അങ്ങനെ പുതുവര്‍ഷം പുരയും പൊളിച്ചിങ്ങെത്തി നാത്തൂനേ, എത്തി. അമ്പമ്പോ! എന്തൊരു ബഹളമായിരുന്നു ആ രാത്രി മുഴുവനും. എന്തൊരട്ടഹാസമായിരുന്നു. ദാ കണ്ടില്ലേ? എന്റെ കണ്ണില്‍ ഉറക്കക്ഷീണം ഇപ്പോഴുമുണ്ട്. അന്ന് രാത്രി ഒരുപോള കണ്ണടച്ചിട്ടില്ല. റോഡില്‍ ന്യൂജനറേഷന്‍, 2008 ന് ജയ് വിളിച്ച് ബൈക്കിലും കാറിലുമൊക്കെ ഹോണ്‍ മുഴക്കി പായുകയല്ലായിരുന്നോ? അതും ബൈക്കൊന്നില് മൂന്നും നാലുംപേര്‍ വീതം. ചാനലില്‍ പുതുവര്‍ഷപ്പിറവിയുടെ പൂരക്കാഴ്ചകള്‍. ബീച്ചില്‍ സാഗരം സാക്ഷിയാക്കി സംഗീത നൃത്തപരിപാടികള്‍. വീടുകളില്‍ ഫോണിനും വിശ്രമമില്ല. 'ഹാപ്പി ന്യൂ ഇയര്‍'. നാത്തൂന്റെ ആങ്ങള, എന്റെ ഭര്‍ത്താവ് ഫോണില്‍ക്കൂടി 500 പേരെയെങ്കിലും വിളിച്ചിട്ടുണ്ടാവും. 'ഹാപ്പി ന്യൂ ഇയര്‍ ജോസഫേ', 'റഷീദേ ഹാപ്പി ന്യൂ ഇയര്‍' 'ഷിബൂ, ശ്യാമേ, മനോഹരാ ഹാപ്പി ന്യൂ ഇയര്‍'. പകരത്തിനു പകരമെന്നോണം ഫോണിലൂടെ ഇങ്ങോട്ടും വന്നു, കുറെ കാപ്പി ന്യൂ ഇയര്‍. പൊട്ടിച്ചിരി, ബഹളം, അട്ടഹാസം. ചുരുക്കത്തില്‍ നാത്തൂനേ ഞാന്‍ ചെവിയില്‍ പഞ്ഞിയും വച്ചടച്ചാണ് കിടന്നുറങ്ങിയത്.
2007നെ പറഞ്ഞയച്ച് ഇങ്ങോട്ടുവന്നിറങ്ങിയ രണ്ടായിരത്തി എട്ട് ആകെ ത്രില്ലടിച്ചുകാണും ഇതൊക്കെ കണ്ട്. ഹൊ! തനിയ്ക്ക് കിട്ടുന്ന ഒരു സ്വീകരണമേ. 2008 ന്റെ കണ്ണില്‍ അശ്രുകണങ്ങള്‍ തുളുമ്പിക്കാണും. പാവം 2008. അതറിയുന്നോ ഓരോ കലണ്ടര്‍ വര്‍ഷം അവസാനിക്കുമ്പോഴും കാലാകാലങ്ങളായി നടന്നുവരുന്ന ഒരു ചടങ്ങാണിതെന്ന്. കുറെ കുപ്പികള്‍ പൊട്ടും. ചിക്കനെ വെട്ടും. (അതെ നാത്തൂനേ, ദീപാവലി വന്നാലും ന്യൂഇയര്‍ വന്നാലും കിടക്കപ്പാറുതിയില്ലാത്തത് പാവം ബ്രോയിലര്‍ ചിക്കനാണ്. ഒരാഘോഷം വരുന്നുവെന്നു കേള്‍ക്കുമ്പോള്‍ ബ്രോയിലര്‍ ക്യാമ്പുകളിലെ ചിക്കന്‍ സഹോദരങ്ങള്‍ക്കിടയില്‍ അഗാധമായ നിശബ്ദതയാണ് വ്യാപിക്കുന്നത്) പിന്നെയങ്ങോട്ട് കൊട്ടുംപാട്ടും. 2007 വന്നപ്പോള്‍ ഇതുതന്നെയായിരുന്നു അവസ്ഥ. നാളെ രണ്ടായിരത്തി ഒമ്പതു വരുമ്പോഴും ഇങ്ങനെതന്നെയായിരിക്കും.
എന്താ നാത്തൂന്‍ ചോദിച്ചത്? ആഘോഷങ്ങള്‍ ഒരു സമൂഹത്തില്‍ ആവശ്യമുള്ളതല്ലേ എന്നോ? നവവല്‍സരാഘോഷം പുത്തന്‍ പ്രതീക്ഷകളുടെ ആഘോഷമല്ലേ എന്നോ? അതെ നാത്തൂനേ അതേ. തീര്‍ച്ചയായും ആഘോഷങ്ങള്‍ ആവശ്യം തന്നെയാണ്. പുതുവര്‍ഷത്തെ നമ്മള്‍ തീര്‍ച്ചയായും സ്വാഗതംചെയ്യണം. പക്ഷെ നാത്തൂനേ, ഓരോ ആഘോഷത്തിനു പിറകിലും ഒരാശയമുണ്ട്. ഇല്ലേ? ഒരു തത്വമുണ്ട്. ഇല്ലേ? ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു പുരുഷന്റെ ത്യാഗത്തിന്റെ കഥ ഓര്‍മിക്കാന്‍. ആ ഓര്‍മിയ്ക്കലിലൂടെ നമ്മുടെ മനസ്സിനെ ഒന്നുകൂടി ഒന്നു തെളിച്ചമുള്ളതാക്കാന്‍. ക്രിസ്തുമസ് ട്രീ ഒരുക്കലും നക്ഷത്രം തൂക്കലും ആയിരങ്ങള്‍ പൊട്ടിച്ച് പുല്‍ക്കൂടൊരുക്കലും ഭീമാകാര കേക്കുമുറിയ്ക്കലും വൈന്‍കുടിയ്ക്കലും മേളനടത്തലുമൊക്കെ നമ്മെ നയിക്കുന്നത് എങ്ങോട്ടായിരിക്കണം. ആ ത്യാഗത്തിലേക്ക് അല്ലേ...? ഓണമാഘോഷിക്കുന്നത് മനുഷ്യരെല്ലാരും സമന്മാരെന്ന ചിന്ത ഒന്നുകൂടി മനസ്സിലുറപ്പിക്കാനായിരിക്കണം. മല്‍സരപ്പൂക്കളവും, ഓണം വാരവും കോടികളുടെ ഓണക്കോടികളുമൊക്കെ ആ ചിന്തയെ സപ്പോര്‍ട്ടുചെയ്യാന്‍ വേണ്ടീട്ടായിരിക്കണം. ഒരു ക്രിസ്തുമസും ഓണവും ബക്രീദും വിഷുവും റംസാനും ദീപാവലിയുമൊക്കെ കഴിയുമ്പോള്‍ നമ്മുടെ മനസ്സ് കൂടുതല്‍ വെളിച്ചമുള്ളതാകണം. അല്ലേ...? ഞാന്‍ വലിയ സാഹിത്യം പറയുന്നതല്ല നാത്തൂനേ. അതുമല്ല അടുക്കളയില്‍ കിടക്കുന്ന നമുക്കെന്ത് സാഹിത്യം? ഓരോ ആഘോഷങ്ങളും പലപ്പൊഴും നമ്മള്‍ ആഘോഷങ്ങള്‍ക്കുവേണ്ടി മാത്രം ആഘോഷിക്കുന്നതാണല്ലോന്ന് തോന്നി പറഞ്ഞുപോകുന്നതാണ്.
വാസ്തവത്തില്‍ നാത്തൂനേ, ദേ, ഇപ്പൊ ഈ ന്യൂഇയര്‍ ആഘോഷം. ഓരോ അണ്ണന്മാര്‍ ഹോട്ടലുകളില്‍ ആഴ്ചകള്‍ക്കുമുമ്പേ ബുക്കുചെയ്താണത്രെ ന്യൂ ഇയര്‍ പാര്‍ടിക്ക് സീറ്റുറപ്പിക്കുന്നത്. ബീവറേജസ് കോര്‍പറേഷന്‍ കടകളില്‍ അന്തമില്ലാത്ത ക്യൂവാണ്. (പറയുന്നതിനിടയ്ക്ക് വേറൊരു വിശേഷം, നാത്തൂന്‍ ഓര്‍മിക്കുന്നുണ്ടോ ഞാന്‍ മുമ്പ് പറഞ്ഞത്. ഓണത്തിന് കേരളീയര്‍ കുടിച്ചത് അറുപത്തിരണ്ടുകോടിയുടെ മദ്യമായിരുന്നു. എന്നാല്‍ ഇതാ ക്രിസ്തുമസ് കണക്കു പുറത്തുവന്നിരിക്കുന്നു. എമ്പത്തഞ്ചുകോടിയാണ് കുടിച്ചുതള്ളിയത്. ഇരുപത്തിമൂന്നുകോടിയുടെ ഇന്‍ക്രീസ്. ക്രിസ്തുമസ് ഓണത്തെ കടത്തിവെട്ടി. ന്യൂ ഇയര്‍ ക്രിസ്തുമസിനെ കടത്തിവെട്ടും. അങ്ങനെയങ്ങനെ പോകും...) പാട്ടും കുടിയും കൂത്താട്ടവുമൊക്കെ കഴിഞ്ഞ് ആഘോഷിസ്റ്റുകള്‍ ഒരല്‍പം ഹാങ്ഓവറോടെയാകും 2008 ലെ പുത്തന്‍ പ്രഭാതത്തില്‍ കണ്ണുതുറക്കുന്നത്. ആലോചിച്ചുനോക്ക് നാത്തൂനേ! അതുതന്നെ ഒരു എരണക്കേടല്ലേ...? പിന്നെ പതിവുമട്ടില്‍തന്നെ... പാര... അസൂയ... ആക്രാന്തം... അല്‍പത്തരം... ഏഷണി... അത്... ഇത്... നമ്മുടെ മനസ്സിലെ ഇരുട്ടില്‍ ഒരു തുള്ളിപോലും വെളിച്ചം കേറ്റാതെയാണ് നാം കാപ്പി ന്യൂഇയറും ചായ ന്യൂഇയറുമൊക്കെ പറഞ്ഞതെന്നര്‍ത്ഥം. എല്ലാം ചടങ്ങിന്. ആഘോഷിക്കാന്‍ ഒരു കാരണം വേണം. ന്യൂഇയറെങ്കില്‍ അത്, ഓണമെങ്കില്‍ അത്... വര്‍ഷത്തില്‍ രണ്ട് ന്യൂഇയറുണ്ടെങ്കില്‍ ബഹുസന്തോഷം. രണ്ടുപ്രാവശ്യം ആഘോഷിക്കാമല്ലോ.
ആയിക്കോട്ടെ. നേരത്തേ പറഞ്ഞതുപോലെ എല്ലാം നന്നായി ആഘോഷിച്ചോട്ടെ. പക്ഷെ ആ ആഘോഷങ്ങള്‍ മനസ്സിലേക്ക് ചെല്ലണം. അപ്പോള്‍ നമ്മള്‍ ചിന്തിയ്ക്കും. "ഹ! പുതുവര്‍ഷം. പുതിയ ചിന്തകള്‍. പുതിയ പ്രതീക്ഷകള്‍, മതി. പഴയ കുശുമ്പും കുന്നായ്മയുമൊക്കെ ഇനി പുതിയ വര്‍ഷത്തിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ഞാനുള്‍പ്പെടെ ലോകത്തെ സകലജീവികള്‍ക്കും ഒരുപോലെ അര്‍ഹമായ ഭൂമി. ഇതിപ്പോള്‍ 2008 ജനുവരി. നൂറുവര്‍ഷം കഴിഞ്ഞ് 2108 ജനുവരി ഒന്ന് പിറക്കുമ്പോള്‍ ഇന്ന് ഭൂമിയിലുള്ള ആരും, അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഉണ്ടാകില്ല. പക്ഷെ അന്നും എന്റെ ഈ ഭൂമി ഉണ്ടാകണം. ഇതിനെക്കാള്‍ നന്നായി. ഇന്നത്തേക്കാള്‍ നന്നായി കാറ്റും വെളിച്ചവും പുഴയും വയലും മഞ്ഞും പട്ടണവും കാറും ബസും പ്ലെയിനും ഒക്കെ വേണം. അങ്ങനെ നന്നായി വേണമെങ്കില്‍ എന്റെ മനസ്സ് ഞാന്‍ നന്നാക്കിത്തുടങ്ങണം. ഈ ന്യൂഇയര്‍ അങ്ങനെയാണ് ഞാന്‍ ആഘോഷിക്കാന്‍ പോകുന്നത്...'' അങ്ങനെയുള്ള ചിന്തകള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അടുത്തവര്‍ഷം അവസാനം 2009 നെ സ്വീകരിച്ചുകൊണ്ടുള്ള ആഘോഷത്തെക്കാള്‍ 2008 നെ പിരിയുന്ന വേദനയായിരിക്കും നമ്മുടെ മനസ്സില്‍ നിറയുന്നത്. അതല്ലേ നാത്തൂനേ ഇപ്പോള്‍ കൂടുതല്‍ ആവശ്യമുള്ള ആഘോഷം - നാത്തൂന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാത്തൂന് സ്നേഹം നിറഞ്ഞ ഹാപ്പി ന്യൂഇയര്‍.
(ലേഖകന്‍: കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി)
1 comment:
എല്ലാം നന്നായി ആഘോഷിച്ചോട്ടെ. പക്ഷെ ആ ആഘോഷങ്ങള്‍ മനസ്സിലേക്ക് ചെല്ലണം. അപ്പോള്‍ നമ്മള്‍ ചിന്തിയ്ക്കും. "ഹ! പുതുവര്‍ഷം. പുതിയ ചിന്തകള്‍. പുതിയ പ്രതീക്ഷകള്‍, മതി. പഴയ കുശുമ്പും കുന്നായ്മയുമൊക്കെ ഇനി പുതിയ വര്‍ഷത്തിലേക്ക് ഞാന്‍ കൂട്ടിക്കൊണ്ടുപോകാന്‍ പാടില്ല. ഞാനുള്‍പ്പെടെ ലോകത്തെ സകലജീവികള്‍ക്കും ഒരുപോലെ അര്‍ഹമായ ഭൂമി. ഇതിപ്പോള്‍ 2008 ജനുവരി. നൂറുവര്‍ഷം കഴിഞ്ഞ് 2108 ജനുവരി ഒന്ന് പിറക്കുമ്പോള്‍ ഇന്ന് ഭൂമിയിലുള്ള ആരും, അല്‍ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഉണ്ടാകില്ല. പക്ഷെ അന്നും എന്റെ ഈ ഭൂമി ഉണ്ടാകണം. ഇതിനെക്കാള്‍ നന്നായി. ഇന്നത്തേക്കാള്‍ നന്നായി കാറ്റും വെളിച്ചവും പുഴയും വയലും മഞ്ഞും പട്ടണവും കാറും ബസും പ്ലെയിനും ഒക്കെ വേണം. അങ്ങനെ നന്നായി വേണമെങ്കില്‍ എന്റെ മനസ്സ് ഞാന്‍ നന്നാക്കിത്തുടങ്ങണം. ഈ ന്യൂഇയര്‍ അങ്ങനെയാണ് ഞാന്‍ ആഘോഷിക്കാന്‍ പോകുന്നത്...'' അങ്ങനെയുള്ള ചിന്തകള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അടുത്തവര്‍ഷം അവസാനം 2009 നെ സ്വീകരിച്ചുകൊണ്ടുള്ള ആഘോഷത്തെക്കാള്‍ 2008 നെ പിരിയുന്ന വേദനയായിരിക്കും നമ്മുടെ മനസ്സില്‍ നിറയുന്നത്. അതല്ലേ നാത്തൂനേ ഇപ്പോള്‍ കൂടുതല്‍ ആവശ്യമുള്ള ആഘോഷം - നാത്തൂന്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാത്തൂന് സ്നേഹം നിറഞ്ഞ ഹാപ്പി ന്യൂഇയര്‍.
കൃഷ്ണ പൂജപ്പുര എഴുതിയ ലേഖനം..
Post a Comment