സഖാക്കളേ !
ഉള്‍പ്പാര്‍ട്ടിസമരത്തിലെ മൂന്നു പാളിച്ചകളില്‍ ഒന്നാമത്തേതായ മിതവാദപ്പാളിച്ചയെപ്പറ്റി ഞാനിന്നു സംസാരിക്കാന്‍ പോകുന്നില്ല. പാര്‍ട്ടിക്കകത്ത് ഇന്ന് മിതവാദപ്പാളിച്ച കാര്യമായിട്ടില്ലെന്നോ, മിതവാദത്തിനെതിരായ സമരം അപ്രധാനമാണെന്നോ ഞാന്‍ കരുതുന്നില്ല. മിതവാദചിന്താഗതിയെപ്പറ്റിയും വിവിധ പ്രായോഗികപ്രശ്നങ്ങളില്‍ അതിന്റെ പ്രത്യക്ഷരൂപങ്ങളെപ്പറ്റിയും നമ്മുടെ സഖാക്കള്‍ക്ക് പരിപൂര്‍ണമായും വ്യക്തമായ ധാരണയുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. നേരെമറിച്ച്, എത്രയോ സഖാക്കള്‍ക്കിപ്പോഴും അതു വ്യക്തമായിട്ടില്ലെന്നാണെന്റെ ബോധ്യം. എങ്കിലും ഇന്ന് ആ വിഷയത്തെപ്പറ്റിയല്ല ഞാന്‍ പറയാന്‍ പോകുന്നത്. സന്ദര്‍ഭം കിട്ടിയാല്‍ മറ്റൊരു സമയത്ത് ഞാനതിനെപ്പറ്റി പ്രതിപാദിക്കാം.
അടുത്തകാലത്ത് മിതവാദചിന്താഗതി പാര്‍ട്ടിക്കകത്ത് കുറെ വളര്‍ന്നിട്ടുണ്ടെന്നും പല സംഗതിയിലും അത് ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിലെ പ്രധാന ചിന്താഗതിയായിട്ടുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിക്കകത്ത് ആശയസമരം വേണ്ടത്ര വളര്‍ന്നിട്ടില്ലെന്നും ചൂണ്ടിക്കാണിക്കുകമാത്രമേ ഞാനിവിടെ ചെയ്യുന്നുള്ളൂ. ഈ കാരണത്താല്‍ തെറ്റായ ചിന്താഗതികളും അനാശാസ്യമായ സംഭവങ്ങളും തക്കസമയത്ത് തിരുത്തപ്പെട്ടിട്ടില്ല, പാര്‍ട്ടിഅച്ചടക്കം ക്രമേണ കുറഞ്ഞിട്ടുണ്ട്. ഇത് വളരെ മോശമാകുന്നു.
ഇതിനു കാരണമെന്തെന്നാല്‍, അടുത്ത കാലത്ത് നമ്മുടെ പാര്‍ട്ടി വളരെയധികം ബുദ്ധിജീവികളെയും പുതിയ മെമ്പര്‍മാരെയും പാര്‍ട്ടിയിലേക്കെടുത്തിട്ടുണ്ട്. ഇവര്‍ക്കാണെങ്കില്‍ ബൂര്‍ഷ്വാമിതവാദത്തിന്റെ ആശയഗതി ശക്തിയായുണ്ടുതാനും. തൊഴിലാളിവര്‍ഗത്തിന്റെ ഉരുക്കുപോലത്തെ അച്ചടക്കത്തില്‍ ആശയപപരമായോ, രാഷ്ട്രീയമായോ, സംഘടനാപരമായോ ഇവര്‍ ഉറച്ചിട്ടുമില്ല.
അതോടൊപ്പം, പണ്ടുകാലത്ത് 'ഇടതുപക്ഷ' തെറ്റുകള്‍ ചെയ്യുകയും ആവശ്യത്തിലധികമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിനായി നിലകൊള്ളുകയും ചെയ്ത പല സഖാക്കളും ഇപ്പോള്‍ നേരെ എതിര്‍വശം തിരിഞ്ഞ് മിതവാദത്തിന്റെ വലതുപക്ഷതെറ്റ് ചെയ്തിട്ടുണ്ട്. ഐക്യമുന്നണിയുടെ നീണ്ടകാലത്തെ പരിത:സ്ഥിതിയില്‍ ബൂര്‍ഷ്വാസി പാര്‍ട്ടിക്കകത്ത് അതിന്റെ സ്വാധീനശക്തി ചെലുത്താനുള്ള സാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് ഒളിഞ്ഞിരിക്കുന്ന എതിര്‍വിപ്ലവകാരികള്‍ പാര്‍ട്ടിയില്‍ മിതവാദത്തെ വളര്‍ത്താനും പിന്താങ്ങാനും എല്ലാവഴിക്കും ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിബോധത്തെ ഉരുക്കുപോലെ ഉറപ്പിക്കാനുള്ള നമ്മുടെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്താന്‍ ഈ ചിന്താഗതിയെ നാം ബലമായി എതിര്‍ക്കേണ്ടിയിരിക്കുന്നു.
ഇതിന്റെ എല്ലാം ഫലമായി മിതവാദചിന്താഗതി പാര്‍ട്ടിയില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് ചില സഖാക്കള്‍ തിരിച്ചടിപേടിച്ച്, മറ്റു സഖാക്കളുടെ തെറ്റുകളെപ്പറ്റി മൌനം അവലംബിക്കുന്നുണ്ട്. അന്യോന്യം മറ്റുള്ളവരുടെ തെറ്റുകള്‍ മറച്ചുവെക്കാനായി അവര്‍ തങ്ങളുടെ ഏറ്റവും അടുത്ത ചങ്ങാതികളുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയില്ല. അവര്‍ ആരുടെയും മുഖത്തുനോക്കി കാര്യം പറയില്ല. പക്ഷെ, ആളില്ലാത്തപ്പോള്‍ നിരുത്തരവാദപരമായി ധാരാളം കുറ്റം പറയുകയുംചെയ്യും. അവര്‍ ഉത്തരവാദബോധം കൂടാതെ വിമര്‍ശനം നടത്തും, തങ്ങളുടെ ആവലാതികള്‍ പറയും, സൊള്ളും- ഇത്തരം കാര്യങ്ങള്‍ ഇന്ന് പാര്‍ട്ടിയില്‍ ധാരാളം പരന്നിട്ടുണ്ട്.
അതിനുപുറമെ, പാര്‍ട്ടിക്കകത്ത് അടുത്തകാലത്ത് വിശേഷിച്ചും ഗൌരവമേറിയ ഒരു ഏര്‍പ്പാട് വളര്‍ന്നുവന്നിരിക്കുന്നു. മറ്റുള്ളവര്‍ സ്വന്തം കുറ്റങ്ങളും കുറവുകളും പാര്‍ട്ടിക്കോ, മേല്‍ഘടകത്തിലുള്ളവര്‍ക്കോ റിപ്പോര്‍ട്ടുചെയ്യുമെന്ന് ഒരു വിഭാഗം ആളുകള്‍ ഭയപ്പെടുന്നു. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി ആരോപണങ്ങള്‍ കൊണ്ടുവന്നേക്കുമോ എന്ന് അവര്‍ക്ക് വല്ലാത്ത പേടിയാണ്. ഒരു ഭാഗത്ത്, അവര്‍ക്ക് തെറ്റാണെന്നറിഞ്ഞുകൊണ്ടുതന്നെ തെറ്റു ചെയ്യാതിരിക്കാന്‍ കഴിയുന്നില്ല; തങ്ങള്‍ക്ക് മുന്‍കൂട്ടി അറിയാമെങ്കിലും അവര്‍ കരുതിക്കൂട്ടി തെറ്റു ചെയ്യുന്നു. മറുഭാഗത്ത്, മറ്റു പാര്‍ടിമെമ്പര്‍മാര്‍ തങ്ങളുടെ തെറ്റുകള്‍ പാര്‍ട്ടിക്കോ മേല്‍ഘടകങ്ങള്‍ക്കോ റിപ്പോര്‍ട്ടു ചെയ്യുന്നതിനെ തടയുകയും വേണം. അവര്‍ ശരിയും ന്യായവുമല്ലാത്ത ചില കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്, തുറന്നു കാണിക്കപ്പെടുന്നതിനിഷ്ടപ്പെടുന്നില്ല. തങ്ങളുടെ രോഗം അവര്‍ മറയ്ക്കുന്നു; തങ്ങളുടെ സുഖക്കേട് മാറ്റാന്‍ അവര്‍ക്കിഷ്ടമില്ല. സ്വന്തം തെറ്റുകള്‍ തുറന്നുകാണിക്കുക മാത്രമാണ് അവയെ തിരുത്താനുള്ള വഴിയെന്ന വാസ്തവം അവര്‍ ആദരിക്കുന്നില്ല. തങ്ങളുടെ തെറ്റുകള്‍ ഈ ലോകത്തിനുള്ള എല്ലാ നിധികളെക്കാളും വിലയേറിയതാണെന്ന മട്ടില്‍ അവയെ മൂടാനും മറയ്ക്കാനും അവരാഗ്രഹിക്കുന്നു. അതുകൊണ്ട് അവര്‍ ആ തെറ്റുകളെ നേരിട്ടുകണ്ടു മനസ്സിലാക്കുന്നതില്‍നിന്ന് മറ്റുള്ളവരെ തടയാന്‍ ശ്രമിക്കുന്നുവെന്നു തന്നെയല്ല, മറ്റുള്ളവരുടെ വായ്മൂടാനും മറ്റുള്ളവര്‍ ആ തെറ്റുകളെ പാര്‍ട്ടിക്കും മേല്‍ഘടകങ്ങള്‍ക്കും റിപ്പോര്‍ട്ടു ചെയ്യുന്നതിനെ തടയാനും നോക്കുന്നു. അങ്ങനെ, തികച്ചും ശരിയായ പാര്‍ട്ടിവഴിയിലൂടെ പാര്‍ട്ടിക്കകത്തു വിമര്‍ശിക്കാനും കാര്യം പറയാനുമുളള മറ്റുള്ളവരുടെ അവകാശത്തെ അവര്‍ നിഷേധിക്കുന്നു. അവര്‍ മറ്റു സഖാക്കളെ ഭീഷണിപ്പെടുത്തുന്നു: ' നിങ്ങള്‍ മേല്‍ഘടകങ്ങള്‍ക്കു റിപ്പോര്‍ട്ടു ചെയ്യാന്‍ ധൈര്യപ്പെട്ടാല്‍ നിങ്ങള്‍ക്കു വ്യസനിക്കേണ്ടിവരും, ഞാന്‍ നിന്നെ തല്ലിത്തകര്‍ക്കും- മുതലാളി,'' സ്വന്തം തെററുകളെപ്പറ്റി മേല്‍ഘടകങ്ങള്‍ക്കു റിപ്പോര്‍ട്ടുചെയ്യുകയും സംസാരിക്കുകയും ചെയ്ത സഖാക്കളെ അവര്‍ അങ്ങേയറ്റം വെറുക്കുന്നു. അവര്‍ അത് പകയോടെയെടുത്ത് പ്രതികാരത്തിനൊരുങ്ങുന്നു. ഒരു പാര്‍ട്ടിമെമ്പറുടെ ബോധം തീരെ നശിച്ചതിന്റെ ഏറ്റവും ദുഷിച്ച സൂചനകളാണ് ഈ സംഭവങ്ങള്‍, പാര്‍ട്ടിക്കകത്ത് തകരാറും ദോഷവും ചെയ്യുന്നതിനുള്ള അവസരം കിട്ടാനായി അവര്‍ പാര്‍ട്ടിയിലെ സാധാരണമെമ്പര്‍മാരും പാര്‍ട്ടിയുടെ ഉപരിഘടകവും തമ്മിലുള്ള ബന്ധം മുറിക്കുന്നു. ഇത്തരം ചീത്ത ഏര്‍പ്പാടുകളെ നിര്‍ഭയം നിരോധിക്കണം.
മറ്റു പാര്‍ട്ടിമെമ്പര്‍മാര്‍ തെറ്റുകളോ, പാര്‍ട്ടിക്കു ഗുണരമല്ലാത്ത മറ്റു കാര്യങ്ങളോ ചെയ്യുന്നത് ഏതെങ്കിലും പാര്‍ട്ടിമെമ്പറുടെ ദൃഷ്ടിയില്‍ പെടുകയാണെങ്കില്‍, അതിനെപ്പറ്റി പാര്‍ട്ടിക്കും ഉപരിഘടകങ്ങള്‍ക്കും അയാള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അങ്ങനെ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് ശരിയല്ല. റിപ്പോര്‍ട്ട് ചെയ്യുന്നതു തികച്ചും ശരിയാണ്. സ്വന്തം തെറ്റിനെപ്പറ്റി പാര്‍ട്ടിക്കും ഉപരിഘടകങ്ങള്‍ക്കും റിപ്പോര്‍ട്ടുചെയ്യുന്നതിനെ തടയുന്നത് നൂറുശതമാനം നിയമവിരുദ്ധമാവുന്നു. അത്തരം നടപടി പാര്‍ട്ടിയില്‍ ഒരിക്കലും അനുവദിക്കപ്പെടുന്നതല്ല. തീര്‍ച്ചയായും പാര്‍ട്ടിയിലെ നേതൃത്വഘടകം അത്തരം റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ അവയുടെ വാസ്തവാവസ്ഥകളെപ്പറ്റി കൂലകങ്കഷമായ പരിശോധന നടത്തണം. ഓരോ കേസും സശ്രദ്ധം അന്വേഷിക്കണം. കാര്യത്തിന്റെ ഒരു ഭാഗം മാത്രം കേട്ടതിന്റെ അടിസ്ഥാനത്തില്‍ തിരക്കിട്ടു യാതൊരു വിധിയും പറയുവാന്‍ പാടില്ല.
ഇന്നു പാര്‍ട്ടിക്കകത്തെ ആശയസമരം ശരിയായ രീതിയില്‍ നടത്തണമെന്ന് നാം തീരുമാനിച്ചുകഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് മിതവാദത്തെയും നാം എതിര്‍ക്കണം. പ്രത്യേകിച്ചും കാര്യമായ മിതവാദതെറ്റുകള്‍ ചെയ്തിട്ടുള്ള അത്തരം പാര്‍ട്ടിസംഘടനകളില്‍ അവയെ തിരുത്താനായി, വാസ്തവങ്ങളുടെ അടിസ്ഥാനത്തില്‍ മിതവാദത്തിനെതിരായി പ്രത്യക്ഷസമരം നടത്തേണ്ടതായിട്ടുണ്ട്.
കുറെ കൊല്ലങ്ങള്‍ക്കുമുമ്പ് സഖാവ് മൌസെദോങ് മിതവാദത്തിനെതിരായി ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനത്തില്‍ സഖാവ് മൌ പാര്‍ട്ടിക്കകത്ത് മിതവാദത്തിന്റെ പതിനൊന്നു പ്രത്യക്ഷരൂപങ്ങളെ എടുത്തുപറയുകയുണ്ടായി. ആ ലേഖനം ഇന്നും ശരിയാണ്. നിങ്ങളതു സശ്രദ്ധം പഠിക്കണം. അതനുസരിച്ച് മിതവാദത്തിനെതിരായി പോരാടുകയും, തെറ്റുകള്‍ തിരുത്തുകയും വേണം. അതേസമയത്ത് പാര്‍ട്ടിസംഘടനയെപ്പറ്റിയുള്ള വിവാദത്തില്‍ മിതവാദത്തെപ്പറ്റി സവിസ്തരമായി പര്യാലോചിക്കുന്നതായിരിക്കും. അതുകൊണ്ടാണ് ആ വിഷയത്തെപ്പറ്റി ഇന്നു ഞാന്‍ പ്രതിപാദിക്കാതിരിക്കുന്നത്. ഇന്നു ഞാന്‍ പറയാന്‍ പോകുന്നത് രണ്ടാമത്തെയും, മൂന്നാമത്തെയും പാളിച്ചകളെപ്പറ്റിയാണ്. കാരണം, പാര്‍ട്ടിക്കകത്ത് ഈ രണ്ടു പാളിച്ചകളെപ്പറ്റിയും ഇതുവരെ ഒരാളും ക്രമമായി വിവാദിച്ചിട്ടില്ല.
യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ പ്രത്യക്ഷരൂപങ്ങളെന്തെല്ലാമാണ്? അവ താഴെ പറയുന്നവയാകുന്നു.
ഒന്നാമത്, പ്രാദേശിക പാര്‍ട്ടിസംഘടനകളിലും പട്ടാളത്തിലെ പാര്‍ട്ടിസംഘടനകളിലും 'പോരാട്ടയോഗങ്ങള്‍'എന്നു പറയുന്നത് കൃത്യമായി നടത്താറുണ്ട്. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍, ബഹു ജനസംഘടനകള്‍ മുതലായ പാര്‍ട്ടിക്കുപുറമേയുള്ള സംഘടനകളിലും ഇത്തരം 'പോരാട്ടയോഗങ്ങള്‍' കൃത്യമായി നടക്കുന്നുണ്ട്. ഇത്തരം 'പോരാട്ടയോഗങ്ങള്‍' മുന്‍കൂട്ടി ഏര്‍പ്പാടുചെയ്തുനടത്തുന്നവയാണ്. പ്രവര്‍ത്തനത്തെ പരിശോധിച്ച് വിമര്‍ശിക്കുക എന്ന പ്രധാനമായ ഉദേശ്യത്തിനുവേണ്ടിയല്ല ഈ യോഗങ്ങള്‍ നടത്തുന്നത്. 'വിവാദത്തിലുള്ള പ്രശ്ന'ത്തെപ്പറ്റി ഒന്നാമതായിത്തന്നെ പോരാട്ടം നടത്തുന്നതിനുപകരം 'വ്യക്തിയുടെ നേര്‍ക്കാ'ണു പോരാട്ടം തിരിച്ചുവിടുന്നത്. മറ്റു വാക്കുകളില്‍, ചില തെറ്റായ ആശയഗതികള്‍ക്കും അടിസ്ഥാനതത്വങ്ങള്‍ക്കും എതിരായിട്ടല്ല പ്രധാനമായി സമരം ചെയ്യുന്നത്; നേരെമറിച്ച്, ചില ആളുകള്‍ക്കെതിരായിട്ടാണ്. ഏതെങ്കിലുമൊരു ലീയ്ക്കോ ജ്യാങിനോ എതിരായ പോരാട്ടമെന്നു പറയുന്നത് തെറ്റുചെയ്ത സഖാക്കള്‍ക്കെതിരായി ഒരടിയടിക്കാന്‍ വേണ്ടിയാണ്. സാരാംശത്തിലപ്പോള്‍ ഈ 'പോരാട്ടയോഗങ്ങള്‍' ഏതെങ്കിലുമൊരു സഖാവിനെതിരായ കുറ്റവിചാരണയോഗമായി മാറുന്നു. ആശയപരമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനല്ല, സംഘടനാപരമായി പ്രശ്നങ്ങള്‍ തീര്‍ക്കാനാണ് മുഖ്യമായും ഈ യോഗങ്ങള്‍ ഉന്നംവെക്കുന്നത്. ഏതെങ്കിലും ചില കുഴപ്പക്കാരെ , അല്ലെങ്കില്‍ തങ്ങളുടെ വ്യത്യസ്താഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന സഖാക്കളെ- അവരുടെ അഭിപ്രായങ്ങള്‍ എപ്പോഴും പിശകായിരിക്കണമെന്നില്ല- നിര്‍ബന്ധിച്ചു കീഴടക്കുകയാണ് ഈ യോഗങ്ങളുടെ ഉദ്ദേശ്യം. എന്നുതന്നെയല്ല, ഈ 'പോരാട്ടയോഗ'ങ്ങളിലോരോന്നിലും, ആര്‍ക്കെല്ലാമെതിരായിട്ടാണോ പോരാട്ടം നടത്തുന്നത് അവരില്‍ ഭൂരിപക്ഷം സഖാക്കള്‍ക്കുമെതിരായി സംഘടനാപരമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നു. ഈയൊരു പോരാട്ടരീതി തെറ്റാണെന്നു പറയേണ്ടതില്ലല്ലോ.
എന്തുകൊണ്ട് ഇതു ശരിയല്ല?
ആദ്യമായി, 'പോരാട്ടയോഗം' എന്നവാക്കുതന്നെ പിശകാണ്. ആ വാക്കിനു യാതൊരര്‍ഥവുമില്ല. അപ്പോള്‍ 'പോരാട്ടയോഗ'ങ്ങളെന്നു പറയപ്പെടുന്നതിനു പുറമെ, 'പോരാട്ടത്തിന്നല്ലാത്തയോഗ'ങ്ങളുമുണ്ടോ? പോരാട്ടം നടത്താനായി പ്രത്യേകം വിളിച്ചുകൂട്ടുന്ന ചില യോഗങ്ങളും യാതൊരു പോരാട്ടവും ഇല്ലാത്ത വേറെ ചില യോഗങ്ങളും ഉണ്ടെന്നും നാം കണക്കാക്കുകയാണെങ്കില്‍, അത് ആശയപരമായ കുഴപ്പമായിരിക്കും, ഇത് ഒന്നുമാത്രമേ തെളിയിക്കുന്നുള്ളൂ; പോരാട്ടത്തിന്റെ കേവലവും സാര്‍വത്രികവുമായ സ്വഭാവത്തെ എത്രയോ സഖാക്കള്‍ ഇനിയും മനസ്സിലാക്കിയിട്ടില്ല. അവര്‍ യാന്ത്രികമായി പോരാട്ടത്തെ വിദ്യാഭ്യാസത്തില്‍നിന്നും വേര്‍തിരിക്കുന്നു.
ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ ഉദ്ദേശ്യം പാര്‍ട്ടിയെയും തെറ്റുചെയ്ത സഖാക്കളെയും പഠിപ്പിക്കുകയാണ്. അതുകൊണ്ട് ഉള്‍പ്പാര്‍ട്ടിസമരം തന്നെ പാര്‍ട്ടിക്കകത്തെ അനുപേക്ഷണീയമായ വിദ്യാഭ്യാസത്തിന്റെ ഒരു രൂപമാണ്. പാര്‍ട്ടിക്കകത്ത് വിദ്യാഭ്യാസം എന്നു പറഞ്ഞാല്‍ അത് ഒരു തരം താരതമ്യേന തീവ്രത കുറഞ്ഞ ഉള്‍പ്പാര്‍ട്ടിപോരാട്ടമാണ്. അതുകൊണ്ട് വിദ്യാഭ്യാസത്തെയും പോരാട്ടത്തെയും വേര്‍തിരിച്ചു കാണാന്‍ പാടില്ല. പോരാട്ടം ഒരുതരം വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസം ഒരുതരം പോരാട്ടമാണ്. ഈ രണ്ടിനെയും യാന്ത്രികമായി വേര്‍തിരിക്കാന്‍ നോക്കുന്നത് തെറ്റായിരിക്കും.
കൂടാതെ, ഇത്തരം 'പോരാട്ടയോഗ'ങ്ങള്‍ പാര്‍ട്ടിക്കകത്ത് സെക്ടേറിയനിസത്തിന്റെ സഖാക്കളെയും പ്രവര്‍ത്തകന്‍മാരെയും എതിര്‍ക്കുകയെന്ന തെറ്റായ നയത്തിന്റെ ഒരു പ്രത്യക്ഷമായ പ്രകടനമാണ്. തെറ്റുചെയ്ത സഖാക്കളെ സഹാക്കുകയും പഠിപ്പിക്കുകയും, രക്ഷിക്കുകയും ചെയ്യുന്നതിലധികം അവരുടെ നേരെ തട്ടിക്കയറുകയാണ് ഈ യോഗങ്ങളില്‍ ചെയ്യുന്നത്. ഈ യോഗങ്ങള്‍ മിക്കപ്പോഴും വ്യക്തിക്കെതിരായ പോരാട്ടത്തിനുള്ളതായിത്തീരുന്നു; അതേസമയത്ത് ആശയഗതിയിലുള്ള വ്യത്യാസങ്ങളെയും വൈരുധ്യങ്ങളെയും അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇത്തരം ''പോരാട്ടയോഗങ്ങള്‍' മിക്കപ്പോഴും പാര്‍ട്ടിയില്‍ ആശയഗതിയിലും രാഷ്ട്രീയനയത്തിലും സംഘടനയിലും പ്രവര്‍ത്തനത്തിലും ഐക്യം ശക്തിപ്പെടുത്താന്‍ യഥാര്‍ഥത്തില്‍ സഹായിക്കുന്നില്ല. നേരെമറിച്ച്, അവര്‍ പാര്‍ട്ടിയില്‍ അനൈക്യത്തെയും താത്വികാടിസ്ഥാനമില്ലാത്ത തര്‍ക്കങ്ങളെയും വളര്‍ത്തുന്നു. അവ പാര്‍ട്ടിക്കകത്ത് സെക്രട്ടറിയനിസത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നു. പാര്‍ട്ടിക്കു പുറത്തുള്ള സംഘടനകളില്‍ ഇത്തരം 'പോരാട്ടയോഗങ്ങള്‍' നടക്കുന്നത് കൂടുതല്‍ തെറ്റാണ്.
രണ്ടാമത്, യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടി പോരാട്ടം താഴെപ്പറയുന്ന രൂപങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ചില സഖാക്കളുടെ അഭിപ്രായത്തില്‍, പാര്‍ട്ടിക്കകത്തെ പോരാട്ടം എത്ര കണ്ടു കൂടുതല്‍ തീവ്രമാണോ, അത്രയും കൂടുതല്‍ നല്ലതാണ്, അവരെ സംബന്ധിച്ചിടത്തോളം, പ്രശ്നം എത്രകണ്ട് കൂടുതല്‍ കാര്യഗൌരവത്തോടെ ഉന്നയിക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ നല്ലതാണ്; എത്രകണ്ട് കൂടുതല്‍ കുറ്റം കാണുന്നുവോ അത്രയും കൂടുതല്‍ നല്ലതാണ്; എത്രകണ്ട് കൂടുതല്‍ തീക്ഷ്ണമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് വിമര്‍ശനം തീക്ഷ്ണമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് കൂടുതല്‍ ആളെപ്പറയുന്നുവോ അത്രം നല്ലതാണ്; സമ്പ്രദായവും പെരുമാറ്റവും എത്രകണ്ട് കൂടുതല്‍ ക്രൂരവും മര്യാദയില്ലാത്തതുമാകുന്നുവോ അത്രയും നല്ലതാണ്; എത്രകണ്ട് ഉച്ചത്തില്‍ സംസാരിക്കുന്നുവോ, അത്രയും നല്ലതാണ്; എത്രകണ്ട് മുഖം കറുപ്പിക്കുന്നുവോ; എത്രകണ്ട് പല്ലിറുമ്മുന്നുവോ, അത്രയും നല്ലതാണ്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നതുകൊണ്ട് ആവുന്നത്ര വിപ്ലവകാരിയായിത്തീരുകയാണ് തങ്ങളെന്ന് അവര്‍ കണക്കാക്കുന്നു. പാര്‍ട്ടിക്കകത്തെ സമരത്തിലും സ്വയംവിമര്‍ശനത്തിലും ഔചിത്യവും മിതഭാഷയും ആവശ്യമാണെന്നവര്‍ക്ക് വിചാരമില്ല; വേണ്ടസമയത്തും സ്ഥലത്തും അവര്‍ നിര്‍ത്തുകയില്ല, അവര്‍ യാതൊരു കടിഞ്ഞാണും കൂടാതെയാണ് പോരാട്ടം നടത്തുക, ഇത് തീരെ തെറ്റാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
മൂന്നാമത്, പാര്‍ട്ടിക്കകത്തെ സമരം സാംരാംശത്തില്‍ ഒരു ആശയസമരമാണെന്ന് എത്രയോ സഖാക്കള്‍ ഇനിയും ധരിച്ചിട്ടില്ല. ആശയപരമായ ഐക്യം ഉണ്ടാക്കിയിട്ടുമാത്രമേ പാര്‍ട്ടിക്കകത്ത് രാഷ്ട്രീയമായും സംഘടനാപരമായും പ്രവര്‍ത്തനത്തിലും ഐക്യം നിലനിര്‍ത്താനും ബലപ്പെടുത്താനും കഴിയുകയുള്ളൂ എന്നും, സംഘടനയുടെയും പ്രായോഗികപ്രവര്‍ത്തനത്തിന്റെയും അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുമ്പായി, ആശയഗതിയുടെയും അടിസ്ഥാനതത്വത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്നും അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല എങ്കിലും ഐക്യമുണ്ടാക്കുക എളുപ്പമല്ല; ആശയപരമായും അടിസ്ഥാനതത്വങ്ങളെ ആസ്പദമാക്കിയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍, മറ്റുള്ളവരുടെ ആശയഗതിയെ പരിഷ്ക്കരിക്കാന്‍, മറ്റുള്ളവര്‍ ദീര്‍ഘകാലമായി വച്ചുപുലര്‍ത്തിപ്പോരുന്ന തത്വങ്ങളെയും അഭിപ്രായങ്ങളെയും പക്ഷപാതങ്ങളെയും തിരുത്താന്‍ എളുപ്പമല്ല. കുറച്ചുവാക്കുകള്‍കൊണ്ടോ ഒരു 'പോരാട്ടയോഗം' നടത്തിയിട്ടോ മാത്രം കാര്യം നടക്കുകയില്ല. താന്തോന്നിത്തരീതികള്‍കൊണ്ടോ നിര്‍ബന്ധനടപടികള്‍കൊണ്ടോ മാത്രവും ഇത് സാധിക്കുകയില്ല. മിനക്കെട്ടുകൊണ്ടുള്ള പ്രേരണയും പഠിപ്പും കൊണ്ടുമാത്രമേ, പലതലത്തിലുള്ള കെട്ടുപിണഞ്ഞ പോരാട്ടത്തിലൂടെ മാത്രമേ, ഗണ്യമായകാലം വിപ്ലവത്തില്‍ പഠിക്കുകയും പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ, ഗണ്യമായകാലം വിപ്ലവത്തില്‍ പഠിക്കുകയും പോരാടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. ഈ വെളിച്ചത്തില്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ സത്തയെ പല സഖാക്കളും കാണുന്നില്ല. പക്ഷെ, നേരെവിപരീതമായി, അവര്‍ ഉള്‍പാര്‍ട്ടി സമരത്തെ ലളിതമാക്കുന്നു, യാന്ത്രികമാക്കുന്നു, പരസ്യപ്പെടുത്തുന്നു. സംഘടനയിലോ രൂപത്തിലോ പ്രത്യക്ഷപ്പെടുന്ന ഒരു പരസ്പരവൈരുധ്യമായിട്ടാണ് അവര്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തെ കണക്കാക്കുന്നത്; അല്ലെങ്കില്‍ ഏറ്റുമുട്ടലും ശപിക്കലും കടിപിടികൂട്ടലും ഗുസ്തിപിടിക്കലും ആയിട്ടവര്‍ അതിനെ കരുതുന്നു. യഥാര്‍ത്ഥമായ ഐക്യത്തിനുവേണ്ടി അവര്‍ ശ്രമിക്കുന്നില്ല; ആശയഗതിയുടെയും അടിസ്ഥാനതത്വത്തിന്റെയും വെളിച്ചത്തില്‍ അവര്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ല. പാര്‍ട്ടിക്കകത്ത് ആശയഗതികളെയും അടിസ്ഥാനതത്വങ്ങളെയും സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ഇത്തരം ലളിതവും യാന്ത്രികവും ആഭാസവുമായ രീതികള്‍കൊണ്ട് തീര്‍ക്കണമെന്ന് അവര്‍ വിചാരിക്കുന്നു. ഇതു തീരെ തെറ്റാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ.
അടിസ്ഥാനതത്വങ്ങളെയും ആശയഗതികളെയും സംബന്ധിച്ചുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തീര്‍ത്തും തെറ്റായ ചിന്താഗതികളെയും നടപടികളെയും തിരുത്തിയും പാര്‍ട്ടിക്കകത്ത് ഈ സഖാക്കള്‍ ഐക്യം നിലനിര്‍ത്തുകയോ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. നേരെമറിച്ച്, വെറും സംഘടനാപരമായ ഉപായങ്ങളെക്കൊണ്ടോ, താന്തോന്നിത്ത നടപടികളെക്കൊണ്ടോ, പാര്‍ട്ടിസഖാക്കളോടുള്ള പെരുമാറ്റത്തില്‍ വല്യേട്ടന്‍മനോഭാവം സ്#വീകരിച്ചിട്ടോ ശിക്ഷാസമ്പ്രദായം വേര്‍പ്പെടുത്തിയിട്ടോ പാര്‍ട്ടിക്കകത്ത് ഐക്യം പുലര്‍ത്താനും ഉണ്ടാക്കാനും അവര്‍ പരിശ്രമിക്കുന്നു. ഇതിന്റെ ഫലമായി ഇവര്‍ പാര്‍ട്ടിയിലേക്കു പലതരം തെറ്റായ അനാവശ്യമായ ഉള്‍പ്പാര്‍ട്ടിപോരാട്ടങ്ങള്‍ കൊണ്ടുവരുന്നു. അതുകൊണ്ട് അടിസ്ഥാനതത്വങ്ങളെ ആശയഗതിയേയും ആസ്പദമാക്കി സഖാക്കളെ സശ്രദ്ധമായും കരുതലോടുകൂടിയും പറഞ്ഞുബോധ്യപ്പെടുത്തുന്നതിനുപകരം അവര്‍ വെറും സംഘടനാനടപടികള്‍കൊണ്ടും എതിര്‍പ്പുരീതികള്‍ ഉപയോഗിച്ചും ഗവണ്‍മെന്റുനടപടികളെടുത്തുപോലും സഖാക്കളെ അടിച്ചമര്‍ത്തുന്നു, ഭീഷണിപ്പെടുത്തുന്നു. അവര്‍ സഖാക്കള്‍ക്ക് കണ്ടമാനം സംഘടനാപരമായ ശിക്ഷകൊടുക്കുകയും ചെയ്യുന്നു. മാത്രമല്ല, നിയമത്തിന്റെ മുമ്പില്‍ സമത്വം എന്ന ബൂര്‍ഷ്വാ വീക്ഷണഗതിയോടുകൂടി പാര്‍ട്ടിക്കകത്ത് അവര്‍ സഖാക്കളെ നിര്‍ദയം ശിക്ഷിക്കുന്നു. അതായത്, കുറ്റക്കാര്‍ എങ്ങനെയുള്ള പാര്‍ട്ടിമെമ്പര്‍മാരാണ്, അവര്‍ തങ്ങളുടെ തെറ്റുകള്‍ സമ്മതിച്ചിട്ടുണ്ടോ, തിരുത്തിയിട്ടുണ്ടോ, ഇല്ലയോ എന്നൊന്നും കണക്കാക്കാതെ പാര്‍ട്ടി ഭരണഘടനയില്‍ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കഠിനമായ ശിക്ഷകൊടുക്കുന്നു. ഇങ്ങനെയാണ് പാര്‍ട്ടികകത്ത് ശിക്ഷാസമ്പ്രദായം നടപ്പിലാക്കപ്പെടുന്നത്.
ഈ സഖാക്കള്‍ പലപ്പോഴും പ്രവര്‍ത്തനം ആരംഭിക്കാനും മുന്നോട്ടുനീക്കാനും വേണ്ടി പോരാട്ടങ്ങള്‍ നടത്തുക എന്ന ഉപായം എടുക്കാറുണ്ട്. അവര്‍ കരുതിക്കൂട്ടി പാര്‍ട്ടിസഖാക്കളെ പോരാട്ടത്തിനിരയാക്കുന്നു; അവസരവാദത്തിന്റെ പ്രതിനിധികളെന്ന നിലക്ക് അവര്‍ക്കെതിരായി സമരം നടത്തുന്നു. മറ്റു പാര്‍ട്ടി പ്രവര്‍ത്തകരെ നിഷ്കര്‍ഷിച്ച് പണിയെടുപ്പിക്കാനും, കടകള്‍ നിറവേറ്റിപ്പിക്കാനുംവേണ്ടി അവര്‍ ഒന്നോ, കൂടുതലോ സഖാക്കളുടെ നേരെ തട്ടിക്കയറുന്നു, അവരെ ബലികൊടുക്കുന്നു. ചൈനീസ് പഴഞ്ചോല്ലുപോലെ " പട്ടിയെ ഭയപ്പെടുത്താന്‍ കോഴിയെകൊല്ലുന്നു''. തങ്ങളുടെ പോരാട്ടത്തിന്നിരയായ സഖാക്കളുടെ പോരായ്മകളെയും തെറ്റുകളെയും പറ്റി അവര്‍ കരുതിക്കൂട്ടി വിവരം ശേഖരിക്കുന്നു. അവരുടെ വേണ്ടത്ര ശരിയല്ലാത്ത വാക്കുകളും പ്രവര്‍ത്തനങ്ങളും യാന്ത്രികമായും അന്യോന്യബന്ധമില്ലാതെയും കുറിച്ചുവെക്കുന്നു. എന്നിട്ടവര്‍ ഇത്തരം കുറ്റങ്ങളെയും കുറവുകളെയും വേണ്ടത്ര ശരിയല്ലാത്ത വാക്കുകളെയും പ്രവൃത്തികളെയും ഒറ്റതിരിച്ചു നോക്കിക്കാണുകയും ഇവയെല്ലാമാണ് ആ സഖാവിന്റെ വ്യക്തിപരമായകുറ്റങ്ങളെയും കുറവുകളെയും അവര്‍ വലുതാക്കുകയും ഒരു അവസരവാദവ്യവസ്ഥയാക്കി വളര്‍ത്തുകയും ചെയ്യുന്നു. അങ്ങനെ പാര്‍ട്ടി സഖാക്കളുടെ ഇടയില്‍ ആ സഖാവിനെപ്പറ്റി അങ്ങേയറ്റം പ്രതികൂലമായ അഭിപ്രായം സൃഷ്ടിക്കുന്നു; അയാള്‍ക്കെതിരായ പോരാടാന്‍ സഖാക്കളുടെ അവസരവാദത്തോടുള്ള വെറുപ്പിനെ കുത്തിയിളക്കുന്നു. അതിനുശേഷം "ആര്‍ക്കുവേണമെങ്കിലും ചത്തപുലിയെ ചെന്നുതല്ലാം''. ഇതിന്റെയെല്ലാം ഫലമായി ചിലരുടെയിടയില്‍ പകപോക്കല്‍മനോഭാവം ബലപ്പെടുകയും അവര്‍ ആ സഖാവിന്റെ എല്ലാ കുറ്റങ്ങളെയും കുറവുകളെയും യാതൊരു ആധാരവുമില്ലാതെ ഒരു അടിസ്ഥാനതത്വത്തിന്റെ നിലവാരത്തിലേക്കുയര്‍ത്തുകയും ചെയ്യുന്നു. അവര്‍ ഏതെങ്കിലും കഥകള്‍ കെട്ടിയുണ്ടാക്കുകകൂടി ചെയ്യുന്നു. തങ്ങളുടെ മനസ്സില്‍ മാത്രമുള്ള സംശയങ്ങളുടെയും തീരെ അടിസ്ഥാനരഹിതമായ ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ആ സഖാവിന്റെ പേരില്‍ പലേ കുറ്റാരോപണങ്ങള്‍ കൊണ്ടുവരുന്നു- ആ സഖാവിനെ മാനസികമായ കുഴപ്പത്തിലേക്കു തള്ളുംവരെ ഇതെല്ലാം ചെയ്തതിനുശേഷവും ഇങ്ങനെ ആക്രമിക്കപ്പെട്ട സഖാവിനെ തന്റെ ഭാഗം പറയാന്‍ അവര്‍ അനുവദിക്കുകയില്ല. അയാള്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍, കരുതിക്കൂട്ടി സ്വന്തം കുറ്റങ്ങള്‍ ശരിവെക്കുകയാണെന്നോ, എല്ലാം തുറന്നുപറയാതെയാണ് തെറ്റുകള്‍ സമ്മതിക്കുന്നതെന്നോ, അവര്‍ അയാളെ വീണ്ടും കുറ്റപ്പെടുത്തും. തുടര്‍ന്ന് അവര്‍ അയാളുടെ നേരെ വീണ്ടും ആക്രമിക്കും. പാര്‍ട്ടിസംഘടനയ്ക്ക് കീഴ്പ്പെടാമെന്ന വ്യവസ്ഥയില്‍ മേല്‍ സ്വന്തം അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കാനോ, മേല്‍ഘടകങ്ങള്‍ക്കു അപ്പീല്‍ചെയ്യാനോ, ഇങ്ങനെ ആക്രമിക്കപ്പെട്ട സഖാവിനെ അവര്‍ സമ്മതിക്കുകയില്ല; ഉടന്‍തന്നെ എല്ലാകുറ്റവും സമ്മതിക്കണമെന്ന് അവര്‍ ആവശ്യപ്പെടും. ആക്രമിക്കപ്പെട്ട സഖാവ് എല്ലാതെറ്റുകളും സമ്മതിച്ചാല്‍, അടിസ്ഥാനതത്വത്തെയോ ആശയഗതിയെയോ സ്പര്‍ശിക്കുന്ന പ്രശ്നത്തിനു പരിഹാരം കണ്ടുവോ ഇല്ലയോ എന്ന് പിന്നെ അവര്‍ നോക്കുകയില്ല. അതുകൊണ്ട് പാര്‍ട്ടിയില്‍ പലപ്പോഴും സമരത്തിനിടക്ക് സഖാക്കള്‍ തങ്ങള്‍ ചെയ്തതിലധികം തെറ്റുകള്‍ സമ്മതിക്കാറുണ്ട്. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി എല്ലാ ആരോപണങ്ങളും സമ്മതിക്കുകയാണ് നല്ലതെന്ന് പലരും കരുതുന്നു. എല്ലാ തെറ്റുകളും സമ്മതിച്ചാലും വാസ്തവത്തില്‍ അവ എന്തെല്ലാമാണെന്ന് അപ്പോഴും അവര്‍ക്കറിയില്ല. സത്യത്തിലുറച്ചുനില്‍ക്കുകയെന്ന ഒരു കമ്യൂണിസ്റ്റുകാരനൊഴിച്ചുകൂടാന്‍ വയ്യാത്ത ദൃഢതയെ ഇത്തരം സമരങ്ങളും വളര്‍ത്തുകയില്ലെന്ന് ഇതില്‍നിന്നു തെളിയുന്നുണ്ട്.
നാലാമത്, പാര്‍ട്ടിക്കകത്തു നടക്കുന്ന പോരാട്ടത്തിന്റെ രീതികളെ, പാര്‍ട്ടിക്കു പുറത്തു നടക്കുന്ന പോരാട്ടത്തിന്റെ രീതികളുമായി കൂട്ടിക്കുഴയ്ക്കുന്നുണ്ട്. ചില സഖാക്കള്‍ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ രീതികളെ പാര്‍ട്ടിയല്ലാത്ത ബഹുജനസംഘടനകളില്‍ യാന്ത്രികമായി പ്രയോഗിക്കുന്നു; പാര്‍ട്ടിയില്‍ പെടാത്ത പ്രവര്‍ത്തനകന്‍മാരും ബഹുജനങ്ങള്‍ക്കുമെതിരായി ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ രീതികളുപയോഗിക്കുന്നു. നേരെമറിച്ച്, ശത്രുവിനും എതിര്‍ശക്തികള്‍ക്കുമെതിരായി പോരാട്ടം നടത്തുന്നതിന്റെ രീതികള്‍ ചില സഖാക്കള്‍, പാര്‍ട്ടിക്കകത്ത് സഖാക്കള്‍ക്കെതിരായ സമരത്തിലുപയോഗിക്കുന്നു. ശത്രുവിനോടും, എതിര്‍ശക്തികളോടും പെരുമാറുമ്പോഴുപയോഗിക്കുന്ന നടപടികള്‍, പാര്‍ട്ടിക്കകത്തു സഖാക്കളോടു പെരുമാറുന്നതില്‍ അവരംഗീകരിക്കുന്നു. പാര്‍ട്ടിക്കകത്ത് എല്ലാത്തരത്തിലുള്ള ശുണ്ഠിയെടുപ്പിക്കലുകളിലും അകല്‍ച്ചകളിലും ഗൂഢാലോചനകളിലും അവര്‍ ഏര്‍പ്പെടുന്നു. ഉള്‍പ്പാര്‍ട്ടി പോരാട്ടത്തില്‍ ചാരവേല, അറസ്റ്റ്, വിചാരണ, ശിക്ഷ മുതലായ എല്ലാ ഗവണ്‍മെന്റുനടപടികളും അവര്‍ പ്രയോഗിക്കുന്നു. ഉദാഹരണത്തിന് രാജ്യദ്രോഹികളെ കണ്ടുപിടിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ചില സഖാക്കള്‍ക്കു പറ്റിയ ഇടതുപക്ഷതെറ്റുകള്‍ക്ക് അധികവും കാരണം, പാര്‍ട്ടിക്കകത്തു നടക്കുന്ന പോരാട്ടവും പാര്‍ട്ടിയുടെ പുറത്തുനടക്കുന്ന പോരാട്ടവും അടുത്തുബന്ധപ്പെട്ടതാണ്. പക്ഷെ അവയോരോന്നിന്റെയും പ്രത്യേകരൂപങ്ങളും രീതികളും വെവ്വേറെയായിരിക്കണം.
ഉള്‍പ്പാര്‍ട്ടിപോരാട്ടം നടത്താനും പാര്‍ട്ടിയെ കണ്ണും പിടിയും കാട്ടി ഭീഷണിപ്പെടുത്താനും പാര്‍ട്ടിക്കു പുറമേയുള്ള ശക്തികളെ പരസ്യമായി ആശ്രയിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ചില സഖാക്കള്‍- വാസ്തവത്തില്‍ അവരെ ഇനി സഖാക്കളെന്നുവിളിക്കാന്‍ വയ്യ- ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഉദാഹരണത്തിന്, തങ്ങളുടെ ഭാഗികമായ നേട്ടങ്ങളെയും അവരുടെ കയ്യിലുള്ള പട്ടാളങ്ങളെയും പടക്കോപ്പുകളെയും ബഹുജനങ്ങള്‍ക്കിടയിലുള്ള അവരുടെ പ്രശസ്തിയെയും ഐക്യമുന്നണിയിലൊരു വിഭാഗവുമായി അവരുടെ ബന്ധങ്ങളെയും ആസ്പദമാക്കിക്കൊണ്ട് ചിലര്‍ പാര്‍ട്ടിയ്ക്കും പാര്‍ട്ടിയിലെ ഉന്നതകമ്മിറ്റികള്‍ക്കുമെതിരായി സമരം നടത്തുന്നു. പാര്‍ട്ടിയെയും പാര്‍ട്ടിയിലെ ഉന്നതകമ്മിറ്റികളെയും തങ്ങളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുന്നു. പാര്‍ട്ടിയുടെ നേരെ ഒരു സ്വതന്ത്രനിലപാടാണ് അവര്‍ക്കുള്ളത്. പാര്‍ട്ടിയില്‍നിന്ന് സ്വതന്ത്രരാണ് തങ്ങളെന്ന് അവര്‍ പ്രഖ്യാപിക്കുന്നു. അല്ലെങ്കില്‍ പാര്‍ക്കു പുറത്തുള്ള- ബൂര്‍ഷ്വാസിയുടെയും ശത്രുവിന്റെ കൂടിയും -പത്രങ്ങളെയും മാസികകളേയും വിവിധ സമ്മേളനങ്ങളെയും ഉപയോഗപ്പെടുത്തി ഉപരിപാര്‍ട്ടിഘടനകങ്ങള്‍ക്കും ചില സഖാക്കള്‍ക്കും പ്രവര്‍ത്തകന്‍മാര്‍ക്കും എതിരായി അവര്‍ സമരത്തിനൊരുങ്ങുന്നു. വ്യക്തമായും ഇത് ഗൌരവമേറിയ ഒരു കുറ്റമാണ്. ഇത്രതന്നെ ഗൌരമേറിയതാണ് മറ്റൊരു വിഭാഗം ആളുകള്‍ ചെയ്യുന്ന തെറ്റും. ഈ കൂട്ടര്‍ പാര്‍ട്ടിയുടെ സ്വാധീനശക്തിയെ ഉപയോഗപ്പെടുത്തിക്കൊണ്ട് ബഹുജനങ്ങളെ നിര്‍ബന്ധിക്കുകയും, കല്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. പാര്‍ട്ടിപുറത്തുള്ള ആളുകളെ ഭീഷണിപ്പെടുത്തി സ്വന്തം കാര്യങ്ങള്‍ നേടാനായി പ്രവര്‍ത്തിപ്പിക്കുന്നു. ഇവരെല്ലാംതന്നെ പാര്‍ട്ടിയുടേതല്ലാത്ത ഒരു നിലപാടില്‍ നിന്നുകൊണ്ട് പാര്‍ക്കെതിരായി സമരം നടത്തുന്നവരാണ്. അതുകൊണ്ട് ഇവര്‍ പേരിന് കമ്യൂണിസ്റ്റുകാരാണെങ്കിലും പാര്‍ട്ടിയുടെ നിലപാടില്‍നിന്ന് തീരെ വിട്ടുപോയിരിക്കുന്നു; പാര്‍ട്ടിയുടെ ശത്രുക്കളായി മാറിയിരിക്കുന്നു.
അഞ്ചാമത്, നമ്മുടെ പാര്‍ട്ടിയില്‍വളരെ പ്രശ്നങ്ങള്‍ പൊതുയോഗങ്ങളിലോ, പൊതുയോഗങ്ങള്‍വഴിക്കോ തീര്‍ക്കാറുണ്ട്. അത് നല്ലത്. പക്ഷെ, പാര്‍ട്ടിസംഘനകളില്‍ പലതും യാതൊരു ഒരുക്കവും കൂടാതെയോ അല്ലെങ്കില്‍ മുന്‍കൂട്ടി പരിശോധനയും പഠനവും നടത്താനെയോ ആണ് മിക്കയോഗങ്ങളും കൂടുക പതിവ്. അങ്ങനെ യോഗത്തിന്നിടക്ക് വളരെ വ്യത്യസ്താഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്നു. തര്‍ക്കങ്ങളുണ്ടാക്കുന്നു. എല്ലാ യോഗങ്ങളിലും പ്രായേണ അനുമാനങ്ങളില്‍ എത്തുന്നത് അവയില്‍ നേതൃത്വം വഹിക്കുന്ന സഖാക്കളായതുകൊണ്ടും ഈ അനുമാനങ്ങള്‍ തീരുമാനങ്ങള്‍ക്കു സമമായതുകൊണ്ടും പല പോരായ്മകളും സംഭവിക്കാറുണ്ട്. ചില യോഗങ്ങളില്‍ വാദപ്രതിവാദം നടക്കുമ്പോള്‍ അവസാന തീരുമാനമെടുക്കാനായി യോഗത്തില്‍ പങ്കെടുക്കുന്ന അധ്യാപകന്റെയോ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടേയോ മറ്റേതെങ്കിലും ഉത്തരവാദപ്പെട്ട സഖാവിന്റെയോ നേര്‍ക്ക് എല്ലാവരും നോക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ, ആ ഉത്തരവാദപ്പെട്ട സാഖവിനുതന്നെ എന്തുചെയ്യണമെന്നു തീര്‍ച്ചയുണ്ടാവില്ല. പ്രശ്നത്തെപ്പറ്റി തീരെ തെളിവുണ്ടാവില്ല. എങ്കിലും പ്രശ്നം അത്രയ്ക്കും അടിയന്തരമായതുകൊണ്ട് എന്തെങ്കിലും തീരുമാനം അയാള്‍ക്കെടുക്കാതെയും നിവൃത്തിയില്ല; അല്ലെങ്കില്‍ അയാള്‍ക്കെങ്ങനെ ഉത്തരവാദപ്പെട്ട സഖാവായി തുടരാന്‍ കഴിയും! ഈ ഉത്തരവാദപ്പെട്ട സഖാവിന് ഒരു തീരുമാനം കൊടുക്കണം. ചിലപ്പോള്‍ അയാള്‍ വല്ലാതെ ബേജാറാകും, ശരീരമാകെ വിയര്‍ത്തൊലിക്കും, അയാള്‍ പെട്ടെന്ന് എന്തെങ്കിലും അനുമാനത്തിലെത്തും, ആ അനുമാനത്തിന് ഒരു തീരുമാനത്തിന്റെ വിലയുണ്ടുതാനും, ഈ അനുമാനമനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുക, തീര്‍ച്ചയായും ചില തെറ്റുകളും പറ്റാതിരിക്കുകയില്ല. ഒരു പ്രശ്നത്തെപ്പറ്റി തീരുമാനമെടുക്കാന്‍ ആവശ്യമായത്ര തീര്‍ച്ചയില്ലെങ്കിലും ചില സഖാക്കള്‍ ആ വാസ്തവം പറയാന്‍ തയ്യാറില്ല, തങ്ങള്‍ക്കു പ്രശ്നം പഠിക്കാനും ആലോചിക്കാനും കൂടുതല്‍ സമയം വേണമെന്നോ, അല്ലെങ്കില്‍ ഉപരിഘടകത്തിന്റെ നിര്‍ദ്ദേശം നമുക്കാവശ്യപ്പെടാമെന്നോ പറയാന്‍ അവര്‍ക്കിഷ്ടമില്ല. അതുകൊണ്ട് തന്റെ മാനം കാക്കാനായി, സ്ഥാനം രക്ഷിക്കാനായി, പ്രശ്നത്തെപ്പറ്റി തീര്‍ച്ചയുണ്ടെന്ന് അവര്‍ നടിക്കും. കാര്യഗൌരവമില്ലാതെ അവര്‍ ഏതെങ്കിലും തീരുമാനം കൊടുക്കുന്നു, പലപ്പോഴും അതു പിശകായിത്തീരും. ഇത്തരം സമ്പ്രദായങ്ങളും തിരുത്തേണ്ടതായിട്ടുണ്ട്.
എല്ലാ പ്രശ്നങ്ങളെയും സമീപിക്കുന്ന കാര്യത്തില്‍ നമ്മുടെ സഖാക്കളെല്ലാമെടുക്കേണ്ട നിലയിതാണ്: "നിങ്ങള്‍ക്ക് ഒരു കാര്യം അറിയുമെങ്കില്‍, അറിയുമെന്നു പറയുക; അറിയില്ലെങ്കില്‍, അങ്ങനെയും''; "അറിയാത്തകാര്യം അറിയുമെന്ന് ഒരിക്കലും അവകാശപ്പെടരുത്.'' പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ക്ക് ഒരിക്കലും കണ്ടമാനം പരിഹാരം കാണാന്‍ സാധ്യമല്ല. എല്ലായോഗങ്ങളും ചില തീരുമാനങ്ങളിലെത്തണം. പക്ഷെ, തീരുമാനിക്കാന്‍ വയ്യാത്ത കാര്യങ്ങള്‍, അല്ലെങ്കില്‍ അപ്പോഴും സംശയത്തിലിരിക്കുന്നതോ, ഇനിയും തെളിയിക്കേണ്ടതായിട്ടുള്ളതോ ആയ പ്രശ്നങ്ങള്‍, നിസ്സാരരീതിയില്‍ തീരുമാനിക്കാന്‍ പാടില്ല. തീര്‍ച്ചയില്ലാത്ത കാര്യങ്ങള്‍ കൂടുതല്‍ ആലോചനക്കായി നീട്ടിവെക്കാം. അല്ലെങ്കില്‍ ഉപരിഘടകങ്ങളുടെ നിര്‍ദേശത്തിന്നയക്കാം. നല്ല തീര്‍ച്ചയുള്ള കാര്യങ്ങളില്‍മാത്രമേ തീരുമാനങ്ങളെടുക്കുവാന്‍ പാടുള്ളൂ. യോഗത്തില്‍ പങ്കെടുക്കുന്ന ഏറ്റവും ഉത്തരവാദപ്പെട്ട സഖാവായിരിക്കണമെന്നില്ല എപ്പോഴും അനുമാനങ്ങളിലെത്തുന്നത്. റിപ്പോര്‍ട്ടു ചെയ്യുന്നതാരോ ആ സഖാവ് തന്നെ വാദപ്രതിവാദത്തിനുശേഷം ഉപസംഹരിക്കുകയും ചെയ്യാം. പക്ഷെ, ഈ സഖാവിന്റെ അനുമാനങ്ങള്‍ എല്ലായ്പോഴും ഒരു തീരുമാനത്തിനു സമമായിരിക്കണമെന്നില്ല. യോഗമെടുക്കുന്ന തീരുമാനം ഈ സഖാവിന്റെ അനുമാനങ്ങളില്‍നിന്ന് വ്യത്യസ്തമായെന്നുംവരാം. സോവിയറ്റുയൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയും ഇതുപോലെതന്നെയാണ്.
യാന്ത്രികവും ആവശ്യത്തിലധികവുമായ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ ചില പ്രധാനമായ പ്രത്യക്ഷപ്രകടനങ്ങളാണ് മേല്‍ക്കൊടുത്തത്.
ഞാന്‍ മുകളില്‍ എടുത്തുകാണിച്ചത് തീര്‍ച്ചയായും ഏറ്റവും ഭുഷിച്ചതരം ഉദാഹരണങ്ങളാണ്. നമ്മുടെ ഇപ്പോഴത്തെയും ഇതുവരത്തേയും ഉള്‍പ്പാര്‍ട്ടിപോരാട്ടം സാര്‍വത്രികമായും ഇത്തരത്തിലായിരുന്നുവെന്ന് ഇതിന്നര്‍ഥമില്ല. പക്ഷെ, ഇത്തരം ഉള്‍പ്പാര്‍ട്ടിപോരാട്ടരൂപങ്ങളും വാസ്തവത്തില്‍ നിലവിലുണ്ട്. ഒരു കാലഘട്ടത്തില്‍ അവര്‍ക്കു സര്‍വപ്രധാനമായ ഒരു സ്ഥാനം കിട്ടുകയുണ്ടായി. അവ ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ പ്രധാനരൂപമായിത്തീര്‍ന്നിരുന്നു.
ഉള്‍പ്പാര്‍ട്ടിപോരാട്ടത്തിന്റെ തെറ്റായ, അനുചിതമായ ഈ രൂപങ്ങള്‍ പാര്‍ട്ടിക്കകത്ത് എന്തു ഫലങ്ങളാണുണ്ടാക്കിയത്? അവ താഴെ പറയുന്ന ദുഷിച്ച ഫലങ്ങളുണ്ടാക്കിയിരിക്കുന്നു.
ഒന്ന്, ഇവ പാര്‍ട്ടിക്കകത്ത് കുടുംബത്തലവമേധാവിത്വത്തിന് പ്രോത്സഹാനം നല്കിയിരിക്കുന്നു. ഉള്‍പ്പാര്‍ട്ടിക്കുഴപ്പത്തിന്റെ ഇത്തരം രൂപങ്ങള്‍ക്കു കീഴില്‍, വ്യക്തികളായ പാര്‍ട്ടിനേതാക്കന്‍മാരും നേതൃത്വഘടകങ്ങളും, അനേകം പാര്‍ട്ടിഅംഗങ്ങള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാമോ വിമര്‍ശിക്കാനോ ധൈര്യമുണ്ടാകാത്തവിധം അവരെ അടിച്ചമര്‍ത്തുന്നു. അങ്ങനെ പാര്‍ട്ടിക്കകത്ത് കുറച്ചു വ്യക്തികള്‍ സ്വേച്ഛാധിപത്യരീതിയില്‍ പെരുമാറുന്നതിനിടയാകുന്നു.
രണ്ട്, മറുവശത്താണെങ്കില്‍, പാര്‍ട്ടിക്കകത്ത് ഇത് അതീവ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുകയും മിതവാദം വളരുന്നതിനിടയാക്കുകയും ചെയ്തിരിക്കുന്നു. സാധാരണകാലത്ത് വളരെയധികം പാര്‍ട്ടിയംഗങ്ങള്‍ തുറന്നുറയാനോ വിമര്‍ശിക്കാനോ ധൈര്യപ്പെടുന്നില്ല; പാര്‍ട്ടിക്കകത്ത് പുറമേക്കു സമാധാനവും ഐക്യവും ഉണ്ട്. പക്ഷെ, പരസ്പരവൈരുധ്യങ്ങള്‍ ഇനിയും മറച്ചുവെക്കാന്‍ സാധിക്കില്ലെന്ന നിലവരുമ്പോള്‍ സ്ഥിതി ഗുരുതരമായിത്തീരുകയും തെറ്റുകള്‍ പുറത്തുവരുകയും ചെയ്യുമ്പോള്‍, അതേ സഖാക്കള്‍ കടിഞ്ഞാണില്ലാത്ത വിമര്‍ശനത്തിലും പോരാട്ടത്തിലും ഏര്‍പ്പെടാന്‍ തുടങ്ങുന്നു. ഇതിന്റെ ഫലം പാര്‍ട്ടിയില്‍ മത്സരവും പിളര്‍പ്പും സംഘടനാപരമായ കുഴപ്പവും ആണ് അവയെ ഒട്ടുമുക്കാലും പരിഹരിക്കാന്‍ വയ്യെന്ന സ്ഥിതികൂടിയുണ്ടാകുന്നു. പാര്‍ട്ടിക്കുള്ളില്‍ കുടുംബത്തലമേധാവിത്വത്തിന്റെ എതിര്‍വശമാണിത്.
മൂന്ന്, ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനപ്പെടുത്തിയ പാര്‍ട്ടി ജീവിതം ശരിയായി സ്ഥാപിക്കുന്നതിന് ഇതു തടസ്സമായിത്തീരുന്നു. അതുകൊണ്ട് പാര്‍ട്ടിയില്‍ ജനാധിപത്യപരമായ ജിവിതം അസാധാരണവും ഇടയ്ക്കിടക്കും മാത്രമായിത്തീരുന്നു; അല്ലെങ്കില്‍ തീരെ ഇല്ലാതായിത്തീരുന്നു.
നാല്, ഇത് പാര്‍ട്ടിഅംഗങ്ങളുടെ ഉത്സാഹത്തെയും മുന്‍കയ്യിനെയും നിര്‍മാണാത്മകമായ കഴിവിനെയും വളര്‍ത്തുന്നത് തടയുന്നു. പാര്‍ട്ടിയോടും തങ്ങളുടെ കടമകളോടുമുള്ള അവരുടെ ചുമതലാബോധത്തെ ബലഹീനപ്പെടുത്തുന്നു. ഇതിന്റെ ഫലമായി,ചില സഖാക്കള്‍ ഉത്സാഹത്തോടെ യാതൊരു ചുമതലയും ഏറ്റെടുക്കുന്നില്ല. ക്രിയാത്മകവേലകള്‍ എടുക്കില്ല. ശ്രദ്ധയോടുകൂടി പ്രശ്നങ്ങളെയും സ്ഥിതികളെയും അവലോകനം ചെയ്യുന്നതിനും പഠിക്കുന്നതിനും മിനക്കെടാതിരിക്കുന്നതിലേക്ക് ഇത് പാര്‍ട്ടി സഖാക്കളെ എത്തിക്കുന്നു; പകരം, തങ്ങളുടെ ജോലി മനസ്സില്ലാമനസ്സോടെ ചെയ്തുതീര്‍ക്കാനും മറ്റുള്ളവരുടെ വാക്കുകളെ ഏറ്റുപാടുകമാത്രം ചെയ്യാനും തുടങ്ങുകയെന്ന പ്രവര്‍ത്തശൈലി വളര്‍ന്നുവരുന്നു.
അഞ്ച്, പാര്‍ട്ടിക്കകത്ത് ഇതു സെക്രട്ടറിയസത്തെയും താത്വികാടിസ്ഥാനമില്ലാത്ത കക്ഷിവഴക്കിനെയും വളര്‍ത്തിയിട്ടുണ്ട്. പാര്‍ട്ടിക്കകത്ത് വിമര്‍ശനവും പോരാട്ടവും മയപ്പെടുത്തുക എന്ന മനോഭാവത്തിന് ഇത് ഇടംകൊടുത്തിരിക്കുന്നു. ചില സഖാക്കളുടെ ഇടയില്‍ "സ്വന്തം കാര്യം സിന്ദാബാദ്'' എന്ന യാഥാസ്ഥിതികമനോഭാവം, " ജോലി കുറഞ്ഞാല്‍ അത്രയും നല്ലതെ'' എന്ന മനോഭാവം ഉണ്ടായിരിക്കുന്നു.
ആറ്, ട്രോട്സ്കിയൈറ്റ് ചാരന്‍മാര്‍ക്കും എതിര്‍വിപ്ലവകാരികള്‍ക്കും പാര്‍ട്ടിയെ തുരങ്കംവെക്കാനിതു കൂടുതല്‍ പഴുതുകള്‍ ഉണ്ടാക്കിക്കൊടുത്തിരിക്കുന്നു. എതിര്‍വിപ്ലവത്തിന് നമ്മുടെ പാര്‍ട്ടിയെ ആക്രമിക്കാന്‍ കുടുതല്‍ ഒഴിവുകഴിവുകള്‍ നല്‍കിയിരിക്കുന്നു. ട്രോട്സ്കിയൈറ്റ് ചാരന്‍മാര്‍ പാര്‍ട്ടിയെ തുരങ്കംവെക്കാനുള്ള തങ്ങളുടെ പ്രവര്‍ത്തനം തുടര്‍ന്നുനടത്താനും പാര്‍ട്ടിയില്‍ എതിര്‍ക്കപ്പെടുന്നവരും അസംതൃപ്തരുമായ സഖാക്കളെ പാട്ടില്‍പിടിക്കാനും, പാര്‍ട്ടിക്കകത്തെ പരസ്പരവൈരുധ്യങ്ങളെയും തികച്ചും ശരിയല്ലാത്ത ഉള്‍പ്പാര്‍ട്ടിപോരാട്ടങ്ങളെയും ഉപയോഗപ്പെടുത്തുന്നു. അവസരവാദിത്തിനെതിരായ പോരാട്ടത്തില്‍നിന്നും മുതലെടുത്തുകൊണ്ട് എതിര്‍വിപ്ലവകാരികള്‍ പ്രചാരവേലയും പ്രകോപനവും നടത്തുന്നു, പാര്‍ട്ടിക്കുപുറത്തുള്ള അനുഭാവികളെയും പാര്‍ട്ടിക്കകത്തുള്ള ആടിക്കളിക്കുന്ന ആളുകളെയും സ്വാധീനത്തിലാക്കി പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കുകയെന്ന നയം തുടരുകയും പാര്‍ട്ടിയുടെ ഐക്യത്തെയും ദൌര്‍ഢ്യത്തെയും തകര്‍ക്കാന്‍ നോക്കുകയും ചെയ്യുന്നു.
മേല്‍പറഞ്ഞ ദൂഷ്യങ്ങളെല്ലാം പാര്‍ട്ടിക്കകത്ത് ആവിര്‍ഭവിച്ചിട്ടുണ്ട്. അവയില്‍ ചിലത് ഇനിയും തീര്‍ക്കേണ്ടതായിരിക്കുന്നു.
ഇത്തരം ഉള്‍പ്പാര്‍ട്ടി സമരത്തിന്റെ യാന്ത്രികവും ആവശ്യത്തിലധികവുമായ രീതികള്‍ പാര്‍ട്ടിജീവിതത്തില്‍ ഗണ്യമായ കാലത്തേക്ക് ഒരു അസ്വാഭാവികനിലയുളവാക്കി. പാര്‍ട്ടിക്കു വലിയ നാശനഷ്ടങ്ങളുണ്ടാക്കി. നമ്മുടെ പാര്‍ട്ടിയുടെ ഉയര്‍ന്ന നേതൃത്വഘടകങ്ങളില്‍ ഇവയെ തിരുത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടിയെയാകെ എടുത്താല്‍ അവയിന്നു പ്രധാന സമരരൂപങ്ങളല്ലാതായിട്ടുണ്ടെങ്കിലും, ചില ഘടകങ്ങളിലും ചില പ്രത്യേക പാര്‍ട്ടിസ്ഥാപനങ്ങളിലും ഇനിയും അവയെ ശരിപ്പെടുത്തിയിട്ടില്ല; പല തോതില്‍ ഇപ്പോഴും അവ ധാരാളം നിലനില്‍ക്കുന്നു. അതുകൊണ്ട്, ഈ സംഘടനകളിലെ ജീവിതെ ഇപ്പോഴും അസ്വാഭാവികമാണ്. അതുകൊണ്ട് നമ്മുടെ സംഘടനയില്‍നിന്ന് ഇവയെ തികച്ചും തുടര്‍ച്ചുനീക്കുന്നതിനും, നമ്മുടെ സഖാക്കള്‍ ഇവ ആവര്‍ത്തിക്കാതിരിക്കുന്നതിനും പാര്‍ട്ടിക്കകത്ത് ശരിയായും സ്ഥിരമായും ആശയസമരം നടത്തി പാര്‍ട്ടിയെ മുന്നോട്ടുനീക്കുന്നതിനും ഈ പാളിച്ചയിലേക്കു നാം സഖാക്കളുടെ ഗൌരവമേറിയ ശ്രദ്ധയെ ക്ഷണിക്കേണ്ടിയിരിക്കുന്നു.
*
ലു ഷാവ് ചി കടപ്പാട്: യുവധാര