Tuesday, August 18, 2009

വിശ്വാസത്തിന്റെ ശിരോരേഖകള്‍

അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത്? നടന്‍ എന്നത് സംവിധായകന്റെ/സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടെങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത് എന്നതാണ് വസ്‌തുത.

നടന്റെ ആത്മവ്യക്തിത്വത്തെ തുടച്ചു മായിച്ച് അല്ലെങ്കില്‍ ഉടച്ചു വാര്‍ത്താണ് ഒരു കഥാപാത്രത്തെ താല്‍ക്കാലികമായെങ്കില്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ചെടുക്കുന്നത്. എന്നാല്‍ കേവലം ഓര്‍മ മാത്രമായിത്തീരുന്ന ഭൌതിക ശരീരത്തെക്കാളും അതിന്റെ ചലനങ്ങളെക്കാളും അനശ്വരമായിത്തീരുന്നത് ഈ പരകായപ്രവേശങ്ങളാണ് എന്ന തിരിച്ചറിവ് എത്രമാത്രം വിസ്‌മയകരമാണ് !

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ മുരളിയുടെ വ്യക്തിത്വത്തെയും അടയാളങ്ങളെയും നടനവൈചിത്ര്യങ്ങളെയും സമന്വയിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈ നിലവിട്ട ചിന്തകള്‍ ആലോചനയിലേക്ക് കടന്നു വരുന്നത്. ചന്ദനം ചാലിച്ച പൊട്ടും അതിനുള്ളിലൊരു കുങ്കുമക്കുറിയും നെറ്റിയില്‍ സ്ഥിരം ചാര്‍ത്തി ഞാനൊരു കമ്യൂണിസ്‌റ്റാണെന്ന് നെഞ്ചു വിരിച്ച് ആണയിടുന്ന ഈ വ്യക്തിത്വത്തെ നിര്‍ധാരണം ചെയ്യുന്നതെങ്ങനെയെന്ന് നടപ്പു നേര്‍രേഖാ വിമര്‍ശനപടുക്കള്‍ തല പുകഞ്ഞ് ആലോചിച്ചിട്ടുണ്ടാകും. എന്തുകൊണ്ടോ അതൊന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല എന്ന കൌതുകകരമായ മൌനവും ഒരു സമസ്യ തന്നെ.

മതവും മാര്‍ക്സിസ്‌റ്റുകളും തമ്മിലുള്ള സംവാദം/തൊട്ടുകൂടായ്‌മ എന്ന വിവാദവിഷയവും ഈ വ്യക്തി ചിഹ്നത്തെ വെച്ച് നട്ടുപിടിപ്പിക്കാവുന്നതാണ്. പുരോഗമനകല എന്നത് രൂപപരമായും സൌന്ദര്യപരമായും തരംതാണതായിരിക്കണമെന്ന രണ്ടു പക്ഷത്തിന്റെയും അലിഖിത ധാരണയും ഇത്തരമൊരു കുഴഞ്ഞ വ്യക്തി രാഷ്ട്രീയ പ്രശ്‌നത്തിനുമുമ്പില്‍ അലസിപ്പോവുന്നു.

മതവിശ്വാസികളെയും ഈശ്വരവിശ്വാസികളെയും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ നിന്നകറ്റി പാര്‍ടിയെ ശുദ്ധീകരിക്കാന്‍ വെമ്പല്‍ കൂട്ടുന്ന യാന്ത്രികവാദികള്‍ക്കു മുമ്പില്‍ ഒരു മറയുമില്ലാതെ മുരളി, കുറി; ധ്യാനം; ആത്മീയ ഭാഷണങ്ങള്‍ എന്നീ പ്രകട ഹൈന്ദവ ചിഹ്നങ്ങളുമണിഞ്ഞ് സഖാവ് മുരളിയായി തെളിഞ്ഞു വന്നതെങ്ങനെ എന്ന പ്രഹേളികയിലേക്ക് തിരിച്ചു വരുക.

മൂകാംബിക ക്ഷേത്രത്തിലേക്ക് തീവണ്ടിപ്പാളത്തിലൂടെ നടന്നു പോയത് പുരോഗമനസാഹിത്യകാരനായ ചെറുകാട് തന്റെ ആത്മകഥയായ ജീവിതപ്പാതയില്‍ വിവരിക്കുന്നുണ്ട്. കറകളഞ്ഞ പാര്‍ടിസാനായിരുന്ന അദ്ദേഹം ജീവിതാന്ത്യം വരെയും പാര്‍ടിക്കൂറും ഈശ്വരവിശ്വാസവും ഒരേ പോലെ നിലനിര്‍ത്തി. നിലനിര്‍ത്തി എന്നു മാത്രമല്ല ഈ 'വൈരുദ്ധ്യം' തുറന്നു സമ്മതിക്കുകയും ചെയ്‌തിരുന്നു. മനസ്സു തുറന്നു കാണിക്കും വിധം സത്യസന്ധനായിരുന്ന ചെറുകാടിനെപ്പോലെ സങ്കോചമൊന്നുമില്ലാതെ (അഥവാ ആത്മാര്‍ത്ഥമായതും ഇരട്ടത്താപ്പല്ലാത്തതുമായ സങ്കോചത്തോടെ) മുരളി തന്റെ വ്യക്തിതത്തിലെ സവിശേഷതകളെ തുറന്നു പ്രകടിപ്പിച്ചു.

മുരളിയുടെ മനസ്സിനെ പ്രദര്‍ശിപ്പിക്കുന്ന ഈ അടയാളങ്ങള്‍ ഏതു ചരിത്രസന്ദര്‍ഭത്തിലെ മലയാളിയെയാണ് അഭിമുഖീകരിക്കുന്നത് എന്നത് നിര്‍ണായകമായ ഒരു പ്രശ്‌നമാണ്. ജാതിനവീകരണവും മിശ്രവിവാഹവും മിശ്രഭോജനവും ശ്രീനാരായണപ്രസ്ഥാനവും ദേശീയ സ്വാതന്ത്ര്യ സമരവും ഐക്യ കേരളപ്പിറവിയും കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി-കര്‍ഷക പ്രസ്ഥാനവും ഭൂപരിഷ്‌ക്കരണവും സാര്‍വത്രിക സാക്ഷരതയും പ്രവാസവും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തിയെടുത്ത ആധുനിക കേരളം എഴുപതുകളിലെ തീവ്രവാദ 'വസന്ത'വും കടന്ന് മത-സാമുദായിക സ്വത്വങ്ങളുടെ പരിഷ്‌ക്കരിച്ച രണ്ടാം വരവിനെത്തുടര്‍ന്ന് പിന്തിരിഞ്ഞു നടന്നു തുടങ്ങിയ കാലം. എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും സിനിമ തന്നെയായിരുന്നു ഈ പുനരാഗമനത്തിന്റെ മുഖ്യമായ അടയാളങ്ങള്‍ നെറ്റിയിലെടുത്തണിഞ്ഞത്. നിസ്‌ക്കാരത്തഴമ്പും ചന്ദന/കുങ്കുമക്കുറിയും കഥാപാത്രങ്ങളെയും അവരുടെ ഉള്ളിലിരുപ്പുകളെയും തിരിച്ചറിയാനുള്ള ലളിത മാര്‍ഗങ്ങളായി പരക്കെ പ്രത്യക്ഷപ്പെട്ടു. അറുപതുകളിലും എഴുപതുകളിലും അപരിഷ്‌കൃതമായി കരുതപ്പെട്ടിരുന്ന ഈ ചിഹ്നങ്ങളെ സൌന്ദര്യത്തിന്റെയും സ്വത്വത്തിന്റെയും വാഹനങ്ങളായി വാഴ്ത്തപ്പെട്ടത് സുഗമമായിട്ടായിരുന്നു. ബഹളമുണ്ടാക്കിയവരും സംശയമുന്നയിച്ചവരും പരിഹസിക്കപ്പെട്ടു. എന്നാല്‍ മുന്‍കാലത്ത് (ഏറെക്കൂറെ ഇക്കാലത്തും) പാട്ടില്ലാത്ത സിനിമ കലാമൂല്യമുള്ള സിനിമയായി സ്വാഭാവികമായി കരുതപ്പെട്ടിരുന്നതു പോലെ ഇത്തരം പ്രകടമായ അടയാളങ്ങളൊന്നും അണിയാത്തവര്‍ അതുകൊണ്ടു മാത്രം പുരോഗമനകാരികളായി തെറ്റിദ്ധരിക്കപ്പെട്ടു. ഏറ്റവും കൌതുകകരമായ കാര്യം മുരളിയെ ഇത്തരം പ്രകട ഹിന്ദു തീവ്രവാദ വേഷങ്ങളിലധികമൊന്നും കണ്ടിട്ടില്ല എന്നതാണ്. ഈ ഹിന്ദു ബാക്‌ലാഷിനെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിക്കുകയുണ്ടായി. വളരെ നിസ്സംഗതയോടെയാണ് അദ്ദേഹം അതിനോട് പ്രതികരിച്ചത്. സംസ്‌കൃത സാഹിത്യം, പുരാണം, ഹിന്ദു ആത്മീയത എന്നീ കാര്യങ്ങളിലൊക്കെ താന്‍ ആര്‍ജിച്ച ജ്ഞാനപദ്ധതിയെ ന്യായീകരിക്കുന്നതല്ല ഈ ആക്രോശങ്ങളും അക്രമങ്ങളും അതിന്റെ സര്‍വസമ്മതസമാഹരണം ഉദ്ദേശിച്ചുള്ള കലാ-ചലച്ചിത്ര വ്യാജ നിര്‍മിതികളും എന്ന ബോധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതു കൊണ്ടു തന്നെ, ഇടതുപക്ഷ വിമര്‍ശകര്‍ കടുത്ത ഭാഷ ഉപയോഗിച്ച് ഇത്തരം സിനിമകള്‍ക്കെതിരെ രംഗത്തു വന്നതിലും അദ്ദേഹം ആവേശം കൊണ്ടില്ല.

കേരളത്തിലെ ഇടതുപക്ഷം ഇതിനകം നിരവധി തവണ അധികാരത്തിലെത്തിയ ഒരു മുഖ്യധാരാശക്തിയായി പരിണമിച്ചു കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിനെയെന്നതു പോലെ ഇടതുപക്ഷത്തെയും, സവര്‍ണര്‍ക്കും മൃദുഹിന്ദുത്വവാദികള്‍ക്കും തങ്ങളുടെ അധീശത്വം നിലനിര്‍ത്താനുള്ള ഒരു ചാലക/വാഹക ശക്തിയായി ഇഷ്‌ടം പോലെ ഉപയോഗിക്കാന്‍ തക്കവണ്ണം ബ്രാഹ്മണാധിപത്യ പൊതുബോധവും പുരോഗമന/ഇടതുപക്ഷ ശക്തികളുടെ പ്രദര്‍ശനാത്മക മുഖ്യധാരയും തമ്മില്‍ വേണ്ടതിലധികം കൊടുക്കല്‍ വാങ്ങലുകള്‍ നടന്നുകഴിഞ്ഞിരുന്നു. സെക്കുലറിസം, ഉദാര ജനാധിപത്യം, മതസഹിഷ്‌ണുത എന്നീ സ്വാഗതാര്‍ഹമായ അവബോധങ്ങളൊക്കെയും ബ്രാഹ്മണാധികാര പൊതുബോധത്തിന്റെ മാറ്റപ്പേരു മാത്രമായി പരിമിതപ്പെട്ടു. മുരളി തന്നെ ഒരു പാര്‍ടി സാംസ്‌ക്കാരിക സമ്മേളനത്തില്‍ സംസാരിച്ചതോര്‍ക്കുന്നു; 'കുട്ടിക്കാലത്ത് സംസ്‌കൃതം പഠിക്കാന്‍ കഴിയാഞ്ഞത് വലിയ ഒരു സങ്കടമായിട്ടാണ് താന്‍ കണക്കാക്കുന്നതെന്ന് '. ഈ സങ്കടത്തെപ്പോലെ തന്നെ പരസ്യമാണ് അദ്ദേഹത്തിന്റെ നെറ്റിക്കുറിയും എന്നത് സത്യസന്ധതയെക്കുറിക്കുന്നു.

എന്നാല്‍ പ്രഖ്യാപിത വിപ്ളവകാരികളും കറകളഞ്ഞ കമ്യൂണിസ്റ്റുകളുമായി സ്വയം നടിക്കുന്ന പലരും ഇത്തരം വിശ്വാസ വികാരങ്ങളും അഭിപ്രായങ്ങളും മസ്സിനുള്ളില്‍ മറച്ചുവെക്കാന്‍ പണിപ്പെട്ട് സ്വയം സൃഷ്‌ടിച്ച സമ്മര്‍ദങ്ങളുമായി മേനി നടിച്ചു കഴിയുന്നവരാണ് എന്നത് വലിയ ഒരു തമാശയാണ്. ഇവരുടെ ഉള്ളുകള്ളികള്‍ വെളിച്ചത്താവുന്ന നിരവധി സംഭവങ്ങളും വസ്‌തുതകളും അവരുടെ വ്യക്തിജീവിതവും അഭിപ്രായങ്ങളും അടുത്തറിയുന്നവര്‍ പലപ്പോഴും തിരിച്ചറിയാറുണ്ട്. അത്തരം തിരിച്ചറിവുകള്‍ സൃഹൃദ് സദസ്സുകളിലും മറ്റും പങ്കുവെച്ച് പരദൂഷണതൃപ്‌തിയടയുകയാണ് മിക്കവരുടേയും പതിവ്. അത്തരം ഹിപ്പോക്രാറ്റുകളെയും ഇരട്ടത്താപ്പുകാരെയും അപേക്ഷിച്ച്, പരസ്പര വിരുദ്ധമെന്ന് ലളിതവത്കൃത പൊതുബോധവും പരസ്‌പരപൂരകമെന്ന് സ്വന്തം മനസ്സാക്ഷിയും സാക്ഷ്യപ്പെടുത്തുന്ന ഇത്തരം ബഹുസ്വരതയും വിശ്വാസവൈവിദ്ധ്യങ്ങളും കൂടെക്കൊണ്ടു നടക്കുന്ന മുരളിയും ചെറുകാടുമാണ് കൂടുതല്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുമുള്ളവരുമെന്ന് ആലോചിച്ചാല്‍ ബോധ്യപ്പെടും.

നെറ്റിക്കുറി കൊണ്ടു മാത്രം ഒരാളെ വര്‍ഗീയവാദിയും അപകടകാരിയുമായി എഴുതിത്തള്ളുന്ന ലളിതവല്‍ക്കരണം സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ വസ്‌തുനിഷ്ഠമായി അപഗ്രഥിക്കാനുള്ള ശേഷി ഇടതുപക്ഷ നിരീക്ഷണത്തിന് നഷ്‌ടപ്പെടുത്തുമെന്ന തിരിച്ചറിവ് സ്വയം വിമര്‍ശനപരമായിത്തന്നെ ഈ ഘട്ടത്തില്‍ സമ്മതിക്കാവുന്നതാണ്.

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.

***

ജി. പി. രാമചന്ദ്രന്‍

5 comments:

വര്‍ക്കേഴ്സ് ഫോറം said...

മുരളിയുടെ നെറ്റിക്കുറിയും വിശ്വാസപ്രകടനങ്ങളും ഏറ്റവും ഉദാത്തവും സ്വാഗതാര്‍ഹവുമാണെന്ന് സ്ഥാപിച്ചുറപ്പിക്കാനല്ല ഈ കുറിപ്പെഴുതുന്നത്. പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ ചിഹ്നങ്ങളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും. അതോടൊപ്പം, സമുദായരൂപീകരണത്തിന്റെ ചരിത്രപരമായ ഗതിവിഗതികളെ കണക്കിലെടുക്കാതെ, സിദ്ധാന്തം ഇങ്ങനെയായതുകൊണ്ട് സമൂഹവും ഇങ്ങനെയായിരിക്കണമെന്ന് ബലം പിടിക്കുന്ന വരട്ടുതത്വക്കാരുടെ പ്രവണത വീണ്ടും പ്രബലമായിക്കഴിഞ്ഞ ഇക്കാലത്ത്, സത്യസന്ധതയും ആത്മാര്‍ത്ഥതയും വെളിപ്പെടുന്ന ഇത്തരമൊരു വ്യക്തിത്വത്തെ മുന്‍വിധികളേതുമില്ലാതെ പരിചയപ്പെടാനും അഭിമുഖീകരിക്കാനും സാധിച്ചു എന്നതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു എന്നു മാത്രം.

paarppidam said...

കുറിചാർത്തിയവനേയും,കാവി അണിഞ്ഞവനേയും ഭൂരിപക്ഷഭീകരന്മാരായി കാണുന്നതിന്റെ അർത്ഥശൂന്യത മുരളി ലളിതമായി പറയാതെ പറഞ്ഞു ജീവിച്ചു നമ്മെ പിരിഞ്ഞുപോയി. ഹൈന്ദവ മത ചിഹ്നങ്ങളെ വാണിജ്യ/വോട്ടു ബാങ്കായി മാറ്റുവാൻ ശ്രമിച്ചവർ യദാർത്ഥത്തിൽ ചെയ്തത്‌ വിശ്വാസികളും സാധാരണക്കാരുമായ ആളുകളെ ഇത്തരം "അടയാള"ങ്ങളെ ഒഴിവാക്കുവാൻ നിർബന്ധിക്കുകയാണ്‌ ചെയ്തത്‌. വിശ്വാസിയും കമ്യൂണിസ്റ്റ്‌/ഇതര രാഷ്ടീയ വിശ്വാസം പുലർത്തുന്നവനുമായ വ്യക്തിക്ക്‌ ഈ ചിഹ്നങ്ങൾ അണിയുവാൻ ഇന്നു ഭയമാണ്‌.ന്യൂനപക്ഷങ്ങൾ സ്വന്തം മതത്തെ കുറിച്ച്‌ പറയുകയും മതപരമായ ചിഹ്നങ്ങൾ സൊ‍ാചനകൾ പേറുന്ന വസ്ത്രങ്ങൾ അണിയുകയും ചെയ്യുന്നത്‌ അവകാശമയും എന്നാൽ ഭൂരിപക്ഷസമുദായത്തിൽ പെടുന്നവർ ചന്ദനം തൊട്ടാൽ അതു വർഗ്ഗീയമായി വ്യാഖ്യാനിക്കുന്നതും "വോട്ടുതട്ടൽ രാഷ്ടീയത്തിന്റെ" തന്ത്രമാണെന്ന് തിരിച്ചറിയാതെ പോകുന്നത്‌ അവന്റെ തന്നെ സ്വത്വനിഷേധമാണ്‌.പക്ഷപാതപരമായ വർഗ്ഗെസ്വന്തം വിശ്വാസത്തെ പരസ്യമായി പ്രഖ്യാപിക്കുവാൻ കഴിയാത്ത/സ്വാതന്ത്രമില്ലാത്ത ഭീരുക്കളാണ്‌ ഇവിടത്തെ പല ഭൂരിപക്ഷ വിഭാഗത്തിൽപെടുന്ന ആളുകളും.


സ്വയം വിശ്വാസിയും കമ്യൂണിസ്റ്റുമാണെന്ന് പ്രഖ്യാപിച്ച്‌ മുരളി അതിനുള്ള ആർജ്ജവം കാണിച്ചു.

കാവിയും കുറിയുമുണ്ടേൽ ഉടനെ അവനെ ആർ.എസ്സ്‌.എസ്സുകാരനായി ചിത്രീകരിക്കുന്ന.താടിയും തൊപ്പിയും ഉണ്ടെങ്കിൽ അവനെ ഭീകരനായി ചിത്രീകരിക്കുന്ന രീതിനമുക്ക്‌ വേണ്ട.ഇക്കാര്യത്തിൽ മാധ്യമങ്ങളും പുരോഗമനവാദികൾ എന്ന പേരിൽ സമൂഹത്തിൽ ഇടപെടുന്നവരും കാര്യമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.പക്ഷപാതപരമായ വർഗ്ഗീയ്‌ വിരുദ്ധനിലപാടുകൾ ആണ്‌ പലപ്പോഴും ആളുകളെ വർഗ്ഗീയമായി ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്നത്‌. ചിലവിഭാഗങ്ങളിൽ നിന്നുള്ള ചെറുഗ്രൂപ്പുകളുടെ തീവ്രവദപ്രവർത്തനങ്ങളെ "ഇരകളുടെ ചെറുത്തുനിൽപ്പായോ" മറ്റോ ന്യായീകരിക്കുന്നവർ തന്നെ ആണിതിനു ഒരു പരിധിവരെ ഉത്തരവാദികൾ.

ലേഖനം നന്നായിരിക്കുന്നു.മുരളിക്ക്‌ ആദരാഞ്ജലികൾ.

chithragupthan said...

അതുകൊണ്ടാണല്ലോ സംസ്ക്രൂത സർവ്വകലാശാല കേരളത്തിൽ വരാതിരിക്കാൻ പാർട്ടി കഴിവതും ശ്രമിച്ചതു. അതു വന്നാൽ സവറ്ണ്ണമേധാവിത്വം തിരിച്ചുവരും എന്നു വരെ പ്രചരിപ്പിച്ചുനോക്കി.എന്നിട്ടും അതു വന്നു. പിന്നെ അതിനെ ഉള്ളിൽക്കേറി നശിപ്പിക്കൻ, വടക്കാക്കിത്തനിക്കാക്കാൻ ഉണിത്തിരി, പണിക്കറ് തുടങ്ങി ജാതിപ്പേരു ഉപേക്ഷിക്കാത്ത കമ്മ്യൂണിസ്റ്റുകളെ ഉപയോഗിച്ചു നോക്കി.ജാതിവാൽ പേരിലില്ലെങ്കിലും സവറ്ണ്ണബൂർഷ്വാ ആയ പരമേശ്വരനും മറ്റും പരിശ്രമിക്കുന്നത് ഇതിനെ ഒരു ആറെസ്സെസ്സ് സർവ്വകലാശാല ആക്കാനാണ്.
അതിനെ നശിപ്പിക്കാൻ ആകുന്നില്ല എന്നു കണ്ടപ്പോൾ ഞങ്ങൾ പകരം ഒരു മുസ്ലീം സർവ്വകലാശാല കൊണ്ടുവരാൻ വിചാരിച്ചതാണ്.അതു വന്നിരുന്നെങ്കിൽ ഒരു മുപ്പതുകൊല്ലത്തേക്കു മുഴുവൻ മുസ്ലീം വോട്ടും നമുക്കു കിട്ടുമായിരുന്നു. ഞങ്ങളുടെ പരിപാടി ചോർത്തിയെടുത്താണ് ഓടുന്ന പട്ടിക്കൊരുമുശ്ഴം മുമ്പേ എന്ന മട്ടിൽ കോൺഗ്രസ്സ് അലിഗഡ് സർവകലാശാലയുടെ കാമ്പസ് ഇവിടെതുടങ്ങാൻ ഓഫർ കൊണ്ടുവന്നത്.അതു ഡിലേ ചെയ്യാൻ ഞങ്ങൾശ്രമിക്കുന്നു എന്നൊക്കെ പറഞ്ഞ് മുസ്ലീം വോട്ട് മറിക്കാൻ കോങ്ഗ്രസ്സ് ശ്രമിച്ചു- തെരഞ്ഞെടുപ്പിൽ ഫലവും കണ്ടു.
ഞങ്ങൾ മറ്റൊരു കാർഡിറക്കാൻ പോകുന്നു. അകന്നു പോകുന്ന് അക്രൈസ്തവസമൂഹത്തെ കൂടെ നിർത്തുക എന്ന ഉദ്ദേശവും സ്വാശ്രയക്കരാറിൽ വിട്ടുവീഴ്ച ചെയ്യിപ്പിക്കുക എന്ന ഉദ്ദേശവും മുന്നിർത്തി (ന്യൂനപക്ഷസംരക്ഷണം എന്ന പ്രഖ്യാപിതൌദ്ദേശവുമായി) കേരളത്തിൽ ഒരു ക്രൈസ്തവസർവ്വകലാശാല വരാൻ പോകുന്നു!സംസ്താനതെരഞ്ഞെടുപ്പിൽ അതാവും ഞങ്ങളുടെ ചീട്ട്.
അതിനേയും കോങ്രസ്സു തോൽ‌പ്പിക്കുകയാണെങ്കിൽ, എസ്സെൻഡീപ്പിയെ വാരാൻ ഒരീഴവസർവ്വകലാശാല- അല്ലെങ്കിൽ ഒരു ദളിത് സർവ്വകലാശാല.
ഞങ്ങളാരാ!

chithragupthan said...

എഡിറ്റെഡ്:
അകന്നു പോകുന്ന ക്രൈസ്തവസമൂഹത്തെ കൂടെ നിർത്തുക എന്ന ഉദ്ദേശ്യവും സ്വാശ്രയക്കരാറിൽ വിട്ടുവീഴ്ച ചെയ്യിപ്പിക്കുക എന്ന ഉദ്ദേശ്യവും മുന്നിർത്തി (ന്യൂനപക്ഷസംരക്ഷണം എന്ന പ്രഖ്യാപിതൌദ്ദേശ്യവുമായി) കേരളത്തിൽ ഒരു ക്രൈസ്തവസർവ്വകലാശാല വരാൻ പോകുന്നു!

Anonymous said...

മുരളി നന്നായി മദ്യപിക്കുമായിരുന്നു അതു തന്നെയാണു അകാല മരണത്തിനു കാരണമായത്‌, ഡയബറ്റീസ്‌ കാരണം പെട്ടെന്നു വാര്‍ധക്യം ബാധിച്ചതും സിനിമയില്‍ മോഹന്‍ ലാലിനും മമൂട്ടിക്കും ഒപ്പം നിന്ന താന്‍ പതുക്കെ നെയ്ത്തുകാരന്‍ പോലെ വ്ര്‍ധവേഷങ്ങള്‍ ചെയ്യേണ്ടിവരുന്നതിലും മുരളിക്കു വിഷമം ഉണ്ടായിരുന്നു ഇതൊക്കെ മദ്യപാനം കൂട്ടിക്കൊണ്ടുമിരുന്നു, പണ്ടേ ഭകതന്‍ ആയിരുന്നില്ല പണം പ്രഭാവം ഒക്കെ ആയപ്പോള്‍ ഭക്തി കൂടി മൂകാംബിക ഒക്കെ ഭയങ്കര വിശ്വാസമായി, ഏതായാലും മര്‍ക്സിസ്റ്റുകരന്‍ ആയതിനാല്‍ നായനാരെ പോലെ നല്ല ഒരു ചരമ ഘോഷയാത്ര കിട്ടി മുരളിക്ക്‌ ലോഹിതദാസാണു മുരളിക്കു മികച്ച വേഷങ്ങള്‍ നല്‍കിയത്‌ ലോഹിക്കു തന്നെ ചാന്‍സില്ലാതായപ്പോള്‍ മുരളിക്കും വേഷങ്ങള്‍ കുറഞ്ഞു ലോഹിയും മുരളിയും രാജന്‍ പീ ദേവും ഒക്കെ ഒരു കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു മദ്യപാനം എത്ര പ്രതിഭകളെ ആണു അകാലത്തില്‍ റാഞ്ചി എടുത്തത്‌? അറുപതാം വയസ്സിലും മമ്മൂട്ടി ചെറുപ്പക്കാരനായി തോന്നുന്നത്‌ മദ്യപിക്കാത്തതു കൊണ്ടല്ലേ? മലയാളിയെ മദ്യപാനി ആക്കുന്ന ഇടതു നയം ശരിയാണോ? ഭ്രമരത്തിലെ മോഹന്‍ ലാലിണ്റ്റെ കോലവും ഡഡി കൂളിലെ മമ്മൂട്ടിയുടെ ഗ്ളാമറും തട്ടിക്കുമ്പോള്‍ പത്തു വയസ്സു കുറഞ്ഞ മോഹന്‍ലാലും മദ്യം കാരണമല്ലേ വയസ്സനാകുന്നത്‌?