പീഡിതര്‍ മൌനികളായി പീഡനം സഹിക്കുന്നു
പീഡകര്‍ സ്വസ്ഥരായി ടെലിഫോണില്‍ സംസാരിക്കുന്നു
വെറുപ്പ് ഉപചാരപ്രകടനം നടത്തുന്നു
ഞാന്‍ വിചാരിച്ചു തുടങ്ങുന്നു.
ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്നു
എനിക്കറിഞ്ഞുകൂടെന്ന്
എഴുതു, ഞാന്‍ എന്നോടു പറയുന്നു.
നിന്റെ ചങ്ങാതികളായ സ്‌ത്രീപുരുഷന്മാരെ
ശൂന്യതയിലേയ്ക്ക് നയിച്ചിട്ട്
ഒന്നുമറിഞ്ഞില്ലെന്നു നടിക്കുന്നവരെ വെറുക്കൂ.
ശത്രുക്കളുടെ പട്ടികയില്‍
നിന്റെ പേരും എഴുതിച്ചേര്‍ക്കൂ. "
(ബ്രെഹ്റ്റ് വിവര്‍ത്തനത്തെപ്പറ്റി ഫ്രാങ്കോ ഫോര്‍ട്നി ,പരിഭാഷ സച്ചിദാനന്ദന്‍)
മലയാളിയുടെ തലയ്‌ക്കുമുകളില്‍ തൂങ്ങുന്ന ഒരു പരസ്യവാചകമാണ് ഈ ലേഖനത്തിന്റെ തലക്കെട്ടായി സ്വീകരിച്ചിരിക്കുന്നത്. ഞെട്ടിപ്പോയി, ആരാണ് ഇത്തരത്തില്‍ മലയാളിയുടെ പൊതുബോധത്തിന്റെ അളവെടുക്കാന്‍ ധൈര്യപ്പെട്ടത് ? വന്നുകൊണ്ടിരിക്കുന്ന മുടിഞ്ഞ കാലത്തെ വിളിച്ചുപറയുന്ന ശരപക്ഷിയായിട്ടാണോ ഈ പരസ്യപ്പലക ഒരു ചൂണ്ടുപലകയായി പ്രത്യക്ഷപ്പെട്ടത് ?
കേരളസമൂഹം നടന്നുവന്നത് ചോരയും കണ്ണീരും നനഞ്ഞ, അതിന്റെ പശിമ ചൂടും ചൂരും നല്‍കുന്ന വഴികളിലൂടെയാണ്. അത് സ്നേഹബന്ധത്താല്‍, സംഘബോധത്താല്‍, പൊതുബോധത്താല്‍ ഒട്ടിപ്പിടിക്കുന്നതുമാണ്. അല്ലാതെ നിന്റെ ജീവിതത്തില്‍ എനിക്കും എന്റെ ജീവിതത്തില്‍ നിനക്കും എന്ത് പങ്ക് എന്ന് വഴുക്കിപ്പോകുന്ന വഴികളിലൂടെയല്ല. എന്നിരിക്കിലും ജാഗ്രതയോടെയിരിക്കാനുള്ള കാലം കൂടിയാണിത്. മലയാളിയുടെ പൊതുബോധത്തെയും രാഷ്‌ട്രീയവിവേകത്തെയും വര്‍ഗീയതയുടെയും ജാതിതാല്പര്യങ്ങളുടേയും പുരാതന അടുക്കുകളിലേക്ക് തിരിച്ചുപിടിക്കാമെന്ന് ആരൊക്കെയോ മോഹിക്കുന്നുണ്ട് ? ആരൊക്കെയോ ചരടുവലിക്കുന്നുണ്ട് ? അതങ്ങ് മംഗലൂരല്ലേ എന്ന് നിസംഗരായിരിക്കാന്‍ നമുക്ക് കഴിയില്ല. അവിടെ മലയാളികള്‍ ധാരാളമുണ്ടെന്നുള്ളതുകൊണ്ടോ, അവിടുത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികളാണ് ഭൂരിപക്ഷവും എന്നതുകൊണ്ടോ മാത്രമല്ല, ലോകത്തെവിടെ അനീതി നടന്നാലും ശബ്‌ദമുയര്‍ത്താന്‍ മലയാളിക്ക് കരുത്തുണ്ട് എന്നതുകൊണ്ടുകൂടിയാണ്.
പഠിക്കാനും ജോലിയെടുക്കാനും വിനോദിക്കാനും പുറത്തേക്കിറങ്ങുന്ന നിങ്ങളുടെ പിന്നാലെ, നിങ്ങളുടെ മകളുടെയോ മകന്റെയോ പിന്നാലെ 'സദാചാര'ത്തിന്റെ പോലീസുകാർ ഉണ്ടാകാം. കുറഞ്ഞപക്ഷം നിങ്ങളുടെ കുട്ടി പഠിക്കുന്നത് പള്ളിസ്‌കൂളില്‍ തന്നെയല്ലേ എന്ന അന്വേഷണം ഉണ്ടായി എന്നുവരാം. സ്വതന്ത്ര ഇന്ത്യവാഗ്ദാനം ചെയ്യുന്ന മതേതരമൂല്യങ്ങളും ജനാധിപത്യവകാശങ്ങളും ഊടും പാവുമായി സുരക്ഷനല്‍കുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തണമെങ്കില്‍ ചിലപ്പോഴെങ്കിലും ഭരണഘടനയെടുത്തു വായിക്കേണ്ടിവരും എന്ന നിലയിലാണ് വര്‍ഗീയവെളിച്ചപ്പാടുകളുടെ കോമരം തള്ളല്‍. നോക്കൂ ഒരു പ്രസ്താവന, "വാലന്റൈന്‍ഡേ എന്നു പറഞ്ഞ് പരസ്യമായി പ്രണയപ്രകടനം നടത്തുന്ന ഇണകളെ കൈകാര്യം ചെയ്യും. കുങ്കുമവും മംഗല്യസൂത്രവുമായി സഞ്ചരിക്കുന്ന പുജാരികള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ഇത്തരം ഇണകളെ നേരെ അടുത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിപ്പിക്കും''. പ്രമോദ്മുത്തലിക്ക് എന്ന ശ്രീരാമസേനാ നേതാവിന്റെ മൊഴികളാണിത്. വിവിധ മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മതമോ ജാതിയോ ഇല്ലാത്തവരുടെയും ബഹുസ്വരങ്ങള്‍ക്ക് ഒരേ പ്രാധാന്യം നല്‍കുന്ന ജനാധിപത്യ ഇന്ത്യയിലെ ഒരു പ്രധാനരാഷ്‌ട്രീയകക്ഷിയുടെ പോഷകസംഘടനയുടെ നേതാവ് ഒരു കൂസലുമില്ലാതെ നമ്മുടെ പ്രജ്ഞയിലേക്ക് ഊതിയെറിയുന്ന ഈ തീക്കാറ്റ് നീറിപ്പിടിക്കാതെ നോക്കേണ്ട ബാധ്യതയും ഇത്തരം ചിന്തകള്‍ വെറും കരിക്കട്ടകളാണെന്നും അവ ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ നിശ്ചേഷ്‌ഠം കിടക്കേണ്ടതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട്. വീടിനുപുറത്ത് പെണ്‍കുട്ടികള്‍ എവിടെ പോകുന്നു? ആരോട് സംസാരിക്കുന്നു? അവരുടെ ജാതിയെന്ത്? മതമെന്ത്? എന്നിങ്ങനെ തിരിഞ്ഞുനോക്കുന്ന സാംസ്കാരിക/സദാചാരപോലീസുകാര്‍ക്ക് ഭരണകൂടം തന്നെ ഒത്താശ ചെയ്‌തുകൊടുക്കുന്ന ഈ തലതിരിഞ്ഞ കാലത്ത് നമുക്ക് സ്വസ്ഥരായി റിയാലിറ്റിഷോകള്‍ കണ്ട് കാലം കഴിക്കാന്‍ കഴിയുമോ? ഈ പീഡകരേക്കാള്‍ വലിയ കുറ്റവാളികളായി ചരിത്രം നമ്മെ ചിത്രീകരിക്കും തീര്‍ച്ച.
കര്‍ണാടകയിലെ മംഗലൂരില്‍ അടുത്ത കാലത്തായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് കാടത്തം ആകസ്‌മികമോ ഒറ്റപ്പെട്ടതോ അല്ല. ആദ്യം നമ്മുടെ കാഴ്‌ചയെയും കേള്‍വിയെയും ഞെട്ടിച്ചുകൊണ്ട് പബ്ബുകളില്‍ നിന്ന് പെണ്‍കുട്ടികളെ അടിച്ചോടിച്ചുകൊണ്ടാണ് ശ്രീരാമസേന മാധ്യമങ്ങളില്‍ നിറഞ്ഞത്. കാസര്‍ഗോഡുനിന്ന് മംഗലൂര്‍ക്ക് കോളേജില്‍ പഠിക്കാന്‍ പോയ സി എച്ച് കുഞ്ഞമ്പു എം എല്‍ എയുടെ മകള്‍ ശ്രുതിയെ സുഹൃത്തിനൊപ്പം ബസില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായ മാനസിക ശാരീരിക പീഡനങ്ങള്‍ക്ക് വിധേയരാക്കിയതും ഏറ്റവും ഒടുവിലായി ശ്രീരാമസേനയുടെ പീഡനത്തില്‍ മനംനൊന്ത് അശ്വനി എന്ന ഒന്‍പതാംക്ളാസ്സുകാരി ആത്മഹത്യ ചെയ്‌തവാര്‍ത്തയും നമ്മെ തേടിയെത്തി.
എന്താണ് സദാചാരവാദികളെ പ്രകോപിതരാക്കിയത് ? ഒന്ന്, പെണ്‍കുട്ടികള്‍ പൊതുസ്ഥലത്ത് സ്വതന്ത്രമായി ഇടപെടുന്നു. രണ്ട്, ആണ്‍കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുകയോ തുല്യനിലയില്‍ പെരുമാറുകയോ ചെയ്യുന്നു. മൂന്ന്, അന്യമതക്കാരുമായി സഹവര്‍ത്തിക്കുന്നു.
ഇതിലേതാണ് ഒരു ദേശരാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യന്‍ ഭരണഘടന ഭാരതപൌരര്‍ക്ക് വിലക്കിയിട്ടുള്ളത് ? നിയമം കയ്യിലെടുത്തു കാടത്തം കാട്ടുന്ന ശ്രീരാമസേന ഒരു കൂട്ടം മനോരോഗികളുടെയോ കുറ്റവാളികളുടെയോ സംഘം എന്ന നിലയില്‍ നമുക്ക് തള്ളിക്കളയാനാവില്ല. ഇതിനെ ചരിത്രപരവും സസൂക്ഷ്‌മവുമായി തയ്യാറാക്കിയ ഒരു രാഷ്‌ട്രീയ അജണ്ടയുടെ കൃത്യനിര്‍വ്വഹണമായി വേണം കാണാന്‍.
നാഗ്‌പൂരില്‍ നന്ന ഭാരതീയജനതാപാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് യോഗം അയോദ്ധ്യയില്‍ രാമക്ഷേത്രം പണിയും എന്ന അജണ്ട വര്‍ത്തമാനകാലരാഷ്‌ട്രീയത്തിലേക്ക് പ്രധാന ചര്‍ച്ചയായി അവതരിപ്പിച്ചതും ശ്രീരാമസേനയുടെ വിളയാട്ടവും ഒരേ കാലത്തു നടന്നുവെന്നതും നിസ്സാരമായതല്ല.
രാമക്ഷേത്രനിര്‍മ്മാണം ഹിന്ദുവിന്റെ പൊതുആവശ്യമാണെന്ന ധാരണ സങ്കുചിത വ്യത്യാസങ്ങള്‍ മറികടന്ന് വളര്‍ത്തിയെടുക്കാന്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണോത്സുക പ്രചാരവേലയിലൂടെ ബി ജെ പിയ്ക്ക് സാധിച്ചു. ഇന്ത്യയിലെ പല പ്രദേശങ്ങളിലും പ്രത്യേകിച്ചും തെക്കും കിഴക്കും മേഖലകളില്‍, രാമന്‍ ഒരു ജനപ്രിയ ആരാധനാമൂര്‍ത്തിയല്ല. എന്നാല്‍ ഇവിടെങ്ങളില്‍പോലും രാമനെ ആരാധിക്കുകയെന്നത് ഹിന്ദുവിശ്വാസത്തിന്റെ പ്രധാനഭാഗമായി മാറ്റാന്‍ രാമക്ഷേത്രപ്രചാരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.
1988 സെപ്തംബര്‍ 30 ലെ രാമശിലാ പൂജ മുതല്‍ 1992 ഡിസംബര്‍ 6 ന് ബാബ്റിമസ്‌ജിദ് തകര്‍ത്തതുവരെ നടത്തിയ പൊതുയിടപെടലുകള്‍ അയോധ്യയുടെ പ്രതീകാത്മക അര്‍ത്ഥം വ്യക്തമാക്കാനും പ്രചരിപ്പിക്കാനും സംഘപരിവാര്‍നടത്തിയ ഹൈന്ദവത്ക്കരണ തന്ത്രത്തിന്റെ ഭാഗമായിരുന്നു. അയോധ്യയുടെ ദ്വയാര്‍ത്ഥം- ഹിന്ദുത്വബോധത്തിന്റെ പ്രതീകവും മുസ്ളീം അതിക്രമവും- ഈ ഇടപെടലുകളിലൂടെ സമൂഹത്തില്‍ ഉറപ്പിക്കപ്പെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം നല്‍കുന്ന ഐക്യബോധമാണ് ഇതില്‍ പ്രധാനമായത്. ഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതിലൂടെ ഒരു സാധാരണ മനുഷ്യന്‍ ദേശീയതയുടെ ഭാഗമായതുപോലെ. ഈ സവിശേഷതയാണ് അയോദ്ധ്യയെ കരുത്തുറ്റ സംഘടന തന്ത്രമാക്കിയത്. (ഡോ. കെ എന്‍ പണിക്കര്‍)
ഇന്ത്യന്‍ പൌരസമൂഹത്തില്‍ ഹിന്ദുക്കള്‍ / അഹിന്ദുക്കള്‍ എന്ന വിശ്വാസത്തെ സൃഷ്‌ടിച്ചെടുക്കുന്നതില്‍ മാത്രമല്ല ഈ വി എച്ച് പി തന്ത്രം വിജയിച്ചത് രാമനെ ഒരു രാഷ്‌ട്രീയ ബിംബമായി മാറ്റാനും കഴിഞ്ഞു. ശ്രീരാമനോടൊപ്പം സീതയും രാഷ്‌ട്രീയ ബിംബമാക്കപ്പെട്ടു. സീതയെ പോലെ സ്‌ത്രീ. രാമന്റെ പാദങ്ങളെ പിന്തുടരുന്നവള്‍, ചിന്താശേഷിയില്ലാത്തവര്‍, ചോദ്യം ചെയ്യാതെ അനുസരിക്കുന്നവള്‍, എത്ര പ്രാവശ്യം അഗ്നിയിലെറിഞ്ഞാലും മറുത്തൊന്നും പറയാത്തവള്‍, ഒടുവിലൊരു വിലാപഗാനമായി ഒടുങ്ങിയവൾ. ഒരു ഹിന്ദുകുടുംബം രാമകുടുംബം പോലെയാകണം എന്ന സന്ദേശം തന്നെയാണ് 'അയോദ്ധ്യ' മുന്നോട്ടുവയ്ക്കുന്നത്.
നാഗ്‌പൂരില്‍ നിന്ന് ലഭിക്കുന്ന സന്ദേശം ബി ജെ പി അതിന്റെ പ്രതിലോമവിഭാഗങ്ങളുമായി എല്ലാ അവസാനിപ്പിച്ച് ഹൃദയപൂര്‍വ്വം ഒട്ടിനില്ക്കുന്നതോ കീഴ്പ്പെടുന്നതോ ആണ്.
ആര്‍ എസ് എസില്‍ നിന്ന് ശ്രീരാംസേനയിലേക്ക്
സ്വാതന്ത്ര്യസമരത്തിലൂടെ കടന്നു പോകുമ്പോഴും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒരു ദേശരാഷ്‌ട്രമായി വികസിക്കുമ്പോഴും വൈദേശികാധിപത്യത്തെ തുരത്തുകയും അതിന്റെ കെടുതികളില്‍ നിന്ന് കയറുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനവും മാത്രമല്ല ഉണ്ടായത്. ഏത് തരത്തിലുള്ള ഒരു രാഷ്‌ട്രസങ്കല്പത്തിലേക്കാണ് നാം എത്തിച്ചേരേണ്ടതെന്ന് രാഷ്‌ട്രീയസംവാദവും ഒരുകൂട്ടലും ഒപ്പം നടന്നിരുന്നു. ഒരാധുനിക രാഷ്‌ട്രമായി ഇന്ത്യ മാറുന്ന പ്രക്രിയയില്‍ ഏത് തരത്തില്‍ ഇടപെടണമെന്ന് ഓരോ രാഷ്‌ട്രീയതാല്പര്യങ്ങള്‍ക്കും വ്യക്തമായ കാഴ്ചപ്പെടുകള്‍ രൂപം കൊള്ളുന്ന കാലം കൂടിയായിരുന്നു അത്. ജാതി, മതം, വംശം, ഭാഷ, പ്രദേശം തുടങ്ങി അതിവിസ്‌തൃതവും അസംഖ്യവുമായ ഒരു ബഹുരാഷ്‌ട്രാ സ്വഭാവമാണ് ഇന്ത്യയ്‌ക്കുള്ളത്. രാഷ്‌ട്രീയ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ 1920 കളോടെ തന്നെ മൂര്‍ത്തരൂപത്തില്‍ എത്തുന്നുണ്ട്. ഇന്ത്യയെ ഒരു മതാധിഷ്ഠിത ഹിന്ദുരാഷ്‌ട്രമാക്കി പരിവര്‍ത്തനം ചെയ്യണമെന്നാഗ്രഹിക്കുന്ന 'രാഷ്‌ട്രീയസ്വയം സേവക് സംഘ്' ഇക്കാലത്താണ് രൂപംകൊള്ളുന്നത്.
സര്‍സംഘചാലക് മാധവ് സദാശിവ് ഗോള്‍വാള്‍ക്കർ ഹിന്ദുരാഷ്‌ട്രത്തിന്റെ പ്രത്യയശാസ്‌ത്രം മുന്നോട്ടുവെയ്ക്കുന്നുണ്ട്. അദ്ദേഹം പറയുന്നു.
"ഹിന്ദുസ്ഥാനില്‍ നിലനിൽക്കുന്നത്, നിലനിൽക്കേണ്ടത് പ്രാചീന ഹിന്ദുസ്ഥാനില്‍ നിലനിൽക്കുന്നത്, നിലനിൽക്കേണ്ടത് പ്രാചീന ഹിന്ദുരാഷ്‌ട്രമാണ്. ഈ രാഷ്‌ട്രത്തില്‍ (ഹിന്ദുവംശം, മതം, സംസ്‌ക്കാരം, ഭാഷ) പെടാത്ത എല്ലാം യഥാര്‍ത്ഥ രാഷ്‌ട്രജീവിതത്തിന് പുറത്താകുന്നു... ഹിന്ദുസ്ഥാനിലെ വിദേശവംശങ്ങള്‍ ഒന്നുകില്‍ ഹിന്ദുസംസ്‌ക്കാരവും ഭാഷയും സ്വീകരിക്കണം. ഹിന്ദുമതത്തെ ആദരിക്കുകയും നമിക്കുകയും വേണം. ഹിന്ദുമതത്തെയും സംസ്‌ക്കാരത്തെയും മഹത്വവല്‍ക്കരിക്കയല്ലാതെ മറ്റൊരാശയവും സ്വീകരിക്കാതിരിക്കണം. ഹിന്ദുവംശത്തില്‍ ലയിച്ചുകൊണ്ട് അവരുടെ വേറിട്ട അസ്‌തിത്വം ഉരിഞ്ഞുകളയണം. അല്ലെങ്കിലോ അവര്‍ക്ക് രാജ്യത്തില്‍ കഴിയാം. ഹിന്ദുരാഷ്‌ട്രത്തിന് സമ്പൂര്‍ണമായി അടിയറവുപറഞ്ഞുകൊണ്ട് ഒന്നും അവകാശപ്പെടാതെ ഒരവകാശത്തിനും അര്‍ഹതയില്ലാതെ ഏതെങ്കിലും സവിശേഷമായ അംഗീകാരമില്ലാതെ, പൌരാവകാശങ്ങള്‍ പോലുമില്ലാതെ. അവര്‍ക്ക് ഒരുപോംവഴിയുമുണ്ടാകരുത്. നാം ഒരു പ്രാചീനരാഷ്‌ട്രമാണ്. പ്രാചീനരാഷ്‌ട്രങ്ങള്‍ ചെയ്യുന്നതുപോലെ, നമ്മുടെ രാഷ്ട്രത്തില്‍ ജീവിക്കാന്‍ തീരുമാനിച്ച വിദേശവംശങ്ങളെ നമുക്കുകൈകാര്യം ചെയ്യാം. നാം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതാണ് ഹിന്ദുത്വഅജണ്ടയുടെ യഥാര്‍ത്ഥ പ്രത്യയശാസ്‌ത്രം. ഈ പ്രത്യയശാസ്‌ത്രം സാക്ഷാത്ക്കരിക്കുന്നതിനുള്ള സംഘടനാരൂപങ്ങളും പ്രവര്‍ത്തനമേഖലകളും കാലകാലങ്ങളില്‍ ആര്‍ എസ് എസുകാര്‍ സജ്ജമാക്കിയിട്ടുണ്ട്.
സംഘപരിവാര്‍, എന്ന ആര്‍ എസ് എസ് സംഘടനാരൂപവും ഗോള്‍വാള്‍ക്കറിന്റെ ഒരു ആശയമായിരുന്നു. പൊതുസമൂഹത്തിന്റെ മുമ്പില്‍ ആര്‍ എസ് ഏസ് ഒരു സാംസ്‌ക്കാരിക സംഘടനയായി ഒതുങ്ങി നില്‍ക്കും. എന്നാല്‍ വ്യത്യസ്‌തമേഖലകളില്‍ ഘടകസംഘങ്ങള്‍ ''ഹിന്ദുരാഷ്‌ട്രത്തിന്റെ ഐഡിയോളജി നടപ്പിലാക്കാന്‍ നിരന്തരം യത്നിച്ചുകൊണ്ടിരിക്കണം. പുറമെ ഓരോന്നും സ്വതന്ത്രമാണ്. എന്നാല്‍ ഇവയോരോന്നും ഭദ്രമായി ആര്‍ എസ് ഏസ് എന്ന നങ്കൂരത്തില്‍ ഭദ്രമായി ബന്ധിപ്പിച്ചിരിക്കണം.
1960 മധ്യത്തിലാണ് വിശ്വഹിന്ദുപരിഷത്ത് രൂപം കൊള്ളുന്നത്, അതിന്റെയും തലതൊട്ടപ്പന്‍ ഗോള്‍വാള്‍ക്കറാണ്. വിവിധ ഹിന്ദുസെൿടുകളുടെയും അവയുടെ പ്രവണതകളുടെയും അഭിപ്രായവ്യത്യാസങ്ങള്‍ ദൂരീകരിച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും വിദേശവാസികളായ ഹിന്ദുക്കളുമായി ബന്ധപ്പെടാനും ഉള്ള വഴിയായിട്ടായിരുന്നു വി എച്ച പി രൂപം കൊണ്ടത്. ഇന്ന് ആര്‍ എസ് എസിന്റെ ഏറ്റവും കരുത്തുള്ള പോഷകസംഘടനയാണ് വി എച്ച് പി.
1951 ല്‍ സംഘപരിവാറിന്റെ സംഘടനാശേഷി ഉപയോഗിച്ച് 'ഭാരതീയജനസംഘ്' എന്ന രാഷ്‌ട്രീയമുന്നണി രൂപീകരിച്ചു. ഈ 'സംഘ്'ആണ് പില്‍ക്കാലത്ത് ഭാരതീയജനതാപാര്‍ട്ടിയായി പരിണമിച്ചത്.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലുടനീളം ബ്രിട്ടീഷാധിപത്യത്തെ എതിര്‍ക്കുന്നതിലുപരി ഇന്ത്യന്‍ ജീവിതത്തിന്റെ ബഹുമത, ബഹുഭാഷ, ബഹുസംസ്‌ക്കാര സ്വഭാവത്തെ എതിര്‍ക്കുന്നതിലായിരുന്നു ആര്‍ എസ് എസുകാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക് ആയിരിക്കും, ഇന്ത്യ എന്ന ആശയത്തെ പിന്തുണച്ചതുകൊണ്ടാണ് ആര്‍ എസ് എസ് മഹാത്മാഗാന്ധിയെ വധിച്ചത്.
ആര്‍ എസ് എസിന്റെ പ്രതിലോമ സംസ്‌ക്കാരവും രാഷ്‌ട്രീയപ്രത്യയശാസ്‌ത്രവും ഇക്കണ്ടകാലമത്രയും ഇന്ത്യയുടെ വികസനത്തെയും മതേതരത്വത്തെയും ജനാധിപത്യത്തെയും ഭീഷണിമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആര്‍ എസ് എസ് പ്രത്യയശാസ്‌ത്രം നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ സംഘപരിവാര്‍ കാവിപ്പടകളാണ് ബജരംഗ്‌ദളും ശ്രീരാമസേനയും.
ഹിന്ദുത്വവിപ്ലവത്തിന്റെ പടയാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ബജരംഗ് ദള്‍ അതിന്റെ 25 -ആം പിറന്നാളാഘോഷിച്ചത് ഒറീസ്സയിലെ ക്രിസ്‌ത്യാനികളെ ചുട്ടുകൊന്നുകൊണ്ടാണ്. 1.3 മില്യണ്‍ അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ബജ്രംഗദള്‍ (ഹനുമാന്‍ ഭഗവാന്റെ സൈന്യം) 1984 ല്‍ രൂപംകൊണ്ടു. രാഷ്‌ട്രത്തെയും ധര്‍മ്മത്തെയും (മതം) സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിക്കുന്ന ഹനുമാന്‍ ഭക്തരാണ് ബജ്രംഗദള്‍. ഹിന്ദുത്വസംസ്കാരത്തിന്റെ സര്‍വ്വാധിപത്യം ലാക്കാക്കികൊണ്ട് 'ദേശീയതയ്ക്ക്' പുത്തന്‍ഭാഷ്യം ചമയ്‌ക്കാനാണ് ബജരംഗദള്‍ വഴി വി എച്ച് പി ശ്രമിക്കുന്നത്. വിനയ് കത്യവാറിന്റെ നേതൃത്വത്തില്‍ നടന്ന രാമജന്മി യാത്രയ്ക്ക് സംരക്ഷണം നല്‍കുകയായിരുന്നു ഈ ഹനുമാന്‍ സേനയുടെ ആദിദൌത്യം. 2002 ല്‍ ഈ തെമ്മാടിക്കൂട്ടം ഗുജറാത്ത് വംശഹത്യയ്ക്ക് നേതൃത്വം നല്‍കി. രാജസ്ഥാനിലെ മിശ്രേലിഗ്രാമത്തിലെ മുസ്ളീം സമൂഹത്തെ തുടച്ചു നീക്കിക്കൊണ്ട് 'മാതൃകാഹിന്ദുഗ്രാമം' സൃഷ്ടിച്ചുവെന്ന് 2003 ല്‍ ഈ വാനരക്കൂട്ടം അവകാശപ്പെട്ടു.
മൂന്നുദൌത്യങ്ങളാണ് ബജറംഗ ദള്‍ അതിന്റെ പിറവിയില്‍ ഏറ്റെടുത്തത്. ഒന്ന് രാമജന്മഭൂമി (അയോദ്ധ്യ) കൃഷ്ണജന്മഭൂമി (മഥുര) കാശിവിശ്വനാഥക്ഷേത്രം എന്നിവ മോചിപ്പിക്കുക. രണ്ട്, ക്രിസ്‌ത്യന്‍ മിഷണറി പ്രവര്‍ത്തനത്തിന് അന്ത്യം കുറിക്കുക. മൂന്ന് ഗോവധനിരോധനം നടപ്പില്‍ വരുത്തുക. ഈ ദൌത്യങ്ങളുടെ ലക്ഷ്യപൂര്‍ത്തിക്കായി ന്യൂനപക്ഷ മതവിഭാഗങ്ങളെ (ക്രിസ്‌ത്യാനികളെയും മുസ്ളീംങ്ങളെയും) ആക്രമിക്കുകയോ തുടച്ചുനീക്കുകയോ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ലെന്ന് പ്രചരിപ്പിക്കുന്നതിന് വി എച്ച് പി മുന്‍കൈയെടുത്തു. മുസ്ലീംങ്ങള്‍, ക്രിസ്‌ത്യാനികള്‍, ദളിതുകള്‍, ആദിവാസികള്‍ എന്നിവരെയും അവരുടെ പ്രത്യയശാസ്‌ത്രങ്ങളെയും ഏത് തരത്തില്‍ കൈകാര്യം ചെയ്യണമെന്ന് പരിശീലപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പാഠശാലകളും ലഘുലേഖകളും സാര്‍വ്വത്രികമായി. വാളും ത്രിശൂലവും തുടങ്ങി ആധുനികതോക്കുകളും ബോംബുകളും ആയുധമാക്കാനുള്ള പ്രേരണകളും പരിശീലിനക്കളരിയും രാജ്യത്തുടനീളം സംഘടിപ്പിച്ചു. ഒറീസയിലുള്‍പ്പെടെ വംശാക്രമണം നടന്ന ഇടങ്ങളിലൊക്കെ രഹസ്യമായി സര്‍ക്കുലേറ്റ് ചെയ്യപ്പെടുന്ന കത്തുകള്‍ ഹിറ്റ്ലറുടെ ജര്‍മ്മനിയില്‍ നടപ്പിലായ അതേ ഫാസിസ്റ്റ് രീതികളാണ് നിര്‍ദ്ദേശിക്കുന്നത്.
"ഫാസിസം പ്രവര്‍ത്തിക്കുന്നത് ഏറ്റവും കടുത്ത സാമ്രാജ്യത്വതാല്പര്യങ്ങള്‍ക്കുവേണ്ടിയാണ്. എന്നാല്‍ അത് സ്വയം പ്രത്യക്ഷപ്പെടുന്നത് മുറിവേറ്റ രാഷ്‌ട്രത്തിന്റെ പ്രതീകമായിട്ടാണ് ; ബലാല്‍ക്കാരം ചെയ്യപ്പെട്ട'' ദേശീയവികാരങ്ങളെയാണ് അത് അഭിസംബോധന ചെയ്യുന്നത്''
2006 ലും 2007 ലും മഹാരാഷ്‌ട്രയിലുണ്ടായ സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നത് വി എച്ച് പി ബജരംഗ്‌ദള്‍ സഖ്യമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. മലേഗാവ് സ്‌ഫോടനത്തിന് പിന്നിലെ വെളിപ്പെടലുകള്‍ ഏതൊരു ഇന്ത്യാകാരനെയും ഞെട്ടിക്കുന്നതാണ്. സൈന്യത്തിന്റെ ഒരു വിഭാഗത്തെപ്പോലും ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള ഒരു ഉപകരണമാക്കി മാറ്റാന്‍ മാത്രം ശക്തമായിക്കഴിഞ്ഞു ഈ വര്‍ഗ്ഗീയശക്തികള്‍.
2008 ആഗസ്റ് മാസം 24 ആം തീയതി 'സഹമത്' ഡല്‍ഹിയില്‍ സംഘടിപ്പിച്ച എം എഫ് ഹുസൈന്റെ 'പെയിന്റിംഗ് എക്സിബിഷനെ ആക്രമിച്ചുകൊണ്ടാണ് ശ്രീരാമസേന പൊതുസമൂഹത്തില്‍ അതിന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന്റെ ഒരു പ്രധാന നേതാവായ പ്രമോദ്മുത്തലിക്ക് പഴയ ആര്‍ എസ് എസ് കാരനും ബജരംഗദള്‍ നേതാവുമാണ്. സെപ്‌തംബറില്‍ കര്‍ണ്ണാടകയില്‍ പള്ളികള്‍ക്ക് നേരെയുണ്ടായ കൈയ്യേറ്റങ്ങളില്‍ ബജംഗ് ദളിനൊപ്പം ശ്രീരാമസേനയും മുഖ്യപങ്കുവഹിച്ചു. മംഗലൂര് മോട്ടിമഹലില്‍ നടന്ന ഫാഷന്‍ഷോയെ ആക്രമിച്ചതും ശ്രീരാമസേനയായിരുന്നു. അത് ഡിസംബറിലായിരുന്നു. കഴിഞ്ഞ ഒൿടോബറില്‍ ഡല്‍ഹിയിലെ സമാജ്‌വാദി ഓഫീസ് കയ്യേറിയതിന് നേതൃത്വം നല്‍കിയതും ശ്രീരാമസേന തന്നെ. മാലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതി പ്രഗ്യാസിംഗിനെ നിഷ്‌ക്കളങ്കയായി വിശേഷിപ്പിക്കാനും രാമസേനയ്‌ക്ക് മടിയുണ്ടായില്ല. പിന്നീടുള്ളതൊക്കെ വര്‍ത്തമാനകാലസംഭവങ്ങള്‍. അടുത്ത വാലന്റയിൻസ് ഡേയില്‍ ഒന്നിച്ചുകാണുന്ന യുവതീയുവാക്കളെ അപ്പോള്‍തന്നെ വിവാഹം കഴിപ്പിക്കുമെന്നായിരുന്നു അടുത്ത ഭീഷണി.
ഇന്ത്യയുടെ പുരാതനവും ശ്രേഷ്ഠവുമായ സംസ്‌ക്കാരത്തെ ചൊല്ലിയാണല്ലോ ഈ പങ്കപ്പാടെല്ലാം. എന്താണ് ഇന്ത്യന്‍ സംസ്‌ക്കാരം. പലവിധ ദേശീയതകളുടെയും ഭാഷകളുടെയും മതങ്ങളുടെയും സമ്മേളിത സംസ്‌ക്കാരമാണ് ഇന്ത്യന്‍ സംസ്കാരം. 4635 പുരാതനസമുദായങ്ങള്‍, 3 25 ഭാഷകള്‍ 25 ലിപികള്‍ എന്നിവ നമ്മുടെ രാജ്യത്തിന്റെ നാനാത്വത്തിലെ ഏകത്വത്തിന്റെ ഈടുവെയ്‌പുകളാണ്. അതുകൊണ്ടുതന്നെ വൈരുദ്ധ്യത്തിലധിഷ്ഠിതവും പരസ്‌പര ആശയസംഘര്‍ഷത്തിലൂടെയും പരിണമിച്ചതാണ് ഇന്ത്യന്‍ സംസ്‌ക്കാരം. ശാസ്‌ത്രവും വിജ്ഞാനവും വളരുന്നതിനനുസരിച്ച് സംസ്‌ക്കാരത്തിനും വികാസമുണ്ടാകും. കൊടുക്കലും വാങ്ങലും തള്ളിക്കളയലും പുതുക്കലുകളും ഉണ്ടാകും.
മനുസ്‌മൃതിയും ചാണക്യശാസ്ത്രവും അടിസ്ഥാനശാസ്ത്രങ്ങളായി കരുതുന്ന രാഷ്ട്രതന്ത്രത്തിന് ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വരതയെയും അടിയറവെയ്‌ക്കണോ എന്ന ചോദ്യം നിരന്തരം നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരു പെണ്‍കുട്ടി അന്യപുരുഷന്റെ മുഖം പോലും കാണാന്‍ പാടില്ല എന്ന ജീര്‍ണ്ണിച്ച വര്‍ണ്ണാശ്രമ തത്വശാസ്ത്രമാണ് ഹിന്ദുരാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പൊതുമണ്ഡലത്തിന്റെ അവകാശം പുരുഷനുള്ളതുപോലെ സ്ത്രീയ്ക്കുമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. ഭരണഘടനാവകാശങ്ങളെ പോലും നിഷേധിക്കുന്ന കാടത്തങ്ങളെ സംസ്‌ക്കാരികമായും രാഷ്‌ട്രീയമായും ചെറുത്തുതോല്പിക്കേണ്ടതുണ്ട്. വേണ്ടും കാലത്ത് വേണ്ടതുപോലെ മിണ്ടാനുള്ള ത്രാണികൂടിയാണ് സ്വാതന്ത്ര്യം നല്‍കുന്നത്. ആ സ്വാതന്ത്ര്യത്തിന്റെ ത്രാണിയില്ലാത്തവരുടെ ലോകത്തെ എന്നന്നേക്കുമായി ഇരുള്‍വിഴുങ്ങികളയുക തന്നെ ചെയ്യും. ചുറ്റും എന്തും നടക്കട്ടെ എനിക്കെന്റെ വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയും' എന്ന ആശയം അധിനിവേശിക്കാന്‍ മാത്രം ചരിത്രത്തെ മറക്കുന്നവരല്ല മലയാളികള്‍.
*
സുജ സൂസന്‍ ജോര്‍ജ്ജ് , കടപ്പാട്: യുവധാര
Tuesday, April 7, 2009
എന്തൊക്കെ സംഭവിച്ചാലും എന്റെ കുടുംബം അന്തസ്സോടെ ജീവിക്കും?
Subscribe to:
Post Comments (Atom)
4 comments:
മനുസ്മൃതിയും ചാണക്യശാസ്ത്രവും അടിസ്ഥാനശാസ്ത്രങ്ങളായി കരുതുന്ന രാഷ്ട്രതന്ത്രത്തിന് ഇന്ത്യയുടെ ജനാധിപത്യത്തെയും ബഹുസ്വത്തയെയും അടിയറവെയ്ക്കണോ എന്ന ചോദ്യം നിരന്തരം നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരു പെണ്‍കുട്ടി അന്യപുരുഷന്റെ മുഖം പോലും കാണാന്‍ പാടില്ല എന്ന ജീര്‍ണ്ണിച്ച വര്‍ണ്ണാശ്രമ തത്വശാസ്ത്രമാണ് ഹിന്ദുരാഷ്ട്രീയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. പൊതുമണ്ഡലത്തിന്റെ അവകാശം പുരുഷനുള്ളതുപോലെ സ്ത്രീയ്ക്കുമുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കുമുണ്ട്. ഭരണഘടനാവകാശങ്ങളെ പോലും നിഷേധിക്കുന്ന കാടത്തങ്ങളെ സംസ്കാരികമായും രാഷ്ട്രീയമായും ചെറുത്തുതോല്പിക്കേണ്ടതുണ്ട്. വേണ്ടും കാലത്ത് വേണ്ടതുപോലെ മിണ്ടാനുള്ള ത്രാണികൂടിയാണ് സ്വാതന്ത്യ്രം നല്‍കുന്നുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ ത്രാണിയില്ലാത്തവരുടെ ലോകത്തെ എന്നന്നേക്കുമായി ഇരുള്‍വിഴുങ്ങികളയുക തന്നെ ചെയ്യും. ചുറ്റും എന്തും നടക്കട്ടെ എനിക്കെന്റെ വീട്ടില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയും' എന്ന ആശയം അധിനിവേശിക്കാന്‍ മാത്രം ചരിത്രത്തെ മറക്കുന്നവരല്ല മലയാളികള്‍.
സുജ സൂസന്‍ ജോര്‍ജ്ജ് ഒരു ക്രിസ്ത്യാനി ആയതു കൊണ്ടാണു ഇങ്ങനെ എഴുതിയിരിക്കുന്നത്. ഇത് ഹിന്ദു മതത്തിനു എതിരായി എഴുതിയിരിക്കുന്നതാണു. ഇതു തീര്‍ച്ച ആയും നമ്മള്‍ ഹിന്ദുക്കള്‍ എതിര്‍ക്കേണ്ടതാണു. ശ്രീരാം സേന ഹിന്ദുക്കളുടെ രക്ഷകരും ഭാരതത്തിന്റെ സംസ്കാരം നില നിര്‍ത്താനും മാത്രം ഉണ്ടാക്കിയിരിക്കുന്ന ഒരു സംഘടനയാണു. ശ്രീരാം സേനയെ എതിര്‍ക്കുന്നവര്‍ എതിര്‍ക്കുന്നതു മഹത്തായ ഭാരത സംസ്കാരത്തെ ആണു. സംസ്കാര സമ്പന്നരേ സംഘടിക്കുക, സുജ സൂസന്‍ ജോര്‍ജ്ജിനെയും ഇതു പോസ്റ്റ് ചെയ്തു വര്‍ക്കേര്‍സ് ഫോറത്തിനെയും ഒറ്റപ്പെടുത്തുക.
ശ്രീരാമ സേനയിലേയ്ക്ക് കൂടുതല്‍ സി ഐ റ്റി യു ക്കാരെ അയച്ച് അവരെ ശക്തിപ്പെടുത്തണം.
ദാ ഇവിടെ ക്ലിക്കി ഈ പോസ്റ്റും വീഡിയോയും കൂടി കാണുന്നത് നല്ലതായിരിക്കും.
സഘ് പരിവാരത്തിണ്റ്റെ ഹിസ്റ്ററി വിശദീകരിച്ചതെന്തിനു... കാര്യങ്ങള്‍ ചുരുക്കി വിവരിക്കാന്‍ ശ്രദ്ധിക്കുക.. പിന്നെ ബ്ളൊഗില്‍ ആശയങ്ങളില്‍ ഹിന്ദു മുസ്ളിം ക്രിസ്ത്യന്‍ കലഹം ആരോപിക്കാതിരിക്കുന്നതാണു നല്ലതു... പിന്നെ സദാചാരം ഒരു മഹാ പാതകമായി കാണേണ്ടതില്ല സ്വാതന്ത്ര്യത്തിണ്റ്റെ മറവില്‍ ഇന്നത്തെ യുവ സമൂഹത്തിണ്റ്റെ കൂത്താട്ടത്തെ ന്യായീകരിക്കേണ്ടതു മില്ല എന്നാല്‍ വാനരസേന തികച്ചും വ്യത്യസ്തമായൊരു പ്രതിഭാസമാണു... അതു നാടിണ്റ്റെ സുരക്ഷയുടെ മേല്‍ പോലീസു കളിക്കലാണു... വ്യക്തികളും സംഘങ്ങളും നിയമം കയ്യിലെടുക്കാന്‍ തുടങ്ങിയാല്‍ അരക്ഷിതാവസ്തയായിരിക്കും ഫലം അത് യുവാക്കളുടെ കൂത്താട്ടത്തേക്കാള്‍ എത്രയോ ഭയാനകമായ ഫലമായിരിക്കും സമൂഹത്തില്‍ ഉണ്ടാക്കുക.... നിയമം കയ്യിലെടിക്കാന്‍ ശ്രമിക്കുന്നതു എന്തിണ്റ്റെ പേരിലായാലും ആരായാലും ന്യായീകരിക്കാന്‍ പാടില്ല എന്നതാണു സത്യം... കൂത്താട്ടങ്ങളെ അവസാനിപ്പിക്കാന്‍ നിയമം കൊണ്ടു വരേണ്ടതുണ്ടെന്നതും അതു ശരിയായ രീതിയില്‍ നടപ്പില്‍ വരുത്തേണ്ടതുണ്ടെന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്...
Post a Comment