അന്തിമസമരത്തിനുള്ള സന്നാഹങ്ങള്‍ മറനീക്കി പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന് നെഹ്റുവില്‍ കുറച്ചൊക്കെ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. പുത്രീവല്‍സലനെങ്കിലും എല്ലാ സീമകളും തകര്‍ക്കുന്ന നിയമലംഘനത്തെയും അരാജകത്വത്തെയും ജനാധിപത്യവാദിയെന്നറിയപ്പെടുന്ന നെഹ്റു പ്രോല്‍സാഹിപ്പിക്കില്ലെന്നു തന്നെ അവര്‍ കരുതി. അതുകൊണ്ടാണ് ഊട്ടിയില്‍ വിശ്രമത്തിനു വന്ന നെഹ്റുവിനെയും ഇന്ദിരയെയും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പോയിക്കണ്ടത്. കമ്യൂണിസ്റ്റ് എംപിമാരുടെ സംഘവും നിയമമന്ത്രി കൃഷ്ണയ്യരും വെവ്വേറെ പ്രധാനമന്ത്രിയെ കണ്ടു സംസാരിച്ചു. നിയമലംഘന സമരത്തിന് ഹൈക്കമാന്റ് അനുമതി നല്‍കരുതെന്നഭ്യര്‍ത്ഥിച്ചു. കമ്യൂണിസ്റ്റ് ദൌത്യസംഘം നെഹ്റുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാട്ടില്‍ നെഹ്റുവിന്റെ മൌനാനുവാദത്തോടെയും ഇന്ദിരയുടെ അനുഗ്രഹാശിസ്സുകളോടെയും എല്ലാ ജനാധിപത്യതത്വങ്ങളെയും തകര്‍ക്കുന്ന അക്രമങ്ങള്‍ക്ക് അണിയറയില്‍ കോപ്പു കൂട്ടിത്തുടങ്ങിയിരുന്നു. നെഹ്റുവിനെ മുമ്പേ കണ്ടു മടങ്ങിയ കെപിസിസി നേതൃത്വമാണ്, അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കില്ലെന്ന ഉറപ്പുവാങ്ങിയത്. ശങ്കര്‍, ചാക്കോ, പനമ്പിള്ളി, കെ എ ദാമോദരമേനോന്‍, കെ പി മാധവന്‍നായര്‍ തുടങ്ങി പ്രധാനികളെല്ലാം ഊട്ടിയില്‍ പോയിരുന്നു.
നെഹ്റുവിന്റെ എതിര്‍പ്പ് ഒഴിവാക്കാന്‍ കെപിസിസി നിരത്തിയ ന്യായവാദങ്ങള്‍ ഇവയാണ്.
1. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ചിരിക്കുന്ന സാമുദായിക സംഘടനകളുടെ സമരവുമായി ഇതുവരെ കെപിസിസിക്ക് ഒരു ബന്ധവുമില്ല. ഇനി ബന്ധപ്പെടാനും പോവുന്നില്ല!
2. കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്തത് ഒരു ചെറുന്യൂനപക്ഷത്തിനു മാത്രമാണ്. അതുകൊണ്ട് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങിയില്ലെങ്കില്‍ ജനത്തിനുമുന്നില്‍ ഒറ്റപ്പെടും. അതനുവദിക്കരുത്.
3. ഗവണ്‍മെന്റിനെ താഴെയിറക്കണമെങ്കില്‍ അക്രമസമരത്തിന്റെ ആവശ്യമില്ല. സമാധാന സമരത്തിലൂടെ തന്നെ സര്‍ക്കാരിനെ തുന്നം പാടിക്കാം.
4. (അറ്റകൈ പ്രയോഗം) ഇനി ആദ്യ 3 കാരണങ്ങള്‍ കേട്ടിട്ടും സമരത്തിന് അനുവാദം നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ളീനായി പിളരും! കാരണം ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇപ്പോഴത്തെ സമരത്തിനോട് അനുഭാവമുള്ളവരാണ്. ജനാഭിലാഷം ചെവികൊള്ളാതിരിക്കാന്‍ കെപിസിസിക്കാവില്ല. ഇത്രയും കാരണങ്ങള്‍ക്കുപുറമെ ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയും കൂടിയായാല്‍ നെഹ്റു എന്തു ചെയ്യും? ജൂണ്‍ 2ന് ഊട്ടിയില്‍നിന്നു മടങ്ങിയ കെപിസിസി പ്രസിഡന്റ് ശങ്കര്‍ ജൂണ്‍ 3ന് കേരളത്തില്‍ വായ തുറന്നത് സര്‍ക്കാരിനെതിരെ പിഎസ്പിയും മുസ്ളീംലീഗുമായി ചേര്‍ന്ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം പ്രഖ്യാപിക്കാനാണ്.
വിമോചനസമരവും കുറ്റപത്രസമരവുംമന്നവും കൂട്ടരും ആദ്യം മുതല്‍ തന്നെ വിമോചനസമരം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് - ലീഗ് - പിഎസ്പിക്കാര്‍ക്കത് കുറ്റപത്രസമരം ആയിരുന്നു. വിമോചന സമരക്കാരോട് ബന്ധമില്ലെന്ന് നെഹ്റുവിനു കൊടുത്ത ഉറപ്പു പാലിക്കാന്‍ അതാവശ്യവുമായിരുന്നു. ഇ എം എസ് സര്‍ക്കാരിന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഒരു കുറ്റപത്രം തയ്യാറാക്കുന്നു, ആ കുറ്റപത്രം രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നു. സര്‍ക്കാരിനെ സമാധാനപരമായി താഴെയിറക്കുന്നു. ഇതാണത്രെ കുറ്റപത്ര സമരം.
എന്നാല്‍ കുറ്റപത്ര തിരക്കഥയൊക്കെ പ്രഖ്യാപനത്തോടെ തന്നെ അവസാനിച്ചു. ആദ്യദിനം മുതല്‍ വിമോചന സമരക്കാരുടെ ജാഥകളിലും പിക്കറ്റിംഗുകളിലും വഴിതടയലുകളിലും തുടങ്ങി ചാണകവെള്ളം തളിക്കുന്നതില്‍ വരെ കോണ്‍ഗ്രസിന് പ്രത്യക്ഷ പങ്കാളിത്തമുണ്ടായി. പ്രഖ്യാപിച്ചതല്ലേ ഇരിക്കട്ടെ എന്ന മട്ടില്‍ ഒരു കുറ്റപത്രവും തയ്യാറാക്കി രാഷ്ട്രപതിക്കു കൊടുക്കുമ്പോഴേക്ക് ജൂലായ് മാസമായി. കൊടുക്കുമ്പോള്‍ കുറ്റപത്രത്തിന്റെ പേര് മെമ്മോറാണ്ഡമെന്നായി മാറിയിരുന്നു. അപ്പോഴേക്കും പേരില്‍പോലും കുറ്റപത്രസമരത്തിന് വിമോചനസമരവുമായി വ്യത്യാസമില്ലാതായിക്കഴിഞ്ഞിരുന്നു.
സമരം തുടങ്ങുന്നുജൂണ് 12ന്റെ കേരള ഹര്‍ത്താലോടെയാണ് വിമോചനസമരം ഔപചാരികമായി തുടങ്ങുന്നത്. മന്നം - പള്ളി - ജന്മി മുതലാളി പൌരോഹിത്യ കൂട്ടുകെട്ടിനും കോണ്‍ഗ്രസ് - പിഎസ്പി - ലീഗ് ബാന്ധവത്തിനും പുറമെ സാക്ഷാല്‍ ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായാണ് ഹര്‍ത്താലില്‍ അണിനിരന്നത്. ജൂണ്‍ പിറന്ന് ഹര്‍ത്താലിലെത്തുന്നതുവരെയുള്ള ദിവസങ്ങളിലെ പത്രങ്ങളൊക്കെ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആഹ്വാനങ്ങളും കൊണ്ടു നിറഞ്ഞു.
വിമോചനദിനമായ ജൂണ്‍ 12 ആചരിക്കേണ്ടതെങ്ങനെയെന്ന് ജൂണ്‍ എട്ടിനിറങ്ങിയ വിമോചന സമരസമിതിയുടെ പ്രത്യേക അറിയിപ്പില്‍ പറയുന്നു. എത്ര മനോഹരവും മനഃശാസ്ത്രപരവുമായാണ് ആ ദിനം സംവിധാനം ചെയ്യപ്പെട്ടതെന്നു നോക്കാം.
1. രാവിലെ 7.30നും 9നും ഇടക്കുള്ള സമയം എല്ലാ ദേവാലയങ്ങളിലും (ഹിന്ദു, ക്രിസ്ത്യന്‍, പറ്റിയാല്‍ മുസ്ളീം) പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി കേരളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു വിമോചിപ്പിക്കാന്‍ ഈശ്വരനോട് അപേക്ഷിക്കുക. ഇവ നടത്തുമ്പോള്‍ ദേവാലയ പരിസരങ്ങളില്‍ കഴിവുള്ളിടത്തോളം നാട്ടുകാരെ വിളിച്ചു കൂട്ടേണ്ടതാണ്.
2. രാവിലെ 7 മണിക്ക് ഓരോ ഗ്രാമപ്രദേശത്തും കഴിയാവുന്നിടത്തോളം പൊതുസ്ഥലങ്ങളിലും കെട്ടിടങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തുക.
3. എല്ലാ കടകളും ചന്തകളും വ്യാപാരകേന്ദ്രങ്ങളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അടച്ചിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
4. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ സമ്പൂര്‍ണമായി പണിനിര്‍ത്താന്‍ മുന്‍കൂര്‍ പ്രേരണ നല്‍കുക.
5. വൈകിട്ട് 4 മണിക്ക് അവിടവിടെ കേന്ദ്രീകരിക്കുന്ന വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ബഹുജനങ്ങളുടെ മൌനജാഥ ഓരോ പ്രദേശത്തും നിശ്ചയിക്കപ്പെട്ട ഒരു പോയിന്റു മുതല്‍ മറ്റൊരു പോയിന്റു വരെ നടത്തുക.
6. ഘോഷയാത്രക്കുശേഷം അവിടവിടെ യോഗങ്ങള്‍ കൂടി താഴെ കാണുന്ന പ്രമേയം പാസ്സാക്കുക. ഇന്നു കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന് ജനപിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നതിനാലും അവര്‍ ഇനി അധികാരത്തില്‍ തുടരുന്നത് നാടിനു അത്യന്തം ഹാനികരമായതിനാലും ഉടനടി രാജിവെച്ചു പിരിയണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.
7. അന്നത്തെ പരിപാടികളുടെ സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട് എല്ലാ ദിനപത്രങ്ങള്‍ക്കും അയച്ചുകൊടുക്കുക.
ഈ അവസാനത്തെ ഐറ്റം തന്നെയായിരുന്നു ഏറ്റവും പ്രധാനം. നാലാള്‍ കൂടുന്ന വട്ടമേശ യോഗങ്ങളും പ്രമേയം പാസാക്കലും വരെ പത്രങ്ങളില്‍ ഇടം പിടിച്ചു.
അങ്കമാലിക്കല്ലറയില്ഒരു പോലീസ് വെടിവെപ്പില്‍ 7 പട്ടിണിപ്പാവങ്ങള്‍ കൊല്ലപ്പെടുക. അവരെല്ലാവരും ഒരേ സമുദായക്കാരായിരിക്കുക. സ്വന്തം വിശ്വാസം രക്ഷിക്കാനുള്ള രക്തസാക്ഷിത്വങ്ങളായി കൂടി അവ വ്യാഖ്യാനിക്കപ്പെടുക. 2 മാസം മാത്രം നീണ്ടുനിന്ന ഒരു സമരചരിത്രത്തില്‍ എത്ര അതിവൈകാരികതയാവും ഈ സംഭവം ഉണ്ടാക്കിക്കൊടുക്കുക? അതുതന്നെയായിരുന്നു അങ്കമാലിയുടെ നിയോഗം. 2000 പേരുള്ള ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നെന്നു വെക്കുക. നാമമാത്രമായ പോലീസുകാര്‍ക്ക് സ്വയരക്ഷക്ക് എന്തുചെയ്യാനാകും? അതുതന്നെയാണ് അങ്കമാലിയില്‍ സംഭവിച്ചത്.
ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു സഹകരണസംഘങ്ങളുടെ ഉദയം. പണ്ട് മുതലാളിമാര്‍ കുത്തകയാക്കിയിരുന്ന ഒട്ടനവധി മേഖലകളിലേക്ക് തൊഴിലാളികള്‍ കടന്നുചെന്നു നേതൃത്വമേറ്റെടുത്തു. ചെത്തു തൊഴിലാളി സഹകരണസംഘം കള്ളുഷാപ്പുകള്‍ നടത്തുന്നത് കള്ളു മുതലാളിമാരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. അങ്ങനെയിരിക്കെയാണ് അങ്കമാലി സംഭവത്തിനു നിമിത്തമായ പറവൂര്‍ ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിനു മുന്നില്‍ പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മദ്യവര്‍ജന കമ്മിറ്റി പിക്കറ്റിങ്ങ് തുടങ്ങിയത്. തൊട്ടടുത്തു സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഷാപ്പുകള്‍ക്കുമുന്നില്‍ ഒരു സമരവുമില്ലെന്നതായിരുന്നു ഏറെ തമാശ. സഹകരണ ഷാപ്പില്‍ കുടിക്കാന്‍ പോകുന്നവരെ പാട്ടകൊട്ടുക, അടിക്കുക, തെറിവിളിക്കുക, പനങ്കുല വെട്ടി നശിപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികളായി. സംഭവദിവസം കള്ളു കുടിക്കാന്‍ ചെന്ന കൊച്ചുകുട്ടനെ പൌലോസും കണ്ടാലറിയുന്ന മറ്റൊരാളും കൂടെ തല്ലി. കൊച്ചുകുട്ടന്‍ നല്‍കിയ പരാതിയനുസരിച്ച് പൌലോസിനെ അറസ്റ്റുചെയ്തു അങ്കമാലി സ്റ്റേഷനിലെത്തിച്ചു. പൌലോസിനെ വാനിലിട്ടും ശേഷം സ്റ്റേഷനില്‍വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. പൌലോസിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡണ്ട് ഗര്‍വാസീസ്, കാലടി, മണ്ഡലം പ്രസിഡണ്ട് എബ്രഹാം, എം എ ആന്റണി എംഎല്‍എ എന്നിവര്‍ സ്റ്റേഷനിലെത്തി. പോലീസ് എംഎല്‍എയോടുള്‍പ്പെടെ മോശമായാണത്രെ പെരുമാറിയത്. അപ്പോഴേക്കും വിവരം കേട്ടറിഞ്ഞ് മറ്റൂരില്‍നിന്നും മറ്റും ധാരാളം ജനങ്ങള്‍ വന്നെത്തി. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ യോഗം ചേരുകയും പോലീസ് സ്റ്റേഷന്‍ വരെ 'വളരെ സമാധാനപരമായി' ഒരു ജാഥ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജാഥ സ്റ്റേഷന്റെ 'അടുത്തെത്തുന്നതിനു മുന്‍പേ' പോലീസ് തടഞ്ഞു. ഒരു 'പ്രകോപനവുമില്ലാതെ' യാതൊരു മുന്നറിയിപ്പുമില്ലാതെ തലങ്ങും വിലങ്ങും വെടിവെച്ചു. 7 പേര്‍ തല്‍ക്ഷണം മരിച്ചു.
ഇന്ന് അങ്കമാലിക്കു പിന്നില്‍ നടന്ന ആസൂത്രണത്തെയും നിര്‍വഹണത്തെയുംകുറിച്ച് ഏതാണ്ടെല്ലാം പുറം ലോകത്തിനറിയാം. ദേശാഭിമാനി അന്നു സംശയിച്ചതിനേക്കാള്‍ വലിയ വിഭവസമാഹരണം ഓരോ പ്ളോട്ടിനു പിറകിലും നടന്നതും വെളിച്ചത്തുവന്നു. വിമോചന സമരത്തിന്റെ മുഖ്യകാര്യദര്‍ശികളില്‍ ഒരാളായിരുന്ന ഫാദര്‍ വടക്കന്റെ 1974ല്‍ പുറത്തുവന്ന ആത്മകഥയില്‍ അങ്കമാലിയെക്കുറിച്ചുള്ള കുമ്പസാരം ഇങ്ങനെ. "കൂട്ടത്തില്‍ ഒരു സത്യം വെട്ടിത്തുറന്നു പറയട്ടെ. കമ്യൂണിസ്റ്റുകാര്‍ പല സ്ഥലത്തും അക്രമം ചെയ്തുവെന്നതു ശരിതന്നെ. പക്ഷേ അങ്കമാലിയില്‍ വെടിവെക്കാന്‍ കാരണമുണ്ടാക്കിയതു വിമോചന സമരക്കാര്‍ ആയിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. മദ്യപിച്ചു ബോധംകെട്ട നൂറുകണക്കിനാളുകള്‍ പോലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കല്ലേറു നടത്തിയപ്പോള്‍ സഹികെട്ട് പോലീസുകാര്‍ വെടിവെച്ചതാണവിടെ. വെടിയേറ്റ ഒരാള്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ കിടന്നാണ് മരിച്ചത്. കണ്ണടയ്ക്കും മുമ്പേ ആ ചെറുപ്പക്കാരന്‍ (മാണിക്യമംഗലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി കുഞ്ഞവിര പൌലോസ്) ആവേശപൂര്‍വ്വം എന്നോട് പറയുകയാണ്. അച്ചോ ഞാന്‍ മരിച്ചോട്ടെ; എന്നാലും വിമോചനസമരം നമുക്ക് ജയിപ്പിക്കണം...'' ഈ സത്യം വെട്ടിത്തുറന്നു പറയാന്‍ 17 വര്‍ഷമെടുത്തു! വിമോചന പടനായകരില്‍ പ്രമുഖനായ വടക്കനെ സംബന്ധിച്ചിടത്തോളം ഈ കാലതാമസം സ്വാഭാവികം. എന്നാല്‍ പരിക്കേറ്റ 27 പോലീസുകാരെയും, കല്ലേറില്‍ തുളവീണ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തെയും കത്തിനശിച്ച ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ജീപ്പിനെയുമെല്ലാം മാധ്യമങ്ങള്‍ കാണാതെ പോയതിന് എന്തു ന്യായീകരണമുണ്ട്?
കൂടുതല്‍ വെടിവെയ്പുകള്‍2 ദിവസം കഴിഞ്ഞില്ല; അതിനുമുമ്പ് തലസ്ഥാനത്ത് രണ്ടിടത്ത് വെടിപൊട്ടി. ആകെ 5 മരണങ്ങള്‍. ജൂണ്‍ 15 ഉച്ചക്ക് നെയ്യാറ്റിന്‍കര താലൂക്കിലെ പുല്ലുവിളയില്‍ 2.45ന് മിഖായേല്‍ യാക്കൂബും യജ്ഞപ്പനും. നഗരാതിര്‍ത്തിയില്‍ വെട്ടുകാട്ട് 3.45ന് മൈക്കല്‍ ഫെര്‍ണാണ്ടസും ജോണ്‍നെറ്റോയും മറിയനും. അങ്കമാലിയില്‍ കള്ളുഷാപ്പാണെങ്കില്‍ വെട്ടുകാട്ടും പുല്ലുവിളയും സ്കൂളായിരുന്നു പ്രശ്നം. തുറന്ന സ്കൂളുകള്‍ അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമമാണ് രണ്ടിടത്തും 'രക്തസാക്ഷികളെ' നേടിക്കൊടുത്തത്. പുല്ലുവിളയില്‍ മുഹമ്മദന്‍സ് ഗവ. എല്‍പി സ്കൂള്‍ അടപ്പിക്കാന്‍ സമരക്കാരെത്തിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ പോലീസിനെ വിളിച്ചു. അക്രമാസക്തരായ 2000ഓളം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നാമമാത്രരായ നെയ്യാറ്റിന്‍കര എസ്ഐക്കും കൂട്ടര്‍ക്കും വെടിവെയ്പല്ലാതെ മറ്റു വഴിയൊന്നും മുന്നിലില്ലായിരുന്നു.
മാധവപുരം സ്കൂള്‍ പിക്കറ്റിംഗാണ് വെട്ടുകാട് വെടിവെയ്പിലേക്ക് നയിച്ചത്.
സോഷ്യലിസ്റ്റുകളും ലീഗും എത്തുന്നുജൂണ് 17 ആയതോടെ ഈ രാജ്യത്തെ ദുര്‍ഭരണത്തിനെതിരായി ഇരമ്പിക്കയറിക്കൊണ്ടിരിക്കുന്ന ബഹുജനമുന്നേറ്റത്തെ കണ്ടില്ലെന്ന് നടിച്ചിരിക്കാന്‍ ആര്‍എസ്പിക്കും സാധ്യമല്ലാതായി. അതിന്റേതായ പങ്കു നിര്‍വഹിക്കാനുള്ള സന്നദ്ധത ആര്‍എസ്പി പ്രഖ്യാപിച്ചത് കൊല്ലം റെയില്‍വെ സ്റ്റേഷന്‍ മൈതാനത്താണ്. "ആര്‍എസ്പിയുടെ അഡ്രസ്സ് കാണുമോ ഇല്ലയോ എന്ന് ചരിത്രം തെളിയിക്കും. എം എന്റെ (എം എന്‍ ഗോവിന്ദന്‍നായര്‍) മേല്‍വിലാസം അന്നുണ്ടാകുമോയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.'' പ്രഖ്യാപനം നടത്തിയ ടി കെ ദിവാകരന്‍ പറഞ്ഞു. രാജ്യത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണത്തില്‍നിന്ന് രക്ഷിക്കാന്‍ ആയിരക്കണക്കിന് ആര്‍എസ്പി പടയാളികള്‍ സന്നദ്ധ ഭടന്മാരായി മുന്നോട്ടുനീങ്ങുമെന്ന് ടി കെ പ്രഖ്യാപിച്ചപ്പോള്‍ സദസ്യര്‍ ഒന്നടങ്കം കരഘോഷം മുഴക്കി അവരുടെ സന്നദ്ധത പ്രകടമാക്കിയെന്നായിരുന്നു പത്ര റിപ്പോര്‍ട്ടുകള്‍. 'ആര്‍എസ്പിയുടെ അഡ്രസ്സ് മാറ്റാന്‍ എം എന്ന് മീശ കുരുത്തിട്ടില്ലാ', "വിരിമാറ് കാട്ടാന്‍ തയ്യാര്‍ തയ്യാര്‍, തോക്കുകളൊക്കെ മിനുക്കിക്കോ, തയ്യാറാവൂ ഗോവിന്ദാ'' തുടങ്ങിയ മുദ്രാവാക്യങ്ങളെക്കുറിച്ചും പത്രങ്ങള്‍ വാചാലമായി. തുടര്‍ന്ന് മത്തായി മാഞ്ഞൂരാന്റെ കെഎസ്പിയും സമരരംഗത്തെത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ചെങ്കൊടിയേന്തിയ ചിലര്‍ കൂടി പോരിനിറങ്ങിയതോടെ വിമോചന സമരക്കാര്‍ ആവേശഭരിതരായി. അതുവരെ പിക്കറ്റിംഗില്‍നിന്നു വിട്ടുനിന്ന മുസ്ളീംലീഗ് ജൂണ്‍ 27 മുതല്‍ പിക്കറ്റിംഗുകളില്‍ പങ്കെടുത്തു തുടങ്ങി. ആദ്യദിനം തന്നെ പിക്കറ്റിംഗില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചവരില്‍ മുസ്ളീംലീഗ് എംഎല്‍എമാരായ അഹമ്മദ് കുരുക്കള്‍, അവുക്കാദര്‍ കുട്ടി നഹ എന്നിവരും ഉള്‍പ്പെട്ടു.
നെഹ്റുവിന്റെ വരവ്ഇതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു വിലയിരുത്താന്‍ നെഹ്റു എത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. ജൂണ്‍ 22നാണ് എത്തുന്നതെന്നും വെളിവായി.
നെഹ്റു കേരളത്തിലെത്തുന്ന വിവരം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ വിമോചനസമരക്കാര്‍ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു കോപ്പു കൂട്ടി തുടങ്ങി. ഓരോ ജില്ലകളില്‍നിന്നും നെഹ്റുവിനെ കാണാന്‍ പോവുന്നവരുടെ വിവരണങ്ങള്‍ കൊണ്ടു പത്രം നിറഞ്ഞു. ജൂണ്‍ 20ന്റെ മലയാള രാജ്യത്തില്‍ "കോട്ടയം ജില്ലയില്‍നിന്നുമാത്രം 3 ലക്ഷം പേര്‍ പുറപ്പെടുന്നു. അഞ്ചേരില്‍ വര്‍ക്കി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവര്‍ നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങും. ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ നിര്‍ത്തിവെച്ചാലും കാറുകള്‍ക്കും ലോറികള്‍ക്കും പെര്‍മിറ്റ് അനുവദിക്കാതിരുന്നാലും നടന്ന് എത്താന്‍ ആളുകള്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഛലോ ഛലോ തിരുവനന്തപുരം എന്ന ശബ്ദം ഇന്നു രാത്രി മുതല്‍ പൊതുനിരത്തുകളില്‍ കേള്‍ക്കാമെന്നാണ് വിമോചന സമരസമിതിയുടെ ഒരു വക്താവ് ഇന്ന് ഈ ലേഖകനോട് പറഞ്ഞത്...''.
ഈ പ്രചാരവേലക്കു ഫലമുണ്ടായി. 2.17ന് 'മേഘദൂതി'ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം രാജ്‌ഭവനിലേക്കു സഞ്ചരിച്ച 4 മൈല്‍ ദൂരവും പ്ളക്കാര്‍ഡുകളേന്തിയ വിമോചനസമരക്കാരാണ് നെഹ്റുവിനെ സ്വീകരിച്ചത്.
നെഹ്റുവിന്റെ കേരളദിനങ്ങളില്‍ സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളുടെ ബഹളമായിരുന്നു. നെഹ്റു തര്‍ജമ ചെയ്ത് ബുദ്ധിമുട്ടേണ്ട എന്നു കരുതിയാവണം മനോരമ ഇംഗ്ളീഷില്‍ തന്നെ മുഖപ്രസംഗമെഴുതി. "കേരള അജിറ്റേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷന്‍' എന്ന തലക്കെട്ടില്‍ 24നെഴുതിയ മുഖപ്രസംഗം എന്തുകൊണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണം എന്നതിന് 6 കാരണങ്ങള്‍ എണ്ണി നിരത്തിക്കൊണാണ് അവസാനിച്ചത്.
1. 3 വര്‍ഷം കൂടി കമ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാല്‍ ജനങ്ങള്‍ അസ്വസ്ഥരാവും.
2. സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക പദവികളിലും കമ്യൂണിസ്റ്റുകാര്‍ നുഴഞ്ഞുകയറും.
3. നീണ്ട ഭീഷണിമൂലം കമ്യൂണിസം തിരഞ്ഞെടുക്കാന്‍ ജനം നിര്‍ബന്ധിതരാകും. ഭരിക്കുന്ന പാര്‍ടിയില്‍ ചേര്‍ന്നാലുള്ള ഗുണഫലങ്ങളും ജനത്തിനു പ്രേരണയാകും.
4. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടി അടുത്ത തിരഞ്ഞെടുപ്പ് പ്രഹസനമാക്കും.
5. ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റ് പ്രചാരണം നടത്താനുള്ള ഫണ്ട് കേരളത്തില്‍നിന്ന് സ്വരൂപിക്കാനാവും.
6. മൂന്നുവര്‍ഷക്കാലം കമ്യൂണിസ്റ്റ് തീവ്രവാദം പരത്തുന്ന ലക്ഷ്യങ്ങള്‍ നടപ്പിലായാല്‍ സന്മാര്‍ഗ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോകും.
ഒരുദിവസം വൈകി കേരളഭൂഷണവും 'വി അപ്പീല്‍ ടു പണ്ഡിറ്റ് നെഹ്റു' എന്ന തലക്കെട്ടില്‍ ഇംഗ്ളീഷ് മുഖപ്രസംഗമെഴുതി.
ജൂണ്‍ 25ന് രാവിലെ 8.15ന് അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനം കയറി. വിമാനത്താവളത്തില്‍ അദ്ദേഹം പത്രപ്രതിനിധികളോട് സംസാരിച്ചു.
ചോദ്യോത്തരങ്ങള്‍ ഇങ്ങനെ:-
കേരളത്തില്‍ കേന്ദ്രം ഇപ്പോള്‍ ഇടപെടുമോ?
"ഭാവിയില്‍ എന്ത് നടക്കുമെന്നെനിക്ക് പറയുക സാധ്യമല്ല. ഇപ്പോള്‍ കേന്ദ്രം ഇവിടെ ഇടപെടുകയല്ല ഉദ്ദേശം. ഏത് സംസ്ഥാനത്തായാലും കഴിയുന്നിടത്തോളം കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം.
കേരളത്തില്‍ ഒരു സാമുദായിക പ്രക്ഷോഭമാണ് നടക്കുന്നതെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ? എന്താണങ്ങയുടെ അഭിപ്രായം?
"എന്റെ അഭിപ്രായത്തില്‍ പല ഗതിയിലുള്ള ഒരു പ്രക്ഷോണമാണിത്. അതില്‍ സാമുദായിക ചായ്വും ഉള്‍പ്പെടുന്നുണ്ട്. പക്ഷേ അതിനപ്പുറത്തായി ഒരു ജനകീയ മുന്നേറ്റമാണിതില്‍ കാണുന്നത്. ഇത് സാമുദായികമാണോ അല്ലയോ എന്നൊക്കെ വിധിയെഴുതുന്നതില്‍ കാര്യമൊന്നുമില്ല.
സമരരീതികളെപ്പറ്റി വളരെയധികം ആക്ഷേപമുണ്ട്. അങ്ങയുടെ അഭിപ്രായമെന്താണ്?
പിക്കറ്റിംഗു നടത്തുന്നതിനോട് പ്രത്യേകിച്ചും സ്കൂളുകളും ബസ്സുകളും മറ്റും പിക്കറ്റു ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും മറ്റും ഇതില്‍ ഉള്‍പ്പെടുത്തുന്നതും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വഴിയില്‍ തടഞ്ഞിടുന്നതും ശരിയല്ല.
ചോദ്യമില്ലാതെ തന്നെ മലയാള പത്രങ്ങളോട് അദ്ദേഹം ഒരു കാര്യം പറഞ്ഞു.
"ഒരു കാര്യം ഞാനിവിടത്തെ പത്രങ്ങളെ സംബന്ധിച്ച് പറയാനാഗ്രഹിക്കുന്നു. മലയാള പത്രങ്ങള്‍ അവയുടെ ശക്തിക്കും വീറിനും അതീതമായ ഒരു ഭാഷ സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നു. ചില തര്‍ജ്ജമകളാണ് ഞാന്‍ വായിച്ചത്. കുറേക്കൂടി മിതമായ ഭാഷയില്‍ അവയുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ഞാനവയോടഭ്യര്‍ത്ഥിക്കുന്നു''.
വിമോചന സമരം ജനകീയ മുന്നേറ്റമാണെന്ന ഭാഗം പൊലിപ്പിച്ച് 'കേരളത്തിലേത് ബഹുജനമുന്നേറ്റമാണെന്ന് നെഹ്റു പറഞ്ഞെന്ന്' മനോരമയും ദീപികയും മലയാള രാജ്യവും ചന്ദ്രികയും എന്നുവേണ്ട സകല വിരുദ്ധരും എഴുതി. കേരളത്തിലിപ്പോള്‍ ഇടപെടാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നതായിരുന്നു കേരള കൌമുദിയുടെ ലീഡ്. പിക്കറ്റിംഗിനെയും വിരുദ്ധ പത്രങ്ങളുടെ ഭാഷാ ശൈലിയെയുമെല്ലാം നെഹ്റു വിമര്‍ശിച്ചത് കമ്യൂണിസ്റ്റ് പത്രങ്ങളും തലക്കെട്ടാക്കി.
പോകുന്നതിനുമുമ്പ് നെഹ്റു മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇ എം എസ് മന്ത്രിസഭക്കു മുന്നില്‍വെച്ചത്.
1. പോലീസ് വെടിവെയ്പുകളെക്കുറിച്ച് അന്വേഷണം നടത്തണം.
2. വിദ്യാഭ്യാസ നിയമത്തിലെ 11-ാം വകുപ്പ് എടുത്തുകളയണം.
3. അശോക്‍മേത്ത പാര്‍ലമെണ്ടില്‍ ഉന്നയിച്ച 32 ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ 101 ശതമാനവും അംഗീകരിച്ചുകൊണ്ടാണ് ഇ എം എസ് മറുപടി നല്‍കിയത്. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാം. 11-ാം വകുപ്പ് സസ്പെന്റ് ചെയ്യാം. 32 ആരോപണങ്ങളെക്കുറിച്ച് കേന്ദ്രത്തിനു തന്നെ അന്വേഷണം നടത്താം. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ രാജിവെക്കാനും തയ്യാര്‍.
കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനായി ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. 29ന് കേന്ദ്രത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി തീരുമാനം വന്നു. 'ഗവണ്‍മെന്റ്രാജിവെക്കുക, തിരഞ്ഞെടുപ്പിനെ നേരിടുക'.
സര്‍ക്കാരിനെ തിരുത്തുകയോ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുകയോ ആയിരുന്നില്ല വിമോചന സമരത്തിന്റെ ലക്ഷ്യമെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാക്കിക്കൊണ്ട് അങ്ങനെ 1959 ജൂണ്‍ അവസാനിച്ചു.
*
എസ് കല കടപ്പാട്: ചിന്ത വാരിക 26 ജൂണ്‍ 2009