Sunday, August 2, 2009

ധാർമിക സന്ദിഗ്ദ്ധതകളുടെ അവരോഹണാഖ്യാനങ്ങൾ

എല്ലാവര്‍ക്കും പരിചിതമായ റെജിസ്റ്ററുകളില്‍ നിന്നുള്ള വ്യതിയാനത്തോടെ ദേവദാസ്‌ വി എം നോവലെഴുതുന്നത്‌ -ഡില്‍ഡോ(ആറു മരണങ്ങളുടെ പള്‍പ്പ്‌ ഫിക്ഷന്‍ പാഠപുസ്തകം)- ചിലപ്പോള്‍ ഇതിവൃത്തപരമായ ആവശ്യം കൊണ്ടാകാമെന്നാണ്‌ നോവലിനുള്ള അനവതാരിക(!)യുടെ കര്‍ത്താവും മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ എടുത്തുചാട്ടങ്ങള്‍ നടത്തിയ ആളുമായ മേതില്‍ രാധാകൃഷ്ണന്‍ ന്യായീകരിക്കുന്നത്‌. അതല്ല അത്തരം വ്യതിയാനം എഴുത്തുകാരന്റെ ശാഠ്യവുമാകാമെന്ന്‌, തന്റെ തന്നെ ശീലങ്ങളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല മേതില്‍ സംശയിക്കുന്നുമുണ്ട്‌. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളില്‍ വ്യതിചലിത എഴുത്ത്‌ പ്രതിഭാഷയും, കുറ്റകൃത്യവുമാകാമെന്നും മേതില്‍ ഓര്‍മ്മപ്പെടുത്തുന്നു. ബഷീറും ഈ വിളയാട്ടം അനുഭവിച്ചതാണല്ലോ. അദ്ദേഹത്തിന്റെ അനിയന്‍ തന്നെയായിരുന്നു ഭാഷാ പോലീസിന്റെ വേഷമണിഞ്ഞെത്തിയത്‌. അവന്‍(ബഷീറിന്റെ അനിയന്‍ അബ്ദുള്‍ഖാദര്‍) ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ ഒരു വാക്യം വായിച്ചു. സ്റ്റൈലന്‍ വാക്യമാണ്‌. പക്ഷെ, അവന്‍ ചോദിച്ചു: ഇതിലെ ആഖ്യാദം എവിടെ ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം? അവന്‍ ഒരു കൊച്ചു വിദ്യാര്‍ത്ഥിയോടെന്ന വണ്ണം എന്നോട്‌ കുറെ സംസാരിച്ചു. അതില്‍ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്‌, ലൊടുക്ക്‌ മുതലായ വ്യാകരണ സംബന്ധിയായ ചപ്ലാച്ചി ചര്‍ച്ചകളാണ്‌. ലൊട്ട്‌, ലൊടുക്ക്‌ എന്നൊന്നും അവന്‍ പറഞ്ഞില്ല. അര മണിക്കൂര്‍ നേരത്തെ വര്‍ത്തമാനത്തില്‍ അവന്‍ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ട്‌ പറഞ്ഞു: ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!(പാത്തുമ്മയുടെ ആട്‌). അധ്യാപകനെ പോലീസ്‌ എന്ന്‌ നേര്‍ക്കു നേര്‍ വിളിക്കുന്നതിലൂടെ മേതിലിന്റെ അനവതാരിക യാഥാര്‍ത്ഥ്യത്തിന്റെ അവതാരികയായി പരിണമിക്കുന്നുമുണ്ട്‌.

ചലച്ചിത്രകാരന്മാരായ പെദ്രോ അല്‍മൊദോവാറിന്റെ(സ്പെയിന്‍) ധാര്‍മിക സന്ദിഗ്ദ്ധതകളും അലെജാന്ത്രോ ഗൊണ്‍സാലെസ്‌ ഇനാറിത്തു(മെക്സിക്കോ)വിന്റെ അവരോഹണാഖ്യാനവും (റിവേഴ്സ്‌ നറേഷന്‍) ദേവദാസിന്റെ നോവല്‍ വായിക്കുമ്പോള്‍ ധാരണയില്‍ സജീവമായി കടന്നു വന്നു. ബാഡ്‌ എഡ്യൂക്കേഷനില്‍ പ്രായം കുറഞ്ഞ ആണ്‍കുട്ടികളോടൊത്ത്‌ ഫുട്ബാള്‍ കളിക്കുന്ന സ്വവര്‍ഗാനുരാഗിയായ പാതിരിയച്ചന്‌ കളിക്കിടയിലെ സ്പര്‍ശനങ്ങളില്‍ രതിമൂര്‍ഛയുണരുന്നതു പോലെയും; ടോക്ക്‌ ടു ഹെറിലെ ഇന്‍ട്രോവര്‍ട്ടായ പുരുഷ നേഴ്സ്‌ കോമയില്‍ കുടുങ്ങിപ്പോയ യുവതിയായ രോഗിയെ പ്രണയിക്കുന്നതും തുടര്‍ന്ന്‌ അവളുമായി രതിയിലേര്‍പ്പെട്ട്‌ ഗര്‍ഭിണിയാക്കുന്നതും അതിന്മൂലം അവളുടെ ബോധം തിരിച്ചുകിട്ടി പൂര്‍ണരോഗ്യവതിയാവുന്നതും എന്നാല്‍ സമ്മതമില്ലാതെ രോഗിയുമായി ലൈംഗികവേഴ്ചയിലേര്‍പ്പെട്ടതിന്‌ അയാളെ ജയിലിലടക്കുന്നതും പോലെയും; ലൈവ്‌ ഫ്ലഷില്‍ പോലീസ്‌ ഡിറ്റക്ടീവായ ഡേവിഡിനോട്‌ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതി വിക്ടര്‍ അയാളുടെ പത്നിയെ വശത്താക്കിക്കൊണ്ട്​‌ പ്രതികാരം തീര്‍ക്കുന്നതു പോലെയും; ഉള്ള ഘട്ടങ്ങളില്‍ ആരും ആരുടെയും നിയന്ത്രണത്തിലല്ല എന്ന വസ്തുതയാണ്‌ വിശദീകരിക്കപ്പെടുന്നത്‌, അഥവാ വിശദീകരണക്ഷമമല്ലാതിരിക്കുന്നത്‌. മകന്റെ മരണാനന്തരം അവന്റെ ഡയറി വായിച്ച്‌ വിസ്മയകരമായ അന്വേഷണങ്ങളിലേര്‍പ്പെടുന്നതിനിടെ; ആണായി വേഷം കെട്ടി നടക്കുന്ന വേശ്യ, ഗര്‍ഭിണിയായ കന്യാസ്ത്രീ, സ്വവര്‍ഗാനുരാഗിയായ നടി എന്നിങ്ങനെയുള്ള കഥാപാത്രങ്ങളെ കണ്ടു മുട്ടുന്ന ഒരമ്മയുടെ കഥ പറയുന്ന ഓള്‍ എബൗട്ട്‌ മൈ മദര്‍ പോലെയും മരിച്ചവര്‍ക്ക്‌ ജീവിച്ചിരിക്കുന്നവരുടെ മേലുള്ള തീക്ഷ്ണമായ സ്വാധീനത്തിന്റെ കഥ പറയുന്ന വോള്‍വര്‍ പോലെയുമുള്ള അസാമാന്യ സിനിമകളിലൂടെ സ്ത്രീ ജിവിതത്തിന്റെയും മനസ്സുകളുടെയും ആഴങ്ങളിലേക്ക്‌ ഊഴ്‌ന്നിറങ്ങുകയാണ്‌ അല്‍മൊദോവാര്‍ ചെയ്തത്‌. അല്‍മൊദോവാറിന്റെ സിനിമകളില്‍ കാണാറുള്ള അസാധ്യമായ സദാചാരക്കെണികളെ ഓര്‍മ്മിപ്പിക്കുന്ന കഥാഗതികള്‍, ഡില്‍ഡോയെ ആധുനിക ലോകത്തോട്‌ സത്യസന്ധമായി അഭിമുഖീകരിക്കുന്ന ഒരു നോവലായി പരിവര്‍ത്തിപ്പിക്കുന്നുണ്ട്‌. അലെജാന്ത്രോ ഗൊണ്‍സാലെസ്‌ ഇനാറിത്തുവിന്റെ 21 ഗ്രാംസ്‌ പോലുള്ള സിനിമകളിലുള്ള റിവേഴ്സ്‌ നറേഷനും ഓരേ കാര്യം പല തലങ്ങളില്‍, പല കാലങ്ങളില്‍, പല സ്ഥലങ്ങളില്‍, പല നിലകളില്‍ കാണുമ്പോഴും വിശദീകരിക്കപ്പെടുമ്പോഴുമുണ്ടാകുന്ന സന്ദിഗ്ദ്ധതകളുമാണ്‌ ഡില്‍ഡോയുടെ മറ്റൊരു സവിശേഷത.

സൈബര്‍ വായനയുടെയും ബ്ലോഗെഴുത്തിന്റെയും അനുഭവോഷ്മളതയില്‍ നിന്നാണ്‌ അധ്യായങ്ങളോരോന്നിനും ശേഷമുള്ള അഭ്യാസങ്ങളടങ്ങിയ പാഠപുസ്തക(!)രൂപേണയുള്ള ഈ നോവലെഴുതപ്പെടുന്നത്‌. ഇന്റര്‍നെറ്റ്‌ വായനയുടെ അവിഭാജ്യ ഘടകമായ വിക്കിപ്പീഡിയ പരതലിനെ അവലംബിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കുറിപ്പ്‌ മൂന്നറിയിപ്പായി കൊടുത്തിട്ടുണ്ട്‌. നിര്‍വചനങ്ങളും വിവരങ്ങളും വിക്കിപ്പീഡിയയുടെ സ്വതന്ത്ര വിവര്‍ത്തനങ്ങളാണെങ്കിലും അവയെ ആധികാരികമായി സമീപിക്കേണ്ടതില്ല.

മാവോയിസം, ലൈംഗികത(സ്വാഭാവികവും കൃത്രിമവും), പ്രണയം, ദാമ്പത്യം, നിയമസംഹിതകളും നിര്‍വഹണങ്ങളും, കള്ളക്കടത്ത്‌, രാജ്യസുരക്ഷ, ആത്മഹത്യ, കൊലപാതകം, പോലീസ്‌, മതസ്ഥാപനങ്ങള്‍, എന്നിങ്ങനെ നമ്മുടെ കാലത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന; പരസ്പരബന്ധമില്ലാതിരിക്കെ തന്നെ ബന്ധമുണ്ടായിരിക്കുകയും, ബന്ധമുണ്ടായിരിക്കെ തന്നെ അതില്ലാതിരിക്കുകയും ചെയ്യുന്ന സങ്കീര്‍ണ ഘടകങ്ങളുടെ പാരസ്പര്യമാണ്‌ നോവലിസ്റ്റിന്റെ ഉത്ക്കണ്ഠകളെ രൂപീകരിക്കുന്നത്‌.

മാവോയിസം എന്ന പേരിലറിയപ്പെടുന്ന തീവ്ര ഇടതുപക്ഷ ആശയ/പ്രയോഗങ്ങളുടെ യാഥാര്‍ത്ഥ്യത്തെ ദേവദാസ്‌ പരിഗണിക്കുന്നത്‌ ഇങ്ങനെയാണ്‌. ആശയപരമായി അവയൊന്നും എന്നെ ബാധിക്കുന്നില്ലെങ്കില്‍ കൂടി വെറുമൊരു കാല്‍പ്പനിക ചാപല്യമായി അതിനെ തള്ളിക്കളയാനും മനസ്സനുവദിച്ചില്ല. മാവോയിസ്റ്റ്‌ നേതാവാണെന്ന്‌ തെറ്റിദ്ധരിക്കപ്പെട്ട്‌ പോലീസിനാല്‍ കൊല്ലപ്പെട്ട ആളുടേതാണ്‌ ഈ അഭിപ്രായം. ഇയാള്‍ മാവോയിസ്റ്റായ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടത്‌. ഹോങ്കോങ്ങില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാള്‍ മാവോയിസ്റ്റ്‌ സുഹൃത്തുമായി നടത്തിയ കത്തിടപാടുകളുടെയും സുഹൃത്ത്‌ ആവശ്യപ്പെട്ടതിന്‍ പ്രകാരം സെക്സ്‌ ഡോള്‍ അയച്ചുകൊടുത്തതിന്റെയും അത്‌ കസ്റ്റംസ്‌ പോസ്റ്റ്‌ ആപ്പീസില്‍ പിടിക്കപ്പെട്ടതിന്റെയും വിവരണങ്ങളോടു കൂടിയാണ്‌ സംഭവങ്ങളുടെ സങ്കീര്‍ണതകള്‍ അനാവരണം ചെയ്യപ്പെടുന്നത്‌. എന്നാല്‍ വായനക്കാരന്‌ മുന്നില്‍ അനാവരണമായി നിവരുന്ന ഈ കാര്യങ്ങള്‍ തന്നെയാണ്‌ കൊല്ലപ്പെട്ട ഹോങ്കോങ്ങുകാരന്റെ മുമ്പില്‍ ദുരൂഹതയായി ഭവിക്കുന്നതും. - അല്ലെങ്കില്‍ തന്നെ എനിക്കൊന്നും മനസ്സിലാകുന്നില്ല. മാവോയിസത്തോടുള്ള സാമാന്യമായ പരിഗണനയും ഈ കഥാപാത്രത്തിന്റെ വിചാരത്തിലൂടെ പുറത്തു വരുന്നു - നക്സലൈറ്റ്‌ ആശയങ്ങള്‍ അടങ്ങിയ ആ പുസ്തകം പെട്ടെന്നു തന്നെ എന്നെ മടുപ്പിച്ചു. ഇത്തരത്തില്‍ മാവോയിസത്തോടോ നക്സലിസത്തോടോ യാതൊരു വിധത്തിലുള്ള അനുഭാവമോ പരിഗണനയോ കല്‍പ്പിക്കാത്ത ആളെ തന്നെ കൊലപ്പെടുത്തുകയും അതിനെ മാവോയിസ്റ്റ്‌ നേതാവ്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്ന വിധത്തില്‍ വാര്‍ത്തയെഴുതി വിടുകയും ചെയ്യുന്ന പോലീസ്‌/മാധ്യമ/ഭരണകൂട/പൊതുബോധ തന്ത്രങ്ങളെ പരിഹാസ്യതയുടെ തലത്തില്‍ കൊണ്ടുചെന്നെത്തിച്ച്‌ ആക്ഷേപിക്കാനാണ്‌ ഇത്തരമൊരു കഥാഗതി നോവലിസ്റ്റ്‌ ആവിഷ്ക്കരിച്ചതെന്നു തോന്നുന്നു.

ഭൂതകാലത്തെ പുനര്‍ വിശകലനം ചെയ്യുകയും, അങ്ങനെയായിരുന്നില്ലെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്ന വിധത്തില്‍ കാര്യങ്ങള്‍ ആലോചിച്ചെടുക്കുകയും ചെയ്യുന്ന ആഖ്യാനരീതി ശ്രദ്ധേയമാണ്‌. ഈ രീതി അനലോഗില്‍ നിന്ന്‌ ഡിജിറ്റലിലേക്കുള്ള പരിവര്‍ത്തനം കൂടിയാണ്‌. സാഹിത്യ രചനയിലെ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍. എന്തും ഏതും ഇറേസ്‌ ചെയ്തും (മായ്ച്ചും) ഡെലിറ്റ്‌ ചെയ്തും (നീക്കിക്കളഞ്ഞും) മുന്നോട്ടു (പിന്നോട്ടും) പോകുന്ന ഒന്നാണല്ലോ ഡിജിറ്റല്‍ രീതി. എന്നാല്‍ അനലോഗില്‍, ക്രമാനുഗതമായതും ഒരിക്കല്‍ ഒരടി വെക്കുകയോ ഒരു പടി കയറുകയോ ചെയ്തു കഴിഞ്ഞാല്‍ പിന്നെ പുറകോട്ട്‌ പോകാനാവാത്തതോ ഇറങ്ങാനാവാത്തതോ ആയതുമായ ഗമനമാണുള്ളത്‌. ഡിജിറ്റല്‍ രീതിയില്‍ വിഭാവനം ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്തിട്ടുള്ള ഡില്‍ഡോ വായിക്കുമ്പോള്‍, മേതില്‍ ശരിയായി നിരീക്ഷിക്കുന്നതു പോലെ ഒരു സ്റ്റോപ്പ്‌ വാച്ച്‌ കൈയിലെടുത്തു പിടിച്ച പ്രതീതിയാണുണ്ടാകുക. മലയാള നോവല്‍ ആധുനികോത്തരതയിലേക്കുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചതു പോലെ.

പ്രകൃതിനിയമങ്ങളുടെ ഏറ്റവും ഉദാത്തമായ നിര്‍വഹണങ്ങളിലൊന്നാണ്‌ ജീവികളുടെ ലൈംഗികത. സൗന്ദര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ദൈവസാന്നിദ്ധ്യത്തിന്റെയും, സാമാന്യമായിരിക്കെ തന്നെ അസാമാന്യമായ ഈ പ്രകടനത്തെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നതിലൂടെ മനുഷ്യര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവിരുദ്ധത മനുഷ്യജീവിതത്തെയും ലോകത്തെ തന്നെയും കലുഷിതമാക്കിക്കഴിഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയെ അഭിമുഖീകരിക്കുന്ന മുഴുവന്‍ മനുഷ്യരുടെയും ഉപഭോഗ മണ്ഡലത്തിലേക്കാണ്‌ കൃത്രിമ ലൈംഗിക ഉപകരണങ്ങളുടെ വിപണി വളരുന്നത്‌. ആ വിപണിയിലേക്കാണ്‌ നിഷ്കളങ്കയും അനാഥയുമായ പെണ്‍കുട്ടി ഏജന്റായി എത്തിപ്പെടുന്നത്‌. കോണ്‍വെന്റിലെ സഹപാഠികള്‍ക്കിടയില്‍ വിവിധ തരം കൃത്രിമ ലൈംഗികോപകരണങ്ങള്‍ വില്‍പന നടത്തുന്ന അവളോട്‌ അവരെങ്ങനെയാണ്‌ അവ ഉപയോഗിച്ചതെന്നും വിവരിക്കുന്നു. ജീന്‍സ്‌-അടിവസ്ത്രം എന്നിവയുടെ പരസ്യങ്ങളില്‍ കാണുന്ന അര്‍ദ്ധനഗ്നരായ മോഡലുകളെ നോക്കിയാണ്‌ ഒരുവള്‍ ഉപകരണം ഉപയോഗിക്കുന്നത്‌. അവളോട്‌ വില്‍പനക്കാരിയായ പെണ്‍കുട്ടി മുക്കാലും നഗ്നനായ ഒരു മോഡലാണ്‌ തനിക്ക്‌ സഹായത്തിനുള്ളത്‌ എന്നു പറഞ്ഞിട്ടും മറ്റവള്‍ വിശ്വസിക്കുന്നില്ല. ചിട്ടയാര്‍ന്നതും എപ്പോഴും മദറിന്റെ കണ്ണെത്തുന്നതുമായ അനാഥാലയത്തിലെ അന്തരീക്ഷത്തില്‍ എങ്ങനെയാണ്‌ ആ മോഡലിന്റെ ചിത്രം ഞാന്‍ ഒളിപ്പിക്കുന്നത്‌ എന്നവള്‍ ചോദിച്ചു. മുക്കാലും നഗ്നനായ എന്റെ മോഡലിന്റെ ചിത്രങ്ങളും പ്രതിമകളും അനാഥാലയത്തില്‍ എല്ലായിടത്തും എന്തിനേറെ മദറിന്റെ മുറിയില്‍ പോലും കാണാമെന്നു ഞാന്‍ പറഞ്ഞിട്ടും അവള്‍ വിശ്വസിക്കുന്നില്ല. നഗ്നതക്ക്‌ എപ്പോഴും ഒരേ അളവല്ല; പക്ഷേ ജീന്‍സ്‌ ധാരികളായ മോഡലുകളേക്കാള്‍ ഏറെ നഗ്നനാണ്‌ എന്റെ മോഡലെന്ന്‌ എനിക്കറിയാം. നോവലിസ്റ്റ്‌ തുറന്നു പറയുന്നില്ലെങ്കിലും പീഡിതയേശുവിന്റെ രൂപം നോക്കിത്തന്നെയാണ്‌ കഥാനായിക സ്വയം ഭോഗം ചെയ്യുന്നതെന്ന ഞെട്ടിക്കുന്ന അറിവില്‍ നിന്ന്‌ നമുക്ക്‌ വിമുക്തരാവാനാവില്ല. കൃഷ്ണന്റെ കാമുകികളായ ഗോപികമാരായി സ്വയം സങ്കല്‍പിക്കുന്നവരെ പോലെ, കര്‍ത്താവിന്റെ നിത്യ മണവാട്ടികളായി തീരുന്ന കന്യാസ്ത്രീകളെ പ്പോലെ, അവള്‍ യേശുവുമായി തന്റെ ശരീരത്തിന്റെ ആനന്ദോത്സവത്തിലൂടെ ഐക്യപ്പെടുകയാണ്‌ ചെയ്യുന്നതെന്ന്‌ വായിച്ചെടുക്കാന്‍ മാത്രം ഉദാര ജനാധിപത്യം കേരളീയര്‍ക്ക്‌ എന്നാണ്‌ ആര്‍ജ്ജിക്കെടുക്കാനാവുക?

സ്പോണ്‍സര്‍ അങ്കിളുമായുള്ള പെണ്‍കുട്ടിയുടെ ബന്ധവും സവിശേഷമായ ആലോചനയും വിശകലനവും ആവശ്യപ്പെടുന്ന ഒന്നാണ്‌. തനിക്ക്‌ വിവാഹം ചെയ്യാനാവാതെ പോയ കാമുകിയുടെ മകളാണ്‌ അനാഥയായ പെണ്‍കുട്ടി എന്നറിഞ്ഞുകൊണ്ടാണ്‌ സ്പോണ്‍സറായ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കുന്നത്‌. പതിനെട്ടു വയസ്സാവുന്നതോടെ അവളെ അനാഥാലയത്തില്‍ നിന്നു പുറത്തുകൊണ്ടുവന്ന്‌ തനിക്കൊപ്പം വളര്‍ത്താനാണ്‌ അയാളുടെ ഉദ്ദേശ്യം എന്ന്‌ മദര്‍ അവളോട്‌ പറയുന്നുമുണ്ട്‌. കാമുകിയില്‍ തനിക്ക്‌ പിറക്കാതെ പോയ മകളെ, മകളെന്ന വണ്ണം കാണുന്നതിനല്ല അയാള്‍ തുനിയുന്നത്‌. തനിക്ക്‌ പ്രാപിക്കാനാവാതെ, അന്യനെ വിവാഹം ചെയ്യുകയും മരിച്ചു പോകുകയും ചെയ്ത കാമുകിയുടെ ശരീരം തന്നെയാണ്‌ ആ കൊച്ചുകുട്ടിയില്‍ അയാള്‍ ദര്‍ശിക്കുന്നത്‌. അവള്‍(കാമുകിയുടെ മകള്‍) വരച്ചു നല്‍കിയ ചിത്രങ്ങളിലെ ചായക്കൂട്ടുകള്‍ ഒലിച്ചുമാറിയപ്പോള്‍ എനിക്ക്‌ തിരികെ ലഭിച്ചതു 13 വയസ്സില്‍ പഴയ കാമുകിയെത്തന്നെയായിരുന്നു. ചിത്രം വരയ്ക്കുന്ന മാലാഖക്കുട്ടിയില്‍ നിന്ന്‌ ഒരു കാമുകിയിലേക്ക്‌ അവള്‍ മാറുന്നതിനേക്കാള്‍ എത്രയോ മടങ്ങുവേഗതയിലാണ്‌ സര്‍പ്പിളക്കൂട്ടിലൊളിച്ച ഒച്ചില്‍ നിന്ന്‌ പൂര്‍ണമായും ചാരം മാറി കത്താനൊരുങ്ങുന്ന കനല്‍ക്കട്ടയായി മാറാനെനിക്കു കഴിഞ്ഞത്‌.........തല്‍ക്കാലത്തേക്ക്‌ അവളൊരു ഒളിത്തുരുത്താണെങ്കിലും പിന്നീട്‌ എനിക്കു പിടിച്ചടക്കേണ്ടുന്ന ഭൂപ്രദേശമാണ്‌. അതിനായി ക്ഷമയോടെ കാത്തിരിക്കുന്നൊരു പോരാളിയാണ്‌ ഞാന്‍. അവള്‍ക്കു പതിനെട്ടു വയസ്സാവുന്നതോടെ ഒരു മുലയുടെ ഒഴിവില്‍ നിന്ന്‌ എനിക്കു രണ്ടു മുലകളുടെ നിറവിലേക്ക്‌ മാറേണ്ടതുണ്ട്‌. മടുപ്പിക്കുന്ന പരാജയങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞുമാറിയൊരു ദ്വീപ്‌. ബന്ധങ്ങളുടെ ഈ സദാചാരവൈകൃതത്തെ പ്രകൃതി പക്ഷെ തോല്‍പ്പിക്കുകയാണ്‌. സ്പോണ്‍സര്‍ അങ്കിളും ഞാനുമായുള്ള കണ്ടുമുട്ടലുകളില്‍ രസകരമായ ഒരു വസ്തുതയുണ്ട്‌. ആദ്യം കാണുന്നതും അവസാനം കാണുന്നതും ഞായറാഴ്ചകളിലാണ്‌. രണ്ടു ദിവസങ്ങളിലും ഞാന്‍ മെന്‍സസ്‌ ആയിരുന്നു. മുത്തശ്ശിക്കഥകളുടെ ശൈലിയില്‍ ഹാംബര്‍ട്ടിന്റെയും ലോലിതയുടെയും കഥ പറഞ്ഞ്‌ അയാള്‍ അവളെ പ്രാപിക്കാനായി തുനിയുന്നു. കുളി കഴിഞ്ഞു വന്ന അവളോട്‌ നിനക്കറിയാമോ..... ലോലിതയും അവളുടെ രണ്ടാനച്ഛന്‍ ഹംബര്‍ട്ടും ഒരു യാത്രക്കിടയില്‍ ഇതേ പോലൊരു ഹോട്ടല്‍ മുറിയില്‍ ഒരു കട്ടിലില്‍ അന്തിയുറങ്ങുന്നു. അന്നാണ്‌ ആദ്യമായി അവര്‍ രതിയിലേര്‍പ്പെടുന്നത്‌. അവളുടെ ആര്‍ത്തവ ദിവസങ്ങളാണതെന്ന്‌ പിന്നാലെ വെളിവാകുകയും അയാളുടെ ഉദ്ദേശ്യം അലസിപ്പോകുകയുമാണുണ്ടായത്‌. ഡില്‍ഡോ വില്‍പനക്കുറ്റത്തിന്‌ അറസ്റ്റിലായ അവളുടെ ജാമ്യദിവസങ്ങളുമായിരുന്നു അത്‌. കോടതിയില്‍ നിന്ന്‌ തന്റെ കഴിവും സ്വാധീനവും ഉപയോഗിച്ച്‌ അവളെ രക്ഷിച്ചെടുക്കാമെന്ന്‌ അയാള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കോടതി അവളെ ശിക്ഷിച്ചു. വാഗ്ദാന ലംഘനം പിടിക്കപ്പെടുമല്ലോ എന്ന ഭീതിയിലാണയാള്‍ കൈക്കൂലി നല്‍കി പോലീസുകാരനെക്കൊണ്ട്‌ അവളെ കൊന്നു കളയുന്നത്‌. അതൊരു അപകടമരണമായി എഴുതിത്തള്ളപ്പെടുകയും ചെയ്തു.

പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ പരസ്പരബന്ധമുണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത ആറു മരണങ്ങള്‍ തമ്മിലുള്ള നിഗൂഢവും വ്യാഖ്യാനിക്കാന്‍ ബുദ്ധിമുട്ടുള്ളതുമായ ബന്ധങ്ങളാണ്‌ ഡില്‍ഡോയില്‍ നിവര്‍ന്നു വരുന്നത്‌. ഉദാഹരണത്തിന്‌ സ്പോണ്‍സറും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിലെ ഊരാക്കുടുക്ക്‌ നോക്കുക: നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയുന്നുണ്ടോ? ഒമ്പതു വര്‍ഷത്തോളമാണ്‌ ഞാന്‍ ആ പെണ്‍കുട്ടിയെ സ്പോണ്‍സര്‍ഷിപ്പിനാല്‍ സംരക്ഷിച്ചതു. അവളുടെ സംരക്ഷണ തുകയ്ക്കായി ഞാന്‍ ഡെല്‍ഹിയിലേക്ക്‌ കടത്തിയ ഡില്‍ഡോകള്‍ തന്നെയാണ്‌ (പരോക്ഷമായാണെങ്കിലും) അവളെ കുരുക്കുന്നത്‌. മാവോയിസ്റ്റായ പത്രപ്രവര്‍ത്തകന്‌ ഹോങ്കോങ്ങിലെ സുഹൃത്ത്‌ അയച്ച സെക്സ്‌ ഡോള്‍ പിടി കൂടിയ കസ്റ്റംസ്‌ ഉദ്യോഗസ്ഥന്‍ അയാളെ ക്രൂരമായി ചോദ്യം ചെയ്യുകയും പരിശോധനക്കിടയില്‍ അയാളുടെ പേഴ്സില്‍ നിന്ന്‌ അയാളുടെ മുന്‍ കാമുകിയും തന്റെ ഭാര്യയുമായവളുടെ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ഫോട്ടോഗ്രാഫ്‌ കണ്ടെടുക്കുകയും ചെയ്തപ്പോള്‍ അത്‌ കീറി നശിപ്പിച്ച്‌ ചവറ്റുകുട്ടയില്‍ തള്ളി. ഓര്‍മ്മയുടെ മധുരം പോലും നശിപ്പിക്കുന്ന ഇത്തരം ക്രൂരമനസ്ഥിതിയില്‍ മാവോയിസ്റ്റിന്റെ പ്രതികാരജ്വാല ആളിപ്പടരുകയും അയാള്‍ അതിനായി കസ്റ്റംസുകാരനെ പിന്തുടരുകയുമാണ്‌. അപ്രകാരം പിന്തുടരുമ്പോഴാണ്‌, പോസ്റ്റ്‌ ആപ്പീസില്‍ മണി ഓര്‍ഡര്‍ അയക്കുകയായിരുന്ന കസ്റ്റംസുകാരന്‍ ചുരുട്ടി വലിച്ചെറിഞ്ഞ പിഴവു പറ്റിയ ഫോമില്‍ നിന്ന്‌ സാന്തോം കോണ്‍വെന്റിലെ പെണ്‍കുട്ടിയുടെ വിലാസം എഴുതിയെടുക്കുന്നതും ഹോങ്കോങ്ങിലെ സുഹൃത്തിനെ വിളിച്ച്‌ ആ വിലാസത്തില്‍ സെക്സ്‌ ഉപകരണം അയക്കാന്‍ ഏര്‍പ്പാടു ചെയ്യുന്നതും. സ്ഥലകാലത്തിന്റെ ചില കളികളും ഇവിടെ നിരൂപിച്ചെടുക്കാം. കോര്‍ബാങ്കിംഗും ആര്‍ ടി ജി എസും(വിശദാംശങ്ങള്‍ക്ക്‌ വിക്കിപ്പീഡിയ പരതുക) വ്യാപകമായിക്കഴിഞ്ഞ പുതിയ കാലത്തും മണി ഓര്‍ഡര്‍ പോലുള്ള പ്രാകൃത വ്യവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നതു കൊണ്ടാണ്‌ ഇത്തരമൊരു പിഴവിന്‌ സാധ്യതയുണ്ടാവുന്നതും അതില്‍ പിടിച്ചു കയറി പെണ്‍കുട്ടിയിലൂടെ കസ്റ്റംസുകാരനോടുള്ള പക മാവോയിസ്റ്റ്‌ തീര്‍ക്കുന്നതും.

നോവലിലെ ഏറ്റവും വ്യതിരിക്തമായ അധ്യായം ആറാമത്തേതാണ്‌. ഒറ്റമുലച്ചി എന്നാണ്‌ അധ്യായത്തിന്റെ ശീര്‍ഷകം. ലോകത്തുള്ള കുട്ടികളായ കുട്ടികള്‍ക്കും പുരുഷന്മാരായ പുരുഷന്മാര്‍ക്കും, എന്നും എപ്പോഴും പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട്‌, മുമ്പോട്ട്‌ കൂര്‍ത്തു നില്‍ക്കുകയും നെഞ്ചില്‍ നിറയുകയും ചെയ്യുന്ന സ്ത്രൈണാവയവമായ മുലകള്‍ സാഹിത്യത്തിന്റെയും ഭാഷയുടെയും ദൃശ്യമാധ്യമങ്ങളുടെയും ഏക്കാലത്തെയും പ്രിയങ്കരങ്ങളായ കാഴ്ചാ/ആലോചന/അനുഭവവിഷയങ്ങളിലൊന്നാണ്‌. ഒളിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വെളിപ്പെടുന്ന തരത്തില്‍ നിഗൃഢവും അന്യാദൃശവുമായ സൗന്ദര്യത്തെ ഉള്‍വഹിക്കുകയും പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്ന അവയവമാണ്‌ മുലകള്‍. ഏതോ ഫിലിം ഫെസ്റ്റില്‍ വെച്ചാണ്‌ ഞാന്‍ പേരു മറന്നു പോയ ആ ഫ്രഞ്ചുമൂവി കാണുന്നത്‌. അതില്‍ നായികക്ക്‌ ഓര്‍ഗാസം സംഭവിക്കുന്നത്‌ എപ്പോഴാണെന്നോ? തിരക്കേറിയ മാര്‍ക്കറ്റിലൂടെ യാത്ര ചെയ്യുമ്പോള്‍, തന്റെ മുലകളില്‍ നോക്കുന്ന വഴിപോക്കരുടെ ആര്‍ത്തി പിടിച്ച മുഖങ്ങളില്‍ നോക്കി, വില്‍ക്കാന്‍ വെച്ചിരിക്കുന്ന ധാന്യ ചാക്കുകളില്‍ കൈകള്‍ ആഴ്‌ന്നിറക്കുമ്പോള്‍. വിരലുകള്‍ വിടര്‍ത്തി, ധാന്യക്കൂമ്പാരത്തില്‍ ആഴ്‌ന്നാഴ്‌ന്ന്‌, അതു തന്നെയാണ്‌ എനിക്കും സംഭവിക്കുന്നത്‌. പുരുഷനോ, സ്ത്രീയോ ആരുമാകട്ടെ; ആര്‍ത്തിയോടെ, അസൂയയോടെ, എന്റെ മുലകളില്‍ കണ്ണുകള്‍ പതിപ്പിക്കുമ്പോള്‍ എനിക്കതു സംഭവിക്കുന്നു. ഓര്‍ഗാസം. സ്ത്രൈണസൗന്ദര്യത്തിന്റെ മൂര്‍ത്ത പ്രതീകമായ മുലകളിലൊന്ന്‌ നഷ്ടപ്പെട്ടവള്‍ എന്ന അവസ്ഥ നിഗൂഢതയും അമ്പറപ്പും അവഗണനയും ജനിപ്പിക്കുന്നു. മാവോയിസ്റ്റായി മാറിയ പത്രപ്രവര്‍ത്തകന്റെ പഴയ കാമുകിയും കസ്റ്റംസ്‌ ഉദ്യോഗസ്ഥന്റെ ഭാര്യയുമായ മുപ്പത്തൊന്നുകാരിയായ ഈ ഒറ്റമുലച്ചിയാണ്‌ മുപ്പത്തിയൊന്നടി ഉയരത്തിലുള്ള കെട്ടിടത്തില്‍ നിന്ന്‌ താഴേക്കു ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ നേര്‍ സാക്ഷ്യവിവരണം ഈ അധ്യായത്തില്‍ നല്‍കുന്നത്‌. ശരീരപതനമെന്ന അസ്വസ്ഥതയുടെ അവസ്ഥയില്‍ നിന്ന രക്ഷ നേടാനായി അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങള്‍ കാറ്റില്‍ പാറി നിലത്തുവീഴുന്നതിനോട്‌ സ്വയം സങ്കല്‍പ്പിക്കുകയാണവര്‍. കാമുകനില്‍ നിന്നുള്ള അകല്‍ച്ചയുടെയും അതിനു ശേഷമുള്ള അനിഷ്ടകരമായ ദാമ്പത്യത്തിന്റെയും അതും കഴിഞ്ഞുള്ള സ്വവര്‍ഗാനുരാഗത്തിന്റെയും ഏറ്റവുമവസാനം കാമുകനുമായുള്ള പുനര്‍സമാഗമത്തിന്റെയും ചാക്രികതയിലാണ്‌ അവളുടെ ജീവിതം സംഘര്‍ഷഭരിതമാകുന്നത്‌. കാമുകനുമായി അവള്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നില്ലെങ്കിലും പിരിയുന്ന വേളയില്‍ അവന്‍ അവളുടെ പാതി നഗ്നമായ ഇടതു മുലയില്‍ ചുംബിച്ചിട്ടുണ്ടായിരുന്നു. ആ നഷ്ടപ്രണയമാണ്‌ അവളുടെ മുലവേദനയായി പിന്നീട്‌ മാറുന്നത്‌. വൈദ്യശാസ്ത്രത്തിന്റെ ഏതു തരം ഡയഗ്നോസിസുകള്‍ക്കും അതിന്റെ കാരണം കണ്ടെത്താനാവുന്നില്ല. ഇത്‌ ഓര്‍മ്മകളുടെ പ്രാണവേദനയാണ്‌. അല്ലെങ്കില്‍ സ്ത്രീത്വത്തിന്റെ ഭാഗം കൂടിയായ ഒരവയവം വെറുതേ മുറിച്ചു കളയാന്‍ ഞാന്‍ ആവശ്യപ്പെടുമോ? അവളുടെ നിര്‍ബന്ധത്തിനു വഴങ്ങിയുള്ള മുലനീക്കല്‍ ശസ്ത്രക്രിയക്കു ശേഷം ഐ സി യുവിലെ ശീതളിമയില്‍ ബോധം തിരിച്ചു കിട്ടി കണ്ണു തുറക്കുമ്പോഴാണ്‌ തന്നെപ്പോലെ തന്നെ ഇടതു മുല മുറിച്ചു നീക്കിയ മറ്റൊരു സ്ത്രീയെ അവള്‍ പരിചയപ്പെടുന്നത്‌. അവര്‍ തമ്മിലുള്ള അനുരാഗം അവിടെയാണുടലെടുക്കുന്നത്‌. പരസ്പരം ഉണര്‍ത്തുകയും ഉറക്കുകയും ചെയ്യുന്ന സ്വവര്‍ഗരതിയുടെ അനന്യ മുഹൂര്‍ത്തങ്ങള്‍ ഞങ്ങള്‍ പങ്കു വെക്കുകയാണ്‌. അവളാകട്ടെ ഭര്‍ത്താവുപേക്ഷിച്ച്‌ ഏകാകിയും ഇടതു മുലയുടെ അഭാവത്താല്‍ - എന്നെപ്പോലെ തന്നെ - അപൂര്‍ണ്ണയുമാണ്‌. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന ലൈംഗികത ഞങ്ങള്‍ തുറന്ന്‌ ആഘോഷിക്കാന്‍ തുടങ്ങുന്നത്‌ ഇന്നാണ്‌.

ദേവദാസ്‌ വി എം എന്ന പുരുഷ നോവലിസ്റ്റ്‌ ആണോ ഈ നോവല്‍ എഴുതുന്നത്‌? ഒറ്റ നോട്ടത്തില്‍ ആണ്‌ എന്ന മറുപടി തന്നെയാണ്‌ ലഭിക്കുക. പ്രണയം, ദാമ്പത്യം, ലൈംഗികത, സ്ത്രീ ശരീരം എന്നീ വിഷയങ്ങള്‍ പുരുഷന്റെ വീക്ഷണകോണിലൂടെ അഥവാ ആണ്‍നോട്ട(മേല്‍ ഗേസ്‌)ത്തിലൂടെ തന്നെയാണ്‌ വിവൃതമാകുന്നത്‌. ആരാണ്‌ ആ പുരുഷന്‍/മലയാളി/ഐ ടി പ്രോഫഷണല്‍/ബ്ലോഗര്‍/കാമുകന്‍/നിരാശാകാമുകന്‍? അവരൊക്കെയുമാവാം, അവരിലാരെങ്കിലും ഒരാള്‍ മാത്രവുമാവാം. പക്ഷെ, ആ കര്‍തൃത്വങ്ങളുടെ എല്ലാം രൂപീകരണങ്ങളെ സാധ്യമാക്കുന്നത്‌ ഏതുതരം മാനസിക സഞ്ചാര സാധ്യതകളാണ്‌ എന്നതാണ്‌ നിര്‍ണായകമായ ചോദ്യം. സൈബര്‍ വായനകളുടെയും ചിന്തകളുടെയും വിഭാവനങ്ങളുടെയും പുതിയ ലോകത്തിന്റെ പ്രതീതി യാഥാര്‍ത്ഥ്യ(വെര്‍ച്വല്‍ റിയാലിറ്റി​)മാണ്‌ ആ സ്വാതന്ത്ര്യത്തെ ഉത്പാദിപ്പിക്കുന്നത്‌. അത്തരമൊരു സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരത്തെ, പഴയ നിയമങ്ങളുടെയും പഴയ യാഥാര്‍ത്ഥ്യങ്ങളുടെയും പഴയ അനുഭവങ്ങളുടെയും പഴയ വായനകളുടെയും പഴയ കാഴ്ചകളുടെയും പശ്ചാത്തലത്തില്‍ പരിശോധിച്ച്‌ വീര്‍പ്പു മുട്ടിക്കുക എന്ന അബദ്ധത്തില്‍ മലയാളി ചെന്നു ചാടാതിരിക്കട്ടെ!

*
ജി പി രാമചന്ദ്രന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

എല്ലാവർക്കും പരിചിതമായ റെജിസ്റ്ററുകളിൽ നിന്നുള്ള വ്യതിയാനത്തോടെ ദേവദാസ്‌ വി എം നോവലെഴുതുന്നത്‌ -ഡിൽഡോ(ആറു മരണങ്ങളുടെ പൾപ്പ്‌ ഫിക്ഷൻ പാഠപുസ്തകം)- ചിലപ്പോൾ ഇതിവൃത്തപരമായ ആവശ്യം കൊണ്ടാകാമെന്നാണ്‌ നോവലിനുള്ള അനവതാരിക(!)യുടെ കർത്താവും മലയാള ഭാഷയിലും സാഹിത്യത്തിലും വിസ്ഫോടനാത്മകമായ എടുത്തുചാട്ടങ്ങൾ നടത്തിയ ആളുമായ മേതിൽ രാധാകൃഷ്ണൻ ന്യായീകരിക്കുന്നത്‌. അതല്ല അത്തരം വ്യതിയാനം എഴുത്തുകാരന്റെ ശാഠ്യവുമാകാമെന്ന്‌, തന്റെ തന്നെ ശീലങ്ങളുടെ പശ്ചാത്തലത്തിലാണോ എന്നറിയില്ല മേതിൽ സംശയിക്കുന്നുമുണ്ട്‌. ഭാഷാ പോലീസിന്റെ വിളയാട്ടം വല്ലാതെയുള്ള സാഹിത്യസമൂഹങ്ങളിൽ വ്യതിചലിത എഴുത്ത്‌ പ്രതിഭാഷയും, കുറ്റകൃത്യവുമാകാമെന്നും മേതിൽ ഓർമ്മപ്പെടുത്തുന്നു. ബഷീറും ഈ വിളയാട്ടം അനുഭവിച്ചതാണല്ലോ. അദ്ദേഹത്തിന്റെ അനിയൻ തന്നെയായിരുന്നു ഭാഷാ പോലീസിന്റെ വേഷമണിഞ്ഞെത്തിയത്‌. അവൻ(ബഷീറിന്റെ അനിയൻ അബ്ദുൾഖാദർ) ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട്‌ ഒരു വാക്യം വായിച്ചു. സ്റ്റൈലൻ വാക്യമാണ്‌. പക്ഷെ, അവൻ ചോദിച്ചു: ഇതിലെ ആഖ്യാദം എവിടെ? എനിക്കൊന്നും മനസ്സിലായില്ല. എന്താഖ്യാദം? അവൻ ഒരു കൊച്ചു വിദ്യാർത്ഥിയോടെന്ന വണ്ണം എന്നോട്‌ കുറെ സംസാരിച്ചു. അതിൽ ആഖ്യ, ആഖ്യാദം, അന്വയം, ലൊട്ട്‌, ലൊടുക്ക്‌ മുതലായ വ്യാകരണ സംബന്ധിയായ ചപ്ലാച്ചി ചർച്ചകളാണ്‌. ലൊട്ട്‌, ലൊടുക്ക്‌ എന്നൊന്നും അവൻ പറഞ്ഞില്ല. അര മണിക്കൂർ നേരത്തെ വര്‍ത്തമാനത്തിൽ അവൻ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ട്‌ പറഞ്ഞു: ഇയ്ക്കാക്കാ വ്യാകരണം പഠിക്കണം!(പാത്തുമ്മയുടെ ആട്‌). അധ്യാപകനെ പോലീസ്‌ എന്ന്‌ നേർക്കു നേർ വിളിക്കുന്നതിലൂടെ മേതിലിന്റെ അനവതാരിക യാഥാർത്ഥ്യത്തിന്റെ അവതാരികയായി പരിണമിക്കുന്നുമുണ്ട്‌.....

ജി. പി. രാമചന്ദ്രന്റെ ആസ്വാദകക്കുറിപ്പ്.

simy nazareth said...

good one.. quite detailed. I appreciate the effort.

ഗന്ധർവൻ said...

വളരെ നല്ല നിരൂപണം.ഡിൽഡോ വായിക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്ന്

Roby said...

ഒരു സ്പോയിലർ വാണിം‌ഗ് വേണോ എന്നു സംശയം...:)

ക്രിസ്തൂവിന്റെ ക്രൂശിതരൂപം കാണുമ്പോൾ ലൈംഗികത ഉണരുന്ന, കുരിശുനോക്കി സ്വയംഭോഗം ചെയ്യുന്ന ഒരു കന്യാസ്ത്രീയുടെ കുമ്പസാരം കേട്ട ഒരു വൈദികൻ ഒരിക്കൽ ഇത് പറഞ്ഞതോ‍ർമ്മയുണ്ട്.

അൽമദോവറുമായി ഇങ്ങനെ ഒരു ബന്ധമുണ്ടായിരുന്നത് ഇതു വായിച്ചപ്പോഴാണ് ഓർമ്മ വന്നത്. ഡിൽഡോയുടെ ഘടനയെ മുൻ‌നിർത്തി ഞാനും ചെറിയ ഒരു കുറിപ്പ് എഴുതിയിരുന്നു.

ഡിൽഡോ-ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് വർക്ക് എന്നതിൽ സംശയമില്ല. നല്ല ലേഖനം....ഇത് ഏതെങ്കിലും പ്രിന്റ് മാഗസിനിൽ വരുമോ?

drjmash said...

http://drjmash.blogspot.com/2009/08/duel-first-steven-spielberg-film.html