്‍ക്കുകളും, റസ്റ്റോറന്റുകളും, ആഡംബര ഫ്ലാറ്റുകളുമെല്ലാം ശ്മശാനസമാനമായ ഭീതിപരത്തിക്കൊണ്ട് നമുക്ക്നേരെ ചോദ്യമുയര്‍ത്തുന്നു.. കുറച്ചുനാള്‍മുമ്പ് കമ്പോളത്തെക്കണ്ട് ഹാലിളകിയവര്‍ ഇപ്പോഴതിന്റെ പരിണാമം കണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം കണ്ണടക്കുകയാണ്.

കമ്പോളത്തെ പൂജിച്ചവര്‍ പൊതുമേഖലയില്‍ ചേക്കേറുന്നു

ലക്ഷങ്ങളുടെ ഓഫര്‍ പ്രതീക്ഷിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന പുതിയ തലമുറക്കാരെ കമ്പോളതകര്‍ച്ച കടുത്ത നിരാശയിലാക്കിയിരിക്കുന്നു.. അമേരിക്കയടക്കം വിദേശ രാജ്യങ്ങളില്‍ ഉയര്‍ന്ന ജീവിതം സ്വപ്നം കണ്ട് IIT കളിലും, IIM കളിലും മാനേജ്‌മെന്റ് പഠനം നടത്തുന്നവരെ ഇക്കുറി അന്വേഷിച്ചെത്തിയത് പൊതുമേഖലാ കമ്പനികളാണുപോലും. 25-30% പഠിതാക്കള്‍ ഐ.ടി. സ്വപ്നങ്ങള്‍ ഉപേക്ഷിച്ചുവെന്നാണ് വിവിധ സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഏറെക്കാലമായി രാജ്യത്തെവന്‍കിട പൊതുമേഖലാ കമ്പനികള്‍ക്ക് പുതിയ തലമുറക്കാരായ വിദ്ഗധ എഞ്ചിനീയര്‍മാരെ കിട്ടാനില്ലായിരുന്നു.. ഐ.ടി. ബാങ്കിംഗ്, എഞ്ചിനിയറിംഗ് മേഖലകളില്‍, ഇക്കുറി BHEL, NTPC, GAIL തുടങ്ങിയ സ്ഥാപനങ്ങളെ തങ്ങളുടെ ക്യാമ്പസ് സന്ദര്‍ശിക്കാന്‍ കകഠ/കകങ മേധാവികള്‍ ക്ഷണിച്ചിരിക്കുന്നു.. പൊതുമേഖലയില്‍ ചേരാന്‍ വിദ്യാര്‍ത്ഥികള്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതുകൊണ്ടാണ് ക്ഷണമെന്ന് അവര്‍ പറയുന്നു. BHELന് 250 പേരെമാത്രമാണ് 2008ല്‍ റിക്രൂട്ട് ചെയ്യാനായത്. ഇക്കുറി 400 എഞ്ചിനീയര്‍മാരെ കമ്പനി റിക്രൂര്‍ട്ട് ചെയ്തു.

NTPC യില്‍ എക്സിക്യൂട്ടീവ് ട്രെയിനികളാവാന്‍ നടന്ന പ്രവേശനപരീക്ഷയില്‍ 97000 എഞ്ചിനീയര്‍മാരാണ് എത്തിയത്.. കേന്ദ്രപൊതുമേഖലാ സ്ഥാപനമായ സെയില്‍ IIM-ല്‍ നിന്ന് 30 പേരെയും IITകളില്‍ നിന്ന് 150 പേരെയും ഇക്കുറി റിക്രൂട്ട് ചെയ്തു!

രാജ്യത്തെ എഞ്ചിനീയറിംഗ് കോളേജുകളില്‍ വ്യാപകമായി നടന്നിരുന്ന കാമ്പസ് റിക്രൂര്‍ട്ട്മെന്റില്‍ ഇക്കുറി ഐ.ടി. കമ്പനികളൊന്നും പങ്കെടുക്കുന്നില്ലന്ന വാര്‍ത്ത കടുത്ത പ്രതിസന്ധിയാണുണ്ടാക്കാന്‍ പോകുന്നത്.. ഐ.ടി. മേഖലയിലെ മാന്ദ്യം TCS, ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ കമ്പനികളെ പിറകോട്ടടിപ്പിച്ചിരിക്കുകയാണ്.. 2006-07ല്‍ 22,750 പേരെ റിക്രൂര്‍ട്ട് ചെയ്ച TCS 2008-09 ല്‍ 18,452 ആക്കി കുറച്ചു. കഴിഞ്ഞവര്‍ഷം ഓഫര്‍ കൊടുത്തവര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നത്.. പക്ഷേ വരുന്ന വര്‍ഷം പുതുതായി റിക്രൂട്ട്മെന്റ് വേണ്ടന്നാണ് കമ്പനി നിശ്ചയിച്ചിട്ടുള്ളതത്രെ.

2006-07ല്‍ 19,526 പുതിയ എഞ്ചിനീയര്‍മാരെ റിക്രൂര്‍ട്ട് ചെയ്ത ഇഫോസിസാവട്ടെ 2008-09ല്‍ അത് 13,663 പേരിലൊതുങ്ങി. ഈ പുതിയ വര്‍ഷം റിക്രൂ‍ട്ട്മെന്റ് ഉണ്ടാവില്ലന്നാണ് ഇവര്‍ നല്‍കുന്ന സൂചനകള്‍. 2006-07ല്‍ 14,076 പേരെ തെരഞ്ഞെടുത്ത വിപ്രോ 2008-09ല്‍ വെറും 2243 പേരെയാണ് റിക്രൂട്ട് ചെയ്തത്.. വളര്‍ച്ചാ സാധ്യതകള്‍ മങ്ങിയതിനാല്‍ കാമ്പസ് റിക്രൂട്ട്മെന്റിന് സാധ്യത കുറവാണന്ന് വിപ്രോയുടെ മാനേജ്‌മെന്റ് സൂചിപ്പിക്കുന്നു.. സത്യം കമ്പ്യൂട്ടര്‍ തകര്‍ച്ച കാരണം നഷ്ടപ്പെട്ട തൊഴില്‍ എത്രയെന്ന് ഊഹിക്കുക.

ചുരുക്കത്തില്‍, ഇന്ത്യയിലെ 3 ഐടി കമ്പനികള്‍ ചേര്‍ന്ന് 2006-07ല്‍ 56,352 പേര്‍ക്ക് പുതിയ തൊഴില്‍ നല്‍കിയെങ്കിലും, 2008-09ല്‍ അത് 34,358 ആയിട്ട് കുറഞ്ഞു.. 22,000 ഐ.ടി. തൊഴില്‍ ഈ വര്‍ഷം നഷ്ടപ്പെട്ടുവെന്നാണ് മനസ്സിലാക്കേണ്ടത്.. ഈ മൂന്ന് ഐ.ടി. കമ്പനികള്‍ ചേര്‍ന്ന് 3.28 ലക്ഷം പേര്‍ക്കാണ് (2009 മാര്‍ച്ചില്‍) ഐ.ടി. അധിഷ്ടിത ജോലി നല്‍കുന്നത്.. വ്യവസായ മാന്ദ്യം ഈ തൊഴിലില്‍ എത്രയെണ്ണം നഷ്ടപ്പെടുത്തുമെന്ന് ഇപ്പോള്‍ തന്നെ നമ്മള്‍ അറിഞ്ഞുകഴിഞ്ഞു.

അസംഘടിത സേവനരംഗത്ത് വന്‍തൊഴില്‍ നഷ്ടം

ഇന്ത്യയില്‍ കയറ്റുമതി രംഗത്ത് വന്‍ തൊഴില്‍ നഷ്ടം സംഭവിച്ചു കഴിഞ്ഞു. ആഭ്യന്തര വ്യാവസായിക മേഖലയില്‍ വലിയ തോതില്‍ ഉല്‍പ്പാദനമാന്ദ്യവും തൊഴില്‍ നഷ്ടവുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഐ.ടി., ബി.പി.ഒ. രംഗത്തുള്ള തൊഴില്‍ നഷ്ടവും കൂലിക്കുറവും ഗുരുതരമായ പ്രതിസന്ധിയായി വളര്‍ന്നിട്ടുണ്ട്. ടെക്സ്റ്റെയില്‍, ലോഹം, വാഹന നിര്‍മ്മാണം ഗതാഗതം, ടൂറിസം തുടങ്ങിയ മേഖലകളിലും വ്യാപകമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ മേഖലയിലും കൂലി വമ്പിച്ച അളവില്‍ വെട്ടികുറയ്ക്കുകയാണ്. തൊഴില്‍ സമയത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് വന്നിട്ടുള്ളത്. സംഘടിത മേഖലയല്‍ ഉണ്ടാവുന്ന ഒരു തൊഴിലിന്റെ നഷ്ടം, അസംഘടിത അനുബന്ധ മേഖലകളില്‍ 10 മടങ്ങായി പ്രതിഫലിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ഇന്ത്യയില്‍ സേവനമേഖലയാണ് ദേശീയ ഉല്‍പാദനത്തിന്റെ 60 ശതമാനം സംഭാവന ചെയ്യുന്നത്. പക്ഷെ മൊത്തം തൊഴില്‍ ശക്തിയുടെ 25 ശതമാനം മാത്രമാണ് ഈ മേഖലയിലുള്ളത് (11 കോടി). നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റെ ഏറ്റവും അവസാനത്തെ കണക്കനുസരിച്ച് 11 കോടിയുടെ 25 ശതമാനം ട്രാന്‍സ്‌പോര്‍ട്ട്, സ്റ്റോറേജ് വാര്‍ത്താവിതരണ മേഖലകളിലാണ് വിന്യസിച്ചിട്ടുള്ളത്. 7 ശതമാനം പേര്‍ ധനകാര്യസേവനരംഗത്ത് 15 ശതമാനം ഹോട്ടല്‍ വ്യവസായത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു. സാമൂഹിക വ്യക്തിപരസേവന രംഗത്ത് 15 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 12 ശതമാനം തൊഴിലാളികളും പണിയെടുക്കുന്നു. ചുരുക്കത്തില്‍ കമ്പോളതകര്‍ച്ചയും മാന്ദ്യവും കാരണം ഈ മേഖലകളില്‍ നിന്നെല്ലാമായി ഒരു കോടി അസംഘടിത തൊഴില്‍ ഇതിനോടകം നഷ്ടപ്പെട്ടുവെന്ന് ഏജന്‍സികള്‍ കണ്ടെത്തുന്നു. ടൂറിസം മേഖലയില്‍ വന്‍ മാന്ദ്യം ഉണ്ടായിട്ടുള്ളതായി കേരളത്തിലെ അനുഭവങ്ങള്‍ തന്നെ തെളിയിക്കുന്നു. ആലപ്പുഴയിലെ ഹൌസ്‌ബോട്ട് സര്‍വ്വീസില്‍ ഈ സീസണില്‍ 40 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ ഒക്ടോബര്‍, മാര്‍ച്ച് സീസണില്‍ 150 രാത്രി സര്‍വ്വീസുകള്‍ വരെ ലഭിച്ചിരുന്ന ഹൌസ് ബോട്ടുകള്‍ക്ക് ഈ വര്‍ഷം കഷ്ടിച്ച് 90 ദിവസമേ പണിയുണ്ടായുള്ളൂ. (വേമ്പനാട്ട് കായലിലെ ഹൌസ്‌ബോട്ട് തൊഴിലാളികളാണ് ഇങ്ങനെ പറയുന്നത്.) കേരളത്തിലെ കായലുകളില്‍ 460ഓളം ഹൌസ് ബോട്ടുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ബോട്ടില്‍ കുറഞ്ഞത് 3 തൊഴിലാളികള്‍ പണിയെടുക്കുന്നു.

മാന്ദ്യം, പഠിച്ചിറങ്ങിയ എഞ്ചിനീയര്‍മാരെയും ബി.പി.ഒ. സെന്ററുകളില്‍ ജോലി ചെയ്തുവന്ന ഓപ്പറേറ്റര്‍മാരെയും തെരുവിലേക്ക് വലിച്ചെറിയുമ്പോള്‍, ഇവരെയാകെ തെരുവില്‍കൊണ്ടുനടന്ന വാഹനങ്ങളും അതിന്റെ ഓപ്പറേറ്റര്‍മാരും ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരാണത്രെ. ബാഗ്ളൂര്‍, ചെന്നൈ, നോയിഡ, ഹൈദ്രബാദ്, പൂനെ തുടങ്ങിയ ഐ.ടി. ഹബ്ബുകളില്‍ രാത്രിയും പകലുമില്ലാതെ തൊഴിലെടുക്കുന്നവരെയും കൊണ്ട് നിരന്തരം സര്‍വ്വീസ് നടത്തിയിരുന്ന വാഹനഓപ്പറേറ്റര്‍മാരാണ് കടുത്ത ദുരിതത്തിലായത്. കമ്പനികള്‍ ട്രിപ്പുകളുടെ എണ്ണം 30 ശതമാനം വരെ വെട്ടികുറച്ചിരിക്കുകയാണ്. ജീവനക്കാരോട് സ്വന്തം ഉത്തരവാദിത്വത്തില്‍ സെന്ററിലെത്തിയാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുന്ന കമ്പനികളാണ് ഇപ്പോള്‍ കൂടുതല്‍. കാള്‍ സെന്റര്‍ ഉടമകള്‍ ആഡംബരവാഹനങ്ങളൊക്കെ ഉപേക്ഷിക്കുകയാണ്. മഹാരാഷ്ട്രയിലെ കാള്‍സെന്റര്‍ വെഹിക്കിള്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാരുടെ സംഘടന പറയുന്നത് അവരുടെ തൊഴിലും വരുമാനവും നേര്‍പകുതി കുറഞ്ഞുവെന്നാണ്. പുതിയ പ്രൊജക്ടുകളൊന്നും ലഭിക്കാതെ കാള്‍സെന്ററുകള്‍ തന്നെ പൂട്ടിപ്പോകുമ്പോള്‍ അതിനെ അടിസ്ഥാനമാക്കി ജീവിതം മെനഞ്ഞെടുത്ത പുറം പണിക്കാരുടെ കാര്യം പറയാനുണ്ടോ. പല ബി.പി.ഒ. സെന്ററുകളും സ്വന്തം ജീവനക്കാര്‍ക്ക് വേണ്ടി ആഡംബര വാഹങ്ങളാണ് ഏര്‍പ്പാടാക്കിയിരുന്നത്. എന്നാല്‍ മാന്ദ്യം കാരണം അത്തരം കാറുകളുടെ ഉപയോഗം 70% വരെ വെട്ടികുറച്ചുകഴിഞ്ഞു. ബാങ്ക് വായ്പകളെടുത്ത് നിരത്തിലിറക്കിയ ഈ വാഹനങ്ങള്‍ ഇപ്പോള്‍ വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

*
കടപ്പാട്: പി.എ.ജി. ബുള്ളറ്റിന്‍

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ലാഭം പതിനായിരംമടങ്ങ് ഉയര്‍ത്താന്‍ വേണ്ടി ഇന്ത്യയിലും ചൈനയിലും, ഇന്തോനേഷ്യയിലും പോയി കരാര്‍ പണിയെടുപ്പിക്കാന്‍ സ്വന്തം കുത്തകകളെ ഉപദേശിച്ചിരുന്ന അമേരിക്കയിപ്പോള്‍ ഔട്ട്സോഴ്സിംഗിനെതിരെ പടയൊരുക്കം നടത്തുന്നു. സ്വന്തം നാട്ടില്‍ ലഭിക്കേണ്ട തൊഴിലെല്ലാം ബാംഗളൂരേക്കും, ചെന്നൈലേക്കും കയറ്റുമതിചെയ്ത് ലാഭം കുന്നുകൂട്ടുന്ന കമ്പനികള്‍ക്ക് ഇനി നികുതി ഇളവുകള്‍ നല്‍കില്ലന്നാണ് പുതിയ പ്രസിഡന്റിന്റെ പ്രഖ്യാപനം.. സമ്പദ്ഘടന തകര്‍ന്നു തരിപ്പണമാകുകയും, തൊഴിലില്ലാത്തവരുടെയും അത് നഷ്ടപ്പെടുന്നവരുടെയും എണ്ണം റിക്കാര്‍ഡ് ഭേദിച്ച് മുന്നേറുകയും ചെയ്യുമ്പോള്‍ സ്വന്തം രാജ്യത്ത് തൊഴില്‍ സൃഷ്ടിക്കാനാണത്രെ ഒബാമ ഇങ്ങനെ അന്ത്യശാസനം പുറപ്പെടുവിച്ചിരിക്കുന്നത്.. അമേരിക്കയിലെ വമ്പന്‍ കമ്പനികളെല്ലാം തങ്ങളുടെ ഓഫീസ് ജോലികളുടെ 60% വരെ ഇന്ത്യയടക്കം കൂലിക്കുറവുള്ള രാജ്യങ്ങളിലെ ബി.പി.ഓ. സെന്ററുകളിലാണ് ചെയ്യുന്നത്.. നികുതി ഇളവുകള്‍ അടക്കമുള്ള കോര്‍പ്പറേറ്റ് സബ്സിഡികള്‍ വാങ്ങുന്ന ഈ കമ്പനികള്‍ കരാര്‍ കൊടുത്തിരിക്കുന്ന തൊഴിലൊക്കെ അമേരിക്കയില്‍ തന്നെ ചെയ്യിപ്പിക്കാനാണ് പദ്ധതിയത്രെ! അമേരിക്കന്‍ പ്രസിഡന്റിന്റെ ശാസനം അനുസരിച്ചാല്‍ കടുത്ത പ്രതിസന്ധിയിലാവാന്‍ പോകുന്നത് ഇന്ത്യയിലെ ബി.പി.ഓ. സെന്ററുകളില്‍ പണിയെടുക്കുന്ന ഐ.ടി. വിദഗ്ധരും, തൊഴിലാളികളുമാണ്. ഇന്ത്യന്‍ ഐ.ടി., ബി.പി.ഒ. ജോലികളുടെ 60% വും അമേരിക്കന്‍ കമ്പനികളുടേതാണ്.. 10 ലക്ഷം ഐ.ടി. തൊഴിലാണ് ഇങ്ങനെ അറ്റലാന്റിക് സമുദ്രത്തിലേക്ക് ഒലിച്ചുപോകുകയെന്നാണ് നാസ്കോം പറയുന്നത്.

Anonymous said...

ഐ ടീ മേഖലയിലെ മുരടിപ്പിനെ പറ്റിയും പിരിച്ചു വിടലിനെ പറ്റിയും നമ്മള്‍ ഇത്റ ഉല്‍ക്കണ്ടപെടേണ്ടതുണ്ടോ? കാരണം റിയല്‍ എസ്റ്റേറ്റ്‌ ഇങ്ങിനെ കുത്തനെ വില കയറ്റിയത്‌ അവരാണു അതുപോലെ വലിയ കാറുകളും മറ്റും വാങ്ങിക്കൂട്ടി പിന്നെ ബാറുകളിലും വലിയ ഹോട്ടലുകളിലും ബിസിനസ്‌ കൂട്ടി പക്ഷെ ഇവരെക്കൊണ്ട്‌ സ്റ്റേറ്റിനു വലിയ ഗുണം ഒന്നും ഉണ്ടായിട്ടില്ല തൊഴില്‍ കരം പിരിക്കാന്‍ ടെക്നോപാറ്‍ക്കില്‍ ചെന്നവരെ കയറ്റാത്ത സംഭവം ഉണ്ടായിട്ടുണ്ട്‌ ഇന്ത്യന്‍ ഐ ടീ മേഖല പരിശോധിച്ചല്‍ ഇവിടെല്ലാം കുറെ ഡേറ്റ പ്റൊസസിംഗ്‌ മാത്രം ആണു നടക്കുന്നത്‌, ഇവിടെ എങ്ങും ഒരു പുതിയ പ്റോഡ്കറ്റും ഉണ്ടായിട്ടില്ല, ഒരു ബാങ്കിംഗ്‌ സോഫ്റ്റ്‌ വെയറ്‍ കൊണ്ട്‌ കഴിച്ചു കൂട്ടുന്നവരാണു മാക്സിമം, വെളിയില്‍ ഇങ്ങിനെ കുത്തിയിരുന്നു ഡേറ്റ പ്റോസസിംഗ്‌ ചെയ്യാന്‍ ക്ഷമ ആറ്‍ ക്കുമില്ല, നമ്മളെ ചെറുപ്പത്തിലെ അങ്ങിനെ ചിന്തിക്കാന്‍ പഠിപ്പിക്കാതെ മൂത്തവറ്‍ പറയുന്നത്‌ അനുസരിക്കാനും നേതാവു പറയുന്നത്‌ ചോദ്യം ചെയ്യാതെ അനുസരിക്കാനും ആണു അതുകൊണ്ട്‌ കുത്തിയിരുന്നു ഡാറ്റ ശരിയാക്കാന്‍ നമ്മള്‍ ക്കു നല്ല കഴിവാണു

ഒബാമ വെറും ഒരു അച്ചുതാനന്ദന്‍ ആണൂ എങ്ങിനെ ഭരിക്കണം എന്നു പുള്ളിക്കു ഇതുവരെ ഒരു പിടിയും കിട്ടിയിട്ടില്ല, ഡേറ്റ വര്‍ ക്കു ഇന്ത്യാക്കാര്‍ തന്നെ ചെയ്യും, ചിലപ്പോള്‍ പേരിനും വേണ്ടി കുറെ സായിപ്പന്‍മാരെ ഇന്‍ഫോസിസും മറ്റും നിയമിക്കും, ചിലപ്പോള്‍ ചില സെണ്റ്ററുകള്‍ അമേരിക്കയില്‍ തുടങ്ങും അത്റെ ഒക്കെയേ ഉള്ളു, എന്തായാലും ഇനി ലക്ഷങ്ങള്‍ ശമ്പളം ആറ്‍ക്കും കിട്ടാന്‍ പോകുന്നില്ല അതൊരു സോപ്പു കുമിള ആയിരുന്നു അതു പൊട്ടി, പക്ഷെ ഐ ടി ഫീല്‍ഡില്‍ ഉള്ളവരെല്ലം അപ്പറ്‍ മിഡില്‍ ക്ളാസാണു അവറ്‍ക്കു ഇതില്ലെന്‍ങ്കിലും ജീവിക്കാന്‍ വീട്ടില്‍ ഉണ്ട്‌,

ഐ ടീ വിപ്ളവത്തില്‍ കഷ്ടപ്പെടുന്നത്‌ മക്കളെ എഞ്ഞിനീയറിംഗ്‌ പഠിപ്പിച്ച മാതാപിതാക്കള്‍ ആണു അവറ്‍ക്കു വയസ്സുകാലത്ത്‌ ഈ വിദഗ്ധന്‍മാരെ കാണാന്‍ കഴിയുന്നില്ല, ടെക്നോ പാറ്‍ക്കില്‍ പോയവനൊന്നും തിരികെ അവണ്റ്റെ ഗ്രാമത്തില്‍ വരുന്നില്ല, വന്നാല്‍ തന്നെ വീട്ടില്‍ സ്വന്തം അപ്പനെ അമ്മയെ കാണുന്നില്ല കൂടെ ഒന്നു താമസിക്കുന്നില്ല

അപ്പനെയും അമ്മയേയും മറന്ന ഐ ടീ സന്തതികള്‍ക്കു അവരെ ചെന്നു ഒന്നു കാണാനും തങ്ങളുടെ ആഡംബരം എന്നും നിലനില്‍ക്കില്ല എന്ന ഒരു തിരിച്ചറിവ്‌ വരാനും ദൈവം നല്‍കിയ ഒരു അവസരമായി നമ്മള്‍ ഇതിനെ കണ്ടാല്‍ മതി ഈ മാന്ദ്യത്തില്‍ ആരും അമേരിക്കയില്‍ നിന്നും തിരികെ വന്നിട്ടില്ല അവിടെ തട്ടുകട നടത്തിയാലും ഇവിടെ വന്നു 'ജോലി പൊയി ഇപ്പോള്‍ നാട്ടില്‍ വന്നിരിക്കുകയാണു' എന്നൊരു പേരു കേള്‍പ്പിക്കാന്‍ ആര്‍ ക്കും ഇഷ്ടമില്ല മലയാളി ദുരഭിമാനി ആണല്ലോ

അമേരിക്കയില്‍ ഇരുളുമ്പോള്‍ ഇന്ത്യയില്‍ വെളുക്കും അതിനാല്‍ ബീ പീ ഓ സെക്ടറ്‍ ഇന്ത്യക്കറ്‍ തന്നെ നടത്തും ഇന്ത്യക്കാരുടെ ഇംഗ്ളീഷ്‌ സ്ഥിരോത്സാഹം കുത്തിയിരുന്നു പണി എടുക്കാനുള്ള കഴിവ്‌ എന്നിവ കാരണം നമ്മള്‍ മുന്നേറുക തന്നെ ചെയ്യും സായിപ്പ്‌ ബുധനാഴ്ച മാത്റമേ പണി എടുക്കാറുള്ളു വ്യാഴം വെള്ളി അവനു വീക്‌ എന്‍ഡ്‌ ആഘോഷിക്കാനുള്ള പ്ളാനിടീല്‍ തിങ്കള്‍ ചൊവ്വ വെക്കേഷണ്റ്റെ ഹാംഗ്‌ ഓവര്‍ ഇതൊന്നും പെട്ടെന്നു മാറാന്‍ പോകുന്നില്ല

മാന്‍ മോഹന്‍ സിംഗ്‌ ജീവിച്ചിരിക്കുമ്പോള്‍ ഇന്ത്യക്കാറ്‍ പേടിക്കുകയേ വേണ്ട പ്റകാശ്‌ കാരാട്ടിനെ പോലെ തലയില്‍ ആളുതാമസം ഇല്ലാത്ത ആളല്ല അദ്ദേഹം