പണത്തിനു മേലെപരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ? അത് തിരുത്തി കോടതിയും പറക്കില്ല എന്നാക്കിയാലോ? ഒട്ടും ചേരാണ്ടില്ല. എന്നല്ല, അതാണ് ഏറെ ചേര്‍ച്ചയും എന്നുതന്നെ പറയാം.
ഇപ്പറയുന്നത് വിദേശകോടതിക്കാര്യമാണേ! ആഗോളീകരണത്തിന്റെതല്ലേ, കാലം.
മടിശ്ശീലക്ക് കനമുണ്ടെങ്കില്‍ ഏത് കോടതിയില്‍നിന്നും ഇറങ്ങിവരാനാവുമെന്നാണ് കൊറിയയില്‍ നിന്നുള്ള വാര്‍ത്തകളും പറയുന്നത്. കളവ്, ചതി, വഞ്ചന, കാശ് പിടുങ്ങല്‍ തുടങ്ങിയ ചില്ലറ സുകുമാര കലകള്‍ ഇല്ലാതെ ഇക്കാലത്ത് ഒരു സ്ഥാപനം ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ ആവില്ലെന്ന് കൊറിയന്‍ കോടതിക്കും അറിയാം. പ്രത്യേകിച്ചും അത് അന്താരാഷ്ട്ര ഭീമന്‍മാരോട് മത്സരിച്ച് ജയിക്കേണ്ട വന്‍വ്യവസായമാകുമ്പോള്‍.
ഹ്യുണ്ടായിയെക്കുറിച്ച് കേട്ടിട്ടില്ലേ? കൊറിയന്‍ കുത്തക. ഇപ്പോള്‍ അഞ്ചു ലക്ഷം കാറുകളാണ് അമേരിക്കയിലേക്ക് പ്രതിവര്‍ഷം അവര്‍ കയറ്റുമതി ചെയ്യുന്നത്. 2010 ആകുമ്പോഴേക്ക് അത് ഏഴ് ലക്ഷം ആക്കാനാണ് പദ്ധതി. അങ്ങനെയിരിക്കെയാണ് വ്യാപാരവര്‍ധനവിനും സ്വന്തം കീശ വീര്‍പ്പിക്കുന്നതിനുമായി അല്ലറച്ചില്ലറ കോടികള്‍ അമുക്കിയ കഥ കോടതിയിലെത്തിയത്. കേസും കൂട്ടവുമായി. ഹ്യുണ്ടായി മോടോഴ്സിന്റെ തലവന്‍ ചുങ് മോങ് കൂ വിചാരണത്തടവിലുമായി. രണ്ടേ രണ്ട് മാസമേ ജയിലില്‍ കഴിഞ്ഞുള്ളൂ. ഹ്യുണ്ടായിയുടെ വിറ്റുവരവിന് പിടിപെട്ട ജലദോഷം തുമ്മലായി ചീറ്റലായി ചുമയായങ്ങനെ മുന്നോട്ട് പോകുമ്പോള്‍ ബഹുമാനപ്പെട്ട കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ? ദക്ഷിണ കൊറിയന്‍ കാര്‍കയറ്റുമതി വരവിന്റെ 72ശതമാനത്തിന്റെയും കൈകാര്യകര്‍ത്താവ് അകത്തായാല്‍ പുറത്തുള്ളവരുടെ ഗതി എന്താകും?
ജനറല്‍ മോട്ടോര്‍സിന് നല്ലതെന്തോ, അത് അമേരിക്കക്കും നല്ലത് എന്ന് പറഞ്ഞത് ഒരു അമേരിക്കന്‍ പ്രസിഡന്റ് തന്നെയല്ലേ?
ഭുവന പ്രശസ്തമായ പ്രസ്തുത വാചകം പള്ളിക്കൂടത്തില്‍ ചൊല്ലിപ്പഠിച്ച ആളാണ് ഭാഗ്യത്തിന് ചുങ്ങിന്റെ കേസ് കേള്‍ക്കുന്ന അപ്പീല്‍ കോടതിയിലെ മുഖ്യ ജഡ്ജി അങ്ങത്ത. വെട്ടിത്തുറന്ന് പച്ചക്ക് പട്ടാങ്ങായി യുവര്‍ ഓണര്‍ പറഞ്ഞതെന്തെന്നോ? രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥകൊണ്ട് ചൂതാട്ടം നടത്താന്‍ താന്‍ ഒരുക്കമല്ല എന്ന്! അങ്ങത്തയുടെ പേര് ലീ ജയ് ഹോങ്. ആകയാല്‍ 100 ദശലക്ഷം ഡോളര്‍ തിരിമറി നടത്തിയവനെ കോടതി ജയില്‍ വിമുക്തനാക്കി. മൂന്നു വര്‍ഷത്തെ ജയില്‍ വാസമായിരുന്നു കീഴ്‌കോടതി കല്‍പ്പിച്ചത്. അപ്പീല്‍ കോടതിയിലെ മൂന്നംഗ ജഡ്ജിമാര്‍ ലീ ജെയ് ഹോങ്ങിന്റെ നേതൃത്വത്തില്‍ തല പുകഞ്ഞാലോചിച്ച് വെറുതെ വിടാന്‍ തീരുമാനിച്ചു.ഒറ്റ വ്യവസ്ഥ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ശതകോടി ഡോളര്‍ സംഭാവന നല്‍കണം! ജഡ്ജിയെ തെറി വിളിച്ചതിന് കോടതിയലക്ഷ്യം ചുമത്തി പിഴയിട്ടപ്പോള്‍ ഒരിക്കലൂടെ തെറിവിളി നടത്തി ഇരട്ടപ്പിഴ ഒടുക്കിയ നമ്മുടെ പഴയ നാടന്‍ ജന്മി നിന്ന നില്പ് ഓര്‍മ വരുന്നോ?
എന്നാല്‍ ഞെട്ടേണ്ട. ബഹുമാനപ്പെട്ട അപ്പീല്‍ കോടതി ആദ്യമായല്ല ഇങ്ങനെ വമ്പന്‍മാരെ വെറുതെ വിടുന്നത്.
2005 ല്‍ ഇതേ പോലെ അപ്പീല്‍ കോടതിയില്‍ നിന്ന് കോളറും പൊന്തിച്ച് ഇറങ്ങിപ്പോയ മറ്റൊരു മഹാനാണ് ദക്ഷിണ കൊറിയയിലെ പ്രധാന എണ്ണ സംസ്കരണ സ്ഥാപനമായ എസ്കെയുടെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്ന ചെ തയ് വണ്‍. കമ്പനി നടത്തിപ്പ് സുഗമമാക്കാന്‍ തന്നെയാണ് മൂന്നംഗ അപ്പീല്‍ കോടതി മൂന്നുവര്‍ഷ തടവില്‍ നിന്ന് ചെ തയ് വണ്ണിനെയും മോചിപ്പിച്ചത്.
പണക്കാരനാവുകയാണെങ്കില്‍ കോടീശ്വരനാകണം എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?
-A.K
2 comments:
കോടതികളുടെ മുതലാളിത്ത പക്ഷപാതത്തെപ്പറ്റിയുള്ള പരാതികള്‍ അത്ര അപൂര്‍വമല്ലാത്ത, ആഗോളവല്‍ക്കരണത്തിന്റെ ഈ നാളുകളില്‍ വിദേശത്തു നിന്ന് ഒരുദാഹരണം..നര്‍മ്മത്തിന്റെ മേമ്പൊടിയോടെ..
കോടിയെന്നു കേട്ടപ്പോ...
Post a Comment