'രാഷ്‌ട്രീയം' വര്‍ഗസംഘട്ടനത്തിന്റെ ശാസ്‌ത്രവും കലയുമാണ്. അതുകൊണ്ടുതന്നെ അതെന്നുമുണ്ടായിരുന്നില്ല. അതുപോലെതന്നെ അതെന്നുമുണ്ടായിരിക്കുകയുമില്ല! 'വര്‍ഗസംഘട്ടനം' അസാധ്യമായിരുന്ന ആദിമസമൂഹങ്ങളില്‍ ആരു ശ്രമിച്ചാലും രാഷ്‌ട്രീയത്തെ സൃഷ്‌ടിക്കാന്‍ കഴിയുമായിരുന്നില്ല. ഉള്ളവരും ഇല്ലാത്തവരുമായി ഒരു സമൂഹമാകെ വിഭജിക്കപ്പെടാത്ത പ്രാചീന വര്‍ഗരഹിത സമൂഹത്തില്‍, ഒരാഢംബരമായിപ്പോലും രാഷ്‌ട്രീയത്തിന് ആവിര്‍ഭവിക്കാന്‍ കഴിയുമായിരുന്നില്ല. അന്നത്തെ ഭക്ഷണത്തെക്കുറിച്ചും പ്രാഥമികതലത്തിലുള്ള അതിജീവനത്തെക്കുറിച്ചും ആശങ്കപ്പെട്ട ഒരാദിമ ജനതയെ സംബന്ധിച്ചിടത്തോളം, 'ഭാവി' ഒരജണ്ടയാവുക ഏതര്‍ഥത്തിലും അസാധ്യമായിരുന്നു. ഒരര്‍ഥത്തില്‍ അവര്‍ ജീവിച്ച 'വര്‍ത്തമാനകാലം' അവര്‍ക്കു മുമ്പില്‍ പ്രവര്‍ത്തിച്ചത് കാറ്റും വെളിച്ചവും കടക്കാത്ത ഒരു വലിയ കോട്ട പോലെയാണ്. ഒരു വലിയ പരിധിവരെ ആദിമ മനുഷ്യരും രണ്ടുകാലില്‍ നിവര്‍ന്നു നടക്കാനാരംഭിച്ച കുരങ്ങുകളെക്കാള്‍ ഒട്ടും മുമ്പിലായിരുന്നില്ല. ജന്തുക്കളെപ്പോലെ 'പറ്റ'ങ്ങളായിട്ടാണ് അവരും കഴിഞ്ഞുകൂടിയത്. 'മുമ്പേ നടക്കുന്ന ഗോവിന്റെ പിറകെ നടക്കുന്ന ഗോക്കളെപ്പോലെ' എന്ന മലയാളഭാഷയിലെ ശൈലി, മനുഷ്യര്‍ പറ്റങ്ങള്‍ മാത്രമായി കഴിഞ്ഞ ആ പഴയകാലത്തിന്റെ സ്‌മരണയത്രേ ഇന്നും കേടുകൂടാതെ സൂക്ഷിക്കുന്നത്!
ഒരു തരത്തിലുള്ള വിമര്‍ശനബോധവും വച്ചുപുലര്‍ത്താത്തവരായി മനുഷ്യരില്‍ ഒരു ചെറുവിഭാഗം മാറുമ്പോള്‍, അവര്‍ വെറും പറ്റമായി പരിണമിക്കുകയാണ്. എന്തെങ്കിലുമൊന്നു കേള്‍ക്കുമ്പോഴും കാര്യമെന്താണെന്നു ശരിക്കും മനസിലാക്കാതെ അവര്‍ പ്രതികരിച്ചു കളയും! കാരണം എന്തു പറഞ്ഞാലും പിറകെ നടക്കാന്‍ ആളുണ്ട് എന്നതാണവരെ ആവേശംകൊള്ളിക്കുന്നത്! 'ഞാനാണ് രാഷ്‌ട്രം, എനിക്കുശേഷം പ്രളയം' എന്നു പറഞ്ഞ ലൂയി പതിനാലാമന്‍ മുതല്‍, 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര' എന്നു പറഞ്ഞ പഴയ കോണ്‍ഗ്രസ് പ്രസിഡന്റ് ബറുവ വരെ ആ പഴയ 'പറ്റ'ത്തിന്റെ പ്രത്യയശാസ്‌ത്രത്തെയാണു പ്രകീര്‍ത്തിച്ചത്. ഒരു രാഷ്‌ട്രവും ഒരു വ്യക്‌തിയില്‍ ഒതുങ്ങുകയില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അധികാരികളും അവരുടെ സ്‌തുതിപാഠകരും സര്‍വരെയും ഒതുക്കുന്നതിനുവേണ്ടി ഇത്തരം അസംബന്ധപ്രഖ്യാപനങ്ങള്‍ സദാ ആവര്‍ത്തിക്കുന്നത്.
പഴയ 'പറ്റ'ങ്ങളുടെ വെറും തുടര്‍ച്ചയല്ല 'ആള്‍ക്കൂട്ട'മായി മാറിയ പുതിയ 'പറ്റ'ങ്ങളെന്ന് ഇന്നു നാം തിരിച്ചറിയേണ്ടതുണ്ട്. പഴയ 'പറ്റങ്ങള്‍' ഒരുവിധ ഉല്‍പാദന പ്രവര്‍ത്തനങ്ങളിലും പങ്കെടുത്തിരുന്നില്ല. അവര്‍ ജന്തുക്കളെപ്പോലെ പ്രകൃതിയിലുള്ളതെടുത്ത് അന്നന്നത്തെ ജീവിതത്തില്‍ മാത്രം ഒതുങ്ങിയവരാണ്. അവര്‍ അന്നു നാടോടികളായതു നാടുകാണാനുള്ള മോഹം കൊണ്ടായിരുന്നില്ല. മറിച്ച് ജീവിക്കാനവര്‍ക്കു മുമ്പില്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതുകൊണ്ടായിരുന്നു. എന്നാല്‍ മനുഷ്യജീവിതത്തെ 'വര്‍ത്തമാനകാല'ത്തില്‍ സ്‌തംഭിപ്പിച്ചു നിര്‍ത്തിയ 'സ്വാഭാവിക സമ്പദ്‌വ്യവസ്‌ഥയില്‍നിന്നും ഉല്‍പാദക സമ്പദ്‌വ്യവസ്‌ഥയിലേക്ക്' മനുഷ്യര്‍ വളരുന്നതോടെയാണു വര്‍ഗരൂപീകരണവും രാഷ്‌ട്രീയ രൂപീകരണവും സാധ്യമായത്.
ഭൗതികോല്‍പാദന പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍വച്ചാണ് 'പറ്റമനുഷ്യര്‍' പതുക്കെ രാഷ്‌ട്രീയമനുഷ്യരായി പരിണമിക്കാന്‍ തുടങ്ങിയത്. ആ അര്‍ഥത്തിലാണ് ലെനിന്‍, രാഷ്‌ട്രീയത്തെ 'ആറ്റിക്കുറുക്കിയ സമ്പദ്‌ശാസ്‌ത്രം' എന്നു വിളിച്ചത്. പുതിയ ലോകം, പുരോഗതി തുടങ്ങിയ ആധുനിക ആശയങ്ങളൊക്കെയും ഉല്‍പാദനരംഗത്തെ വളര്‍ച്ചയുമായും ആധുനികതയുമായും ബന്ധപ്പെട്ടുകൊണ്ടാണു വളര്‍ന്നുവന്നത്.
'ഉള്ളതുമതി' എന്നതാണ് അരാഷ്‌ട്രീയതയുടെ ഉള്ളടക്കമെങ്കില്‍ ഇനിയുമിനിയും നിലവിലുള്ളതിനുമപ്പുറത്തേക്ക് എന്നുള്ളതാണ് രാഷ്‌ട്രീയത്തിന്റെ ഉള്ളടക്കം. 'അരാഷ്‌ട്രീയം' എന്നുള്ളതുകൊണ്ട് 'രാഷ്‌ട്രീയം ഇല്ലാത്ത' ഒരവസ്‌ഥ എന്നല്ല, വ്യവസ്‌ഥാവിരുദ്ധ രാഷ്‌ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്‌ട്രീയം എന്നാണു വിവക്ഷിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 'അരാഷ്‌ട്രീയത' വ്യവസ്‌ഥാപിത വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പരോക്ഷ സംരക്ഷണമാണ് നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയത്തെയാകെ നിരാകരിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ചുകൊണ്ട് അവര്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ തന്നെയാണ് ആക്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള അധികാര വ്യവസ്‌ഥ അഭംഗുരം തുടരാനുള്ള വ്യവസ്‌ഥാനുകൂലികളുടെ ആഗ്രഹമാണ് അരാഷ്‌ട്രീയവാദമായി ഇന്നാഘോഷിക്കപ്പെടുന്നത്.
രണ്ടുപേര്‍ സംസാരിക്കുമ്പോള്‍പോലും അവരിലും അവര്‍ക്കിടയിലും രാഷ്‌ട്രീയമുണ്ടെന്ന സൂക്ഷ്‌മ സത്യമാണ് ഇന്നു പലരെയും പ്രകോപിപ്പിക്കുന്നത്. ഞങ്ങള്‍ക്കൊരു രാഷ്‌ട്രീയവുമില്ലെന്നു പറയുന്നവര്‍ തങ്ങളിലൂടെ പുറത്തുവരുന്നത് ഒരു വ്യവസ്‌ഥാനുകൂല രാഷ്‌ട്രീയമാണെന്നു തിരിച്ചറിയാതിരിക്കുന്നതുകൊണ്ടു മാത്രം അവരുടെകൂടെ ജീവിതത്തെ നിര്‍ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു രാഷ്‌ട്രീയം ഇല്ലാതാവുന്നില്ല. നിങ്ങള്‍ക്കു രാഷ്‌ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ കഴിയും. എന്നാല്‍ 'രാഷ്‌ട്രീയം' നിങ്ങളെ വിടാന്‍ പോകുന്നില്ലെന്നു പറയുന്നത് ഈയര്‍ഥത്തിലാണ്. ശ്വസിക്കുന്നതിലും സ്വപ്‌നം കാണുന്നതിലും മാത്രമല്ല, ഉച്ചരിക്കുന്ന ഒരു വാക്കില്‍പോലും രാഷ്‌ട്രീയമുണ്ടെന്നു പറയുന്നത് ഈയൊരര്‍ഥത്തിലാണ്.
'ശ്വസനം' ഒരു ജൈവപ്രവര്‍ത്തനവും സ്വപ്‌നം ഒരബോധ നിര്‍മിതിയുമാണെന്നുള്ളതു സത്യമാണ്. എന്നാല്‍ ശരീരവും വായുവുമടങ്ങുന്ന പ്രകൃതിയും മനസും അതിലടങ്ങുന്ന ആഗ്രഹങ്ങളും 'ചരിത്ര'ത്തിലാണെന്നുള്ളത് അതിനെക്കാളും പരമാര്‍ഥമാണ്.
മുമ്പൊരു മലയാളിക്ക് ഒരൊറ്റ ശ്വാസത്തില്‍ 'സത്യം തട്ടിപ്പ്' എന്നൊരു വാക്ക് പറയുന്നതിനെക്കുറിച്ച് ആലോചിക്കാനേ കഴിയുമായിരുന്നില്ല. എന്നാലിന്ന്, സത്യം കമ്പ്യൂട്ടേഴ്‌സ് നടത്തിയ വഞ്ചനയുടെയും വലിയ തിരിമറിയുടെയും പശ്‌ചാത്തലത്തില്‍ ഇത്തരമൊരു 'പദപ്രയോഗം' നടത്താതിരിക്കാനും പറ്റില്ല.
ഇവ്വിധം ആധുനിക മനുഷ്യജീവിതത്തിന്റെ ഹൃദയവും തലച്ചോറുമായി തീര്‍ന്ന രാഷ്‌ട്രീയത്തെ തകര്‍ക്കുന്നതിലൂടെ അരാഷ്‌ട്രീയവാദം മനുഷ്യാസ്‌തിത്വത്തെതന്നെയാണു കടന്നാക്രമിക്കുന്നത്. മുമ്പതിന്റെ ആയുധങ്ങള്‍ അമ്പും വില്ലുംപോലെ പ്രാകൃതമായിരുന്നെങ്കില്‍ ഇന്നത് ഉപയോഗിക്കുന്നത് അസാധാരണമാംവിധം നശീകരണ ശക്‌തിയുള്ള ആധുനിക മിസൈലുകളാണ്. അതിലൊന്ന്, സംഘടനയാകെ തെറ്റും വ്യക്‌തികളായ നേതാക്കള്‍ ശരിയുമെന്ന, പ്രത്യക്ഷത്തില്‍ നിരുപദ്രവകരമെന്നു തോന്നാവുന്ന ഒരാശയമാണ്.
അതനുസരിച്ച് സര്‍വ ആദര്‍ശങ്ങളും നദീതടങ്ങളില്‍ ചില സ്‌ഥലത്തുമാത്രം വളക്കൂറുള്ള 'എക്കല്‍ മണ്ണ്' അടിഞ്ഞുകൂടുന്നതുപോലെ ചിലരില്‍ മാത്രം ചുരുണ്ടുകൂടി കിടക്കുകയാണെന്ന ചിരിക്കാന്‍ മാത്രം വക നല്‍കുന്ന ഒരു വികല ആശയമാണ്. സത്യത്തില്‍ ആദര്‍ശമെന്നത് ഒരാളല്ല, മറിച്ച് മുഴുവന്‍ മനുഷ്യരെയും സ്വന്തം ശരാശരിക്കു മുകളിലേക്ക് ഉയര്‍ത്തുന്ന മഹത്തായ ഒരു സാമൂഹ്യശക്‌തിയാണ്. സാമുഹ്യ പ്രവര്‍ത്തനത്തിന്റെ ആ വിശാല പശ്‌ചാത്തലത്തെ പരിഗണിക്കാതെ, ആദര്‍ശത്തിന്റെ ആദിയും അന്ത്യവുമായി വ്യക്‌തികളെ മാത്രമായി ആരാധിക്കുന്നത്, ആദര്‍ശത്തിന്റെയും സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും 'വൈരുധ്യാത്മകതയെ' വിസ്‌മരിക്കലായിരിക്കും.
*
കെ ഇ എൻ
Subscribe to:
Post Comments (Atom)
3 comments:
'ഉള്ളതുമതി' എന്നതാണ് അരാഷ്‌ട്രീയതയുടെ ഉള്ളടക്കമെങ്കില്‍ ഇനിയുമിനിയും നിലവിലുള്ളതിനുമപ്പുറത്തേക്ക് എന്നുള്ളതാണ് രാഷ്‌ട്രീയത്തിന്റെ ഉള്ളടക്കം. 'അരാഷ്‌ട്രീയം' എന്നുള്ളതുകൊണ്ട് 'രാഷ്‌ട്രീയം ഇല്ലാത്ത' ഒരവസ്‌ഥ എന്നല്ല, വ്യവസ്‌ഥാവിരുദ്ധ രാഷ്‌ട്രീയത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന വലതുപക്ഷ രാഷ്‌ട്രീയം എന്നാണു വിവക്ഷിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 'അരാഷ്‌ട്രീയത' വ്യവസ്‌ഥാപിത വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ പരോക്ഷ സംരക്ഷണമാണ് നിരന്തരം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രീയത്തെയാകെ നിരാകരിക്കുന്നു എന്ന പ്രതീതി സൃഷ്‌ടിച്ചുകൊണ്ട് അവര്‍ ഇടതുപക്ഷ രാഷ്‌ട്രീയത്തെ തന്നെയാണ് ആക്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിലുള്ള അധികാര വ്യവസ്‌ഥ അഭംഗുരം തുടരാനുള്ള വ്യവസ്‌ഥാനുകൂലികളുടെ ആഗ്രഹമാണ് അരാഷ്‌ട്രീയവാദമായി ഇന്നാഘോഷിക്കപ്പെടുന്നത്.
കെ ഇ എൻ എഴുതുന്നു
dear workers forum,
This KEN is an NDF MAN.. ndf IS WITH UDF.. wE CAN UNDERSTAND HIS POLITICS BECAUSE, NDF IS SUPPORTING udf.. ACTUALLY ken IS AN ANTI COMMUNIST.. pEOPLE DECIDES IN AN ELECTION NOT THE COMMITTEE.. SO.. KINDLY AVAOID THE ARTICLE OF ken IN UR BLOG.. IT WILL NOT HELP ldf.. iT WILL HELP ONLY udf AND ULTIMATELY THE IMPERIALIST..
NAYAJA
ken kunjahammed is having the opinion that any body not respo
nding to the current politics are
"mandabudhikal".. He now responds like a tiger.. Why.. he has something to loose.. he has been appointed by the cultural minister, eventhough he has no culture, in the state capital..
KEN is a terrorist because, he is always with NDF and their outfits.. Kindly avoid his utteringsw in ur blog.. sure his articlles will harm the Left forces in kerala..
Post a Comment