Tuesday, August 4, 2009

പഞ്ചായത്തു പദ്ധതികളും ബാങ്കുകളും

ജനകീയാസൂത്രണ പദ്ധതി 1996 ല്‍ ആരംഭിച്ച ഘട്ടത്തിലാണ് പ്രോജൿടുകള്‍ ലളിതമായി പഞ്ചായത്തുതലത്തില്‍ തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള വ്യാപകമായ പരിശീലനം രൂപകല്പന ചെയ്യുകയും ജനപ്രതിനിധികള്‍ക്കും സന്നദ്ധ സാങ്കേതിക വിഭാഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ക്ളാസ്സുകള്‍ നല്‍കുകയും ചെയ്തത്. ആമുഖം, ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കള്‍, പ്രവര്‍ത്തനങ്ങള്‍, ധനകാര്യ വിശകലനം, മുന്‍പിന്‍ ബന്ധങ്ങള്‍, നിര്‍വഹണം, മോണിറ്ററിംഗ് തുടങ്ങി വലിയ പ്രോജൿടുകള്‍ക്കു നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ഘടകങ്ങളൊക്കെ ഇതില്‍ വിളക്കിച്ചേര്‍ക്കാന്‍ പഠിപ്പിക്കുകയും ഒട്ടൊക്കെ (ചിലതൊക്കെ കഥാരൂപംപോലെ പേജുകള്‍ നീണ്ടെങ്കിലും) ഫലപ്രദമായി തയ്യാറാക്കുകയും ചെയ്തിരുന്നു. അന്നു വേണ്ട പരിശോധനയ്ക്ക് റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ഒരു നല്ല വിഭാഗം സന്നദ്ധ സാങ്കേതിക സഹായികള്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ചും ധനകാര്യ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും മറ്റും. അതുവരെ സന്നദ്ധ പ്രവര്‍ത്തനത്തിനൊന്നും എത്താതിരുന്ന ബാങ്ക് മാനേജര്‍മാരെയും ക്ളറിക്കല്‍ വിഭാഗത്തിലുള്ള ഇതര ഉദ്യോഗസ്ഥരെയും സംസ്ഥാന - ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്തു വര്‍ക്ക്ഷോപ്പുകളും പരിശീലനങ്ങളും നല്‍കി സജ്ജമാക്കിയിരുന്നു. അഞ്ഞൂറിലധികം പേര്‍ ഇത്തരം പരിശീലനങ്ങളില്‍ പങ്കെടുത്തിരുന്നു. ഒട്ടേറെപേര്‍ പ്രോജക്ട് പരിശോധനയ്ക്കും മറ്റും സഹകരിക്കുകയും ചെയ്തു. അവരില്‍ പലരും ലളിത പ്രോജൿടു തയ്യാറാക്കല്‍ രീതി സ്വായത്തമാക്കിയത് ആ പരിശീലനത്തിലൂടെയായിരുന്നു എന്നതാണ് വസ്തുത. അന്ന് ഇതിനു നേതൃത്വം നല്‍കിയിരുന്ന ഡോ. തോമസ് ഐസക്ക് അദ്ദേഹത്തിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നല്‍കിയ സന്നദ്ധ സേവനത്തെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ഔദ്യോഗികമായിട്ടായിരുന്നില്ല, മറിച്ച് ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ സഹായത്തോടെയായിരുന്നു ഇതു സാധ്യമാക്കിയിരുന്നത്. കുറേപേര്‍ രണ്ടാംഘട്ടത്തിലും ചില പഞ്ചായത്തുകളുമായി സഹകരിച്ചിരുന്നു. ഇപ്പോള്‍ അവരും രംഗത്തില്ല. ഇന്ന് കൂടുതല്‍ സാങ്കേതികമായി ഫോറങ്ങള്‍ തയ്യാറാക്കലും മറ്റുമായി പ്രോജക്ട് എഴുത്തുമാറി. പഞ്ചായത്തുകാര്‍ പദ്ധതിയുണ്ടാക്കാന്‍ ഒട്ടൊക്കെ പ്രാപ്തരായി. ഉദ്യോഗസ്ഥര്‍ നിര്‍വഹണ ജോലി ഏറ്റതോടെ പ്രോജൿടുകള്‍ക്ക് സാങ്കേതിക മികവുകൂടിയിട്ടുണ്ടാകാം. എന്നാല്‍ പദ്ധതികളുടെ ഗുണപരതയും നിര്‍വഹണത്തിലെ കൃത്യതയും പ്രയോജനവും പൊതു ആസ്തികളുടെ നിര്‍മാണവും ഓരോ പ്രോജൿടും കൈവരിച്ച ലക്ഷ്യങ്ങളുടെ സ്ഥായിത്വവും ധനകാര്യ മോണിറ്റിംഗും പ്രയോജനം ലഭിച്ച ഗുണഭോക്താക്കളുടെ ജീവിത നിലവാരമെച്ചവുമൊന്നും വ്യക്തമായ പരിശോധനയ്ക്കു വിധേയമാക്കുന്നില്ല എന്നതാണു വസ്തുത.

മറ്റൊരു മേഖല പദ്ധതിപണത്തിനുപുറത്തുള്ള ഇതര സ്രോതസ്സുകളാണ്. ഏതു പ്രോജക്ടിനും ഗുണഭോക്തൃ വിഹിതമുണ്ടാകണം. തന്റെ ഒരു സംഭാവന ഇതിലുണ്ടെന്ന ബോധം ഗുണഭോക്താവിന് അഭിമാനകരം മാത്രമല്ല, സൌജന്യമായി കിട്ടിയതാണെന്ന തോന്നല്‍ ഇല്ലാതാക്കുന്നതുമാണ്. തനതു ഫണ്ട് കൂട്ടി അതുകൂടി പദ്ധതിയില്‍ ചേര്‍ത്തു വലുതാക്കാനുള്ള താല്പര്യമൊന്നും പല പഞ്ചായത്തുകള്‍ക്കുമില്ല. എന്നു മാത്രമല്ല നല്ലൊരു സ്രോതസ്സായിരുന്ന ബാങ്കുവായ്പ ഫലപ്രദമായി പദ്ധതിയ്ക്കു ലഭ്യമാക്കാനുള്ള ശ്രമമൊന്നും കാര്യമായി നടന്നുമില്ല. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ ഒരു സ്രോതസ്സായി കണ്ട 'സംഭാവന'യും മറ്റും അപ്രത്യക്ഷമായി. മരിച്ചുപോയവരുടെ ഓര്‍മ്മയ്ക്കു കഞ്ഞിവീഴ്ത്തു നടത്തുന്നവരും ഓര്‍ഫനേജിനും പള്ളിക്കും അമ്പലത്തിനും മറ്റും പണം കൊടുക്കുന്നവരും വിദേശ മലയാളികളും പഞ്ചായത്തിലെ ഒരു സ്ഥിര ആസ്തിക്കു സംഭാവന ചെയ്യാന്‍ സന്നദ്ധരാകാനുള്ള സാധ്യത നാം പറഞ്ഞിരുന്നു. അതൊന്നും പില്‍ക്കാല കണ്ടതായി തോന്നുന്നില്ല. പദ്ധതിപ്പണം എത്രമാത്രം ചെലവായതായി ശതമാനം കാണിയ്ക്കാനാവും എന്നതാണ് മുഖ്യചിന്ത. ഫലപ്രദമായി കാര്യങ്ങള്‍ ചെയ്യുന്ന കുറേ പഞ്ചായത്തുകളെ വിസ്മരിക്കുന്നില്ല. എങ്കിലും വീഴ്ചകളുടെ വലുപ്പം ചെറുതല്ല. ഒട്ടേറെ വിലയിരുത്തലുകളും വിശകലനങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും ഈ ഘട്ടത്തില്‍ അനിവാര്യമാണ് എന്നത് വാസ്തവം തന്നെയാണ്.

ഇപ്പോള്‍ പല പഞ്ചായത്തുകളും ബാങ്കു വായ്പ കൂട്ടിച്ചേര്‍ത്തു കാര്‍ഷിക മൃഗ സംരക്ഷണ പ്രോജൿടുകള്‍ തയ്യാറാക്കി നിര്‍വഹണം നടത്തുന്നുണ്ട്. ബാങ്കു മാനേജര്‍മാരുടെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്ത് വായ്പ ഉറപ്പാക്കിയിട്ടാകണം അതു പദ്ധതിഭാഗമാക്കാന്‍ എന്നു കര്‍ശന നിര്‍ദ്ദേശമുണ്ടെങ്കിലും പലരും അതൊന്നും കൃത്യമായി ചെയ്യാറില്ല. പശു, ആട്, കോഴി തുടങ്ങിയവയുടെ വിതരണത്തിനാണ് പലരും ബാങ്കുവായ്പ കൂട്ടിച്ചേര്‍ക്കുന്നത്. ബ്ളോക്കു പഞ്ചായത്തുകളാണ് ഇതില്‍ കുറേയൊക്കെ മുന്നോട്ടു പോയിട്ടുള്ളത്. അതിനു പ്രധാന കാരണം മൂന്നു മാസത്തിലൊരിക്കല്‍ ലീഡു ബാങ്കിന്റെ നേതൃത്വത്തില്‍ ബ്ളോക്ക് പ്രസിഡന്റും ബി.ഡി.ഒ.യും വിവിധ നിര്‍വഹണ ഉദ്യോഗസ്ഥരും ബാങ്ക് മാനേജര്‍മാരും പങ്കെടുക്കുന്ന ബ്ളോക്ക് തല ബാങ്കേഴ്സ് കമ്മിറ്റി ചേരുന്നുണ്ട് എന്നാതാകാം. കൂടാതെ എസ്.ജി.എസ്.വൈ. എന്ന ദാരിദ്ര്യ ലഘൂകരണ പരിപാടിയുടെ അവലോകനം നടക്കുന്നുണ്ട്. ബ്ളോക്കും ബാങ്കുകളും ഇതില്‍ പ്രധാന പങ്കാളികളാണ്. വായ്പയാണു മുഖ്യ സ്രോതസ്. സബ്‌സിഡി ലക്ഷ്യം തികയ്ക്കല്‍, 100% ലക്ഷ്യം നേടല്‍ ഇതൊക്കെ ബി.ഡി.ഒ.യുടെ ഔദ്യോഗിക ചുമതലയാണ്. ആ ബന്ധം പദ്ധതിക്കുകൂടി സഹായകമാവുന്നു. ബാങ്കുകള്‍ക്കും കാര്‍ഷിക മൃഗസംരക്ഷണ വായ്പ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ പഞ്ചായത്തുകള്‍ വായ്പാ ബന്ധിത പ്രോജൿടുകള്‍ വയ്ക്കുന്നത് കുറവാണ്. ഉണ്ടെങ്കില്‍ തന്നെ അത് അയഥാര്‍ത്ഥമായതു നിമിത്തം പലപ്പോഴും വായ്പ ലഭിക്കാതെയും വരുന്നു. ബാങ്കുകളുമായുള്ള ഉരസലിനും മറ്റും അത് ചിലേടത്ത് ഇടവരുത്തുകയും ചെയ്യുന്നു. മിക്കപ്പോഴും ഫെബ്രുവരി-മാര്‍ച്ചു മാസങ്ങളിലാണ് ബാങ്കുകളില്‍ പ്രോജക്ട് എത്തുന്നത്. നിക്ഷേപലക്ഷ്യം തികയ്ക്കല്‍, റിക്കവറി ത്വരിതപ്പെടുത്തല്‍ വാര്‍ഷിക കണക്കെടുപ്പിനും ഓഡിറ്റിംഗിനുമുള്ള ഒരുക്കം, എസ്.ജി.എസ്.വൈ., പി.എം.ഇ.ജി.പി. തുടങ്ങിയ തൊഴില്‍ദാന പദ്ധതികളുടെ ലക്ഷ്യം തികയ്ക്കല്‍ ഇവയൊക്കെ കാരണം ബാങ്കുകള്‍ വലിയ തിരക്കു നേരിടുന്ന സമയമാണത്. അതുകൊണ്ടുതന്നെ പലതും മാറ്റി വയ്ക്കപ്പെടുന്നു. നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്തിനും അതില്‍ വലിയ പരാതിയില്ല. സബ്‌സിഡി ചെക്ക് ബാങ്ക് വാങ്ങിയിട്ട് തുടര്‍ന്നുള്ള മാസങ്ങളില്‍ വായ്പ കൊടുത്താല്‍ മതി എന്നാവും പലരുടെയും പരിഹാര നിര്‍ദ്ദേശം. പഞ്ചായത്തിന് തുക 100% ചെലവഴിയ്ക്കാനായി. ബാങ്കുകള്‍ക്കും ആശ്വാസമായി. മാര്‍ച്ച് 31 ന് പക്ഷേ ആസ്തിയെവിടെ?

ചിലര്‍ വലിയ പദ്ധതികള്‍ ബാങ്കുമായി ആലോചിക്കാതെ വായ്പാബന്ധിതമായി വയ്ക്കും. ഉദാഹരണത്തിന് 1000 കോഴിക്കുഞ്ഞുങ്ങളെ വീതം 4 ഗ്രൂപ്പുകള്‍ക്ക് ബ്രോയിലര്‍ ഫാം തുടങ്ങാന്‍ ഒരു പദ്ധതി ഉണ്ടാക്കി. ബാങ്കിന്റെ നിഷ്‌ക്കര്‍ഷ പരിശോധനയില്‍ മുന്‍പിന്‍ ബന്ധം നിര്‍ബന്ധമായും വരും. ആര് കോഴിക്കുഞ്ഞ് തുടര്‍ച്ചയായി നല്‍കും? വില്പനയെങ്ങനെ? ഇപ്പോള്‍ അവിടെയുള്ള മാര്‍ക്കറ്റ് എങ്ങനെ? സ്ഥായിയായി ഈ യൂണിറ്റുകള്‍ നിലനില്‍ക്കാനുള്ള സാധ്യത ഉറപ്പാണോ? തങ്ങള്‍ നല്‍കുന്ന ലക്ഷങ്ങള്‍ എന്‍.പി.എ. (നിഷ്‌ക്രിയ ആസ്തി - കിട്ടാക്കടം)ആകുമോ? ഇതൊക്കെ നോക്കുമ്പോള്‍ പദ്ധതി തള്ളും. ചിലര്‍ പദ്ധതി ചെറുതാക്കാന്‍ പറയും. 300 കുഞ്ഞുങ്ങളെ ആദ്യം വളര്‍ത്തട്ടെ. അതുകഴിഞ്ഞ് ബാക്കി നോക്കാം. പഞ്ചായത്തിനു കോപം വരും. ഡി.പി.സി. അപ്രൂവ് ചെയ്ത പ്രോജക്ടില്‍ മാറ്റം പറ്റില്ല. ബാക്കി സബ്‌സിഡി തുക എന്തു ചെയ്യും? ഈ മാനേജര്‍ തന്നില്ലെങ്കില്‍ ഞങ്ങള്‍ മറ്റു ബാങ്ക് നോക്കും. അല്ലെങ്കില്‍ സഹകരണബാങ്ക്.. ഒടുവില്‍ സമ്മര്‍ദ്ദം വന്ന് ആരെങ്കിലും കൊടുത്തെന്നിരിക്കും. 6 മാസത്തിനകം യൂണിറ്റു പൂട്ടും. പക്ഷേ പദ്ധതി പണം 100% ചെലവായല്ലോ. ഇതിനുപകരം ആഗസ്റ്റ്-സെപ്തംബറിലെങ്കിലും പ്രോജൿടുകള്‍ ബാങ്കിലെത്തിക്കുകയും, തയ്യാറാക്കുമ്പോള്‍ തന്നെ യാഥാര്‍ത്ഥ്യ സമീപനം സ്വീകരിക്കുകയും ബാങ്കുകളുമായി ആലോചിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ പല പദ്ധതികളും നടപ്പിലാക്കാം. ഡയറി ലോണില്‍ ഒരു പശുവിനെ നല്‍കി 4-6 മാസത്തിനകമാണ് രണ്ടാം പശുവിനെ നല്‍കേണ്ടത്. മാര്‍ച്ചില്‍ കിട്ടുന്ന അപേക്ഷയുടെ ന്യൂനതയാണിത്,

ബാങ്കുകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയും യഥാസമയം ചൂണ്ടിക്കാട്ടി പരിഹരിക്കാനുള്ള സംവിധാനം ലീഡ് ബാങ്കാണ്. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും ബ്ളോക്ക് തല ബാങ്കേഴ്സ് സമിതിയില്‍ പങ്കെടുത്ത് പ്രശ്നങ്ങള്‍ അവതരിപ്പിച്ച് പരിഹരിക്കാം. പൊതുവേ ബാങ്കു വായ്പ കൂട്ടാനും മറ്റുമുള്ള നിര്‍ദ്ദേശം വയ്ക്കാം. പക്ഷെ മിക്ക പ്രസിഡന്റുമാരും ഈ യോഗത്തില്‍ പങ്കെടുക്കില്ല. എന്തിന്, ജില്ലാതല ബാങ്കേഴ്സ് കമ്മിറ്റികളില്‍ പങ്കെടുക്കേണ്ട എം.എല്‍.എ.മാരില്‍ എത്ര പേരാണ് അവിടെ എത്തുന്നത് ? (സ്ഥിരമായി പങ്കെടുക്കുന്ന ചിലരെ വിസ്മരിക്കുന്നില്ല. ആദരിക്കുന്നു) ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യമായ വിശകലനത്തിന്, ആര്‍.ബി.ഐ, നബാര്‍ഡ് ഉദ്യോഗസ്ഥര്‍, ജില്ലാകളക്ടര്‍, എം.പി.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ വിധേയമാക്കുന്ന വേദിയാണത്. അവിടെയൊക്കെ ചര്‍ച്ച ചെയ്താല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനെളുപ്പമാണ്. ഈ വേദികളൊക്കെ ഫലപ്രദമായി ഉപയോഗിക്കാനും ബാങ്കുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കി വികസനത്തിനു വായ്പ ലഭ്യമാക്കാനുമുള്ള സാധ്യത വളരെയുണ്ട്. ഇപ്പോള്‍ എന്‍.ആര്‍.ഇ.ജി.എസ് എന്ന ഗ്രാമീണ തൊഴില്‍ദാന പരിപാടിയില്‍ വേതന വിതരണം ബാങ്ക് അക്കൌണ്ടു വഴിയാണ്. ബാങ്കു ശാഖകളും പഞ്ചായത്തുകളും തമ്മില്‍ ഇക്കാര്യത്തില്‍ നിരന്തര ബന്ധമുണ്ട്. കുടുംബശ്രീക്ക് ഒട്ടുമിക്ക ഗ്രാമീണ ശാഖകളിലും അക്കൌണ്ടുകളും ലോണുകളുമുണ്ട്. സംഘങ്ങളുടെ ഗ്രേഡിംഗിനും മറ്റും മാനേജര്‍മാര്‍ പങ്കെടുക്കുന്നുണ്ട്. ഈ ബന്ധം ദൃഢമാക്കി പദ്ധതിയുടെ അധികവിഭവ സമാഹരണത്തിലൂടെ കാര്‍ഷിക ഉത്പന്ന വര്‍ദ്ധനവിനും, പാലുത്പാദനം കൂട്ടാനും, മാംസ ലഭ്യതയ്ക്കും തദ്വാരാ തൊഴില്‍ ലഭ്യത വ്യാപകമാക്കാനും ചെറുകിട വ്യവസായ വ്യാപനത്തിനും പഞ്ചായത്തുകള്‍ക്ക് ഒട്ടേറെ സാധ്യതയുണ്ട്. വിസ്‌താരഭയത്താല്‍ കൂടുതല്‍ വിശദമാക്കുന്നില്ല. പക്ഷെ 'ഞങ്ങള്‍ പശുവിനെ വാങ്ങിക്കഴിഞ്ഞു. മാനേജര്‍ ലോണ്‍ കൊടുത്താല്‍ മതി' എന്നും മറ്റും ചിലര്‍ നിര്‍ദ്ദേശിക്കുമ്പോള്‍ ബന്ധം വഷളാകും. വായ്പാ ബന്ധിതമായി നല്‍കേണ്ട സബ്‌സിഡി കുറുക്കുവഴികളിലൂടെ നല്‍കാന്‍ ശ്രമിക്കുന്ന വിദഗ്ധരുമുണ്ട്. വായ്പാപേക്ഷ വാങ്ങി സബ്‌സിഡി മാത്രം വിതരണം ചെയ്യാന്‍ പറയുന്നവരെയും ചിലേടങ്ങളില്‍ കാണാം. ഇതൊക്കെ വളയമില്ലാത്ത ചാട്ടമാണ്. അതു കാണുമ്പോള്‍ പലരും വായ്പ നല്‍കാനും മടിക്കുന്നതായി കാണുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ താഴെപറയുന്ന നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വയ്ക്കാനുള്ളത്.

* ജില്ലാ-ബ്ളോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ക്കു നടപ്പാക്കാന്‍ കഴിയുന്ന മോഡല്‍ പ്രോജൿടുകള്‍ തയ്യാറാക്കി നല്‍കാന്‍ നബാര്‍ഡ്, ലീഡു ബാങ്ക്, പ്രമുഖ വാണിജ്യ ബാങ്കുകള്‍, കൃഷി, മൃഗസംരക്ഷണ വ്യവസായ എംപ്ളോയ്‌മെന്റ് വകുപ്പുകളുടെ സമിതി ജില്ലാതലത്തില്‍ രൂപീകരിക്കുക. മില്‍മ, കെ.വി.ഐ.സി., കെ.വി.ഐ.ബി. പ്രതിനിധികളും ആകാം. അതാതു ജില്ലകള്‍ക്കു ചേര്‍ന്ന പ്രോജൿടുകള്‍ തയ്യാറാക്കാനും നിര്‍വഹണം മോണിറ്റര്‍ ചെയ്യാനുമുള്ള ഒരു അപക്സ് ബോഡിയായി ഈ സമിതി തുടരുക.

* ഒരു കാമ്പയിന്‍ എന്ന നിലയിലേക്ക് സന്നദ്ധസേവനം കൊണ്ടുവന്ന് പദ്ധതി രൂപീകരണ നിര്‍വഹണ-പരിശോധനകള്‍ ഫലപ്രദമാക്കുകയാണെങ്കില്‍ ബാങ്ക് മേഖലാ സംഘടനകളുടെയും സേവനവും ലഭ്യമാക്കാനാവും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് എന്ന നിലയില്‍ എല്ലാ സംഘടനകളുടെയും കൂട്ടായ്മ സംസ്ഥാന-ജില്ലാതലങ്ങളിലുണ്ട്.

* റിട്ടയര്‍ ചെയ്തവരും, വി.ആര്‍.എസ്. വാങ്ങിയവരുമായ നിരവധി ബാങ്കുദ്യോഗസ്ഥരുണ്ട്. അവരില്‍ വൈദഗ്ധ്യമുള്ള നിരവധി പേരുണ്ട്. അവര്‍ക്ക് യാത്രാ ചെലവും ചെറിയ ഓണറേറിയവും നല്‍കിയാല്‍ പ്രോജക്ട് രൂപീകരണം, സാമ്പത്തിക ചിട്ടപ്പെടുത്തല്‍, മോണിറ്ററിംഗ് എന്നിവയ്ക്കുപയോഗിക്കാനാവും. ബാങ്കുമായുള്ള ബന്ധത്തിനും നല്ലൊരു കണ്ണിയാക്കാം. (പല ബാങ്കുകള്‍ക്കും ബിസിനസ് കറസ്പോണ്ടന്റുമാരായി ഇവരെ ഉപയോഗിക്കാനുള്ള റിസര്‍വ് ബാങ്ക് നിര്‍ദ്ദേശമുണ്ട്)

* ബി.എല്‍.ബി.സി കളില്‍ പഞ്ചായത്തു പ്രസിഡന്റുമാരുടെയും, ജില്ലാതല ബാങ്കിംഗ് അവലോകന സമിതികളില്‍ എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയവരുടെയും സാന്നിധ്യം ഉറപ്പാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുക. വിമര്‍ശനം പറയുക മാത്രമല്ല, ബാങ്ക് വായ്പാ പദ്ധതികള്‍ പഠിക്കാനും നിര്‍വഹണത്തില്‍ പ്രായോഗികമായി ഇടപെട്ടു നിര്‍ദ്ദേശം വയ്ക്കാനും അവര്‍ക്കു കഴിയും. ഇതിനു കര്‍ശന നിര്‍ദ്ദേശം വേണം. ഇതാരു നല്‍കും?

* കാര്‍ഷിക-മൃഗസംരക്ഷണ-പാലുത്പാദന വകുപ്പുകളുടെയും മില്‍മയുടെയും പ്രവര്‍ത്തന ഏകോപനം വേണം. എന്നാല്‍ മാത്രമേ പാലുത്പാദനം കൂട്ടാന്‍ നല്‍കുന്ന വായ്പകള്‍ കറവ മാടുകളുടെ ലഭ്യത ഉറപ്പാക്കി സഫലമാക്കാനാവൂ. കുടുംബശ്രീയെയും മറ്റും ബന്ധപ്പെടുത്താം. ഇപ്പോള്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് 3 വര്‍ഷം കൊണ്ട് 10000 കറവമാടുകളെ ബാങ്കു വായ്പയിലൂടെ നല്‍കാനുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അത് മാതൃകാപരമായി നടപ്പാക്കുകയാണെങ്കില്‍ നന്ന്. ഇന്‍ഷുറന്‍സ് - പുല്ലുവളര്‍ത്തല്‍ തുടങ്ങിയവയ്ക്ക് പഞ്ചായത്തു പദ്ധതികള്‍കൂടി ബന്ധപ്പെടുത്തി ഇത്തരം പദ്ധതികള്‍ എല്ലാ ജില്ലയിലും നടപ്പാക്കാനാകും.

* ബാങ്കുകള്‍ വായ്പ നല്‍കി നടപ്പാക്കുന്ന സബ്‌സിഡിയുള്ള നിരവധി തൊഴില്‍ദാന പദ്ധതികള്‍ നിലവിലുണ്ട്. എസ്.ജി.എസ്.വൈ, പി.എം.ഇ.ജി.പി., കെ.വി.ഐ.ബിയുടെ ഫ്ളാഗ്‌ഷിപ്പ്, എംപ്ളോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ ജോബ് ക്ലബ്, കെസ്റ്റു, എസ്.സി.എസ്.ടി. വകുപ്പ് പദ്ധതികള്‍, കുടുംബശ്രീ പദ്ധതികള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. ഇതൊക്കെ കൃത്യമായി ഉപയോഗിക്കുന്ന വായ്പകളാക്കി നല്ല സംരംഭകരെ കണ്ടെത്തി പരിശീലനം നല്‍കി ലഭ്യമാക്കിയാല്‍ അതു പരിശോധിക്കാന്‍ പഞ്ചായത്തുതലത്തില്‍ സംവിധാനം വേണം. ഇവ പദ്ധതിയുടെ ഭാഗമാക്കാനും കഴിയും. വായ്പാവെട്ടിപ്പുകാരെ ഒഴിവാക്കാനായാല്‍ ബാങ്കുകള്‍ക്കും കൂടുതല്‍ താല്പര്യമുണ്ടാകും.

* ധനകാര്യ വകുപ്പിനു കീഴില്‍ ഇന്‍സ്റിറ്റ്യൂഷണല്‍ ഫൈനാന്‍സിന് ഉപവകുപ്പു രൂപീകരിക്കുക.

1969 ല്‍ ആരംഭിച്ച ലീഡു ബാങ്ക് പദ്ധതി കൂടുതല്‍ വിപുലമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനായി റിസര്‍വ് ബാങ്ക് നിയോഗിച്ച ആര്‍.ബി.ഐ. ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉഷാതോറാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പൊതു അഭിപ്രായവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കരടു നിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വികേന്ദ്രീകൃത വികസനവും ജില്ലാ വികസനവുമായി ബാങ്കുകളെ ബന്ധിപ്പിക്കാനുള്ള വിശദമായ നിര്‍ദ്ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. നാം വിഭാവന ചെയ്തിരുന്ന ജില്ലാ പദ്ധതിയുടെയും ബാങ്ക് വായ്പാ പദ്ധതിയുടെയും ഏകോപനം വരെ അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ലീഡ് ബാങ്ക് മോണിറ്ററിംഗ് ചുമതല ജില്ലാ പഞ്ചായത്തു സെക്രട്ടറിക്കാണ്. ഈ പശ്ചാത്തലത്തില്‍ ബാങ്കുകളുടെയും വികേന്ദ്രീകൃതാസൂത്രണത്തിന്റേയും ഏകോപനത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. അതിനുള്ള ഇച്ഛാശക്തിയാണ് പ്രധാനം.

***

ആര്‍. ഗിരീഷ്‌കുമാര്‍, കടപ്പാട്: ശാസ്‌ത്രഗതി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ബി.എല്‍.ബി.സി കളില്‍ പഞ്ചായത്തു പ്രസിഡന്റുമാരുടെയും, ജില്ലാതല ബാങ്കിംഗ് അവലോകന സമിതികളില്‍ എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയവരുടെയും സാന്നിധ്യം ഉറപ്പാക്കുകയും ഫലപ്രദമാക്കുകയും ചെയ്യുക. വിമര്‍ശനം പറയുക മാത്രമല്ല, ബാങ്ക് വായ്പാ പദ്ധതികള്‍ പഠിക്കാനും നിര്‍വഹണത്തില്‍ പ്രായോഗികമായി ഇടപെട്ടു നിര്‍ദ്ദേശം വയ്ക്കാനും അവര്‍ക്കു കഴിയും. ഇതിനു കര്‍ശന നിര്‍ദ്ദേശം വേണം. ഇതാരു നല്‍കും?