മഹാ സാമ്രാജ്യങ്ങള്‍ക്കും രാജവംശങ്ങള്‍ക്കും ഉപരിവര്‍ഗത്തിനും മാത്രമല്ല, ഗ്രാമീണ കൂട്ടായ്മകള്‍ക്കും കീഴാള സമൂഹങ്ങള്‍ അടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ചരിത്രവും ഭൂതകാലാനുഭവങ്ങളുമുണ്ട് എന്നത് നവചരിത്രാവബോധം മുന്നോട്ടുവയ്ക്കുന്ന പ്രധാന കാഴ്ചപ്പാടാണ്. ചരിത്രത്തെക്കുറിച്ചുള്ള ഈ പുതുകാഴ്ചപ്പാടിന്റെ വെളിച്ചത്തില്‍ കേരളീയചരിത്രവും നവോത്ഥാനവും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. ബൃഹദ് ആഖ്യാനങ്ങള്‍ക്ക് മാത്രമല്ല ലഘു ആഖ്യാനങ്ങള്‍ക്കും മുഖ്യധാരയ്ക്ക് മാത്രമല്ല, പാര്‍ശ്വവല്‍കൃതര്‍ക്കും ഇടംകിട്ടുമ്പോള്‍ മാത്രമാണ് ചരിത്രം ജനാധിപത്യവല്‍ക്കരിക്കപ്പെടുന്നത്.
കേരളീയ ഗ്രാമഗ്രാമാന്തരങ്ങളില്‍ അരങ്ങേറിയിട്ടുള്ള നിരവധി പോരാട്ടങ്ങളുടെയും ചെറുകിട നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ് കേരളീയ ചരിത്രവും നവോത്ഥാനവും. നാളിതുവരെയുള്ള ചരിത്രനിര്‍മിതി ഉപരിതലത്തില്‍ മാത്രം ഒതുങ്ങിയതിനാല്‍ കീഴ്ത്തട്ടില്‍ നടന്ന നിരവധി ചെറുസമരങ്ങളും നവോത്ഥാന പരിഷ്കരണ പ്രവര്‍ത്തനങ്ങളും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അവ വിസ്മൃതിയില്‍ അകപ്പെടുകയാണ് പതിവ്.
നവോത്ഥാനത്തെപ്പറ്റി പറയുമ്പോള്‍ ഉപരിവര്‍ഗത്തിനിടയില്‍ നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജനസംഖ്യയില്‍ ന്യൂനപക്ഷമായ ആദിവാസികള്‍ അടക്കമുള്ള കീഴാള സമൂഹങ്ങള്‍ക്കിടയില്‍ നടന്ന പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടാറേയില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവോ എന്ന അന്വേഷണങ്ങള്‍പോലും നടത്താതെ മാറ്റിനിര്‍ത്തപ്പെടുകയാണ് പതിവ്.
കേരളത്തിലെ ഒട്ടുമിക്ക ജാതികൂട്ടായ്മകള്‍ക്കിടയിലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒട്ടേറെ പ്രവര്‍ത്തനങ്ങളും പുതുചിന്തകളും മുന്നോട്ടുവച്ച മഹദ്വ്യക്തിത്വങ്ങള്‍ പിറവിയെടുത്തിട്ടുണ്ട്. അവരെ വിലയിരുത്തുവാന്‍ തക്ക അളവുകോലുകള്‍ വികസിപ്പിച്ചെടുക്കാത്തതും നിലവിലുള്ള മാനദണ്ഡങ്ങള്‍ അപര്യാപ്തമായതിനാലും പൊതുമണ്ഡലത്തില്‍ അത്തരം മഹദ് വ്യക്തിത്വങ്ങള്‍ക്ക് ഇടം ലഭിക്കാറില്ല. അവരെ പാരമ്പര്യ 'മൂപ്പന്മാ'രുടെ ഗണത്തില്‍ പെടുത്തുകയാണ് പതിവ്.
അത്തരം പരിഷ്കര്‍ത്താക്കളെപ്പറ്റിയും അവര്‍ പിറവിയെടുത്ത സമൂഹത്തേയും ദേശത്തേയും കുറിച്ചും അന്വേഷണങ്ങള്‍ നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്; നമ്മുടെ ഗ്രാമങ്ങള്‍ ആഗോളഗ്രാമമെന്ന ആഗോളീകരണാനന്തര അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പ്രത്യേകിച്ചും. ഗ്രാമങ്ങളുടെ ചരിത്രവും അവിടങ്ങളിലെ മിത്തുകളും മറ്റുനാട്ടറിവുകളും ആഗോളീകരണത്തിന്റെ ആസുരതയെ ചെറുക്കുവാനുള്ള പോര്‍ച്ചട്ടയാക്കി എങ്ങനെ പരിവര്‍ത്തനപ്പെടുത്താമെന്ന ചിന്തക്ക് ഇന്നേറെ പ്രാധാന്യമുണ്ട്.
നമ്മുടെ ഗ്രാമങ്ങള്‍ക്കെല്ലാം മിത്തും ചരിത്രവും ഇടകലര്‍ന്ന, പൊയ്പോയ കാലത്തിന്റെ പകിട്ടാര്‍ന്ന കഥകള്‍ പറയുവാനുണ്ട്. ചില ഗ്രാമങ്ങള്‍ക്കെങ്കിലും ആയിരത്താണ്ടുകളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീഴുവാന്‍ കഴിയും. ചരിത്രാംശത്തെക്കാള്‍ മിത്തുകള്‍ക്ക് വളക്കുറുള്ള മണ്ണായി അത്തരം പ്രദേശങ്ങള്‍ മാറുക സ്വാഭാവികമാണ്. മിത്തുകളുടെ മുത്തുകളാല്‍ സൃഷ്ടിച്ച പൂര്‍വകാലത്തെ തങ്ങളുടെ വിശ്വാസാചാരങ്ങളുടെ നിര്‍മിതിക്ക് ഉപയോഗിക്കുന്നതുപോലും അപൂര്‍വമല്ല. അവ ആ ഗ്രാമാതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിക്കുകയും അത്തരം ഗ്രാമങ്ങള്‍ വിശ്വാസാചാരങ്ങളുടെ കേന്ദ്രസ്ഥലിയാവുകയും ചെയ്യുന്ന അവസ്ഥയും ഇല്ലാതെയല്ല. ഇതിനേറ്റവും മികച്ച ഉദാഹരണമാണ് വയനാട് ജില്ലയിലെ തിരുനെല്ലി.
തിരുനെല്ലി
വയനാട്ജില്ലയിലെ പ്രമുഖ നഗരമായ മാനന്തവാടിയില്‍നിന്ന് മുപ്പത്തിയൊന്നു കിലോമീറ്റര്‍ അകലെയാണ് തിരുനെല്ലി ഗ്രാമം. തിരുനെല്ലി എന്നത് ഒരു പഞ്ചായത്തിന്റെകൂടി പേരാണ്. കഴിഞ്ഞ മുപ്പത്തിയഞ്ചുവര്‍ഷക്കാലം ഇടതുപക്ഷ ജനാധിപത്യമുന്നണി മാത്രം ഭരിച്ച പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തിലെ കുടക് ജില്ലയും ബ്രഹ്മഗിരി മലകളും കിഴക്കേ അതിരില്‍ കര്‍ണാടക സംസ്ഥാനത്തിന്റെ മൈസൂര്‍ ഡിവിഷനും പടിഞ്ഞാറ് ഭാഗത്ത് മാനന്തവാടി, തവിഞ്ഞാല്‍ (വയനാട് ജില്ല) കൊട്ടിയൂര്‍(കണ്ണുര്‍ ജില്ല) ഗ്രാമപഞ്ചായത്തുകളുമാണ്. ഇതില്‍ ബ്രഹ്മഗിരിയുടെ താഴ്വരയിലുള്ള മനോഹരമായ ഗ്രാമമാണ് തിരുനെല്ലി.
ബ്രഹ്മഗിരിയില്‍നിന്ന് ഉറവയെടുത്ത് കിഴക്കോട്ടൊഴുകുന്ന നദിയാണ് കാളിന്ദി, ബാവലി, കബനി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ബാവലിപ്പുഴ. ഹൈന്ദവ തീര്‍ഥാടന കേന്ദ്രമായ, തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലിക്ഷേത്രവും പുണ്യതീര്‍ഥമെന്ന് വിശ്വസിക്കപ്പെടുന്ന പാപനാശിനിയും തിരുനെല്ലിയിലാണ്.
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കൊടുങ്കാടിന് നടുവില്‍, മലനിരകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തിലേക്ക് എത്തിപ്പെടാന്‍ ഒരു ടാര്‍ റോഡ് മാത്രമാണ് മാര്‍ഗം. പിതൃതര്‍പ്പണത്തിനായും തീര്‍ഥാടകരായും കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ആളുകള്‍ എത്തിച്ചേരുന്ന ഈ ഗ്രാമം ഇന്നും പരിഷ്കൃതിയുടെ പകിട്ടും സൌകര്യങ്ങളും എത്തിച്ചേരാത്ത പ്രദേശമാണ്.
തിരുനെല്ലിക്ഷേത്രത്തിന്റെ മുറ്റത്തുനിന്ന് നോക്കുമ്പോള്‍ ഒരു കോട്ട കെട്ടിയതുപോലെ ചുറ്റും മലനിരകളാണ്. ബ്രഹ്മഗിരി(വടക്ക്)യും നരിനിരങ്ങിമല (തെക്ക്)യും ഉദയഗിരി(കിഴക്ക്) യും കരിമല(പടിഞ്ഞാറ്) യും തിരുനെല്ലിക്ക് ചുറ്റുമുള്ള മലനിരകളാണ്. പ്രാചീനകാലം മുതല്‍തന്നെ കേരളത്തിനു പുറത്തുള്ള പ്രദേശങ്ങളില്‍പോലും പ്രശസ്തിയുണ്ടായിരുന്ന തിരുനെല്ലി ക്ഷേത്രത്തിന് ആയിരം വര്‍ഷത്തിലേറെ പഴക്കമുള്ളതായി കരുതപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ആമലക ഗ്രാമമെന്നുമാണ് സംസ്കൃതകൃതികളില്‍ തിരുനെല്ലിക്ഷേത്രവും തിരുനെല്ലിഗ്രാമവും അറിയപ്പെട്ടിരുന്നത്.
ക്രിസ്തുവര്‍ഷം ആയിരാമാണ്ടിലെ ജൂതശാസനത്തിലൂടെ ലോകപ്രശസ്തനായ ഭാസ്കരരവിവര്‍മയുടെ 37-ാം ഭരണവര്‍ഷത്തിലെ ചെമ്പുപട്ടയം തിരുനെല്ലിയിലെ ആദ്യകാലചരിത്രത്തിലേക്കു വെളിച്ചംപരത്തുന്ന സുപ്രധാന രേഖയാണ്. ഭാസ്കരരവിവര്‍മയുടെ മുന്‍ഗാമിയായ ചേരപെരുമാളായ കുലശേഖര ആഴ്വാര്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാതാവ് (തിരുനെല്ലി പഴമ -മുണ്ടക്കയം ഗോപി). എഡി 962 മുതല്‍ 1020 വരെ മലനാട് ഭരിച്ച ഭാസ്കരരവിവര്‍മന്റെ കാലമായപ്പോഴേക്കും തിരുനെല്ലി ഏറെ പ്രശസ്തമായ പ്രദേശമായി മാറിയതായി രേഖകള്‍ തെളിയിക്കുന്നു.
എഡി 12-13 നുറ്റാണ്ടുകള്‍ക്കിടയില്‍ വിരചിതമായ 'ഉണ്ണിയച്ചി ചരിത'ത്തില്‍ "മല്ലികപോലെ വെളുത്ത നിറമുള്ള വരിനെല്ലും, കഴമയെന്നുപേരായ ചെന്നെല്ലും, മോക്ഷദായിനിയായ തീര്‍ഥനദിയുമുള്ള, പെരിയ വില്ലുധരിച്ച ലക്ഷ്മീകാന്തന്‍ വാഴുന്ന'' തിരുനെല്ലിയെപ്പറ്റി പറയുന്നുണ്ട്. ഉദ്ദണ്ഡശാസ്ത്രികള്‍ രചിച്ച 'കോകില സന്ദേശ'ത്തിലും (കൊല്ലവര്‍ഷം 580-650) തിരുനെല്ലി പരാമര്‍ശവിധേയമാകുന്നു.
തിരുനെല്ലിപോലെ മധ്യകാലകൃതികളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പ്രദേശമാണ് തിരുനെല്ലിക്കടുത്ത തൃശ്ശിലേരി. തിരുനെല്ലിയുടെ തെക്കുകിഴക്കായി കിടക്കുന്ന നരിനിരങ്ങി മലക്കപ്പുറമാണ് തൃശ്ശിലേരി. തിരുനെല്ലി ക്ഷേത്രവുമായി ഏറെ ബന്ധമുള്ള ക്ഷേത്രമാണ് തൃശ്ശിലേരിയിലെ ശ്രീ മഹാദേവക്ഷേത്രം. തിരുനെല്ലിയില്‍നിന്നും മാനന്തവാടിയിലേക്കുള്ള പഴയ ഒരു കാട്ടുപാത തൃശ്ശിലേരി നരിനിരങ്ങിമല വഴിയായിരുന്നുവത്രെ.
തിരുനെല്ലിയുടെ തലയാണ് തൃശ്ശിലേരി എന്നും ആദ്യം അവിടെ കര്‍മം ചെയ്തിട്ട് മാത്രമേ തിരുനെല്ലി ക്ഷേത്രത്തില്‍ എത്താവൂ എന്നും ഹൈന്ദവര്‍ വിശ്വസിക്കുന്നു (സാധുകൃഷ്ണാനന്ദ- തിരുനെല്ലി പുരാണം- പുറം: 33). ഇഴപിരിക്കാനാവാത്ത ബന്ധം തിരുനെല്ലിക്കും തൃശ്ശിലേരിക്കുമുണ്ട്. ചരിത്രത്തിന്റെ വ്യത്യസ്ത ദിശാസന്ധികളില്‍ നടന്ന രാഷ്ട്രീയ-സാമൂഹ്യ സംഭവവികാസങ്ങളില്‍പോലും ഇത് പ്രകടമാണ്.
പ്രാചീനകാലത്ത് ഈ പ്രദേശങ്ങളില്‍ വസിച്ചിരുന്നവരെക്കുറിച്ചുള്ള വ്യക്തമായ രേഖകള്‍ ലഭ്യമല്ലെങ്കിലും പില്‍ക്കാലത്ത് ഹൈന്ദവസമൂഹത്തിന് മേല്‍ക്കൈയുള്ള പ്രദേശമായി മാറി എന്നത് യാഥാര്‍ഥ്യമാണ്. ഇതിനിടയില്‍ ജൈനമതത്തിന് ഈ പ്രദേശത്ത് സ്വാധീനമുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ചില രേഖകള്‍ ലഭിച്ചിട്ടുണ്ട്. സാധു കൃഷ്ണാനന്ദ എഴുതി: "ശ്രാവണ ബലഗോളയില്‍നിന്നും കേവലം നൂറിനടുത്തു കി. മീ. മാത്രം ദൂരമുള്ള വയനാട് ജൈനസംസ്കാരത്തിന്റെ വ്യക്തമായ ഒരു ഭാഗമായി മാറിയതിന്റെ തെളിവാണ് ഇവിടുത്തെ ഇന്നും ആരാധന തുടരുന്ന ജൈനക്ഷേത്രങ്ങളും ജൈന സമൂഹവും. അവരുടെ ഇന്നത്തെ ശക്തികേന്ദ്രങ്ങളില്‍ പ്രമുഖമായ ഒന്നാണ് കര്‍ണാടകത്തിലെ ധര്‍മശാല. ബ്രഹ്മഗിരിയില്‍ ഗുഹാക്ഷേത്രങ്ങള്‍ രൂപംകൊള്ളുന്നതും ഇക്കാലത്താണ്. അതിന്റെ ഭാഗമാണ് തിരുനെല്ലിയില്‍ നിരവധി ഗുഹാക്ഷേത്രങ്ങള്‍ ഇന്നും അവശേഷിക്കുന്നത്. പക്ഷിപാതാളം, മുനിയറ, ഗുണ്ടികാ, ബസവതീര്‍ഥം, യോഗീശ്വരന്‍പീഠം തുടങ്ങിയവ തിരുനെല്ലിയിലെ ഗുഹാക്ഷേത്രങ്ങളാണ്. ചന്ദ്രഗുപ്തന് ശേഷം ബി സി രണ്ടാം നൂറ്റാണ്ടില്‍ സംപ്രതി എന്ന രാജാവ് വ്യാപകമായും ശക്തമായും സംഘടിതമായും ജൈനമതം ഇവിടെ പ്രചരിപ്പിച്ചു എന്നതിനും രേഖകളുണ്ട്. ജൈനമത സന്ന്യാസികള്‍ക്കായി ഗുഹാക്ഷേത്രങ്ങള്‍ സ്ഥാപിച്ചതിന്റെ യശസ്സ് സംപ്രതിയും ഖാരവേലനും ഒരുപോലെ പങ്കിടുന്നു. ബ്രാഹ്മലിപി ഇവരാണ് ഇവിടെ കൊണ്ടുവന്നത്'' (തിരുനെല്ലി പുരാണം പുറം-14)
ആദിവാസികളും തിരുനെല്ലിയും
വയനാട് ജില്ലയില്‍ ഏറ്റവും കുടുതല്‍ ആദിവാസികള്‍ ഉള്ള പഞ്ചായത്ത് തിരുനെല്ലിയാണ്. അടിയാന്‍, പണിയന്‍, കുറിച്യര്‍, മുള്ള കുറുമര്‍ എന്നീ ആദിവാസി വിഭാഗങ്ങള്‍ക്ക് പുറമെ, കര്‍ണാടകത്തില്‍ നിന്നുവന്ന ഇടനാടന്‍ ചെട്ടിമാര്‍, ഉരുദവര്‍ എന്നീ ജാതി വിഭാഗങ്ങളും തിരുനെല്ലിയിലുണ്ട്. ഇവര്‍ ഏത് കാലഘട്ടത്തിലാണ് ഈ പ്രദേശത്ത് അദിവാസമുറപ്പിച്ചത് എന്നത് വ്യക്തമല്ല.
ആദിവാസികളില്‍ അടിയാന്മാരാണ് ജനസംഖ്യയില്‍ ഇവിടെ കൂടുതല്‍. ഇവരുടെ ആചാരവിശേഷങ്ങളില്‍ കാണപ്പെടുന്ന കര്‍ണാടക ദേശസ്വാധീനവും ഭാഷാപരമായ പ്രത്യേകതകളും കണക്കിലെടുക്കുമ്പോള്‍ കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് വന്ന ചെട്ടികളുടെയും ബ്രാഹ്മണരുടെയും കൂടെ എത്തിയവരാകാം അടിയാന്മാര്‍ എന്ന ഊഹത്തിന് ബലമേറുന്നു. അവര്‍ തൃശ്ശിലേരിയിലും തിരുനെല്ലിയിലും മുഖ്യമായും അമ്പലവാസി ജനവിഭാഗങ്ങളുടെ അടിമപ്പണിക്കാരായിരുന്നു. എവിടെയായിരുന്നാലും ചെട്ടിമാര്‍, ഗൌണ്ടന്മാര്‍, അമ്പലവാസി വിഭാഗക്കാരായ മാരാന്മാര്‍, എമ്പ്രാശന്മാര്‍, വാര്യന്മാര്‍, പട്ടന്മാര്‍, നമ്പൂതിരിമാര്‍ തുടങ്ങിയവരുടെ അടിമകളായിട്ടാണ് അധികവും കഴിഞ്ഞുകൂടിയിരുന്നത്..... പണിയരെപ്പോലെതന്നെ വള്ളിയൂര്‍ക്കാവ് ഉത്സവകാലത്ത് അടിയാന്മാരും വില്‍പ്പനക്കെത്തിയിരുന്നു (ഡോ. പി ജി പദ്മിനി, കാട്ടുജീവിതത്തിന്റെ സ്പന്ദനതാളങ്ങള്‍ പുറം-76).
കൊടിയ ചൂഷണത്തിന്റെയും അതിരറ്റ മനുഷ്യാവകാശലംഘനങ്ങളുടെയും ചരിത്രമാണ് ഇവിടുത്തെ ആദിവാസികളുടെ ഭൂതകാലം. സ്വച്ഛന്ദമായ ജീവിതം നയിച്ചിരുന്ന തങ്ങളെ പലവിധ ചതികളില്‍പ്പെടുത്തി അടിമകളാക്കി മാറ്റിയതിനെക്കുറിച്ചുള്ള കരളലിയിക്കുന്ന ഐതിഹ്യങ്ങള്‍ ഇവര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട് (കെ ജെ ബേബിയുടെ 'മാവേലിമന്റ'ത്തിലും പി വത്സലയുടെ 'നെല്ലി'ലും ആദിവാസികള്‍ നേരിട്ട അടിമത്താവസ്ഥയുടെ നേര്‍ചിത്രം കാണാം.)
തിരുനെല്ലിയുടെയും തൃശ്ശിലേരിയുടെയുമെല്ലാം ഭൂതകാലത്തെക്കുറിച്ച് പറയുമ്പോള്‍ പലരും തദ്ദേശീയരില്‍ ഭൂരിപക്ഷമായ ആദിവാസിവിഭാഗങ്ങളെക്കുറിച്ച് മൌനംപാലിക്കുകയാണ് പതിവ്. ഇവരെ പൂര്‍ണമനുഷ്യരായി കരുതിയിരുന്നുവോ എന്നുതന്നെ സംശയമാണ്. വയനാടിന്റെ നാനാഭാഗങ്ങളിലും ആദിവാസികളെ അടിമകളാക്കിയിരുന്നെങ്കിലും അതിന്റെ ക്രൌര്യം ഏറ്റവും കൂടുതല്‍ അരങ്ങേറിയത് തിരുനെല്ലി, തൃശ്ശിലേരി ഭാഗങ്ങളിലാണെന്ന് കാണാം.
പണ്ട് ഒരടിമ നിതാന്ത അടിമത്തമാണ് അനുഭവിച്ചിരുന്നതെങ്കില്‍ പിന്നീടത് ഒരു ജന്മിക്ക് കീഴില്‍ ഒരു വര്‍ഷമെന്ന രീതിയിലേക്ക് മാറി. മാനന്തവാടിക്കടുത്ത വള്ളിയൂര്‍കാവിലെ ഉത്സവനാളിലായിരുന്നു ഈ അടിമകളെ കൈമാറുന്ന ചടങ്ങ് നടന്നിരുന്നത്. 1970 കളുടെ ഒടുവില്‍ മാത്രമാണ് ഈ അടിമക്കച്ചവടം നിര്‍ത്തലാക്കിയത്. അന്നത്തെ അടിമച്ചന്തയെക്കുറിച്ച് ആദിവാസി ഗവേഷകനായ കെ പാനൂര്‍ ഇങ്ങനെയെഴുതി:
"വളളിയൂര്‍കാവിലെ അടിമക്കച്ചവടം നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഒരേര്‍പ്പാടായിരുന്നു എന്നതാണ് സത്യം. മാനന്തവാടിക്കടുത്തുള്ള വള്ളിയൂര്‍കാവില്‍ മീനം ഒന്നാം തീയതി ഉത്സവം തുടങ്ങുന്നു. 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവകാലത്ത് വയനാട്ടിലെ പണിയരും അടിയരും വള്ളൂരമ്മയുടെ മുമ്പാകെ എത്തിച്ചേരുന്നു- വയനാട്ടിലെ ജന്മിമാരും അന്ന് അവിടെ എത്തും. ഓരോ ജന്മിയും ഒരു കൊല്ലക്കാലം അതായത് വള്ളിയൂര്‍കാവിലെ അടുത്തകൊല്ലത്തെ ഉത്സവം തുടങ്ങുന്നതുവരെ തന്റെ വയലില്‍ അടിമജോലി ചെയ്തുകൊള്ളാമെന്ന കരാറിന്മേല്‍ കാലിച്ചന്തയില്‍നിന്ന് കന്നുകാലികളെ തെരഞ്ഞെടുക്കുന്ന മട്ടില്‍, ഒരു കൂട്ടം പണിയരെയും അടിയരെയും അന്നവിടെവച്ച് വള്ളിയൂര്‍കാവിലെ ഭദ്രകാളിയുടെ മുമ്പാകെ അടിമപ്പണം കൊടുത്ത് വിലയ്ക്കെടുക്കുന്നു. വിവാഹം കഴിഞ്ഞവരാണെങ്കില്‍ ആണിന് 10ക. തോതിലും പെണ്ണിന് 5ക. തോതിലും അടിമപ്പണം കൊടുക്കും. വിവാഹം കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് രണ്ടര ക. തോതില്‍ മാത്രമേ വിലയുള്ളൂ. ജന്മിമാര്‍ ഈ ചടങ്ങ് കാവില്‍വച്ച് നടത്തുന്നതിന്റെ കാരണം ഊഹിക്കാവുന്നതേയുള്ളൂ. വള്ളൂരമ്മ ആദിവാസികള്‍ വളരെയേറെ ഭയപ്പെടുന്ന ദേവതയാണ്- അവര്‍ക്ക് ദീനം ഉണ്ടാകുന്നതും സുഖപ്പെടുത്തുന്നതും ഈ ദേവതയാണ്. അതുകൊണ്ട് വള്ളൂരമ്മ സാക്ഷിയായി നടക്കുന്ന കരാര്‍ പാലിക്കേണ്ടത് തങ്ങളുടെ കടമയായി അവര്‍ കരുതുന്നു. പ്രവൃത്തിയില്‍ ഉപേക്ഷ കാണിക്കുകയോ ഒളിച്ചോടിപ്പോവുകയോ ചെയ്താല്‍ ഭദ്രകാളി കോപിക്കുകയും കഠിന രോഗംവരുത്തി ശിക്ഷിക്കുകയും ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. ദേവന്മാരും ജന്മിമാരും തമ്മില്‍ അങ്ങനെയൊരു ധാരണയുണ്ടായിരുന്നു! കഴിഞ്ഞ കാലങ്ങളില്‍ അങ്ങനെ ഒളിച്ചോടിയവരെ പിടിച്ച് തിരിച്ചേല്‍പ്പിക്കാന്‍ പൊലീസുംകൂടി സഹായിച്ചിരുന്നുപോല്‍! ഒരടിമയായാല്‍ ജന്മിയുടെ വയല്‍ക്കരയില്‍ത്തന്നെ കുടുമ്പുകെട്ടി താമസിക്കാനുള്ള സൌകര്യം അനുവദിച്ചുകിട്ടും. അങ്ങനെ വള്ളൂരമ്മയുടെ പ്രീതിക്കുവേണ്ടി എന്നതിലേറെ ജന്മി നല്‍കുന്ന താമസസൌകര്യത്തിനും 'കാടിക്കഞ്ഞി'ക്കുള്ള വകക്കുംവേണ്ടി അവര്‍ അടിമകളായി ജീവിക്കുകയായിരുന്നു ''(കേരളത്തിലെ ആഫ്രിക്ക-പുറം 99).
മുപ്പത്തിയഞ്ചുവര്‍ഷം അടിമപ്പണിയെടുത്ത, അടിമ സമുദായമൂപ്പനും തൃശ്ശിലേരി സ്വദേശിയും ഗദ്ദിക കലാകാരനും ഫോക്ലോര്‍ അക്കാദമി പ്രസിഡന്റുമായിരുന്ന പി കെ കാളന്‍ വള്ളിയൂര്‍കാവിലെ അടിമ വ്യാപാരരീതി ഇങ്ങനെ ഓര്‍ത്തെടുത്തു: "ഉത്സവദിവസം ഞങ്ങള്‍ കുടുംബസമേതം വള്ളിയൂര്‍കാവിലേക്ക് പോകും. ഞങ്ങളുടെ മൂപ്പന്മാരൊക്കെ അവിടെയെത്തിയിട്ടുണ്ടാവും. ഞങ്ങള്‍ വിശാലമായ ക്ഷേത്രമൈതാനത്ത് പായവിരിച്ചും വിരിക്കാതെയും ഇരിക്കും. അപ്പോള്‍ ഓരോ ജന്മിയും ഇടയില്‍ വന്ന് അവര്‍ക്കിഷ്ടപ്പെട്ട തടിമിടുക്കും ആരോഗ്യവുമുള്ളവരെ തെരഞ്ഞെടുക്കും. 'നിങ്ങള്‍ ഞങ്ങളുടെ കൂടെ വാ' എന്നു പറയും. ഒടുവില്‍ മൂപ്പന്മാരുമായി അവര്‍ കരാര്‍ ഉറപ്പിക്കും. തമ്പുരാന്‍ ആരെന്നോ എവിടെയുള്ള ആളെന്നോ നോക്കാതെ ഞങ്ങള്‍ അവരുടെ പിന്നാലെ പോകും. നാല്‍പ്പതും അമ്പതും അടിമകള്‍ ഒരു ജന്മിക്ക് കീഴിലുണ്ടാകും. തമ്പുരാന്റെ വിശാലമായ കൃഷിയിടത്തില്‍ കുടില്‍ കെട്ടാന്‍ അനുവദിക്കില്ല. ഉപയോഗക്ഷമമല്ലാത്ത കാട്ടുപ്രദേശം കാണിച്ചുതരും. ഞങ്ങള്‍ അവിടെ കുടിലുകെട്ടും. കുടിലിനുചുറ്റുമുള്ള കാട് വെട്ടിത്തെളിച്ച് മാവും പിലാവും വാഴയുമെല്ലാം നടും. അവ അല്‍പ്പം വളരുമ്പോള്‍ ഉടമ പറയും: "ഇനി നിങ്ങള്‍ ഇവിടെ താമസിക്കേണ്ട, അക്കരെ കുന്നില്‍ താമസിച്ചോ''എന്ന്. ഞങ്ങള്‍ കുടിലും പരിസരവും വിട്ട് അടുത്ത കാട്ടുപ്രദേശത്തുപോകും. പഴയത് ആവര്‍ത്തിക്കും. ഇങ്ങനെ വഞ്ചനയിലൂടെ കാട് തെളിച്ച് തമ്പുരാന്‍ പാടം വികസിപ്പിച്ചെടുക്കും. (ആഴ്ചവട്ടം -2006, ജനു. 29, 'അടിമനിരോധനത്തിന്റെ മുപ്പത് വര്‍ഷങ്ങള്‍).
വയനാട്ടിലെ അടിമത്തൊഴിലാളിയുടെ ഒരു ദിനം എങ്ങനെയായിരുന്നു എന്ന് തൃശ്ശിലേരിയിലെ മാതൈ മൂപ്പന്‍ എന്ന മുന്‍ അടിമത്തൊഴിലാളി ഓര്‍ത്തെടുക്കുന്നത് ഇങ്ങനെയാണ്: "പുലര്‍ച്ചെ കോഴി കൂവുന്നത് കേട്ടാല്‍ വയലിലെത്തണം. ചെറിയ അസുഖങ്ങളൊന്നും ഇതിന് തടസ്സമല്ല. ഏരുകെട്ടല്‍ (നിലമുഴുതല്‍) ആണെങ്കില്‍ 12 മണിവരെ തുടരും. 12 മണിക്ക് പുരുഷന്മാര്‍ക്ക് രണ്ടുസേര്‍ നെല്ലും സ്ത്രീകള്‍ക്ക് ഒരു സേര്‍ നെല്ലും കൂലിയായി കിട്ടും. അത് കുടിലില്‍കൊണ്ടുപോയി കുത്തി കഞ്ഞിവച്ച് കുടിക്കും. വീണ്ടും വയലിലേക്ക് പണിക്കിറങ്ങും. അല്ലെങ്കില്‍ കാട്വെട്ടി തോട്ടമാക്കാന്‍ കുന്നിന്‍ പ്രദേശങ്ങളിലേക്ക് പോകും. ഇരുട്ടുപരക്കുന്നതുവരെ ജോലി തുടരും. ഉച്ചക്ക് കിട്ടിയ നെല്ലില്‍ ബാക്കിയുള്ളതുകൊണ്ട് (ഉണ്ടെങ്കില്‍) കഞ്ഞിവയ്ക്കും. പലപ്പോഴും പട്ടിണിയായിരിക്കും. രാവിലെ എന്നും മുഴുപ്പട്ടിണിയാണ്. ഭക്ഷണം കഴിക്കാതെയാണ് പണിക്കിറങ്ങുന്നത്. നേരം അല്‍പ്പം വൈകിയാല്‍ തെറി കേള്‍ക്കേണ്ടിവരും. ''(അതേ ദിനപത്രം)
വേതനമായി പണം നല്‍കുന്ന രീതി ഒരിക്കലുമുണ്ടായിരുന്നില്ല. വല്ലിയാണ് (നെല്ല്) നല്‍കിയിരുന്നത്. അതുകൊണ്ട് 'വല്ലിപ്പണി' എന്ന് അടിമത്തൊഴിലിനെ വിളിച്ചിരുന്നു. 'കുണ്ടല്‍പ്പണി' എന്നും പറയാറുണ്ട്. എല്ലാ ദിവസവും കൃത്യമായി വല്ലി നല്‍കുന്ന രീതിയൊന്നും നിലനിന്നിരുന്നില്ല. ഇടിയും തൊഴിയും തെറിയും പതിവായിരുന്നു. അടിമകള്‍ക്ക് നാല്‍ക്കാലികളേക്കാള്‍ ഉയര്‍ന്ന സ്ഥാനം ഒരു കാലത്തും ഉടമകള്‍ നല്‍കിയിരുന്നില്ല. എന്നുമാത്രമല്ല ഒരു കാലത്ത് വില്‍ക്കുവാനും വാങ്ങുവാനും പണയംവയ്ക്കുവാനും പറ്റുന്ന വസ്തുവായിരുന്നു അടിമ. കൈപ്പാടന്‍ എന്ന പണിയനെ സുഭരായ പട്ടര്‍ എട്ടണയ്ക്ക് പണയംവച്ചതിന്റെ രേഖകള്‍ തുക്കിടി മുന്‍സിഫ് കോടതി രേഖകളില്‍ ലഭ്യമാണ്. മാനന്തവാടിയിലെ പ്രമുഖ ജന്മി കുടിയേറ്റക്കാരനായ ഒരു കൃസ്ത്യാനിക്ക് സ്ഥലം വില്‍പ്പന നടത്തിയപ്പോള്‍ ആധാരവ്യവസ്ഥയില്‍ '600 ഏക്കര്‍ സ്ഥലവും 60 ആദിവാസികുടുംബവും' എന്നെഴുതിയതായി കെ ജെ ബേബി പറയുന്നു.
നൂറ്റാണ്ടുകളായി തുടര്‍ന്നുവന്ന ഈ അടിമക്കച്ചവടത്തിനെതിരെ സംഘടിതമായ ആദ്യപ്രതിഷേധമുയര്‍ത്തിയത് കമ്യൂണിസ്റ്റ് പാര്‍ടിയാണ്. 1950കളുടെ ആരംഭത്തിലായിരുന്നു അത്.
"എ കെ ജിയുടെയും കെ എ കേരളീയന്റെയും മുന്‍കൈയില്‍ രൂപീകൃതമായ കര്‍ഷകത്തൊളിലാളി യൂണിയന്‍, നെല്ലിന് പുറമെ ഒരു രൂപ നിത്യക്കൂലിയും വേണമെന്ന് ആവശ്യമുന്നയിച്ചു. പുരുഷന്മാര്‍ക്ക് നല്‍കുന്ന രണ്ടു സേര്‍ മൂന്നു സേറായും സ്ത്രീകളുടെ ഒരു സേര്‍ രണ്ടു സേറായും വര്‍ധിപ്പിക്കുവാന്‍ യൂണിയന്‍ പനമരം സമ്മേളനത്തില്‍ ജന്മിമാരോടാവശ്യപ്പെട്ടു. ഇതിനായി വയനാട്ടിലുടനീളം പ്രചാരണജാഥകളും യോഗങ്ങളും നടത്തി. കമ്യൂണിസ്റ്റ് നേതാവും ആദിവാസി കുറിച്യസമുദായ അംഗവുമായ കെ കെ അണ്ണനും പി ആര്‍ വാര്യരുമായിരുന്നു ഇതിന് നേതൃത്വം നല്‍കിയത് ''(ഒ കെ ജോണി, വയനാട് രേഖകള്‍ 156)
കാലക്രമേണ, ക്ഷയിച്ചുകൊണ്ടിരുന്ന കര്‍ഷകത്തൊഴിലാളി യൂണിയനെ സജീവമാക്കുവാന്‍ പാര്‍ടി കണ്ടെത്തിയത് അന്ന് കര്‍ഷകസംഘം കണ്ണൂര്‍ ഓഫീസ് സെക്രട്ടറിയായിരുന്ന എ വര്‍ഗീസിനെയാണ്. 1966-ല്‍ വര്‍ഗീസ് വടക്കേ വയനാട് താലൂക്ക് സെക്രട്ടറിയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വര്‍ഗീസും സംഘവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അടിമകളാക്കപ്പെട്ട ജനതയില്‍ പ്രതീക്ഷകളുണര്‍ത്തി.
പാര്‍ടിയുടെ നേതൃത്വത്തില്‍ തിരുനെല്ലിയിലും തൃശ്ശിലേരിയിലും ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആദിവാസികളെ അടിമത്താവസ്ഥയില്‍ നിലനിര്‍ത്തി ചൂഷണം ചെയ്തിരുന്ന മര്‍ദക-ജന്മി, ഭൂവുടമകളില്‍ ഇത് അങ്കലാപ്പുകള്‍ സൃഷ്ടിച്ചു. പാര്‍ടി നയിച്ച സമരപ്രവര്‍ത്തനങ്ങള്‍ ഇവിടങ്ങളിലെ മര്‍ദിതരായ ആദിവാസികളില്‍ ആവേശമുണര്‍ത്തി. അവര്‍ പാര്‍ടിക്ക് കീഴില്‍ അണിനിരന്നു. ഈ സംഘടിത മുന്നേറ്റമാണ് പിന്നീട് അടിമത്തം നിരോധിക്കുവാനുള്ള നിയമനിര്‍മാണത്തിലേക്ക് ഭരണകൂടത്തെ എത്തിച്ചത്. 1976ല്‍ അടിമവേല നിര്‍ത്തലാക്കുന്ന ഒരു നിയമം കേരള നിയമസഭ പാസാക്കി. 1977-ഓടെ അടിമത്തം പൂര്‍ണമായും നിരോധിച്ചു.
കമ്യൂണിസ്റ്റ് പാര്‍ടി ആദിവാസികള്‍ക്കിടയില്‍ വേരോട്ടം നേടുന്നത് തിരിച്ചറിഞ്ഞ ശത്രുക്കള്‍ ഇതിനെ തകര്‍ക്കുവാനുള്ള പതിനെട്ടടവും പയറ്റി നോക്കി. അതിവിപ്ളവ വായാടിത്തമായിരുന്നു ഒരു തുരുപ്പു ശീട്ട്. "കമ്യൂണിസ്റ്റ് പാര്‍ടി സമം തലവെട്ട്'' എന്ന സമവാക്യം സൃഷ്ടിച്ചുകൊണ്ട് പാര്‍ടിയില്‍നിന്ന് അനുയായികളെ അകറ്റുവാനുള്ള ശ്രമങ്ങള്‍ നടന്നു. തിരുനെല്ലിയും തൃശ്ശിലേരിയുമായിരുന്നു ഇതിന്റെ ഏറ്റവും പ്രധാന രംഗഭൂമി.
ആദിവാസികള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കീഴില്‍ അണിനിരക്കുവാനുള്ള സാധ്യത എവിടെയൊക്കെ ഉണ്ടാവുന്നുവോ അത് തിരിച്ചറിയുകയും അതിനെ തകര്‍ക്കുകയും ചെയ്യുവാനുള്ള ആസൂത്രിത ശ്രമങ്ങള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്. ആദിവാസികള്‍ നിയമവിധേയ മാര്‍ഗങ്ങളിലൂടെ പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെ ഭീകരസംഘം എന്ന് വരുത്തിത്തീര്‍ക്കുന്നതിനുവേണ്ടി സമീപകാലത്തുപോലും ശ്രമങ്ങള്‍ നടന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തുവാന്‍ കഴിയും. 'അയ്യങ്കാളിപ്പട' നടത്തിയ കലക്ടറെ ബന്ദിയാക്കല്‍ നാടകം മുതല്‍ മുത്തങ്ങാ സമരത്തിന്റെ മറവില്‍ ചില ഗ്രൂപ്പുകള്‍ നടത്തിയ മുതലെടുപ്പുകള്‍ വരെ ഇതിനുദാഹരണമാണ്. ഒ കെ ജോണിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്. "സാമൂഹികാംഗീകാരവും ജനകീയാടിത്തറയുമില്ലാത്ത രാഷ്ട്രീയഭയാര്‍ഥി സംഘങ്ങള്‍ക്കും ചെറുഗ്രൂപ്പുകള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ ഇടം കണ്ടെത്താനുള്ള കുറുക്കുവഴികളായി ആദിവാസി പ്രക്ഷോഭങ്ങള്‍ ഉപയോഗിക്കപ്പെടാറുണ്ട്. തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകള്‍ മാത്രമല്ല, ഇടതുപക്ഷത്തിന്റെ പദാവലികളില്‍ സംസാരിക്കുകയും വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രച്ഛന്നോപാധികളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വ്യക്തികളും സന്നദ്ധ സംഘടനകളും ഈ നിലപാടാണ് പിന്തുടരുന്നത്. ആദിവാസി പ്രക്ഷോഭങ്ങളെ മാത്രമല്ല; സജീവമായ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തെക്കൂടി 'ഹൈജാക്' ചെയ്യുക എന്നതാണ് ഇതിന്റെ ഹിഡന്‍ അജന്‍ഡ. കേരളത്തിലേയും ഇന്ത്യയിലെയും ഇടതുപക്ഷത്തെ നിഷ്കാസനം ചെയ്യുക എന്ന ആഗോള വലതുപക്ഷത്തിന്റെ ശുദ്ധപദ്ധതികളെ പിന്തുണയ്ക്കുന്ന ഇത്തരം അനൌദ്യോഗിക ഏജന്‍സികള്‍ക്കൊപ്പം അണിനിരക്കുന്നത്, സായുധ വിപ്ളവത്തില്‍ കവിഞ്ഞൊന്നും അംഗീകരിക്കില്ലെന്ന് ശഠിച്ചിരുന്ന കേരളത്തിലെ പഴയ തീവ്ര കമ്യൂണിസ്റ്റ് വിപ്ളവകാരികളാണെന്നതാണ് ക്രൂരമായ തമാശ'' (വയനാട് രേഖകള്‍: പുറം:148).
കമ്യൂണിസ്റ്റ് പാര്‍ടി തിരുനെല്ലിയിലും തൃശ്ശിലേരിയിലും സമീപപ്രദേശങ്ങളിലും നടത്തിയ പ്രവര്‍ത്തനങ്ങള്‍ കീഴാള ആദിവാസി വിഭാഗങ്ങളില്‍ ഉണര്‍വും ആവേശവും സൃഷ്ടിക്കുക മാത്രമല്ല, അവര്‍ക്കിടയില്‍ നിന്നുതന്നെ നേതാക്കളെയും പരിഷ്കര്‍ത്താക്കളെയും സൃഷ്ടിക്കുവാന്‍ സഹായകമാവുകയും ചെയ്തു. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്തവിധം ആദിവാസികളില്‍ ആത്മവിശ്വാസവും നേതൃപാടവവും തിരുനെല്ലി പ്രദേശത്തെ ആദിവാസികളില്‍ കാണാം. ചോമമൂപ്പന്‍ മുതല്‍ സികെ ജാനുവരെയുള്ള ആദിവാസി അടിയവിഭാഗത്തില്‍ പെടുന്ന നേതാക്കളെ എടുത്തുപറയേണ്ടതാണ്.
നൂറ്റാണ്ടുകളോളം അടിമത്തമനുഭവിച്ച അടിയസമുദായത്തെ സ്വത്വബോധവും സംഘബോധവുമുള്ളവരാക്കി പാര്‍ടി വളര്‍ത്തിയപ്പോള്‍, തങ്ങളില്‍ അള്ളിപ്പിടിച്ചുകിടക്കുന്ന അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരിച്ചറിയുവാനും അവയെ ചെറുക്കുവാനുമുള്ള ത്വര അവരിലുണ്ടായി. അത്തരം മഹത്തായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹദ്വ്യക്തിത്വമായിരുന്നു 2007നവംബര്‍ 12ന് അന്തരിച്ച പി കെ കാളന്‍.
പി കെ കാളന്റെ പ്രവര്‍ത്തനങ്ങള്‍
താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തെ പിന്നിട്ട നരകപഥത്തില്‍നിന്ന് വിമോചനത്തിന്റെ പാതയിലേക്ക് നയിക്കാന്‍ ശ്രമിച്ച പോരാളിയും അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുകിടന്ന സ്വസമുദായത്തെ പിടിച്ചുയര്‍ത്തിയ പരിഷ്ക്കര്‍ത്താവും ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന 'ഗദ്ദിക' എന്ന കലാരൂപത്തെ പൊതു സമൂഹത്തിന് മുമ്പിലേക്കെത്തിച്ച കലാകാരനും അടിയസമുദായത്തില്‍നിന്ന് പൊതുമണ്ഡലത്തിലിടപെട്ട ആദ്യ വ്യക്തിയുമാണ് പികെ കാളന്‍.
കൊടിയ ചൂഷണവും മര്‍ദന പീഡനങ്ങളും കണ്ടും കൊണ്ടുമാണ് കാളന്‍ തന്റെ ബാല്യം പിന്നിട്ടത്. അക്കാലത്തെ തൃശ്ശിലേരി, തിരുനെല്ലി പ്രദേശങ്ങളിലെ ഏതൊരാദിവാസിയെയുംപോലെ കാളനും കലാലയത്തിന്റെ പടിവാതില്‍ കാണാന്‍ കഴിഞ്ഞിരുന്നില്ല. (16-ാം വയസ്സില്‍, കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള സാക്ഷരതാ ക്ളാസില്‍ പങ്കെടുത്തുകൊണ്ടാണ് അക്ഷരങ്ങളുമായുള്ള അല്‍പ്പബന്ധമെങ്കിലും അദ്ദേഹം സ്ഥാപിച്ചത്). മുപ്പത്തിയഞ്ച് വര്‍ഷത്തോളം അദ്ദേഹം അടിമത്തൊഴിലാളിയായി വിവിധ ജന്മിമാരുടെ പാടത്തും പറമ്പിലും കഠിനാധ്വാനം നടത്തി. തന്റെ മുമ്പിലുള്ള ഏതൊരു ആദിവാസിയുടെയും അവസ്ഥ അക്കാലത്ത് ഇതുതന്നെയായിരുന്നു. ഒരുപക്ഷേ, കാളേട്ടനോളം ദുരിതപര്‍വങ്ങള്‍ താണ്ടിയ മറ്റൊരു കലാകാരന്‍ കേരളത്തിലുണ്ടാവില്ല.
തിരുനെല്ലിയുടെ പരിസരപ്രദേശങ്ങളിലുള്ള ജന്മിമാരാണ് കാളേട്ടനെ അടിമയായി സ്വീകരിച്ചിരുന്നത്. ശൂലപാണിവാര്യര്‍ (കുളിര്‍മാവ്) അനന്തന്‍ കമ്പോണ്ടര്‍ (പ്ളാമൂല), പരമേശ്വരഅയ്യര്‍ (ചിറമൂല), അഗസ്ത്യന്‍ (നിരപ്പാറ), അപ്പുഅയ്യര്‍ സ്വാമി (കൈതവല്ലി) അപ്പയ്യര്‍ പട്ടര്‍ (എടപ്പാടി) മാതുകൊടകന്‍ (കുടകുജില്ലയിലെ വീരകം) ഇവരായിരുന്നു അദ്ദേഹത്തിന്റെ 'ഉടമകള്‍'. ഈ ദുരിതക്കയത്തില്‍നിന്ന് തന്നെ രക്ഷിച്ചത് കമ്യൂണിസ്റ്റ് പാര്‍ടിയാണെന്ന് കാളേട്ടന്‍ എന്നും പറയുമായിരുന്നു.
ആദിവാസികളുടെ വിമോചനത്തിനുവേണ്ടി കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ അദ്ദേഹം നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. 15 വയസ്സിനകം കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധം പുലര്‍ത്തിത്തുടങ്ങിയ കാളേട്ടന്‍ പതിനെട്ടുവയസ്സിനകം സമരങ്ങളില്‍ പങ്കെടുത്തുതുടങ്ങി. ആദിവാസികളുടെ കൂലി സംബന്ധിച്ച സമരങ്ങളിലൂടെയാണ് പാര്‍ടിയില്‍ സജീവമാകുന്നത്. ജന്മിമാര്‍ പുരുഷത്തൊഴിലാളികള്‍ക്ക് മൂന്നു 'മാന'വും സ്ത്രീത്തൊഴിലാളികള്‍ക്ക് 'രണ്ടു മാന'വുമാണ് 'വല്ലി' കൂലിയായി നല്‍കിയിരുന്നത്. ഇത് നാലും മൂന്നും 'മാന'മാക്കി മാറ്റാനായിരുന്നു സമരം. ഇതുകൂടാതെ കൂലിയായി ആണുങ്ങള്‍ക്ക് 75 പൈസയും പെണ്ണുങ്ങള്‍ക്ക് 25 പൈസയും നല്‍കണമെന്നും കാളനും മറ്റു സഖാക്കളും ആവശ്യപ്പെട്ടു. 'കുണ്ടല്‍സമരം' എന്നാണ് ഈ പ്രക്ഷോഭം അറിയപ്പെട്ടിരുന്നത്. നമ്മുടെ സമരചരിത്രങ്ങളില്‍ വേണ്ടത്ര ഇടം കിട്ടാതെപോയ കീഴാള സമരമാണിത്. ഇതിന് നേതൃത്വം നല്‍കിയതാവട്ടെ കമ്യൂണിസ്റ്റ് പാര്‍ടിയും. ആദിവാസി ഭൂസമരങ്ങളിലും കാളേട്ടന്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. (ഒടുവില്‍ അന്ത്യവിശ്രമത്തിനായി തെരഞ്ഞെടുത്ത ഭൂമി അത്തരത്തില്‍ വീണ്ടെടുത്തതാണ്. (ദേശാഭിമാനി വാരിക, 2007 നവം.20)
എക്കാലത്തും പാര്‍ടിയോടൊപ്പം നിന്ന കാളേട്ടന്‍ ആദ്യമായി രൂപംകൊണ്ട വയനാട് ജില്ലാ കൌണ്‍സിലില്‍ അംഗമായിരുന്നു; സി പിഐ എം മുന്‍ തിരുനെല്ലി ലോക്കല്‍ കമ്മിറ്റി അംഗവും. 1996-ല്‍ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായി. മരിക്കുമ്പോള്‍ ആദിവാസി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി അംഗവും ഫോക്ലോര്‍ അക്കാദമി ചെയര്‍മാനുമായിരുന്നു.
സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍
ഔദ്യോഗിക പദവികള്‍ വഹിക്കുന്ന കാലത്തും കാളന്‍ അടിയ സമുദായമൂപ്പനായിരുന്നു. ഔദ്യോഗിക പരിപാടികളുടെ തിരക്കുകള്‍ക്കിടയിലും ഒരു മൂപ്പനെന്ന നിലയിലുള്ള അനുഷ്ഠാന കര്‍മങ്ങളിലും മറ്റും അദ്ദേഹം മുടക്കം കൂടാതെ പങ്കെടുത്തിരുന്നു. മൂപ്പനെന്ന നിലയില്‍ കാളന് സ്വസമുദായം വിലകല്‍പ്പിച്ചിരുന്നു. ഒരര്‍ഥത്തില്‍, അടിയ സമുദായത്തിലെ പരിഷ്കരണ ശ്രമങ്ങള്‍ക്ക് ഈ പദവി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശിലേരിയിലെയും തിരുനെല്ലിയിലെയും മറ്റും അടിയസമുദായത്തിനിടയില്‍ നിലനിനിരുന്ന പല അനാചാരങ്ങളെയും കാളന്‍ നിര്‍ത്തലാക്കുകയുണ്ടായി. ഒരു വര്‍ഷംവരെ കുളിക്കാതിരിക്കുന്ന (കുളിക്കാന്‍ പാടില്ലാത്ത) ചില ചടങ്ങുകള്‍ അടിയാന്മാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇവ നിര്‍ത്തലാക്കിയത് കാളനാണ്. ഇത്തരം അനാചാരങ്ങളെ എതിര്‍ത്തപ്പോള്‍ സ്വസമുദായത്തില്‍നിന്ന് അദ്ദേഹത്തിന് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. രോഗം വന്നാല്‍ മന്ത്രവാദ ചികിത്സയെ മാത്രം ആശ്രയിച്ചിരുന്നവരെ അദ്ദേഹം ആശുപത്രിയില്‍ പോവാന്‍ ഉപദേശിച്ചു. മന്ത്രവാദവുമായി ബന്ധപ്പെട്ട പല അന്ധവിശ്വാസങ്ങളെയും അദ്ദേഹം തുറന്നുകാട്ടുകയുണ്ടായി. പ്രസവവുമായി ബന്ധപ്പെട്ട ചില മന്ത്രവാദപരിപാടിയെക്കുറിച്ച് ഒരു പ്രസംഗത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അകത്ത് ഗര്‍ഭിണിയായ സ്ത്രീ വേദനകൊണ്ട് പുളയുമ്പോള്‍ പുറത്ത്നിന്ന് പാട്ടുപാടും. പാട്ട് ദേവീസ്തുതിയാണ്. പാട്ടില്‍ ദേവി പ്രസവിക്കുന്നതിനെക്കുറിച്ച് പാടുമ്പോള്‍ അകത്തുള്ള ഗര്‍ഭിണി പ്രസവിക്കുമെന്നായിരുന്നു വിശ്വാസം. പണ്ട് കാലത്ത് ഈ സന്ദര്‍ഭത്തില്‍ ചില പച്ചമരുന്നുകള്‍ ഗര്‍ഭിണിയുടെ വയറ്റില്‍ പുരട്ടുമായിരുന്നത്രെ. പുതിയ തലമുറയ്ക്ക് ഈ പച്ചമരുന്നിനെക്കുറിച്ച് അറിയില്ല. അതിനാല്‍ പാട്ടിലെ ദേവി പ്രസവിച്ചാലും അകത്തെ ഗര്‍ഭിണി പ്രസവിക്കില്ല. പച്ചമരുന്നിന്റെ പ്രയോഗമാണ് സുഖപ്രസവ ഹേതുവെന്നും കേവലം പാട്ടുകൊണ്ട് അത് സാധ്യമല്ലെന്നും അതിനാല്‍ പ്രസവവേദനകൊണ്ട് കഷ്ടപ്പെടുന്നവര്‍ ഉടനെ ആശുപത്രിയിലേക്ക് പോകുകയാണ് വേണ്ടതെന്നും കാളന്‍ സമുദായത്തോട് പറഞ്ഞു.ചികിത്സാ സൌകര്യങ്ങളുടെ സാധ്യതയെക്കുറിച്ച് യാതൊരുവിധ വിവരവുമില്ലാതിരുന്ന കാളന്റെ മുന്‍തലമുറ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് അദ്ദേഹം തികച്ചും ബോധവാനായിരുന്നു. കാളന്റെ തന്നെ സഹോദരീ സഹോദരന്മാരുടെ മരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. അതിങ്ങനെയാണ്. "അച്ഛനമ്മമാരുടെ പതിനൊന്നാമത്തെ മകനായാണ് എന്റെ ജനനം. ഒരു പെങ്ങളൊഴികെ ബാക്കി പത്തുപേരും കുട്ടിക്കാലത്തേ മരിച്ചുപോയി. ചിലര്‍ നാലുവയസ്സിന് മുമ്പേ മരിച്ചു. ചിലര്‍ നാലായപ്പോഴേക്കും മരിച്ചു. ഞാന്‍ ജീവിക്കുമെന്ന് അച്ഛനമ്മമാര്‍ക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. എന്റെ ദുര്‍വിധിയെ പേടിച്ച് അവര്‍ ഒരു മന്ത്രവാദിയെക്കണ്ടു. അയാള്‍ ഒരു ഉറുക്കുണ്ടാക്കി എന്റെ കഴുത്തില്‍ കെട്ടി. തിരുനെല്ലിയിലെ ശിവനായിരുന്നു ഞങ്ങളുടെ പരദൈവം. അതോര്‍ത്ത് അച്ഛനമ്മമാര്‍ എനിക്ക് കാളപ്പന്‍ എന്ന പേരിട്ടു (അഭിമുഖം: പി കെ കാളന്‍, ഡി ഡി നമ്പൂതിരി, മാതൃഭൂമി ആഴ്ചപ്പതിപ്പ് -2007 ഡിസം. 2-6)
കാളന്റെ സഹോദരീസഹോദരന്മാര്‍ ചികിത്സ കിട്ടാതെയാവണം മരണപ്പെട്ടത്. ഈ ദുര്യോഗം തന്റെ സമുദായത്തിനിനി ഉണ്ടാവരുതെന്ന ഉറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരിക്കണം. വിദ്യാഭ്യാസമാണ് വിമോചനത്തിന്റെ താക്കോലെന്നും അതിനാല്‍ എല്ലാവരും വിദ്യ അഭ്യസിക്കണമെന്നും അദ്ദേഹം സമുദായത്തെ ഉണര്‍ത്തി.
ഒരു പക്ഷേ, കാളേട്ടന്റെ ഏറ്റവും പ്രധാന സംഭാവന ആദിവാസി ഊരുകളില്‍ രോഗമകറ്റാനും ദുര്‍മൂര്‍ത്തികളെ ആട്ടിയോടിക്കുവാനും മറ്റും നടത്തിയിരുന്ന മാന്ത്രിക കര്‍മമായ ഗദ്ദികയെ ഒരു നാടന്‍ കലാരൂപമെന്ന നിലക്ക് പരിഭാഷപ്പെടുത്തി പൊതുവേദിയില്‍ എത്തിച്ചു എന്നതാണ്. തന്റെ സമുദായത്തോട് പൊതുധാരയിലേക്ക് വരാനുള്ള ആഹ്വാനം നല്‍കാന്‍ അവരുടെ ഭാഷയിലുള്ള ഗദ്ദികയാണ് ഏറ്റവും അനുയോജ്യമായ മാധ്യമമെന്ന് അദ്ദേഹം വിശ്വസിച്ചു. പൊതുവേദിയില്‍ ഗദ്ദിക അവതരിപ്പിക്കുമ്പോള്‍ അതില്‍ സാമൂഹ്യവിമര്‍ശം ഉള്‍പ്പെടുത്താന്‍ അദ്ദേഹം മറന്നിരുന്നില്ല. ഗദ്ദിക എന്ന പാരമ്പര്യകലാരൂപത്തെ പഴയരൂപത്തിലല്ല, പുതുക്കി പണിത പുതിയ രൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചിരുന്നത്. സദസ്സില്‍ ഇരിക്കുന്നവര്‍ക്കനുസരിച്ച് പാട്ടിലും പറയലിലും മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹം മറന്നിരുന്നില്ല. 2003ല്‍ കല്‍പ്പറ്റയില്‍ ഡിവൈ എഫ് ഐ സംഘടിപ്പിച്ച വറുതി പ്രയാണം പരിപാടിയുടെ ഉദ്ഘാടനയോഗത്തില്‍ ഗദ്ദിക അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ സദസ്സില്‍ ഇരിക്കുന്ന സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കോടിയേരി ബാലകൃഷ്ണനെ ചൂണ്ടി കാളന്‍ പറഞ്ഞു: "നമ്മളെ അടിച്ചു പണിയെടുപ്പിച്ച തമ്പ്രാക്കളുടെ കുലംമുടിച്ച പാര്‍ടിയെ ഞങ്ങ മറക്കില്ല..''
അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ആണ്ടുകിടക്കുന്ന സ്വസമുദായ അംഗങ്ങളോട് അവയില്‍നിന്ന് മുക്തരാവാന്‍ ഗദ്ദികയിലൂടെ അദ്ദേഹം ആഹ്വാനം ചെയ്തു. ഗദ്ദികയെ മാത്രമല്ല , മൂപ്പന്‍ പദവിയെയും പുരോഗമന ആശയം പ്രചരിപ്പിക്കുവാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തി.
നിഷ്ക്കളങ്കരായ ആദിവാസികളെ പലവിധ പ്രലോഭനങ്ങള്‍ നല്‍കി കാവിപുതപ്പിക്കുവാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമങ്ങളെ തടയിടുന്നതില്‍ കാളേട്ടന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ആദിവാസികളെ അടിമക്കച്ചവടം നടത്തിയിരുന്ന വള്ളിയൂര്‍ക്കാവില്‍ വനവാസി സംഗമം സംഘടിപ്പിച്ച് ആദിവാസികളെ ഫാസിസ്റ്റ്വത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തിയ ശ്രമങ്ങളെ രൂക്ഷമായി എതിര്‍ത്തുകൊണ്ട് കാളേട്ടന്‍ മുന്നോട്ടുവരികയുണ്ടായി. 2003ല്‍ നടത്തിയ ഈ വനവാസി സംഗമത്തില്‍ കാളേട്ടന്‍ പങ്കെടുക്കുമെന്ന് ആര്‍എസ്എസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഈ പ്രചാരണം വഴി പരമാവധി ആദിവാസികളെ സംഗമത്തിന് എത്തിക്കുക എന്നതായിരുന്നു ആര്‍എസ്എസ് അജന്‍ഡ. ഇത് തിരിച്ചറിഞ്ഞ കാളേട്ടന്‍ വനവാസിസംഗമത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാണിച്ചുകൊണ്ട് 'ദേശാഭിമാനി' ദിനപത്രത്തില്‍ ലേഖനമെഴുതുകയുണ്ടായി. വനവാസി സംഗമം ആദിവാസികളെ വീണ്ടും അടിമകളാക്കാനുള്ള തന്ത്രമാണെന്ന് അദ്ദേഹം തുറന്നെഴുതി: "കമ്യൂണിസ്റ്റുകാരനായ എന്നെ വിലയ്ക്കുവാങ്ങാന്‍ ആര്‍എസ്എസിന് കഴിയില്ല. അയിത്തവും അടിമത്തവും ചൂഷണവുംമൂലം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആദിവാസി സമൂഹത്തെ മനുഷ്യരാക്കി മാറ്റിയത് കമ്യൂണിസ്റ്റുകാരാണ്. ആദിവാസികളെ വീണ്ടും അടിമകളാക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചെറുക്കും. വിശ്വാസത്തെ ചൂഷണംചെയ്ത് വര്‍ഗീയവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് നീക്കം ആദിവാസികള്‍ തിരിച്ചറിയണം'' (ദേശാഭിമാനി 2003, ജനു.14)
കാളേട്ടന്‍ അടക്കമുള്ള ഒട്ടേറെ ആദിവാസി ഇടതുപക്ഷപ്രവര്‍ത്തകരുടെ പ്രചാരണഫലമായി തിരുനെല്ലിയിലെയും പരിസരപ്രദേശങ്ങളിലെയും ആദിവാസികളെ വശത്താക്കുവാന്‍ സംഘപരിവാറിന് ഇന്നും കഴിഞ്ഞിട്ടില്ല. "ഗോത്രവര്‍ഗാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഹൈന്ദവ ആചാരങ്ങളുമായി സാമ്യമുണ്ടെങ്കിലും ആദിവാസികള്‍ ഹൈന്ദവ വര്‍ഗീയവാദികളല്ല''. (ദേശാഭിമാനി, 2003, ജനു. 14) എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുവാന്‍ മറന്നിരുന്നില്ല.
തിരുനെല്ലിയുടെ വര്‍ത്തമാനം
തിരുനെല്ലി ഇന്ന് ഇക്കോ ടൂറിസത്തിന്റെയും സ്പിരിച്ച്വല്‍ ടൂറിസത്തിന്റെയും മേപ്പില്‍ അടയാളപ്പെടുത്തിയ ഗ്രാമമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ഒരുക്കങ്ങളാണ് ഇന്നവിടെ തകൃതിയായി നടക്കുന്നത്. ഒട്ടേറെ റിസോര്‍ട്ടുകള്‍ തിരുനെല്ലിയില്‍ തുടങ്ങിക്കഴിഞ്ഞു.
തദ്ദേശവാസികളില്‍ ഭൂരിപക്ഷം വരുന്ന ആദിവാസികളുടെ ജീവിതാവസ്ഥക്ക് താളഭംഗങ്ങള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു. പുറമെ നിന്ന് എത്തുന്നവരുടെ 'കാഴ്ചവസ്തുക്കളി'ല്‍ ഒന്നായ ആദിവാസികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലൈംഗിക ചൂഷണമാണ് അതില്‍ മുഖ്യം.
സ്തംഭിച്ചുപോയ ഒരു ഗ്രാമമായി ഒരു പ്രദേശത്തിനും ഇനിമാറി നില്‍ക്കാനാവില്ല. മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ചെയ്യാനാവുക. ആഗോളീകരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും കുത്തൊഴുക്കില്‍ പിടിവള്ളി നഷ്ടപ്പെട്ട് ഒഴുകിപ്പോകാതെ ഒരു തുരുത്തായി തിരുനെല്ലിക്ക് ഇനി മുന്നോട്ടുപോവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.
*
ഡോ. അസീസ് തരുവണ ദേശാഭിമാനി വാരിക
Wednesday, July 22, 2009
തിരുനെല്ലി: ആദിവാസി നവോത്ഥാനത്തിന്റെ പരിഛേദം
Subscribe to:
Post Comments (Atom)
6 comments:
തിരുനെല്ലി ഇന്ന് ഇക്കോ ടൂറിസത്തിന്റെയും സ്പിരിച്ച്വല്‍ ടൂറിസത്തിന്റെയും മേപ്പില്‍ അടയാളപ്പെടുത്തിയ ഗ്രാമമാണ്. സഞ്ചാരികളെ ആകര്‍ഷിക്കുവാനുള്ള ഒരുക്കങ്ങളാണ് ഇന്നവിടെ തകൃതിയായി നടക്കുന്നത്. ഒട്ടേറെ റിസോര്‍ട്ടുകള്‍ തിരുനെല്ലിയില്‍ തുടങ്ങിക്കഴിഞ്ഞു.
തദ്ദേശവാസികളില്‍ ഭൂരിപക്ഷം വരുന്ന ആദിവാസികളുടെ ജീവിതാവസ്ഥക്ക് താളഭംഗങ്ങള്‍ നേരിട്ടുതുടങ്ങിയിരിക്കുന്നു. പുറമെ നിന്ന് എത്തുന്നവരുടെ 'കാഴ്ചവസ്തുക്കളി'ല്‍ ഒന്നായ ആദിവാസികളെ പലവിധ ചൂഷണങ്ങള്‍ക്ക് വിധേയമക്കുന്നതായി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ലൈംഗിക ചൂഷണമാണ് അതില്‍ മുഖ്യം.
സ്തംഭിച്ചുപോയ ഒരു ഗ്രാമമായി ഒരു പ്രദേശത്തിനും ഇനിമാറി നില്‍ക്കാനാവില്ല. മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നതു മാത്രമാണ് ചെയ്യാനാവുക. ആഗോളീകരണത്തിന്റെയും ഉപഭോഗ സംസ്കാരത്തിന്റെയും കുത്തൊഴുക്കില്‍ പിടിവള്ളി നഷ്ടപ്പെട്ട് ഒഴുകിപ്പോകാതെ ഒരു തുരുത്തായി തിരുനെല്ലിക്ക് ഇനി മുന്നോട്ടുപോവാന്‍ കഴിയുമെന്ന് പ്രത്യാശിക്കാം.
kashtam..
ajayaghosh
kashtam? അതല്ലേ ശരിക്കും കഷ്ടം?
പ്രസക്തമായ ഈ ലേഖനം കാണാന്‍ വൈകി. ക്ഷമിക്കുക.
കമ്മ്യൂണിസ്റ്റു പാര്‍ട്ടി(കള്‍) ഏറ്റെടുക്കേണ്ട അടിയന്തിരദൌത്യങ്ങളെക്കുറിച്ചുള്ള ഒരു ചൂണ്ടുപലകയാകാന്‍ ഇതുപോലുള്ള ലേഖനങ്ങള്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.
അഭിവാദ്യങ്ങളോടെ
ആദിവാസികളെക്കുറിച്ചുള്ള ചരിത്രം ആദ്യമായി അറീഞതിന്റെ ഷോക്കായിരിക്കാം അജയനെക്കൊണ്ട് ‘കഷ്ടം’ പറയിച്ചത് ജനശക്തീ..അല്ലേ അജയ്?
good post .
http://korunnimash.blogspot.com/2009/07/9.html
Post a Comment