Sunday, April 12, 2009

ബംഗാളിന്റെ മിടിപ്പുകള്‍

ഹൌറയില്‍നിന്ന് സെക്കന്തരാബാദിലേക്കുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ ത്രീ ടയര്‍ കോച്ചിലെ എഴുപതിനോടടുത്ത് പ്രായമുള്ള ആര്‍ സി ഗാംഗുലിക്ക് മുമ്പിലിരിക്കുന്നത് കേരളത്തിലെ പത്രക്കാരനാണെന്നറിഞ്ഞപ്പോള്‍ പ്രത്യേക വ്യാത്സല്യം. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് എന്തുതോന്നിയെന്നാണ് അദ്ദേഹമെറിഞ്ഞ ആദ്യത്തെ ചോദ്യം.

ഹില്‍സയാണോ റൂഹുവാണോ നല്ല മീന്‍, അതുതന്നെ പദ്മാ നദിയിലേതാണോ ദാമോദര്‍ നദിയിലേതാണോ നല്ലത് എന്നൊക്കെയുള്ള വിഷയത്തില്‍പോലും മണിക്കൂറുകള്‍ സംവാദം നടത്തുന്ന ബംഗാളികളില്‍ ഒരാള്‍ തന്നെയോ ഈ വൃദ്ധന്‍? മനസ്സില്‍ അല്‍പ്പം ഭയം തോന്നി. മീനിനെക്കുറിച്ച് മണിക്കൂറുകള്‍ സംവദിക്കുന്ന ഇവര്‍ക്ക് രാഷ്ട്രീയം, അതുംതെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇഷ്ടവിഷയമാവാതെ പിന്നെ. ഉറക്കം പോവുമെന്നുറപ്പ്. ഉച്ചക്കു പുറപ്പെടുന്ന വണ്ടി പിറ്റേന്ന് വൈകിട്ടേ സെക്കന്തരാബാദിലെത്തൂ. അതുവരെ സംവാദം. തലവച്ചു കൊടുക്കണോ? ഒറ്റ നോട്ടത്തില്‍ റിട്ടയേഡ് ബ്യൂറോക്രാറ്റ്. സര്‍വീസ് സ്റ്റോറിയും പട്ടാളക്കഥകളും ഒരുപാട് വിളമ്പും. മനസ്സില്‍ തോന്നിയതൊന്നും പുറത്തു കാട്ടാതെ പറഞ്ഞു: "ഇടതുപക്ഷത്തിന് കാര്യമായ തിരിച്ചടിയുണ്ടാവുമെന്നാണല്ലോ പൊതുവായി മാധ്യമങ്ങള്‍ പറയുന്നത്''.

ഇടിവെട്ടേറ്റപോലെ അയാള്‍ സീറ്റിന്റെ വക്കിലേക്ക് നിവര്‍ന്നിരുന്നു. തലയണയെടുത്ത് മടിയില്‍ വച്ചു. "നിങ്ങള്‍ ചെറുപ്പക്കാരനല്ലേ, യഥാര്‍ഥ സ്ഥിതിയെന്തെന്ന് ഞാന്‍ മനസ്സിലാക്കിത്തരാം.'' സംവാദത്തിനുള്ള അരങ്ങ് തയ്യാറായിക്കഴിഞ്ഞു. നാലുനാളത്തെ കൊല്‍ക്കത്തയുടെ ചൂടില്‍ അലഞ്ഞ ക്ഷീണം ട്രെയിനില്‍ ഉറങ്ങിത്തീര്‍ക്കാമെന്ന വ്യാമോഹം ഇതാ അസ്തമിച്ചു കഴിഞ്ഞു. മുപ്പത്തഞ്ചാം വയസ്സില്‍ തന്നെ എയര്‍ഫോഴ്സ് വിട്ടുപോന്ന ഈ മെക്കാനിക്കല്‍ എന്‍ജിനിയര്‍ പിന്നീട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച് ഇപ്പോള്‍ ഒരു സ്വകാര്യകമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയബോധമുള്ള ബംഗാളി, പോരാത്തതിന് പട്ടാളവും. കഥ കഴിഞ്ഞതുതന്നെ.

പശ്ചിമ ബംഗാളിലെ പത്രങ്ങളും ചാനലുകളും പറയുന്നത് നിങ്ങളും വിശ്വസിച്ചോ? നന്ദിഗ്രാമും സിംഗൂരും മാത്രമാണോ പശ്ചിമ ബംഗാള്‍? അവിടെയൊക്കെ പോയി നാട്ടുകാരോട് സംസാരിക്കാമായിരുന്നില്ലേ? ബംഗാളി കലര്‍ന്ന, ഒകാരത്തിന്റെ ആധിക്യമുള്ള ഇംഗ്ളീഷില്‍ തുടരെത്തുടരെ ചോദ്യങ്ങള്‍. സ്വന്തം ചോദ്യങ്ങള്‍ക്കൊടുവില്‍ ഗാംഗുലി ബാബുവിന്റെ തന്നെ തീര്‍പ്പ്: "മമതാബാനര്‍ജിയുടെ ഗിമ്മിക്കുകളിലൊന്നും തകരില്ല ബംഗാളിന്റെ ഇടതുപക്ഷ പാരമ്പര്യം.''

ഗാംഗുലി ബാബുവിന്റെ ആവേശത്തള്ളിച്ചയില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. അങ്ങനെ തോന്നേണ്ട കാര്യവുമില്ല. കൊല്‍ക്കത്തയിലും പരിസരത്തും കറങ്ങിയ ദിവസങ്ങളില്‍ സംസാരിച്ച പലരില്‍നിന്നും ലഭിച്ച അതേ പ്രതികരണങ്ങള്‍ തന്നെ. സിപിഐ എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബസുവിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് നാല്‍പ്പത്തിരണ്ടു സീറ്റിലും ജയിക്കാനാണ് ഞങ്ങള്‍ മത്സരിക്കുന്നതെന്നാണ്. അതുകേട്ടപ്പോള്‍ തോന്നിയ അത്ഭുതം പിന്നീട് കൊല്‍ക്കത്തയിലെ സാധാരണ മനുഷ്യരോട് സംസാരിച്ചപ്പോള്‍ തീര്‍ന്നു കിട്ടി. എല്ലാവരും ഒരേ സ്വരത്തില്‍ തന്നെയാണ് പറയുന്നത്. ഇടതുപക്ഷത്തിന് വന്‍ തകര്‍ച്ചയുണ്ടാവുമെന്ന് മാധ്യമങ്ങള്‍ പറയുന്നത് വിശ്വസിക്കരുതെന്ന്. തീവണ്ടിയില്‍ തൊട്ടുമുന്നിലിരിക്കുന്ന നുറുക്കിയ അടയ്ക്കാ കഷണങ്ങള്‍ ചവയ്ക്കുന്ന വൃദ്ധന്‍ ഗാംഗുലിബാബുവും അതുതന്നെ പറയുന്നു. അല്ലെങ്കില്‍ ബിമന്‍ബസുവിനെപ്പോലെ ലക്ഷക്കണക്കിന് ബിമന്‍ബസുമാര്‍ ബംഗാളിലുടനീളം ഉണ്ടെന്ന് ഗാംഗുലി ബാബുവിലൂടെ നാമറിയുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് തട്ടിക്കൂട്ടിയ ഒരു സഖ്യം ഭൂരിഭാഗം മണ്ഡലങ്ങളിലും വോട്ടിന്റെ കണക്കില്‍ ഒരുപടി മുന്നില്‍ നില്‍ക്കുമെന്ന കേവല യുക്തി ബംഗാളിലേക്കുള്ള യാത്രക്കുമുമ്പുണ്ടായിരുന്നു. എന്നാല്‍ കൊല്‍ക്കത്ത നഗരത്തിലും സിംഗൂരിലെ ചെറിയ അങ്ങാടിയിലും ജാദവ്പുരിലെ സൊനാര്‍പുര്‍ ഗ്രാമത്തിലുമുള്ള സാധാരണമനുഷ്യരോട് സംസാരിക്കുമ്പോള്‍ ഈ കണക്കൊന്നുമല്ല, ഞങ്ങള്‍ ബംഗാളികള്‍ക്കൊരു കണക്കുണ്ടെന്നാണ് മറുപടി. ബിമന്‍ ബസുവിനെയും ബുദ്ധദേബ് ഭട്ടാചാര്‍ജിയെയുംപോലുള്ള നേതാക്കളുടെ വാക്കുകള്‍ തന്നെ കൊല്‍ക്കത്തയിലെ റിക്ഷാവാലയും ചായക്കടക്കാരനും ട്രാം കണ്ടക്ടറും മാത്രമല്ല, ഉപരി-മധ്യവര്‍ഗത്തിന്റെ പ്രതിനിധിയായ ട്രെയിനിലെ സഹയാത്രികന്‍ ഗാംഗുലി ബാബുവും ആവര്‍ത്തിക്കുന്നു.

ആകെയുള്ള നാല്‍പ്പത്തിരണ്ടു സീറ്റുകളില്‍ മുപ്പത്തഞ്ചും നേടിയ 2004ലെ വിജയം നന്ദിഗ്രാമിന്റെയും സിംഗൂരിന്റെ പശ്ചാത്തലത്തില്‍ എങ്ങനെ ഇടതുമുന്നണിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ചോദിച്ച് ഗാംഗുലിയെ പ്രകോപിപ്പിച്ചപ്പോള്‍ അദ്ദേഹം അന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ അവസാനപേജിലെ പരസ്യമാണ് എടുത്തുയര്‍ത്തിക്കാണിച്ചത്. നാനോ കാര്‍ പുറത്തിറങ്ങുന്നതിന്റെ ബഹുവര്‍ണ പരസ്യം. "നിങ്ങള്‍ക്കറിയാമോ? എന്റെ നാടായ ബാരൿപൂരില്‍നിന്നും സിംഗൂരിലേക്ക് വലിയ ദൂരമൊന്നുമില്ല. ഇന്ന് മുംബൈയില്‍ പുറത്തിറങ്ങിയ നാനോ കാര്‍ സിംഗൂരില്‍നിന്നാണ് പുറത്തിറങ്ങേണ്ടിയിരുന്നത്. ആയിരക്കണക്കിനാളുകളാണ് അവിടെ തൊഴിലെടുക്കേണ്ടിയിരുന്നത്. സിംഗൂരില്‍ ഫാക്ടറി വരുന്നതിന്റെ തരംഗം ഇങ്ങ് ബാരൿപൂരിലും ദൃശ്യമായിരുന്നു. എല്ലാം മമതയുടെ സമരം തകര്‍ത്തില്ലേ. ഇനിയും സംശയമെങ്കില്‍ വായിച്ചോ, നിരുപം സെന്നിന്റെ പ്രസ്താവന.''-അദ്ദേഹം പത്രം എനിക്കു നേരെ നീട്ടി. ഇന്ന് ബംഗാളിന് കറുത്ത ദിനമെന്ന തലക്കെട്ടില്‍ പശ്ചിമ ബംഗാള്‍ വ്യവസായ മന്ത്രി നിരുപം സെന്നിന്റെ ദീര്‍ഘമായ പ്രസ്താവന.

ഗാംഗുലി ബാബുവിന് വിടാന്‍ ഭാവമില്ല. മറ്റൊരു പേജ് തുറന്നു കാണിച്ചു. നാനോ കാര്‍ മുംബൈയില്‍ നിന്ന് പുറത്തിറങ്ങുന്നതിന് തലേന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖിക സിംഗൂരിലെ ഗ്രാമവാസികളുമായി സംസാരിച്ച് തയ്യാറാക്കിയ വാര്‍ത്തയാണത്. ഒരു പ്രദേശത്തിന്റെയാകെ വികസനം അട്ടിമറിച്ച സമരത്തെയാണ് എല്ലാവരും പഴിക്കുന്നത്. നേരിട്ടും അല്ലാതെയും ആറായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കേണ്ടിയിരുന്ന സിംഗൂരിലെ ഫാക്ടറി നഷ്ടപ്പെട്ടതിനെക്കുറിച്ച് ഗ്രാമവാസികള്‍ക്കുള്ള രോഷം ആ വാര്‍ത്തയില്‍ പ്രതിഫലിക്കുന്നു. എല്ലാ പേജിലും ഇടതുപക്ഷവിരുദ്ധത കുത്തി നിറയ്ക്കുന്ന ലേഖികയ്ക്ക് ജനങ്ങളോട് സംസാരിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ ഒട്ടും കഴിയുന്നില്ല. "ഏതു വടികിട്ടിയാലും സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും അടിക്കുന്നവരാണ് ടൈംസ് ഓഫ് ഇന്ത്യ. അവര്‍ നാട്ടുകാരോട് സംസാരിച്ചപ്പോള്‍ സത്യമറിഞ്ഞു.''-ഗാംഗുലി ബാബു വിജയഭാവത്തോടെ പറഞ്ഞു. ഇതേ കാഴ്ച തന്നെയാണ് ഞാനും സിംഗൂരില്‍ കണ്ടതെന്ന് ഗാംഗുലിയോട് പറഞ്ഞില്ല.

"നന്ദിഗ്രാമിലും സ്ഥിതി ഇതൊക്കെ തന്നെയാണെന്ന് അറിയാമോ. നിങ്ങളെന്തുകൊണ്ട് നന്ദിഗ്രാമില്‍ പോയില്ല. പെട്രോകെമിക്കല്‍ ഹബ് വന്നാല്‍ ആ പ്രദേശം എങ്ങനെ മാറുമെന്ന് അറിയാമോ. ഇല്ലെങ്കില്‍ എന്‍ജിനിയറായ ഞാന്‍ പറയാം.''-എന്‍ജിനിയറിങ്ങിന്റെ സാങ്കേതിക ജടിലതകളിലേക്ക് വഴിമാറുകയാണ് ഗാംഗുലിബാബു. ഇങ്ങനെപോയാല്‍ ഗതിയാകെ മാറും. ചര്‍ച്ച കാടുകയറും. കൃഷിഭൂമി നഷ്ടപ്പെടുന്നതിനെതിരെയുള്ള സമരം ന്യായമായിരുന്നില്ലേ എന്ന ചോദ്യംകൊണ്ട് അദ്ദേഹം വിഷയത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഹ്രസ്വമായ അനുഭവംകൊണ്ട് മനസ്സിലാക്കിയിരുന്നു.

ഇടതുമുന്നണി സര്‍ക്കാരിന്റെ ഭൂപരിഷ്കരണനടപടികളെക്കുറിച്ച് ഈ പത്രക്കാരന്‍ചെക്കന് ഒന്നുമറിയില്ലെന്ന ഭാവത്തില്‍ അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ സംസ്ഥാനത്തെ മുപ്പത്തഞ്ച് ലക്ഷം കൃഷിഭൂമിയില്‍ എണ്‍പത്തഞ്ച് ശതമാനവും ചെറുകിട-ഇടത്തരം കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഭൂവിതരണത്തിന്റെ അഖിലേന്ത്യാ ശരാശരി നാല്‍പ്പത് ശതമാനം പോലുമില്ല. രാജ്യത്ത് 56ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തതില്‍ 30 ലക്ഷവും ബംഗാളിലാണ്. ബംഗാള്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടിയത് ഭൂപരിഷ്കരണം കൊണ്ടാണെന്ന് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ സംസ്ഥാനത്തിനും ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം അരി നല്‍കിയില്ലേ.''

ഇനി രക്ഷയില്ല. ഗാംഗുലി ബാബുവിന്റെ എന്‍ജിനിയറിങ് വൈഭവം ഭൂവിതരണത്തിന്റെ കണക്കിലും തെളിയുന്നു. ഈ പ്രായത്തിലും മങ്ങാത്ത ഓര്‍മ. താനൊരു സിപിഐ എം പ്രവര്‍ത്തകനൊന്നുമല്ലെന്ന് ഇടയ്ക്കിടെ പറയുമ്പോഴും കാര്യങ്ങള്‍ വിശദമാക്കിത്തരുമ്പോള്‍ ക്ളാസെടുക്കുന്ന നേതാവിന്റെ ഭാവം. ഗാംഗുലി പറഞ്ഞ കണക്കുകള്‍ ശരിയാണോ എന്ന് നോക്കണം. അദ്ദേഹം ഒന്നു മയങ്ങിയ സമയത്ത് ഗണശക്തിയിലെ സന്ദീപ് ചക്രവര്‍ത്തിയെ വിളിച്ചു. ഭൂപരിഷ്കരണത്തിന്റെ വിവരങ്ങള്‍ എസ്എംഎസ് ചെയ്തു തരണമെന്ന് പറഞ്ഞ് അഞ്ച് മിനിറ്റിനകം മൊബൈല്‍ ഫോണ്‍ റിങ് ചെയ്തു. സന്ദീപ് തന്ന വിവരവും ഗാംഗുലി ബാബുവിന്റെ കണക്കും തമ്മില്‍ അസാമാന്യമായ പൊരുത്തം.

കര്‍ഷകര്‍ക്ക് ഇടതുമുന്നണി എതിരാണെന്ന് പറഞ്ഞാണല്ലോ സമരം നടത്തിയതെന്ന ചോദ്യം ഇനി ചോദിച്ചിട്ട് കാര്യമില്ല. കൃഷികൊണ്ട് മാത്രം ഇനി നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് വ്യവസായ വികസനത്തിന് മുന്‍കൈയെടുത്തത് എന്ന് അദ്ദേഹം പറയുന്നു. ഒരു മനുഷ്യന്‍ പോലും താമസിക്കാത്ത നയാച്ചാര്‍ ദ്വീപിലേക്ക് പെട്രോകെമിക്കല്‍ ഹബ് മാറ്റിയിട്ടും മമത വിടാന്‍ ഭാവമില്ലെന്ന് രോഷത്തോടെ അദ്ദേഹം പറയുന്നു. സിദ്ദീഖുള്ളയെപ്പോലുള്ള മുസ്ളിം തീവ്രവാദികളെ കൂട്ടുപിടിച്ചാണ് മമതയുടെ സമരങ്ങള്‍. ഭൂപരിഷ്കരണത്തിന്റെ ഗുണം കിട്ടിയതേറെയും തങ്ങള്‍ക്കാണെന്നറിയുന്ന മുസ്ളിങ്ങള്‍ അധികകാലമൊന്നും സിദ്ദിഖുള്ളക്കൊപ്പം നില്‍ക്കില്ല.

കേരളത്തെക്കുറിച്ചും അറിയാം അദ്ദേഹത്തിന്. നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ കെല്‍ട്രോണിന്റെ പ്രവര്‍ത്തനം പഠിക്കാന്‍ തിരുവനന്തപുരത്ത് പോയ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ സാങ്കേതികവിദഗ്ധരുടെ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു അദ്ദേഹം. ബാരൿപൂര്‍ എംപി തരിത് ബരന്‍ തോപ്‌ദറുടെ സഹപാഠിയായ ഗാംഗുലിക്ക് നായനാരെക്കുറിച്ചും തിളങ്ങുന്ന ഓര്‍മകള്‍. യാതൊരു മുന്‍പരിചയവുമില്ലാത്ത തന്നെ ബംഗാളിയാണെന്ന ഒറ്റക്കാരണത്താല്‍ അണച്ചുപിടിച്ച് വിവരങ്ങള്‍ ആരാഞ്ഞ കഥ പറയുമ്പോള്‍ ഗാംഗുലിക്ക് നൂറു നാവ്.

എന്തു പറയുമ്പോഴും കേരളവുമായി ഒരു താരതമ്യം ഗാംഗുലിക്കുണ്ട്. ഗള്‍ഫില്‍നിന്നുള്ള തൊഴിലാളികളുടെ തിരിച്ചുവരവുപോലുള്ള പ്രശ്നങ്ങള്‍ മാത്രമല്ലേ നിങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ പ്രശ്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല. എത്രനാളായി ഞങ്ങള്‍ ബംഗ്ളാദേശില്‍ നിന്നുള്ള അഭയാര്‍ഥി പ്രശ്നം സഹിക്കുന്നു. ഗൂര്‍ഖാലാന്‍ഡ്, കാംതാപുരി, ഗ്രേറ്റര്‍ ജാര്‍ഖണ്ഡ് പോലുള്ള വിഘടനവാദത്തിന്റെ ശല്യങ്ങളൊന്നും നിങ്ങള്‍ക്കില്ലല്ലോ എന്നും അദ്ദേഹം ചോദിക്കുന്നു.

മമതക്കും പ്രണബ് മുഖര്‍ജിക്കുമെതിരെയുള്ള രോഷം അദ്ദേഹത്തിന്റെ ഓരോ ചലനത്തിലുമുണ്ട്. "ഈ നാടിനെ നൂറ്റാണ്ടുകള്‍ പിന്നോട്ടുവലിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും സഖ്യമായെന്നത് ശരിതന്നെ. പക്ഷേ എത്ര കോണ്‍ഗ്രസുകാര്‍ മമതയെ സഹിക്കും? പ്രിയരഞ്ജന്‍ദാസ്‌മുന്‍ഷിയുടെ ഭാര്യയും കോണ്‍ഗ്രസ് നേതാവ് തപസ് പാലുമൊക്കെ മമതയെ പരസ്യമായി വെല്ലുവിളിക്കുകയല്ലേ. കോണ്‍ഗ്രസിന് പതിനാലു സീറ്റു മാത്രം നല്‍കിയ മമതയോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പകരം വീട്ടും. കിട്ടിയ പതിനാല് സീറ്റില്‍ ജയിക്കുമെന്നുറപ്പുള്ളത് ഒന്നോ രണ്ടോ മാത്രം. ആ സ്ത്രീയുടെ കിറുക്കിനൊത്തു തുള്ളാനൊന്നും നാട്ടുകാരെ കിട്ടില്ല. മാധ്യമങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ കുറച്ചുകാലം അവരുടെ കൂടെയുണ്ടാകും. മടുക്കുമ്പോള്‍ അവരും കൈവിടും. സിപിഐ എം വിരോധം എന്ന ഒറ്റ അജന്‍ഡ കൊണ്ടു മാത്രം എത്രകാലം നിലനില്‍ക്കാനാവും. എന്തൊക്കെ പ്രചാരണങ്ങളാണവര്‍ നടത്തുന്നത്. വികലാംഗരായ ഭിക്ഷക്കാരെ വെള്ളക്കുപ്പായം ധരിപ്പിച്ചു നടത്തുകയാണ് പുതിയ പരിപാടി. വീടുകളിലും കടകളിലും കയറി നന്ദിഗ്രാമിലെ സിപിഐ എമ്മുകാരുടെ ആക്രമണത്തിന് ഇരയാണെന്ന് പറയുന്നതിന് തൃണമൂലുകാര്‍ കൂലി കൊടുക്കും. ഇതൊക്കെ എങ്ങനെ വിലപ്പോവാനാണ്''-ഗാംഗുലി ചോദിക്കുന്നു.

സിപിഐ എമ്മില്‍ ഒരിക്കല്‍ പോലും അംഗമായിട്ടില്ലാത്ത ഗാംഗുലി ബാബു ശരാശരി ബംഗാളിയുടെ പ്രതിനിധിയാണ്. ബംഗാളിന്റെ രാഷ്ട്രീയാവബോധത്തിന്റെ പ്രതിനിധി. അരാഷ്ട്രീയതയുടെ തുരുത്തുകളില്‍ ഒതുങ്ങുന്ന മധ്യവര്‍ഗക്കാരുടെ ശീലങ്ങളല്ല ഗാംഗുലി ബാബുവിനെപ്പോലുള്ളവര്‍ക്ക്. സെക്കന്തരാബാദ് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ഞങ്ങള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ അരാഷ്ട്രീയക്കാരനായ ഒരു പത്രക്കാരന് കുറച്ചൊക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയെന്നതിന്റെ ചാരിതാര്‍ഥ്യം ഗാംഗുലിയുടെ മുഖത്തുണ്ടായിരുന്നു. രണ്ടു ദിവസം സംസാരിച്ചിട്ടും എന്റെ പത്രം ദേശാഭിമാനിയാണെന്ന് വെളിപ്പെടുത്താതിരുന്നതിന്റെ കുസൃതി എന്റെ മനസ്സിലും.

***

എന്‍ എസ് സജിത്, കടപ്പാട് : ദേശാഭിമാനി വാരിക

3 comments:

വര്‍ക്കേഴ്സ് ഫോറം said...

സിപിഐ എമ്മില്‍ ഒരിക്കല്‍ പോലും അംഗമായിട്ടില്ലാത്ത ഗാംഗുലി ബാബു ശരാശരി ബംഗാളിയുടെ പ്രതിനിധിയാണ്. ബംഗാളിന്റെ രാഷ്ട്രീയാവബോധത്തിന്റെ പ്രതിനിധി. അരാഷ്ട്രീയതയുടെ തുരുത്തുകളില്‍ ഒതുങ്ങുന്ന മധ്യവര്‍ഗക്കാരുടെ ശീലങ്ങളല്ല ഗാംഗുലി ബാബുവിനെപ്പോലുള്ളവര്‍ക്ക്. സെക്കന്തരാബാദ് സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ ഞങ്ങള്‍ കൈകൊടുത്ത് പിരിയുമ്പോള്‍ അരാഷ്ട്രീയക്കാരനായ ഒരു പത്രക്കാരന് കുറച്ചൊക്കെ രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കിയെന്നതിന്റെ ചാരിതാര്‍ഥ്യം ഗാംഗുലിയുടെ മുഖത്തുണ്ടായിരുന്നു. രണ്ടു ദിവസം സംസാരിച്ചിട്ടും എന്റെ പത്രം ദേശാഭിമാനിയാണെന്ന് വെളിപ്പെടുത്താതിരുന്നതിന്റെ കുസൃതി എന്റെ മനസ്സിലും.

nomad-hippy said...

Deshaabhimani readers will be happy reading your story (sorry, article). even me can fabricate a story like this. but the realty is far different my comrade. i have been to bengal villages last month. if u r trying to find hope in biman basu's words, u can believe the left will win in all the 42 seats. the party in which the poorest of the poor bengalis had hope is no more their party. a one time visitor like u, with a prejudice, cant find the truth. even if u find it, u cant write it, even if u write it, they wont publish it.. let us wait.. wait and watch.

*free* views said...

I talked to some bengali friends and the impression I got was that Mamata Banerjee will not do good in this election because of Singur.

But what I would like to ask is a different question. Why a pro-people party like CPM support Tata to acquire vast areas of land for corporate greed? What wisdom is used by Bengal leaders to determine that Tata factory is pro-people by Grasim in Kerala is anti-people.

If you let leaders and trade union leaders make the choice, then it will be no different from the method of operation of Shiv Sena in Mumbai.

May be my background is making me say this, but news item published by party paper and party writers looks like propaganda (like during war times). I think people see one-sided articles like this as mental manipulation and automatically disbelieve whatever is written. If you read the story again, it shows how one sided it is written and how it sounds to be real. We do not need propaganda writers at this time.

Criticizing Congress is fine, but blaming Congress for everything that is wrong is not what I would like a pro-people, ideologist party like CPM to do. We should evaluate policies and governance on pure ideologist perspective without looking at how it affects votes. That will make people see us to be different rather than just another political party trying to get maximum seats and votes.

Party should not be here for votes and seats (and false illusion of growth), it is here for people and support the oppressed.