Thursday, August 27, 2009

ഇനി സ്ത്രീകള്‍ പാതി സീറ്റിനുമുടമകള്‍

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. സെപ്തംബര്‍ 8ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം ഇതിനായുള്ള ഭേദഗതി അംഗീകരിക്കലായിരിക്കും. ചരിത്ര പ്രാധാന്യമുള്ള രാഷ്ട്രീയ തീരുമാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. രണ്ടു തരത്തിലാണ് ഇതിന് പ്രാധാന്യമുള്ളത്. ഒന്ന്, 1992ല്‍ പാര്‍ലമെന്റ് അംഗീകരിച്ച 73, 74 ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ഇന്നു രാജ്യത്തു നിലവിലിരിക്കുന്ന തദ്ദേശ ഭരണരംഗത്തെ മൂന്നിലൊന്നു സ്ത്രീ സംവരണത്തിന്റെ അടുത്ത ഘട്ടം കുറിക്കുകയെന്ന ചരിത്ര പ്രാധാന്യം ഈ തീരുമാനത്തിനുണ്ട്. ഇന്ത്യയിലാദ്യമായി വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ഒപ്പം പാര്‍ലമെന്റിലും അസംബ്ളിയിലും മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന്റെ പ്രസക്തിയെ ഇതു വര്‍ദ്ധിപ്പിച്ചിരിക്കുന്നു. രണ്ട്, സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് ലിംഗപദവി തുല്യതയിലേക്കുള്ള സാമൂഹ്യമാറ്റത്തിന് ചാലകശക്തിയാകുന്ന ഇടതുപക്ഷ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കരുത്തും പ്രസക്തിയുമാണ് ഈ തീരുമാനം വിളിച്ചറിയിക്കുന്നത്.

1957ല്‍ ബല്‍വന്ത്റായി മെഹ്ത്ത കമ്മിറ്റിയാണ്, പഞ്ചായത്തിരാജ് സംവിധാനത്തില്‍ പുരുഷന്മാര്‍ തെരഞ്ഞെടുക്കപ്പെട്ട് ജനപ്രതിനിധികളാകുമ്പോള്‍, ഒന്നോ രണ്ടോ സ്ത്രീകളെ നാമനിര്‍ദ്ദേശം ചെയ്ത് പഞ്ചായത്ത് സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശ ആദ്യം ചെയ്തത്. എന്നാല്‍ വളരെ കുറച്ചു സംസ്ഥാനങ്ങള്‍ മാത്രമേ ഈ മാര്‍ഗ്ഗം പിന്തുടരാന്‍ തയ്യാറായുള്ളൂ. അതുകൊണ്ട് 1959ല്‍ പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വരുമ്പോള്‍ ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം വളരെ കുറവായിരുന്നു. 73, 74 ഭരണഘടനാ ഭേദഗതി അംഗീകരിക്കപ്പെടുന്നതുവരെ രാജ്യത്തു പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭരണരംഗത്തെ സ്ത്രീ സാന്നിദ്ധ്യം നാമനിര്‍ദ്ദേശത്തിന്റെ ആനുകൂല്യത്തിലാണ് സൃഷ്ടിക്കപ്പെട്ടത്.

73, 74 ഭരണഘടനാ ഭേദഗതിയോടെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണത്തില്‍ മൂന്നിലൊന്ന് സ്ഥാനത്തേക്ക് സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടുവെന്നത് ഭരണത്തിലും പൊതുസമൂഹത്തിലും - വിശേഷിച്ച് സ്ത്രീകള്‍ക്കിടയില്‍ - നാടകീയ മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ചു. കര്‍ണാടകം, പശ്ചിമ ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ 2005ലെ തെരഞ്ഞെടുപ്പോടെ 40 ശതമാനത്തിലധികമായി സ്ത്രീപങ്കാളിത്തം പ്രാദേശിക ഭരണത്തില്‍ വളര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രാദേശിക ഭരണരംഗത്തെ സ്ത്രീസാന്നിദ്ധ്യവും സ്ത്രീ നേതൃത്വവും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സുഗമമായി സ്വീകരിക്കപ്പെടുകയും പ്രോല്‍സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. നൂറ്റാണ്ടുകളുടെ പുരുഷാധിപത്യമൂല്യബോധം നിയന്ത്രിക്കുന്ന അധികാരഘടന നിലനില്‍ക്കുന്ന മിക്ക ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ജാതി-ലിംഗ-വര്‍ഗാടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ അധികാരവും പദവിയും നിര്‍ണയിക്കപ്പെടുന്നത്. വനിതയായ ദളിത് പഞ്ചായത്ത് പ്രസിഡന്റ് പഞ്ചായത്തു പ്രസിഡന്റിന്റെ മുറിയുടെ പുറത്ത് തറയിലും സവര്‍ണനായ വൈസ് പ്രസിഡന്റ് പ്രസിഡന്റിന്റെ കസേരയിലും ഇരുന്ന് ഭരണം നടത്തുന്ന അനുഭവം കര്‍ണാടകത്തില്‍നിന്നും (ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന സ്ത്രീപങ്കാളിത്തം തദ്ദേശഭരണ സ്ഥാപനങ്ങളിലുള്ള സംസ്ഥാനം!) തമിഴ്നാട്ടില്‍നിന്നുമുള്ള വനിതാ പ്രസിഡന്റുമാര്‍ 2007ല്‍ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച സ്ത്രീകളും പഞ്ചായത്തിരാജും എന്ന ദേശീയ സെമിനാറില്‍ പ്രസ്താവിച്ചിരുന്നു. തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയാക്കിയതും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം ചെലവഴിച്ചതും ഭൂവുടമ, അപ്പോള്‍ പിന്നെ ഭരിക്കാനുള്ള അവകാശവും അയാള്‍ക്കാണ് എന്നാണ് യുപിയില്‍നിന്നുള്ള കര്‍ഷകത്തൊഴിലാളിയായ ഒരു പ്രസിഡന്റ് പറഞ്ഞ അനുഭവം. പെണ്ണുങ്ങള്‍ക്ക് ഭരിക്കാന്‍ കഴിവില്ല, അതുകൊണ്ട് ഭര്‍ത്താക്കന്മാര്‍ വേണം ബ്ളോക്കുമീറ്റിംഗില്‍ പങ്കെടുക്കാന്‍ എന്ന് നിര്‍ബന്ധിക്കുന്ന ഉദ്യോഗസ്ഥ മനോഭാവത്തെക്കുറിച്ചാണ് രാജസ്ഥാനില്‍ നിന്നുള്ള വനിതാ ജനപ്രതിനിധികള്‍ പറഞ്ഞത്. ഈ അനുഭവങ്ങള്‍ ജാതി-ലിംഗ-വര്‍ഗമേധാവിത്വം എങ്ങനെ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനാമൂല്യങ്ങളെപ്പോലും ഭൂരിപക്ഷത്തിന് ഇന്ത്യയില്‍ നിഷേധിക്കുന്നുവെന്നതിന്റെ ഒന്നാന്തരം തെളിവുകളാണ്.

എന്നാല്‍ ഈ ജനവിരുദ്ധ - സ്ത്രീവിരുദ്ധ മേധാവിത്വസംസ്കാരത്തെ ചോദ്യം ചെയ്തുകൊണ്ടും ജാതി-ലിംഗ-വര്‍ഗ അധികാരഘടനയില്‍ തകര്‍ത്തുകൊണ്ടും മാത്രമേ ഇന്ത്യയില്‍ ജനാധിപത്യ അവകാശങ്ങള്‍ നേടാനാകൂ എന്നതാണ് കഴിഞ്ഞ ഒന്നര ദശകത്തിലെ പ്രാദേശിക ഭരണരംഗത്തെ അനുഭവം. പക്ഷേ സ്ത്രീകളുടെയും ദളിതരുടെയും ദരിദ്രരുടെയും ജനാധിപത്യ അവകാശപ്പോരാട്ടങ്ങളുടെ വേദിയാക്കി ഇന്ത്യയെ മാറ്റാന്‍ വിവിധ സംസ്ഥാനങ്ങളിലെ അധികാര വികേന്ദ്രീകരണ പ്രക്രിയ ഇനിയും ശക്തമാക്കേണ്ടതുണ്ട്. ഇതിനുള്ള ഒറ്റമൂലിയല്ല വനിതാ സംവരണമെന്നും ഭൂപരിഷ്കരണവും വിദ്യാഭ്യാസവും ഭൌതിക സാഹചര്യങ്ങളുടെ വികസനവും ഉറപ്പാക്കാതെ അധികാരഘടനയില്‍ മാറ്റം വരുത്താനാവില്ലെന്നുമുള്ള പാഠം കോണ്‍ഗ്രസ് ഇനിയും പഠിക്കാന്‍ തയ്യാറായിട്ടില്ല. തദ്ദേശഭരണ രംഗത്ത് 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണ് എന്ന കോണ്‍ഗ്രസിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം ഇതാണ്. അധികാരം കിട്ടുന്ന സ്ത്രീക്കോ ദളിതനോ കര്‍ഷകത്തൊഴിലാളിക്കോ സവര്‍ണനും ജന്മിക്കുമൊപ്പം പദവി നല്‍കാന്‍ കഴിയാത്ത സാമൂഹ്യ സാഹചര്യം തിരുത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തി കോണ്‍ഗ്രസിനുണ്ടോ എന്ന ചോദ്യത്തിനാണ് അവര്‍ ആദ്യം മറുപടി പറയേണ്ടത്.

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വനിതാസംവരണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് യാദൃച്ഛികമല്ല. ജാതി-ലിംഗ-വര്‍ഗ മേധാവിത്വ സാമൂഹ്യ സാമ്പത്തികഘടനയെ ചോദ്യംചെയ്ത് ജനാധിപത്യ അവകാശങ്ങള്‍ ഭൂരിപക്ഷത്തിന് നേടിക്കൊടുക്കാന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഏഴു പതിറ്റാണ്ടോളമായി കേരള സമൂഹത്തില്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളുടെ തുടര്‍ച്ചയാണിത്. 1957ല്‍ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തില്‍വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ സമൂഹത്തില്‍ അടിസ്ഥാന മാറ്റങ്ങള്‍ക്ക് കാരണമായ നിരവധി പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചുവെന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അതിലൊന്നാണ് അധികാര വികേന്ദ്രീകരണം. ഭൂരിപക്ഷത്തിന് ജനാധിപത്യ അവകാശങ്ങള്‍ നേടിക്കൊടുക്കാനുള്ള പോരാട്ടത്തില്‍ അധികാര വികേന്ദ്രീകരണത്തെ എങ്ങനെ പ്രയോജനപ്പെടുത്താനാകുമെന്ന് അരനൂറ്റാണ്ടിനുമുമ്പ് ഇ എം എസ് ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി 1958ല്‍ ഇ എം എസ് മന്ത്രിസഭ രൂപംകൊടുത്ത പഞ്ചായത്ത് നിയമം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യയിലാദ്യമായി, സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് ജനപ്രതിനിധിയാകുന്നതിനുള്ള സംവരണം ആ നിയമത്തിലാണ് ഉള്‍പ്പെടുത്തപ്പെട്ടത്. ആ നിയമത്തില്‍ ഒരു സീറ്റ് പഞ്ചായത്ത് സമിതിയില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടു. ബല്‍വന്ത്റായി മെഹ്ത്ത കമ്മിറ്റിയുടെ ശുപാര്‍ശയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെടലും ഇ എം എസ് സര്‍ക്കാരിന്റെ പഞ്ചായത്ത് നിയമത്തിലെ തെരഞ്ഞെടുക്കപ്പെടാനുള്ള സംവരണവും കാഴ്ചപ്പാടില്‍ വലിയ അന്തരമുള്ളതാണ്. ആദ്യത്തേത് ഔദാര്യവും രണ്ടാമത്തേത് പൊതുരാഷ്ട്രീയ പ്രക്രിയയില്‍ ഇടപെട്ടുകിട്ടുന്ന സമൂഹത്തിന്റെ അംഗീകാരവുമാണ്. എന്നാല്‍ 1959ല്‍ ഇ എം എസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെ ഈ പഞ്ചായത്ത് നിയമം അട്ടിമറിക്കപ്പെട്ടു. 1960-61ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന പഞ്ചായത്ത് നിയമത്തില്‍ വീണ്ടും കേന്ദ്രത്തിന്റെ ചുവടുപിടിച്ച് ഒരു പഞ്ചായത്തില്‍ ഒരു സ്ത്രീയെ നോമിനേറ്റ് ചെയ്യുന്ന രീതിയാണ് ഉള്‍പ്പെടുത്തിയത്. 1958ല്‍ ഇ എം എസ് സര്‍ക്കാര്‍ ജില്ലാ കൌണ്‍സില്‍ നിയമം കൊണ്ടുവന്നെങ്കിലും അത് നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് 1990ല്‍ ഇടതുപക്ഷസര്‍ക്കാര്‍ ജില്ലാ കൌണ്‍സില്‍ നിയമം പാസാക്കിയപ്പോള്‍ ഇന്ത്യയില്‍ പ്രാദേശിക ഭരണരംഗത്ത് സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

73, 74 ഭരണഘടനാ ഭേദഗതി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായതു തന്നെയാണ്. കേരളത്തില്‍ ഇതിന്റെ ഭാഗമായിട്ടാണ് 1995 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കപ്പെട്ടത്. എന്നാല്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗുണപരമായ വലിയ വളര്‍ച്ചയാണ് തദ്ദേശഭരണ രംഗത്തെ വനിതാ നേതൃത്വത്തിന് കേരളത്തില്‍ നേടാനായിട്ടുള്ളത്. ഇതിന്റെ സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങള്‍ പഠിക്കാന്‍ വനിതാ സംവരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് വെറുതെ വിളിച്ചുപറയുന്ന കോണ്‍ഗ്രസ് ഉത്തരവാദിത്വം കാണിക്കണം. 1995ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിതാ ജനപ്രതിനിധികളില്‍ 85 ശതമാനവും തെരഞ്ഞെടുപ്പിലൂടെ ആദ്യമായി പൊതുരംഗത്തേക്ക് കടന്നുവന്നവരായിരുന്നു. പ്രസംഗിക്കാനറിയില്ല, ചട്ടങ്ങളറിയില്ല, ഉദ്യോഗസ്ഥരുമായി ഇടപഴകി ശീലമില്ല, പൊതു സമൂഹത്തിന് തന്നെ പുതിയ സ്ത്രീ ഭരണ നേതൃത്വത്തില്‍ വേണ്ടത്ര വിശ്വാസമില്ല.... ഇങ്ങനെ നീളുന്ന പരാതികളുടെയും വിമര്‍ശനങ്ങളുടെയും സ്വയം വിലയിരുത്തലുകളുടെയും ഘട്ടമായിരുന്നു ആദ്യ ഒന്നു രണ്ടു വര്‍ഷങ്ങള്‍. എന്നാല്‍ ഈ പരിമിതികളും ദൌര്‍ബല്യങ്ങളും വനിതാ ജനപ്രതിനിധികള്‍ ക്രമമായി മറികടക്കുന്നതും പൊതുസമൂഹം അവരെ അംഗീകരിക്കുന്നതുമായ അനുഭവമാണ് പിന്നീട് നാം കാണുന്നത്.

ഈ മാറ്റം കേവലം വനിതാ സംവരണം നല്‍കുന്ന സ്ത്രീസാന്നിദ്ധ്യം കൊണ്ടുമാത്രം സംഭവിച്ചതല്ല.കേരളത്തില്‍ 1996ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ ആരംഭിച്ച ജനകീയാസൂത്രണപ്രസ്ഥാനം സമൂഹത്തെയാകെ പ്രാദേശിക വികസനാസൂത്രണ പ്രക്രിയയില്‍ പങ്കാളിയാക്കുന്ന പ്രക്രിയയായിരുന്നു. ഇന്ത്യയില്‍ ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമബംഗാളും ത്രിപുരയും കേരളവുമൊഴിച്ച് മറ്റ് ഭൂരിപക്ഷ സംസ്ഥാനങ്ങളും അധികാര വികേന്ദ്രീകരണം കടലാസിലൊതുക്കിയപ്പോള്‍ അധികാരം ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഭരണഘടനാ ഉത്തരവാദിത്വവും രാഷ്ട്രീയ ഉത്തരവാദിത്വവും ഏറ്റെടുക്കുകയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ചെയ്തത്. ഇത് ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം അവരുടെ കഴിവുകളെയും അറിവുകളെയും അനുഭവങ്ങളെയും വിപുലപ്പെടുത്തുന്ന ഒരു പഠനപ്രക്രിയ കൂടിയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരമുള്ള, കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെ വളര്‍ച്ചയില്‍ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും അതിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടികളും നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കായി പ്രാദേശിക പദ്ധതികളില്‍ 10 ശതമാനം ഫണ്ട് മാറ്റിവയ്ക്കുന്ന വനിതാ ഘടക പദ്ധതിയും അതിന്റെ നിര്‍വഹണത്തിനായി രൂപംകൊണ്ട സ്ത്രീ കൂട്ടായ്മകളും വനിതാ ജനപ്രതിനിധികള്‍ക്ക് പിന്തുണയായി. രണ്ടുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി 37 ലക്ഷം സ്ത്രീകള്‍ അണിനിരന്നിട്ടുള്ള കുടുംബശ്രീയും 1996ലെ ഇടതുപക്ഷ സര്‍ക്കാരിന്റെ, സ്ത്രീ വികസനരംഗത്തെ ശ്രദ്ധേയമായ ഇടപെടലിന്റെ സൃഷ്ടിയാണ്.

സമൂഹത്തിന്റെ പുരോഗതിക്കും സ്ത്രീ മുന്നേറ്റത്തിനും ഒരിക്കല്‍കൂടി കേരളം മാതൃക തീര്‍ക്കുകയാണ്. ഈ മാതൃകയില്‍ 50 ശതമാനം സംവരണം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും തദ്ദേശഭരണരംഗത്ത് നടപ്പാക്കണം. വീടിന്റെ തടവില്‍നിന്ന് തിരിച്ചറിവിന്റെ സാമൂഹ്യ രാഷ്ട്രീയ ബോധത്തിലേക്ക് സ്ത്രീ സമൂഹം വളരുന്നതിന്റെ ചരിത്ര ഘട്ടങ്ങള്‍ക്ക് തിരികൊളുത്തുന്ന, സമൂഹത്തിന്റെ പുരോഗതിക്ക് ചാലകശക്തിയാകുന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ് കേരളം അടിവരയിടുന്ന പാഠം. ഈ പാഠം മുഴുവന്‍ ഇന്ത്യയ്ക്കുമുള്ളതാണ്.

*
ഡോ. ടി എന്‍ സീമ കടപ്പാട്: ചിന്ത വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യണമെന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നു. സെപ്തംബര്‍ 8ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം ഇതിനായുള്ള ഭേദഗതി അംഗീകരിക്കലായിരിക്കും. ചരിത്ര പ്രാധാന്യമുള്ള രാഷ്ട്രീയ തീരുമാനം എന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്. രണ്ടു തരത്തിലാണ് ഇതിന് പ്രാധാന്യമുള്ളത്. ഒന്ന്, 1992ല്‍ പാര്‍ലമെന്റ് അംഗീകരിച്ച 73, 74 ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി ഇന്നു രാജ്യത്തു നിലവിലിരിക്കുന്ന തദ്ദേശ ഭരണരംഗത്തെ മൂന്നിലൊന്നു സ്ത്രീ സംവരണത്തിന്റെ അടുത്ത ഘട്ടം കുറിക്കുകയെന്ന ചരിത്ര പ്രാധാന്യം ഈ തീരുമാനത്തിനുണ്ട്. ഇന്ത്യയിലാദ്യമായി വൈസ് പ്രസിഡന്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ സ്ത്രീ സംവരണം ഉറപ്പാക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. ഒപ്പം പാര്‍ലമെന്റിലും അസംബ്ളിയിലും മൂന്നിലൊന്ന് വനിതാസംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്ലിന്റെ പ്രസക്തിയെ ഇതു വര്‍ദ്ധിപ്പിച്ചിരിക്കുന്നു. രണ്ട്, സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകളും അഭിലാഷങ്ങളും കഴിവുകളും തിരിച്ചറിഞ്ഞുകൊണ്ട് ലിംഗപദവി തുല്യതയിലേക്കുള്ള സാമൂഹ്യമാറ്റത്തിന് ചാലകശക്തിയാകുന്ന ഇടതുപക്ഷ രാഷ്ട്രീയ ഇച്ഛാശക്തിയുടെ കരുത്തും പ്രസക്തിയുമാണ് ഈ തീരുമാനം വിളിച്ചറിയിക്കുന്നത്.....

ഡോ.ടി.എന്‍.സീമ എഴുതുന്നു.