യുപിഎയുടെ അഞ്ചുകൊല്ലത്തെ ഭരണം അവസാനിക്കുകയാണ്. അഞ്ചുവര്‍ഷത്തിനുശേഷം കാര്‍ഷികരംഗത്തെ ഇന്നത്തെ അവസ്ഥയെന്താണ് ? മാന്ദ്യം തുടര്‍ന്നുകൊണ്ടിരിക്കുന്നു. മഹാരാഷ്‌ട്രയില്‍ മാത്രമല്ല, ഛത്തീസ്‌ഗഢിലും ആന്ധ്രപ്രദേശിലും കര്‍ണാടകത്തിലും കൃഷിക്കാര്‍ ആത്മഹത്യചെയ്യുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കൃഷിക്കാര്‍ക്കുപുറമെ, നെയ്ത്തുകാരും തുണിമില്‍ തൊഴിലാളികളും ആത്മഹത്യചെയ്തുതുടങ്ങിയിരിക്കുന്നു. കയറ്റുമതി വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന മേഖലകളിലും ഗിരിവര്‍ഗക്കാര്‍ കൂടുതലായുള്ള ചില സംസ്ഥാനത്തും ആത്മഹത്യ കൂടുതലായി നടക്കുന്നെന്ന്, കര്‍ഷകരുടെ ആത്മഹത്യയെപ്പറ്റി ഈയിടെ പഠനം നടത്തിയ പ്രൊഫസര്‍ കെ നാഗരാജിന്റെ പഠനം വ്യക്തമാക്കുന്നു (ഇന്ത്യയിലെ കൃഷിക്കാരുടെ ആത്മഹത്യ: അതിന്റെ പരിമാണവും പ്രവണതകളും പ്രാദേശിക പ്രത്യേകതകളും).കൃഷിക്കാരുടെ ആത്മഹത്യയെ സംബന്ധിച്ചിടത്തോളം വലിയ കുറവ് കാണുന്നത് കേരളത്തില്‍ മാത്രമാണ്. കേരളത്തില്‍ 2006 മെയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെത്തുടര്‍ന്ന് കൈക്കൊണ്ട ചില ദ്രുതഗതിയിലുള്ള നടപടിയുടെ ഫലമായിട്ടാണ് അത്.
പി വി നരസിംഹറാവു സര്‍ക്കാരിലെ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ് കൈക്കൊണ്ട നടപടിയാണ് കാര്‍ഷികമേഖലയില്‍ മാന്ദ്യം അനുഭവപ്പെടാന്‍ കാരണം. 1990കളുടെ മധ്യത്തോടെ ആരംഭിച്ചതാണ് ആഗോള വിലത്തകര്‍ച്ച. നാണ്യവിളകളുടെ വില ഉയര്‍ന്നതോതില്‍ത്തന്നെ നിലനില്‍ക്കുമെന്ന പ്രതീക്ഷയോടെ, അവയുടെ കൃഷി വികസിപ്പിക്കുന്നതിന് വ്യാപകമായി വായ്‌പ വാങ്ങിയ കൃഷിക്കാര്‍ വളരെ വേഗം പാപ്പരായിത്തീര്‍ന്നു. കൃഷിക്കാരുടെ ആത്മഹത്യ ആരംഭിച്ച് ഒരു പതിറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. അത് കൂറ്റന്‍ മഞ്ഞുകട്ടയുടെ മുകളറ്റംമാത്രമാണ്. അഗാധമായ ലോക മഹാദുരന്തത്തിന്റെ ഏറ്റവും ദുഃഖകരമായ ഭാവപ്രകടനമാണ് അത്.
ഗ്രാമീണ വികസനത്തിനുവേണ്ടിയുള്ള ചെലവും പശ്ചാത്തല സൌകര്യത്തിനുവേണ്ടിയുള്ള ചെലവും 1990കളില്‍ കുത്തനെ ഇടിഞ്ഞു. ഇതില്‍ ഏറ്റവും കടുത്ത വെട്ടിക്കുറവുണ്ടായത് 1996 വരെയുള്ള കോഗ്രസിന്റെ ഭരണകാലത്താണ്. കേന്ദ്രസര്‍ക്കാരിന്റെ മൊത്തം വികസനച്ചെലവ് 1970കളിലും 1980കളിലും വര്‍ഷംപ്രതി ശരാശരി ആറു ശതമാനംകണ്ട് വളര്‍ച്ച രേഖപ്പെടുത്തിയിരുന്നെങ്കില്‍ 1990കളില്‍ ഉടനീളം നെഗറ്റീവ് വളര്‍ച്ചനിരക്കാണുണ്ടായത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന ചരിത്രമല്ലേ എന്ന് ചോദിച്ചേക്കാം. ഈ അടുത്തകാലത്ത് വികസനച്ചെലവില്‍ വീണ്ടും വര്‍ധനയുണ്ടായില്ലേ? പിന്നെ എന്തിന് പഴയ കാര്യം വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നെന്നും ചോദിച്ചേക്കാം.
നാം ഓര്‍ക്കേണ്ട ഒന്നാമത്തെ കാര്യം ഇതാണ്; ഒരു പതിറ്റാണ്ടുകാലം നിരന്തരം കൃഷിക്കാര്‍ക്കു നേരെയുണ്ടായ കടുത്ത ആക്രമണം കാരണം അവര്‍ക്ക് അഗാധമായ മുറിവേറ്റിരിക്കുന്നു. തൊഴിലില്ലായ്‌മ വളരെ വര്‍ധിച്ചു; അവരുടെ ഉല്‍പ്പന്നങ്ങളുടെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞു; വരുമാനം വളരെയേറെ കുറഞ്ഞിരിക്കുന്നു; അതെല്ലാം കാരണം കൃഷിക്കാര്‍ക്ക് കൃഷിയിറക്കാനുള്ള താല്‍പ്പര്യംതന്നെ നശിച്ചിരിക്കുന്നു. നമ്മുടെ ജനസംഖ്യയിലെ അഞ്ചില്‍ മൂന്നുഭാഗം വരുന്ന ജനങ്ങളുടെ സ്ഥിതി ഇതാണ്. ഈ മേഖലയെ വീണ്ടെടുക്കുന്നതിന് വളരെ ആസൂത്രിതവും സംയോജിതവുമായ നടപടി ആവശ്യമാണ്. രണ്ടാമത്, ആഗോളതലത്തിലുള്ള മാന്ദ്യംമൂലം നമ്മുടെ ഗ്രാമീണമേഖലയിലെ ഉല്‍പ്പാദകരുടെ വരുമാനം വീണ്ടും കുത്തനെ ഇടിക്കുന്നതിനുള്ള കാരണവും ഘടകവും സംജാതമായി. ആഭ്യന്തര ചോദനയും രാജ്യത്തിനു പുറത്തുനിന്നുള്ള ചോദനയും കുറഞ്ഞു; വില വീണ്ടും രണ്ടാംതവണയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്നമൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നതേയില്ല.
1993-94നും 2004-05നും ഇടയ്‌ക്ക് രാജ്യത്തെ ഗ്രാമീണ ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിന്റെയും (60 ശതമാനത്തില്‍ കൂടുതല്‍ ആളുകളുടെയും) ധാന്യവര്‍ഗങ്ങള്‍, പാല്‍, മുട്ട, മാംസം തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം യഥാര്‍ഥത്തില്‍ കേവലമായ അളവില്‍ത്തന്നെ വളരെയേറെ കുറഞ്ഞിരിക്കുന്നെന്നാണ് നാഷണല്‍ സാമ്പിള്‍ സര്‍വെ കണക്ക് കാണിക്കുന്നത്. അതേ അവസരത്തില്‍ത്തന്നെ, ജനസംഖ്യയില്‍ ഏറ്റവും സമ്പന്നരായ 10 ശതമാനം ആളുകളുടെ ഭക്ഷ്യധാന്യ ഉപഭോഗം വര്‍ധിച്ചിട്ടില്ലെങ്കിലും പാല്‍, മുട്ട, മാംസം തുടങ്ങിയ മൃഗജന്യ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുത്തനെ വര്‍ധിച്ചിരിക്കുന്നു. ജനസംഖ്യ ആകെ എടുത്താല്‍ മൊത്തത്തിലുള്ള പോഷകപദാര്‍ഥങ്ങളുടെ ശരാശരി ഉപഭോഗം കുറഞ്ഞുവരുന്നതിനു കാരണം ഇതാണ്. പ്രതിശീര്‍ഷ കലോറി ഉപഭോഗം കുറയുന്നെന്നു മാത്രമല്ല, പ്രതിശീര്‍ഷ പ്രോട്ടീന്‍ ഉപഭോഗവും കുറഞ്ഞുകൊണ്ടിരിക്കുന്നു.
ഇതിനൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം; പട്ടാളത്തിലേക്ക് ആളെ എടുക്കുമ്പോള്‍ പുരുഷന്മാരായ ഉദ്യോഗാര്‍ഥികള്‍ക്ക് ശാരീരിക അളവുകളുടെ കാര്യത്തില്‍ ഒരു നിശ്ചിത മാനദണ്ഡം മുമ്പ് കര്‍ശനമായി പാലിച്ചിരുന്നു. എന്നാല്‍, ആ നിശ്ചിത ശാരീരിക മാനദണ്ഡത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറവായതുകാരണം, പല റിക്രൂട്ടിങ് സെന്ററിലും ശാരീരിക മാനദണ്ഡങ്ങളില്‍ അടുത്തകാലത്ത് ഇളവ് അനുവദിച്ചിട്ടുണ്ട്. സ്‌ത്രീകളുടെയും കുട്ടികളുടെയും ഇടയിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് നാം വളരെയേറെ പറയാറുണ്ട്. എന്നാല്‍, ഏറ്റവും മുകള്‍ത്തട്ടിലുള്ള ചില വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍, മുഴുവന്‍ ജനങ്ങളെയും പോഷകാഹാരക്കുറവ് ബാധിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ഥ്യം.
ദിവസത്തില്‍ ശരാശരി 2200 കലോറി ഊര്‍ജമെങ്കിലും ലഭിക്കാന്‍ സൌകര്യമില്ലാത്ത ജനങ്ങളുടെ ശതമാനം 1993-94ല്‍ 58.5 ആയിരുന്നത് 2004-05-ല്‍ 69.5 ആയി വര്‍ധിച്ചു. അവരുടെ ശതമാനം ഇപ്പോള്‍, അതില്‍ കൂടുതലായിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുമാസത്തിനുള്ളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാര്‍ ഈ പ്രവണത തിരുത്താന്‍ കൈക്കൊള്ളേണ്ട നടപടി എന്തൊക്കെയാണ് ? ആ സര്‍ക്കാരിന്റെ രാഷ്‌ട്രീയഘടനയെയും ജനങ്ങളുടെ ക്ഷേമം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ അതിനുള്ള പ്രതിബദ്ധതയെയും ആശ്രയിച്ചിരിക്കും അത്.
കാര്‍ഷികമേഖലയിലെ തകര്‍ച്ചയെ നേരിടുന്നതിന് 2006 മെയില്‍ കേരളത്തില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ഇക്കാര്യത്തില്‍ മാതൃകയായി എടുക്കാവുന്നതാണ്. ആദ്യംതന്നെ, ആ സര്‍ക്കാര്‍, കേരള കടാശ്വാസ കമീഷന്‍ നിയമ (2006)ത്തിന് രൂപം നല്‍കി. 2007 ജനുവരി 17ന് അത് നോട്ടിഫൈ ചെയ്‌തു. ഈ നിയമം അനുസരിച്ച് വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത കൃഷിക്കാരില്‍നിന്ന് കടാശ്വാസത്തിനുള്ള അപേക്ഷ ക്ഷണിച്ചു. (സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്‌പ വാങ്ങിയ കൃഷിക്കാര്‍ക്കും ഇതിന് അപേക്ഷിക്കാം.) കടബാധ്യതയുള്ള കൃഷിക്കാരെ പീഡിപ്പിക്കുന്നത് ഇതോടെ പെട്ടെന്ന് അവസാനിച്ചു. അവരുടെ ആത്മഹത്യാനിരക്കും കുത്തനെ കുറഞ്ഞു.
ആഗോളതലത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ കൂടിയതുകാരണം ഗോതമ്പിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നതിന് ഒരു വര്‍ഷംമുമ്പുതന്നെ കേരളസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില വലിയതോതില്‍ വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിമേഖലകളിലെ ആത്മഹത്യ അവസാനിച്ചു. നെല്‍ക്കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതി ക്രമേണ വര്‍ധിച്ചുതുടങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ബന്ധപ്പെട്ട ജില്ലകളില്‍ ഊര്‍ജിതമായിത്തന്നെ നടപ്പാക്കിത്തുടങ്ങി. ആ പദ്ധതിക്കുകീഴില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ കൂലിതന്നെ നല്‍കുന്നുണ്ടെന്ന് കര്‍ശനമായും ഉറപ്പുവരുത്തി. ചോദനം വര്‍ധിപ്പിക്കുന്നതിന് അതിടയാക്കി.
ആഗോളമാന്ദ്യത്തിന്റെ ഫലമായി ഈയിടെ വിവിധ ചരക്കുകളുടെ വിലയില്‍ ഇടിവുണ്ടായത് കേരളത്തിലെ കൃഷിക്കാരെയും ദോഷകരമായി ബാധിക്കാതിരിക്കില്ല. അതുമൂലം കൂടുതല്‍ ദുരിതം ഉണ്ടാകാതിരിക്കാനായി സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിട്ടുണ്ട്. ചരക്കുകളുടെ വില സുരക്ഷിതത്വ സംവിധാനം ഉണ്ടാക്കുന്നതിനായി കഴിഞ്ഞമാസം ബജറ്റില്‍ 10 കോടി രൂപ വകകൊള്ളിച്ചിട്ടുണ്ട്. തുക ആവശ്യമാണെങ്കില്‍ വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാണ്. വിലയില്‍ ഉണ്ടാകുന്ന വ്യത്യാസം കൃഷിക്കാരന് നികത്തിക്കൊടുക്കുന്നതിനാണ് ഈ ഫണ്ട് ഉപയോഗിക്കുന്നത്.
കേന്ദ്രസര്‍ക്കാരിനുമാത്രം കൈക്കൊള്ളാന്‍ കഴിയുന്നതും സംസ്ഥാനസര്‍ക്കാരുകളുടെ പരിധിക്കുപുറത്തുള്ളതുമായ നിരവധി നടപടിയുണ്ട്. ഒന്നാമത്, സ്വതന്ത്ര വ്യാപാരക്കരാറുകള്‍ നമ്മുടെ കൃഷിക്കാരില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്നു നോക്കാതെ, ഒരു വിവേചനവും ഇല്ലാതെ, ഒപ്പുവയ്ക്കുന്നത് കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കണം. പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളുടെ താരിഫ് ഉയര്‍ത്തണം; ആവശ്യമാണെങ്കില്‍ അളവുപരമായ നിയന്ത്രണം ഏര്‍പ്പെടുത്തണം. രണ്ടാമത്, സ്‌പൈസസ് ബോര്‍ഡ്, ടീ ബോര്‍ഡ്, കോഫി ബോര്‍ഡ് തുടങ്ങിയ കമ്മോഡിറ്റി ബോര്‍ഡുകള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിക്കുന്ന പതിവ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ അവസാനിപ്പിച്ചിരിക്കുന്നു. അവ ഇപ്പോള്‍ പേരിനുമാത്രമേ നിലനില്‍ക്കുന്നുള്ളൂ. കൃഷിക്കാര്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന ചരക്കുകളില്‍ ഒരു നല്ല ഭാഗം, മിനിമം താങ്ങുവില നല്‍കിക്കൊണ്ട് കമ്മോഡിറ്റി ബോര്‍ഡുകള്‍ സംഭരിക്കണം. ഉല്‍പ്പാദകര്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുന്നതിന് കമ്മോഡിറ്റി ബോര്‍ഡുകളുടെ ഇത്തരം ഇടപെടല്‍ ആവശ്യമാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ലാഭക്ഷമത വീണ്ടെടുക്കാന്‍ കഴിയില്ല; വീണ്ടും നിക്ഷേപം നടത്താനും കഴിയില്ല.
വികസനാവശ്യത്തിനുള്ള ചെലവിനും തൊഴിലുറപ്പിനും പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ട് വ്യാപകമായ ചോദനം വീണ്ടും ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍, 2000ലേതു പോലെ ജനങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ത്തന്നെ ഗോഡൌണുകളില്‍ സ്‌റ്റോക്ക് കുന്നുകൂടിക്കിടക്കുന്ന അവസ്ഥ വരും. ഭക്ഷ്യ സബ്‌സിഡിക്കുവേണ്ടി ചെലവാക്കുന്ന തുകയില്‍ ഒരു നല്ല പങ്ക്, സ്‌റ്റോക്ക് നിലനിര്‍ത്തുന്നതിനായി പ്രയോജനശൂന്യമായി ഉപയോഗിക്കുകയാണ് അന്നുണ്ടായത്.
2002 - 03ല്‍ നടന്ന, ഭൂമിയെയും കന്നുകാലികളെയും സംബന്ധിച്ച സര്‍വെ വെളിപ്പെടുത്തുന്ന വിവരം ഭയാനകമാണ്. ഇന്ത്യയിലെ മൊത്തം കൃഷിക്കാരില്‍ പത്തില്‍ ഒമ്പത് ഭാഗത്തിനും 1999-2003 കാലഘട്ടത്തില്‍ കന്നുകാലി സമ്പത്തിന്റെ കാര്യത്തില്‍ വലിയ നഷ്ടമുണ്ടായി എന്ന് ആ സര്‍വെ കാണിക്കുന്നു. കൃഷിചെയ്യപ്പെടാത്ത കൈവശഭൂമിയുടെ അളവ് ഇക്കാലത്ത് അഖിലേന്ത്യാതലത്തില്‍ 19.8 ശതമാനത്തില്‍നിന്ന് 31.2 ശതമാനമായി വര്‍ധിച്ചു. ആന്ധ്രപ്രദേശ്, കേരളം തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ അഖിലേന്ത്യാ ആനുപാതിക വര്‍ധനയേക്കാള്‍ എത്രയോ കൂടുതലാണ് ഇത്. കൈവശഭൂമിയെക്കുറിച്ച് പത്രങ്ങളില്‍ എഴുതുന്ന നമ്മുടെ പുരോഗമന ബുദ്ധിജീവികളില്‍ പലരും ഈ വസ്‌തുത കണ്ട് ഭയചകിതരായി നില്‍ക്കുകയാണ്. ഈ സര്‍വെയിലെ വസ്‌തുതയെക്കുറിച്ച് പരാമര്‍ശിക്കാന്‍പോലും അവര്‍ വിസമ്മതിക്കുന്നു. ഈ രണ്ടു കണക്കും താരതമ്യംചെയ്യാന്‍ കഴിയാത്തവയാണെന്നുപറഞ്ഞ് അവര്‍ സൂത്രത്തില്‍ ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്.
സര്‍വെയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ ഗുരുതരമാണ് വസ്‌തുത എന്നതുകൊണ്ടാണ് യഥാര്‍ഥത്തില്‍ താരതമ്യംചെയ്യാന്‍ കഴിയാത്തത്. മണലില്‍ തല പൂഴ്ത്തിവച്ചതുകൊണ്ടുമാത്രം വസ്‌തുത ഇല്ലാതാകുന്നില്ല. കയ്‌പേറിയ വസ്‌തുതയെ ധീരമായി അഭിമുഖീകരിക്കുന്നതിന് കൂടുതല്‍ പക്വതയോടുകൂടിയ ബൌദ്ധികനിലപാട് ആവശ്യമാണ്. ആസ്‌തികള്‍ നഷ്‌ടപ്പെടുന്ന പ്രവണത തിരുത്തിക്കുറിക്കുന്നതിനും ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ആവശ്യമായ പ്രായോഗിക നടപടിക്ക് രൂപംനല്‍കുന്നതിന് അത് അനിവാര്യമാണ്.
*
ഉത്സ പട്നായിക്
Subscribe to:
Post Comments (Atom)
2 comments:
കാര്‍ഷികമേഖലയിലെ തകര്‍ച്ചയെ നേരിടുന്നതിന് 2006 മെയില്‍ കേരളത്തില്‍ അധികാരമേറ്റ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ട നടപടി ഇക്കാര്യത്തില്‍ മാതൃകയായി എടുക്കാവുന്നതാണ്. ആദ്യംതന്നെ, ആ സര്‍ക്കാര്‍, കേരള കടാശ്വാസ കമീഷന്‍ നിയമ (2006)ത്തിന് രൂപം നല്‍കി. 2007 ജനുവരി 17ന് അത് നോട്ടിഫൈ ചെയ്‌തു. ഈ നിയമം അനുസരിച്ച് വായ്‌പ തിരിച്ചടയ്‌ക്കാന്‍ കഴിയാത്ത കൃഷിക്കാരില്‍നിന്ന് കടാശ്വാസത്തിനുള്ള അപേക്ഷ ക്ഷണിച്ചു. (സ്വകാര്യ പണമിടപാടുകാരില്‍നിന്ന് വായ്‌പ വാങ്ങിയ കൃഷിക്കാര്‍ക്കും ഇതിന് അപേക്ഷിക്കാം.) കടബാധ്യതയുള്ള കൃഷിക്കാരെ പീഡിപ്പിക്കുന്നത് ഇതോടെ പെട്ടെന്ന് അവസാനിച്ചു. അവരുടെ ആത്മഹത്യാനിരക്കും കുത്തനെ കുറഞ്ഞു.
ആഗോളതലത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുത്തനെ കൂടിയതുകാരണം ഗോതമ്പിന്റെ സംഭരണവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ അങ്ങനെ ചെയ്യുന്നതിന് ഒരു വര്‍ഷംമുമ്പുതന്നെ കേരളസര്‍ക്കാര്‍ നെല്ലിന്റെ സംഭരണവില വലിയതോതില്‍ വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിമേഖലകളിലെ ആത്മഹത്യ അവസാനിച്ചു. നെല്‍ക്കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്‌തൃതി ക്രമേണ വര്‍ധിച്ചുതുടങ്ങി. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ബന്ധപ്പെട്ട ജില്ലകളില്‍ ഊര്‍ജിതമായിത്തന്നെ നടപ്പാക്കിത്തുടങ്ങി. ആ പദ്ധതിക്കുകീഴില്‍ സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ കൂലിതന്നെ നല്‍കുന്നുണ്ടെന്ന് കര്‍ശനമായും ഉറപ്പുവരുത്തി. ചോദനം വര്‍ധിപ്പിക്കുന്നതിന് അതിടയാക്കി.
ശ്രീമതി ഉത്സാ പട്‌നായിക്കിന്റെ പഠനാർഹമായ ലേഖനം
അമേരിക്കയുടെയും, ഇസ്രായിലിന്റെയും വെറും കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ നെട്ടോട്ടം ഓടുമ്പോളാണ് കര്‍ഷകരെയും ,കാര്‍ഷികമേഖലയെയും കുറിച്ച് പറയുന്നത് . ശുദ്ധ പോഷ്ക്ക് എന്നല്ലാതെ എന്താ പറയ്ക
Post a Comment