Tuesday, December 25, 2007

മാനവശേഷി വികാസവും വളര്‍ച്ചാനിരക്കും

മാനവ വികസന സൂചികയില്‍ ‍(Human Development Index) നമ്മേക്കാള്‍ വളരെ താഴെയുള്ള പല രാഷ്ട്രങ്ങളും - നമ്മുടേത്‌ പോലുള്ള വളര്‍ച്ചാ നിരക്കുകള്‍ അവകാശപ്പെടനില്ലാത്തവര്‍ - പല മേഖലകളിലും നമ്മേക്കാള്‍ എത്രയോ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ടുണ്ട്‌.

ഐക്യരാഷ്ട്ര സഭാ വികസന പരിപാടി(UNDP)യുടെ മാനവ വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 128ലേക്ക്‌ താഴ്‌ന്നു എന്നത്‌ യഥാര്‍ത്ഥത്തില്‍ ഒരു വീഴ്ചയല്ല എന്നത്‌ ഒരു നല്ല വാര്‍ത്തയാണ്‌. കഴിഞ്ഞ വര്‍ഷം നാം 126-ആം റാങ്കിലായിരുന്നു എങ്കിലും. അങ്ങിനെയാണ്‌ പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥര്‍ പറയുന്നത്‌ (കുറഞ്ഞപക്ഷം ഒരു പത്രത്തില്‍ എങ്കിലും അപ്രകാരം ഒരു റിപ്പോര്‍ട്ട്‌ വന്നിരുന്നു).

'മറ്റു രാജ്യങ്ങള്‍ അവരുടെ കണക്കുകള്‍ കൃത്യമായി പുതുക്കിയിരുന്നെങ്കില്‍' കഴിഞ്ഞ വര്‍ഷവും നമ്മുടെ റാങ്ക് 128 തന്നെ ആവുമായിരുന്നു എന്നാണ്‌ തോന്നുന്നത്‌.

ചുരുക്കത്തില്‍, നാം റാങ്കിങ്ങില്‍ താഴേക്ക്‌ പോയിട്ടില്ല, കഴിഞ്ഞ വര്‍ഷവും ഇത്ര തന്നെ മോശമായിരുന്നു! മുംബൈയുടെ നാടന്‍ രീതിയില്‍ പറയുകയാണെങ്കില്‍ "We are like this only", "നമ്മളിങ്ങനെയൊക്കെത്തന്നെയാണ്‌".

നൂറ്റി ഇരുപത്തെട്ടാം റാങ്ക്‌ എന്നത്‌ നമ്മെ യു.എന്‍.ഡി.പി മാനവ വികസന റിപ്പോര്‍ട്ട്‌ കണക്കിലെടുക്കുന്ന 177 രാജ്യങ്ങളില്‍ ഏറ്റവും താഴെയുള്ള 50 എണ്ണത്തില്‍ ഒരെണ്ണമാക്കുന്നുവെന്ന കാര്യം പറഞ്ഞ്‌ തുടങ്ങാം. ആദിവാസികളേയും ദളിതരേയും പ്രത്യേക രാഷ്ട്രമായി കണക്കാക്കുകയാണെങ്കില്‍ ആ രാജ്യം താഴെയുള്ള 25ല്‍ ആയിരിക്കും. അഥവാ നമ്മുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദന റാങ്കിംഗിനെ (per capita GDP ranking) ഈ പ്രക്രിയയില്‍ നിന്നും ഒഴിവാക്കി നോക്കൂ.. നമ്മുടെ രാജ്യം കുത്തനെ താഴോട്ടു പോകുന്നത്‌ കാണാം. അതിനിടക്ക്‌, മാനവ വികസന സൂചികയില്‍ നമ്മേക്കാള്‍ താഴെയുള്ള പല രാഷ്ട്രങ്ങളും - നമ്മുടേത്‌ പോലുള്ള ഉയര്‍ന്ന വളര്‍ച്ചാ നിരക്കുകള്‍ അവകാശപ്പെടനില്ലാത്ത രാഷ്ട്രങ്ങള്‍- പല മേഖലകളിലും നമ്മളേക്കാള്‍ നല്ല പ്രകടനം നടത്തിയിട്ടുണ്ട്‌. മാനവ വികസന സൂചികയില്‍ നമ്മുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തെ 0.611ല്‍ നിന്നും അല്‍പം മുന്നോട്ട്‌ കയറി 0.619ല്‍ ആയെങ്കിലും മറ്റു രാജ്യങ്ങള്‍ നമ്മേക്കാള്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയിതിനാലാണ് നാം ഈ വര്‍ഷം നൂറ്റി ഇരുപത്തെട്ടാം റാങ്കിലേക്ക്‌ താഴ്‌ന്നത്.

1990 മുതല്‍ എല്ലാ വര്‍ഷവും യു.എന്‍.ഡി.പിയുടെ മാനവ വികസന റിപ്പോര്‍ടിനോടൊപ്പം മാനവ വികസന സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്‌. ഈ സൂചിക " മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ ( GDP) കണക്കെടുപ്പിനപ്പുറം “മാനവക്ഷേമത്തിന് ”ഒരു പുതിയ നിര്‍വചനം നല്‍കുന്നതിനാണ് ഊന്നല്‍ നല്‍കുന്നത് . ". മാനവ വികസനത്തിന്റെ മൂന്നു മാനങ്ങള്‍ അറിയുവാന്‍ ഈ സൂചിക ശ്രമിക്കുന്നുണ്ട്‌: നീണ്ടതും ആരോഗ്യപൂര്‍ണ്ണവുമായ ജീവിതം ആണ് ഒന്നാമത്തേത് ( ശിശുമരണനിരക്കും ആയുര്‍ദൈര്‍ഘ്യവും അടിസ്ഥാനപ്പെടുത്തി ആണ് ഇത് അളക്കുന്നത്‌), വിദ്യാഭ്യാസ സിദ്ധി( പ്രായപൂര്‍ത്തി ആയവരിലെ സാക്ഷരതയും, പ്രാഥമിക, ദ്വിതീയ , ത്രിതീയ( primary, secondary and tertiary ) തലങ്ങളിലുള്ള വിദ്യാഭ്യാസത്തിനു ചേര്‍ന്നിട്ടുണ്ടോ എന്നതും കണക്കിലെടുത്താണ് ഇത് കണ്ടെത്തുന്നത്‌), മൂന്നാമത്തെ സൂചികയായ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം യു എസ് ഡോളറുമായുള്ള " Purchasing Power Parity"യുടെ അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്.

ഈ സൂചികയുടെ റാങ്കിങ്ങില്‍ നാം എവിടെ നില്‍ക്കുന്നുവെന്ന് നമുക്ക്‌ പരിശോധിക്കാം. 1980 മുതല്‍ ഒരു ദശകത്തിലേറെക്കാലം രക്തരൂക്ഷിതമായ ആഭ്യന്തര യുദ്ധം കണ്ട എല്‍ സാല്‍വദോര്‍ നമ്മേക്കാള്‍ 25 പടി മുകളില്‍ 103ല്‍ നില്‍ക്കുന്നു. തെക്കേ അമേരികയിലെ ഏറ്റവും ദരിദ്ര രാജ്യമായി അറിയപ്പെടുന്ന ബൊളീവിയ നമ്മേക്കാള്‍ 11 പടി മുകളില്‍ 117ല്‍ ആണ്. ജനസംഖ്യയില്‍ പകുതിയിലധികവും ദരിദ്രരായ ആദിമവംശജര്‍ ഉള്ള, ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ആഭ്യന്തര യുദ്ധം അരങ്ങേറിയ മദ്ധ്യ അമേരിക്കയിലെ രാജ്യമാണ്‌ ഗ്വാട്ടിമാല. ഏതാണ്ട്‌ 40 വര്‍ഷം നീണ്ടു നിന്ന ഈ ആഭ്യന്തര യുദ്ധത്തില്‍ രണ്ട്‌ ലക്ഷത്തോളം ജനങ്ങള്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. അതും 12 ദശലക്ഷം മാത്രം ജനസംഖ്യയുള്ള രാജ്യത്ത്‌. ഗ്വാട്ടിമാല നമ്മേക്കാള്‍ 10 പടി മുകളില്‍ 118ല്‍ നില്‍ക്കുന്നു.

2006 ലെ മാനവ വികസന സൂചികയില്‍ നമുക്ക്‌ പിറകില്‍ 131 റാങ്കില്‍ ഉണ്ടായിരുന്ന ആഫ്രിക്കയിലെ ബോട്ട്‌സ്വാന ഇത്തവണ നമ്മേക്കാള്‍ 4 പടി കയറി 124ല്‍ ആണ്‌. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ഗാബണിന്റെ സ്ഥാനമാണ്‌ ഇവര്‍ കയ്യടക്കിയത്‌. ഗാബണ്‍ 124 റാങ്കില്‍ നിന്ന്‌ 119ലേക്ക്‌ കയറി. (ഹി ഹി..അവരുടെ കൃത്യമായി പുതുക്കിയ കണക്കുകള്‍ സമയത്തിനെത്തി. ഒരു പക്ഷെ വേറൊരു കൊറിയര്‍ സര്‍വീസ്‌ ആയിരിക്കണം അവര്‍ ഉപയോഗിക്കുന്നത്‌). തങ്ങളുടെ എല്ലാ ദുരന്തങ്ങളോടും കൂടെ അധിനിവേശ പാലസ്തീന്‍ 6 പടി ഇറങ്ങി 106 ലേക്ക്‌ താഴ്‌ന്നു. എന്നാലും നമ്മളെക്കാള്‍ വളരെ മുന്നിലാണവര്‍.

ഏഷ്യയില്‍, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുണ്ടായ ഏറ്റവും രക്തരൂക്ഷിതമായ സംഘര്‍ഷത്തിന്റെ ഇരയായ വിയറ്റ്‌നാം പട്ടികയില്‍ വീണ്ടും മുന്നോട്ട്‌ കയറി 105ല്‍ എത്തിയിരിക്കുകയാണ്‌ ഈ വര്‍ഷം. ശ്രീലങ്ക, തീര്‍ച്ചയായും, നമ്മേക്കാള്‍ വളരെ മുന്‍പില്‍ 99ലാണ്‌. അത്‌ പോലെത്തന്നെയാണ്‌ കസാക്കിസ്ഥാന്‍, മംഗോളിയ പോലുള്ള രാജ്യങ്ങളും. അവരും റാങ്കിംഗില്‍ മുന്നോട്ട്‌ പോയിട്ടുണ്ട്‌. യഥാക്രമം 79ല്‍ നിന്നും 73ലേക്കും 116ല്‍ നിന്ന് 114 ലേക്കും.

ഈ രാജ്യങ്ങളില്‍ ചിലത്‌ നമ്മേക്കാള്‍ 30 പടി വരെ മുകളിലാണെന്ന കാര്യം ശ്രദ്ധിക്കുക. മറ്റുള്ളവര്‍ നമുക്ക്‌ താഴെയുള്ള മുപ്പതില്‍പ്പെടുന്നു. അവയിലൊന്നിനു പോലും നമ്മേപ്പോലെ 9% വളര്‍ച്ചാ നിരക്കില്ലായിരുന്നു. ഉയര്‍ന്നു വരുന്ന സാമ്പത്തിക ശക്തി എന്ന്‌ ഇവരാരും അറിയപ്പെട്ടിട്ടില്ല. സോഫ്‌ട് വെയര്‍ രംഗത്തെ സൂപ്പര്‍ ശക്തിയായും വളരുന്ന ആണവശക്തിയായും ഇവരാരും കൊണ്ടാടപ്പെട്ടിട്ടില്ല. ഒരു പക്ഷെ, ഇന്ത്യക്കിന്നുള്ളത്ര സഹസ്ര കോടീശ്വരന്മാര്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം കൂടി ഉണ്ടാവില്ല. എന്നാല്‍ ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലേയും നമ്മേക്കാള്‍ ദരിദ്രരായ രാജ്യങ്ങള്‍ പോലും നമ്മേക്കാള്‍ എത്രയോ മെച്ചമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത് ?

എന്തായാലും സഹസ്രകോടി ഡോളര്‍പതികളുടെ റാങ്കിംഗില്‍ (dollar billionaire rankings) ഇന്തയ്ക്ക്‌ ഉയര്‍ച്ച ഉണ്ടായിട്ടുണ്ട്‌. ഫോര്‍ബ്‌സ് പട്ടികയില്‍ 2006ലെ എട്ടാം റാങ്കില്‍ നിന്നും ഇക്കൊല്ലം നാം നാലിലെത്തിയിട്ടുണ്ടെങ്കിലും മാനവ വികസനത്തിന്റെ കാര്യത്തില്‍ 126ല്‍ നിന്നും 128ലേക്ക്‌ താഴ്‌ന്നു. കോടിപതികളുടെ കണക്കെടുത്താല്‍ നാം ഈ ഗ്രഹത്തിലെ മിക്കവാറും എല്ലാവരേക്കാളും മുന്നിലായിരിക്കും; ഒരു പക്ഷെ നമ്മേക്കാള്‍ ഇക്കാര്യത്തില്‍ മുന്നിലുള്ള മൂന്നു രാജ്യങ്ങളില്‍ രണ്ടു പേരുടെ(ജര്‍മ്മനിയും റഷ്യയും) തൊട്ടടുത്തും എത്തിയിരിക്കാം. എങ്കിലും മല്‍സരത്തില്‍ ഏറ്റവും മുന്നിലോടുന്ന അമേരിക്കയേക്കാള്‍(മാനവ വികസന സൂചികയില്‍ 8ല്‍ നിന്നും 12ലേക്ക്‌ പതിച്ചു , ഈ രാജ്യം) പിന്നിലാണെന്ന ദേശീയ നാണക്കേട്‌ കഴുകിക്കളയാന്‍ നമുക്ക്‌ കുറച്ച് സമയം കൂടി വേണ്ടിവരും.

ക്യൂബന്‍ മാതൃക

സഹസ്രകോടിപതികളുടെ പട്ടികയില്‍ ക്യൂബ ഇല്ലേയില്ല. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തിലും താഴെയാണതിന്റെ സ്ഥാനം. പക്ഷെ, മാനവ വികസനത്തിന്റെ കാര്യം വരുമ്പോള്‍ അത്‌ അന്‍പത്തി ഒന്നാം റാങ്കിലാണ്‌; അതായത്‌ നമ്മേക്കാള്‍ 77 സ്ഥാനം മുകളില്‍. മാനവ വികസന സൂചികയില്‍ 'ഉയര്‍ന്ന മാനവ വികസന' ഗ്രൂപ്പിലാണവരുടെ സ്ഥാനം. പിറവി മുതല്‍ തന്നെ ഭീമമായ തരത്തിലുള്ള സാമ്പത്തിക ഉപരോധം നേരിട്ടിട്ടുള്ള രാജ്യമാണിത്‌. ക്യൂബയില്‍ ഒരു വിധം എല്ലാ വസ്തുക്കള്‍ക്കും മറ്റ് പല രാജ്യങ്ങളിലേക്കാളും വില കൂടുതലായിരിക്കും എന്നത്‌ അമേരിക്കന്‍ ഉപരോധം ഉറപ്പു വരുത്തുന്നുണ്ട്‌. പ്രതിശീര്‍ഷ കണക്കെടുത്താല്‍ അമേരിക്ക ചിലവഴിക്കുന്നതിന്റെ നാലു ശതമാനം മാത്രമാണ്‌ അവര്‍ ആരോഗ്യമേഖലയില്‍ ചിലവഴിക്കുന്നത്‌ . എങ്കിലും ഏത് അളവുകോല്‍ വെച്ച് നോക്കിയാലും ആരോഗ്യവുമായി ബന്ധപ്പെട്ട മിക്കവാറും എല്ലാ പ്രധാനപ്പെട്ട മേഖലകളിലും മെച്ചപ്പെട്ട ഫലമാണവര്‍ നേടുന്നത്‌. നിരവധി പ്രതികൂലഘടകങ്ങളുണ്ടായിട്ടും ക്യൂബ മാനവ വികസന സൂചികയില്‍ മെക്സിക്കോ, റഷ്യ, ചൈന എന്നിവരേക്കാള്‍ മെച്ചപ്പെട്ട സ്ഥാനം നേടിയിട്ടുണ്ട് ‌(ഇവരെല്ലാം തന്നെ ഈയടുത്തകാലത്തായി കോടിപതികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുള്ള രാജ്യങ്ങളാണ്‌).

പക്ഷെ, നമുക്ക് ആശക്ക്‌ വകയുണ്ട്‌. നമ്മുടെ ഏറ്റവും മുകളിലുള്ള 10 കോടിപതികള്‍ നല്ല രീതിയില്‍ മുന്നേറുന്നുണ്ട്‌. “ഇക്കഴിഞ്ഞ ജൂലായ്‌ മുതലുള്ള കണക്കെടുത്താല്‍ അവരുടെ മൊത്തം സമ്പത്ത്‌ 27% വര്‍ദ്ധിച്ചിട്ടുണ്ട്‌." 2007 ഒക്ടോബര്‍ 27ലെ മുന്‍പേജ്‌ വാര്‍ത്തയിലൂടെ ടൈംസ്‌ ഓഫ്‌ ഇന്ത്യ ഇത്‌ നമ്മെ അറിയിച്ചു. പത്രത്തലക്കെട്ട്‌ പറഞ്ഞത്‌ ജൂലായ്‌ മുതലുള്ള വെറും മൂന്നു മാസത്തിനിടെ അവരുടെ സമ്പത്ത്‌ "65.3 ബില്യണ്‍ ഡോളര്‍"( 2,61, 200 കോടി രൂപ) കണ്ട്‌ വര്‍ദ്ധിച്ചു എന്നാണ്‌. അതായത്‌, ഓരോ മണിക്കൂറിലും 119 കോടി രൂപക്കു മുകളിലുള്ള വര്‍ദ്ധന. അല്ലെങ്കില്‍ ഓരോ മിനിട്ടിലും 2 കോടി രൂപ എന്നതില്‍ നിന്നും വളരെ അകലെയല്ലാത്ത വര്‍ദ്ധന. ഈ പത്ത്‌ പേരില്‍ മുകേഷ്‌ അംബാനി മാത്രം " ഓരോ മിനിട്ടിലും തന്റെ സമ്പത്ത്‌ 40 ലക്ഷം രൂപ കണ്ട്‌ വര്‍ദ്ധിപ്പിച്ചു"വെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ നമ്മോട്‌ പറയുന്നു.

കര്‍ഷകത്തൊഴിലാളിയുടെ കൂലി ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോഴെങ്കിലും ‍(മിനിറ്റിന്റെ കാര്യം വിടുക) 40 രൂപ(വെറും നാല്‍പത്‌, ലക്ഷമല്ല) കണ്ട്‌ വര്‍ദ്ധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്‌. പക്ഷെ നാം കോടിപതികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്തും മാനവ വികസനത്തിന്റെ കാര്യത്തില്‍ 128-ആം സ്ഥാനത്തുമാണ്‌. മിക്കവാറും കോടിപതികള്‍ മുംബൈയില്‍ നിന്നുമാണ്‌ വരുന്നത്‌, 100,000 ഡോളര്‍ ക്ലബില്‍ പെട്ട മില്യണര്‍മാരുടെ നാലില്‍ ഒന്നും ഇവിടെ നിന്നു തന്നെ. ഏതു രീതിയില്‍ നോക്കിയാലും ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനമായ മഹാരാഷ്ട്രയുടെ തലസ്ഥാനമാണ്‌ മുംബൈ. ഈ സംസ്ഥാനത്താണ്‌ 32000 കര്‍ഷകര്‍ 1995 മുതല്‍ ഇന്നുവരെ ആത്മഹത്യ ചെയ്തിട്ടുള്ളത്‌. ഔദ്യോഗിക കണക്കനുസരിച്ച്‌ തന്നെ ഗ്രാമീണ ദാരിദ്ര്യത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ള സംസ്ഥാനവുമാണ്‌ ഇത്‌.

മാനവ വികസന റിപ്പോര്‍ട്ട്‌ രേഖപ്പെടുത്തുന്ന മറ്റൊരു കാര്യം ഇന്ത്യയില്‍ പിറന്നു വീഴുന്ന കുട്ടികളില്‍ മൂന്നില്‍ ഒന്ന്, അല്ലെങ്കില്‍ 30 ശതമാനം ജനിക്കുന്നത് , വേണ്ടതായ ശരാശരി തൂക്കം ഇല്ലാതെയാണ്‌ എന്നാണ്‌. പട്ടികയില്‍ ഏറ്റവും താഴെ 177-ആം സ്ഥാനത്ത്‌ കിടക്കുന്ന സിയറ ലിയോനില്‍ ഇത്‌ 23 ശതമാനം മാത്രമാണ്‌. 175, 176 റാങ്കുകളില്‍ കിടക്കുന്ന ഗിനി ബിസ്സയിലും ബുര്‍ക്കിന ഫാസോവിലും ശരാശരി തൂക്കമില്ലാതെ പിറന്നു വീഴുന്ന കുട്ടികള്‍ 22 ശതമാനവും 19 ശതമാനവുമാണ്‌. 169-ആം റാങ്കിലുള്ള എത്യോപ്യയില്‍ പോലും ഇത്‌ 15% ആണ്‌. അപ്പോള്‍ ഈ കണക്കിലും നാം ഏറ്റവും താഴെയുള്ള 5 രാജ്യങ്ങളുടെ ഒപ്പമാണ്‌.

ഇന്ത്യയിലെ 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47 ശതമാനവും ആവശ്യത്തിനു തൂക്കം ഇല്ലാത്തവരാണ്‌. എത്യോപ്യയില്‍ ഇത്‌ 38 ശതമാനവും സിയറ ലിയോനില്‍ ഇത്‌ 27 ശതമാനവുമാണ്‌. പോഷകാഹാരക്കുറവ്‌ നേരിടുന്ന ഏറ്റവുമധികം കുട്ടികള്‍ ഉള്ളത്‌ നമ്മുടെ രാജ്യത്താണ്‌. കുട്ടികളിലെ പോഷകാഹാരത്തിന്റേയും സാക്ഷരതയുടെയും കാര്യമെടുത്താല്‍, മാനവ വികസന സൂചികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങളുമായി ഏറ്റവും അവസാന സ്ഥാനത്തിനു വേണ്ടിയുള്ള ഉന്തിലും തള്ളിലുമാണ്‌ നാം. പലപ്പോഴും ഈ മത്സരത്തില്‍ നാമവരെ തോല്പിക്കാറുമുണ്ട്.

കണക്കിലെ പിശകുകള്‍

ഈയാഴ്ചയിലെ പത്രങ്ങള്‍ കൗതുകകരമായ ഒരു പുതിയ സംഭവ വികാസം റിപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. നമ്മുടെ 'റാങ്കിനെ' ബാധിക്കാവുന്ന ഒന്ന്‌. ലോകബാങ്കിന്റെ ഒരു പഠനം അനുസരിച്ച്‌ ഇന്ത്യയുടേയും ചൈനയുടേയും സമ്പദ്ഘടന നാം വിശ്വസിച്ചിരുന്നതിലും ചെറുതായിരിക്കുമത്രെ. ഒരു പക്ഷെ ഏതാണ്ട്‌ 40ശതമാനം കണ്ട്‌ ചെറുതായിരിക്കാമെന്നാണ്‌ 2007 ഡിസംബര്‍ 9 ലെ ഇന്റര്‍ നാഷണല്‍ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ പറയുന്നത്‌. " ഒരു വലിയ സ്റ്റാറ്റിസ്റ്റിക്കല്‍ തകരാറാണ് സംഭവിച്ചത്‌ ”എന്നാണ്‌ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ഈ തകരാര്‍ ഇത്തിരി കടുപ്പമായിപ്പോയി‌. "ദിവസം ഒരു ഡോളര്‍ എന്ന ലോക ബാങ്ക്‌ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്ന ചൈനക്കാരുടെ എണ്ണം പെട്ടെന്ന്‌ 10 കോടിയില്‍ നിന്നും 30 കോടിയായി ഉയര്‍ന്നു." ഇപ്പോള്‍ വ്യക്തമാകുന്നത്‌ അമിത ശമ്പളക്കാരായ കണക്ക് പിള്ളമാര്‍(Number Crunchers‌)വളരെക്കാലമായി കാലം ചെന്ന ഡാറ്റ ഉപയോഗിക്കുകയായിരുന്നു എന്നാണ്‌.

ലോകബാങ്ക് സ്വന്തമായി നടത്തിയ സര്‍വെക്കുശേഷം, 100 രാജ്യങ്ങള്‍ക്ക് വേണ്ടി 2006 അടിസ്ഥാനവര്‍ഷമാക്കിയുള്ള പുതിയ പര്‍ചേസിങ്ങ്‌ പവര്‍ പാരിറ്റിയുടെ ലിസ്റ്റ്‌ നല്‍കുന്നുണ്ട്‌. ഇന്ത്യ 1985നു ശേഷം ആദ്യമായും ചൈന ഇതാദ്യമായും ഈ പഠനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ എന്താണെന്നല്ലേ? പി.പി.പി അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ജി.ഡി.പി, പുതിയ പഠനത്തിനു മുന്‍പ്‌ 2005ല്‍ 3.8 ട്രില്യണ്‍ ഡോളര്‍ ആയിരുന്നുവെങ്കില്‍ പുതുക്കിയ ഡാറ്റ അനുസരിച്ച്‌ അത്‌ 2.34 ട്രില്ല്യന്‍ ഡോളര്‍ മാത്രമാണെന്ന് ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. (നോമിനല്‍ ഡോളര്‍ അടിസ്ഥാനത്തില്‍ കണക്കിലാക്കുകയാണെങ്കില്‍ ഏകദേശം 800 ബില്യണ്‍ ഡോളര്‍ മാത്രം‍). അയ്യോ! ഈ പുതുക്കിയ ഡാറ്റ ഒരു തലവേദനയാണല്ലോ. അതനുസരിച്ച് നാം കഴിഞ്ഞ വര്‍ഷം മാനവ വികസന സൂചികയില്‍ 128 റാങ്കില്‍ ആയിരിക്കണമായിരുന്നു‌. ഇപ്പോള്‍ നാം മനസ്സിലാക്കുന്നു നമ്മുടെ സമ്പദ്‌വ്യവസ്ഥ നാം ഉദ്ദേശിച്ചിരുന്നതിനേക്കാള്‍ എത്രയോ ചെറുതാണെന്ന്. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ്‌ ട്രൈബ്യൂണ്‍ പറയുന്നത്‌ പോലെ " ഇത്‌ വെറുമൊരു സാങ്കേതികയുടെ കാര്യമല്ല". അത്‌ വികസ്വര സമ്പദ്‌ വ്യവസ്ഥകളുടെ ആപേക്ഷിക വലുപ്പത്തെ വളരെയേറെ ചെറുതാക്കുന്നു. പുതിയ ഡാറ്റ അനുസരിച്ച് ഇന്ത്യയുടെ പ്രതിശീര്‍ഷ ജി.ഡി.പി. (പി.പി.പി ) 3779 ഡോളറില്‍ നിന്നും 2341 ഡോളറിലേക്ക്‌ താഴുന്നു. ടൈംസ്‌ ഓഫ്‌ ഇന്ത്യ ഖേദപൂര്‍‌വം പറയുന്നത്‌ പോലെ " നാം ഇനിയും ട്രില്യണ്‍ ഡോളര്‍ സമ്പദ്‌ വ്യവസ്ഥ ആയിട്ടില്ല."

യു.എന്‍.ഡി.പി. പോലുള്ള ലോക ബാങ്കേതര ഏജന്‍സികള്‍, എങ്ങനെയാണ്‌ പി.പി.പി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല. അവര്‍ പുതിയ അളവുകളാണോ അതോ പഴയ ഡാറ്റയാണോ ഉപയോഗിച്ചിരുന്നത്‌? രണ്ടാമത്തേതാണെങ്കില്‍ (മിക്കവാറും അങ്ങനെ ആയിരിക്കും), ബാങ്കിന്റെ സര്‍വേ ലിസ്റ്റില്‍ ഇന്ത്യയെ പ്രവേശിപ്പിച്ചത് ഈയിടെ മാത്രമാണെന്നതു കൂടി കണക്കിലെടുത്താല്‍, ഇപ്പോള്‍ തന്നെ പരിഹാസ്യമായ നമ്മുടെ മാനവ വികസന സൂചിക ഇനിയും മോശമായേക്കും. ക്യാപ്റ്റന്‍ സീറ്റ്‌ ബെല്‍ട്ട്‌ ഇടാനുള്ള നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മുറുക്കിക്കോളൂ. ഉടന്‍ തന്നെ നാം പുതുക്കിയ സംഖ്യകളില്‍ ലാന്‍ഡ്‌ ചെയ്തേക്കും.

(ശ്രീ. പി.സായ്‌നാഥ് എഴുതിയ ലേഖനം. കടപ്പാട്: ഹിന്ദു. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഫ്രണ്ട്‌ലൈന്‍)

1 comment:

വര്‍ക്കേഴ്സ് ഫോറം said...

“ഇന്ത്യയിലെ 5 വയസ്സിനു താഴെയുള്ള കുട്ടികളില്‍ 47 ശതമാനവും ആവശ്യത്തിനു തൂക്കം ഇല്ലാത്തവരാണ്‌. എത്യോപ്യയില്‍ ഇത്‌ 38 ശതമാനവും സിയറ ലിയോനില്‍ ഇത്‌ 27 ശതമാനവുമാണ്‌. പോഷകാഹാരക്കുറവ്‌ നേരിടുന്ന ഏറ്റവുമധികം കുട്ടികള്‍ ഉള്ളത്‌ നമ്മുടെ രാജ്യത്താണ്‌. കുട്ടികളിലെ പോഷകാഹാരത്തിന്റേയും സാക്ഷരതയുടെയും കാര്യമെടുത്താല്‍, മാനവ വികസന സൂചികയില്‍ ഏറ്റവും താഴെയുള്ള രാജ്യങ്ങളുമായി ഏറ്റവും അവസാന സ്ഥാനത്തിനു വേണ്ടിയുള്ള ഉന്തിലും തള്ളിലുമാണ്‌ നാം. പലപ്പോഴും ഈ മത്സരത്തില്‍ നാമവരെ തോല്പിക്കാറുമുണ്ട്.”

ഈയിടെ പ്രസിദ്ധീകരിച്ച മാ‍നവ വികസന റിപ്പോര്‍ട്ടിനെ അധികരിച്ച് ശ്രീ സായിനാഥ് ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ബൂലോകത്തിനായി സമര്‍പ്പിക്കുന്നു.