Friday, January 18, 2008

ക്യാ കരൂ......

ആശാനു കാലൊന്നിടറിയാല്‍ ശിഷ്യന്മാര്‍ തല കുത്തി വീഴും എന്നാണു ശാസ്ത്രം. അപ്പോള്‍ ആശാന്‍ തന്നെ തല തല്ലി വീണാലോ?

ഈയിടെയായി ആശാന്റെ പ്രശ്നം അതായിരുന്നു. കൂടക്കൂടെ തലയടിച്ചു വീഴുക.ആദ്യമൊക്കെ കാണികളും അണികളും കരുതിയത് ആശാന്‍ തന്ത്രം
പയറ്റുന്നതാവും എന്നായിരുന്നു. വീണതു വിദ്യയാക്കുന്ന വിത്താണല്ലോ. കൂടാതെ കാലിനിത്തിരി കരി നിറം ഉള്ളതായി എതിരാളികള്‍ പണ്ടേ പറഞ്ഞു പരത്തിയതുമാണ്....

പിന്നെപ്പിന്നെ ആശാന്റെ വീഴ്ച നിത്യ സംഭവമായി. അണികള്‍ ആദ്യം കിടുങ്ങി, പിന്നെ നടുങ്ങി, തുടര്‍ന്ന് മടങ്ങി.

പ്രേക്ഷകര്‍ ആദ്യം തരിച്ചു, പിന്നെ വിറച്ചു, തുടര്‍ന്നു ചിരിച്ചു.

അങ്ങനെ ശിഷ്യ ഗണങ്ങളാല്‍ കയ്യൊഴിഞ്ഞ് ആരും ചിരിച്ചു തള്ളുന്ന അവസ്ഥയില്‍ എന്തു ചെയ്യും എന്ന സന്ദിഗ്ദാവസ്ഥയില്‍ തലയില്‍ കൈവച്ച് ഇരിക്കുമ്പോഴാണാ ഗാനം കേട്ടത്.

`തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും...'

ആശാന്റെ മനസ്സ് കുളിര്‍ത്തു, കണ്ണുകള്‍ ആര്‍ദ്രമായി...

തനിക്കായി പാടുന്നതു പോലെ. ഒരു മദാമ്മയുടെ ശബ്ദമേയല്ല.

പിന്നെ താമസിച്ചില്ല. അസ്വസ്തരായ പഴയ ചില പടയാളികളെ രംഗത്തിറക്കി. പാളയത്തില്‍ പട സംഘടിപ്പിക്കാന്‍ പണ്ടേ വിരുതനാണല്ലോ. ഒന്നു രണ്ടു ചാനലുകളെ കയ്യിലെടുത്തു.കരുനീക്കങ്ങള്‍ ഫലം കണ്ടു.

നേതൃത്വം ഉണര്‍ന്നു. ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ഡോക്ടറെത്തി. ആശാന്റെ നാഡിമിടിപ്പ് പരിശോധിച്ചു.

ഇല്ല. ഇനി ഒരു അങ്കത്തിനു ബാല്യമില്ല. ഇരുത്തിയാല്‍ ഇരുത്തിയേടത്ത് ഇരുന്നോളും...

കാരണവരുടെ ആ പഴയ പൊട്ടിപ്പൊളിഞ്ഞ കസേര പൊടി തട്ടിയെടുക്കാം.

അങ്ങനെ രണ്ടു വര്‍ഷത്തെ അന്തവും കുന്തവും ഇല്ലാത്ത യാത്രയ്ക്കു ശേഷം കരു കറുത്ത വാവിന്‍ നാളില്‍ അടുക്കള വാതിലിലൂടെ ഒച്ച വെയ്ക്കാതെ ആ‍ശാന്‍ തറവാട്ടില്‍ മടങ്ങിയെത്തി.

എങ്കിലും ആശാന്റെ മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി നിന്നു....മോന്‍ കൂടെ ഇല്ലല്ലോ...ഒരു കൈദിയിന്‍ ഡയറിയിലെ കമലഹാസനെപ്പോലെ ആശാന്‍ തേങ്ങി....മൈ സണ്‍...മൈ സണ്‍.....

മോനാണെങ്കില്‍ അച്ഛന്‍ തറവാട്ടില്‍ ചെന്നാല്‍ നാണം കെടും.... നമുക്ക് ഉള്ളത് കൊണ്ട് ഇവിടെയെങ്ങാനും കിടന്നാല്‍ മതി ...എന്ന് ഉറക്കെ പറഞ്ഞവനും. (മോനാരാ മോന്‍..?)

ഈ മോനെ പലരും ചതിച്ചിട്ടുണ്ട്. ....പലവട്ടം....എങ്കിലും അച്ഛന്‍ ചതിക്കുമെന്നു പ്രതീക്ഷിച്ചില്ല. ചതികളേറ്റു വാങ്ങാന്‍ മോന്റെ ജന്മം പിന്നെയും ബാക്കി എന്ന് ചന്തു ശൈലിയില്‍ നാട്ടുകാര്‍ കേള്‍ക്കെ പറയുക കൂടി ചെയ്തു മോന്‍.

ഇത് കേട്ട്‌ മൈ സണ്‍..... മൈ സണ്‍...എന്ന്‌ ആശാന്‍ തേങ്ങി...

അസൂയാലുക്കളായ നാട്ടുകാരില്‍ ചിലരാകട്ടെ ഇത് ആശാനും മകനും തമ്മിലുള്ള കളിയാണെന്നു വരെ പറഞ്ഞു...

മോനെന്ന വിത്തിനേയും കൊണ്ട് ചെന്നാല്‍ തറവാട്ടില്‍ കയറാന്‍ പറ്റില്ല എന്നുറപ്പുള്ളതുകൊണ്ട് ആദ്യം ആശാന്‍ കേറും..പിന്നെ പതുക്കെ മോനെ
കേറ്റും..മസാല ദോശയുടെ കൂടെ ഉഴുന്നുവടയും ചില ഹോട്ടലില്‍ സപ്ലൈ ചെയ്യുന്ന പോലെ...അല്ലേലും ആരെങ്കിലും നന്നാവുന്നത് നാട്ടുകാര്‍ക്ക് ഇഷ്ടം അല്ലല്ലോ.

ആശാന്‍ തേങ്ങി......എങ്കിലും എന്റെ ഉണ്ണീ....താനും.....

അതു പറഞ്ഞപ്പോള്‍ ആശാന്‍ ഒന്നു കണ്ണിരുക്കിയോ എന്നു സംശയം. സംശയമല്ല...സത്യം തന്നെ...

അപ്പോള്‍ ഇനി അണികള്‍ക്കും കാണികള്‍ക്കും അറിയാനുള്ളത് ഇത്രയും മാത്രം.

എന്നാണാവോ ആശാന്റെ മകന്‍ ആ ഗാനം കേള്‍ക്കുന്നത്..

തിരികെ ഞാന്‍ വരുമെന്ന........“


-സന്തോഷ് വാരിയര്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സന്തോഷ് വാരിയരുടെ നര്‍മ്മ ഭാവന...