Monday, April 13, 2009

ന്യൂനപക്ഷ പ്രീണനവാദത്തിലെ തൊഗാഡിയന്‍ യുക്തികള്‍

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലിരുന്നുകൊണ്ടുതന്നെയാണ് മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവര്‍ ഹിന്ദുമഹാസഭക്ക് രൂപം കൊടുത്തത്. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തിലുടനീളം ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് മുസ്ളിംലീഗ് എന്ന പോലെ ഹിന്ദുമഹാസഭയും ശ്രമിച്ചത്. അതുകൊണ്ടാണ് ഗോപാലകൃഷ്ണഗോഖലെ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഹിന്ദു മഹാസഭയുടെ രൂപീകരണത്തെ ഹൈന്ദവ വര്‍ഗീയവല്‍ക്കരണത്തിനുള്ള ബ്രിട്ടീഷ് ഗൂഢാലോചനയായി അപലപിച്ചത്. ഗോഖലെ അന്ന് പറഞ്ഞത് മുസ്ളിംലീഗെന്നപോലെ ഹിന്ദുമഹാസഭയും രാജ്യത്തെ വിഭജിക്കുന്ന വര്‍ഗീയ സംഘടനയാണെന്നാണ്.

ഗോഖലെയെപ്പോലുള്ള അനിഷേധ്യനായൊരു കോണ്‍ഗ്രസ് പ്രസിഡന്റിനെപ്പോലും ധിക്കരിച്ചും വെല്ലുവിളിച്ചുമാണ് മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവര്‍ കോണ്‍ഗ്രസ് നേതൃത്വത്തിലിരുന്നുകൊണ്ട് ഹിന്ദുമഹാസഭ കെട്ടിപ്പടുത്തത്. രാജ്യത്തെ പാകിസ്ഥാനും ഇന്ത്യയുമായി മതാധിഷ്ഠിതമായ വിഭജനത്തിലേക്ക് നയിച്ച വര്‍ഗീയ കൂട്ടക്കൊലകളുടെ ദുരന്ത പരിണതിയിലെത്തിച്ചത് മുസ്ളിംലീഗും ഹിന്ദുമഹാസഭയുമായിരുന്നല്ലോ.

ആമുഖമായി ഇത്രയും കാര്യങ്ങള്‍ ഇവിടെ സൂചിപ്പിച്ചത് കേരളത്തിലിപ്പോള്‍ നടക്കുന്ന വലതുപക്ഷ, വര്‍ഗീയ ശക്തികളുടെ നീചമായ പ്രചാരവേലകളുടെ ചരിത്രപരവും രാഷ്ട്രീയപരവുമായ അന്തര്‍ധാരയെന്തെന്ന് വ്യക്തമാക്കാനാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പട്ടികജാതി വിഭാഗങ്ങളെക്കാള്‍ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കാവസ്ഥ നേരിടുന്നവരാണ് മുസ്ളിങ്ങളെന്നാണ് സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ട് വെളിവാക്കുന്നത്. നാഷണല്‍ സാമ്പിള്‍ സര്‍വെ റിപ്പോര്‍ട്ടും ഐ ആര്‍ സി പി സര്‍വെയും ശാസ്ത്രസാഹിത്യപരിഷത്തിന്റെ പഠനവും സി ഡി എസ് സര്‍വെയുമെല്ലാം ഇന്ത്യയിലെയും കേരളത്തിലെയും മുസ്ളിങ്ങള്‍ നേരിടുന്ന പിന്നോക്കാവസ്ഥയുടെ സ്ഥിതിവിവരക്കണക്കുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഇന്ത്യന്‍ മുസ്ളിങ്ങളുടെ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ വേരുകളന്വേഷിക്കുന്നവര്‍ സ്വാഭാവികമായും എത്തിച്ചേരുക ബ്രിട്ടീഷ് കൊളോണിയല്‍ നയങ്ങളിലാണ്. 1857 -59 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ഒന്നടങ്കം അണിനിരന്നവരാണ് മുസ്ളിംജനത. ഹിന്ദുക്കളും മുസ്ളിങ്ങളും തമ്മിലുള്ള ഐക്യവും യോജിച്ച പോരാട്ടവും ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്ക് പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുമെന്നാണ് ഒന്നാം സ്വാതന്ത്ര്യ സമരം കൊളോണിയല്‍ ശക്തികള്‍ക്ക് നല്‍കിയ താക്കീത്. പഴശ്ശിസമരങ്ങളുമായി താദാത്മ്യം പ്രാപിച്ച് ഏറനാട്ടിലെ മാപ്പിള കര്‍ഷക വിപ്ളവകാരികള്‍, ഫ്യൂഡല്‍ അധീശത്തത്തിനെതിരായ സമരം ഇന്ത്യന്‍ നാടുവാഴിത്തത്തിന്റെ സംരക്ഷകരായ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദിശാബോധവും പ്രക്ഷോഭ പദ്ധതികളും കൈവരിക്കുമ്പോഴേ വിജയപ്രദമാവൂവെന്ന് തിരിച്ചറിഞ്ഞവരായിരുന്നു. അത്തന്‍ കുരിക്കളും ചെമ്പന്‍ പോക്കറും ഉള്‍പ്പെടെയുള്ള മാപ്പിളപ്പോരാളികള്‍ ഏറനാടന്‍ സമരങ്ങളുടെ അനുഭവപാഠങ്ങളില്‍നിന്നാണ് പഴശ്ശിയുടെ ബ്രിട്ടീഷ് വിരുദ്ധ ഗറില്ലാദളങ്ങളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആവേശം കാണിച്ചത്. തീവ്രവും ദേശാഭിമാനപരവുമായ ബ്രിട്ടീഷ് വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച മുസ്ളിം സമുദായ നേതൃത്വം ഇംഗ്ളീഷ് വിദ്യാഭ്യാസം നേടുന്നതിലും അതിന്റെ ഭാഗമായ ആധുനികവല്‍ക്കരണ പ്രക്രിയയില്‍ പങ്കാളിയാകുന്നതിലും വിമുഖരായിരുന്നു. അതുകൊണ്ടൊക്കെത്തന്നെയാണ് ഹിന്ദുക്കളെ അപേക്ഷിച്ച് മുസ്ളിങ്ങള്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലായത്. ആധുനിക വിദ്യാഭ്യാസത്തിലും ഉദ്യോഗപദവികളിലുമെല്ലാം മുസ്ളിങ്ങള്‍ പിന്തള്ളപ്പെട്ടു. അതേപോലെ രാഷ്ട്രീയ രംഗത്തും വ്യാപാര - വ്യവസായ രംഗങ്ങളിലും മുസ്ളിങ്ങള്‍ വളരെ പിറകിലായി.

സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ 13 ശതമാനം വരുന്ന മുസ്ളിം ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യംവച്ചുള്ള നടപടികളാണ് എല്ലാ സംസ്ഥാന സര്‍ക്കാരുകളുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്. ഭരണഘടനാപരമായ ഈയൊരു ഉത്തരവാദിത്വമനുസരിച്ചാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ നിയോഗിച്ചതും കഴിഞ്ഞ രണ്ട് ബജറ്റുകളിലായി പത്ത് കോടി രൂപ വീതം പ്രത്യേക പരിരക്ഷാപദ്ധതികള്‍ക്കുവേണ്ടി നീക്കിവച്ചതും. മദ്രസ അധ്യാപകര്‍ക്കുള്ള പെന്‍ഷന്‍, മുസ്ളിം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് തുടങ്ങി പാലോളി കമ്മിറ്റി ശുപാര്‍ശയനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ സംഘപരിവാര്‍ മാത്രമല്ല എല്ലാവിധ വലതുപക്ഷ രാഷ്ട്രീയശക്തികളും കേരളത്തില്‍ വിഷം വിതയ്ക്കുന്ന പ്രചാരവേല ആരംഭിച്ചിരിക്കുകയാണ്. സമുദായ വിദ്വേഷം ഇളക്കിവിടാനും ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികളെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുവാനുമാണ് വിശ്വഹിന്ദു പരിഷത്ത്മുതല്‍ ചില കപട ബുദ്ധിജീവികള്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വവാദികളും ചില അതിവിപ്ളവക്കാരായ കുത്തകമാധ്യമങ്ങളിലെ കോളമിസ്റ്റുകളും ഒരുപോലെ മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കുള്ള സംരക്ഷണ നടപടികളെ മതപ്രീണനമായി ചിത്രീകരിക്കുകയാണ്.

ഭൂരിപക്ഷ മതപ്രീണനവും വോട്ടുബാങ്ക് രാഷ്ട്രീയവും ലക്ഷ്യംവയ്ക്കുന്ന കോണ്‍ഗ്രസ്- ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കിയിട്ടില്ല. കേരളം പോലൊരു സംസ്ഥാനം ഇക്കാര്യത്തില്‍ എടുത്ത മുന്‍കൈ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ സമീപനത്തിന്റെയും സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയുടെയും പ്രതിഫലനമാണ്. ഇതിനെ ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുന്ന വലതുപക്ഷ വര്‍ഗീയശക്തികള്‍ ഭരണഘടനയുടെ ചരിത്രപരമായ വീക്ഷണങ്ങളുടെ ഭാഗമായ സംവരണാവകാശങ്ങളെയും പരിരക്ഷാപദ്ധതികളെയും ചോദ്യംചെയ്യുകയാണ്. രാജ്യം ആര്‍ജിച്ച വികസനത്തിന്റെയും പുരോഗതിയുടെയും നേട്ടങ്ങള്‍ അനുഭവിക്കാന്‍ ചരിത്രപരമായ കാരണങ്ങളാല്‍ കഴിയാതെ പോയവര്‍ക്ക് അത് ഉറപ്പുവരുത്തുകയെന്നത് ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. ജാതിവ്യവസ്ഥയും ബ്രാഹ്മണാധികാരവും കൊളോണിയല്‍ അധീശത്വവും സൃഷ്ടിച്ച സാമൂഹ്യാസമത്വങ്ങളെയും അസന്തുലിതത്വങ്ങളെയും അതിജീവിക്കുകയെന്നത് ഇന്ത്യപോലൊരു ബഹുസ്വരത നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യത്തിന്റെ നിലനില്‍പ്പിന്റെയും പുരോഗതിയുടെയും മുന്നുപാധിയാണ്.

ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിരക്ഷാ പദ്ധതികളെ മതവിദ്വേഷത്തിന്റെ വിഷമയമായ ഭാഷയില്‍ എതിര്‍ക്കുന്ന തൊഗാഡിയമാരും അതിനെ മൌനംകൊണ്ട് പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസുകാരും അപകടകരമായൊരു രാഷ്ട്രീയ പ്രവണതയെയാണ് പ്രതിനിധീകരിക്കുന്നത്. ഇന്ത്യയുടെ സാമൂഹ്യ യാഥാര്‍ഥ്യങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അജ്ഞതയില്‍നിന്ന് ലളിത യുക്തികളിലൂടെ ന്യൂനപക്ഷ സംരക്ഷണ പദ്ധതികളെ മതേതര നിലപാടുകള്‍ കൈയൊഴിയുന്ന മതപ്രീണനമായി വ്യാഖ്യാനിക്കുന്നവരും ഗുരുതരമായ തെറ്റാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങളെയെല്ലാം വസ്തുനിഷ്ഠവും വികാരരഹിതവുമായ വിചാരത്തിന്റെ ഭാഷയിലാണ് സമീപിക്കേണ്ടത്. വികസനത്തിന്റെയും പുരോഗതിയുടെയും പൊതുധാരയില്‍ നിന്ന് പ്രത്യേക ജനവിഭാഗങ്ങള്‍ അകന്നുപോകുകയോ, അവഗണിക്കപ്പെടുകയോ ചെയ്യുമ്പോഴാണ് രാഷ്ട്രഘടനയെ അപകടപ്പെടുത്തുന്ന ശിഥിലീകരണ പ്രവണതകള്‍ ജന്മമെടുക്കുന്നത്. വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും വിവേചനരഹിതമായി അനുഭവിക്കാന്‍ കഴിയുമ്പോഴാണ് രാജ്യസുരക്ഷയും സാമൂഹ്യ സന്തുലിതത്വവും യാഥാര്‍ഥ്യമാവുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ സാമൂഹ്യ നീതിയെയും ദുര്‍ബല വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള പരിരക്ഷാവ്യവസ്ഥകളെയും ഈയൊരു അര്‍ഥത്തിലാണ് കാണേണ്ടത്. ഭരണഘടനയുടെ സാമൂഹ്യനീതിയെ സംബന്ധിച്ച വീക്ഷണങ്ങളുടെ ഗഹനത മനസ്സിലാക്കാത്തവരും സാമുഹ്യനീതിയുടെയും സമത്വദര്‍ശനങ്ങളുടെയും ശത്രുക്കളും ആയ നവലിബറല്‍ പണ്ഡിതന്മാരാണ് ന്യൂനപക്ഷ പരിരക്ഷാ പദ്ധതികളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

സ്വാതന്ത്ര്യാനന്തരം ന്യൂനപക്ഷ സമുദായങ്ങളോട് ഇന്ത്യയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിച്ച വിവേചനപരമായ സമീപനങ്ങളും ഹിന്ദുത്വാനുകൂല നിലപാടുകളും ഹിന്ദുത്വവാദികളുടെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നതായിരുന്നു. ഇന്നിപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം നിന്ന് ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കാമെന്ന് വ്യാമോഹിക്കുന്ന മുസ്ളിംലീഗ് പോലുള്ള മുസ്ളിം സമുദായത്തിന്റെ കുത്തക അവകാശപ്പെടുന്നവര്‍ ബാബറിമസ്ജിദ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍
കോണ്‍ഗ്രസ് എടുത്ത അപരാധപൂര്‍ണമായ നിലപാടുകളെ മറച്ചുപിടിക്കുകയാണ്. 405 വര്‍ഷത്തിലേറെ പഴക്കമുള്ള, രാജ്യത്തിലെ മുസ്ളിങ്ങള്‍ തലമുറകളായി ആരാധന നടത്തിപ്പോന്ന പള്ളി കൈയേറിയ ഹിന്ദുസഭക്കാര്‍ക്ക് നെഹ്റുവിന്റെ നിശിതമായ പ്രതിഷേധത്തെപ്പോലും നിരാകരിച്ച് തര്‍ക്കഭൂമിയാക്കി അവകാശം അനുവദിച്ചുകൊടുത്തത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അന്നത്തെ യു പി മുഖ്യമന്ത്രി ജി ബി പന്തുമായിരുന്നു. 1989 ല്‍ ബാബറിമസ്ജിദില്‍ ശിലാന്യാസം അനുവദിച്ചത് രാജീവ്ഗാന്ധിയായിരുന്നു. 1992 ല്‍ മതേതര സമൂഹത്തിന്റെ പ്രതിഷേധങ്ങളെയും അഭ്യര്‍ഥനകളെയും വിലവെക്കാതെ മസ്‌ജിദ് പൊളിക്കാന്‍ എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് നരസിംഹറാവു സര്‍ക്കാരായിരുന്നു. പള്ളി തകര്‍ത്ത സ്ഥാനത്തുതന്നെ പള്ളി പണിതുകൊടുക്കുമെന്ന് മുസ്ളിം സമുദായത്തിനും രാഷ്ട്രത്തിനും നല്‍കിയ ഉറപ്പുകളെ ലംഘിച്ച് ക്ഷേത്രം പണിക്ക് സൌകര്യം ചെയ്തുകൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെയാണ്.

സംഘപരിവാര്‍ ശക്തികളും വലതുപക്ഷ രാഷ്ട്രീയക്കാരും കുത്തക മാധ്യമങ്ങളുമെല്ലാം, മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ ഏർപ്പെടുത്തിയതും നിര്‍ധന മുസ്ളിം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതും ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിക്കുകയാണ്. മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വാരിക്കോരി കൊടുക്കുന്നുവെന്നാണ് ഭൂരിപക്ഷ
വോട്ടുബാങ്കുകളെ ലക്ഷ്യംവെച്ചുള്ള പ്രചാരണം. സമൂഹത്തിലെ ദുര്‍ബലരും സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുള്ളവരും ആയ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം. അത് മത, ജാതി പരിഗണനകള്‍ക്കതീതമായി സംരക്ഷണവും ആശ്വാസവും എല്ലാ വിഭാഗങ്ങള്‍ക്കും എത്തിക്കുകയെന്ന നിലപാടിലധിഷ്ഠിതമാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 68 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷനുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന ഒരു സംസ്ഥാനത്തും പണിയെടുക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഒരു പെന്‍ഷന്‍ പദ്ധതിയും ഇന്നുവരെ നടപ്പാക്കിയിട്ടില്ല. 2006ല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ആയിരക്കണക്കിന് നിലത്തെഴുത്താശാന്മാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കി. മദ്രസ അധ്യാപക പെന്‍ഷന്‍ വിവാദമാക്കുന്നവര്‍ ഇത്തരം യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിക്കുകയാണ്. വടക്കെ മലബാറിലെ കാവുകളില്‍ വിളക്ക് വയ്ക്കുന്ന അന്തിത്തിരിയന്മാര്‍ക്ക് എച്ച് ആര്‍ ആന്‍ഡ് സി വഴി പ്രത്യേക അലവന്‍സ് നല്‍കാന്‍ പദ്ധതി മുന്നോട്ടുവച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ചു. അതിന് കീഴിലെ ക്ഷേത്രം ശാന്തിക്കും അടിച്ചുതളിക്കാര്‍ക്കും നിവേദ്യമുണ്ടാക്കുന്നവര്‍ക്കും 2000 രൂപ മുതല്‍ 7000 രൂപ വരെ ശമ്പളാനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഭൂരിപക്ഷ മത സമുദായത്തിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് വേണ്ടി ഇടതുപക്ഷം നടപ്പിലാക്കിയ ക്ഷേമപദ്ധതികളെ മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുത്വവാദികളും കുത്തകമാധ്യമങ്ങളും, മദ്രസ പെന്‍ഷനും മുസ്ളിം കുട്ടികളുടെ സ്കോളര്‍ഷിപ്പും വിഷമയമായ വര്‍ഗീയത ഇളക്കിവിടാനുള്ള വിഷയമാക്കുന്നത്. അതേപോലെ മുസ്ളിങ്ങളുടെ സ്കോളര്‍ഷിപ്പ് പദ്ധതിയെ വിവാദമാക്കുന്നവര്‍ കേരളത്തില്‍ ഒരു വര്‍ഷം ഭൂരിപക്ഷ സമുദായത്തില്‍പെട്ട എസ് സി / എസ് ടി വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് 205 കോടി രൂപയുടെ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വസ്തുത മറച്ചുപിടിക്കുകയാണ്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് പദ്ധതിക്ക് വെറും 21 കോടി രൂപയാണ് ചെലവഴിക്കുന്നത്.

ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മുസ്ളിം ജനതക്കെതിരായ എല്ലാ വിവേചന നടപടികളും അവസാനിപ്പിക്കാന്‍ ധീരമായ നടപടികള്‍ സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍. 1957ല്‍ ഇ എം എസ് അധികാരത്തില്‍ വന്നതോടെയാണ് മുസ്ളിം സമുദായത്തിന് മദ്രസകളും പള്ളികളും പണിയാന്‍ മലബാര്‍ പ്രദേശത്തുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം അതിനോട് എടുത്ത നിലപാട് എന്തായിരുന്നു. 67ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ഹിന്ദുത്വവാദികളെപ്പോലെ കോണ്‍ഗ്രസ് വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണുണ്ടായത്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് എക്കാലത്തും ഹിന്ദുത്വാനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന ചരിത്ര യാഥാര്‍ഥ്യമാണ്.


***

കെ ടി കുഞ്ഞിക്കണ്ണന്‍, ദേശാഭിമാനി വാരിക

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച മുസ്ളിം ജനതക്കെതിരായ എല്ലാ വിവേചന നടപടികളും അവസാനിപ്പിക്കാന്‍ ധീരമായ നടപടികള്‍ സ്വീകരിച്ചവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍. 1957ല്‍ ഇ എം എസ് അധികാരത്തില്‍ വന്നതോടെയാണ് മുസ്ളിം സമുദായത്തിന് മദ്രസകളും പള്ളികളും പണിയാന്‍ മലബാര്‍ പ്രദേശത്തുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം അതിനോട് എടുത്ത നിലപാട് എന്തായിരുന്നു. 67ല്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ഹിന്ദുത്വവാദികളെപ്പോലെ കോണ്‍ഗ്രസ് വിതണ്ഡവാദങ്ങള്‍ ഉയര്‍ത്തി എതിര്‍ക്കുകയാണുണ്ടായത്. ഇതെല്ലാം കാണിക്കുന്നത് ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസ് എക്കാലത്തും ഹിന്ദുത്വാനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന ചരിത്ര യാഥാര്‍ഥ്യമാണ്.

mirchy.sandwich said...

സമൂഹത്തിലെ ദുര്‍ബലരും സര്‍ക്കാരിന്റെ സംരക്ഷണം ആവശ്യമുള്ളവരും ആയ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ നല്‍കുകയെന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയം.
അപ്പോള്‍ അതാണ് കാര്യം. രാഷ്ട്രീയത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തിയാല്‍ അതിന്റെ ആദ്യ അവകാശി കുഞ്ഞിക്കണ്ണന്‍ തന്നെയാവും. എന്തായിരുന്നു ഒരു കാലം. എല്ലാം പോയി. ഇപ്പോ കുഞ്ഞമ്മദ് കനിഞ്ഞു നല്‍കുന്ന വേദികളില്‍ പ്രസംഗിച്ച് വേണം കഞ്ഞിക്കുള്ള വക കണ്ടെത്താന്‍ . അപ്പോള്‍ പിന്നെ ഇങ്ങനെയൊക്കെ വേണ്ടെ..? കേരളത്തിലെ എസ് സി എസ് ടിക്കാരെ ഭൂരിപക്ഷ സമുദായത്തില്‍ പെടുത്തിയും അവര്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങളെയും മുസ്ലിംകള്‍ക്കുള്ള പ്രീണന ആനുകൂല്യങ്ങളെയും ഒരേ പട്ടികയില്‍ പെടുത്തിയുള്ള ആ നിരീക്ഷണമുണ്ടല്ലോ , നമിച്ചു അണ്ണാ നമിച്ചു. കേരളത്തിലെ ആദിവാസി ഊരുകളിലെ അവസ്ഥ നന്നായി അറിയാവുന്ന ചുരുക്കം നേതാക്കളില്‍ ഒരാളാണ് കുഞ്ഞിക്കണ്ണന്‍. അയാളിങ്ങനെ കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ സഹതാപം തോന്നുന്നു. ജോഗിയുടെ മകള്‍ക്ക് ആനുകൂല്യം കൊടുക്കാമെങ്കില്‍ കുഞ്ഞാലിക്കുട്ടിയുടെ മകള്‍ക്കും ആവാമെന്ന യുക്തി.. ഇതാണോ പഴയ ഉടന്‍ വിപ്ലവ കാരിയുടെ വൈരുദ്യാത്മക ഭൌതിക വാദം.

Anonymous said...

സച്ചാറും, പാലോളിയും മാറ്റി നിര്‍ത്തി വായിച്ചാലേ മിര്‍ച്ചി പറഞ്ഞപോലെ ഈ ലേഖനത്തിനര്‍ത്ഥം വരൂ. ചില പ്രചരണങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇത് വായിച്ചപ്പോള്‍ മനസ്സിലായത്.

ജോഗി-കുഞ്ഞാലിക്കുട്ടി നല്ല കണക്ഷന്‍ ഒക്കെ അങ്ങിനെ വരുത്താന്‍ വേണ്ടി വരുത്തുന്നത്.

ജനശക്തി said...

ന്യൂനപക്ഷങ്ങളെ ചതിച്ചതാര് എന്ന പോസ്റ്റ് നോക്കുമല്ലോ.

paarppidam said...

വയനാട്ടിലും വടകരയിലും വച്ച് പലപ്പോഴും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തിട്ടുള്ള എനിക്ക് താങ്കളുടെ അറിവിനേയോ വീക്ഷണങ്ങളേയോ ചെറുതായി കാണുവാൻ കഴിയില്ല.നിങ്ങളുടെ പ്രവവ്ര്ത്തനങ്ങളൊട് എന്നും ബഹുമനപൂർവ്വം അനുഭാവം പ്രകടിപ്പിച്ചിട്ടുമുണ്ട്.

എങ്കിലും വിനയപൂർവ്വം പറയട്ടെ സഖാവ് കുഞ്ഞിക്കണ്ണന്റെ കണ്ണിൽ മഞ്ഞക്കണ്ണട ഉണ്ടെങ്കിൽ അതു എടുത്തുമാറ്റേണ്ടിയിരിക്കുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഇന്ത്യയിലെ ബംഗളടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുമായി സാമ്പത്തീകമായോ സാമൂഹികമായോ താരതംയപ്പെടുത്തുന്നത് താങ്കളുടെ വിവരക്കേടുകൊണ്ടല്ല എന്ന് എനിക്ക് നന്നായി അറിയാം.


പ്രായപൂർത്തിയാകുന്നവർ പിറ്റേന്നു ഗൾഫിൽ പോയാൽ പിന്നെ എങ്ങിനെ സർക്കാർ ജോലിയിൽ കയറും? പി.എസ്സ്.സി പരീക്ഷയെഴുതാതെ ആർക്കെങ്കിലും ജോല്ലി സർക്കാർ ജോലി കിട്ടുമോ?


സഖാവേ തിരഞെടുപ്പ് ചർച്ചകളിൽ ന്യൂനപക്ഷങ്ങളെ മാത്രം പ്രത്യേകം എടുത്തുപറയുന്നതിൽ ശ്രദ്ധിക്കുന്നവർ അസംഘടിതരും പട്ടിണികിടക്കുന്നവരുമായ ആദിവാസികളെ കുറിച്ച് സംസാരിക്കുവാൻ എത്ര പേർ തയ്യാറാകുന്നു.

ഇവിടെ ന്യൂനപക്ഷങ്ങൾ അവശതയനുഭവിക്കുന്നു എന്ന് വിളിച്ചുകൂ‍ൂവുന്നത് വോട്ടിനു വേണ്ടിയാണെന്ന് മനസ്സിലാക്കാം എന്നാൽ റെഡ് ഫ്ലാഗ് നേതാവ് ആരെ പ്രീണിപ്പിക്കുവാനാണാവോ ഈ വരികൾ കുറിക്കുന്നത്?