Saturday, July 4, 2009

ഔട്ട് സോഴ്സിങ്ങ് എന്ന ചൂഷണം

2004 ലെ ശരാശരി ആഗോള പ്രതിശീര്‍ഷ ജി.എന്‍.ഐ (മൊത്ത ദേശീയ വരുമാനം) 6329 ഡോളറായിരുന്നു. അതിസമ്പന്ന രാഷ്ട്രങ്ങളില്‍ ഈ തുക 32,112 ഡോളറായിരുന്നുവെങ്കില്‍ അതീവ ദരിദ്ര രാഷ്ട്രങ്ങളില്‍ വരുമാനം വെറും 1502 ഡോളര്‍ ആയിരുന്നു. 21 ഇരട്ടിയുടെ വിടവ്. അതിഭീമമായ ഈ വേതന വിടവാണ് ജനങ്ങളെ, വിശേഷിച്ച് യുവജനങ്ങളെ, ദേശാതിര്‍ത്തികള്‍ കടന്ന് തൊഴിലന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഔട്ട് സോഴ്സിങ്ങിന്റെ ഉറവിടം ഇവിടെയാണ്.മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ തോതില്‍ വരുമാന വിടവ് ഇല്ലാത്ത ഒരു സാഹചര്യ ത്തില്‍ ഔട്ട് സോഴ്സിങ്ങ് എന്ന ആശയം തന്നെ അപ്രസക്ത മാവും.

ദേശാന്തര നിയമവിദഗ്ദനായ Marcia L.Proctor ഔട്ട് സോഴ് സിങ്ങിനെ നിര്‍വ്വചിക്കുന്നതി പ്രകാരമാണ്.

"പ്രവര്‍ത്തനക്ഷമത മുന്‍ നിര്‍ത്തി, പരമ്പരാഗതമായി ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നാലു ചുവരുകള്‍ക്കുള്ളില്‍ വെച്ച് ചെയ്തുപോരുന്ന ജോലി ഒരു പുറം കരാറുകാരനെയേല്‍പ്പിക്കുക.''

വന്‍കിട കോര്‍പ്പറേറ്റുകള്‍ ലാഭത്തിനായി ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തിലേക്ക് തൊഴില്‍ കയറ്റി അയക്കാറുണ്ട്. കുറഞ്ഞ വേതനവും മുന്തിയ സേവനവും ലക്ഷ്യമിട്ടുള്ള ഈ നടപടി ഓഫ് ഷോറിങ്ങ് എന്നറിയപ്പെടുന്നു. ആഗോള പണ്ഡിതന്മാര്‍ ഔട്ട് സോഴ്സിങ്ങില്‍ കണ്ടെത്തുന്ന നേട്ടങ്ങള്‍ പലതാണ്: ചെലവു കുറക്കാം, മെച്ചപ്പെട്ട സാങ്കേതിക വിദ്യ പ്രയോഗിക്കാം, വിഭവങ്ങള്‍ ഏറ്റവും മര്‍മ്മ പ്രധാനമേഖലകളില്‍ വിന്യസിപ്പിക്കാം.

സ്ഥാപനത്തിനുള്ളില്‍ വെച്ച് ജോലി ചെയ്യിക്കുമ്പോഴുണ്ടാവുന്ന മൊത്തം ചെലവിനേക്കാള്‍ കൂടുതല്‍ പണം പുറംകരാറുകള്‍ക്കായി ചെലവാകുന്നുവെന്ന് ഒരു നിമിഷം സങ്കല്‍പ്പിക്കുക. ഔട്ട് സോഴ്സിങ്ങ് തല്‍ക്ഷണം അപ്രത്യക്ഷമാവും. അതിനര്‍ത്ഥം ഇപ്പോള്‍ ഔട്ട്സോഴ്സിങ്ങിനു വേണ്ടിയുള്ള മുറവിളി ഉയരുന്നത്, പുറമെ തൊഴിലില്ലാപ്പടയുടെ വലിയ നിരകള്‍ അവശേഷിക്കുന്നതുകൊണ്ടാണ്. വിശപ്പടക്കാന്‍ വേണ്ടി തുച്ഛ വേതനത്തിന് ഏതു പണിയും ചെയ്യാന്‍ ഈ കരുതല്‍ സേന തയ്യാറാവുന്നതു കൊണ്ടാണ്. ചുരുക്കി പറഞ്ഞാല്‍, ഔട്ട്സോഴ്സിങ്ങ്, ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ഒരു മുഖ്യ ചൂഷണോപാധിയാണ്.

ചരക്കിന്റെ ധനശാസ്ത്രം

ഹാര്‍വാര്‍ഡ് ഇക്കണോമിസ്റ്റ് CREG MANKIW ഔട്ട് സോഴ്സിങ്ങിന്റെ കടുത്ത ആരാധകനും വക്താവുമാണ്. അദ്ദേഹത്തിന്റെ വാക്കുകളില്‍, ഔട്ട് സോഴ്സിങ്ങ് സ്വതന്ത്രവ്യാപാരത്തിന്റെ ഒരു പുത്തന്‍ ഉപകരണമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് സമ്പദ്ഘടനകള്‍ക്കു മുതല്‍ കൂട്ടാകുമെന്നദ്ദേഹം ദൃഢമായി വിശ്വസിക്കുന്നു.

അമേരിക്കന്‍ സെനറ്റിലെ ഡെമോക്രാറ്റിക് ന്യൂനപക്ഷ നേതാവ് Tom Daschle ഈ വാദഗതിയെ 'ആലീസിന്റെ അത്ഭുതലോകത്തിലെ ധന ശാസ്ത്ര'മെന്ന് പരിഹസിക്കുന്നുണ്ട്.

എന്നാല്‍ റിപ്പബ്ളിക്കന്‍ ഹൌസ് സ്പീക്കര്‍ ഡെന്നീസ് ഹാസ്റ്റാര്‍ട്ട് ഔട്ട് സോഴ്സിങ്ങിനെ പ്രശംസിക്കാന്‍ തയ്യാറാകുന്നില്ല. യഥാര്‍ത്ഥ ധനശാസ്ത്രത്തിന്റെ അടിസ്ഥാന പരീക്ഷകളെ അതിജീവിക്കാന്‍ ഔട്ട്സോഴ്സിങ്ങിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഔട്ട്സോഴ്സിങ്ങിന്റെ മറ്റൊരു വക്താവായ കാലിഫോര്‍ണിയാ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഫിലിപ്പ് മാര്‍ട്ടിന്‍ തൊഴിലാളികളെ വെറും ചരക്കായാണ് കണക്കാക്കുന്നത്. അദ്ദേഹം പ്രഖ്യാപിക്കുന്നു:

'തൊഴിലാളികളുടെ സാമ്പത്തികശാസ്ത്രം ആത്യന്തികമായും ചരക്കുകളുടെ സാമ്പത്തിക ശാസ്ത്രമാകുന്നു.''

തൊഴിലാളിയെ ചരക്കു പോലെ തള്ളാനും കൊള്ളാനും കഴിയണമെന്ന് അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. ലഭ്യതയേറുമ്പോള്‍ ചരക്കിന്റെ വില കുറയുന്നു. അപ്പോള്‍ കുറെ ചരക്ക് മറ്റിടങ്ങളിലേക്ക് നീക്കപ്പെടുന്നു. അവിടെ ഭേദപ്പെട്ട വില ലഭിക്കും. അതുപോലെയാണ് അധികം തൊഴിലാളികള്‍ ഉള്ള ദിക്കിലേക്ക് പുറംപണി കരാറുകള്‍ പ്രവഹിക്കുന്നത്. ക്രമേണ വേതനം ഉയരും. കരാറുകള്‍ പുതിയ സങ്കേതങ്ങള്‍ തേടും. ഒടുവില്‍ കുടിയേറ്റങ്ങളും പുറം പണി കരാറുകളും അവസാനിക്കുന്നതുവരെ ഈ പ്രക്രിയ തുടരും- അദ്ദേഹം വിവരിക്കുന്നു.

വിട്ടുവീഴ്ച പാടില്ല

എന്നാല്‍ ഔട്ട്സോഴ്സിങ്ങിന്റെ ചൂഷണ സ്വഭാവത്തെക്കുറിച്ച് Cynthia A.Williams ന്റെ Corporate Social Responsibility in an era of economic globalisation എന്ന പുസ്തകത്തില്‍ വിശദമാക്കുന്നുണ്ട്.

അമേരിക്ക, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളുടെ ഓഫ് ഷോറിങ്ങിനെക്കു റിച്ച് അദ്ദേഹം പഠനം നടത്തി. തൊഴില്‍ നിയമങ്ങള്‍, ആരോഗ്യ പരിരക്ഷ, തൊഴില്‍ സുരക്ഷിതത്വം എന്നിവ ഏറ്റവും അയവേറിയ രാജ്യങ്ങളിലേക്കാണ് പുറംപണി കരാറുകള്‍ ഏറെയും ഒഴുകുന്നതെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു.

അതെ, പട്ടിണികൂലിക്ക് പണി ചെയ്യാന്‍ ആളെ ലഭിക്കുന്ന ഒരു ഭൌതികസാഹചര്യം മുതലെടുത്ത് ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള ആധുനിക ഉപകണമാണ് ഔട്ട് സോഴ്സിങ്ങ്. അലിവോ ആര്‍ദ്രതയോ തൊട്ടു തെറിക്കാത്ത ഒരാശയം. ആത്യന്തികമായി അത് അമാനവികമാണ്, മ്ളേച്ഛമാണ്, നിന്ദ്യമാണ്.

ബാങ്കിങ്ങ് വ്യവസായത്തില്‍ ഔട്ട്സോഴ്സിങ്ങ് കരാറിന്റെ ഭാഗമാക്കാന്‍ ബാങ്കുടമകളും സര്‍ക്കാരും കിണഞ്ഞു പരിശ്രമിക്കുന്ന കാലമാണിത്. യഥാര്‍ത്ഥ ട്രേഡ് യൂണിയനുകള്‍ക്ക് ഔട്ട് സോഴ്സിങ്ങിനോട് വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും സാധ്യമല്ല.

*
കെ വി ജോര്‍ജ്ജ് ബാങ്ക് വര്‍ക്കേഴ്സ് ഫോറം

5 comments:

വര്‍ക്കേഴ്സ് ഫോറം said...

2004 ലെ ശരാശരി ആഗോള പ്രതിശീര്‍ഷ ജി.എന്‍.ഐ (മൊത്ത ദേശീയ വരുമാനം) 6329 ഡോളറായിരുന്നു. അതിസമ്പന്ന രാഷ്ട്രങ്ങളില്‍ ഈ തുക 32,112 ഡോളറായിരുന്നുവെങ്കില്‍ അതീവ ദരിദ്ര രാഷ്ട്രങ്ങളില്‍ വരുമാനം വെറും 1502 ഡോളര്‍ ആയിരുന്നു. 21 ഇരട്ടിയുടെ വിടവ്. അതിഭീമമായ ഈ വേതന വിടവാണ് ജനങ്ങളെ, വിശേഷിച്ച് യുവജനങ്ങളെ, ദേശാതിര്‍ത്തികള്‍ കടന്ന് തൊഴിലന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഔട്ട് സോഴ്സിങ്ങിന്റെ ഉറവിടം ഇവിടെയാണ്.മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ തോതില്‍ വരുമാന വിടവ് ഇല്ലാത്ത ഒരു സാഹചര്യ ത്തില്‍ ഔട്ട് സോഴ്സിങ്ങ് എന്ന ആശയം തന്നെ അപ്രസക്തമാവും.

Anonymous said...

ഔട്‌ സോര്‍സിംഗ്‌ ഏതു മേഖലയില്‍ ആണു ഇല്ലാത്തത്‌? നിങ്ങള്‍ ഒരു വീടു പണിയാന്‍ കോണ്ട്രാക്ട്‌ കൊടുക്കുന്നു ഫൌണ്ടേഷന്‍ ഒരു പാര്‍ടീ ചെയ്യുന്നു, മണ്ണു കുഴിപ്പ്‌ വേറൊരാള്‍, പ്ളംബിംഗ്‌ വേറെ പലര്‍ ഇലക്ട്രീഷ്യന്‍ വേറെ കോണ്‍ക്രീറ്റ്‌ വേറെ കെട്ടു വേറെ ഇതുകൊണ്ട്‌ മെച്ചം പല തരം സ്കില്‍ഡ്‌ ലേബര്‍ ചെലവു കുറഞ്ഞു കിടുന്നു എല്ലാം ഒരാള്‍ തന്നെ ചെയ്യണം എന്നു വാശി പിടിച്ചാല്‍ സമയത്തു തീരില്ല ഒരു തട്ടുകട പരിശോധിക്കുക അയാള്‍ പോലും ഔട്‌ സോര്‍സിംഗ്‌ ആണു പലഹാരം ആരോ കൊണ്ടു സപ്ളൈ ചെയ്യുന്നു മണ്ണെണ്ണ കൊണ്ടു തരാന്‍ വേറെ ഏജന്‍സി നിങ്ങള്‍ക്കുള്ളത്‌ ഒരു ഉന്തു വണ്ടി മാത്രം വെള്ളം പോലും കൊണ്ടു തരാന്‍ ഔട്സോര്‍സ്‌ ആള്‍ക്കാരുണ്ട്‌ ഇങ്ങിനെ എല്ലാ മേഖലയിലും ഔട്‌ സോര്‍സിംഗ്‌ ആണൂ നടക്കുന്നത്‌, അപ്പോള്‍ ബാങ്കു കാരനും എല്‍ ഐ സിക്കും കൊമ്പുണ്ടോ ? മൌസ്‌ പിടിക്കാന്‍ അറിയാതെ തപ്പി തടയുന്ന കിളവന്‍ മാര്‍ക്കും കിളവികള്‍ക്കും വീ ആര്‍ എസ്‌ നല്‍കി അതു കാഷ്‌ കളക്ഷണ്റ്റെ അല്ലെങ്കില്‍ കാഷ്‌ ഡിസ്ബര്‍സ്മെണ്റ്റിണ്റ്റെ പെര്‍സണ്റ്റേജു അടിസ്ഥാനമാക്കി ഔട്‌ സൊര്‍സ്‌ ചെയ്താല്‍ ജനം കൌണ്ടറിനു മുന്നില്‍ തിക്കി തിരക്കേണ്ട കാര്യമില്ല എഫിഷ്യന്‍സി വര്‍ധിക്കും

പാഞ്ഞിരപാടം............ said...

പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല. മനുഷ്യനു ബുദ്ധിയില്ലാതായാല്‍ "കെ വി ജോര്‍ജ്ജ്" ആകുമൊ? കഷ്ടം തന്നെ!ഔട്‌ സോര്‍സിംഗിനെ എതിര്‍ക്കാന്‍ ഇതിലും നല്ല കാരണങ്ങള്‍ അവിടെ ജ്വൊലിചെയ്യുന്നവര്‍ തന്നെ തരും.
Rs 6000 നു കൊച്ചിയിലെ ഒരു ബാങ്കില്‍ ജോലി ചെയ്തിറ്റരുന്നവര്‍ ഇന്നു ഹൈദ്രബാദിലെ Bank of America യില്‍ Rs 25000 നു ജ്വൊലി ചെയ്യുന്നതും, അതല്‍ത്തന്നെ ഇവിടുത്തെ കുട്ടി സഖാക്കള്‍ക്കു ആലോചിക്കാന്‍ പോലും കഴിയാത്ത Quality യില്‍ , Security യില്‍ ചെയ്യുന്നതും ഔട്‌ സോര്‍സിംഗ്ഗിന്റെ മോശം വശം.

ABCD said...

"പട്ടിണികൂലിക്ക് പണി ചെയ്യാന്‍ ആളെ ലഭിക്കുന്ന ഒരു ഭൌതികസാഹചര്യം മുതലെടുത്ത് ലാഭം പരമാവധി വര്‍ധിപ്പിക്കാനുള്ള ആധുനിക ഉപകണമാണ് ഔട്ട് സോഴ്സിങ്ങ്. അലിവോ ആര്‍ദ്രതയോ തൊട്ടു തെറിക്കാത്ത ഒരാശയം. ആത്യന്തികമായി അത് അമാനവികമാണ്, മ്ളേച്ഛമാണ്, നിന്ദ്യമാണ്."

പട്ടിണികൂലിക്ക് പണി ചെയ്യാന്‍ ആളെ ലഭിക്കുന്ന ഒരു ഭൌതികസാഹചര്യം നിലനില്‍ക്കുന്നു എന്നതു സത്യം തന്നെ ആണല്ലോ. അല്ലേ? ഔട്ട് സോഴ്സിങ്ങിന്റെ വരവ് നിര്‍‍ത്തിച്ചാല്‍ പകരം ആ മാനവീകവും ശ്രേഷ്ടവും വന്ദ്യവുമായ സാഹചര്യം ഇല്ലാതാക്കാന്‍ എന്താണാവോ വഴി?

*free* views said...

തൊഴിലാളിയെ ചരക്കു പോലെ തള്ളാനും കൊള്ളാനും കഴിയണമെന്ന് അദ്ദേഹം തുടര്‍ന്നു വാദിക്കുന്നു. ലഭ്യതയേറുമ്പോള്‍ ചരക്കിന്റെ വില കുറയുന്നു. അപ്പോള്‍ കുറെ ചരക്ക് മറ്റിടങ്ങളിലേക്ക് നീക്കപ്പെടുന്നു. അവിടെ ഭേദപ്പെട്ട വില ലഭിക്കും. അതുപോലെയാണ് അധികം തൊഴിലാളികള്‍ ഉള്ള ദിക്കിലേക്ക്പുറംപണി കരാറുകള്‍ പ്രവഹിക്കുന്നത് . ക്രമേണ വേതനം ഉയരും. കരാറുകള്‍ പുതിയ സങ്കേതങ്ങള്‍ തേടും. ഒടുവില്‍ കുടിയേറ്റങ്ങളും പുറം പണി കരാറുകളും അവസാനിക്കുന്നതുവരെ ഈ പ്രക്രിയ തുടരും- അദ്ദേഹം വിവരിക്കുന്നു.

Why can't people not understand this simple thing that they are being exploited? Is it so difficult to understand that this is slavery? This is exactly what Indians thought when the imperialists came to India in the beginning, they thought they are prospering with new business, exactly what some "intelligent" person in this forum told me about growth.