
ഇതില്‍ നിന്നും 1853-ല്‍ തന്നെ ആദ്യത്തെ തീവണ്ടി ഓടിച്ച ഇന്ത്യ, റെയില്‍വെ ലൈനുകളുടേയും മറ്റു റെയില്‍വെ സ്വത്തുക്കളുടെയും കാര്യത്തില്‍ എത്രമാത്രം പിന്നോക്കമാണെന്ന് വ്യക്തമാകും. റോഡ് / വ്യോമ ഗതാഗതത്തില്‍ നിന്നുമുള്ള കുടുത്ത മത്സരം മൂലം വികസിത രാജ്യങ്ങളില്‍ ക്രമേണ റെയില്‍വെ ഗതാഗതം പിന്തള്ളപ്പെട്ടു. എന്നിരുന്നാലും ഒരു സേവനമെന്ന നിലയില്‍ റെയില്‍വെയുടെ പങ്ക് നിലനിര്‍ത്തപ്പെടുകയും ഗവ. സബ്സിഡി യോടെ പാസഞ്ചര്‍ ഗതാഗതം പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്തുപോന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലകള്‍ ക്രമാതീതമായി വര്‍ധിക്കുകയും, പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്തതോടെ റെയില്‍വെയുടെ പ്രാധാന്യം വീണ്ടും തിരിച്ചറിയപ്പെട്ടു.

റെയില്‍വെ ട്രാക്ക്, കോച്ചുകള്‍, വാഗണുകള്‍, സ്റ്റേഷനുകള്‍ എന്നിവയടക്കമുള്ള റെയില്‍വെയുടെ ഉടമസ്ഥതകള്‍ ഗവണ്‍മെന്റില്‍ നിലനിര്‍ത്തിക്കൊണ്ട് ഇവയുടെ ഉപയോഗത്തിന് നിശ്ചിത ചാര്‍ജ്ജ് ഈടാക്കി പാസഞ്ചര്‍ / ചരക്ക് കടത്തലിന് യഥേഷ്ടം സ്വകാര്യഓപ്പറേറ്റിങ് കമ്പനികളെ അനുവദിക്കുക, അതല്ല, ഓരോന്നും വേര്‍തിരിച്ച് വേറെ വേറെ സ്വകാര്യകമ്പനികളാക്കി നടത്തുക എന്നീ രണ്ട് മാതൃകകളാണ് സ്വകാര്യവല്‍ക്കരണത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഇതില്‍ രണ്ടാമത്തെ മാതൃക അംഗീകരിച്ച് പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടപ്പാക്കിയ രാജ്യമാണ് ഗ്രേറ്റ് ബ്രിട്ടന്‍.

സ്വകാര്യവല്‍ക്കരണം മൂലമുണ്ടായ കെടുതികള്‍ ഇപ്പോഴും തുടരുകയാണ്. 2008 ജനുവരിയില്‍ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ക്കുള്ള സമയക്രമം അതിക്രമിച്ചതിനെത്തുടര്‍ന്ന് റുഗ്‌ബി, ലിവര്‍പൂള്‍, ഗ്ളാസ്‌ക്കോ എന്നിവിടങ്ങളില്‍ ഗതാഗത സ്തംഭനം രൂക്ഷമായി. തുടര്‍ന്ന് റെയില്‍ റഗുലേറ്റര്‍ നടത്തിയ അന്വേഷണഫലമായി നെറ്റ്വര്‍ക്ക് റെയില്‍വെക്ക് 14 ദശലക്ഷം പവന്‍ പിഴയിട്ടു. സ്വകാര്യവല്‍ക്കരണത്തിന്റെ ഫലമായി കാര്യക്ഷമതയില്‍ 35 ശതമാനം ഇടിവുണ്ടായതായി കണക്കാക്കപ്പെടുന്നു. ചെലവാകട്ടെ ട്രാക്ക് മെയിന്റനന്‍സിന് മാത്രം 95-96-ല്‍ 3 ബില്യണ്‍ പവന്‍ ചിലവിട്ട സ്ഥാനത്ത് 2003-2004-ല്‍ 6 ബില്യണ്‍ പവനായി ഇരട്ടികണ്ട് വര്‍ധിച്ചു. അപകടങ്ങള്‍ തുടര്‍കഥയായി തുടരുന്നു. അതുകൊണ്ടുതന്നെ റെയില്‍വെ പുനഃസംഘടനയ്ക്കും, പുനഃദേശസാല്‍ക്കരണത്തിനും വേണ്ടിയുള്ള മുറവിളി ശക്തമായിരിക്കുകയാണ്.

ജര്‍മന്‍ റെയില്‍വെ ആകട്ടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ തന്നെ ഉടമസ്ഥതയിലുള്ള പബ്ളിക് ലിമിറ്റഡ് കമ്പനി ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ട്രാക്ക്, ഫ്രൈറ്റ്, യാത്ര ഗതാഗതം എന്നിങ്ങനെ വിഭജിക്കപ്പെട്ടിരുന്നു. പാസഞ്ചര്‍ / ഫ്രൈറ്റ് ഡിവിഷനുകള്‍ ട്രാക്ക് ഡിവിഷന് ട്രാക്ക് ചാര്‍ജ് നല്‍കുന്നു. ഫെഡറല്‍ / മേഖലാ ഗവണ്‍മെന്റുകള്‍ / സ്ഥാപനങ്ങള്‍ യാത്രാ ഗതാഗതത്തിന് സബ്‌സിഡി നല്‍കുന്നു. പ്രൈവറ്റ് / പാസഞ്ചര്‍ ഡിവിഷനുകള്‍, കോച്ചുകള്‍, വാഗണുകള്‍, സ്റേഷനുകള്‍, ഗുഡ് ഷെഡ്ഡുകള്‍ എന്നിവയ്ക്ക് ആവശ്യമായ നിക്ഷേപം നടത്തുന്നു. ട്രാക്ക് ഡിവിഷന്, ട്രാക്ക് മെച്ചപ്പെടുത്തലിനും വിപുലീകരണത്തിനും ഉള്ള നിക്ഷേപം നടത്തുന്നു. പുതിയ ലൈനുകള്‍ക്കും ആവശ്യമായ നിക്ഷേപം ഫെഡറല്‍ ഗവണ്‍മെന്റ് നടത്തുന്നു. ഏതാനും വികസിത രാജ്യങ്ങള്‍ നല്‍കുന്ന വാര്‍ഷിക റെയില്‍വെ സബ്‌സിഡിയുടെ ചിത്രം നോക്കുക. അതാതു റെയില്‍വെകളുടെ റവന്യൂ വരുമാനത്തിന്റെ 40 മുതല്‍ 80 ശതമാനം വരെ അത് വരുമെന്ന് കണക്കാക്കപ്പെടുന്നു.

ഇപ്പോള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ആഗോള ധനപ്രതിസന്ധി മറ്റൊരു തരത്തില്‍ റെയില്‍വെയുടെ കണ്ടെത്തലിന് ഭരണാധികാരികളെ നിര്‍ബന്ധിതരാക്കുകയാണ്. റെയില്‍വെ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യവികസനത്തിന് ഗവണ്‍മെന്റ് മൂലധനം മുടക്കി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും അതുവഴി ചോദനം വര്‍ദ്ധിപ്പിക്കുകയുമാണ് സാമ്പത്തിക വീണ്ടെടുപ്പിനുള്ള ഏക പോംവഴി എന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. അതിന്റെ മികച്ച മാതൃകയാണ് ചൈനീസ് ഗവണ്‍മെന്റിന്റെ നടപടി. 2008 ഒക്ടോബറില്‍ 2009-2020 വര്‍ഷങ്ങളിലേക്കായി 292 ബില്യന്‍ ഡോളറിന്റെ കൂറ്റന്‍ നിക്ഷേപ പദ്ധതിയാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. അതില്‍ 2006-2010-ലേക്കായി നേരത്തെ വകയിരുത്തിയ 182 ബില്യന്‍ ഡോളറും പെടും. ഇന്നുള്ള 78,000 കിലോമീറ്റര്‍ റെയില്‍പ്പാത 2010-ല്‍ 1,00,000 കിലോമീറ്ററായും 2020 ലേക്ക് 1,20,000 കി.മി. ആയും വര്‍ധിപ്പിക്കാനാണ് പരിപാടി. 1990-2001 കാലഘട്ടത്തിലാവട്ടെ ഓരോ വര്‍ഷവും1092 കി.മി. പുതിയ ലൈനുകള്‍, 837 കി.മി. ഇരട്ട ലൈനുകള്‍, 962 കി.മി. ഇലക്ട്രിഫിക്കേഷന്‍ എന്ന ക്രമത്തിലാണ് ചൈനയില്‍ റെയില്‍വെ വികസനം നടന്നിട്ടുള്ളത്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ 292 ബില്യന്‍ ഡോളറിന്റെ നിക്ഷേപത്തിന് ചൈന തയ്യാറാവുമ്പോള്‍ വര്‍ഷത്തില്‍ 10 ബില്യണ്‍ ഡോളറെങ്കിലും ഇന്ത്യാ ഗവണ്‍മെന്റ് മുടക്കാന്‍ തയ്യാറാവേണ്ടതല്ലേ. എന്നാല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലല്ല ഇല്ലാതാക്കാനാണ് നമ്മുടെ ഗവണ്‍മെന്റ് വ്യഗ്രത കാട്ടുന്നത്. റെയില്‍വേയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒഴിവുകള്‍ നികത്താതെ അവയില്‍ 85,000 തസ്തികകള്‍ വേണ്ടെന്ന് വയ്ക്കുകയും ബാക്കിയുള്ള ഗ്രൂപ്പ് സി, ഡി തസ്തികകളിലേക്കുള്ള നിയമനം മരവിപ്പിക്കുകയുമാണ് റെയില്‍വേ ബോര്‍ഡ് അടുത്തിടെ ചെയ്തിട്ടുള്ളത്.


*
ആര്‍ ജി പിള്ള കടപ്പാട്: സി.ഐ.ടി.യു സന്ദേശം
1 comment:
റെയില്‍വെ ഗതാഗതം ലോകമെങ്ങും ഒരു പുതിയ വീണ്ടെടുപ്പിന്റെ പാതയിലാണിന്ന്. ജനസംഖ്യാനുപാതികമായും, ഭൂവിസ്‌തൃതിപരമായും പരിശോധിച്ചാല്‍ അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ റെയില്‍വെ ശൃംഖലകളാണ് വികസിത രാജ്യങ്ങളിലെല്ലാം ഉള്ളത്. അവ ഏറെക്കുറെ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലോ സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമാണ്. യാത്രാ ഗതാഗതത്തിന്റെയും ചരക്ക് ഗതാഗതത്തിന്റെയും മുഖ്യപങ്ക് നിര്‍വഹിച്ചിരുന്നത് റെയില്‍വെ തന്നെയായിരുന്നുതാനും
Post a Comment