ശതകോടിക്കണക്കിന് ഡോളര്‍ സര്‍ക്കാര്‍ ട്രഷറിയില്‍നിന്നും അടിച്ചുകയറ്റി വന്‍ മള്‍ട്ടിനാഷണല്‍ കുത്തക ബാങ്കുകളെ തകരാതെ പിടിച്ചു നിര്‍ത്താന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പെടാപ്പാട് പെടുകയാണ്. ഇത്തരം ബാങ്കുകളില്‍ സര്‍ക്കാര്‍ നിക്ഷേപിച്ച ഓഹരിമൂല്യം 51 ശതമാനം കടന്ന് 80 ശതമാനംവരെ ചില ബാങ്കുകളില്‍ എത്തിനില്‍ക്കുന്നു. സ്വകാര്യ സംരംഭത്തിന്റെയും സ്വതന്ത്ര മല്‍സരത്തിന്റെയും പറുദീസയായ അമേരിക്കയില്‍ ദേശസാല്‍ക്കരണമാണ് ഇന്ന് പ്രതിവിധിയായി മുന്നിലുള്ളതെന്ന് അംഗീകരിക്കാന്‍ മുതലാളിത്തത്തിന് സിദ്ധാന്തപരമായി വൈഷമ്യമുള്ളതുകൊണ്ടുമാത്രം പദപ്രയോഗങ്ങളില്‍ നടത്തുന്ന കസര്‍ത്തുകളിലൂടെ ഈ വസ്തുത നിഷേധിക്കാന്‍ ഭരണകൂടം ശ്രമിക്കുകയാണ്. എന്നാല്‍ ബ്രിട്ടനടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ ലോയ്ഡ്സ് ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് സ്കോട്ട്‌ലന്റ് എന്നിവ സര്‍ക്കാര്‍ ഉടമസ്ഥതയാണെന്ന് അംഗീകരിക്കുന്നു. കാര്യങ്ങളുടെ കിടപ്പ് അത്ര ലളിതമല്ലെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. 2009 ഏപ്രിലില്‍ നടന്ന ജി-20 രാജ്യങ്ങളുടെ സമ്മേളനപ്രഖ്യാപനത്തിന്റെ സത്ത അതാണ്. എങ്കിലും ബാങ്ക് ദേശസാല്‍ക്കരണം താല്ക്കാലികമാണെന്ന അവകാശവാദംകൂടി അവര്‍ ഉന്നയിക്കുന്നുണ്ട്. ഇന്നത്തെ പ്രതിസന്ധി ഒരു ചെറിയ സമയപരിധിക്കുള്ളില്‍ മറികടക്കാന്‍ കഴിയുമെന്ന സന്ദേശം നല്‍കാന്‍ അവരാഗ്രഹിക്കുന്നുണ്ടാകണം.
80കളില്‍ തുടങ്ങിവച്ച് 90കളില്‍ മന്‍മോഹന്‍സിങ്ങിന്റെ കാര്‍മികത്വത്തില്‍ മുന്നോട്ടുപോയ സാമ്പത്തിക പരിഷ്ക്കരണം ആഗോളവല്‍ക്കരണത്തിന്റെ ഒരിന്‍ഡ്യന്‍ ബ്ളൂപ്രിന്റ് മാത്രമായിരുന്നു. ബാങ്ക് സ്വകാര്യവല്‍ക്കരണം, പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വില്‍പ്പന, വിദേശ ഓഹരി പങ്കാളിത്തം, വിദേശ ബാങ്കുകള്‍ക്ക് ഇന്‍ഡ്യന്‍ സാമ്പത്തിക മേഖലയില്‍ വിഹരിക്കാന്‍ സ്വാതന്ത്ര്യം തുടങ്ങിയ നടപടികളെല്ലാം പെതുമേഖലാ നിയന്ത്രണത്തിലുള്ള സമ്പദ്ഘടനയെ ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ അക്രമാസക്തമായ മുതലാളിത്ത സാമ്പത്തിക പ്രവര്‍ത്തനങ്ങളുമായി കൂട്ടിയിണക്കുക എന്നതായിരുന്നു.
ഈ കുറിപ്പിന്റെ ലക്ഷ്യം ഇത്തരം സംഭവഗതികളുടെ ഒരു ചരിത്രവിശകലനമല്ല. ആഗോള സമ്പദ്വ്യവസ്ഥ വന്‍ പ്രതിസന്ധിയിലകപ്പെടുകയും അവയുടെ നട്ടെല്ലായ ബാങ്കുകള്‍ തകരുകയും, സര്‍ക്കാര്‍ അവയെ സംരക്ഷിച്ചുനിര്‍ത്താന്‍ പെടാപ്പാട് പെടുകയും ചെയ്യുന്ന കാലഘട്ടത്തില്‍ ബാങ്കുസ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ള നയപ്രഖ്യാപനവും, തിരക്കിട്ട് സ്വീകരിക്കാന്‍പോകുന്ന നടപടികളും മുന്‍പ് പ്രയോഗിച്ചുനോക്കിയ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കുകയാണിവിടെ.
ദീര്‍ഘകാല വ്യവസായ നിക്ഷേപത്തിന് രാജ്യത്തും വിദേശത്തും നിന്ന് വിഭവം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് പൊതുമേഖലയുടെ നിയന്ത്രണത്തില്‍ ICICI സ്ഥാപിച്ചത്. നവസ്വകാര്യ ബാങ്കുകള്‍ ആരംഭിക്കാന്‍ നരസിംഹറാവു സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ UTI യും, IDBI യും, ICICI യുമൊക്കെ സ്വകാര്യമേഖലക്കൊപ്പം ബാങ്ക് ആരംഭിച്ചു. സ്വകാര്യമേഖലക്ക് പ്രാമുഖ്യം നല്‍കി പൊതുമേഖലാ ധനകാര്യസ്ഥാപനമായ ICICI ആരംഭിച്ച ICICI ബാങ്ക്, 2002ല്‍ 95000 കോടി രൂപയുടെ ICICI യുടെ ആസ്തിസഹിതം ICICI ബാങ്കില്‍ ലയിപ്പിച്ച് സ്വകാര്യവത്ക്കരിച്ചു. ICICI യുടെ സബ്സിഡിയറികളും ICICI ബാങ്കിന്റെ ഭാഗമായി. പിന്നീട് സ്വകാര്യബാങ്കുകളായ ബാങ്ക് ഓഫ് മധുരയും, സാംഗ്ളി ബാങ്കും കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. കഴിഞ്ഞ 7 വര്‍ഷംകൊണ്ട് നിക്ഷേപത്തിന്റെയും, ആസ്തിയുടെയും കാര്യത്തില്‍ ബാങ്ക് ഉയരങ്ങളിലെത്തി. വായ്പയും വര്‍ദ്ധിച്ചു. പക്ഷെ വായ്പയുടെ ഘടനയില്‍ വന്‍ മാറ്റം വന്നു. ഊഹക്കച്ചവടമേഖലയിലും, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ വായ്പാ മേഖലയിലും ചുവടുറപ്പിച്ച് വിദേശ മാര്‍ക്കറ്റില്‍ കടന്ന് അന്താരാഷ്ട്ര ബാങ്കായി മാറാനാണ് ശ്രദ്ധയൂന്നിയത്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്, SBI യെ കടത്തിവെട്ടി ഒന്നാം റാങ്കു നേടാന്‍ പോകുന്ന ബാങ്ക് എന്നൊക്കെയായിരുന്നു പ്രചരണം. വിവിധ വിദേശ ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റു കമ്പനികളുമായി ചേര്‍ന്ന് ഇന്‍ഷ്വറന്‍സ്, മൂച്ച്വല്‍ ഫണ്ട്, ഓഹരി ബിസിനസ്സുകള്‍ക്കായി സബ്‌സിഡിയറികളാരംഭിച്ചു. അതിനായി ചില ചെറുകിട വിദേശ ബാങ്കുകള്‍തന്നെ ഏറ്റെടുത്തു. ലേമാന്‍ ബ്രദേഴ്സടക്കമുള്ള വന്‍കിട നിക്ഷേപ ബാങ്കുകളുമായി ചേര്‍ന്ന് ഡെറിവേറ്റീവ്, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളില്‍ നിക്ഷേപം നടത്തി. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ് ചെയ്ത ഇന്‍ഡ്യയിലെ ഒന്നാമത്തെ ബാങ്കിംഗ് കമ്പനിയായി. ഇന്‍ഡ്യയുടെ ഒന്നാമത്തെ അന്താരാഷ്ട്ര ബാങ്കെന്നായിരുന്നു പരസ്യങ്ങളിലുടെയുള്ള അവകാശവാദം. ഒപ്പം ദേശീയ ബാങ്ക് വഹിക്കേണ്ട എല്ലാ ധര്‍മങ്ങളും തങ്ങള്‍ നിര്‍വ്വഹിക്കുന്നുണ്ടെന്നും അവകാശപ്പെട്ടു. ഇന്‍ഡ്യന്‍ ബാങ്കുകള്‍, കാര്യക്ഷമതയടക്കം എല്ലാം അര്‍ത്ഥത്തിലും പിന്‍തുടരേണ്ട റോള്‍ മോഡലായി ചൂണ്ടിക്കാട്ടി താരതമ്യം നടത്തി, SBI അടക്കമുള്ള പൊതുമേഖലാ ബാങ്കുകളെ ഇകഴ്ത്തിക്കാണിക്കാനും അധികാരികള്‍ ശ്രമിച്ചിരുന്നു.
സബ്പ്രൈം വായ്പാ കുംഭകോണത്തെതുടര്‍ന്ന് അമേരിക്കയില്‍ വന്‍ ബാങ്കുകള്‍ പൊളിഞ്ഞപ്പോള്‍ ആ നിരയില്‍ കുഴപ്പിത്തിലായവരുടെ കൂട്ടത്തില്‍ ഇന്‍ഡ്യയില്‍നിന്ന് ഈ ബാങ്കിന്റെ പേരുമാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്‍ഡ്യയിലെ ഇടപാടുകാരും കടുത്ത ആശങ്കയിലായി. വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടു. ലിക്വിഡിറ്റി നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് വഴിവിട്ട് സഹായം എത്തിക്കേണ്ട സ്ഥിതിവരെയെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ലോകമാകെ ബാങ്ക് തകര്‍ന്ന കഥ ജനങ്ങളോട് വിവരിച്ച രാഷ്ട്രീയ കക്ഷികള്‍ ഇന്‍ഡ്യയില്‍ ബാങ്കുകള്‍ കുലുങ്ങാതെ നിന്നതില്‍ അഭിമാനംകൊണ്ടു. പലരും അതിനു കാരണം ‘ഞമ്മളാണ്’ എന്ന് പുരപ്പുറത്തുകയറി പ്രസംഗിക്കുകയും ചെയ്തു. NDA, UPA കക്ഷികളെല്ലാം 1991 നുശേഷം മാറിമാറി ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനുവേണ്ടി നിലകൊണ്ടവരാണ്. പാര്‍ലമെന്റില്‍ ബില്ല് പാസാക്കാന്‍ ശ്രമിച്ചവരാണ്. ഇപ്പോഴത്തെ മന്‍മോഹന്‍സിങ്ങ് സര്‍ക്കാര്‍ അതിനായി വെമ്പല്‍കൊണ്ടു നില്‍ക്കുകയുമാണ്. ഇടതുപക്ഷം കഴിഞ്ഞ ഭരണകാലത്ത് തടസപ്പെടുത്തിയതെല്ലാം ഉടനടി ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്.
സബ്പ്രൈം കുഴപ്പത്തില്‍ കൈപൊള്ളിയശേഷം ICICI ബാങ്കിന്റെ ആദ്യത്തെ ബാലന്‍സ്‌ഷീറ്റ് പുറത്തുവന്നിട്ടുണ്ട്. വിശ്വാസത്തിന്റെ ശക്തി (The power of Belief) എന്ന തലക്കെട്ടോടെയാണ് അത് അവതരിപ്പിച്ചിട്ടുള്ളത്. അതിലെ ശ്രദ്ധേയമായ ചില ഘടകങ്ങള്‍ മാറുന്ന ബാങ്കിംഗ് പാറ്റേണ്‍ ഇന്‍ഡ്യന്‍ സമ്പദ്ഘടനയെ മാത്രമല്ല, മൊത്തം സമൂഹത്തെ ഏതു തരത്തില്‍ ബാധിക്കുമെന്ന സൂചന നല്‍കുന്നുണ്ട്.
ഓഹരി ഉടമകള്‍
ഇന്ന് ICICI ബാങ്കിന്റെ മൊത്തം ഓഹരിയുടെ 27.12 ശതമാനം ഡോയിഷ് ബാങ്ക് ട്രസ്റ്റ് കമ്പനിക്കാണ്. വിദേശ ധനകാര്യസ്ഥാപനങ്ങള്‍, NRI, വിദേശ ബാങ്കുകള്‍, വിദേശ കമ്പനികള്‍, വിദേശ പൌരന്‍മാര്‍ എന്നിവരുടെയെല്ലാം കയ്യിലായി 36.64 ശതമാനം ഓഹരിയുണ്ട്. ഇന്‍ഷ്വറന്‍സ് കമ്പനികളുടെ കൈവശമുള്ള 15.29 ശതമാനം ഓഹരിയില്‍ 9.38 ശതമാനം LICയുടെ കൈവശമുള്ളതു കഴിച്ചാല്‍ ബാക്കി വിദേശ ഇന്‍ഷ്വറന്‍സ് കമ്പനിയുടെതാണ്. ചുരുക്കത്തില്‍ ഏകദേശം 70 ശതമാനം ഓഹരികളും വിദേശ നിയന്ത്രണത്തിലാണ്. വ്യക്തിഗത ഓഹരി കേവലം 8 ശതമാനമാണ്. മൊത്തം ഓഹരിയില്‍ 91.39 ശതമാനവും 50001 ഓ അതില്‍ കൂടുതലോ ഓഹരികള്‍ കൈവശമുള്ളവരാണ്.
സബ്പ്രൈം കുഴപ്പംമുലം വന്ന നഷ്ടം
ലേമാന്‍ ബ്രദേഴ്സിന്റെയും മറ്റും തകര്‍ച്ചയെപ്പറ്റി ഒന്നിലധികം സ്ഥലത്ത് പ്രതിപാദിക്കുന്നുണ്ട്. വിദേശ ഇടപാടില്‍ തങ്ങള്‍ക്ക് വന്ന നഷ്ടത്തെപ്പറ്റിയും പറയുന്നുണ്ട്. icici Bank, UKs mark to market loss on investment made through profit and loss account was Rs. 56 billion............. ICICI Prudential Life Insurance Company Limited incurred a loss of Rs. 7.80 billion in fiscal 2009 compared to Rs. 13.95 billion in fiscal 2008...... The bankruptcy of Lehman Brothers in Sept 2008 led to a rapid deterioration of the global macro economic environment and a sharp moderation in global economic activity. In India, this impact was felt mainly through the trade and capital flow channels എന്നിങ്ങനെ കുഴപ്പത്തെപ്പറ്റി ഒഴുക്കില്‍ പറഞ്ഞു പോകുന്നുവെന്നുമാത്രം. 2008ല്‍ കണ്‍ടിജന്‍സി ചിലവുകള്‍ക്ക് 29.05 ബില്യണ്‍ രുപ മാറ്റിവച്ചത് 2009ല്‍ 38.08 ബില്യണായി വര്‍ദ്ധിച്ചു. അറ്റ ലാഭമാകട്ടെ 2008ല്‍ 41.58 ബില്യണ്‍ ആയിരുന്നത് 37.58 ബില്യണ്‍ ആയി കുറയുകയും ചെയ്തു.
വായ്പാരംഗം
മൊത്തം വായ്പയില്‍ പകുതിയോളം റീട്ടയില്‍ വായ്പകളും ബാക്കി കെമിക്കല്‍, ഇലക്ട്രോണിക്സ്, റോഡ്, ടെലികോം, പവര്‍, സേവനം എന്നിങ്ങനെയുമാണ്. റീട്ടയില്‍ വായ്പയില്‍ പകുതി ഭവനവായ്പയാണ്. ഓട്ടോമോബൈല്‍ ലോണ്‍, കമേഴ്‌സ്യല്‍ ബിസിനസ്, ഇരുചക്രവാഹനവായ്പ, വ്യക്തിഗത വായ്പ, ക്രഡിറ്റ് കാര്‍ഡ് എന്നിങ്ങനെയാണ് റീട്ടയില്‍ വായ്പയുടെ വിഭജനം. വിദ്യാഭ്യാസ വായ്പ, കാര്‍ഷിക വായ്പ എന്നിവ അതിലൊന്നും വരുന്നില്ല. എന്നാല്‍ അത്തരം മേഖലകള്‍ക്ക് നല്‍കേണ്ട വായ്പ സംബന്ധിച്ച് ഒരു പേജ് വരുന്ന ദീര്‍ഘമായ ഒരു വിവരണമുണ്ട്. വായപ നല്‍കിയിട്ടില്ല എന്ന് സാങ്കേതികമായി പറയാന്‍ കഴിയില്ല. റോള്‍ മോഡല്‍ ബാങ്കിന്റെ പ്രതിബദ്ധതയുടെ ആഴം അനുമാനിക്കാന്‍ വിശദീകരണത്തിന്റെ ചുരുക്കം ഉള്‍പ്പെടുത്തുന്നത് സഹായകമായിരിക്കും. അറ്റ വായ്പയുടെ 40 ശതമാനം മുന്‍ഗണനാ മേഖലക്ക് നല്‍കണമെന്നാണ് ആര്‍.ബി.ഐ നിര്‍ദ്ദേശം. ചെറുകിട സ്ഥാപനങ്ങള്‍, കാര്‍ഷിക വായ്പ, ഭക്ഷ്യ, കൃഷി, അനുബന്ധ വ്യവസായങ്ങള്‍, ചെറുകിട ബിസിനസ്, ഭവന വായ്പ എന്നിവ അതില്‍പ്പെടും. ഈ 40 ശതമാനത്തില്‍ 18 ശതമാനം കൃഷിക്കും, ബാക്കി ചെറുകിട സ്ഥാപനങ്ങള്‍, സ്വയം തൊഴില്‍ വിഭാഗം, ഇതര സേവന രംഗം, ചെറുകിട കച്ചവടം, മൈക്രോ ക്രെഡിറ്റ്, വിദ്യാഭ്യാസം, 2 ലക്ഷം വരെ വീടുവച്ച് താമസിക്കാനുള്ള ഭവനവായ്പക്കും നല്‍കണം. 2002 ഏപ്രില്‍ 26ന് ICICI യെ ICICI ബാങ്കിലേക്ക് ലയിപ്പിച്ചപ്പോള്‍ പഴയ ICICI യുടെ വായ്പകള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമല്ലെന്നും പിന്നീടുള്ള ബാങ്കിന്റെ സര്‍ക്കാര്‍ നിബന്ധനകള്‍ കഴിച്ച് വിതരണം ചെയ്യാന്‍ കഴിയുന്ന വായ്പയുടെ തുകയില്‍ 50 ശതമാനം മുന്‍ഗണനാവിഭാഗ വായ്പക്ക് നീക്കിവക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചു. മുന്‍ഗണനാ വായ്പ മൊത്തം വായ്പയുടെ 40 ശതമാനമാകുന്നതുവരെ ഇത് തുടരണമെന്നും നിര്‍ദ്ദേശിച്ചു. മുന്‍ഗണനാ വായ്പയിലെ സബ്‌ടാര്‍ജറ്റുകളെല്ലാം ICICI ബാങ്കിന് ബാധകമാണ്.
ഇങ്ങനെ നല്‍കേണ്ട വായ്പയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വികസന ബാങ്കുകളായ നബാര്‍ഡ്, സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ, നാഷണല്‍ ഹൌസിംഗ് ബാങ്ക് എന്നിവയില്‍ നിക്ഷേപിക്കാം. ഈ നിക്ഷേപങ്ങളുടെ ഉയര്‍ന്ന കാലാവധി 7 വര്‍ഷമാണ്. പലിശ മാര്‍ക്കറ്റ് നിരക്കിലും കുറവാണ്. 2009 സാമ്പത്തികവര്‍ഷം ഈ ബോണ്ടുകളിലുള്ള ICICI ബാങ്കിന്റെ മൊത്തം നിക്ഷേപം 60 ബില്യണ്‍ രൂപയാണ്.
അതുപോലെ വായ്പയുടെ 10 ശതമാനം ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടതാണ്. ഇങ്ങനെ നല്‍കേണ്ടതില്‍ കുറവുവന്ന തുക നബാര്‍ഡിന്റെ കീഴിലുള്ള Rural Infrastructure Development Fund ലോ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന ഇതര സാമ്പത്തിക സ്ഥാപനങ്ങളിലോ നിക്ഷേപിക്കേണ്ടതാണ്. ഈ 10 ശതമാനത്തില്‍ ബാങ്ക് നല്‍കിയിട്ടുള്ളത് 1.5 ശതമാനം മാത്രം.
അതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമുള്ള ടാര്‍ജറ്റ് എത്തിയിട്ടില്ല എന്നു പറയാന്‍ കഴിയില്ല. മൊത്തം മുന്‍ഗണനാ വായ്പ 50 ശതമാനം കടന്ന് 50.6 ശതമാനവും അതില്‍ കാര്‍ഷിക വായ്പ 18ന്റെ സ്ഥാനത്ത് 19 ശതമാനവും ആണെന്ന് അവകാശപ്പെടുന്നു.
മൈക്രോ ക്രെഡിറ്റ് സ്ഥാപനങ്ങള്‍ വഴിയും, വികസന ബാങ്കുകളിലും RIDF ലും നിക്ഷേപിച്ചും ടാര്‍ജറ്റ് എത്തിക്കയാണ്. ചെറുകിട, ദുര്‍ബല വിഭാഗങ്ങളെക്കുറിച്ച് സഹതാപപൂര്‍വ്വം സംസാരിക്കുകയും, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നിര്‍വ്വഹിക്കുന്നു എന്ന് പേര്‍ത്തും പേര്‍ത്തും പറയുകയും, ലാഭത്തിന്റെ നേരിയ പങ്ക് ചാരിറ്റി പ്രവര്‍ത്തനത്തിന് മാറ്റിവച്ച് അതിന് നല്‍കിയതിലും കൂടുതല്‍ തുക ചിലവിട്ട് പരസ്യം നല്‍കി സാമൂഹ്യപ്രതിബദ്ധതയുടെ പ്രതീകങ്ങളായി മേനി നടിക്കുകയും ചെയ്യുന്ന കോര്‍പ്പറേറ്റ് ബാങ്കിംഗ് സംസ്കാരം ഇവിടെ പ്രതിഷ്ഠിക്കപ്പെടുകയാണ്.
പ്രതിവര്‍ഷം രണ്ടര കോടിക്കുമേല്‍ ശമ്പളവും അലവന്‍സുകളും കൂടാതെ പെര്‍ഫോര്‍മന്‍സ് ബോണസും, എംപ്ളോയി സ്റ്റോക് ഓപ്‌ഷനും (ഈ വര്‍ഷം ലാഭം കുറഞ്ഞതിനാല്‍ ആര്‍ക്കും ഇതു രണ്ടും നല്‍കിയിട്ടില്ല). വാങ്ങുന്ന എം.ഡി.യും അതിന് ആനുപാതികമായ തുക വാങ്ങുന്ന ചെയര്‍മാനടക്കമുള്ള മുഴുവന്‍സമയ ഡയറക്ടര്‍മാരും, ചീഫ് എക്സിക്യൂട്ടീവുകളും, ആയിരങ്ങള്‍ വരുന്ന സ്ഥിരം ജീവനക്കാരും വന്‍ ചൂഷണത്തിന് വിധേയരായ പതിനായിരങ്ങള്‍ വരുന്ന കോണ്‍ട്രാക്റ്റ് ജീവനക്കാരുമടങ്ങുന്നു ഒരു സഞ്ചയം. കോടതികള്‍ക്കുപോലും unethical എന്ന് വിശേഷിപ്പിക്കേണ്ടിവന്ന, ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുള്ള നിയമവും, വ്യവസ്ഥയും മറികടന്ന് ഇടപാടുകാരോട് സ്വീകരിക്കുന്ന കടന്നുകയറ്റം, അതിനൊപ്പം ഇന്‍ക്ളൂസീവ് ഗ്രോത്തിനെപ്പറ്റി തേനൂറുന്ന, മനംമയക്കുന്ന പ്രഭാഷണങ്ങള്‍.... ഇതാണ് ഈ പരീക്ഷണം നല്‍കുന്ന പാഠം. ഒരു ബാങ്ക് സ്വകാര്യവല്‍ക്കരിച്ച് 7 വര്‍ഷത്തിനുള്ളിലുണ്ടായ രൂപപരിണാമം ഇപ്പോഴും 80 ശതമാനം പൊതുമേഖല നിയന്ത്രിക്കുന്ന ബാങ്കിംഗ് സംവിധാനത്തിനാകെ വന്നുപെട്ടാല്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.
*
എ. സിയാവുദീന്‍
Subscribe to:
Post Comments (Atom)
1 comment:
പ്രതിവര്‍ഷം രണ്ടര കോടിക്കുമേല്‍ ശമ്പളവും അലവന്‍സുകളും കൂടാതെ പെര്‍ഫോര്‍മന്‍സ് ബോണസും, എംപ്ളോയി സ്റ്റോക് ഓപ്‌ഷനും (ഈ വര്‍ഷം ലാഭം കുറഞ്ഞതിനാല്‍ ആര്‍ക്കും ഇതു രണ്ടും നല്‍കിയിട്ടില്ല). വാങ്ങുന്ന എം.ഡി.യും അതിന് ആനുപാതികമായ തുക വാങ്ങുന്ന ചെയര്‍മാനടക്കമുള്ള മുഴുവന്‍സമയ ഡയറക്ടര്‍മാരും, ചീഫ് എക്സിക്യൂട്ടീവുകളും, ആയിരങ്ങള്‍ വരുന്ന സ്ഥിരം ജീവനക്കാരും വന്‍ ചൂഷണത്തിന് വിധേയരായ പതിനായിരങ്ങള്‍ വരുന്ന കോണ്‍ട്രാക്റ്റ് ജീവനക്കാരുമടങ്ങുന്നു ഒരു സഞ്ചയം. കോടതികള്‍ക്കുപോലും unethical എന്ന് വിശേഷിപ്പിക്കേണ്ടിവന്ന, ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചുള്ള നിയമവും, വ്യവസ്ഥയും മറികടന്ന് ഇടപാടുകാരോട് സ്വീകരിക്കുന്ന കടന്നുകയറ്റം, അതിനൊപ്പം ഇന്‍ക്ളൂസീവ് ഗ്രോത്തിനെപ്പറ്റി തേനൂറുന്ന, മനംമയക്കുന്ന പ്രഭാഷണങ്ങള്‍.... ഇതാണ് ഈ പരീക്ഷണം നല്‍കുന്ന പാഠം. ഒരു ബാങ്ക് സ്വകാര്യവല്‍ക്കരിച്ച് 7 വര്‍ഷത്തിനുള്ളിലുണ്ടായ രൂപപരിണാമം ഇപ്പോഴും 80 ശതമാനം പൊതുമേഖല നിയന്ത്രിക്കുന്ന ബാങ്കിംഗ് സംവിധാനത്തിനാകെ വന്നുപെട്ടാല്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം എന്തായിരിക്കുമെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ.
Post a Comment