Friday, April 1, 2011

അടയാത്ത കണ്ണുകളും അണയാത്ത വെളിച്ചവും

അഡ്വ. ജനാര്‍ദനക്കുറുപ്പ്, ഡോ. പി കെ ആര്‍ വാര്യര്‍, വി ജി പത്മനാഭന്‍-കാലം നമ്മളില്‍നിന്ന് കഴിഞ്ഞയാഴ്ച ഒറ്റയടിക്ക് തട്ടിയെടുത്തത് കേരളത്തിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ മൂന്ന് അഭിമാന സ്തംഭങ്ങളെയാണ്, മൂന്ന് ഉദാത്ത സേവന മാതൃകകളെയാണ്. സ്വന്തം ജീവിതത്തില്‍ തങ്ങളുടെ വഴികാട്ടിയായിരുന്ന എ കെ ജി യുടെ 34-ാം ചരമവാര്‍ഷികത്തിന്റെ തൊട്ടുപിന്‍പേയാണ് മൂവരും ഒന്നൊന്നായി നമ്മളോട് വിടചോദിച്ചത്. ഇത് ഇവരുടെ വേര്‍പാട് കൂടുതല്‍ സ്മൃതിസാന്ദ്രവും ആവേശജനകവുമാക്കുന്നു. ആവേശജനകം? അകാലചരമമെന്ന് അനുശോചിക്കാന്‍ അനുവദിക്കാത്ത പ്രായത്തികവിലാണ് കുറുപ്പുചേട്ടനും വാര്യര്‍സാറും വി ജിയും അന്തരിച്ചത്. പൊരുതിയാണെങ്കിലും ഒടുവില്‍ വാര്‍ധക്യസഹജമായ രോഗങ്ങള്‍ക്കു കീഴടങ്ങിയ മൂവരെയും രക്തസാക്ഷികളെന്ന് വിളിക്കുന്നത് അനുചിതമായിരിക്കും. എന്നിട്ടും ഇവരുടെ വേര്‍പാട് ആവേശജനകമാകുന്നതിന്റെ കാരണം ഇവര്‍ സഖാവ് കൃഷ്ണപിള്ളയില്‍നിന്ന് തുടങ്ങുന്ന കേരളത്തിലെ കമ്യൂണിസ്റ് ജൈവപൈതൃകത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ണികളാണെന്നതാണ്. ഇതാണ് ഇവരുടെ മരണം നമ്മളില്‍ സ്വകാര്യ നൊമ്പരത്തോടൊപ്പം അളവില്ലാത്ത അഭിമാനബോധവും വിപ്ളവാവേശവും സൃഷ്ടിക്കുന്നത്.

സിപിഐ എമ്മിന്റെ “'ജീര്‍ണത'” മുതലാളിത്ത മാധ്യമങ്ങളും വലതുപക്ഷരാഷ്ട്രീയക്കാരും ഇടതുപക്ഷനാട്യക്കാരും സവിസ്തരം ആഘോഷിച്ചുവരുന്ന ഇക്കാലത്തുതന്നെയാണ് ഇവര്‍ നമുക്കിടയില്‍ തലയുയര്‍ത്തി ജീവിച്ചത്. കമ്യൂണിസ്‌റ്റ് നേതാക്കളെപ്പറ്റി ഒരു നല്ലവാക്ക് പറയാന്‍ അവരുടെ മരണംവരെ കാത്തിരിക്കുന്ന മുഖ്യധാരാ മലയാള മാധ്യമലോകത്തെ ശവപ്പെട്ടിക്കച്ചവടക്കാര്‍ ഇവരെ വേണ്ടത്ര പരിഗണിച്ചില്ല എന്നതില്‍ നമുക്ക് പരിഭവമില്ല. അവരുടെ കഴുകന്‍കണ്ണുകള്‍ സ്ഥിരം പരതുന്നത് നാളെയുടെ നാണക്കേടുകളായ അബ്ദുള്ളക്കുട്ടിമാരെയും സിന്ധു ജോയിമാരെയുമാണ്. അവര്‍ ചാടിവീണ് ആക്രമിക്കാന്‍ കാത്തിരിക്കുന്നത് പി ശശിയുടേതുപോലുള്ള നൈതിക അപഭ്രംശത്തെയാണ്.

കുറുപ്പ് ചേട്ടന്റെയും വാര്യര്‍സാറിന്റെയും വി ജിയുടെയും ജീവിതവും മരണവും കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തില്‍ കറുത്തപുള്ളികള്‍ മാത്രം തെരയുന്ന നമ്മുടെ മുഴുവന്‍ സമയ അപവാദപ്രചാരകര്‍ക്കുള്ള ചുട്ട മറുപടികൂടിയാണ്. അതാണ് മൂവരുടെയും ഓര്‍മ ആവേശോജ്വലമാകുന്നതിന്റെ മൂന്നാമത്തെ കാരണം. പ്രാതസ്മരണീയരുടെ ജീവിതങ്ങള്‍ക്ക് നിറക്കൂട്ടിന്റെ ആവശ്യമില്ല. സംഘടനാസാമര്‍ഥ്യവും സാംസ്കാരിക പ്രതിഭയും മൂവര്‍ക്കും അത്രമാത്രം സഹജമായിരുന്നു. അപകടകരമായ ആദ്യകാല കമ്യൂണിസ്‌റ്റ് ജീവിതത്തിനിടയ്ക്ക് ഇവര്‍ നേടിയ സവിശേഷമായ തൊഴില്‍ വൈദഗ്ധ്യം അത്രകണ്ട് സ്വയാര്‍ജിതമായിരുന്നു. സര്‍വോപരി തങ്ങളുടെ സഹജവും സ്വയാര്‍ജിതവുമായ എല്ലാ ഗുണമൂല്യങ്ങളും കഷ്ടപ്പെടുന്ന സാധാരണക്കാരുടെ സേവനത്തിനായി ആദ്യവസാനം ഉപയോഗിച്ചു. ഒപ്പം, തങ്ങള്‍ സ്നേഹിച്ച കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ ഓരോ വിഷമസന്ധിയിലും നൈസര്‍ഗികമെന്ന് തോന്നിപ്പിക്കുന്ന ഉള്‍ക്കാഴ്ചയോടെ ശരിയുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഈ അപൂര്‍വവൈശിഷ്ട്യമാകണം മൂവരെയും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെയും എ കെ ജിയുടെയും ഇ എം എസിന്റെയും എക്കാലത്തെയും അരുമകളാക്കി തീര്‍ത്തത്.

കുറുപ്പുചേട്ടനും വാര്യര്‍സാറും വ്യത്യസ്തമേഖലകളിലെ പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ പൊതുജീവിതം സമ്പന്നമാക്കിയപ്പോള്‍ കൊച്ചിയില്‍ ജനിച്ചുവളര്‍ന്ന വി ജിയെന്ന തൊഴിലാളി പ്രവര്‍ത്തകന്‍ മുംബൈ നഗരത്തിലും അതിന്റെ പ്രാന്തപ്രദേശങ്ങളിലെ ഗോത്രമേഖലയിലും പണിയെടുക്കുന്ന പാവപ്പെട്ടവരുടെ പ്രിയങ്കരനായി വളര്‍ന്നു. ഈ മൂന്നുപേരുടെയും വ്യക്തിജീവിതത്തില്‍ നിരവധി സമാനതകളുണ്ട്. മൂന്നുപേരും ഒരു കാലഘട്ടത്തില്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിനു വേണ്ടി അതിസാഹസികമായ ദൌത്യങ്ങള്‍ സ്വയം ഏറ്റെടുത്തവരായിരുന്നു. മൂവരും ക്വിറ്റിന്ത്യാ സമരാനന്തര ഇന്ത്യയില്‍ ഭരണകൂട അടിച്ചമര്‍ത്തലും രാഷ്ട്രീയ തിരിച്ചടികളും സംഘടനാ സംഘര്‍ഷങ്ങളും അതിജീവിച്ച് വളര്‍ന്ന ഇന്ത്യന്‍ കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ പണിക്കുറ്റം തീര്‍ന്ന ഉല്‍പ്പന്നങ്ങളായിരുന്നു. മൂവരില്‍ ഇളയവനായ വി ജി പാര്‍ടിയില്‍ അംഗത്വമെടുക്കുന്നത് 1948 ലെ കൊല്‍ക്കത്തയിലെ 2-ാം പാര്‍ടി കോൺഗ്രസിനെത്തുടര്‍ന്നുള്ള ഒളിപ്രവര്‍ത്തനങ്ങളുടെ ഘട്ടത്തിലാണ്.

മൂന്നു പേരുടെയും ജീവിതകഥ അവരുടെ വാക്കുകളില്‍തന്നെ നമുക്ക് വായിക്കാനാവുമെന്നത് നമ്മുടെ ഒരു അപൂര്‍വ ഭാഗ്യമാണ്. അതുകൊണ്ടുതന്നെ സമൂഹത്തിനും തൊഴിലാളിവര്‍ഗത്തിനും ഇവര്‍ നല്‍കിയ സംഭാവനകള്‍ കൂടുതല്‍ ആഴത്തില്‍ മനസിലാക്കപ്പെടുമെന്നും ഇവരുടെ മതരഹിത ജീവിതത്തിന്റെ സന്ദേശവും യുക്തിചിന്തയുടെ സൌന്ദര്യവും വരുംതലമുറ തിരിച്ചറിയുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

വാക്കും പ്രവൃത്തിയും തമ്മില്‍ ജീവിതത്തില്‍ ഉടനീളം തങ്ങള്‍ പുലര്‍ത്തിയ പൊരുത്തം മരണാനന്തരവും തുടരുമെന്ന് ഉറപ്പാക്കിയാണ് വി ജിയും വാര്യര്‍സാറും നമ്മോട് വിടപറഞ്ഞത്. ഇതു പറയാതെ പോകുന്നത് പരേതരോടുള്ള അനാദരവാകും. വി ജിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് വൈദ്യശാസ്ത്രവിദ്യാര്‍ഥികളുടെ പഠനത്തിനായി കൊച്ചിയിലെ അദ്ദേഹത്തിന്റെ സഖാക്കള്‍ മെഡിക്കല്‍ കോളേജിന് കൈമാറുകയാണുണ്ടായത്. വാര്യര്‍ സാറിന്റെ ശവശരീരം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചടങ്ങുകള്‍ ഒഴിവാക്കി തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ സഖാക്കള്‍ അന്തസ്സോടെ സംസ്കരിച്ചു. രണ്ടുപേരുടെയും കണ്ണുകള്‍ അവരുടെ ആഗ്രഹംപോലെ കാഴ്ച നഷ്ടപ്പെട്ടവര്‍ക്കായി നല്‍കി. അങ്ങനെ, തങ്ങളുടെ ചുറ്റുമുള്ള പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് മുന്‍പില്‍ ഒരിക്കലും അടയാത്ത രണ്ട് ജോടി കണ്ണുകളും നേരിന്നു വേണ്ടി എന്നും അണയാതെ കത്തിയ ഉള്‍വെളിച്ചവും നമുക്ക് സമ്മാനിച്ചാണ് ഇവര്‍ അമരത്വത്തിലേക്ക് പടികയറിയത്.

*****

എൻ മാധവൻകുട്ടി, കടപ്പാട് : ദേശാ‍ഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...