Thursday, June 11, 2009

പ്രവേശനോല്‍സവം

കാലം 2050 ജൂണ്‍ 1.

സ്കൂള്‍ തുറക്കുന്നു.

ഇത് വിനോദ സഞ്ചാര വാരാഘോഷമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. തനത് സാധനങ്ങള്‍ മുഴുവന്‍ വില്‍പ്പനക്ക് എത്തി. കഥകളിത്തല, മത്തി-കപ്പക്കറി എന്നീ സ്റ്റാളുകളിലായിരുന്നു കൂടുതല്‍ തിരക്ക്. തീവ്രവാദ ഭീഷണി പ്രമാണിച്ച് സ്കൂളുകളില്‍ കനത്ത പട്ടാളസുരക്ഷ.

മണ്‍സൂണ്‍ ഗൃഹാതുരത്വം ഓര്‍മിപ്പിക്കാന്‍ എല്ലാ സ്കൂളിലും മഴയുടെ ചിത്രം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

കുട്ടികളുടെ മൊബൈലില്‍ ഒന്നാം ബെല്ല് മുഴങ്ങി. കരയാന്‍ തുടങ്ങിയ കുട്ടികളെ മാതാപിതാക്കള്‍ ആശ്വസിപ്പിച്ചു.

'കരയണ്ട മക്കളെ..മെസ്സേജയക്കാം...'

ഉടന്‍ മൈക്കില്‍ നിന്ന് അറിയിപ്പ് വന്നു

'പാരെന്റ്സിന്റെ ശ്രദ്ധക്ക്...പാരെന്റ്സ് സ്കൂള്‍ വിട്ടുപോവരുത്. അവര്‍ വിസിറ്റേഴ്സ് റൂമിലിരിക്കണം. അവിടെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടി വി സ്ഥാപിച്ചിട്ടുണ്ട്. ക്ളാസുകളുടെ തല്‍സമയ സംപ്രേക്ഷണം കാണാം. അതിനുശേഷം നിങ്ങളുടെ അഭിപ്രായം ഞങ്ങള്‍ക്ക് എസ് എം എസ് ചെയ്യണം. എസ് എം എസ് അയക്കാന്‍ മറക്കരുത്. നിങ്ങളുടെ കുട്ടികളുടേയും സ്കൂളിന്റേയും ഭാവി ഈ എസ് എം എസുകളിലാണ്. ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ കൃത്യമായി എസ് എം എസ് അയക്കൂ.'

മാതാപിതാക്കള്‍ വിസിറ്റേഴ്സ് റൂമില്‍ തിക്കിക്കൂടി. തിരക്ക് കൂടിയപ്പോള്‍ വീണ്ടും അറിയിപ്പു വന്നു.

'പാരെന്റ്സിനു തന്നിരിക്കുന്ന റാങ്ക് അനുസരിച്ച് അവരവരുടെ സീറ്റുകളില്‍ ഇരിക്കേണ്ടതാണ്.'

തല്‍സമയ സംപ്രേക്ഷണം തുടങ്ങി. ആദ്യം പരസ്യം.

'..യ്യോ...അവളുടെ ചര്‍മം നോക്കൂ..എന്ത് മൃദുലം.! എന്ത് മിനുമിനുപ്പ്...!'

'..ഹായ്..എന്തൊരു വാസന..സ്വര്‍ഗീയ ദേവതയോ മറ്റോ ആണോ..?'

'..യ്യോ..ഞാനോ....ഞാന്‍ വെറും കുമരകത്തുകാരി...'

'പിന്നെ ഈ സൌന്ദര്യത്തിന്റെ രഹസ്യം....?'

'..അതോ..ഞാന്‍ പതിവായി ഉപയോഗിക്കുന്നത് കരിങ്കൂവള്‍ സോപ്പാണ്.'

കരിങ്കൂവള്‍ സോപ്പ് ഉപയോഗിക്കൂ. കാലം കൊതിക്കുന്ന കാമുകിയാകൂ.. വരിക്കച്ചക്കയില്‍ നിന്നുണ്ടാക്കുന്ന പ്രകൃതിദത്തമായ ഏകസോപ്പ്.

ഇനി ഒരു ഇടവേള.

ഇടവേളയില്‍ ദേശീയ ഗാനം.

'ജയ് ഹോ..'

ക്ളാസ് തുടങ്ങി. ഡബ്ളിയു ഡബ്ളിയു ഡബ്ളിയു ടീച്ചര്‍ കോം ക്ളാസിലെത്തി. ഹാജര്‍ വിളിച്ചു.

'ഡബ്ളിയു ഡബ്ളിയു ഡബ്ളിയു വരദന്‍ കോം'

വരദന്‍ റിങ്ടോണ്‍ കേള്‍പ്പിച്ച് ഹാജര്‍ അറിയിച്ചു.

ടീച്ചര്‍ കോം നിര്‍ദേശിച്ചു.

'അവരവര്‍ക്ക് തന്ന റിങ് ടോണ്‍ മാത്രമേ ഉപയോഗിക്കാവൂ.'

'ഡബ്ളിയു ഡബ്ളിയു ഡബ്ളിയു കൃപ കോം'

'ടീച്ചറെ അവള്‍ വന്നിട്ടില്ല. അവള്‍ ടീച്ചറെ വിളിച്ചിരുന്നു. ടീച്ചര്‍ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയായിരുന്നു.'

ഹാജര്‍ കഴിഞ്ഞു.

ടീച്ചര്‍ കോം തുടങ്ങി.

'പഠിക്കാനുള്ളതെല്ലാം ഇന്നലെ ഇമെയില്‍ ചെയ്തിരുന്നു. അത് എല്ലാവര്‍ക്കും കിട്ടിയല്ലൊ?.

ഇനി ഒരു ഇടവേള.

ഇടവേളക്കു ശേഷം ഡബ്ളിയു ഡബ്ളിയു ഡബ്ളിയു ഹെഡ്‌മാസ്റ്റര്‍ കോം വിസിറ്റിന് വരും.

പരസ്യം.

"കുട്ടി ഒന്നും ഓര്‍ക്കാത്തതിന് എന്തിനാ അവനെ വഴക്ക് പറയുന്നേ.. മറ്റുള്ള കുട്ടികള്‍ക്ക് നല്ല ഓര്‍മശക്തിയുണ്ടെങ്കില്‍ അവര്‍ കഴിക്കുന്നതെന്താണെന്നും അറിയണ്ടേ...? അവര്‍ കഴിക്കുന്നത് ഹാലേലുയ്യാ മിഠായികളാണ്. ഹാലേലുയ്യ കഴിച്ചാല്‍ ഒന്നും മറക്കില്ല.

നിങ്ങളുടെ കുട്ടിക്കും കൊടുക്കൂ ഹാലേലുയ്യാ മിഠായികള്‍..

ഹാലേലുയ്യാ..ഹാലേലുയ്യാ..

ഹായ് ഹായ്..ഹാലേലുയ്യാ..''

ഇടവേള തീര്‍ന്നു.

ഹെഡ്‌മാസ്റ്റര്‍ കോം വന്നു.

കുട്ടികള്‍ എഴുന്നേറ്റ് നിന്ന് റിങ്ടോണ്‍ അയച്ചു. ഹെഡ്‌മാസ്റ്റര്‍ കോം സന്തോഷത്തോടെ മറ്റൊരു റിങ്ടോണ്‍ അയച്ചു.

ഹെഡ്‌മാസ്റ്റര്‍ കോം തുടങ്ങി.

'ഇന്നത്തെ കുട്ടികളാണ് നാളത്തെ ഡോട് കോമുകള്‍ എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. നമ്മുടെ രാജ്യത്തിന്റെ ഭാവിയുടെ ഡോട് കോമുകള്‍ നിങ്ങളുടെ കയ്യിലാണ്. രാജ്യത്തിന് അഭിമാനിക്കാവുന്ന ഡോട്കോമുകളായി നിങ്ങള്‍ മാറണം. ഈ സ്കൂളില്‍ നിന്ന് പഠിച്ച് ലോകപ്രശസ്തരായ നിരവധി ഡോട്കോമുകള്‍ ഉണ്ട്. അവരുടെയെല്ലാം ഇമെയില്‍ ഐഡി പറയാന്‍ തന്നെ രണ്ടു പിരീഡ് വേണ്ടിവരും.

എന്റെ പ്രസംഗം ഷട്ഡൌണ്‍ ചെയ്യുന്നതിനു മുമ്പ് എനിക്ക് പറയാനുള്ളത് അവരെപ്പോലെ നിങ്ങളും നല്ല ഡോട് കോമുകളായി മാറണം എന്നാണ്. പിന്നെ ഒരു കാര്യം കൂടി. ഉച്ചക്കഞ്ഞി ആവശ്യമുള്ളവര്‍ അവരുടെ മൊബൈല്‍ നമ്പറുകള്‍ ഓഫീസില്‍ തരണം.'

ഇടവേള. പരസ്യം.

'ഓഫീസിലിരുന്നാടോ ചുമയ്ക്കുന്നത്.?'

'ചുമയ്ക്കറിയില്ലല്ലോ സാറെ ഞാനിപ്പോള്‍ ഓഫീസിലാണെന്ന്.'

ചുമ നിങ്ങള്‍ക്ക് അപമാനമാകുന്നുണ്ടോ?. ഉപയോഗിക്കൂ വണക്കം പ്ളാസ്റ്ററുകള്‍..ചുമയെ പിടിച്ചുകെട്ടൂ.. വിട്ടുമാറാത്ത ചുമക്ക് വിടാത്ത പശയുള്ള ഏക പ്ളാസ്റ്റര്‍. വണക്കം പ്ളാസ്റ്ററുകള്‍...ജീവിക്കൂ, അന്തസ്സോടെ''

സംപ്രേക്ഷണം തുടങ്ങി.

സ്ക്രീനില്‍ തെളിഞ്ഞത് സ്റ്റാഫ് റൂമാണ്.

"നന്ദനമ്മാഷേ ഒരു സംശയം. എബ്രഹാം ലിങ്കണ്‍ എന്നൊരാളുണ്ടായിരുന്നോ്?''

"രാധട്ടീച്ചറേ ഒന്നാ..!. അങ്ങനെയെത്രണ്ണം..''

"ഞാന്‍ സദാനന്ദമ്മാഷിനോടല്ല ചോദിച്ചേ..ണ്ടോ നന്ദനമ്മാഷേ..ങ്ങനൊരാള്‍..''

" ടീച്ചറേത് ലിങ്കന്റെ കാര്യാ ഈ പറയണെ..?''

" ഞാന്‍ ആളെ കണ്ടിട്ടൊന്നൂല്ല മാഷേ..ങ്ങനെ കൃത്യായിട്ട് പറയാന്‍.. പുള്ളി ആള് വല്യ ഫെയ്മസാ..'

" ഓ!. ആ എബ്രഹാം ലിങ്കണ്‍..! അത് വല്യ ആളാ..പ്രസിഡന്റാ..'

" ഏത് പഞ്ചായത്തിന്റ്യാ..മാഷേ..?''

" അമേരിക്കേടെയാ..ടീച്ചറേ..''

" അങ്ങനെയൊരു പഞ്ചായത്തൊണ്ടൊ മാഷേ..?''

"ഓ..ഈ രാധട്ടീച്ചറുടെ കാര്യം. അതൊരു രാജ്യോല്ലെ..''

"ഞാനെന്തിനാ മാഷേ ഇതൊക്കെയറിയണേ ..ഞാന്‍ ബയോളജിയല്ലെ. ബയോളജിക്കെന്ത് അമേരിക്കേം ആസ്ത്രേല്യേം. ഞങ്ങക്കെല്ലാം ഒരുപോല്യാ. ...എന്നട്ട് പുള്ളീപ്പോ ണ്ടോ മാഷേ?''

"ഏയ് മരിച്ച് പോയി..''

"എങ്ങനെ..?''

"വെടികൊണ്ടതാണ്‍ന്നാ എല്ലാവരും പറയണെ..''

"ശ്യോ..കഷ്ടായിട്ടോ...ന്തിനാ മാഷേ വെടികൊണ്ടേ..?''" എന്ത് പറയാനാ ടീച്ചറേ..ത്രേക്കൊള്ളു മനുഷ്യന്റെ കാര്യം. എപ്പ്ളാ.. എന്താന്നൊക്കെ ആര്‍ക്കാ പറയാന്‍ കഴിയ്യാ..?''

സംഗതി ഇത്രക്ക് എത്തിയപ്പോഴേക്കും സ്ക്രീനില്‍ ക്ഷമാപണം തെളിഞ്ഞു.

"ചില സാങ്കേതിക തകരാറുകള്‍ മൂലം മറ്റ് ചില ദൃശ്യങ്ങള്‍ കയറിവന്നതില്‍ ഖേദിക്കുന്നു''

കാണികള്‍ നിരാശരായി.

ഇടവേള. ഈ പരിപാടി നിങ്ങള്‍ക്കായി അവതരിപ്പിച്ചത് കൃഷ്ണശില വാഷിംഗ്മെഷീന്‍.

"സ്കൂള്‍ തുറന്നില്ലേ..യൂണിഫോമുകള്‍ അലക്കണ്ടേ..കളിച്ചും പൊടിയിലുരുണ്ടും വരുന്ന കുട്ടികളുടെ ഡ്രെസ് കണ്ടാല്‍ ആര്‍ക്കാ ദേഷ്യം വരാത്തത്?.

ദേഷ്യം വരാതിരിക്കാനാണല്ലൊ കൃഷ്ണശില വാഷിംഗ്മെഷീനുകള്‍.വെണ്‍മയുടെ ഉമ്മ. അതാണ് കൃഷ്ണശില.''

ഇനി മലയാളം ക്ളാസ്. ഡബ്ളിയു ഡബ്ളിയു ഡബ്ളിയു മലയാളം ഡോട് കോം ക്ളാസിലെത്തി. ഡോട് കോം തുടങ്ങി.

"നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളമെന്ന സ്റ്റേറ്റില്‍ ഉപയോഗിച്ചിരുന്ന ലാങ്ഗേജ് ആണ് ഇത്. വളരെ അണ്‍സിവിലൈസ്ഡ് ആയ പീപ്പിള്‍ ആണ് ഇത് ഉപയോഗിച്ചിരുന്നത്. ഒട്ടും ഡെവലെപ്മെന്റ്സില്ലാത്ത ഈ ലാങ്ഗേജ് ഡെഡായിപ്പോയി. എങ്കിലും ഇതിനെ റിവൈവ് ചെയ്യാനുള്ള എഫര്‍ട് നടക്കുന്നുണ്ട്. അതിന്റെ ബെയ്സിലാണ് ഈ ലാങ്ഗേജ് ടീച്ച് ചെയ്യാന്‍ ഡിസൈഡ് ചെയ്തത്.

സ്റ്റോറി ടെല്ലിങ്ങിലൂടെ ഈ ഭാഷ എളുപ്പം സ്റ്റഡി ചെയ്യാം. അതുകൊണ്ട് ഞാനിന്ന് ആദ്യമായി ഒരു സ്റ്റോറി പറയാം.

വണ്‍സ് അപ്പോണ്‍ എ ടൈം ഡബ്ളിയു ഡബ്ളിയു ഡബ്ളിയു മണ്ണാങ്കട്ട ഡോട് കോമും ഡബ്ളിയു ഡബ്ളിയു ഡബ്ളിയു കരിയില ഡോട് കോമും കൂടി കാശിക്ക് ടൂര്‍ പോയി. ആവശ്യത്തിനുള്ള പാസ്വേഡ് എടുത്താണ് രണ്ടുപേരും പോയത്. അവരങ്ങനെ എന്‍ജോയ് ചെയ്ത് പോകുമ്പോള്‍ പെട്ടെന്ന് വിന്റ് വന്നു. കരിയില ഡോട് കോം പേടിച്ചു. പക്ഷേ മണ്ണാങ്കട്ട ഡോട് കോം പറഞ്ഞു- ഡോണ്‍ട് വറി. ഐ വില്‍ മാനേജ്. അങ്ങനെ പറഞ്ഞ് മണ്ണാങ്കട്ട കരിയിലയുടെ പുറത്തിരുന്നു. കരിയില രക്ഷപ്പെട്ടു. വിന്റ് പോയപ്പോള്‍ രണ്ടുപേരും യാത്ര തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ദാ വരുന്നു റെയ്ന്‍. ഇത്തവണ മണ്ണാങ്കട്ട ഡോട് കോം പേടിച്ചു. അപ്പോള്‍ കരിയില ഡോട് കോം പറഞ്ഞു-ഡോണ്‍ട് വറി. ഐ വില്‍ മാനേജ്. കരിയല ഡോട് കോം മണ്ണാങ്കട്ട ഡോട് കോമിന്റെ പുറത്തിരുന്നു. മണ്ണാങ്കട്ട ഡോട് കോം രക്ഷപ്പെട്ടു. റെയ്ന്‍ മാറി അറ്റ്മോസ്ഫിയര്‍ ക്ളിയറായപ്പോള്‍ ഇരുവരും വീണ്ടും യാത്ര തുടര്‍ന്നു. അപ്പോഴാണ് വിന്റും റെയ്നും കൂടി വന്നത്.

രണ്ടുപേരും ശരിക്കും പേടിച്ചു. പെട്ടെന്ന് ഇമെയില്‍ അയക്കാന്‍ തീരുമാനിച്ചു. ബാഗ് തുറന്നപ്പോള്‍ ഞെട്ടിപ്പോയി. ലാപ് ടോപ് എടുത്തിട്ടില്ല. കാറ്റ് ശക്തമായതോടെ കരിയില ഡോട് കോം പറന്നും മഴ ശക്തമായതോടെ മണ്ണാങ്കട്ട ഡോട് കോം ഒലിച്ചും പോയി.

ഇതില്‍ നിന്ന് ഡോട് കോമുകളെ നിങ്ങള്‍ എന്തു പാഠമാണ് പഠിക്കേണ്ടത്?

എവിടെപ്പോയാലും ലാപ്ടോപ് എടുക്കാന്‍ മറക്കരുത്. ലാപ്ടോപ് ഉണ്ടായിരുന്നെങ്കില്‍ അവര്‍ രക്ഷപ്പെടുമായിരുന്നില്ലേ?'

ഡോട് കോമുകള്‍ തലയാട്ടി.

അതോടെ കളി ലഞ്ചിനു പിരിഞ്ഞു.

*
എം.എം.പൌലോസ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കാലം 2050 ജൂണ്‍ 1.

സ്കൂള്‍ തുറക്കുന്നു.

ഇത് വിനോദ സഞ്ചാര വാരാഘോഷമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. തനത് സാധനങ്ങള്‍ മുഴുവന്‍ വില്‍പ്പനക്ക് എത്തി. കഥകളിത്തല, മത്തി-കപ്പക്കറി എന്നീ സ്റ്റാളുകളിലായിരുന്നു കൂടുതല്‍ തിരക്ക്. തീവ്രവാദ ഭീഷണി പ്രമാണിച്ച് സ്കൂളുകളില്‍ കനത്ത പട്ടാളസുരക്ഷ.

മണ്‍സൂണ്‍ ഗൃഹാതുരത്വം ഓര്‍മിപ്പിക്കാന്‍ എല്ലാ സ്കൂളിലും മഴയുടെ ചിത്രം സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു.

കുട്ടികളുടെ മൊബൈലില്‍ ഒന്നാം ബെല്ല് മുഴങ്ങി. കരയാന്‍ തുടങ്ങിയ കുട്ടികളെ മാതാപിതാക്കള്‍ ആശ്വസിപ്പിച്ചു.

'കരയണ്ട മക്കളെ..മെസ്സേജയക്കാം...'

Baiju Elikkattoor said...

chiriyiloode karayan thonnoo.....!!