Sunday, July 19, 2009

മൂലധനപക്ഷ ബജറ്റ്

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിനെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിന്റെയും ചര്‍ച്ചയുടെയും ഘട്ടം കഴിഞ്ഞു. കൂടുതല്‍ ആഴത്തിലുള്ള വിലയിരുത്തലുകളാണ് ഇനി ഉണ്ടാവേണ്ടത്. ആദ്യഘട്ടത്തില്‍ ബജറ്റു പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെയും കണക്കുകളെയും അവകാശവാദങ്ങളെയും ഏതാണ്ടു മുഖവിലയ്ക്കെടുത്തുകൊണ്ടുള്ള വിശകലനം മാത്രമേ സ്വാഭാവികമായും സാദ്ധ്യമാവൂ. കണക്കുകളുടെയും പ്രഖ്യാപനങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാവുന്നതോടെ മാത്രമേ കൂടുതല്‍ വിശദവും വിമര്‍ശനാത്മകവുമായ പരിശോധന സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരം അന്വേഷണം കൂടുതല്‍ ആഴത്തിലേക്കു പോകുന്തോറും മുഖര്‍ജിയുടെ ബജറ്റിന്റെ 'മൂലധനപക്ഷ' സ്വഭാവം സംശയലേശമന്യെ സ്ഥാപിക്കപ്പെടുകയാണു ചെയ്യുന്നത്. ഈ ബജറ്റിനെ കേവലം മൂലധനപക്ഷം എന്നു മാത്രം പറഞ്ഞാല്‍ പോര, വന്‍കിട മൂലധനപക്ഷം, വിദേശ മൂലധനപക്ഷം, ഊഹക്കച്ചവട മൂലധനപക്ഷം എന്നിങ്ങനെ കൂടി വിശേഷിപ്പിക്കേണ്ടതുണ്ട്.

യുപിഎയില്‍നിന്നും മൂലധനപക്ഷത്തെ ഉപേക്ഷിച്ചു ജനപക്ഷത്തുനില്‍ക്കുന്ന ഒരു ബജറ്റ് പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. എന്നാല്‍ ഇത്തവണ തെറ്റായ പ്രതീക്ഷകള്‍ക്കു ചിറകു മുളയ്ക്കാന്‍ പറ്റിയ ചില സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു.

പുതിയ ബജറ്റ് സര്‍വ്വാശ്ളേഷിയായ, അഥവാ ഇന്‍ക്ളൂസീവായ, ഒരു ബജറ്റായിരിക്കും എന്ന മട്ടിലുള്ള ഒരു പ്രചരണം ആഴ്ചകള്‍ക്കുമുമ്പെ ആരംഭിച്ചിരുന്നു. സാമ്പത്തികമാന്ദ്യവും അത് സാധാരണ ജനങ്ങള്‍ക്കുണ്ടാക്കുന്ന അളവറ്റ ദുരിതവും സര്‍ക്കാര്‍ കണക്കിലെടുക്കും എന്നു പലരും പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുപിഎയെ സഹായിച്ച ദരിദ്രരില്‍ ദരിദ്രരായവരെ, അഥവാ ആം ആദ്മിയെ, മുന്‍നിര്‍ത്തിയുള്ള ബജറ്റാണ് എന്നു ധനകാര്യമന്ത്രി അവകാശപ്പെടുകയും ചെയ്തിരുന്നു. അവശരേയും ആലംബഹീനരെയും സഹായിക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാന്‍ പാകത്തിലുള്ള ചില പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടായിരുന്നു എന്നതും വസ്തുതയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് പുതിയ ബജറ്റിനെ ഒരു 'ജനപക്ഷ ബജറ്റ് ' എന്ന മട്ടില്‍ ചിത്രീകരിക്കാന്‍ യുപിഎ അനുകൂല മാധ്യമങ്ങള്‍ തയ്യാറായത്. കാക്കയെ കുളിപ്പിച്ചു കൊക്കാക്കാന്‍ നടത്തിയ ഈ ശ്രമമാണ് ഇപ്പോള്‍ അപഹാസ്യമായിക്കൊണ്ടിരിക്കുന്നത്.

ബജറ്റും ഓഹരിവിപണിയും

പുതിയ ബജറ്റ് മൂലധനപക്ഷത്തല്ല, മറിച്ച് ജനപക്ഷത്താണ് എന്ന തെറ്റിദ്ധാരണ ഉണ്ടാവാന്‍ മറ്റൊരു കാരണം ഇതിനിടെ ഉണ്ടായി. ബജറ്റുപ്രസംഗം തുടങ്ങി ഏറെ വൈകാതെ ഓഹരിവിലകള്‍ കുത്തനെ ഇടിയാനാരംഭിച്ചു. എന്നുമാത്രമല്ല ഒറ്റ ദിവസംകൊണ്ട് ബോംബെ ഓഹരിക്കമ്പോള സൂചികയില്‍ 869 പോയിന്റുകളുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു ബജറ്റുദിവസം ഉണ്ടായ ഏറ്റവും വലിയ വിലത്തകര്‍ച്ചയാണ് അന്നു രേഖപ്പെടുത്തിയത്. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജനുവരി മാസത്തിലും മറ്റും ഉണ്ടായ പ്രതിദിന തകര്‍ച്ചകളെപ്പോലും പിന്നിലാക്കുന്ന ഇടിവാണ് ബജറ്റുദിവസം ഓഹരിവിലകളിലുണ്ടായത്. ഈ തകര്‍ച്ച ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മൂലധനതാല്‍പര്യങ്ങള്‍ക്കു വിരുദ്ധമായതുകൊണ്ടല്ലേ എന്ന ചോദ്യം തികച്ചും സ്വാഭാവികമാണ്. ആഗോളമാന്ദ്യത്തിന്റെ ആഘാതത്തില്‍ പെട്ടു ഞെരിയുന്ന ഊഹക്കച്ചവട മൂലധനത്തിന്റെ അത്യാഗ്രഹത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ ധനമന്ത്രിക്കു കഴിഞ്ഞില്ല എന്നതു വാസ്തവം തന്നെയാണ്. പക്ഷേ, സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തില്‍ പെട്ടു നട്ടംതിരിയുന്ന ഭരണകൂടത്തിനു മൂലധന താല്‍പര്യം സംരക്ഷിക്കാന്‍ ഇതിലപ്പുറം ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നതാണ് സത്യം. ഓഹരിക്കമ്പോളത്തെ മാന്ദ്യത്തിനു മുമ്പുണ്ടായിരുന്ന നിരന്തര വിലപ്പെരുപ്പത്തിന്റെ ഉന്മാദത്തിലേക്കു ഉയര്‍ത്താന്‍ മുഖര്‍ജിക്കെന്നല്ല, അദ്ദേഹത്തേക്കാള്‍ മൂലധന വിധേയത്വം പുലര്‍ത്തുന്ന മന്‍മോഹന്‍സിങ്ങിനെപ്പോലുള്ളവര്‍ക്കായാല്‍പോലും തല്‍ക്കാലം കഴിയില്ല. യഥാര്‍ത്ഥത്തില്‍ ഇതുതന്നെയാണ് വികസിത മുതലാളിത്ത രാജ്യങ്ങളിലെ പോലും ഇന്നത്തെ സ്ഥിതി. അവിടങ്ങളിലും ഭരണകൂടം എത്ര ശ്രമിച്ചിട്ടും ഓഹരിവിപണിയെയോ, ദേശീയോല്‍പാദനത്തെയോ വളര്‍ച്ചയുടെ പാതയിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

യഥാര്‍ത്ഥത്തില്‍ ബജറ്റിനുശേഷം ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ഈ കാര്യം മറയില്ലാതെ വെളിപ്പെടുത്തുകയുണ്ടായി. ഓഹരിവിപണിയിലെ വലിയ തകര്‍ച്ചയാണ് പൂച്ചയെ പുറത്തു ചാടിച്ചത് എന്നുമാത്രം. മൂലധനത്തേയും മൂലധനവിപണിയേയും സഹായിക്കാന്‍ ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധിയാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന കാര്യമാണ് കാര്യകാരണ സഹിതം വ്യക്തമാക്കപ്പെട്ടത്. ബജറ്റ് സായാഹ്നത്തില്‍ ദേശീയ മാധ്യമങ്ങളില്‍ നടന്ന ചര്‍ച്ചകളിലും ഇക്കാര്യം ആവര്‍ത്തിച്ചു സ്ഥാപിക്കപ്പെടുകയുണ്ടായി. സര്‍ക്കാരിനു സാവകാശവും ബലവും കിട്ടുന്ന മുറയ്ക്കു ഊഹക്കച്ചവട മൂലധനത്തിനു പ്രിയപ്പെട്ട ഉദാരവല്‍കരണ നടപടികള്‍ ഏറ്റെടുക്കും എന്ന ഉറപ്പുകിട്ടിയതോടുകൂടി ഓഹരിവിപണികളില്‍ വീണ്ടെടുപ്പു ദൃശ്യമായി എന്നതും ഇവിടെ പ്രസ്താവ്യമാണ്.

ബജറ്റ് എന്തുകൊണ്ട് ജനപക്ഷമല്ല, മറിച്ച് മൂലധനപക്ഷമാണ് എന്ന നിരീക്ഷണത്തെ കൂടുതല്‍ വിശദീകരിക്കുകയാണ് ഇനി വേണ്ടത്. ബജറ്റിനെ നയിക്കുന്ന വികസന പരിപ്രേക്ഷ്യം എന്താണെന്ന കാര്യം സാമ്പത്തിക സര്‍വ്വേയില്‍നിന്നും ബജറ്റ് പ്രസംഗത്തില്‍നിന്നും വ്യക്തമാണ്. മുന്‍കാല യുപിഎ ബജറ്റുകളുടെ ചുവടുപിടിച്ചു ഉദാരവല്‍കരണ - സ്വകാര്യവല്‍കരണ - ആഗോളവല്‍കരണതന്ത്രം തന്നെയാണ് ഇനിയങ്ങോട്ടും ഈ സര്‍ക്കാരിനെ നയിക്കുക. ഈ നിയോലിബറല്‍ നയങ്ങള്‍ മുമ്പു സൃഷ്ടിച്ച പ്രത്യാഘാതങ്ങളില്‍നിന്നും ഒരു പാഠവും ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആഗോള സാമ്പത്തിക തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങളില്‍ ഉണ്ടായ മാറ്റംപോലും ഇന്ത്യയിലെ അധികാരികളുടെ കണ്ണു തുറപ്പിച്ചിട്ടില്ല. മേല്‍പറഞ്ഞ നയങ്ങള്‍ രാജ്യത്ത് തിളങ്ങുന്ന ഇന്ത്യയും പിന്‍തള്ളപ്പെടുന്ന ഭാരതവും തമ്മിലുള്ള ഒരു വൈരുദ്ധ്യത്തെ സൃഷ്ടിച്ചു എന്ന കാര്യം കുപ്രസിദ്ധമാണല്ലോ. ആഗോളവല്‍ക്കരണ കാലത്ത് രാജ്യത്തുണ്ടായ വളര്‍ച്ച നഗരങ്ങളേയും സേവനമേഖലയേയും ഊഹക്കച്ചവടരംഗങ്ങളേയും കേന്ദ്രീകരിച്ചു ഉണ്ടായതാണ്. ഈ വളര്‍ച്ചയില്‍ കൃഷി അനുബന്ധമേഖലകളും ഗ്രാമീണമേഖലയും പൊതുവെ അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. അറുപതുശതമാനം ജനങ്ങള്‍ ഉപജീവനം തേടുന്ന കൃഷിയുടെ ദേശീയോല്‍പാദനത്തിലെ പങ്ക് ഇപ്പോള്‍ കേവലം പതിനേഴു ശതമാനമേ വരൂ എന്നു പറഞ്ഞാല്‍ കാര്യത്തിന്റെ ഗൌരവം വ്യക്തമാണല്ലോ. പരമ്പരാഗത വ്യവസായങ്ങള്‍, ചെറുകിട, കുടില്‍ വ്യവസായങ്ങള്‍, മല്‍സ്യബന്ധനം തുടങ്ങിയ പ്രധാന തൊഴില്‍ മേഖലകളുടെയും ചെറുകിട ഉല്‍പാദകരുടെയും സ്ഥിതി മേല്‍ സൂചിപ്പിച്ചതില്‍നിന്നും ഭിന്നമല്ല. ഉയര്‍ന്ന വളര്‍ച്ചനിരക്കുകളുടെ പ്രഭയില്‍ ഇന്ത്യ തിളങ്ങിയ വര്‍ഷങ്ങളിലും ഏറെ ഭാരതീയരും ആശ്രയിക്കുന്ന ഈ ഉല്‍പാദനത്തുറകള്‍ പിന്‍തള്ളപ്പെടുകയായിരുന്നു. അസമമായ ഈ വളര്‍ച്ചയാണ് രാജ്യത്തെ ഭക്ഷ്യോല്‍പാദനം കുറയാനും ലക്ഷക്കണക്കായ കൃഷിക്കാരുടെ ആത്മഹത്യയ്ക്കും തൊഴിലില്ലായ്മയുടെ കുത്തനെയുള്ള വളര്‍ച്ചയ്ക്കും ഇടയാക്കിയത്.

മേല്‍പറഞ്ഞ പശ്ചാത്തലത്തില്‍ പുതിയ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു വ്യക്തമാവും. ഉദാരവല്‍കരണം, സ്വകാര്യവല്‍കരണം, ആഗോളവല്‍കരണം എന്നിവയുടെ ചട്ടക്കൂട്ടിനുള്ളില്‍ തന്നെ നില്‍ക്കുകയാണ് കേന്ദ്ര ധനമന്ത്രി. ഭരണകൂടം വിവിധ സാമ്പത്തിക തുറകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിനെയാണല്ലോ ഉദാരവല്‍കരണം എന്നു വിശേഷിപ്പിക്കുന്നത്. നേരത്തെ ഉദാരവല്‍കരിച്ച നിയന്ത്രണങ്ങള്‍ വിപരീത പ്രത്യാഘാതങ്ങള്‍ പരിഗണിച്ചു പുനഃസ്ഥാപിക്കും എന്നു ബജറ്റ് ഒരു സ്ഥലത്തും പറയുന്നില്ല. എന്നു മാത്രമല്ല പെട്രോളിയം ഉല്‍പന്നങ്ങള്‍, വളം എന്നീ പരമപ്രധാനമായ മേഖലകളിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഉദാരവല്‍കരിച്ചു അവയെ കമ്പോളത്തിനു വിട്ടുകൊടുക്കും എന്നു പ്രസ്താവിക്കുന്നുണ്ടുതാനും. ഉദാരവല്‍കരണം കടന്നുവരുന്ന ഈ മേഖലകളില്‍ കുത്തകകള്‍ക്കു വലിയ സ്വാധീനമുണ്ട്. സര്‍ക്കാര്‍ രംഗം വിടുന്നതോടെ ഈ നിര്‍ണായകരംഗങ്ങള്‍ കുത്തകകളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാവും. ജനങ്ങളുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ അവഗണിക്കപ്പെടും. വളത്തിന്റെ സബ്‌സിഡി കൃഷിക്കാര്‍ക്കു നേരിട്ടു നല്‍കും എന്ന പ്രഖ്യാപനം വിലകള്‍ നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം ഇനി മുതല്‍ കമ്പനികള്‍ക്കായിരിക്കും എന്നതിന്റെ സൂചനയാണ്.

പൊതുമേഖല + ജനപങ്കാളിത്തം = സ്വകാര്യമേഖല

സ്വകാര്യവല്‍ക്കരണത്തിന്റെ അജണ്ടയും മുന്നോട്ടുതന്നെ എന്നാണ് ബജറ്റ് നല്‍കുന്ന സൂചന. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും ഇന്‍ഷുറന്‍സു മേഖലയുടെയും സ്വകാര്യവല്‍ക്കരണം എങ്ങനെ ആയിരിക്കും എന്നതിന്റെ വിശദാംശങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല എന്നുമാത്രം. 'ജനപങ്കാളിത്തം' എന്ന മറയിട്ടുകൊണ്ടാവും ഇത്തവണ സ്വകാര്യവല്‍ക്കരണത്തെ ആനയിക്കുക എന്ന കാര്യം പക്ഷേ വ്യക്തമായിട്ടുണ്ട്. മൂലധനത്തിന്റെ 49 ശതമാനം വരെ ജനങ്ങളുടെ പങ്കാളിത്തത്തിനു വിട്ടുകൊടുക്കുമത്രെ. "ജനപങ്കാളിത്തം'' കുറച്ചുകൂടി കൂട്ടണം എന്നു ധനമന്ത്രിക്കു തോന്നിയാല്‍ കഴിഞ്ഞു, പൊതുമേഖല സ്വകാര്യമേഖലയായി മാറും. ജനങ്ങളുടെ പൊതുസ്വത്ത് സ്വകാര്യവ്യക്തികളുടെ, അഥവാ സ്വകാര്യ കമ്പനികളുടെ സ്വകാര്യസ്വത്തായി മാറും. നല്ല ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന പൊതുസ്ഥാപനങ്ങളെ എന്തിനു സ്വകാര്യവല്‍കരിക്കണം എന്ന ചോദ്യത്തിനു ധനക്കമ്മി കുറയ്ക്കാന്‍ എന്ന ഉത്തരമാണ് ലഭിക്കുക. ധനക്കമ്മിയുടെ രാഷ്ട്രീയത്തിലേക്കു പിന്നീടു വരാം. അടിസ്ഥാന സൌകര്യ വികസന മേഖലയില്‍ വന്‍ നിക്ഷേപം നടത്താന്‍ കഴിയും എന്നു മന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇതും ഒരുതരം സ്വകാര്യവല്‍ക്കരണ തന്ത്രമാണ്. സ്വകാര്യ - പൊതു (PPP) മാതൃകയിലാവും നിക്ഷേപം നടക്കുക. ഇതിനായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ 60 ശതമാനം വരെ പുനര്‍ വായ്പ നല്‍കാന്‍ ഇന്ത്യാ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സിങ്ങ് കമ്പനിയെ (IIFCL) ചുമതലപ്പെടുത്തിയിരിക്കുകയാണ്.

ഇനി ആഗോളവല്‍ക്കരണത്തിന്റെ കാര്യം എടുത്താലോ? സാധനങ്ങളുടെയും സേവനങ്ങളുടെയും മൂലധനത്തിന്റെയും ഇറക്കുമതിക്കുമേല്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ ഓരോന്നായി എടുത്തു കളഞ്ഞുകൊണ്ടാണ് ഇന്ത്യന്‍ സമ്പദ്ഘടനയെ മുന്‍ സര്‍ക്കാരുകള്‍ ആഗോളവല്‍ക്കരിച്ചത്. ഇറക്കുമതി നിയന്ത്രണങ്ങളുടെ അതിവേഗ ഉദാരവല്‍ക്കരണമാണ് രാജ്യത്തെ കൃഷി അനുബന്ധ മേഖലകളുടെയും വ്യവസായങ്ങളുടെയും നട്ടെല്ലൊടിച്ചത്. ഇറക്കുമതിയുടെയും വിലയിടിവിന്റെയും ഭീഷണിയില്‍ പെട്ടു നട്ടംതിരിയുന്ന ഉല്‍പാദകരെ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രക്ഷിക്കുന്നതിനുള്ള ഒരു പ്രഖ്യാപനവും ബജറ്റില്‍ ഇല്ല. ഉല്‍പന്നങ്ങള്‍ക്ക് വില സ്ഥിരത നല്‍കാന്‍ കമ്പോളത്തില്‍ ഇടപെടുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.

ചുരുക്കത്തില്‍ ആഗോള മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ നവഉദാരവല്‍കരണ നയങ്ങള്‍ ലോകത്താകെ വിമര്‍ശിക്കപ്പെടുകയാണെങ്കിലും അവ ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരും പുതിയ ധനമന്ത്രിയും തയ്യാറല്ല. നവഉദാരവല്‍കരണ നയങ്ങളുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുവേണം ബജറ്റിലെ കണക്കുകളേയും മനസ്സിലാക്കാന്‍. നവഉദാരവല്‍കരണ വാദികളുടെ ധനക്കമ്മിയോടുള്ള സമീപനം കുപ്രസിദ്ധമാണ്. ധനക്കമ്മി വര്‍ദ്ധിക്കുന്നതിനോടു അവര്‍ക്ക് കടുത്ത എതിര്‍പ്പാണ്. കമ്മി നികത്താന്‍ പണം അടിച്ചിറക്കുന്നതിനോട് അവര്‍ക്കു യോജിപ്പില്ല. മാന്ദ്യകാലത്ത് കമ്മിപ്പണം അടിച്ചിറക്കുന്നതില്‍ തെറ്റില്ല എന്ന ഉപദേശം സ്വീകരിക്കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാന്‍ കടം വാങ്ങുന്നതിനാണ് ബജറ്റു നിര്‍ദ്ദേശം. ഈ സാഹചര്യത്തിലാണ് ധനക്കമ്മി 6.8 ശതമാനമായി ഉയരും എന്നു കണക്കാക്കിയിരിക്കുന്നത്.

സാമ്പത്തികമാന്ദ്യവും പണച്ചുരുക്കവും നിലനില്‍ക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ധനക്കമ്മി ഉയരുന്നതില്‍ ആശങ്ക ഉണ്ടാവേണ്ട കാര്യമില്ല. എന്നാല്‍ ധനക്കമ്മി എന്തു കാരണത്താല്‍ ഉയരുന്നു എന്നു പരിശോധിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവുണ്ടാവുന്നതും ചെലവു ഉയരുന്നതും ധനക്കമ്മി വര്‍ധിക്കാന്‍ കാരണമാവാം. മാന്ദ്യകാലത്ത് സര്‍ക്കാരിന്റെ ചെലവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നത് സ്വാഗതാര്‍ഹമാണ്. ദേശീയ തൊഴിലുറപ്പു പദ്ധതി, രാഷ്ട്രീയ കൃഷി വികാസ് യോജന, പശ്ചാത്തല സൌകര്യ വികസനം, ഭാരത് നിര്‍മാണ്‍ തുടങ്ങിയ പരിപാടികള്‍ക്കു കൂടുതല്‍ വകയിരുത്തി ചെലവു ചെയ്താല്‍ ജനങ്ങളുടെ വാങ്ങല്‍ കഴിവും ഡിമാന്റും വര്‍ദ്ധിക്കുകയും അത് വളര്‍ച്ചയ്ക്കു ഉത്തേജകമായി മാറുകയും ചെയ്യും. ആഗോള മാന്ദ്യത്തിന്റെ സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ വിവിധ ഉത്തേജക പാക്കേജുകളിലായി ജനങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ പ്രഖ്യാപിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇന്ത്യയിലെ സര്‍ക്കാരും ഇത്തരമൊരു നീക്കം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ വിശദമായ കണക്കുകള്‍ കാണിക്കുന്നത് കമ്മി വര്‍ദ്ധിച്ചതനുസരിച്ചു ദേശീയ തൊഴിലുറപ്പു പരിപാടിയടക്കമുള്ള ഉത്തേജക പദ്ധതികളുടെ അടങ്കല്‍ വര്‍ദ്ധിച്ചിട്ടില്ല എന്നാണ്. ധനമന്ത്രിയുടെ പ്രസംഗത്തില്‍ വിവിധ പദ്ധതികളുടെ അടങ്കലില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ വര്‍ദ്ധനവുണ്ടായി എന്ന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ അടങ്കലിലടക്കം അദ്ദേഹം അവകാശപ്പെട്ട വര്‍ദ്ധനവ് 2008-09ലെ മതിപ്പു കണക്കുകളുമായി താരതമ്യം ചെയ്തുകൊണ്ട് കണക്കാക്കിയിരിക്കുന്നതാണ്. 2008-09ലെ യഥാര്‍ത്ഥ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ വര്‍ദ്ധനവിന്റെ അവകാശവാദം പൊളിഞ്ഞുവീഴുന്നതു കാണാം. ഗ്രാമീണരുടെ വാങ്ങല്‍ കഴിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പദ്ധതികളുടെ അടങ്കലില്‍ വരുന്ന ഏത് വര്‍ദ്ധനവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ രാജ്യം നേരിടുന്ന മാന്ദ്യത്തെ, വിശേഷിച്ചും കാര്‍ഷികമേഖല നേരിടുന്ന ഉല്‍പാദനചുരുക്കത്തെ, നേരിടാന്‍ ഈ വര്‍ദ്ധനവ് അപര്യാപ്തമാണ് എന്നു മാത്രം. ഓരോ പ്രോജക്ടിന്റെയും കണക്ക് പ്രത്യേകം എടുത്തു പരിശോധിക്കാതെ തന്നെ ഈ കാര്യം വ്യക്തമാക്കാന്‍ കഴിയും. 2008-09ലെ മതിപ്പു കണക്കുകള്‍ പ്രകാരം കേന്ദ്രസര്‍ക്കാരിന്റെ മൊത്തം ചെലവ് 7,50,884 കോടി രൂപയായിരുന്നു. പുതിയ ബജറ്റിലെ മതിപ്പുചെലവ് 10,20,838 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 36 ശതമാനത്തിന്റെ വലിയ വര്‍ദ്ധനവാണ്. എന്നാല്‍ 2008-09ലെ യഥാര്‍ത്ഥ ചെലവ് പരിഗണിക്കുമ്പോഴാണ് വലിയ അവകാശവാദങ്ങളുടെ പൂച്ചു പുറത്താവുന്നത്. 2008-09ലെ യഥാര്‍ത്ഥ ചെലവ് 9,00,953 കോടി രൂപയായിരുന്നു. അതുവെച്ചു നോക്കുമ്പോള്‍ പുതിയ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്ന വര്‍ദ്ധനവ് കേവലം 13 ശതമാനം മാത്രം. ഇതുപോലെ പദ്ധതിച്ചെലവിന്റെ വളര്‍ച്ചനിരക്കുകള്‍ 2008-09ലെ മതിപ്പു കണക്കുകള്‍ക്കുപകരം യഥാര്‍ത്ഥ ചെലവിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ 33 ശതമാനത്തില്‍നിന്നും 15 ശതമാനമായി കുറയുന്നുണ്ട്. ധനക്കമ്മി 6.8 ശതമാനമായി ഉയര്‍ന്നിട്ടും സര്‍ക്കാരിന്റെ മൊത്തം ചെലവില്‍ മാന്ദ്യത്തെ നേരിടാനാവശ്യമായ വര്‍ദ്ധനവ് ഉണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് ആശങ്കാജനകമായ കാര്യം.

ധനക്കമ്മി ഉയര്‍ന്നതിന്റെ കാരണം സര്‍ക്കാരിന്റെ ചെലവിലുള്ള വര്‍ദ്ധനവു മാത്രമല്ല എന്നതാണ് ഈ അവസ്ഥക്കു കാരണം. ധനക്കമ്മി വര്‍ദ്ധിക്കാനുള്ള മറ്റൊരു പ്രധാന കാരണം വരുമാന നഷ്ടമാണ്. മാന്ദ്യം സര്‍ക്കാരിന്റെ പ്രതീക്ഷിത വരുമാനത്തില്‍ കുറവുണ്ടാക്കുന്നത് സ്വാഭാവികമാണ്. ഇതിനു പുറമെയാണ് മുമ്പു പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളില്‍ നിര്‍ദ്ദേശിക്കപ്പെട്ട നികുതി ഇളവുകള്‍ മൂലമുണ്ടായ വരുമാന നഷ്ടം. സാമ്പത്തികമാന്ദ്യത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഒരു വലിയ ഭാഗം നികുതിയിളവുകളായി മാറി എന്നു സാരം. മാന്ദ്യകാലത്ത് നികുതിയിളവുകള്‍ നല്‍കുന്നത് സംരംഭകര്‍ക്കു ഉത്തേജനം നല്‍കും. വിലകള്‍ കുറച്ചു വില്‍പന നടത്തി മാന്ദ്യംമൂലം ഉണ്ടായ ഉപഭോഗച്ചുരുക്കത്തെ നേരിടാന്‍ ഇതു സഹായിക്കും. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്. സര്‍ക്കാരിന്റെ വികസനച്ചെലവുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ജനങ്ങളുടെ വരുമാനവും ചോദനവും വര്‍ദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ ധനക്കമ്മി 3 ശതമാനത്തില്‍ താഴെനിന്നും 6.8 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായിട്ടും സംസ്ഥാനങ്ങളുടെ ധനക്കമ്മി 4 ശതമാനത്തിലധികം ഉയരാന്‍ പാടില്ല എന്നു നിഷ്‌ക്കര്‍ഷിക്കുന്നതിലെ ഔചിത്യരാഹിത്യത്തെക്കുറിച്ചും എടുത്തു പറയേണ്ടതുണ്ട്.

ധനക്കമ്മിയുടെ രാഷ്ട്രീയം

വികസന ആവശ്യങ്ങള്‍ക്കുവേണ്ട പണം കണ്ടെത്തുന്നതിനായി കമ്മിപ്പണം അടിച്ചിറക്കുന്നതും ധനക്കമ്മി വര്‍ദ്ധിപ്പിക്കുന്നതും ഊഹക്കച്ചവട മൂലധനത്തിന് വിശേഷിച്ചും വിദേശ ഓഹരി ഇടപാടു സ്ഥാപനങ്ങള്‍ക്ക് സ്വീകാര്യമല്ല. ധനക്കമ്മി വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാര്‍ കടം വാങ്ങുന്നതും വര്‍ദ്ധിക്കുമെന്നതിനാല്‍ സ്വകാര്യമേഖലയുടെ വായ്പാലഭ്യത കുറയും എന്നതാണ് ഈ എതിര്‍പ്പിനു ഒരു കാരണം. മറ്റൊന്ന് കമ്മി വര്‍ദ്ധിച്ചാല്‍ വിലക്കയറ്റം ഉണ്ടാകും എന്ന ആശങ്കയാണ്. വിലക്കയറ്റത്തെ ഏറെ ഭയക്കുന്നത് ഇന്ത്യന്‍ ഓഹരിവിപണികളില്‍ കടന്നുവരുന്ന വിദേശ ഓഹരി ഇടപാടു സ്ഥാപനങ്ങളാണ്. വിലക്കയറ്റം ഉണ്ടായാല്‍ അത് ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം ഇടിയാന്‍ കാരണമാവാം. വിദേശഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരികളില്‍ നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ ഡോളര്‍മൂല്യം ഇടിയാന്‍ ഇത് വഴിവെയ്ക്കും. ഈ ഭയം നിമിത്തം കമ്മി കൂടുന്നതു കണ്ടാല്‍ വിദേശഫണ്ടുകള്‍ അവരുടെ ഓഹരി വിറ്റു പുറത്തേക്കു കടക്കാന്‍ ശ്രമിക്കും. ഇത് ഓഹരിവിപണികളുടെ തകര്‍ച്ചയ്ക്കും മൂലധന താല്‍പര്യങ്ങളുടെ പരാജയത്തിനും ഇടയാക്കും. ഇതാണ് നവഉദാരവല്‍കരണവാദികളുടെ കമ്മി മാനിയക്കു കാരണം.

കമ്മി ഉയര്‍ത്താന്‍ പാടില്ല എന്നാണെങ്കില്‍ മാന്ദ്യത്തില്‍നിന്നു കരകയറാന്‍ സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുക എന്ന ആഗ്രഹം എങ്ങനെ സാധിക്കും? മാന്ദ്യം ഒഴിവാക്കുക എന്നത് മൂലധനത്തെ സംബന്ധിച്ചും പരമപ്രധാനമാണല്ലോ. സമ്പന്നര്‍ക്കുമേലുള്ള നികുതി വര്‍ദ്ധിപ്പിച്ചു വികസന പ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യമായ പണം കണ്ടെത്തുക എന്ന മാര്‍ഗവും മൂലധനത്തിനു സ്വീകാര്യമല്ല. മാന്ദ്യത്തെ മറികടക്കാന്‍ കൂടുതല്‍ നികുതിയിളവുകളാണ് അവര്‍ യഥാര്‍ത്ഥത്തില്‍ ആവശ്യപ്പെടുന്നത്. മൂലധനത്തെ ബാധിക്കാതെയും കമ്മി വര്‍ദ്ധിക്കാതെയും വരുമാനം കണ്ടെത്താനുള്ള മാര്‍ഗ്ഗം എന്ന നിലയിലാണ് പൊതുമേഖലയുടെ സ്വകാര്യവല്‍കരണം നിര്‍ദ്ദേശിക്കപ്പെടുന്നത്. വിത്തെടുത്തു കുത്തുന്നതിനു സമാനമായ ഈ മാര്‍ഗ്ഗം താല്‍കാലികമായ മുട്ടുശാന്തി മാത്രമാണ്. മുന്‍ തലമുറകള്‍ സ്വരൂപിച്ചുണ്ടാക്കിയ പൊതുസ്വത്തു വിറ്റുതീര്‍ക്കാന്‍ പ്രത്യേകിച്ചു സാമര്‍ത്ഥ്യമൊന്നും വേണ്ട. പക്ഷേ ഏറെക്കാലം വില്‍പന തുടരാനാവില്ല. വില്‍ക്കാന്‍ കൊള്ളാവുന്ന വകയെല്ലാം വിറ്റു തീരുന്നതോടെ നവഉദാരവല്‍കരണവാദികള്‍ കണ്ടുപിടിച്ച ഈ വിഭവസ്രോതസ്സ് അപ്രത്യക്ഷമാവും. കമ്മി വര്‍ദ്ധിക്കാതെ വികസനച്ചെലവുകള്‍ നടത്താന്‍ നിര്‍ദ്ദേശിക്കാവുന്ന മറ്റൊരു മാര്‍ഗ്ഗം നിയന്ത്രിത വിലകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവിലൂടെ ഇതാണ് സര്‍ക്കാര്‍ ചെയ്തത്. സാധാരണ ജനങ്ങള്‍ക്ക് നല്‍കുന്ന സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുന്നതും കമ്മി നിയന്ത്രിക്കാന്‍ സഹായിക്കും. വളത്തിന്റെ രംഗത്തും മറ്റും പുതിയ പരിഷ്കാരങ്ങള്‍ വരുത്തി സബ്‌സിഡി ചെലവു ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ചുരുക്കത്തില്‍ പ്രണബ് കുമാര്‍ മുഖര്‍ജിയുടെ ബജറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന സാമ്പത്തിക ശാസ്‌ത്രവും രാഷ്‌ട്രീയവും ഉദാരവല്‍കരണ - സ്വകാര്യവല്‍കരണ - ആഗോളവല്‍കരണ നയങ്ങളുടേത് തന്നെയാണ്. ആഗോളമാന്ദ്യത്തെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങളുടെ ഭാരം സാധാരണ ജനങ്ങളുടെ ചുമലില്‍ വെയ്ക്കാനും മൂലധനപക്ഷത്തെ പ്രീണിപ്പിക്കുന്നതിനുമാണ് ധനമന്ത്രി ശ്രമിക്കുന്നത്. അതുതന്നെയാണ് ബജറ്റിലെ തന്ത്രം പരാജയപ്പെടും എന്ന ആശങ്കയുടെ അടിസ്ഥാനവും. മാന്ദ്യത്തെ മറികടക്കാന്‍ ജനങ്ങളുടെ വരുമാനവും വാങ്ങല്‍കഴിവും വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്; അല്ലാതെ അവരുടെ പോക്കറ്റുകള്‍ കവരുകയല്ല.

****

ഡോ. കെ എന്‍ ഹരിലാല്‍, കടപ്പാട് : ചിന്ത

2 comments:

വര്‍ക്കേഴ്സ് ഫോറം said...

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യത്തെ ബജറ്റിനെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തലിന്റെയും ചര്‍ച്ചയുടെയും ഘട്ടം കഴിഞ്ഞു. കൂടുതല്‍ ആഴത്തിലുള്ള വിലയിരുത്തലുകളാണ് ഇനി ഉണ്ടാവേണ്ടത്. ആദ്യഘട്ടത്തില്‍ ബജറ്റു പ്രസംഗത്തിലെ പ്രഖ്യാപനങ്ങളെയും കണക്കുകളെയും അവകാശവാദങ്ങളെയും ഏതാണ്ടു മുഖവിലയ്ക്കെടുത്തുകൊണ്ടുള്ള വിശകലനം മാത്രമേ സ്വാഭാവികമായും സാദ്ധ്യമാവൂ. കണക്കുകളുടെയും പ്രഖ്യാപനങ്ങളുടെയും വിശദാംശങ്ങള്‍ ലഭ്യമാവുന്നതോടെ മാത്രമേ കൂടുതല്‍ വിശദവും വിമര്‍ശനാത്മകവുമായ പരിശോധന സാദ്ധ്യമാവുകയുള്ളൂ. ഇപ്രകാരം അന്വേഷണം കൂടുതല്‍ ആഴത്തിലേക്കു പോകുന്തോറും മുഖര്‍ജിയുടെ ബജറ്റിന്റെ 'മൂലധനപക്ഷ' സ്വഭാവം സംശയലേശമന്യെ സ്ഥാപിക്കപ്പെടുകയാണു ചെയ്യുന്നത്. ഈ ബജറ്റിനെ കേവലം മൂലധനപക്ഷം എന്നു മാത്രം പറഞ്ഞാല്‍ പോര, വന്‍കിട മൂലധനപക്ഷം, വിദേശ മൂലധനപക്ഷം, ഊഹക്കച്ചവട മൂലധനപക്ഷം എന്നിങ്ങനെ കൂടി വിശേഷിപ്പിക്കേണ്ടതുണ്ട്.

ഏറ്റവും സാധാരണക്കാര്‍ക്കു പോലും മനസ്സിലാവുന്ന ഭാഷയില്‍ ബജറ്റ് ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗ സമീപനത്തെ തുറന്നു കാട്ടുന്ന കെ എന്‍ ഹരിലാലിന്റെ ലേഖനം

*free* views said...

This is a balanced look on the budget. Much better than the usual cries for more tax cuts, increase in government spending, stock market oriented-ness, help the poor ; everything in one budget. The fact is it is not possible, what is important is the priority government is setting.

This budget is a better budget from the government, I think government realised that the Indian electorate has matured and would like to know what government is doing with the money. The fact is the budget did not play for the stock market, government could have reduced the deficit with more privatization, but Mukherjee chose otherwise. Harilal missed that point, it is always good to appreciate what is good.

It is better for a government to print more money than to borrow at high interest and be always in deficit. Although it is not good for the savers and pensioners, high inflation is anyway going to come with high deficit.

Parties that use Communist in its name also should realise the change in Indian electorate. They should be aware that their crony communism and idiotic politics is not going to earn them any votes. If they accumulate workers and supporters whose relation to communism is only knowing its spelling and all remaining energy is spent in playing parliamentary political circus - then they will see their vote count eroding in next elections.