Friday, August 7, 2009

കര്‍ണനാകാന്‍ മോഹിച്ചു രാവണനെ സ്നേഹിച്ചു

പെറ്റമ്മപോലും വേദനയായി മാറിയ കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുരളി യാത്രയായത്. കര്‍ണനായി മുരളി വേഷമിടുന്ന 'മൃത്യുഞ്ജയന്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കര്‍ണനെ കാണാന്‍ അമ്മ കുന്തി കുരുക്ഷേത്രയുദ്ധമുഖത്ത് എത്തുന്ന അന്ത്യനിമിഷമാണ് നാടകത്തിന്റെ പ്രമേയം. മുരളിതന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കെപിഎസി ലളിതയാണ് കുന്തിയുടെ വേഷത്തില്‍. സ്വയം സൃഷ്ടിച്ച വിപത്തുകള്‍ വിനാശമായി മാറുന്ന രാവണന്റെ വൈചിത്ര്യമാര്‍ന്ന മാനസികഭാവങ്ങളും ഒപ്പം വിവിധ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് വേദിയിലെത്തിച്ച ലങ്കാലക്ഷ്മിയുടെ അഭിനയത്തുടര്‍ച്ചയാണ് മൃത്യുഞ്ജയനിലൂടെ മുരളി ആഗ്രഹിച്ചത്. സിനിമയില്‍ താന്‍ വേഷമിട്ട കഥാപാത്രങ്ങളെ മുരളി ഏറെ സ്നേഹിച്ചിരുന്നില്ലെങ്കിലും സി എന്‍ ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മിയിലെ രാവണന്‍ മുരളിയുടെ ഇഷ്ടകഥാപാത്രമായിരുന്നു. ഭാവാഭിനയത്തിന്റെയും വേഷപ്പകര്‍ച്ചയുടെയും അഭിനയരസതന്ത്രം അറിഞ്ഞ് കഠിനപ്രയത്നത്തിലൂടെ വേദിയില്‍ അനശ്വരമാക്കിയ രാവണനാണ് തന്റെ മികച്ച കഥാപാത്രമെന്ന് സംശയമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പയ്യന്നൂരിന്റെ സംവിധാന നിയന്ത്രണത്തിലാണ് മൃത്യുഞ്ജയന്‍ ഒരുക്കിയിരുന്നത്. ലങ്കാലക്ഷ്മിയില്‍ രാവണന്റെ പരപ്പും ആഴവും മുരളിയിലെ നടന്‍ കണ്ടെത്തിയിരുന്നു.

1983ല്‍ നരേന്ദ്രപ്രസാദിന്റെ നാട്യഗൃഹമാണ് ലങ്കാലക്ഷ്മി ആദ്യം അവതരിപ്പിച്ചത്. പിന്നീട് 2002ല്‍ ഏകാഭിനയത്തിലൂടെ ലങ്കാലക്ഷ്മി വീണ്ടും അവതരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ മുരളിയുടെ വേവലാതി സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. സംഘമായി നാടകം അവതരിപ്പിക്കുക പ്രായോഗികമായിരുന്നില്ല. പിന്നീട് സി എന്നിന്റെ ലങ്കാലക്ഷ്മിയില്‍ ഒറ്റ കഥാപാത്രംമാത്രം വരുന്ന ഏകപാത്ര രചന മുരളിതന്നെ നിര്‍വഹിച്ചു. രാവണന്റെ കാലദോഷമായ നക്ഷത്രത്തെക്കുറിച്ചുള്ള പ്രസിദ്ധമായ ശ്ളോകം തേടിപ്പോയത് അരങ്ങിന്റെ പൂര്‍ണതയ്ക്ക് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് മാതൃകയാണ്. ശ്ളോകത്തെക്കുറിച്ച് കവി അയ്യപ്പപ്പണിക്കരോട് ചോദിച്ചപ്പോള്‍ മാര്‍ഗി സതിക്ക് അറിയാമെന്നു പറഞ്ഞു. അവരില്‍നിന്ന് പഠിച്ച് നാടകത്തിന്റെ ആദ്യഭാഗത്ത് ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടിയാട്ടത്തിന്റെയും കഥകളിയുടെയും പരോക്ഷമായ സ്വാധീനം അരങ്ങിലെ രാവണനിലുണ്ട്. മുരളിക്ക് ഇതിന് തുണയായത് ചെറുപ്പത്തിലേ അഭ്യസിച്ച കളരിമുറകളായിരുന്നു. ഏകാഭിനയത്തില്‍ പല വേഷങ്ങളിലേക്കുമുള്ള കായപ്രവേശം. അതിന്റെ ദുര്‍ഘടതകള്‍. കുംഭകര്‍ണന്റെ വേഷത്തെയും പ്രവൃത്തിയെയും കുറിച്ച് കൃത്യമായ രൂപനിഷ്ട സാധ്യമല്ലായിരുന്നപ്പോള്‍ പ്രത്യേകമായി തയ്യാറാക്കിയ അരങ്ങുപകരണം സഹായത്തിനെത്തി. ഭീകരതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആരായിരുന്നാലും ആത്യന്തികനാശമാണ് ഫലമെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്ന രാവണന്റെ ആദ്യ അവതരണം തിരുവന്തപുരത്തെ പ്രേക്ഷകര്‍ക്ക് അനുഭവക്കൂട്ടത്തില്‍ ഏറെ പ്രധാനപ്പെട്ടതാണ്.

നാടകം അഭിനയവും സിനിമ ജീവിതമാര്‍ഗവുമെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. അധ്യാപകനും എന്നും ആത്മസുഹൃത്തുമായിരുന്ന അലിയാരാണ് ഒരിക്കല്‍ പ്രൊഫ. നരേന്ദ്രപ്രസാദിനെ മുരളിക്ക് പരിചയപ്പെടുത്തിയത്. പില്‍ക്കാലത്ത് പോസ്റല്‍ അക്കൌണ്ട്സ് ഓഫീസിനു മുകളില്‍ നരേന്ദപ്രസാദ് നാട്യഗൃഹം തുടങ്ങിയപ്പോള്‍ മുരളിയും ഒപ്പമുണ്ടായിരുന്നു. നാട്യഗൃഹം അവതരിപ്പിച്ച സൌപര്‍ണിക, മൃഗശാലക്കഥ എന്നീ നാടകങ്ങളില്‍ മുരളി വേഷമിട്ടു. നാടൃഗൃഹമാണ് മുരളിയുടെ അഭിനയാവേശത്തിന് കരുത്തായത്. അഭിനയത്തിന്റെ അര്‍ഥതലങ്ങളിലേക്ക് ആവേശകരമായ യാത്ര. സിനിമിയിലെത്തിയിട്ടും അരങ്ങ് കൈവിട്ടില്ല. നാടകക്കളരി എന്നത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഗള്‍ഫില്‍ ആരംഭിച്ച കൂത്തമ്പലത്തിന്റെ സാരഥിയായിരുന്നു മുരളി. പിന്നീട് തിരുവനന്തപുരത്ത് സമാനമായ വേദിയൊരുക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലായിരുന്നു. ഇതിനായി അരുവിക്കരക്കടുത്ത് സ്ഥലവും കണ്ടെത്തിയിരുന്നു. പ്രശാന്ത സുന്ദരമായ നാടകഭവനമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.

(സജീവ് പാഴൂര്‍)

തിരിച്ചറിവിന്റെ അരങ്ങും രാഷ്ട്രീയവും

ജീവിതയാഥാര്‍ഥ്യങ്ങളുടെ തിരിച്ചറിവ് ഉള്‍ക്കൊണ്ട് വളര്‍ന്ന മുരളിയുടെ മനസ്സിനും ഉലയില്‍ കാച്ചിയ ഇരുമ്പിന്റെ ദൃഢതയാണ്. അതുകൊണ്ടുതന്നെ മനസ്സില്‍ സൂക്ഷിക്കാന്‍ കറുത്ത അനുഭവങ്ങള്‍ തനിക്കൊന്നും ബാക്കിയില്ലെന്ന് മുരളി പറയുമായിരുന്നു. എനിക്കെന്തെങ്കിലും പറയണമെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ അത് അപ്പോള്‍ത്തന്നെ പറഞ്ഞിട്ടുണ്ട്- ശത്രുക്കളെ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയം ചെറുപ്പംമുതല്‍ തന്നെ സ്വാധീനിച്ചതായി മുരളി വ്യക്തമാക്കിയിട്ടുണ്ട്. മധ്യതിരുവിതാംകൂറില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു മുരളിയുടെ ജന്മനാടായ വെളിയം. കോട്ടാത്തല സുരേന്ദ്രനെ പോലെയുള്ള കമ്യൂണിസ്റ്റ് ധീരന്മാരുടെ നാട്. മുരളിയുടെ അമ്മാവന്മാരായ നാഗപ്പന്‍പിള്ളയും രാഘവന്‍പിള്ളയും സര്‍വീസ് സംഘടനാപ്രവര്‍ത്തകരാണ്. അതും മുരളിയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ എന്നും ഇടതുപക്ഷസാരഥികള്‍ക്കായി മുരളി സജീവമായി രംഗത്തിറങ്ങിയിരുന്നു. സിപിഐ എം സ്ഥാനാര്‍ഥിയായി അദ്ദേഹം തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍നിന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സാംസ്കാരിക-കലാ രംഗത്തുള്ളവരുടെ നിറസാന്നിധ്യം സാമൂഹ്യ ഉന്നതിക്ക് വലിയ ഗുണമാകുമെന്ന് അദ്ദേഹം പറയുമായിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ തന്നെ ശ്രവിക്കാന്‍ ജനങ്ങള്‍ തടിച്ചുകൂടിയ അനുഭവങ്ങള്‍ മുരളി പലപ്പോഴും മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്.

ലോകത്തിന്റെ വിവിധയിടങ്ങളിലൂടെ സഞ്ചരിച്ചിട്ടുള്ള മുരളിക്ക് പ്രിയപ്പെട്ട നാട് റഷ്യയായിരുന്നു. കമ്യൂണിസ്റ്റ് റഷ്യയെക്കുറിച്ചും തകര്‍ച്ചയ്ക്ക് ശേഷമുള്ള റഷ്യയെക്കുറിച്ചും മുരളി എഴുതിയിട്ടുണ്ട്. പഴയ റഷ്യയുടെ ഔന്നത്യവും ഇന്നത്തെ റഷ്യയുടെ ദുരന്തവും അദ്ദേഹം സ്പസീബ എന്ന ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. 'സ്പസീബ' എന്ന റഷ്യന്‍ വാക്കിന്റെ അര്‍ഥം നന്ദി എന്നാണ്. വ്യാഴപ്പൊരുള്‍ എന്ന ലേഖനപരമ്പര പുസ്തകമാക്കിയിട്ടുണ്ട്. ഇതിന് കാര്‍ട്ടൂണിസ്റ്റ് ശിവറാം അവാര്‍ഡ് ലഭിച്ചു. അഭിനേതാവും ആശാന്‍ കവിതയും എന്ന പുസ്തകത്തിന് നാടകവുമായി ബന്ധപ്പെട്ട മികച്ച ഗ്രന്ഥത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അഭിനയത്തിന്റെ രസതന്ത്രം, മുരളി മുതല്‍ മുരളി വരെ എന്നതിന് പുറമെ എഡ്വേര്‍ഡ് ആല്‍ബിയുടെ സൂ സ്റ്റോറി, പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള്‍, കടക്കാര്‍, (മലയാള വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ലോകനാടകവേദിയെ കുറിച്ച് അരങ്ങേറ്റം വഴികള്‍, വഴികാട്ടികള്‍ എന്ന മികച്ച രചനയും നിര്‍വഹിച്ചു. ഈ മേഖലയില്‍ കൂടുതല്‍ ഗവേഷണങ്ങളിലായിരുന്നു അദ്ദേഹം.

അയ്യപ്പന്‍ പറഞ്ഞു, മുരളി താരമായി

തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലേക്ക് കവി അയ്യപ്പന്‍ അന്ന് സായാഹ്നത്തില്‍ തിരക്കിട്ട് എത്തിയതിന് കാരണമുണ്ടായിരുന്നു. അയ്യപ്പന്റെ രണ്ട് സുഹൃത്തുക്കള്‍, ഡോ. കൊച്ചുനാരായണനും ഡോ. ശ്രീനിയും സിനിമ നിര്‍മിക്കുന്നു. മുരളിക്ക് അഭിനയിക്കാന്‍ അവസരവുമായാണ് അയ്യപ്പന്റെ വരവ്. നക്സല്‍ബാരി അപചയത്തിന്റെ കഥയായിരുന്നു അത്. ഭരത് ഗോപി സംവിധാനം ചെയ്ത ചിത്രത്തിന് ഞാറ്റടി എന്ന് പേരിട്ടു. മുരളി ഈ ചിത്രത്തിലൂടെ സിനിമാനടനായെങ്കിലും ചിത്രം വെളിച്ചം കണ്ടില്ല. അഭിനയത്തിന്റെ ഓര്‍മകളിലേക്കുള്ള മടക്കത്തില്‍ അയ്യപ്പന് എപ്പോഴും മുരളി ഇടം കൊടുത്തിരുന്നു. താരപദവിയോടെ ചലച്ചിത്രോത്സവ വേദികളില്‍ അതിഥിയായും ആതിഥേയനായും എത്തുന്ന മുരളിയെ കാണുമ്പോള്‍ അട്ടഹാസത്തോടെ തിയറ്ററിന് പുറത്തുള്ള അയ്യപ്പന്‍ കുതിച്ചെത്തും. ഉച്ചത്തില്‍ സംസാരിക്കുന്ന അവര്‍ക്കിടയിലേക്ക് ആരെങ്കിലും എത്തിയാല്‍ അയ്യപ്പന്റെ വിധം മാറും. ഇത് ഞങ്ങളുടെ കാര്യം എന്ന നിലപാടിലാകും അയ്യപ്പന്‍. തിരുവനന്തപുരത്ത് രാമനിലയം ലോഡ്ജിലായിരുന്നു മുരളി ഉള്‍പ്പെട്ട വലിയൊരു സംഘത്തിന്റെ ആദ്യകാലതാവളം. യൂണിവേഴ്സിറ്റിയില്‍ ജോലി കിട്ടിയശേഷം മുരളി താമസിച്ചിരുന്നത് വിജെഎം ലോഡ്ജിലായിരുന്നു. അയ്യപ്പന് ലോഡ്ജിലേക്ക് എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. കവിതയില്‍ അയ്യപ്പന്റെ സുവര്‍ണകാലമെന്ന് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന ഈ ഘട്ടത്തില്‍ എഴുതിത്തുടങ്ങുന്നവര്‍ക്ക് അയ്യപ്പന്‍ നല്‍കിയിരുന്ന പിന്തുണ മുരളിതന്നെ പലപ്പോഴും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

നാടകോത്സവത്തിന്റെ സൂത്രധാരന്‍

അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ശില്‍പ്പി അരങ്ങൊഴിഞ്ഞത് ആഫ്രിക്കന്‍ നാടകോത്സവത്തിന് വേദിയുണര്‍ത്താതെ. തൃശൂരില്‍ സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര നാടകോത്സവം അക്കാദമി ചെയര്‍മാന്‍കൂടിയായ നടന്‍ മുരളിയുടെ നാടകവീക്ഷണത്തില്‍ ഉരുത്തിരിഞ്ഞതാണ്. പത്ത് ദിവസത്തെ തെക്കനേഷ്യന്‍ നാടകങ്ങളുടെ അവതരണവേദി സാംസ്കാരികനഗരി ദര്‍ശിച്ച പങ്കാളത്തത്തിലും അവതരണത്തിലും ശ്രദ്ധേയമായിരുന്നു. അടുത്തവര്‍ഷം ആഫ്രിക്കന്‍ നാടകോത്സവം തൃശൂരില്‍ നടത്തുമെന്ന് മുരളി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, നാടകോത്സവത്തിനുശേഷം സിനിമാ ഷൂട്ടിങ്ങിന്റെ തിരക്കിലേക്കു പോയ വിഖ്യാത നടന്‍ അക്കാദമി ആസ്ഥാനത്തേക്ക് ഇനി മടങ്ങിയെത്തില്ല. നാടകോത്സവത്തിന്റെ സമാപനദിവസം ദേശാഭിമാനിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. "എനിക്ക് ഏറെ അഭിമാനവും ആഹ്ളാദവുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ കൂടുതല്‍ വിപുലമായ കലാസാംസ്കാരികമേളകള്‍ അക്കാദമിക്ക് സംഘടിപ്പിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'' നാടകോത്സവത്തിന്റെ ഉദ്ഘാടനംമുതല്‍ സമാപനംവരെ മുരളിയുടെ സാന്നിധ്യം സജീവമായിരുന്നു. മുരളി നടത്തിയ പ്രസംഗങ്ങളും ചര്‍ച്ചകളും അദ്ദേഹത്തിന്റെ അഗാധമായ നാടകസാഹിത്യജ്ഞാനത്തിന്റെ നിദര്‍ശനങ്ങളായിരുന്നു. നിരവധി സാംസ്കാരിക സംഗീത പരിപാടികള്‍ മുരളിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് നടപ്പാക്കാനായി.
(വി എം രാധാകൃഷ്ണന്‍)

പൌരുഷത്തിന്റെ ചലച്ചിത്രരൂപം

മലയാള സിനിമയില്‍ ചങ്കുറപ്പുള്ള കഥാപാത്രങ്ങള്‍ക്ക് രൂപംകൊടുക്കുമ്പോള്‍ എഴുത്തുകാരന്റെ മനസ്സില്‍ തെളിയുന്ന നായക സങ്കല്‍പ്പം മുരളിയുടേതായിരുന്നു. ഉള്ളില്‍ സ്നേഹം സൂക്ഷിക്കുന്ന പരുക്കന്‍ കഥാപാത്രങ്ങള്‍ക്ക് അഭിനയത്തിന്റെ പാഠഭേദങ്ങള്‍ പകര്‍ന്ന് മുരളി അവിസ്മരണീയമാക്കിയത് ഒട്ടേറെ വേഷം. അരങ്ങിന്റെ ശീലത്തില്‍നിന്ന് വെള്ളിത്തിരയിലേക്ക് കടന്നപ്പോള്‍ മാധ്യമത്തിന്റെ മാറ്റം അതിവേഗം സ്വായത്തമാക്കിയാണ് മുരളി ആധിപത്യം സ്ഥാപിച്ചത്.

ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടിയിലെ ക്ഷുഭിത യൌവന കഥാപാത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഈ ചിത്രം തിയറ്ററില്‍ എത്തിയില്ല. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മീനമാസത്തിലെ സൂര്യനിലൂടെ പിന്നീട് കരുത്തുറ്റ നടനെ കേരളം കണ്ടെത്തി. കയ്യൂര്‍ രക്തസാക്ഷിത്വത്തിന്റെ ത്രസിപ്പിക്കുന്ന ജീവിതാഖ്യാനമായ ഈ സിനിമ മുരളിയുടെ ജീവിതത്തിന്റെ ഗതി മാറ്റി. ഇവിടെനിന്നു പഞ്ചാഗ്നി എന്ന ഹിറ്റ് ചിത്രത്തിലേക്കാണ് എത്തിയത്. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തിനൊപ്പം തിളങ്ങി. മുരളിക്കുവേണ്ടി അതുല്യമായ കഥാപാത്രങ്ങള്‍ ഏറെ സൃഷ്ടിക്കപ്പെട്ടത് അടുത്തിടെ അന്തരിച്ച ലോഹിതദാസിന്റെയും ഒപ്പം ടി എ റസാഖിന്റെയും രചനാവൈഭവത്തിലൂടെയാണ്. ലോഹിതദാസിന്റെ തിരക്കഥയില്‍ ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ആധാരം മുരളി എന്ന നടനിലെ പ്രതിഭയെ വെളിപ്പെടുത്തി. കരുത്തിന്റെയും ആണത്തത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങള്‍ മുരളിയുടെ കൈയില്‍ സുരക്ഷിതമെന്ന് ഈ ചിത്രം ഉറപ്പിച്ചു. ഭരതന്റെയും പത്മരാജന്റെയും അസാന്നിധ്യം മുരളിയുടെ നല്ല വേഷങ്ങളെ നഷ്ടമാക്കിയെന്നു വേണം കരുതാന്‍. ഭരതന്‍ സംവിധാനം ചെയ്ത 'വെങ്കല'ത്തിലെയും 'ചമയ'ത്തിലെയും വേഷങ്ങള്‍ ഇതിന് അടിത്തറയിടുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത കിഴക്കുണരും പക്ഷി, ലാല്‍സലാം, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങളില്‍ മുരളിയുടെ വേഷം അനശ്വരമായിരുന്നു. കമലിന്റെ ഭൂമിഗീതം, ഗ്രാമഫോണ്‍ തുടങ്ങിയ ചിത്രങ്ങള്‍ വേറെ. നവാഗതനായ പ്രിയനന്ദനന്റെ 'നെയ്ത്തുകാരനി'ല്‍ അപ്പമേസ്തിരി എന്ന കഥാപാത്രത്തിലൂടെ മുരളി നേടിയത് ദേശീയ പുരസ്കാരമായിരുന്നു. ചരിത്രവും കാലഘട്ടവും സമ്മേളിക്കുന്ന ഈ കഥാപാത്രത്തിനായി ഭാഷയിലും ശരീരഭാഷയിലും വരുത്തിയ മാറ്റങ്ങള്‍ അനുപമമായിരുന്നു. പ്രിയനന്ദനന്റെ പുലിജന്മത്തിലും മുരളി നായകനായി. നന്മയും ക്രൂരതയും നിറയുന്ന നിരവധി വേഷം മുരളിയുടെ അഭിനയമികവില്‍ കച്ചവട ചിത്രങ്ങളിലും വിജയംകണ്ടു. 'പത്ര'ത്തിലെ പത്രാധിപരുടെ വേഷം ഉദാഹരണം.

ദേശീയതലത്തില്‍ ഇപ്പോള്‍ ശ്രദ്ധനേടിയ മധു കൈതപ്രത്തിന്റെ 'ഏകാന്ത'ത്തില്‍ തിലകനുമായി മത്സരിച്ചുള്ള അഭിനയമാണ് മുരളി കാഴ്ചവച്ചത്. രാജസേനന്‍ സംവിധാനംചെയ്ത 'ഭാര്യ ഒന്ന് മക്കള്‍ മൂന്ന്' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്തിരുന്നെങ്കിലും പിന്മാറി. അരനാഴിക നേരത്തിലെ കുഞ്ഞോനാച്ചനായി ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടു. അശോക് ആര്‍ നാഥിന്റെ 'ഏകാദശി' എന്ന ചിത്രത്തില്‍ ഒരു സീന്‍ അഭിനയിക്കാന്‍ ബാക്കിവച്ചാണ് മുരളി വിടപറഞ്ഞത്. തമിഴിലും തെലുങ്കിലും താരപദവി നേടിയ മുരളി കരുണാനിധിയുടെ മകന്‍ സ്റ്റാലിന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നു. അഭിനയസാധ്യത ഏറെയുള്ള അഭിഭാഷകവേഷമാണ് ചിത്രത്തില്‍. വിദേശത്തായിരുന്നു ഏറെയും ചിത്രീകരണം. മലയാളത്തിനൊപ്പം അന്യഭാഷാചിത്രങ്ങള്‍ക്കും കരുത്തുറ്റ നടന്റെ അസാന്നിധ്യമാണ് മരണം നല്‍കുന്ന ബാക്കിപത്രം. ലോഹിതദാസ്, രാജന്‍ പി ദേവ്, പിന്നാലെ മുരളിയും... വേര്‍പാടുകളുടെ നടുക്കത്തിലാണ് ചലച്ചിത്രലോകം.

*
കടപ്പാട്: ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പെറ്റമ്മപോലും വേദനയായി മാറിയ കര്‍ണന്‍ യുദ്ധഭൂമിയില്‍ അനുഭവിച്ച നൊമ്പരത്തിന്റെ ആഴം അരങ്ങില്‍ സാക്ഷാല്‍ക്കരിക്കാനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് മുരളി യാത്രയായത്. കര്‍ണനായി മുരളി വേഷമിടുന്ന 'മൃത്യുഞ്ജയന്‍' എന്ന നാടകത്തിന്റെ റിഹേഴ്സല്‍ ഏതാണ്ട് പൂര്‍ത്തിയായിരുന്നു. കര്‍ണനെ കാണാന്‍ അമ്മ കുന്തി കുരുക്ഷേത്രയുദ്ധമുഖത്ത് എത്തുന്ന അന്ത്യനിമിഷമാണ് നാടകത്തിന്റെ പ്രമേയം. മുരളിതന്നെയാണ് ഇതിന്റെ രചനയും നിര്‍വഹിച്ചത്. കെപിഎസി ലളിതയാണ് കുന്തിയുടെ വേഷത്തില്‍. സ്വയം സൃഷ്ടിച്ച വിപത്തുകള്‍ വിനാശമായി മാറുന്ന രാവണന്റെ വൈചിത്ര്യമാര്‍ന്ന മാനസികഭാവങ്ങളും ഒപ്പം വിവിധ കഥാപാത്രങ്ങളെ ഒറ്റയ്ക്ക് വേദിയിലെത്തിച്ച ലങ്കാലക്ഷ്മിയുടെ അഭിനയത്തുടര്‍ച്ചയാണ് മൃത്യുഞ്ജയനിലൂടെ മുരളി ആഗ്രഹിച്ചത്. സിനിമയില്‍ താന്‍ വേഷമിട്ട കഥാപാത്രങ്ങളെ മുരളി ഏറെ സ്നേഹിച്ചിരുന്നില്ലെങ്കിലും സി എന്‍ ശ്രീകണ്ഠന്‍നായര്‍ എഴുതിയ ലങ്കാലക്ഷ്മിയിലെ രാവണന്‍ മുരളിയുടെ ഇഷ്ടകഥാപാത്രമായിരുന്നു. ഭാവാഭിനയത്തിന്റെയും വേഷപ്പകര്‍ച്ചയുടെയും അഭിനയരസതന്ത്രം അറിഞ്ഞ് കഠിനപ്രയത്നത്തിലൂടെ വേദിയില്‍ അനശ്വരമാക്കിയ രാവണനാണ് തന്റെ മികച്ച കഥാപാത്രമെന്ന് സംശയമില്ലാതെ അദ്ദേഹം പറഞ്ഞിരുന്നു. പ്രമോദ് പയ്യന്നൂരിന്റെ സംവിധാന നിയന്ത്രണത്തിലാണ് മൃത്യുഞ്ജയന്‍ ഒരുക്കിയിരുന്നത്. ലങ്കാലക്ഷ്മിയില്‍ രാവണന്റെ പരപ്പും ആഴവും മുരളിയിലെ നടന്‍ കണ്ടെത്തിയിരുന്നു.