Tuesday, April 14, 2009

മാന്ദ്യകാലയളവില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍......

പ്രശസ്‌ത സാമ്പത്തിക ശാസ്‌ത്രകാരനായ പ്രഭാത്പട്നായിക്കുമായുള്ള സംഭാഷണം

ചോദ്യം: സ്വതന്ത്ര വിപണി സങ്കല്‍പം മുന്നോട്ടു വച്ചുകൊണ്ട് കഴിഞ്ഞ രണ്ടു ദശകക്കാലത്തിലേറെയായി ആഗോളമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍നയങ്ങള്‍ ലോകത്തെ മാന്ദ്യത്തിലേക്ക് നയിച്ചിരിക്കുന്ന സാഹചര്യത്തില്‍, 'സ്ഥിതി സമത്വം' സമൂഹത്തില്‍ തിരികെവരുമെന്ന് പ്രതീക്ഷിക്കാമോ?

ഉത്തരം: ഇല്ല, കമ്പോള വ്യവസ്ഥതന്നെ ഇതിന് പരിഹാരം കൊണ്ടുവരുമെന്നാരും കരുതേണ്ട. എന്നാല്‍ ഈ പ്രതിസന്ധി പുരോഗമന ശക്തികള്‍ക്ക് ഈ വ്യവസ്ഥിതിയില്‍ ശക്തമായി ഇടപെടാനും ലോകക്രമത്തെ "സ്ഥിതിസമത്വ''ത്തിലേക്ക് തിരിക്കാനും കഴിയുന്ന ഒരവസരമാണ് സൃഷ്ടിച്ചിട്ടുളളത്. അതത്ര എളുപ്പമാണെന്നാരും കരുതേണ്ട. മുതലാളിത്തത്തിന്റെ പുനഃസംഘാടനത്തെ എക്കാലവും ധനമൂലധനം എതിര്‍ത്തിട്ടേയുളളു. അതുകൊണ്ട് തൊഴിലാളി വര്‍ഗ്ഗമേല്‍ക്കയ്യില്‍ പുരോഗമന ശക്തികള്‍ ധനമൂലധനവുമായി നടത്തിവരുന്ന പോരാട്ടത്തില്‍ നമുക്ക് പ്രതിക്ഷയര്‍പ്പിക്കാം. ആ പോരാട്ടത്തില്‍ നമുക്കും പങ്കാളികളാകാം. ആഗോളമാന്ദ്യം നമുക്ക് നല്ലൊരവസരമാണ് ഒരുക്കിത്തരുന്നത് എന്ന് തിരിച്ചറിഞ്ഞുകൊള്‍ക.

ചോദ്യം: ഭരണകൂടം അപ്രസക്തമാണെന്നാണല്ലോ നവലിബറല്‍ വാദികള്‍ പ്രചരിപ്പിച്ചിരുന്നത്. പുതിയ ലോകസാഹചര്യങ്ങളില്‍ അവരുടെ വാദഗതികളോട് താങ്കളെങ്ങനെയാണ് പ്രതികരിക്കുന്നത് ?

ഉത്തരം: നോക്കൂ! ( അവര്‍ പറയുന്നതുപോലെ) ഒരുകാലയളവിലും ഭരണകൂടം അപ്രസക്തമായിട്ടില്ല. ഭരണകൂടമില്ലാതെ മുതലാളിത്തത്തിന് നിലനില്പില്ല. ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയോടുകൂടിയാണ് സ്വതന്ത്ര വിപണിപോലും പ്രവര്‍ത്തിക്കുന്നത്. കമ്പോള ശക്തികള്‍ പറയുന്നത് ഭരണകൂടം ധനമൂലധനത്തിന് സഹായകരമായ വിധത്തില്‍ ഇടപെടണമെന്നാണ്. ഭരണകൂടത്തിന്റെ ഇടപെടലിന്റെ സ്വഭാവത്തെക്കുറിച്ചാണവര്‍ സൂചിപ്പിക്കുന്നത്. മാന്ദ്യ കാലയളവില്‍ കമ്പോളശക്തികളേ രക്ഷപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ ഒന്നിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഭരണകൂടങ്ങള്‍ക്ക് അത്തരമൊരു നിലപാടെടുക്കുവാന്‍ കഴിയുമോ? ദുരിതമനുഭവിക്കുന്ന ജനങ്ങളെ വിസ്‌മരിച്ചുകൊണ്ട് ചില കത്തുകളെ മാത്രം സഹായിക്കാന്‍ അവര്‍ക്കാവുകയില്ല. വര്‍ഗ്ഗസമരമാണ് വര്‍ത്തമാനകാലത്തിലെ ഭരണകൂടത്തിന്റെ റോള്‍ നിര്‍ണയിക്കാന്‍ പോവുന്നത്.

ചോദ്യം: അമേരിക്കുകയും യൂറോപ്പിലുമൊക്കെ ഭരണകൂടങ്ങള്‍ ചിലസ്ഥാപനങ്ങളെ രക്ഷപ്പെടുത്താനായി നികുതി പണം ഉപയോഗപ്പെടുത്തുന്നില്ലേ. ചിലര്‍ ഇതിനെ രക്ഷാപദ്ധതികല്‍ എന്ന് വിശേഷിപ്പിക്കുന്നു. ചിലര്‍ ലോകം കെയിനീഷ്യനിസത്തിലേക്ക് തിരികെ പോവുകയാണെന്നു പറയുന്നു. മറ്റു ചിലര്‍ ഈ നടപടികളെ ദേശസാല്‍ക്കരണമെന്നു വിശേഷിപ്പിക്കുന്നു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത് ?

ഉത്തരം: ഈ നടപടികളെ ദേശസാല്‍കരണമെന്നു വിശേഷിപ്പിക്കാനാവില്ല. ധനസ്ഥാപനങ്ങളുടെ ദേശസാല്‍ക്കരണമെന്ന് പറഞ്ഞാല്‍ ഭരണകൂടം ധനമേഖലയെ ഏറ്റെടുക്കലാണ്. അമേരിക്കയിലും യൂറോപ്പിലുമിന്ന് നടപ്പിലാക്കുന്നതു ഇതല്ല. ഒബാമ ചില ഏജന്‍സികളെ കൊണ്ട് ധനസ്ഥാപനങ്ങളുടെ പക്കലുളള വിഷമയമായ ആസ്‌തികള്‍ ഏറ്റെടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനെ നമുക്ക് ദേശസാല്‍ക്കരണമെന്ന് വിശേഷിപ്പിക്കാനാവില്ല.

ബാങ്കുകള്‍ ഒരാള്‍ക്ക് നൂറു രൂപ വായ്പ നല്‍കി എന്നിരിക്കട്ടെ. അയാളുടെ പക്കല്‍ ഇപ്പോള്‍ 20 രൂപയുടെ ആസ്തിയേയുളളു. ആരാണ് ഈ എണ്‍പതു രൂപയുടെ നഷ്ടം സഹിക്കുക. സ്ഥാപനങ്ങള്‍ക്കുണ്ടായിട്ടുളള ഈ നഷ്ടം നികുതി പണം ഉപയോഗിച്ച് തല്‍ക്കാലം നികത്തിക്കൊടുക്കുകയാണ്. "വിഷലിപ്തമായ ആസ്തികള്‍'' അവയുടെ പക്കല്‍ നിന്നും തല്‍ക്കാലം ഭരണകൂടം വാങ്ങുകയാണ്. സ്ഥിതി മെച്ചപ്പെടുമ്പോളതവര്‍ക്ക് തന്നെ തിരികെ നല്‍കാനാണ് പ്ളാന്‍. പക്ഷേ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് സമ്പാദ്യവും, വീടും, തൊഴിലുമൊക്കെ നഷ്ടമായിരിക്കുന്നു. ഇവരെ സഹായിക്കാനുളള പദ്ധതി കൂടിയുണ്ടാവണമെന്നാണവര്‍ ആവശ്യപ്പെടുന്നത്. ഇതിന് ഭരണകൂടങ്ങള്‍ തയ്യാറായിട്ടില്ല. എന്തു തന്നെയായാലും ഇപ്പോള്‍ അവര്‍ എടുക്കുന്ന നടപടികളെ ദേശസാല്‍ക്കരണമെന്ന് വിളിക്കാനാവില്ല. ദേശസാല്‍ക്കരണമെന്നാല്‍ ഇപ്പോഴത്തെ അവരുടെ ഭരണനയങ്ങളാകെ മാറ്റുക എന്നതാണ്. അതവിടെ സംഭവിക്കുന്നില്ല.

ചോദ്യം: സാമ്രാജ്യത്വ ശക്തികള്‍ കെയ്‌നീഷ്യനിസവുമായി വരുമ്പോള്‍ തൊഴിലാളി വര്‍ഗ്ഗം എങ്ങനെയാണ് പ്രതികരിക്കേണ്ടത്.?

ഉത്തരം: നോക്കൂ! സാമ്രാജ്യത്വം കെയ്‌നീഷ്യനിസ്റുകളായി എന്ന് പറയാനാവില്ല. കെയ്‌നീഷ്യനിസം പറയുന്നത്' "സര്‍ക്കാര്‍ കൂടുതല്‍ ചിലവിട്ടുകൊണ്ട് സമ്പദ്ഘടനയെ രക്ഷപ്പെടുത്തണമെന്നാണ്.'' അതു ഇതുവരെയും സംഭവിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പോലും ആ വഴിക്ക് നീങ്ങിയിട്ടില്ല. രണ്ടുകാര്യങ്ങളാണ് ചെയ്യാന്‍ കഴിയുക. ഒന്നാമത്തെ മാര്‍ഗ്ഗം സര്‍ക്കാരിന്റെ ചിലവു കൂട്ടുക എന്നതാണ്. രണ്ടാമത്തെ മാര്‍ഗ്ഗം നികുതി വെട്ടിക്കുറക്കലാണ്. ഒബാമ നികുതി വെട്ടിക്കുറച്ചു എങ്കിലും, ഫലമൊന്നുമുണ്ടായില്ല. സാധനങ്ങളുടെ വിലകുറഞ്ഞാല്‍ ജനങ്ങള്‍ കൂടുതല്‍ പണം ചെലവഴിക്കുമെന്നാരും കരുതേണ്ട. ഞാന്‍ ചിലകാര്യങ്ങള്‍ വാങ്ങാനായി 100 രൂപ ചിലവഴിക്കുന്നുണ്ടെന്ന് കരുതുക.അതിന്റെ വില എണ്‍പതായി കുറഞ്ഞാല്‍ ബാക്കി തുകയായ ഇരുപത് രൂപ ഞാന്‍ പോക്കറ്റിലിടുകയേയുളളു. ഇത്തരം നടപടി കൊണ്ടൊന്നും സമ്പദ്ഘടനയെ രക്ഷപ്പെടുത്താനാവില്ല. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയത്തക്കവിധത്തില്‍ ഭരണകൂടം ഇടപെടുക എന്നതാണ് കെയ്‌നീഷ്യനിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതോടൊപ്പം തന്നെ ധനമേഖല സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയും വേണം. സര്‍ക്കാര്‍ ഇടപ്പെട്ട് തൊഴിലുകള്‍ സൃഷ്ടിക്കലും, ധനമേഖലയെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരലുമാണ് കെയ്‌നീഷ്യനിസത്തിലെ കാതലായ നടപടികള്‍. തല്‍ക്കാലം പിടിച്ചു നില്‍ക്കാന്‍ വേണ്ടി മുതലാളിത്തം ചില നടപടികള്‍ എടുക്കുന്നു എന്നതിനപ്പുറം അവരുടെ നയങ്ങളില്‍ കാതലായ മാറ്റം വന്നുവെന്ന് നമുക്ക് കണക്കാക്കാനാവില്ല.

ചോദ്യം: കെയ്‌നീഷ്യനിസത്തിലേക്ക് മടങ്ങലാണ് ഏക പോംവഴി എന്ന വാദഗതിക്ക് ലോകമാകെ ശക്തിയാര്‍ജ്ജിച്ചു വരികയാണല്ലോ. നമ്മുടെ രാജ്യത്തും ഇടതുപക്ഷചിന്താഗതിക്കാരില്‍ ഈ വാദത്തിന് വേരോട്ടമുണ്ടായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ '' സോഷ്യലിസമാണ് ബദല്‍'' എന്ന മുദ്രാവാക്യമല്ലേ നാം ഉയര്‍ത്തേണ്ടത്? ഇതിനായി സര്‍വ്വദേശീയമായി ഒരു മുന്നേറ്റം സൃഷ്ടിക്കേണ്ടതല്ലേ?

ഉത്തരം: അവര്‍ അങ്ങനെയൊരു മുദ്രാവാക്യം ഉന്നയിക്കുന്നുണ്ടോ? അങ്ങനെ ഉണ്ടെന്നിരിക്കട്ടെ. നമ്മള്‍ '' സോഷ്യലിസമാണ് ബദല്‍ '' എന്നമുദ്രാവാക്യം ഉയര്‍ത്തേണ്ടതില്ല. നേരെ മറിച്ച് വര്‍ത്തമാനകാല പ്രതിസന്ധിക്ക് പരിഹാരംകാണാനാണ് നാം ശ്രമിക്കേണ്ടത്. റഷ്യയില്‍ ''ബോള്‍ഷേവിക് വിപ്ളവം'' നടന്നത് 'സോഷ്യലിസം എന്ന മുദ്രാവാക്യമുയര്‍ത്തിയല്ല. മറിച്ച് ഒരു തുണ്ട് ഭൂമിക്കും അപ്പത്തിനും വേണ്ടിയായിരുന്നു അവര്‍പോരാടിയത്.

നമ്മള്‍ ഇടതുക്ഷം എന്ന രൂപത്തില്‍ സമ്പദ്ഘടനയെ രക്ഷിക്കുവാനായി കൂടി ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ സമ്പദ്ഘടനയേയും ലോകസമ്പദ്ഘടനയെയും രക്ഷിക്കുക എന്ന മുദ്രാവാക്യം നമുക്കുയര്‍ത്താം. പക്ഷേ ഒരു ബൂര്‍ഷ്വാഭരണ കൂടത്തിന് രാജ്യത്തെയും സമ്പദ്ഘടനയെയും രക്ഷപ്പെടുത്താനാവില്ല . ധനമൂലധനത്തെ നിയന്ത്രിച്ചുകൊണ്ടല്ലാതെ ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തിന് കരകയറാനാവില്ല. നിങ്ങള്‍ക്കറിയുമോ, രണ്ടാം ലോകമഹായുദ്ധത്തിന്ശേഷം മാത്രമാണ് കെയനീഷ്യനിസത്തിനു തന്നെ പണ്ട് അംഗീകാരം ലഭിച്ചുളളു. ജോണ്‍ മെയ്‌നാർഡ് കെയിന്‍സ് ഈ ആശയഗതി മുന്നോട്ടുവച്ചപ്പോള്‍ ആര്‍ക്കുമതു സ്വീകാര്യമായിരുന്നില്ല. ഒരു മഹായുദ്ധത്തിന് ശേഷമാണ് കെയിന്‍സിന്റെ ആശയഗതികള്‍ക്ക് സ്വീകാര്യതയുണ്ടായത്. പ്രതിസന്ധിയുടെ അടിത്തട്ടില്‍ എത്തിയ ശേഷം മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതായതുകൊണ്ടാണ് മുതലാളിത്ത ലോകങ്ങള്‍ കെയ്‌നീഷ്യനിസം സ്വീകരിച്ചത്.

എന്നാല്‍ ഒരു സോഷ്യലിസ്റ് കാഴ്ചപ്പാടുളള ഭരണകൂടത്തിന് രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റാനാവും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഇതിനൊരുദാഹരണമാണ്. മാന്ദ്യത്തെ മറികടക്കാനായി ഒരു പദ്ധതിയുണ്ടാക്കി ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കണം. ആ പദ്ധതിക്കും മുദ്രാവാക്യത്തിനും കീഴില്‍ ജനങ്ങളെ അണിനിരത്തണം. അതാണ് നമുക്ക് കരണീയമായിട്ടുളളത്.

ചോദ്യം: സാമ്രാജ്യത്വം ജനങ്ങളെ ചൂഷണം ചെയ്യുന്നതിനുപയോഗിക്കുന്ന മാര്‍ഗ്ഗങ്ങള്‍ തന്നെ അവലംബിച്ചുകൊണ്ട് ആഗോളവല്‍ക്കരണത്തെ ചെറുക്കുവാനാവുമോ?

ഉത്തരം: ഇല്ല, ഒരിക്കലുമില്ല. എനിക്ക് തോന്നുന്നത് സോഷ്യലിസ്റു ചിന്താഗതിക്കാരുടെ മുന്നില്‍ വലിയൊരവസരമാണ് ലഭ്യമായിട്ടുളളത്. നമ്മള്‍ മുന്നോട്ടുവക്കുന്ന സാര്‍വ്വദേശീയ നിലപാടുകള്‍ ഇപ്പോള്‍ മുന്നോട്ടു വക്കേണ്ടതുണ്ട്. ആഗോളവല്‍ക്കരണ നടപടികളുടെ ദൂഷ്യം ഇപ്പോള്‍ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് മനസ്സിലാകും. അതിനായി ട്രെയിഡു യൂണിയന്‍ ഇന്റര്‍നാഷണല്‍ നിലവിലില്ല എങ്കിലും സാമ്രാജ്യത്വ വിരുദ്ധനിലപാടുകള്‍ അതാതിടത്തു വ്യക്തമാക്കാന്‍ നമുക്കാവും.

ചോദ്യം: കഴിഞ്ഞ കാലഅനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യലിസ്റ് പാതയില്‍ എന്തു മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് ?

ഉത്തരം: ഇതൊരു കുഴക്കുന്ന ചോദ്യമാണ്. ഇതിനായി പലവിഷയങ്ങള്‍ നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഒന്നാമത് പരിഗണിക്കേണ്ടത് സോവിയറ്റ് യൂണിയന്റെ അനുഭവമാണ്. രണ്ടാമതായി പുതിയസാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്. എന്തുതന്നെയായാലും തൊഴിലാളിവര്‍ഗ്ഗമാണ് പ്രധാനറോള്‍ കൈകാര്യം ചെയ്യേണ്ടത്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയും വേണം. അതിനായി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന്റെ മൂര്‍ത്തീഭാവമായിരിക്കണം. അത് ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളേക്കാള്‍ ജനാധിപത്യപരമായിരിക്കണം. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ചും, മൂര്‍ത്തമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തിയും, ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുമാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ മുന്നേറേണ്ടത്. ഭാവി അവയുടേതു മാത്രമാണ്.

***

(പ്രശസ്ത സാമ്പത്തിക ശാസ്ത്രകാരനായ പ്രഭാത്പട്നായിക്കുമായി സജി വര്‍ഗ്ഗീസും പാലക്കാട്ടെ ബി.ഇ.എഫ്.ഐ, - എ.ഐ.ഐ.ഇ.എ സഖാക്കളും നടത്തിയ അഭിമുഖം)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ചോദ്യം: കഴിഞ്ഞ കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യലിസ്റ് പാതയില്‍ എന്തു മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത് ?

ഉത്തരം: ഇതൊരു കുഴക്കുന്ന ചോദ്യമാണ്. ഇതിനായി പലവിഷയങ്ങള്‍ നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. ഒന്നാമത് പരിഗണിക്കേണ്ടത് സോവിയറ്റ് യൂണിയന്റെ അനുഭവമാണ്. രണ്ടാമതായി പുതിയസാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ്. എന്തുതന്നെയായാലും തൊഴിലാളിവര്‍ഗ്ഗമാണ് പ്രധാനറോള്‍ കൈകാര്യം ചെയ്യേണ്ടത്. ജനങ്ങളെ ഒപ്പം നിര്‍ത്തുകയും വേണം. അതിനായി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനങ്ങള്‍ ജനാധിപത്യത്തിന്റെ മൂര്‍ത്തീഭാവമായിരിക്കണം. അത് ബൂര്‍ഷ്വാ പ്രസ്ഥാനങ്ങളേക്കാള്‍ ജനാധിപത്യപരമായിരിക്കണം. പ്രത്യയശാസ്ത്രത്തെ മുറുകെ പിടിച്ചും, മൂര്‍ത്തമായ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളെ ശാസ്ത്രീയമായി വിലയിരുത്തിയും, ജനാധിപത്യപരമായി പ്രവര്‍ത്തിച്ചുമാണ് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ മുന്നേറേണ്ടത്. ഭാവി അവയുടേതു മാത്രമാണ്.

***

പ്രശസ്ത സാമ്പത്തിക ശാസ്ത്രകാരനായ പ്രഭാത്പട്നായിക്കുമായി നടത്തിയ അഭിമുഖം

*free* views said...

Keynesian principles are bad even in freemarket ideals and in Socialist ideals. Keynesian principles only creates more bigger bubbles that creates much bigger problems. It is like taking medicines to remove the symptoms when actual problem is growing.

I interpret the answers as supporting Keynesian principles for economic recovery. If we think that it is to help people now, it is wrong attitude. Because the public money that is spent (quantitative easing and bailouts, tarp , etc) first goes to save the rich shareholders and very less goes to employees. I know it is painful for employees to lose jobs, but there are no alternatives. Inflated economy should shrink and suffering during this is inevitable. What we should resolve is not to let the rich create bubbles like this again.

Freemarkets in its pure form is totally against keynesian principles and bailouts. I support pure freemarkets above the hotch potch socialist, capitalism that we have. Either go pure communism or pure freemarket. Problem with freemarket is that it encourages greed, selfishness and ruthlessness. Those supporters of pure freemarket should understand that keynesian principles are creation of freemarket greed.

Public money should not be spent to bailout Rich companies. Companies are not saviours of employees and we should not support them so that employees gets jobs. Very very little of company wealth goes to employees.

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഫ്രീ

കെയ്നീഷ്യനിസത്തെക്കുറിച്ചുള്ള ഒരു ലേഖനം ഇവിടെ ഉണ്ട്
http://workersforum.blogspot.com/2009/04/blog-post_26.html