മാപ്പിളപ്പാട്ടുകള്‍ മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍ മലയാള ലിപികളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നില്ല. 1941-42 കാലഘട്ടങ്ങളില്‍ മലപ്പുറത്ത് പ്രസിദ്ധീകരിച്ച 'മാപ്പിള റിവ്യൂ' എന്ന മലയാളം മാസികയിലാണ് ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള ഒരു ഗാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേ
പഞ്ചവര്‍ണ പൈങ്കിളിയില് പങ്ക്റങ്കുള്ളോളേ
പൂമുഖം കണ്ടാല്‍ മതിയോ
പൂതി തീര്‍ക്കാന്‍ കാലമായോ
കാമിനിയടുത്ത് വന്നോ
കാലദോഷം - വന്നുപോയോ?
--താമര.....
ഈ ഗാനം പിന്നീട് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി'യിലും അച്ചടിച്ചുവന്നു. ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ സിനിമയില്‍ പ്രത്യക്ഷപ്പെട്ടത് 'അപൂര്‍വ സഹോദരന്മാര്‍' എന്ന തമിഴ് ചിത്രത്തിലാണ്. അന്നത്തെ അനുഗൃഹീത ഗായകനായ കൊച്ചിന്‍ അബ്ദുല്‍ ഖാദര്‍ ഹാജിയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. വിവിധ ഭാഷകളിലുള്ള ഗാനങ്ങള്‍ക്കിടയില്‍ മാപ്പിളപ്പാട്ട് ശീലിലുള്ള ഏതാനും വരികള്‍ മാത്രം.
''എന്തിനാണ് പൂങ്കരളേ പന്തിരണ്ടിലാക്കണ്
എപ്പളാണ് പൂമരം വിരിഞ്ഞു തേന്‍ കുടിക്കണ്.''
ഇതിനുശേഷം 'അമ്മ' എന്ന സിനിമയില്‍ 'കെസ്സ്'രീതിയിലുള്ള ഒരു മാപ്പിളപ്പാട്ട് പുറത്തുവന്നു. ഇതിന്റെ രചന നിര്‍വഹിച്ചത് പി ഭാസ്കരന്‍ ആയിരുന്നു. ഈ അവസരത്തില്‍ കോഴിക്കോട്ട് റേഡിയോ നിലയത്തില്‍ ആര്‍ടിസ്റ്റായിരുന്ന മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തുകാരന്‍ കോച്ചാട്ടില്‍ ബാലകൃഷ്ണമേനോന്‍ ആയിരുന്നു ഈ ഗാനം ആലപിച്ചത് .അദ്ദേഹം പിന്നീട് പുറത്തുവന്ന 'നീലക്കുയില്‍' എന്ന ചിത്രത്തിലെ 'കായലരികത്ത് വലയെറിഞ്ഞപ്പം' എന്ന പ്രസിദ്ധ ഗാനത്തിന് വേഷമിട്ടു.
ചുരുക്കത്തില്‍ രണ്ട് ദിനംകൊണ്ടീ നാട്ടിലെന്റെ
കറക്കത്തില്‍ കണ്ടതെല്ലാം ചൊല്ലിടാം.
ഞെട്ടണമാ മദിരാശിപ്പട്ടണത്തില്‍ ചെന്നുപെട്ടാല്‍
കാറുകള്‍ അനവധി ജോറില്‍ പായുന്നു. ഒട്ടേറെ കൂറ്റന്‍
ലോറികള്‍ ബസ്സുകള്‍ വേറെയുമോടുന്നു....
ഈ ഗാനം ആ കാലഘട്ടത്തില്‍ മലബാറില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഗ്രാമഫോണ്‍ റിക്കാഡിലൂടെ പ്രചരിച്ചതുമായ ഒരു കെസ്സുപാട്ടിന്റെ അനുകരണമായിരുന്നു.
പൊമ്പവിഴച്ചിരിചുണ്ടും മുഖംനാറ്റി മണംകൊള്‍വാന്‍
എമ്പിടുകില്‍ എന്‍ ബീവിക്കൊഴിവില്ലല്ലോ
പൂരണമാറോടണഞ്ഞെന്റെ പൂതി തണുപ്പിക്കാന്‍
ഏറിയ കാലം ചോദിച്ച് വലഞ്ഞല്ലോ....
1950കള്‍ക്ക് ശേഷം മാപ്പിളപ്പാട്ടുകളിലെ പാടിപ്പതിഞ്ഞ ഇശലുകള്‍ നാടകങ്ങളില്‍ ഇടംതേടാന്‍ തുടങ്ങി. കോഴിക്കോട് ഡ്രാമാറ്റിക് അസോസിയേഷന്റെ 'വമ്പത്തീ നീയാണ് പെണ്ണ്' എന്ന നാടകത്തിലെ മാപ്പിളപ്പാട്ടുകള്‍ മാപ്പിളമാര്‍ക്കിടയില്‍ സുപരിചിതമായ ഇശലുകള്‍ അനുകരിച്ചുകോര്‍ത്തിണക്കിയതായിരുന്നു. നഹാരി എഴുതി കുഞ്ഞാവ, കവി മാസ്റ്റര്‍, പി എന്‍ എം ആലിക്കോയ, മാമുക്കോയ തുടങ്ങിയവരായിരുന്നു ഇതിന് വേഷമിട്ടത്. പി എന്‍ എം ആലിക്കോയ സംവിധാനം നിര്‍വഹിച്ച ഈ നാടകത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ആലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയ ഒരു ഗാനമായിരുന്നു ഇത്:
പൊന്നുമോളേ നീയാ കട്ടില് കണ്ട് പനിക്കണ്ടാ- നാളുക
ളെണ്ണിയെണ്ണിക്കാത്ത് മനസ്സിന്റുള്ള് കറക്കണ്ടാ...
തേന് നിറച്ച കുടത്തിനുമീതെ നക്കീട്ടെന്താണ് - മീതെ
കേറിയാലെത്താത്തമ്പിളികണ്ട് നുണച്ചീട്ടെന്താണ്...
കാത്ത് മൂപ്പിച്ചുള്ള മാങ്ങ പാകമായല്ലോ- ഇപ്പള്
കേക്കനായൊരു കാക്കവന്നത് കണ്ണുവച്ചല്ലോ
മൂത്ത് മുരടിച്ചാക്കിളവന്റാശപതച്ച് -തങ്ക
ക്കട്ടയെ കണ്ടപ്പളുള്ളം പൊട്ടിയൊലിച്ച്...
മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രതികരിച്ചവയായിരുന്നു ഈ തരം നാടകങ്ങള്‍. ആ കാലഘട്ടത്തില്‍ ഇറങ്ങിയ നാടകങ്ങളിലെല്ലാം മാപ്പിളപ്പാട്ടുകള്‍ നല്ല സ്വാധീനം ചെലുത്തിയിരുന്നു.
ഇതേ നാടകസംഘം അവതരിപ്പിച്ച മുഹമ്മദ് യൂസുഫിന്റെ നാടകമായിരുന്നു 'കണ്ടംബെച്ച കോട്ട്'. ഇതിലെ മാപ്പിളപ്പാട്ട് ഇശല്‍ മുസ്ളിം കല്യാണവീടുകളില്‍ മണവാളനെ വധൂഗൃഹത്തിലേക്ക് ആനയിക്കുമ്പോള്‍ പാടിവന്നിരുന്ന ഈണത്തിന്റെ അനുകരണമാണ്:
തനതന്താ, ത്താനാതന്ത, ത്താനാതന്ത, ത്താന തനിനാ
തനതന്താ, ത്താനാതന്ത, ത്താനാ താനിന നോ....
അതബരുന്നേ കേക്കന്‍കടലിലെ കാറ്റും കടന്നെന്റെ ബാപ്പന്റെ കപ്പല്
തലയാട്ടീ മുങ്ങീട്ടും പൊങ്ങീട്ടും കുതികുതിപറന്നീടുന്നേ..
കല്യാണപ്പുതുപെണ്ണിന്റുടുപുടപണ്ടം പലതരം കൊണ്ടാ കപ്പല്
മലപൊന്തുന്നോളത്തിന്റഹത്തുടെ നൂണ്ടതാ ഓടി ബരുന്നേ....
ഇതേ നാടകത്തില്‍ ഒരു പ്രേമഗാനമുണ്ട്. അതിന് ഉപയോഗിച്ച രീതി മാപ്പിളപ്പാട്ടിലെ അതിപുരാതനമായ 'കൊമ്പ്' എന്ന ഇശലാണ്.
ബരണ്ടുള്ള പൊയബക്കത്തൊണങ്ങീയ മരത്ത്മ്മല്‍
കരഞ്ഞുകൊണ്ടിരിക്കുന്ന കുരുവിപ്പച്ചി- അന്നെ
തണുപ്പിക്കാന്‍ കരുത്തുള്ള തണുത്തകാറ്റ് - അങ്ങ്
കെയക്ക്ന്ന് ബരുന്നുണ്ട് പൊടിയും പാറ്റീ.....
ഈ ഗാനം പാടിയത് അന്നത്തെ പ്രശസ്ത ഗായികയായ മച്ചാട്ട് വാസന്തിയും, ഗായകനും നടനുമായ പി എന്‍ എം ആലിക്കോയയുമായിരുന്നു.
അമ്പത് അമ്പത്തിരണ്ട് കാലഘട്ടങ്ങളിലാണ് ഏറനാടന്‍ മണ്ണിന്റെ ചൂരും കരുത്തും പ്രതിഫലിക്കുന്ന നാടകങ്ങള്‍ കിഴക്കനേറനാട്ടില്‍ വിപ്ളവകരമായി അരങ്ങേറിയത്. ഇ കെ അയമുവിന്റെ 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്', കെ ജി ഉണ്ണീന്റെ 'ഈ ദുനിയാവില്‍ ഞാന്‍ ഒറ്റക്കാണ്' തുടങ്ങിയ നാടകങ്ങളെല്ലാം രാഷ്ട്രീയരംഗത്ത് അതിവിപ്ളവകരമായ ചലനങ്ങള്‍ സൃഷ്ടിച്ചവയായിരുന്നു. 'ജ്ജ് നല്ല മന്സനാകാന്‍ നോക്ക്' എന്ന നാടകത്തില്‍ നിലമ്പൂര്‍ ആയിഷ അഭിനയിച്ചുപാടിയ ഗാനമാണ്.
അലങ്കാരപ്പദവിയില് കളിയാടും ഞാന്‍
അരിമുല്ല മലരിലും മണംകൂടും ഞാന്‍
കിരികിരി കരയുന്ന ചെരുപ്പുകളാലും
പളപള മിനുങ്ങുന്ന പട്ടുകളാലും
കലപില കലമ്പുന്ന മണിവളയാലും
മൈലാഞ്ചിക്കരംകൊട്ടി മയിലാടും ഞാന്‍
മണിനാദം മുഴക്കുന്ന കുയിലാകും ഞാന്‍.
ഇതേ നാടകത്തില്‍ തന്നെ,
ആശിച്ചപോലെ നടക്കൂലാ- ഇമ്പ
പ്പൂമധു വണ്ട് കുടിക്കൂലാ
കീരിയും പാമ്പും ഇണങ്ങൂലാ-
തളിരായ ഖല്‍ബതറിയൂലാ.
മലബാറിലെ ജന്മിത്തത്തിനെതിരെ അതിശക്തമായി പ്രതികരിച്ച കെ ജി ഉണ്ണീന്റെ നാടകഗാനമാണ്,
അള്ള പടച്ചൊരു ഭൂമിയെ ഇന്നൊരു
കൂട്ടര് കുത്തകയാക്കി നിറുത്തി
അതിനുടെ അതിരും അളവുമെ ഇത്വരെ
കണ്ടിടുകാതെ -ജന്മി
അകലെയിരുന്നതില്‍ വിളയുന്നത് തിന്നുകയാണേ.
ഈ കാലഘട്ടത്തില്‍ നാടകരംഗത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ച ഒരു നാടകമായിരുന്നു ചെറുകാടിന്റെ 'നമ്മളൊന്ന്'. അതിലെ ഒരു ഗാനം മാപ്പിളപ്പാട്ടിലെ അതിപ്രശസ്തമായ 'ഒപ്പന മുറുക്കം' എന്ന ഇശലിലാണ് ചിട്ടപ്പെടുത്തിയത്.
ഈപ്പരിപ്പീവെള്ളത്തില് വേവുകില്ലെന്നേ
ഈപ്പരപ്പോളം ഞമ്മള് മണ്ണിന് ദണ്ഡിച്ചേ
മലകള് മലകള് മാറ്റിമറിച്ചേ
മണിമണി നെല്ലിന് മാട് തെളിച്ചേ
മാടം കെട്ടിക്കാവല് വെച്ചേ
മാനത്ത് മഴനോറ്റ് മനം മടുത്തേ
പാടങ്ങള് തേവിത്തേവിത്തടികെടുത്തേ...
നാടകരംഗത്ത് വിപ്ളവത്തിന്റെ തീപ്പന്തവുമായി മുന്നോട്ടുകുതിച്ച നാടകകൃത്തായിരുന്നു കെ ടി മുഹമ്മദ്. അദ്ദേഹത്തിന്റെ 'ഇത് ഭൂമിയാണ്' എന്ന നാടകത്തില്‍ മുസ്ളിം സമൂഹത്തില്‍ നിലനിന്നിരുന്ന ചില അബദ്ധധാരണകളെയും അന്ധവിശ്വാസങ്ങളെയും എടുത്തുകാട്ടി കണക്കിന് പരിഹസിക്കുന്ന ഒരു ഗാനമുണ്ട്.
മുടിനാരേഴായ് കീറീട്ട്
നേരിയ പാലം കെട്ടീട്ട്
അതിലെ നടക്കണമെന്നല്ലേ-
പറയുന്നത് മരിച്ച് ചെന്നീട്ട്...
അടിയില് കത്തണ തിയ്യാണ്
എശുപതിനായിരം ചൂടാണ്.
തിയ്യില് കൊത്തിവലിക്ക്ണ പാമ്പുക-
ളുണ്ടവ കൊത്തി വലിച്ചാല്....
ഈ നാടകത്തിന് മുസ്ലിങ്ങളുടെ ഇടയില്‍ നിന്നുതന്നെ ധാരാളം വിമര്‍ശനങ്ങളും പീഡനങ്ങളും കെ ടിക്ക് ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഈ ഗാനത്തിന് തെരഞ്ഞെടുത്തത് കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു നാടന്‍ പാട്ടിന്റെയും അതിപ്രശസ്തമായ മാപ്പിളപ്പാട്ടിന്റെയും ഈണമാണ്.
തപ്പോ തപ്പോ തപ്പാണീ
തപ്പുകുടുക്കേലെന്തുണ്ട്
മുത്തശ്ശി തന്നൊരു മുത്തുണ്ട്
മുത്തിന് മുങ്ങാന്‍ തേനുണ്ട്''
ഇതേ രീതിതന്നെയാണ് മാപ്പിളപ്പാട്ടിലെ,
കുരുകുരുമച്ചം പെണ്ണുണ്ടോ- കു-
ഞ്ഞാലിമച്ചം പെണ്ണുണ്ടോ
സാമസറുക്കാ പെണ്ണുണ്ടോ-സ-
ക്കാര് ബീവിന്റെ മാരനിക്ക്...
1921 ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കി കോഴിക്കോട്ടെ ഒരു നാടക തിയേറ്റര്‍ അവതരിപ്പിച്ച നാടകമായിരുന്നു "തൊള്ളായിരത്തി ഇരുപത്തൊന്ന്.'' പി എം കാസിം രചന നിര്‍വഹിച്ച് ബാബുരാജ് സംഗീതം ചെയ്ത ഇതിലെ ഗാനം കോഴിക്കോട്ടെ സി എ അബൂബക്കറും മച്ചാട്ട് വാസന്തിയും ചേര്‍ന്നു പാടി എച്ച് എം വി കമ്പനിക്കുവേണ്ടി ഔട്ട് റെക്കാര്‍ഡാക്കി പുറത്തിറക്കി.
തൊള്ളായിരത്തിരുപത്തി ഒന്നില്‍ മാപ്പിളമാര്‍
വെള്ളക്കാരോടേറ്റ് പടവെട്ടിയേ
കൊള്ളയും കൊലയും പലതന്ന് മലനാട്ടില്‍
കൊള്ളക്കാരും വെള്ളക്കാരും കാട്ടിയേ.....
മലപ്പുറത്തെ പൂക്കോട്ടൂരില്‍ നടന്ന അതിക്രൂരമായ വെടിവെപ്പിനെക്കുറിച്ചും യുദ്ധത്തില്‍ അരങ്ങേറിയ ബ്രിട്ടീഷുകാരുടെ മനുഷ്യത്വരഹിതമായ ഭീകരതാണ്ഡവത്തെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് മാപ്പിളപ്പാട്ടിലെ കെസ്സ് രീതിയിലുള്ള ഈ ഗാനം. ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകര്‍ ഈ ഗാനം നെഞ്ചേറ്റി നടക്കുന്നു.
1954 ല്‍ ഇറങ്ങിയ സിനിമയാണ് ഉറൂബിന്റെ 'നീലക്കുയില്‍'. ഇതില്‍ ഗാനരചന നിര്‍വഹിച്ചത് പി ഭാസ്കരനും സംഗീതം ചെയ്യതത് കെ രാഘവനുമായിരുന്നു. ഈ ഗാനവും മാപ്പിളമാരുടെ ഇടയില്‍ വളരെ പ്രചാരമുള്ള മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍പടപ്പാട്ടിലെ,
ആനപോദസദുല്‍ ഇലാഹരിഹംസ ചാടി അടുത്തുടന്‍
ആരടാശുജഅത്തുരാത്തെമയ്ഹൌളില്‍ നിണ്ട് കുടിപ്പവന്‍
എന്ന ഇശലിലായിരുന്നു ചിട്ടപ്പെടുത്തിയത്.
കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പം ഒരു നറുക്കിന് ചേര്‍ക്കണേ...
മാപ്പിളപ്പാട്ടുകളെ ജനകീയമാക്കുന്നതില്‍ മാപ്പിളമാരല്ലാത്ത രചയിതാക്കളും ഗായകരും വഹിച്ച പങ്ക് ഏറെ വലുതാണ്. ചരിത്രത്തില്‍ ഒരിക്കലും മാഞ്ഞുപോകാത്ത ഒരിടം എന്നും അവര്‍ക്കായി നിലനില്‍ക്കുകയും ചെയ്യും. ഈ വരികള്‍ മൂളിനടക്കാത്ത ഒരു കേരളീയനും ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. ഇന്നും സ്ഥിതി മറിച്ചല്ല. മാത്രമല്ല 'കായലരികത്ത്' എന്നത് പിന്നീട് വന്ന രചയിതാക്കള്‍ മാപ്പിളപ്പാട്ടിന്റെ ഒരു ഇശലായി സ്വീകരിക്കുകയും ചെയ്തു എന്നത് ഈ ഗാനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു.
തുടര്‍ന്ന് ഇതേ ടീം തയാറാക്കിയ സിനിമയായിരുന്നു 'രാരിച്ചന്‍ എന്ന പൌരന്‍'. ഇതിലും മാപ്പിളപ്പാട്ടിലെ ഏറെ പ്രചാരം ലഭിച്ച ഒപ്പന - ചായല്‍-മുറുക്കം എന്നീ ഇശലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലബാര്‍ മാപ്പിളമാരുടെ കല്യാണാഘോഷത്തോടനുബന്ധിച്ച് നടത്തിയിരുന്ന ഒപ്പനയില്‍ സാധാരണ പാടിവന്നിരുന്ന ഒരു ഇശലാണ് ഒപ്പന ചായലും മുറുക്കവും. വളരെ പഴക്കമേറിയ അറബി- മലയാളം ലിപികളില്‍ എഴുതപ്പെട്ട സബീനപ്പാട്ടിലെ ഒരു ഗാനം
ആദിമുതല്‍ പുരാണം ആയതിരുമുത്തൊളിവേ
ആയേ പടപ്പിനെല്ലാം ആരിടാബിന്നായൊളിവേ
കാതല്‍ മുഹമ്മദെന്ന കാരുണപ്പേര്‍പെറ്റൊളീവേ
കാലം പാശമ്മയില്‍ പണ്ടള്ളാ പടച്ചുവച്ച്...
ഇതിനുശേഷം 'മുറുക്കം' എന്ന ഇശലാണ്. ഇത് ദ്രുതഗതിയില്‍ കൈമുട്ടിപ്പാടുന്നതാണ്.
മാണിക്കാമണിമുത്ത് മുഹമ്മദിനാ
മുഹബ്ബത്താല്‍ എതിര്‍ത്തള്ളാ തിരിനോക്കാലേ
തിരിനോക്കും തിരിവൊളിവതിനാലെ
തിരിവൊളിവെമ്പിന ധിമിര്‍ധിമി പൊങ്ങി
തെരുതെരെവൊളുകിന പുനലത്കൊണ്ട്
തുയ്യവന്‍ പകുത്ത് പത്തമിശം വെച്ചാന്‍
പത്താല്‍ ഒരമിശം കൊണ്ടമൈത്തോന്‍ അള്ളാ
ഈ ഗാനം മലബാര്‍ മാപ്പിളമാരുടെ ഇടയില്‍ വ്യാപകമായി പ്രചാരം നേടിയതായിരുന്നു. ഈ ഇശലിനെ അനുകരിച്ചാണ് ഒരു കല്യാണരംഗത്തിനുവേണ്ടി പി ഭാസ്കരന്‍ രചിച്ച് കെ രാഘവന്‍ ചിട്ടപ്പെടുത്തിയ 'രാരിച്ചന്‍ എന്ന പൌരനി'ലെ ഒപ്പന ഗാനം.
പൂരണമധുമാറിലേന്തിയ പുണ്യവാന്‍ പുതുമാരനല്ലോ
നാരിമാര്‍ നശീദപാടിയ സുന്ദപ്പുതുമാരനല്ലോ
മേദരക്കനിയാം മുഖത്തില് പുഞ്ചിരിക്കും മാരനല്ലോ
പൂതിഖല്‍ബില്‍ ചേര്‍ന്നിണങ്ങിയ പുഷ്പലോകമാരനല്ലോ
(ഒപ്പന -മുറുക്കം)
പൂമണിയറക്കുള്ളില്‍ ഇരിക്കും പെണ്ണ്
താമര ഇതള്‍ പോലെ തളര്‍ന്ന കണ്ണ്
നന്മയില്‍ മികവുള്ള സുറുമയുമെഴുതി
കണ്‍മഷിയാല്‍ കണ്‍കോണുകളെഴുതി
ഉണ്‍മെയിലഴകിന്‍ പൊന്നൊളിയെഴുതി
കൂട്ടിലെ പഞ്ചവര്‍ണക്കിളിയെപ്പോലെ
പാട്ടുകേട്ടുലഞ്ഞു പൂങ്കരളുപോലെ...
പാരമ്പര്യമായി കേട്ടുപോരുന്ന മാപ്പിളപ്പാട്ടുകളിലെ 'ഒപ്പന' ഇശലില്‍ ഒരു മാറ്റവും വരുത്താതെ അതിന്റെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടാണ് കെ രാഘവന്‍ ഈ ഗാനം ചിട്ടപ്പെടുത്തിയത്. വൃത്തഭംഗം വരാതെയാണ് രചനയും നിര്‍വഹിച്ചിട്ടുള്ളത്. അതിനാല്‍ 55 വര്‍ഷം കഴിഞ്ഞിട്ടും ആസ്വാദകരുടെ ചുണ്ടുകളില്‍ ഇന്നും ഈ ഗാനം ജീവിക്കുന്നു.
തുടര്‍ന്ന് മാപ്പിളപ്പാട്ടുകളാല്‍ ഏറെ സമ്പന്നമായതും ശ്രദ്ധേയമായതുമാണ് 'കുട്ടിക്കുപ്പായം' എന്ന സിനിമ. ഇതിലെ ഗാനങ്ങളെല്ലാം ഒന്നിനൊന്ന് മികവുറ്റതായിരുന്നു.
ഒരു കൊട്ടാ പൊന്നുണ്ടല്ലോ മിന്നുണ്ടല്ലോ മേനി നിറയെ
കരയല്ലേ ഖല്‍ബിന്‍മണിയേ കല്‍ക്കണ്ടക്കനിയല്ലേ
അരിമുല്ലാ പൂവളപ്പില്‍ പടച്ചവന്‍ വിരിയിച്ച തൂമലരല്ലെ
അഴകിന്റെ പൂന്തോപ്പിലാടാന്‍ വന്നൊരുമയിലല്ലേ
പി ഭാസ്കരന്റെ രചനക്ക് ബാബുരാജാണ് സംഗീതം പകര്‍ന്നത്. ഇന്നും കല്യാണവീടുകളെ സജീവമാക്കുന്ന മൈലാഞ്ചിരാവുകളില്‍ ഈ ഗാനത്തിന് പ്രസക്തി ഏറെയാണ്. ഇതുപോലെ ഈ ചിത്രത്തിലെ തന്നെ,
വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍
വേലിക്കല്‍ നിന്നവനേ, നല്ല-
കിളിച്ചുണ്ടന്‍ മാമ്പഴം കടിച്ചുംകൊണ്ടെന്നോട് -
കിന്നാരം പറഞ്ഞവനേ....
എന്നും
പുള്ളി മാനല്ല, മയിലല്ല, മധുരക്കരിമ്പല്ല
മാരിവില്ലൊത്ത പെണ്ണാണ്. ഇവള്‍.. മാരി.....
ഈ പാട്ടുകളെല്ലാംതന്നെ മലയാളികളുടെ നെഞ്ചില്‍ കൂടുകൂട്ടി സ്ഥിരപ്രതിഷ്ഠ നേടിയവയാണ്.
മാപ്പിളപ്പാട്ടിലെ പഴക്കമേറിയതും അതിപ്രചാരം നേടിയതുമായ ഒരു ഇശലാണ് 'മിഅ്റാജ്' അഥവാ 'ആകാശം ഭൂമി.'
ആകാശം ഭൂമി പടച്ചോനള്ള ഒരു മുത്താല്‍
ആദീ ആ മുത്തില്‍ ഉദിത്തെ ബേദാമ്പര്‍ മൂലത്താല്‍....
ഈ ഇശല്‍ 'മൂടുപടം' എന്ന സിനിമയില്‍ യൂസഫലി കേച്ചേരി രചന നിര്‍വഹിച്ച് എം എസ് ബാബുരാജ് ചിട്ടപ്പെടുത്തി അദ്ദേഹം തന്നെ പാടിയിട്ടുണ്ട്.
മൈലാഞ്ചിത്തോപ്പില്‍ മയങ്ങി നില്‍ക്കുന്ന
മൊഞ്ചത്തീ
മൈക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ട് കത്തിച്ച വമ്പത്തീ...
പിന്നീട് 'അസുരവിത്ത്' എന്ന ചിത്രത്തിനുവേണ്ടി പി ഭാസ്കരന്‍ രചന നിര്‍വഹിക്കുകയും കെ രാഘവന്‍ ചിട്ടപ്പെടുത്തി പാടുകയും ചെയ്ത
പകലവനിന്ന് മറയുമ്പം അകിലുപുതച്ച മുറിക്കുള്ളില്‍
പനിമതിബിംബമുദിച്ചപോല്‍ പുതുമണവാട്ടി - ഏഴാം
ബഹറിനകത്തെ ഹൂറിപോലെ മതിമറിമാന്‍കുട്ടീ......
ഈ ഈണം മോയിന്‍കുട്ടി വൈദ്യരുടെ പ്രണയകാവ്യമായ ഹുസുനുല്‍ ജമാലിലെ
തടകിമണത്തെ സമയത്തില്‍
ഉടനവനെത്തി മനസ്സുള്ളില്‍
സരസിജമുറ്റെ മധുരത്തേന്‍
ഹുസുനല്‍ ജമാലാ- അവളുടെ
തരമഹ്ദൊക്കെ മറന്തീടും
എനതുടെ ഹാലാല്‍....
മോയിന്‍കുട്ടിവൈദ്യരുടെ ചില രചനകള്‍ സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.
ഓളവും തീരവും സിനിമയില്‍ ബാബുരാജ് സംഗീതം നിര്‍വഹിക്കുകയും സി എ അബൂബക്കറും ബാബുരാജും സംഘവും ചേര്‍ന്ന് പാടുകയും ചെയ്ത,
ഒയ്യേ എനിക്കുണ്ട് പയ്യല്‍ പിറായത്തില്‍
ഒത്തൊരുമിച്ച് കളിത്തും കൊണ്ട് -ഒരുവന്‍
ഉറ്റൊരുവാക്കും ഞാന്‍ തെറ്റീടാതേ....
എന്ന ഗാനം മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയില്‍ ഏറെ പ്രചാരം നേടിയതാണ്. ഇതേ ഗാനം 'ചൂണ്ടക്കാരി' എന്ന ചിത്രത്തില്‍ കെ വി അബൂട്ടിയും പാടിയിട്ടുണ്ട്. കൂടാതെ 1921 എന്ന സിനിമയില്‍ വൈദ്യരുടെ ഒരു പഴയ കത്ത് പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗാനം ഏറനാട്ടിലെ കാളവണ്ടിക്കാര്‍ രാത്രികാലങ്ങളില്‍ ഉറക്കം വരാതിരിക്കാന്‍ പാടിവന്നതായിരുന്നു.
മുത്ത്നവരത്നമുഖം കത്തിടും മൈലാളേ
മൊഞ്ചൊളിവില് തഞ്ചേമേറും കഞ്ചകപ്പൂമോളേ...
ഇതുപോലെ കണ്ടുകിട്ടിയതില്‍ ആദ്യത്തെ മാപ്പിളപ്പാട്ടായ മുഹ്യദ്ദീന്‍മാലയും 'തേന്‍തുള്ളി' എന്ന സിനിമയില്‍ ഇടം നേടിയിട്ടുണ്ട്.
"അള്ളാതിരിപേരും തുദിയും സലാവാത്തും
അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബേദാമ്പര്‍ ''
കോഴിക്കോട്ടുകാരന്‍ കവി എന്ന പേരില്‍ അറിയപ്പെടുന്ന ബി മുഹമ്മദാണ് ഈ രംഗത്ത് അഭിനയിച്ചത്. പീര്‍മുഹമ്മദ്, മൂസ എരഞ്ഞോളി, എന്‍ പി ഉമര്‍കുട്ടി എന്നിവര്‍ പാടി.
മാപ്പിള സമൂഹത്തില്‍ മാത്രം പരിചിതവും പരിമിതവുമായ നിരവധി ഇശലുകള്‍ മലയാളികള്‍ക്ക് മൊത്തം പരിചയപ്പെടുത്തി ഈ ഗാനശാഖയെ ജനകീയമാക്കുന്നതില്‍ നാടകവേദികളും ചലച്ചിത്രരംഗവും വഹിച്ച പങ്ക് ചരിത്രത്താളുകളില്‍ മായാതെ നിലനില്‍ക്കുന്നതാണ്.
*
വി എം കുട്ടി കടപ്പാട്: ദേശാഭിമാനി വാരിക
Tuesday, August 11, 2009
Subscribe to:
Post Comments (Atom)
4 comments:
മാപ്പിളപ്പാട്ടുകള്‍ മുസ്ലിം ഗൃഹാന്തരീക്ഷത്തിലും അവരുടേതായ പ്രവര്‍ത്തന മേഖലയിലും മാത്രം ഒതുങ്ങിനിന്നതും പ്രചരിച്ചവയുമായിരുന്നു. അവ ലിഖിതപ്പെടുത്തിയിരുന്നത് മാപ്പിളമാര്‍ക്കിടയില്‍ മാത്രം പ്രചരിച്ചിരുന്ന അറബി -മലയാളം ലിപികളിലായിരുന്നു. 1898 മുതലേ മുസ്ളിങ്ങളുടെ ഇടയില്‍ മലയാള ലിപികളിലുള്ള പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അതിന് വ്യാപകമായ പ്രചാരം ലഭിച്ചിരുന്നില്ല. 1941-42 കാലഘട്ടങ്ങളില്‍ മലപ്പുറത്ത് പ്രസിദ്ധീകരിച്ച 'മാപ്പിള റിവ്യൂ' എന്ന മലയാളം മാസികയിലാണ് ആദ്യമായി മാപ്പിളപ്പാട്ടിന്റെ ഇശലിലുള്ള ഒരു ഗാനം എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
:)
Good Article.
Thanks
good one..
Post a Comment