ഗംഗയുടെ ഓളങ്ങള്‍ക്ക് ഇപ്പോള്‍ ഷെഹനായിയുടെ സംഗീതമില്ല. ദൈവത്തിലേക്കുള്ള വഴി സംഗീതമാണെന്ന് എപ്പോഴും പറയാറുള്ള നാദരൂപവും ഇന്ന് നമ്മോടൊപ്പമില്ല. എന്നാലും നീം വൃക്ഷത്തിന്റെ ദലമര്‍മരങ്ങളില്‍ ഷെഹനായിയുടെ സംഗീതം കേള്‍ക്കാം... ഇവിടെയാണ് ഒരു മഹാസംഗീതജ്ഞന്‍ ഷെഹനായ് മാറോടുചേര്‍ത്ത് ഉറങ്ങുന്നത്. ഉസ്താദ് ബിസ്മില്ലാഖാനെന്ന ആ സംഗീതചക്രവര്‍ത്തി ഓര്‍മയായിട്ട് ആഗസ്ത് 21ന് മൂന്നുവര്‍ഷം പിന്നിട്ടു.
ഷെഹനായിയെ ലോകത്തെ കേള്‍പ്പിച്ച ബിസ്മില്ലാഖാന് ജാതിയും മതവും ഈ മണ്ണില്‍ ചോര വീഴ്ത്തരുതെന്ന് ആഗ്രഹിക്കുന്നൊരു മനസ്സുണ്ടായിരുന്നു. സംഗീതത്തിന് എന്നപോലെ മനുഷ്യനും ജാതിയില്ലെന്നു വിശ്വസിച്ച സംഗീതജ്ഞനായിരുന്നു ഖാന്‍.
1916ല്‍ മാര്‍ച്ച് 21ന് ബിഹാറിലെ ഗ്രാമത്തില്‍ പൈഗംബര്‍-മിത്തന്‍ ദമ്പതികളുടെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഖാന്റെ ജനനം. ജനനസമയത്ത് കുടുംബത്തിലെ മുതിര്‍ന്ന അംഗം ഉച്ചരിച്ച ബിസ്മില്ല എന്ന പദമാണ് പിന്നീട് ബിസ്മില്ലാഖാന് പേരായി നല്‍കിയത്. ആറാം വയസ്സില്‍ ഖാന്‍ അമ്മാവന്റെ വീടായ വാരാണസിയിലേക്കു പോയി. മാമു എന്ന് വിളിപ്പേരുള്ള അമ്മാവന്‍ അലി ബക്ഷ് വിലായത്താണ് ഖാനെ ചെറുപ്പത്തില്‍ ഷെഹനായി പഠിപ്പിച്ചത്. ഗംഗയുടെ തീരത്ത് വിശ്വനാഥക്ഷേത്രത്തില്‍ മാമുവിന് സംഗീതോപാസനയ്ക്ക് പ്രത്യേകമുറി ഉണ്ടായിരുന്നു.
വാരാണസിയിലെ ശിവന്റെയും വിഷ്ണുവിന്റെയും ക്ഷേത്രങ്ങളില്‍ ഷെഹനായി വായിച്ചായിരുന്നു ഖാന്റെ കുട്ടിക്കാലം. മാസത്തില്‍ നാലു രൂപയാണ് ഇതിന് ഖാനു ലഭിച്ച പ്രതിഫലം. വീടുകളിലും ഇടവഴികളിലും തെരുവിലിരുന്നും ഷെഹനായി വായിച്ചിരുന്ന അന്നത്തെ കുട്ടിയാണ് പിന്നീട് 1947ല്‍ സ്വതന്ത്ര ഇന്ത്യയില്‍ റെഡ്ഫോര്‍ട്ടില്‍ ഗാന്ധിജിക്കും നെഹ്റുവിനും മുന്നില്‍ ഷെഹനായി വായിച്ചത്. ഗംഗാനദിയില്‍ തോണിക്കാര്‍ പാടുന്ന പാട്ടാണ് കാപ്പി രാഗത്തില്‍ ഖാന്‍ ആലപിച്ചത്.
വാരാണസിലൂടെയായിരുന്നില്ല ബിസ്മില്ലാഖാന്റെ മനസ്സിലൂടെയായിരുന്നു ഗംഗ ഒഴുകിയിരുന്നത്. ഗംഗയുടെ മാനസപുത്രനായിരുന്ന ഖാന്‍ അതിന്റെ തീരത്തിരുന്നാണ് ഷെഹനായി അഭ്യസിച്ചിരുന്നത്. ഒരിക്കല്‍ അമേരിക്കയില്‍ സംഗീതപരിപാടിക്ക് എല്ലാ ചെലവും വഹിക്കാമെന്നു പറഞ്ഞ് അവിടത്തെ സര്‍വകലാശാല ഖാനെ യുഎസിലേക്കു ക്ഷണിച്ചപ്പോള്‍ എന്റെ ഗംഗയെയും കൂടെ കൊണ്ടുവരാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ ഞാന്‍ വരാമെന്നായിരുന്നു ബിസ്മില്ലാഖാന്റെ മറുപടി.
സംഗീതം ഹറാമാണെന്നു കരുതിയ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും ഷിയാ മുസ്ളിം കുടുംബത്തില്‍ ജനിച്ച ഖാന് നേരിടേണ്ടിവന്നിട്ടുണ്ട്. ഒരിക്കല്‍ ഒരു ഷിയാ മൌലവി സംഗീതത്തിനെതിരായി സംസാരിച്ചപ്പോള്‍ ഖാന്‍ ഒന്നും മിണ്ടാതെ യാ..അള്ളാഹി...എന്ന് ഭൈരവി രാഗത്തില്‍ വ്യത്യസ്ത സ്വരങ്ങളില്‍ പാടി. എന്നിട്ട് മൌലവിയോടു പറഞ്ഞു: ഞാന്‍ ദൈവത്തെയാണ് വിളിച്ചത്.. ദൈവത്തെയാണ് ചിന്തിച്ചത്..ദൈവത്തെയാണ് തേടിയത്... ഇത് എങ്ങനെയാണ് ഹറാമാകുന്നത്? സംഗീതം ഹറാമാണെങ്കില്‍ ഈ കുറുങ്കുഴല്‍ എങ്ങനെ ലോകത്തിന്റെ നെറുകയിലെത്തിയെന്നും ഖാന്‍ ചോദിച്ചു. മൌലവി നിശ്ശബ്ദനായി.
രാജ്യത്ത് നടമാടുന്ന വര്‍ഗീയതക്കെതിരെ ചോദ്യമുയര്‍ന്നപ്പോള്‍ അത്തരക്കാരെ എന്റെ അരികിലേക്കു കൊണ്ടുവരൂ, അവര്‍ക്കെല്ലാം ഒരോ ഷെഹനായി നല്‍കി ആ മതഭ്രാന്തന്മാരെ ഞാന്‍ മനുഷ്യരാക്കാം എന്നായിരുന്നു ഖാന്റെ മറുപടി.
ഠുമ്രി ഖയാല്‍ തുടങ്ങിയ ആലാപനശൈലികളില്‍ സൃഷ്ടിച്ച വിസ്മയങ്ങളാണ് ഖാനെ പ്രശസ്തനാക്കിയത്. ഷെഹനായിയിലൂടെ നിരവധി രാഗങ്ങള്‍ക്കും ഖാന്‍ ജന്മംനല്‍കി. അഫ്ഗാനിസ്ഥാനിലേക്കുള്ള ആദ്യ വിദേശയാത്രയോടെ ഖാന്‍ ഷെഹനായിയുടെ സ്വരം ലോകസംഗീതത്തിലും അടയാളപ്പെടുത്തി. പിന്നീട് അമേരിക്ക, കനഡ, റഷ്യ, ഇറാന്‍, ഇറാഖ്, ജപ്പാന്‍, ഹോങ്കോങ് എന്നിങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖാനിലൂടെ ഷെഹനായിസംഗീതം അലയടിച്ചപ്പോള്‍ അംഗീകരിക്കപ്പെട്ടത് ഭാരതീയ സംഗീതമാണ്. രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം നല്‍കിയാണ് 2001ല്‍ രാഷ്ട്രം ഈ സംഗീതപ്രതിഭയെ ആദരിച്ചത്.
ഇന്ന് ഭാരതീയസംഗീതം പാശ്ചാത്യസംഗീതത്തില്‍ ലയിപ്പിച്ച് വിവിധ ബ്രാന്‍ഡുകളില്‍ ലോകകമ്പോളത്തില്‍ വില്‍പ്പനച്ചരക്കാക്കി പലരും ആഡംബരജീവിതം നയിക്കുമ്പോള്‍ സ്വന്തമായി ഒരു വാഹനംപോലും ഇല്ലാതെ വാരാണസിയിലെ തെരുവിലൂടെ സൈക്കിള്‍റിക്ഷയിലായിരുന്നു ബിസ്മില്ലാഖാന്റെ സഞ്ചാരം. സംഗീതത്തില്‍ അംഗീകാരത്തിന്റെ പരമോന്നതിയില്‍ നില്‍ക്കുമ്പോഴും ഋഷിതുല്യമായ ജീവിതമാണ് ഖാന്‍ നയിച്ചത്.
മുംബൈയിലെ ഇന്ത്യാഗേറ്റിനു മുന്നിലിരുന്ന് ഷെഹനായി വായിക്കണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ഖാന്‍ അവസാനശ്വാസം വലിച്ചത്. വാരാണസിയിലെ ഹെറിറ്റേജ് ആശുപത്രിയിലാണ് ഖാനെ പ്രവേശിപ്പിച്ചിരുന്നത്. കൂടുതല്‍ സൌകര്യങ്ങള്‍ക്കായി ഡല്‍ഹിയിലേക്കു പോകാന്‍ നിര്‍ബന്ധിച്ചിട്ടും വാരാണസി വിട്ട് എങ്ങോട്ടുമില്ലെന്നും എല്ലാവരും മോക്ഷംതേടി ഈ പുണ്യഭൂമിയിലേക്കു വരുമ്പോള്‍ ഞാനെന്തിന് ഇവിടംവിട്ടു പോകണമെന്നായിരുന്നു ഖാന്റെ ചോദ്യം.
*
വി കെ സുധീര്‍കുമാര്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ്
Tuesday, August 25, 2009
Subscribe to:
Post Comments (Atom)
2 comments:
ഗംഗയുടെ ഓളങ്ങള്‍ക്ക് ഇപ്പോള്‍ ഷെഹനായിയുടെ സംഗീതമില്ല. ദൈവത്തിലേക്കുള്ള വഴി സംഗീതമാണെന്ന് എപ്പോഴും പറയാറുള്ള നാദരൂപവും ഇന്ന് നമ്മോടൊപ്പമില്ല. എന്നാലും നീം വൃക്ഷത്തിന്റെ ദലമര്‍മരങ്ങളില്‍ ഷെഹനായിയുടെ സംഗീതം കേള്‍ക്കാം... ഇവിടെയാണ് ഒരു മഹാസംഗീതജ്ഞന്‍ ഷെഹനായ് മാറോടുചേര്‍ത്ത് ഉറങ്ങുന്നത്. ഉസ്താദ് ബിസ്മില്ലാഖാനെന്ന ആ സംഗീതചക്രവര്‍ത്തി ഓര്‍മയായിട്ട് ആഗസ്ത് 21ന് മൂന്നുവര്‍ഷം പിന്നിട്ടു.
ഷെഹനായിയെ ലോകത്തെ കേള്‍പ്പിച്ച ബിസ്മില്ലാഖാന് ജാതിയും മതവും ഈ മണ്ണില്‍ ചോര വീഴ്ത്തരുതെന്ന് ആഗ്രഹിക്കുന്നൊരു മനസ്സുണ്ടായിരുന്നു. സംഗീതത്തിന് എന്നപോലെ മനുഷ്യനും ജാതിയില്ലെന്നു വിശ്വസിച്ച സംഗീതജ്ഞനായിരുന്നു ഖാന്.
ആ ഷെഹ്നായിക്കു മുന്നിൽ എന്നും ആദരവുള്ള ഒരു മൌനം എന്നെ വന്നു പൊതിഞ്ഞിരുന്നു.
ഇവിടെയും അത് ആവർത്തിക്കുന്നു.
കൂടുതലൊന്നും എഴുതാനാവുന്നില്ല.
ഈ ഓർമ്മക്കുറിപ്പിനു മുന്നിൽ തലകുനിക്കുന്നു.
Post a Comment