Monday, July 6, 2009

ഇറാക്കില്‍നിന്ന് അപ്പലാഷ്യയിലേക്ക്

ഇറാക്കിനും അപ്പലാഷ്യക്കും പൊതുവായുള്ള സാമ്യം എന്താണ്? (കിഴക്കന്‍ അമേരിക്കയിലെ പര്‍വത പ്രദേശമാണ് അപ്പലാഷ്യ). ഇവ രണ്ടും യുഎസ് എനര്‍ജി കോര്‍പ്പറേഷനുകള്‍ കോളനികളെന്ന പോലെ കയ്യടക്കിയ പ്രദേശങ്ങളാണ്. ഇറാക്കില്‍ എണ്ണയാണെങ്കില്‍ അപ്പലാഷ്യയില്‍ കല്‍ക്കരിയാണെന്ന വ്യത്യാസം മാത്രം. എന്നാല്‍ രണ്ടിടത്തെയും ഇടപെടലും പ്രത്യാഘാതങ്ങളും സാമ്യമുള്ളവയാണ്.

ഇറാക്കിലെ പട്ടാളക്കാരും അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികളും ഒരു കാര്യത്തില്‍ സാഹോദര്യം പങ്കിടുന്നു. രണ്ടുകൂട്ടരും എന്തു വിലകൊടുത്തും എണ്ണക്കമ്പനികളുടെയും കല്‍ക്കരി കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇറാക്കിലെ പട്ടാളക്കാരെപ്പോലെ അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികള്‍ ജനങ്ങളെ കൊന്നൊടുക്കുന്നില്ല എന്ന വ്യത്യാസം മാത്രം. കാരണം അവിടുള്ള ഖനികളൊക്കെ കല്‍ക്കരിക്കമ്പനികള്‍ നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്.

ഇറാക്കിലെ നിരപരാധികളായ സ്ത്രീകളും കുട്ടികളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ അത് തീവ്രവാദത്തിനെതിരായ യുദ്ധത്തിലെ ഒഴിവാക്കാനാവാത്ത പാര്‍ശ്വഫലമായി കണക്കാക്കപ്പെടുന്നതു പോലെ തന്നെയാണ് അപ്പലാഷ്യയിലെ നിരപരാധികളുടെ മരണവും കണക്കാക്കപ്പെടുന്നത്. ഒരു നാലു വയസ്സുള്ള കുട്ടി ഇറാക്കില്‍ വെടിയേറ്റു മരിക്കുന്നതും അപ്പലാഷ്യയില്‍ ഖനികള്‍ക്കുവേണ്ടി പൊട്ടിക്കുന്ന പാറച്ചീള് തറച്ചോ മലകള്‍ തകര്‍ക്കപ്പെടുന്നതു മൂലമുണ്ടാകുന്ന വെള്ളപ്പാച്ചില്‍ മൂലമോ മരിക്കുന്നതും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളത്?

സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഇറാക്കില്‍ ഇതിനകം പ്രയോഗിച്ചുകഴിഞ്ഞ നാനൂറ് ടണ്‍ യുറേനിയം ഷെല്ലുകളുടെ വികിരണ ഫലങ്ങള്‍ ഭാവി തലമുറയില്‍ ജനിതക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പ്. ഇപ്പോള്‍ത്തന്നെ അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിതകവും ആരോഗ്യപരവുമായ നിരവധി പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അതുപോലെ നിത്യേന ഖനികള്‍ക്കുവേണ്ടി മലകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തുക്കളിലെ രാസപദാര്‍ഥങ്ങള്‍ അപ്പലാഷ്യയിലും ആരോഗ്യ-ജനിതക പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കൂടാതെ മലകള്‍ പൊട്ടുമ്പോള്‍ ബഹിര്‍ഗമിക്കുന്ന അര്‍സനിക്, സെലീനിയം തുടങ്ങിയ വിഷപദാര്‍ഥങ്ങള്‍ താഴ്വരകളെ വിഷലിപ്തമാക്കും. രണ്ടിടങ്ങളിലും തദ്ദേശവാസികള്‍ക്ക് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളോ ഭാവി തലമുറക്കുണ്ടാകുന്ന തകരാറുകളോ ഒന്നും കണക്കിലെടുക്കാതെ വിഷവസ്തുക്കള്‍ വിസര്‍ജിക്കപ്പെടുകയാണ്. എന്തിനേറെ, തങ്ങളുടെ നിര്‍ദേശം നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന പട്ടാളക്കാരുടെയോ ഖനിത്തൊഴിലാളികളുടെയോ ആരോഗ്യവും ജീവനും പോലും മതിയായ സംരക്ഷണം നല്‍കുന്നില്ല. എണ്ണക്കമ്പനികളും കല്‍ക്കരി കമ്പനികളും തങ്ങളുടെ തൊഴിലാളികളുടെ കാര്യത്തില്‍ പോലും കാണിക്കാത്ത ശ്രദ്ധ ഇറാക്കിലെയും അപ്പലാഷ്യയിലെയും ജനങ്ങളോട് കാണിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലല്ലോ.

ഇറാക്കിന്റെയും അപ്പലാഷ്യയുടെയും ചരിത്രവും സംസ്കാരവും ഒന്നും അധിനിവേശ ശക്തികളുടെ പരിഗണനയില്‍പ്പെടുന്ന കാര്യങ്ങളല്ല. നാഗരികതയുടെ കളിത്തൊട്ടില്‍ തകര്‍ത്ത് അമേരിക്കന്‍ ടാങ്കുകള്‍ ഉരുളുന്നു. അപ്പലാഷ്യന്‍ മലനിരകളിലെ ചരിത്ര സ്മാരകങ്ങളെ തകര്‍ത്ത് ഖനനയന്ത്രങ്ങള്‍ ഉരുളുന്നു.

അപ്പലാഷ്യക്കാര്‍ ഒഴിപ്പിക്കപ്പെടുകയും അയല്‍ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും അഭയാര്‍ഥികളാകുകയും ചെയ്യപ്പെട്ടിരിക്കുന്നു. അവര്‍ മലനിരകളിലെ തങ്ങളുടെ വീടുകളിലേക്ക് തിരികെ വരാന്‍ മോഹിച്ചാല്‍ മലനിരകള്‍ പോലും അപ്രത്യക്ഷമായിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ഇറാക്കിലും അഭയാര്‍ഥികളായി മാറിയ തദ്ദേശീയരുടെ വീടുകളും പ്രദേശങ്ങളും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം തകര്‍ക്കപ്പെട്ടിരിക്കുന്നു.

ഇറാക്കിലെ എണ്ണവേട്ട ന്യായീകരിക്കാന്‍ അവിടെ നടത്തുന്ന അധിനിവേശം തീവ്രവാദത്തിനെതിരെയുള്ള യുദ്ധമാണെന്ന് മാലോകരെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പലാഷ്യയിലെ കല്‍ക്കരിവേട്ടയെ ന്യായീകരിക്കാന്‍ ശുദ്ധമായ കല്‍ക്കരി തീവ്രവാദത്തിനെ നേരിടുന്നതിനുള്ള അനിവാര്യ വസ്തുവാണെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു. ഈ രണ്ടിടങ്ങളിലെയും സംസ്കാരവും പൈതൃകവും ഈ നേട്ടങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ സംരക്ഷിക്കപ്പെടേണ്ടവയല്ലെന്ന് ഈ കമ്പനികളും അവരുടെ രാഷ്ട്രീയ നാഥന്മാരും പ്രചരിപ്പിക്കുന്നു. തീവ്രവാദത്തിനെതിരെ എന്ന പേരിലുള്ള ഈ അധിനിവേശങ്ങളൊക്കെ തദ്ദേശീയരുടെ ഭവനങ്ങളും ആഹാരവും വെള്ളവും കുടുംബവും സംസ്കാരവും ആരോഗ്യവും, സമാധാനവുമൊക്കെ കവര്‍ന്ന് അവരുടെ ജന്മാവകാശത്തെ ഹനിക്കുന്നു.

ഇറാക്കിലെയും അപ്പലാഷ്യയിലെയും ജനങ്ങളുടെ അവസ്ഥയോട് നാം താദാത്മ്യം പ്രാപിക്കേണ്ടതുണ്ട്. ഇറാക്കിലെ പൌരന്മാരുടെയും അപ്പലാഷ്യന്‍ നിവാസികളുടെയും സ്ഥാനത്ത് സ്വയം പ്രതിഷ്ഠിച്ച് വിചിന്തനം നടത്തിയാല്‍ മാത്രമേ അധിനിവേശത്തിന്റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു. ഈ താദാത്മ്യം പ്രാപിക്കല്‍ അധിനിവേശത്തിലൂടെയും ചൂഷണത്തിലൂടെയും രൂപം കൊള്ളുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കാന്‍ നമ്മെ ബാധ്യസ്ഥരാക്കും. നാം കൊട്ടിഘോഷിക്കുന്ന സോഷ്യല്‍ ഡെമോക്രസിയുടെ പൊള്ളത്തരത്തെക്കുറിച്ച് നാം ബോധവാന്മാരാകും. തെറ്റായ പ്രചരണങ്ങളിലൂടെ അന്യന്റെ അവകാശം കവരുന്ന സാമ്രാജ്യത്വ തന്ത്രത്തിനെതിരെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുള്ള ഒരു ലോകത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രാപ്തരാക്കും.

*
റൊണാള്‍ഡ് ടെസ്ക കടപ്പാട്: സി.ഐ.ടി.യു സന്ദേശം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇറാക്കിനും അപ്പലാഷ്യക്കും പൊതുവായുള്ള സാമ്യം എന്താണ്? (കിഴക്കന്‍ അമേരിക്കയിലെ പര്‍വത പ്രദേശമാണ് അപ്പലാഷ്യ). ഇവ രണ്ടും യുഎസ് എനര്‍ജി കോര്‍പ്പറേഷനുകള്‍ കോളനികളെന്ന പോലെ കയ്യടക്കിയ പ്രദേശങ്ങളാണ്. ഇറാക്കില്‍ എണ്ണയാണെങ്കില്‍ അപ്പലാഷ്യയില്‍ കല്‍ക്കരിയാണെന്ന വ്യത്യാസം മാത്രം. എന്നാല്‍ രണ്ടിടത്തെയും ഇടപെടലും പ്രത്യാഘാതങ്ങളും സാമ്യമുള്ളവയാണ്.

ഇറാക്കിലെ പട്ടാളക്കാരും അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികളും ഒരു കാര്യത്തില്‍ സാഹോദര്യം പങ്കിടുന്നു. രണ്ടുകൂട്ടരും എന്തു വിലകൊടുത്തും എണ്ണക്കമ്പനികളുടെയും കല്‍ക്കരി കമ്പനികളുടെയും ലാഭം വര്‍ധിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇറാക്കിലെ പട്ടാളക്കാരെപ്പോലെ അപ്പലാഷ്യയിലെ ഖനിത്തൊഴിലാളികള്‍ ജനങ്ങളെ കൊന്നൊടുക്കുന്നില്ല എന്ന വ്യത്യാസം മാത്രം. കാരണം അവിടുള്ള ഖനികളൊക്കെ കല്‍ക്കരിക്കമ്പനികള്‍ നേരത്തേ തന്നെ സ്വന്തമാക്കിയിട്ടുള്ളതാണ്.

*free* views said...

Feudalism, Fascism and Capitalism puts aristocratic blood, race and capital/money before everything else. This is what happens when people are not put first.

If you put people first and analyse world issues, you will see things differently; including Kashmir issue, Maoist issue, Sri Lankan issue, Palestine issue, Iraq issue, etc.

Communism puts people first. I know in many implementation of Communism, at least what media spreads, people are put secondary to "growth". I do not consider that to be communism. May be I am too romantic about communism, I *think* a true communist is romantic.