ജനലക്ഷങ്ങളുടെ ജീവിതം ദുഃസഹമാക്കും വിധം ഭീകരമായ ഒരു മാന്ദ്യം ലോകമാകെ വീശിയടിക്കുകയാണ്. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന്റെയും, ഉപഭോക്തൃ ചിലവില്‍ കുറവ് വരുന്നതിന്റെയും, ഓഹരിചന്തയുടെ താഴേക്കുള്ള ഇറക്കത്തിന്റെയും വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. എല്ലാ തരം വിശദീകരണങ്ങളും പ്രതിവിധികളും നിര്‍ദ്ദേശിക്കപ്പെടുന്നു. അത്യാര്‍ത്തിയാണ് ഇതിനൊക്കെ കാരണമെന്ന് ചിലര്‍ പറയുന്നു. സബ് പ്രൈം വായ്പ, ഹെഡ്ജ് ഫണ്ട്, ഡെറിവേറ്റീവ്, സാമ്പത്തിക സമീപനം, പലിശനിരക്ക്, എന്നിവയൊക്കെ മറ്റുചിലര്‍ കാരണമായി ചൂണ്ടികാണിക്കുന്നു. ഇവയൊക്കെ ഉപരിപ്ലവമായ വിശദീകരണമായാണ് എനിക്ക് തോന്നുന്നത്.
സാമ്പത്തിക മാന്ദ്യം കാര്‍ഷിക സമ്പദ്ഘടനയുടേതല്ല: വ്യവസായസമ്പദ്ഘടനയുടെ പ്രത്യേകതയാണ്. കാര്‍ഷിക സമ്പദ്ഘടനയിലും ഇത്തരം അത്യാഹിതങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അവയെല്ലാം വരള്‍ച്ച, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം വ്യവസായ സമ്പദ്ഘടനയ്ക്ക് ബാധകമായ പ്രത്യേകത തന്നെയാണ്.
18-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ കാലം മുതല്‍ ഓരോ എട്ടോ പത്തോ വര്‍ഷത്തില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ട്. താമസംവിനാ അത് മറികടക്കാനുമായിട്ടുണ്ട്. ഇതിനൊരപവാദം 1929 മുതല്‍ 1939 വരെ നീണ്ടു നിന്ന മഹാ മാന്ദ്യമാണ്. അന്‍പത് ദശലക്ഷം പേരുടെ ജീവനൊടുക്കിയ രണ്ടാം ലോകമഹായുദ്ധത്തോടെ അതവസാനിച്ചു. യുദ്ധോപകരണങ്ങള്‍ക്കും പട്ടാളത്തിനും യുദ്ധത്തിന്റെ കെടുതി ബാധിച്ച ജനങ്ങള്‍ക്കും വിഭവങ്ങളെത്തിക്കാനും പുനര്‍നിര്‍മ്മാണത്തിനു വേണ്ട മൂലധനത്തിനുമുള്ള ഡിമാന്റ് യുദ്ധം സൃഷ്ടിക്കുകയും ചെയ്തു. ഇപ്പോഴത്തേത് രണ്ടാം മഹാമാന്ദ്യമാണ്. അതിന്റെ തീവ്രത 1929നേക്കാള്‍ ഏറെ ആഴത്തിലുള്ളതാണ്. 1929ലെ മാന്ദ്യം പ്രധാനമായും ബാധിച്ചത് അമേരിക്കയെയും യൂറോപ്പിനേയും ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ മാന്ദ്യം ലോകത്തെ ആകെ ബാധിച്ചിരിക്കുന്നു.
സാന്ദര്‍ഭികമായ മറ്റു പല കാരണങ്ങളുമുണ്ടാകാമെങ്കിലും ഇപ്പോഴത്തെ മാന്ദ്യത്തിന് മുഖ്യകാരണം ജനങ്ങളുടെ വാങ്ങല്‍ കഴിവ് കുറഞ്ഞതിന്റെ ഭാഗമായി കച്ചവടത്തില്‍ വന്ന ഇടിവാണ്. ലോകജനസംഖ്യയിലെ ഗണ്യമായ വിഭാഗം വാങ്ങല്‍ശേഷി തീരെയില്ലാത്ത പാവപ്പെട്ടവരാണ്. വികസിത രാജ്യങ്ങളില്‍ പോലും ധാരാളം പേര്‍ പാവപ്പെട്ടവരാണ്.
വ്യാവസായിക സമ്പദ്ഘടനയുടെ വികാസത്തിനൊപ്പം വ്യവസായത്തിന് കൂടുതല്‍ മൂലധനാധിഷ്ഠിതമായ വന്‍ വ്യവസായങ്ങളായി മാറേണ്ടിവരും. മാര്‍ക്കറ്റിലെ മത്സരം നേരിടുന്നതിന് അവയ്ക്ക് അങ്ങനെ ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ വിലകുറച്ചുവില്‍ക്കുന്ന എതിരാളികള്‍ അവരെ മാര്‍ക്കറ്റില്‍ നിന്നു പുറത്താക്കും. അനിവാര്യമായ ഈ പ്രക്രിയ, മിക്ക വ്യവസായങ്ങളിലും വന്‍ തോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിക്കും. പ്രത്യേകിച്ചും തൊഴിലധിഷ്ഠിത വ്യവസായങ്ങള്‍ മൂലധനാധിഷ്ഠിത വ്യവസായങ്ങളായി മാറുമ്പോള്‍ ധാരാളം തൊഴിലാളികള്‍ തൊഴിലില്‍ നിന്ന് പുറത്താകും.
തൊഴിലാളി ഉല്പാദകനാണ് : ഒപ്പം ഉപഭോക്താവുമാണ്. സ്റ്റീല്‍ ഫാക്ടറിയിലെ തൊഴിലാളി സ്റ്റീലിന്റെ ഉപഭോക്താവല്ല, എന്നാല്‍ അയാളും അയാളുടെ കുടുംബവും ഭക്ഷണം, വസ്ത്രം, പാദരക്ഷ മുതലായവയുടെ ഉപഭോക്താവാണ്. തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ അയാളുടെ വാങ്ങല്‍ ശേഷിയിലും വന്‍ ഇടിവുണ്ടാകുന്നു. തൊഴിലില്ലായ്മ രൂക്ഷമാകുമ്പോള്‍ (വ്യവസായങ്ങള്‍ കൂടുതല്‍ കൂടുതല്‍ മൂലധനാധിഷ്ഠിതമാകുന്ന മുറയ്ക്ക്) അതിനനുസൃതമായി കമ്പോളം ചുരുങ്ങുന്നു. ഉല്‍പാദനം വര്‍ദ്ധിക്കുമ്പോള്‍ വില്‍പന കുറയുന്നു. അത് മാന്ദ്യത്തിലേക്ക് നയിക്കുന്നു.
അതായത്, നിയന്ത്രണമില്ലാത്ത വ്യവസായ സമ്പദ്ഘടന അനിവാര്യമായും അതിന്റെ വളര്‍ച്ചക്കൊപ്പം അതിന്റെ തന്നെ കമ്പോളത്തെ നശിപ്പിക്കുക കൂടി ചെയ്യുന്നു. ഉല്‍പാദിപ്പിച്ച സാധനങ്ങള്‍ വില്‍ക്കേണ്ടതുണ്ട്, എന്നാല്‍ തൊഴിലില്‍ നിന്നു പുറത്തായി വാങ്ങല്‍ശേഷി നഷ്ടമായ ജനങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ എങ്ങിനെയാണ് വില്‍ക്കാന്‍ കഴിയുക?
വന്‍കിട ഉല്‍പാദനത്തിനൊപ്പം വന്‍കിട ഉപഭോഗവും നടക്കേണ്ടതുണ്ട്. ജനങ്ങളുടെ വാങ്ങല്‍ കഴിവ് എടുത്തുകളയുന്നതിലൂടെ വ്യവസായികള്‍ അവരുടെ ഉല്‍പ്പന്നത്തിന്റെ ഡിമാന്റ് സ്വയം ഇല്ലാതാക്കുന്നു. അതോടെപ്പം പുതിയ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുള്ള മൂലധനം ശേഖരിക്കാനും വീണ്ടും തൊഴില്‍ നല്‍കാനുമുള്ള സാധ്യതയും ഇല്ലാതാകുന്നു. അങ്ങനെ ഉല്‍പാദന കഴിവ് വര്‍ദ്ധിക്കുന്നതിനൊപ്പം ഡിമാന്റ് ചുരുങ്ങുകയും ഈ സംവിധാനം സ്വയം നശിക്കുകയും ചെയ്യുന്നു.
മഹാമാന്ദ്യത്തിനു മുന്‍പ് പണയം തുടങ്ങിയുള്ള വിവിധ കടപ്പെടുത്തല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വന്‍ തോതില്‍ തൊഴില്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോഴും അതു തന്നെയാണ് നടന്നത്. പക്ഷേ ഈ രീതി അനന്തമായി തുടരാന്‍ കഴിയില്ല. തൊഴില്‍ നഷ്ടപ്പെടുമ്പോള്‍, യഥാര്‍ത്ഥ വേതനം വെട്ടിക്കുറക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് കടം തിരിച്ചടക്കാന്‍ കഴിയാതെവരും. കടക്കാര്‍ അപ്പോള്‍ അവരുടെ ഉപഭോഗം വെട്ടിക്കുറക്കും. അത് ഡിമാന്റ് ചുരുക്കും. ഉല്‍പാദനം വെട്ടിചുരുക്കേണ്ടിവരും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടിവരികയും ചെയ്യും.
ആധുനിക സമ്പദ്സ്ഥിതിയില്‍ മിക്ക ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും അവരുടെ സാധാരണപ്രവര്‍ത്തനത്തിന് വായ്പ വേണ്ടി വരും. ബാങ്കുകള്‍ അവരുടെ നിക്ഷേപത്തിന്റെ ഒരു ചെറിയ ഭാഗം(അഞ്ച് ശതമാനമോ അതില്‍ കുറവോ) കൈവശം വെച്ച് ബാക്കി വായ്പയായി നല്‍കുന്നു. വായ്പ എടുത്തവരില്‍ നിന്ന് തിരിച്ചടവില്ലാതെ ബാങ്കിങ്ങ് മേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമ്പോള്‍ സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കാന്‍ തടസ്സം നേരിടുന്നു. അപ്പോള്‍ അവ ഉല്‍പാദനം വെട്ടിച്ചുരുക്കി തൊഴിലാളികളെ ലേ ഓഫ് ചെയ്യുന്നു. അവയ്ക്ക് അപ്പോള്‍ അസംസ്കൃതവസ്തുക്കളും മറ്റു സാധനങ്ങളും കുറച്ചേ വേണ്ടതുള്ളൂ. അപ്പോള്‍ അവ വിതരണം ചെയ്യുന്നവര്‍ അവരുടെ ഉല്‍പ്പാദനവും കുറയ്ക്കും, തൊഴിലാളികളെ ലേ ഓഫ് ചെയ്യും. ഈ വിതരണക്കാരന്റെ വിതരണക്കാരനും ഇതുതന്നെ ചെയ്യും. ഇത് ഒരു ചങ്ങലയായി അങ്ങനെ തുടരും (സാമ്പത്തിക ശാസ്ത്രത്തില്‍ മള്‍ട്ടിപ്ലയര്‍ ഇഫക്ട് എന്ന് ഇത് അറിയപ്പെടുന്നു)
ഉല്‍പാദകര്‍ക്ക് വില്‍ക്കാന്‍ കഴിയില്ലെങ്കില്‍ വായ്പ തിരിച്ചടയ്ക്കാന്‍ കഴിയുന്ന അളവില്‍ വരുമാനം ലഭിക്കാതെ വരും. ബിസിനസ്സ് തകരും. ബാങ്കുകള്‍ നല്‍കിയ വായ്പ കിട്ടാക്കടമായി മാറും. അതിനാല്‍ ബാങ്കുകള്‍ അധികം വായ്പ നല്‍കില്ല. ഇത് ഒരു ദൂഷിത വലയമായിമാറും. ചില ബാങ്കുകള്‍ തകരുന്നതോടെ നിക്ഷേപകര്‍ പരിഭ്രാന്തരാകും. അവര്‍ അവരുടെ പണം പിന്‍വലിക്കും. അതോടെ കൂടുതല്‍ ബാങ്കുകള്‍ തകര്‍ച്ചയിലെത്തും.
നിയന്ത്രണാതീതമായ വളര്‍ച്ച ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ജനങ്ങളുടെ ക്രയശേഷി ചുരുങ്ങുന്നു. ഇങ്ങനെ സാമ്പത്തിക മാന്ദ്യത്തിലെത്തുന്നു. ഉല്‍പാദന കഴിവ് വന്‍തോതില്‍ വളര്‍ത്തുമ്പോള്‍ ഭൂരിപക്ഷം ജനങ്ങളും ഉല്‍പ്പന്നം വാങ്ങാന്‍ കഴിയാത്തവിധം ദരിദ്രരായി മാറുന്നു.
അപ്പോള്‍ യഥാര്‍ത്ഥ പ്രശ്നം ഉല്‍പാദന വര്‍ദ്ധനവുമായി ബന്ധപ്പെട്ടതല്ല : ജനങ്ങളുടെ വാങ്ങല്‍ ശേഷി എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതാണ്. ഉല്‍പാദനം അനേകം മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍കഴിയും. നമുക്ക് പതിനായിരക്കണക്കിന് എഞ്ചിനിയര്‍മാരും ടെക്നീഷ്യന്മാരും എല്ലാമുണ്ട്. അസംസ്കൃത വസ്തുക്കളുടെ വന്‍ ശേഖരവുമുണ്ട്. എന്നാല്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍കഴിയണം. ജനങ്ങള്‍ കൂടുതല്‍ ദരിദ്രരായി തൊഴിലില്ലാതെ തീരെ വാങ്ങല്‍ശേഷിയില്ലാത്ത അവസ്ഥയിലെത്തിയാല്‍ എങ്ങനെയാണവ വില്‍ക്കാന്‍ കഴിയുക?
പ്രശ്നം ഡിമാന്റ് എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നതുമല്ല. ഡിമാന്റ് ഉണ്ട്. പക്ഷേ വാങ്ങാന്‍ ജനങ്ങളുടെ കൈവശം പണമില്ല. ഉദാഹരണത്തിന് ഇന്ത്യയിലെ ജനങ്ങളില്‍ എഴുപത് ശതമാനത്തിന് ദിവസവരുമാനം 20 രൂപയാണ്. മറ്റു സാധനങ്ങള്‍ വാങ്ങുന്നത് പോകട്ടെ; അവശ്യവസ്തുക്കളായ ഭക്ഷണവും മരുന്നും വാങ്ങാന്‍ പോലും ഇതു തികയില്ല.
ജനങ്ങളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്തിക്കൊണ്ടു മാത്രമേ സാമ്പത്തികക്കുഴപ്പത്തിന് പരിഹാരം കാണാന്‍കഴിയൂ. അതിന് ധാരാളം ചിന്തയും ചര്‍ച്ചയുമൊക്കെ വേണ്ടതുണ്ട്. ഇന്ത്യയും ലോകവും അഭിമുഖീകരിക്കുന്ന ഈ പ്രശ്നം ചിന്തകരുടെ ഗൌരവതരമായ ചര്‍ച്ചക്ക് വിഷയീഭവിക്കേണ്ടതാണ്.
നികുതികള്‍ കാര്യമായി വെട്ടിക്കുറക്കുന്നത് സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള വരുമാനമുണ്ടാക്കാനാണ് നികുതികള്‍ ചുമത്തുന്നത്. നികുതിനിരക്കു കുറച്ചാല്‍ സാധനങ്ങളുടെ വില കുറയുകയും ജനങ്ങള്‍ക്ക് കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുകയും ചെയ്യും. അതായത് നികുതി കുറയ്ക്കുന്നതിലൂടെ വാങ്ങല്‍ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നു. ഇത് കുഴപ്പം പരിഹരിക്കാന്‍ സ്വീകരിക്കാവുന്ന പ്രധാന മാര്‍ഗമാണ്.
സര്‍ക്കാരിന് തീര്‍ച്ചയായും നികുതി വരുമാനം വേണം. എന്നാല്‍ ഈ വരുമാനം വേണ്ടതില്‍ കൂടുതല്‍ പാടില്ല. അഴിമതി, കെടുകാര്യസ്ഥത തുടങ്ങി പല വഴികളിലൂടെ ധാരാളം പെതുപണം പാഴായി പോകുന്നുണ്ട്. അതുമൂലം സര്‍ക്കാര്‍ ചിലവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നു. പൊതുപണത്തിന്റെ പാഴ്‌ചിലവ് അവസാനിപ്പിക്കണം. അതിന് അഴിമതിയും കെടുകാര്യസ്ഥതയും മറ്റും ഇല്ലാതാവണം. പൊതുപണത്തിന്റെ കണക്കുകള്‍ കൃത്യമായി പരിപാലിക്കേണ്ടതാണ്. വിദഗ്ധന്മാരും പൊതുജനങ്ങളാകെയും ശ്രദ്ധാപൂര്‍വ്വം ഇതില്‍ ഇടപെട്ടേതീരൂ.
വന്‍ തോതിലുള്ള ദാരിദ്ര്യവും വരുമാനത്തിലെ അന്തരവുമുള്ള ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഇപ്പോഴുള്ള നികുതിനിരക്കുകള്‍ നീതി യുക്തമോ ന്യായീകരിക്കത്തക്കതോ അല്ല. അഞ്ചുലക്ഷത്തിന്മേല്‍ വരുമാനമുള്ള എല്ലാവര്‍ക്കും പരമാവധി 30% എന്ന നിരക്ക് പുനരാലോചിക്കേണ്ടതുണ്ട്. പ്രതി വര്‍ഷം 5ലക്ഷം വരുമാനമുള്ളയാളും 100കോടി വരുമാനമുള്ളയാളും ഒരോ നിരക്കില്‍ നികുതിനല്‍ക്കണമെന്നത് അസംബന്ധമാണ്.
ഇതിനെല്ലാം ഉപരി ഇപ്പോള്‍ ധനകമ്പോളത്തില്‍ കളിക്കുന്നവര്‍ക്ക് ലഭിക്കുന്ന ദീര്‍ഘകാല മൂലധന നേട്ടത്തിനോ അവര്‍ക്ക് കിട്ടുന്ന ഡിവിഡന്റിനോ നികുതി നല്‍കേണ്ടതില്ല. ഒരു പക്ഷേ ലോകത്ത് ഏറ്റവുമധികം നികുതി കുറവുള്ള ധന കമ്പോളം ഇന്ത്യയുടേതായിരിക്കും . ഹൃസ്വകാല നേട്ടത്തിന്റെ കാര്യത്തിലും (മൌറീഷ്യസ്സ് വഴിയും മറ്റും) നികുതി ഒഴിവുകള്‍ നല്‍കാനുള്ള കുല്‍സിത മാര്‍ഗങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പത്തും സ്വാധീനവുമുള്ള ആളുകള്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ട ഇത്തരം നിയമങ്ങളും വ്യവസ്ഥകളും മൂലം വരുമാനത്തിലെ അന്തരവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. കോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും മിഡില്‍ക്ളാസ്സ് വിഭാഗങ്ങളില്‍പ്പെട്ടവര്‍പോലും വിലകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രണ്ടറ്റവും മുട്ടിക്കാന്‍ കഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഇത് വ്യാപകമായ സാമൂഹ്യ കുഴപ്പങ്ങളിലേക്കും പൊട്ടിത്തെറിയിലേക്കും നയിച്ചേക്കാം. സാധാരണക്കാരായ ഗണ്യമായ വിഭാഗം ജനങ്ങളോടുള്ള ഈ അനീതി ദീര്‍ഘകാലം തുടരാന്‍ കഴിയില്ല.
എല്ലാ പൌരന്മാര്‍ക്കും ന്യായമായ പ്രതിഫലത്തോടെ തൊഴില്‍ ചെയ്യാനും, തൊഴില്‍ ഇല്ലാത്തവര്‍ക്ക് ജീവിത മാര്‍ഗ്ഗം ലഭ്യമാക്കാനുമുള്ള സംവിധാനം ഉറപ്പുവരുത്താന്‍ സമൂഹത്തിന് കഴിയേണ്ടതാണ്.
“ അസമത്വത്തെക്കുറിച്ചുള്ള സംവാദ” (Discourse on inequality)ത്തില്‍ മഹാനായ ഫ്രഞ്ച് ചിന്തകന്‍ ജീന്‍ ജാക്സ് റൂസോ ഇങ്ങനെ നിരീക്ഷിക്കുന്നു.
“ഏതു തരത്തില്‍ നാം അതിനെ വ്യാഖ്യാനിച്ചാലും ശരി, ജീവിതാവശ്യങ്ങള്‍ നിറവേറ്റാനാകാതെ ബഹുഃശതം ജനങ്ങള്‍ പട്ടിണിയില്‍ ഉഴലുമ്പോള്‍ അംഗുലീപരിമിതരായ ഒരു കൂട്ടം ആള്‍ക്കാര്‍ എല്ലാ ആര്‍ഭാടങ്ങളിലും തിമിര്‍ത്താടുന്നത് പ്രകൃതിയുടെ എല്ലാ നിയമങ്ങള്‍ക്കും വിരുദ്ധമാണ്”.
മഹാരാഷ്ട്രയില്‍ ലക്ഷകണക്കിനു കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ഇപ്പോഴും ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വ്യവസായി തനിക്കു താമസിക്കാന്‍ 40 നില കെട്ടിടം പണിയുന്നു എന്നാണ് വാര്‍ത്ത. ഇത് ദീര്‍ഘകാലം തുടരാന്‍ കഴിയില്ല. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ജനങ്ങള്‍ നേരിടുന്ന ഭീകരമായ ഈ സ്ഥിതിവിശേഷം അധികം പേരും നിശ്ശബ്ദരായി നോക്കിനില്‍ക്കുകയാണ്. തുറന്നു സംസാരിക്കുന്നവരിലധികവും ഈ വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് അവിടെ ഇടങ്കോലിട്ട് കുഴപ്പമുണ്ടാക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. ഇത്തരം തടസ്സങ്ങള്‍ അതിജീവിച്ച് ശബ്ദമുയര്‍ത്താന്‍ ദേശാഭിമാനികളായ ബുദ്ധിജീവികള്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. അവരെല്ലാം സാമ്പത്തികശാസ്ത്രം പഠിക്കണം. ആഡം സ്മിത്ത്, റിക്കാര്‍, മാര്‍ക്സ്, കെയിന്‍സ് തുടങ്ങിയവരുടെ പുസ്തകങ്ങള്‍ വായിക്കണം. അതിന് കഴിയില്ലെങ്കില്‍ അവരുടെ പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണങ്ങളെങ്കിലും ഹൃദിസ്ഥമാക്കണം. എന്താണ് സാമ്പത്തിക കുഴപ്പമെന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കാനും അതിന് പ്രതിവിധി നിര്‍ദ്ദേശിക്കാനും അതവരെ സഹായിക്കും
*
(Global Economic Scenerio - Role of Tax Professionals എന്ന വിഷയത്തില്‍ 2009 മാര്‍ച്ച് 7ന് വാരണാസിയില്‍ നാഷ്ണല്‍ ടാക്സ് കോണ്‍ഫറന്‍സില്‍ ബഹു : സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കാട്ജു നടത്തിയ പ്രസംഗത്തെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം)
Subscribe to:
Post Comments (Atom)
3 comments:
ജനലക്ഷങ്ങളുടെ ജീവിതം ദുഃസഹമാക്കും വിധം ഭീകരമായ ഒരു മാന്ദ്യം ലോകമാകെ വീശിയടിക്കുകയാണ്. തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന്റെയും, ഉപഭോക്തൃ ചിലവില്‍ കുറവ് വരുന്നതിന്റെയും, ഓഹരിചന്തയുടെ താഴേക്കുള്ള ഇറക്കത്തിന്റെയും വാര്‍ത്തകളാണ് ദിവസവും വന്നു കൊണ്ടിരിക്കുന്നത്. എല്ലാ തരം വിശദീകരണങ്ങളും പ്രതിവിധികളും നിര്‍ദ്ദേശിക്കപ്പെടുന്നു. അത്യാര്‍ത്തിയാണ് ഇതിനൊക്കെ കാരണമെന്ന് ചിലര്‍ പറയുന്നു. സബ് പ്രൈം വായ്പ, ഹെഡ്ജ് ഫണ്ട്, ഡെറിവേറ്റീവ്, സാമ്പത്തിക സമീപനം, പലിശനിരക്ക്, എന്നിവയൊക്കെ മറ്റുചിലര്‍ കാരണമായി ചൂണ്ടികാണിക്കുന്നു. ഇവയൊക്കെ ഉപരിപ്ലവമായ വിശദീകരണമായാണ് എനിക്ക് തോന്നുന്നത്.
സാമ്പത്തിക മാന്ദ്യം കാര്‍ഷിക സമ്പദ്ഘടനയുടേതല്ല: വ്യവസായസമ്പദ്ഘടനയുടെ പ്രത്യേകതയാണ്. കാര്‍ഷിക സമ്പദ്ഘടനയിലും ഇത്തരം അത്യാഹിതങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അവയെല്ലാം വരള്‍ച്ച, വെള്ളപ്പൊക്കം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ടാണ് ഉണ്ടായത്. എന്നാല്‍ സാമ്പത്തിക മാന്ദ്യം വ്യവസായ സമ്പദ്ഘടനയ്ക്ക് ബാധകമായ പ്രത്യേകത തന്നെയാണ്. .....
ബഹു : സുപ്രീം കോടതി ജസ്റ്റിസ് മാര്‍കണ്ഡേയ കാട്ജു നടത്തിയ പ്രസംഗത്തെ അധികരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പരിഭാഷ...
good post
"മഹാരാഷ്ട്രയില്‍ ലക്ഷകണക്കിനു കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ഇപ്പോഴും ആത്മഹത്യ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു വ്യവസായി തനിക്കു താമസിക്കാന്‍ 40 നില കെട്ടിടം പണിയുന്നു എന്നാണ് വാര്‍ത്ത... "
അതിനായി മുടക്കുന്ന പണം മാര്‍ക്കറ്റിലേക്കും തൊഴിലാളികള്‍ക്കും അല്ലേ ലഭിക്കുന്നത്? അതു തന്നെ അല്ലെ തൊഴിലാളികളുടെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നത്? അതല്ലേ വേണ്ടത്?
(ഉറുമ്പിന്റെയും പുല്‍ച്ചാടിയുടെയും കഥയുടെ മോഡേണ്‍ വെര്‍ഷന്‍ എന്ന പേരില്‍ ഒരു ഈമെയില്‍ പ്രചരിച്ചിരുന്നു.)
Post a Comment