വിസ്മയാവഹമാണ് അടുക്കളയ്‌ക്ക് വന്ന രൂപാന്തരം. പുറത്തായിരുന്നു അടുക്കള. പുകയും കരിയുമായിരുന്നു മുഖമുദ്ര. വേവിച്ച ഭക്ഷണം കഴിച്ചു തുടങ്ങിയതിനുശേഷമാണ് അടുക്കള ഉത്ഭവിക്കുന്നത്. കൃഷി തുടങ്ങുന്നതിനുമുമ്പ് അങ്ങനെയൊരിടത്തെക്കുറിച്ച് ചിന്തിക്കേണ്ടതേ ഇല്ലല്ലോ. ശേഖരിച്ച ഭക്ഷണസാധനവും കഴിക്കുന്ന വായയും തമ്മിലുള്ള അകലം കൂടിക്കൂടി വന്നത് കൃഷിയും അടുക്കളയും തുടങ്ങിയതിനുശേഷം തന്നെ. അടുക്കള മാറിമാറി വരുന്നതിനിടയില്‍ ഇപ്പോള്‍ അതിന്റെ ദൂരം അനേകസഹസ്രം മടങ്ങ് വര്‍ദ്ധിച്ചിട്ടുമുണ്ട്.
ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ അടുക്കളയുടെ സ്വഭാവമെന്തായിരുന്നു? ഊഹിക്കാന്‍ പോലും കഴിയാത്തവിധം അത്രക്ക് വ്യത്യസ്തമായിരുന്നു അടുക്കളകള്‍, ഭക്ഷണവും. 1888 ലാണ് ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തില്‍ ഭക്ഷ്യനവീകരണം ലക്ഷ്യം വെച്ചുള്ള വാവൂട്ട് യോഗം നടന്നത്. സസ്യാഹാര പ്രോത്സാഹനം, സാമ്പാറും മറ്റും കീഴ്‌ജാതിക്കാരുടെ രുചിയുമായി ഇണക്കിച്ചേര്‍ക്കല്‍- ഒരു തരം ബ്രാഹ്മണവല്‍ക്കരണം എന്നു പറയാം. പക്ഷേ ഈഴവശിവനെ പ്രതിഷ്ഠിച്ചതുപോലെ കീഴാളഭക്ഷണം ഏതെന്നു നിര്‍ണയിക്കാനുള്ള അവകാശവും തങ്ങള്‍ക്കാണെന്ന ഒരു പ്രഖ്യാപനവും അതിലുണ്ടായിരുന്നു.
ഏതാണ്ടിതേ കാലത്താണ് ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗമായിരുന്ന അഗസ്റ് ബാബേല്‍ എന്ന തൊഴിലാളി വര്‍ഗപ്രതിനിധി ഭാവിയിലെ അടുക്കളയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത്. പൊതു അടുക്കള എന്ന ആലോചന. എന്തിന് അനേകം അടുക്കളകളിലായി വീട്ടമ്മമാര്‍ വെന്തുരുകണം? അടുക്കളയുടെ സാമൂഹികവല്‍ക്കരണം ജര്‍മനിയില്‍ ബാബേല്‍ മുന്നോട്ടുവെക്കുമ്പോള്‍, കേരളത്തില്‍ തണ്ണീര്‍ മുക്കത്ത് ഉഴുതുമ്മേല്‍ കിട്ടനും കൂട്ടരും മറ്റൊരാശയം മുന്നോട്ടുവെക്കുകയായിരുന്നു. 1875 ലാണത്. പാല്‍ കറക്കാന്‍ മാത്രമല്ല കുടിക്കാനും കീഴ്‌ജാതിക്കാര്‍ക്ക് കഴിയും എന്ന് തെളിയിച്ച ഒരു ചെറുത്ത്നില്‍പ്പായിരുന്നു അത്. സവര്‍ണ്ണര്‍ മാത്രം കഴിച്ചിരുന്ന പാല്‍ അവര്‍ണ്ണര്‍ക്കും കഴിക്കാനാകുമെന്ന് ഉഴുതുമ്മേല്‍ കിട്ടനും കൂട്ടരും തെളിയിച്ച് പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് വാവൂട്ട് യോഗം നടക്കുന്നത്. പതിവുപോലെ തങ്ങള്‍ക്കര്‍ഹതപ്പെട്ട പാല്‍ വാങ്ങാനായി വന്ന സവര്‍ണരുടെ മുഖത്ത് നോക്കി ഒരു പുലര്‍ച്ചക്ക് ഇത് തങ്ങള്‍ക്കും കുടിക്കാനാവും എന്ന് പറയുക മാത്രമല്ല, ഈ പുതിയ ധിക്കാരത്തെ ചോദ്യം ചെയ്ത പ്രമാണിമാര്‍ക്ക് കീഴ്‌ജാതിക്കാരുടെ കൈയ്യിന്റെ ചൂടും കാട്ടിക്കൊടുത്തു അവര്‍.
ഭക്ഷണത്തിന്റെ നവീകരണമെന്നത് കാലത്തിന്റെ ആവശ്യമായിരുന്നു. കാടി കുടിച്ച് പണിക്ക് പോയി വൈകീട്ട് കള്ള്മോന്തി തിരിച്ച് വരുന്ന കര്‍ഷകതൊഴിലാളി, ഫാക്ടറിത്തൊഴിലാളിയായി മാറുമ്പോള്‍ അയാളുടെ ഭക്ഷണക്രമവും മാറിയേ പറ്റൂ. അവിടെയാണ് ചായക്കടകളുടെയും ഹോട്ടലുകളുടെയും ആവിര്‍ഭാവം. സായിപ്പിന്റെ ക്രിക്കറ്റിനൊപ്പം കെയ്ക്കും തലശ്ശേരിയില്‍ പ്രചാരത്തില്‍ ആയത് പത്തൊമ്പതാം നൂറ്റാണ്ടോടെയാണ്. തലശ്ശേരിയിലെ ബേക്കറികള്‍ ദക്ഷിണേന്ത്യക്ക് പുറത്തേക്കും പടര്‍ന്നു പന്തലിച്ചത് അങ്ങിനെയൊക്കെയാണ്. കാടിയും കരിക്കാടിയും പുതിയ ഭക്ഷണക്രമത്തിന് വഴിമാറിയിരുന്നു. നവജാത മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവം സമാന്തരമായി സ്‌ത്രീവിമോചനപരമായ ദൌത്യവും നിറവേറ്റി. അടുക്കളകള്‍ പുറം ചാളകളില്‍ നിന്ന് അകത്തേക്ക് പ്രവേശിച്ചു തുടങ്ങി.
ഇന്ന് അടുക്കളകളുടെ മട്ടും മാതിരിയും മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനകം കൃത്യമായി പറഞ്ഞാല്‍ ഭൂപരിഷ്‌ക്കരണം നടപ്പിലായതിന് ശേഷം അടുക്കളയുടെ ലേ ഔട്ടില്‍ വന്ന രൂപാന്തരം വിസ്‌മയാവഹമാണ്. ജാത്യാടിസ്ഥാനത്തിലുള്ള ഭക്ഷണക്രമവും ആവാസ രീതികളും മാറിത്തീര്‍ന്നതോടെ അടുക്കളകള്‍ ഏറെക്കുറെ സമാനമായി മാറി. ജാതിശ്രേണിയല്ല, സാമ്പത്തികശ്രേണിയാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നുമാത്രം. അപ്പോള്‍ പോലും കാശുള്ളവന്റെ അടുക്കളയുടെ മിനിയേച്ചര്‍ രൂപങ്ങള്‍ തന്നെയായി നിലകൊണ്ടു, അതി ദരിദ്രരല്ലാത്ത ഇടത്തരക്കാരില്‍ താഴെയുള്ളവരുടെ അടുക്കളകളും.
ഉരലും ഉറിയും അപ്രത്യക്ഷമായപ്പോള്‍ മിൿസികള്‍ സാര്‍വ്വത്രികമായി. ഉലക്കകള്‍ക്ക് കാര്യമായി ഒന്നും നിര്‍വ്വഹിക്കാനില്ലാതെ പഴയ വീടുകളില്‍ പൊടിപിടിച്ചു. കരിയടുപ്പുകള്‍ നന്നേ കുറഞ്ഞു വന്നു. ഉള്ളേടങ്ങളില്‍ പോലും പുക കുറഞ്ഞ ഇന്ധന കാര്യക്ഷമതയുള്ള അടുപ്പുകള്‍ മാത്രം. പകരം ഗ്യാസ് സ്റൌ പ്രചുര പ്രചാരത്തിലായി. അടുക്കളകളില്‍ അലമാരകള്‍ നിരന്നു. അതില്‍ അത്രയും നല്ല ഒന്നാന്തരം കണ്ടെയ്‌നറുകള്‍. അവയില്‍ നിന്ന് എത്തിനോക്കി സദാ വീട്ടമ്മയോടും കുട്ടികളോടും സംവദിച്ചുകൊണ്ടിരിക്കുന്ന പരസ്യചിത്രങ്ങള്‍. ബോണ്‍വിറ്റയാകാം, നെസ് ലെയാകാം, ഹോര്‍ലിൿസാകാം, കെല്ലോഗ്‌സാകാം, മെൿഡൊണാള്‍ഡോ, കൊക്കകോളയോ ആകാം. അലമാരകളിലിരുന്നു അവ കാഴ്ചയുടെ നൈരന്തര്യം വഴി സദാ വീട്ടുകാരോട് ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. ടി.വി. പരസ്യങ്ങള്‍ കണ്ടു മടുക്കുമ്പോള്‍ ഓഫാക്കാനാവും. എന്നാല്‍ അലമാരപ്പരസ്യങ്ങള്‍ക്ക് അത്തരമൊരു ഭയമേ വേണ്ട.
വ്യക്തിപരമായ ഒരു അനുഭവം പറയാം. എയര്‍ഫോഴ്‌സില്‍ ഉയര്‍ന്ന പദവിയിലുള്ള ഒരു ആഫീസറുടെ ഭാര്യയാണ് കഥാപാത്രം. സഹപ്രവര്‍ത്തകയായിരുന്ന ആ യുവതി ലീവെടുത്ത് ഭര്‍ത്താവിനോടൊപ്പം കഴിഞ്ഞ് തിരിച്ച് വന്ന് ഒരു സ്വകാര്യദു:ഖം പങ്കിട്ടു. വിഷയം വളരെ ലളിതം. ഭര്‍ത്താവിനൊപ്പം സല്‍ക്കാരങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും പോയാല്‍ കുട്ടി തീന്‍മേശ മര്യാദകള്‍ പാലിക്കാത്തത് പ്രശ്‌നമായിരിക്കുന്നു. മാത്രവുമല്ല ന്യൂഡില്‍സ് ഒട്ടും കഴിക്കുകയുമില്ല. കണ്‍ട്രി ഗേള്‍ എന്ന വിളികേട്ട് മടുത്തിരിക്കുന്നു. കേട്ടപ്പോള്‍ വിഷമം തോന്നി. ഭര്‍ത്താവ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അധിക്ഷേപിക്കുന്നത്. എന്തുചെയ്യാന്‍? എന്നാല്‍ അടുത്ത വെക്കേഷനില്‍ വീണ്ടും ചാണ്ടിഗഢില്‍ പോയി തിരിച്ചു വന്നപ്പോള്‍ ഏറെ സന്തോഷത്തോടെ അവര്‍ പറഞ്ഞത് പ്രശ്നം പരിഹരിച്ചിരിക്കുന്നുവെന്നാണ്. കുട്ടി നൂഡില്‍ സ് കഴിച്ച് തുടങ്ങിയിരിക്കുന്നുവെന്ന്. കാരണമാണ് വിചിത്രം. കളര്‍ ടെലിവിഷന്‍ പ്രചാരത്തിലായി ത്തുടങ്ങിയ കാലമാണ്. മാഗി നൂഡില്‍സിന്റെ പരസ്യ ചിത്രത്തില്‍ ആ തീറ്റ സാധനം വാരിവിഴുങ്ങു ന്ന കുഞ്ഞുങ്ങളുടെ ആക്രാന്തം കണ്ടുകണ്ടു നമ്മുടെ യുവതിയുടെ കുട്ടിക്കും ആ തീറ്റ നന്നായി ബോ ധിച്ചുപോയത്രെ.
ഇതൊരു വ്യക്തിപരമായ അനുഭവം മാത്രമല്ല. തങ്ങളുടേതായ ആഹാരസവിശേഷതകളുള്ള ഒരു ജനതയാണല്ലോ ജാപ്പാനികള്‍. അവരുടെ നടപ്പ് ആഹാരക്രമത്തെ മാറ്റിമറിച്ചുകൊണ്ട് മാൿഡൊണാള്‍ഡ് അവിടെ വേരുപിടിപ്പിച്ചത് പിടിപ്പത് ചെലവ് ചെയ്ത് ഹൈ വോള്‍ട്ടേജ് പ്രചാരണമഴിച്ചുവിട്ടുകൊണ്ടാണ്. അവരുടെ മുദ്രാവാക്യം 'പിള്ളാരെ ചെറുപ്പത്തിലേ പിടി’ ( കാച്ച് ദം യങ്ങ്) എന്നതായിരുന്നു. അതോടൊപ്പം മാൿഡൊണാള്‍ഡിന്റെ ജപ്പാന്‍ തലവന്റെ (കണ്‍ട്രി ചീഫ്) അന്നത്തെ ~ഒരു ആധികാരിക പ്രസ്താവന കൂട്ടിവായിക്കേണ്ടതുണ്ട്. ജപ്പാന്‍കാരുടെ ഉയരം കുറഞ്ഞിരിക്കുന്നതിനും തൊലിക്ക് മഞ്ഞനിറം വരുന്നതിനും കാരണം ആയിരക്കണക്കിന് വര്‍ഷങ്ങളായി അരിയും മീനും തിന്നുന്നത് കൊ ണ്ടാണെന്നും പകരം മാൿഡൊണാള്‍ഡിന്റെ ഹാംബര്‍ഗറും ഉരുളക്കിഴങ്ങ് വറുത്തതും കഴിച്ചാല്‍ അതാകെ മാറ്റിമറിക്കാനാകും എന്നുമാണ് അയാള്‍ പ്രഖ്യാപിച്ചത് !
സ്വന്തം നാട്ടില്‍ സമൃദ്ധിയായി ഉണ്ടാകുന്ന ഇളനീര്‍ വെട്ടിയെടുത്ത് ടൂറിസ്റുകളായ സായിപ്പന്‍മാര്‍ക്ക് കൊടുത്ത് കിട്ടുന്ന കാശുകൊണ്ട് സായിപ്പിന്റെ കൊക്കൊകോള വാങ്ങിക്കഴിക്കുന്ന ഫിലിപ്പിനോവിന്റെ സിന്തറ്റിക് കള്‍ച്ചറിനെക്കുറിച്ച് റെനറ്റോ കോണ്‍സ്റാന്റയിന്‍ നീരീക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് ഇതിന് സമാനമായ ഒരനുഭവമാണ് ഇതിനിടെ കൊച്ചു കരീബിയന്‍ രാജ്യമായ ഗ്വാഡിലൂപ്പിലെ ഒരു പരിസ്ഥിതി പ്രവര്‍ത്തകയും ഗവേഷകയുമായ പമേല ഒബര്‍ട്ടിന്‍ വേദനയോടെ ഓര്‍മ്മിപ്പിച്ചത് (സീഡ്‌ലിങ്ങ് മാസിക) ഗ്വാഡിലൂപ്പിലെ കുട്ടികള്‍ക്ക് തങ്ങളുടെ സ്വന്തം നാട്ടിലെ ഒന്നാം തരം പോഷകമൂല്യങ്ങളുള്ള പഴങ്ങള്‍ കഴിക്കാന്‍ താല്പര്യമില്ലെന്ന് മാത്രമല്ല, അവയില്‍ പലതിന്റെയും പേരുപോലും അറിയുകയുമില്ല. ഇത് ഗ്വാഡിലൂപ്പിന്റെ മാത്രം കാര്യമല്ല. നമ്മുടെ ചക്കക്ക് വന്നുപെട്ട വിപര്യയം ഒന്നു നോക്കുക. കാക്കയും പരുന്തുമാണ് ചക്ക തിന്നു നന്നാവുന്നത്, സഹ്യനിപ്പുറം.
ആഹാരരീതികള്‍ തന്നെ മാറ്റി മറിക്കപ്പെടുകയാണ്. ഇത് ഒന്നോ രണ്ടോ പ്രദേശങ്ങളിലെ അനുഭവങ്ങളല്ല. നൈജീരിയയിലെ പഴയ ഒരു അനുഭവമുണ്ട്. തിനയും കമ്പവും ചോളവും മുത്താറിയുമായിരുന്നു നൈജീരിയക്കാരുടെ മുഖ്യആഹാരം. എന്നാല്‍ കാര്‍ഗിലിന്റെ കൃഷിവികസന ഓഫീസര്‍മാരും മാര്‍ക്കറ്റിങ്ങ് വിഭാഗവും അവിടത്തെ കര്‍ഷകരെ പ്രലോഭിപ്പിച്ചത് എണ്ണക്കുരുക്കളിലേക്ക് മാറാനാണ്. ആദായകരമായ കൃഷിയിലേക്ക് കര്‍ഷകരില്‍ ഏറെയും തിരിഞ്ഞതോടെ, ഭക്ഷ്യധാന്യം കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതി കുറഞ്ഞു വരികയും അമേരിക്കന്‍ ഗോതമ്പ് ഇറക്കുമതി കൂടിവരികയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട നൈജീരിയന്‍ ഗവണ്‍മെന്റ് ഗോതമ്പ് ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. പക്ഷേ ഉടന്‍ വന്നത് അമേരിക്കയുടെ ഉഗ്രശാസനമാണ്. നൈജീരിയയെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന്. ഭയന്നു പോയ നൈജീരിയന്‍ സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ച് തടി സലാമത്താക്കി. ഫലമോ? നൈജീരിയയിലെ വലിയൊരു വിഭാഗം ജനതയുടെ മുഖ്യാഹാരം ഇപ്പോള്‍ പഴയ തിനയും കമ്പവും മുത്താറിയുമല്ല, അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഗിലിന്റെ ഗോതമ്പ് ആണ്.
ലോകത്താകെയുള്ള ഭക്ഷ്യധാന്യക്കച്ചവടത്തിന്റെ നാലില്‍ ഒരു ഭാഗം കൈകാര്യം ചെയ്യുന്ന കമ്പനിയാണ് കാര്‍ഗില്‍. മിക്ക കമ്പനികളും അടുത്ത കാല്‍കൊല്ലത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ കാര്‍ഗില്‍ അടുത്ത നൂറ്റാണ്ടിലേക്കുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത് എന്ന് ഫോര്‍ച്യൂണ്‍ 500 മാസിക വിശേഷിപ്പിച്ചത് വെറുതെയല്ല. ഭക്ഷ്യധാന്യകൃഷിക്ക് പകരം എണ്ണക്കുരു കൃഷി പ്രോത്സാഹിപ്പിച്ച് തങ്ങളുടെ ധാന്യക്കച്ചവടം പൊടിപൊടിക്കുക മാത്രമല്ല, ഭൂമിയുടെ ഉടമസ്ഥത തന്നെ സ്വന്തം വരുതിയിലാക്കുകയാണീ കമ്പനികള്‍.
ബലിസ് ഒരു കൊച്ചുരാജ്യമാണ്. അവിടുത്തെ ആകെ ഭൂവിസ്തൃതി 23 ലക്ഷം ഹെക്ടര്‍ മാത്രം. അതില്‍ 79000 ഹെക്ടര്‍ ഇപ്പോള്‍ കൊക്കോകോളയുടെ കൈവശമാണ്. മഡഗാസ്‌ഗറില്‍ കൊറിയന്‍ കുത്തക കമ്പനിയായ ദെയ്‌വൂ 13 ലക്ഷം ഹെക്ടറാണ് സ്വന്തമാക്കിയത്. ആഫ്രിക്കന്‍ വന്‍കരയില്‍ ഭൂമി വാങ്ങിക്കൂട്ടാന്‍ കുത്തകക്കമ്പനികളും ഭക്ഷ്യസംസ്‌ക്കരണ സ്ഥാപനങ്ങളും അഹമഹമികയാ മത്സരിക്കുകയാണ്.
***
എ കെ രമേശ്
കടപ്പാട് : ബാങ്ക് വർക്കേഴ്‌സ് ഫോറം
Subscribe to:
Post Comments (Atom)
5 comments:
വിസ്മയാവഹമാണ് അടുക്കളയ്‌ക്ക് വന്ന രൂപാന്തരം. പുറത്തായിരുന്നു അടുക്കള. പുകയും കരിയുമായിരുന്നു മുഖമുദ്ര. വേവിച്ച ഭക്ഷണം കഴിച്ചു തുടങ്ങിയതിനുശേഷമാണ് അടുക്കള ഉത്ഭവിക്കുന്നത്. കൃഷി തുടങ്ങുന്നതിനുമുമ്പ് അങ്ങനെയൊരിടത്തെക്കുറിച്ച് ചിന്തിക്കേണ്ടതേ ഇല്ലല്ലോ. ശേഖരിച്ച ഭക്ഷണസാധനവും കഴിക്കുന്ന വായയും തമ്മിലുള്ള അകലം കൂടിക്കൂടി വന്നത് കൃഷിയും അടുക്കളയും തുടങ്ങിയതിനുശേഷം തന്നെ. അടുക്കള മാറിമാറി വരുന്നതിനിടയില്‍ ഇപ്പോള്‍ അതിന്റെ ദൂരം അനേകസഹസ്രം മടങ്ങ് വര്‍ദ്ധിച്ചിട്ടുമുണ്ട്.
:) അടുക്കള പണ്ട് വീടിനു പുറത്തായിരുന്ന കാലത്ത് 'കുശിനി' എന്നായിരുന്നൂ പറഞ്ഞിരുന്നത്.
==ഏതാണ്ടിതേ കാലത്താണ് ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗമായിരുന്ന അഗസ്റ് ബാബേല്‍ എന്ന തൊഴിലാളി വര്‍ഗപ്രതിനിധി ഭാവിയിലെ അടുക്കളയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നത്. പൊതു അടുക്കള എന്ന ആലോചന. എന്തിന് അനേകം അടുക്കളകളിലായി വീട്ടമ്മമാര്‍ വെന്തുരുകണം?==
കാന്റീനുകളും റസ്റ്റാറന്റുകളും പൊതു അടുക്കള സങ്കല്‍പത്തിലേയ്ക്കു് നമ്മെ വളരെയേറെ അടുപ്പിച്ചിട്ടുണ്ടു്. എന്നാല്‍ കുടുംബങ്ങള്‍ ചേര്‍ന്നു് പൊതു അടുക്കള എന്നതു് തീരെ പ്രായോഗികമായിട്ടില്ല.
സ്ത്രീ വിമോചനം (പുരുഷ വിമോചനവും) അതിലൂടെയേ സാധ്യമാവുകയുള്ളു.
റസ്റ്റാറന്റുകളിലെ ഭക്ഷണക്കൂട്ടുകള്‍ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുന്നുണ്ടു്. എണ്ണയുടെ അമിതോപയഗവും രുചി പകരാനുപയോഗിക്കുന്ന രാസ സംയുക്തങ്ങളുടെ ഉപയോഗവും തുടങ്ങി ചായയിലെ പാലിന്റെ അളവു് കൂട്ടിയും കറികളുടെ എണ്ണം കൂട്ടിയും അമിതാഹാര പ്രശ്നം സൃഷ്ടിക്കും വരെ എത്തിയിട്ടുണ്ടു് നമ്മുടെ റസ്റ്റാറന്റു് സംസ്കാരം. ആര്‍ക്കും നിയന്ത്രിക്കാനാവത്തതാണു് ഇന്ത്യക്കാരന്റെ ഭക്ഷണം വിളമ്പുന്ന റസ്റ്റാറന്റുകളിലെ ഭക്ഷണച്ചേരുവകള്‍. അതില്‍ നിന്നു് മോചനമായി വീടുകളിലെ ഭക്ഷണം കാണാനും ഇന്നു് കഴിയുന്നില്ല. ഇന്നു് റസ്റ്റാറന്റുകളെ അനുകരിച്ചു് വീട്ടില്‍ ഭക്ഷണമുണ്ടാക്കി കഴിച്ചു് രോഗം വരുത്തിവെയ്ക്കുന്ന സ്ഥിതിയാണിന്നു് കാണുന്നതു്.
വീട്ടില്‍ തന്നെ ആഹാരം കഴിക്കണമെങ്കില്‍ സ്ത്രീകള്‍ അടുക്കളയില്‍ നരകിക്കണം. തൊഴിലാളി കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്കു് പോകുന്നിടങ്ങളില്‍ ക്രമേണ ഭര്‍ത്താവും കുറെയൊക്കെ അടുക്കളയില്‍ സഹായിച്ചു് തുടങ്ങിയേക്കാം. പുരുഷന്മാരുടെ മോചനവും അങ്ങിനെ റസ്റ്റാറന്റിലൂടെയാകുന്നു.
എന്നാല്‍ പൊതു അടുക്കള എന്ന നിര്‍ദ്ദേശം ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നതാണു്. ആധുനിക ഫ്ലാറ്റു് സംവിധാനത്തില്‍ വളരെ എളുപ്പവും.പട്ടണങ്ങളില്‍ അടുത്തടുത്ത വീടുകള്‍ ചേര്‍ന്നും ഇതാകാം.7 കുടുംബങ്ങള്‍ ചേര്‍ന്ന പൊതു അടുക്കള. ഓരോ കുടുംബം ഒരു ദിവസത്തെ പാചകം.മറ്റുള്ളവര്‍ പോയിരുന്നു് കഴിച്ചാല്‍ മാത്രം മതി. (സ്വന്തം പാത്രം കഴുകണേ !) ഇതു് 8-ആമത്തെ ഫ്ലാറ്റോ ഏറ്റവും സൌകര്യമുള്ള വീട്ടിലെ അടുക്കളയോ അടുക്കള തന്നെ മാറി മാറിയോ ആകാം. എന്തായാലും ആഴ്ചയില്‍ ആറു് ദിവസവും എല്ലാവരും അടുക്കളയില്‍ നിന്നു് സ്വതന്ത്രരാകും. കൂട്ടത്തില്‍ കൂട്ടായ വ്യായാമവും (അദ്ധ്വാനമായാല്‍ വളരെ നന്നു്. പച്ചക്കറി തോട്ടമാകാമല്ലോ)
കൂട്ടായ ചര്‍ച്ച കളിലൂടെ ആഹാരത്തിന്റെ ഗുണവും രുചിയും ചേരുവകളും പരമാവധി മെച്ചപ്പെടുത്താം. ഒരു വിധം ആധുനിക മലയാളി നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കു് പരിഹാരം കാണാം.
കേരളത്തില്‍ കൂന് എന്ന ശാരീരികാവസ്ഥ കാണാനില്ലെന്ന് പറയാം. അടുക്കളയുടെ മാറ്റം ഇതില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്ന് തോന്നുന്നു. കര്‍ഷകതൊഴിലാളി, ഫാക്ടറിത്തൊഴിലാളിയായി മാറിയതും ഇതില്‍ ഒരു പങ്ക് വഹിച്ചുകാണണം..
കേരളത്തില്‍ കൂനില്ലെന്നോ? കരുണാകരനും പിണറായിയും കൂനിയല്ലെ നടക്കുന്നത് കരുണാകരനു വയസ്സായി പിണറായിക്കെന്തു പറ്റിയോ ആവ്ശ്യത്തില്‍ കൂടുതല്‍ ഞെളിഞ്ഞാണു അച്ചുമാമന്‍ നടക്കുന്നത് രണ്ടയിരത്തി പതിനൊന്നിലെ അസംബ്ളി ഇലക്ഷന്‍ റിസലിനു ശേഷം പലരും തലയില്‍ മുണ്ടിട്ടു നടക്കുന്നതു കാണാം എന്നു പ്റതീക്ഷിക്കുന്നു
Post a Comment