സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അടിവേരുകളുണ്ടെന്ന കാര്യം സുവിദിതമാണ്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ പദവി താഴ്ന്ന തലങ്ങളിലുള്ള വിഭാഗങ്ങളില്‍ ഇത്തരം അക്രമങ്ങള്‍ "നാട്ടുനടപ്പാ''യി പൊതുവെ പരിഗണിക്കുന്നുണ്ടെന്നതും സംശയാതീതമാണ്. നാനാവിധത്തില്‍ ഇത്തരം അക്രമങ്ങളുണ്ടാവുന്നു എന്നതും പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്. നഗ്നമായ ശാരീരികാക്രമങ്ങള്‍ക്കു പുറമെ, സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പ്രക്രിയകളിലൂടെ അക്രമത്തിന്റെ "ഘടനാപരമായ'' രൂപങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയ്ക്കും അവര്‍ വിധേയരാകാറുണ്ട്.
സ്ത്രീകള്‍ക്ക് സ്വത്തവകാശം നിഷേധിക്കല്‍, കുടുംബങ്ങളില്‍ അവര്‍ ചെയ്യുന്ന കൂലിയില്ലാത്ത വേല പരിഗണിക്കാതിരിക്കല്‍, തുല്യവിദ്യാഭ്യാസാവസരം നിഷേധിക്കല്‍, തൊഴില്‍ കമ്പോളത്തിലുള്ള വിവേചനം, വായ്പകള്‍ ലഭിക്കുന്നതില്‍ തുല്യ അവസരമില്ലായ്മ, സ്ത്രീധനം തുടങ്ങിയ മറ്റു ദുര്‍നടപടികള്‍ എന്നിവയെല്ലാമാണ് സാമ്പത്തികമായ അക്രമങ്ങള്‍. നാനാവിധത്തിലുള്ള വിവേചനങ്ങള്‍ക്കും സ്ത്രീകളുടെ ചലനക്ഷമതയും സ്വാതന്ത്ര്യവും തടയുന്നതിനും പുറമെ ശൈശവവിവാഹം, ആണ്‍കുട്ടിയെ പ്രസവിക്കുന്നതിനുള്ള സമ്മര്‍ദ്ദങ്ങള്‍, പോഷകാഹാരവും ആരോഗ്യവും വിദ്യാഭ്യാസവും ലഭ്യമാക്കുന്നതിലെ അസമത്വങ്ങള്‍ എന്നിവയാണ് സാമൂഹികമായ അക്രമങ്ങള്‍. സ്ത്രീകളെയും പെണ്‍കുട്ടികളെയും അടിച്ചൊതുക്കുന്ന സാംസ്കാരിക മാനദണ്ഡങ്ങള്‍ പലപ്പോഴും അവരെ ശക്തമായ മനഃശാസ്ത്രപരമായ ഘടകങ്ങള്‍ക്ക് വിധേയമാക്കുന്നതാണ്- വിഷയദൃഷ്ടാന്തീകരണത്തിന്റെയും കീഴടങ്ങലിന്റെയും മാതൃകകള്‍ കാണിച്ച് ആത്മപീഡനത്തിലേക്കും ദുരഭിമാനത്തിലേക്കും അവരെ നയിക്കാന്‍ കഴിയും.
അതിനും പുറമെ, സ്ത്രീകള്‍ക്കെതിരായ നേരിട്ടുള്ള ശാരീരികാക്രമങ്ങളുടെ നാനാരൂപങ്ങള്‍ക്കും സാമ്പത്തികവും സാമൂഹികവും ഭൌതികവുമായ നടപടികളുമായി ശക്തമായ ബന്ധമുണ്ട്. സ്ത്രീകളുടെ ജീവിതചക്രത്തിലുടനീളം ഇത് അനുഭവിക്കേണ്ടതായിവരുന്നു. അങ്ങനെ, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗപരിശോധനയും പെണ്‍ശിശുഹത്യാ സമ്പ്രദായവും സര്‍വസാധാരണമായി മാറിയിരിക്കുന്നു; പെണ്‍സന്താനത്തെ സാമ്പത്തികമോ സാമൂഹികമോ ആയ ബാധ്യതയായി കണക്കാക്കുന്നതിനാലാണിത്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാക്രമങ്ങള്‍ പൈതൃകമായ ആസക്തിയുടെ പ്രതിഫലനം മാത്രമല്ല, നേരെമറിച്ച്, ഇരകളുടെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയുടെ ഫലംകൂടിയാണ്.
സ്ത്രീധനമരണങ്ങളില്‍ എന്നപോലെ സ്ത്രീധനം തുടങ്ങിയ നടപടികളുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ക്ക് പ്രത്യക്ഷമായിതന്നെ ഭൌതികബന്ധമാണുള്ളത്. എന്നാല്‍, ഗാര്‍ഹികവും വൈവാഹികവുമായ പീഡനങ്ങള്‍പോലും അധികവും സംഭവിക്കുന്നത് സ്ത്രീകള്‍ക്ക് ഇത്തരം ദ്രോഹകരമായ ബന്ധങ്ങളില്‍നിന്നും രക്ഷനേടാന്‍ മറ്റൊരു വഴിയുമില്ലാത്തതിനാലാണ്; സാമ്പത്തികമായ വരുമാനമുള്ള തൊഴിലിന്റെ രൂപത്തിലുള്ള സാമ്പത്തികസുരക്ഷിതത്വരാഹിത്യമോ സ്വത്തിന്റെ അഭാവമോ ആണ് അതിനു കാരണം. അങ്ങനെ, സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ സ്ത്രീകളായ ഇരകളെ പരാതിപ്പെടുന്നതില്‍നിന്നോ ചെറുത്തുനില്‍ക്കുന്നതില്‍നിന്നോ പിന്തിരിയുന്നതിനിടയാക്കുന്നു. "ആഭിജാത്യത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍'' പോലെയുള്ള സാമ്പത്തികേതരമായ നിഷ്ഠുരതകളില്‍പോലും പ്രത്യക്ഷത്തില്‍ തന്നെ അതിന് ആധാരമായിട്ടുള്ളത് സാമ്പത്തികമായ പ്രേരണകളാണെന്ന് കാണാനാവും. ഭൂമിയുടെയും മറ്റു ആസ്തികളുടെയും നിയന്ത്രണം ബന്ധപ്പെട്ട സമുദായത്തിനുള്ളില്‍തന്നെ നിലനിര്‍ത്തുക, "മിശ്ര''വിവാഹിതരുടെ കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കുന്നത് തടയുക തുടങ്ങിയവയാണവ.
അതേസമയം പെണ്‍വാണിഭത്തിന് ശക്തമായ ഭൌതിക അടിസ്ഥാനങ്ങളാണുള്ളത്. പെണ്‍വാണിഭത്തിന് ദാരിദ്ര്യവുമായുള്ള ബന്ധം സുവ്യക്തവും സുവിദിതവുമാണ്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഗവേഷക രാധിക കുമാരസ്വാമി ചൂണ്ടിക്കാണിക്കുന്നതുപോലെ പലപ്പോഴും "പെണ്‍വാണിഭം യഥാര്‍ഥത്തില്‍ മറുനാടുകളിലേക്കു പോകാനുള്ള മോഹത്തെ ദുര്‍വിനിയോഗം ചെയ്യുക''യാണെന്ന വസ്തുതയെയും കൂടുതല്‍ ഗൌരവപൂര്‍വം കണക്കിലെടുക്കേണ്ടതുണ്ട്. അതും ദരിദ്രമായ ഭൌതികസാഹചര്യങ്ങളുടെയും പിറന്ന നാട്ടിലെ അടിച്ചമര്‍ത്തലുകളുടെയും സാമൂഹിക ബുദ്ധിമുട്ടുകളുടെയും അനിവാര്യമായ പ്രതിഫലനങ്ങളാണ്.
വൃദ്ധകള്‍ക്കെതിരായ, പ്രത്യേകിച്ചും വിധവകള്‍ക്കെതിരായ, അക്രമങ്ങള്‍ക്ക് പിന്നില്‍ പോലും പലപ്പോഴും ശക്തമായ സാമ്പത്തിക അടിസ്ഥാനമുണ്ടായിരിക്കും- ചിലപ്പോള്‍ കുടുംബസ്വത്തിന്റെ നിയന്ത്രണം കൈക്കലാക്കലായിരിക്കും കുറ്റവാളികളുടെ ലക്ഷ്യം; അല്ലെങ്കില്‍ കുടുംബത്തിനുവേണ്ടി കൂലിയില്ലാതെ പണിയെടുക്കാന്‍ ത്രാണിയില്ലാതാകുന്നവരുടെ നിത്യവൃത്തിക്കുവേണ്ട ചെലവൊഴിവാക്കുന്നതിനുവേണ്ടിയുമായിരിക്കാം.
അതായത്, സ്ത്രീകള്‍ക്കെതിരായ അക്രമവും സാമ്പത്തിക പ്രക്രിയകളും തമ്മില്‍ ശക്തവും സങ്കീര്‍ണവുമായ ബന്ധമുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളള്‍ക്കു ഇതേ കാലഘട്ടത്തില്‍ ഇവിടെ പ്രത്യക്ഷപ്പെട്ട അതിവേഗത്തിലുള്ള സാമ്പത്തിക പരിഷ്കാരങ്ങളുമായി ചില കെട്ടുപാടുകളുണ്ടെന്നാണ് ഇതിന്റെ അര്‍ഥം.
കമ്പോളപ്രക്രിയകള്‍
മുന്‍പെന്നത്തേക്കാള്‍ അധികം കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കമ്പോളപ്രക്രിയകള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്; ഈ കമ്പോളപ്രക്രിയകള്‍ പ്രാദേശികവും ദേശീയവും സാര്‍വേദേശീയവുമാണ്. പൊതുസ്വത്തിന്റെ സ്വകാര്യവല്‍ക്കരണം, നിര്‍ണായകമേഖലകളിലെ (പ്രത്യേകിച്ചും പശ്ചാത്തല വികസനമേഖലകളിലെ) സര്‍ക്കാര്‍ നിക്ഷേപങ്ങള്‍ വെട്ടിക്കുറയ്ക്കല്‍, ആരോഗ്യരംഗത്തെ പ്രതിശീര്‍ഷ പൊതുചെലവിടല്‍ കുറയ്ക്കല്‍, പൊതുവെ പറഞ്ഞാല്‍ ഗ്രാമപ്രദേശങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍, സമ്പന്നര്‍ക്കനുകൂലമായി നിയമങ്ങളില്‍ പൊളിച്ചെഴുത്ത്, സ്വദേശിയും വിദേശിയുമായ മൂലധനശക്തികള്‍ക്കു ഒട്ടേറെ നികുതി ഇളവുകളും മറ്റാനുകൂല്യങ്ങളും നല്‍കല്‍, തുണിത്തരങ്ങള്‍ക്കും ഐടി അധിഷ്ഠിത സേവനങ്ങള്‍ക്കും കയറ്റുമതിസാധ്യത വര്‍ധിപ്പിച്ചെങ്കിലും കാര്‍ഷികമേഖലയെയും ചെറുകിട വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ച വ്യാപാര ഉദാരവല്‍ക്കരണം എന്നിവയെല്ലാമാണ് ഈ കാലഘട്ടത്തിന്റെ സവിശേഷത.
ഇവയെല്ലാം തന്നെ ചില മേലഖകളില്‍ ദ്രുതഗതിയിലുള്ള വളര്‍ച്ച സൃഷ്ടിച്ചിട്ടുണ്ട്; അതേസമയം മറ്റു ചില മേഖലകളിലും പ്രദേശങ്ങളിലും മുരടിപ്പിനും തകര്‍ച്ചയ്ക്കും ഇവ ഇടവരുത്തിയിട്ടുമുണ്ട്. വളരെ പ്രകടമായവിധംതന്നെ പ്രദേശങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ക്കുള്ളിലും സാമ്പത്തികമായ അസമത്വങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഭൌതികമായ സുരക്ഷിതത്വമില്ലായ്മ വര്‍ധിച്ചുവരുന്ന കാലവുമാണിത്- ദരിദ്രര്‍ക്കുമാത്രമല്ല, കൂടുതല്‍ അഭിവൃദ്ധിപ്രാപിച്ച വിഭാഗങ്ങളുടെ പോലും സ്ഥിതി ഇതാണ്.
ജനജീവിതത്തെ ബാധിക്കുന്ന അതിപ്രധാന ഘടകങ്ങള്‍ തൊഴിലും ജീവിതസാഹചര്യങ്ങളുമാണ്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇക്കാര്യത്തിലാണ് സുരക്ഷിതത്വം ഇല്ലാതായത്. ജനങ്ങളില്‍ വലിയൊരു വിഭാഗത്തെ സംബന്ധിച്ചിടത്തോളം പ്രതിഫലം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നത് ക്ലേശകരമായി മാറി. മൊത്തം തൊഴില്‍ അവസരങ്ങളുടെ ഭാഗമെന്ന നിലയില്‍ വേതനം ലഭിക്കുന്ന എല്ലാവിധ തൊഴിലുകളും കുറയാന്‍ തുടങ്ങി; കാര്‍ഷികേതരമേഖലകളില്‍ പോലും സ്വയംതൊഴില്‍ സമ്പ്രദായം അതിവേഗം വളരാന്‍ തുടങ്ങി; ഇപ്പോള്‍ മൊത്തം തൊഴില്‍സേനയുടെ പകുതിയോളം ഈ രംഗത്താണ്. എന്നാല്‍, സ്വയംതൊഴില്‍ കണ്ടെത്തുന്നവര്‍, പ്രത്യേകിച്ചും താരതമ്യേന അധികം വൈദഗ്ദ്യം ആവശ്യമില്ലാത്തതും ഉല്‍പാദനക്ഷമത കുറഞ്ഞതുമായ തൊഴിലുകള്‍ ചെയ്യുന്നവര്‍, നിലനില്‍പിനുവേണ്ടി നിത്യവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു; അത് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നു.
കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ വമ്പിച്ചതോതില്‍ സബ്‌സിഡി ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇറക്കുമതിചെയ്യുന്നതുമൂലമുള്ള വിലത്തകര്‍ച്ചയുടെയും നമ്മുടെ നാട്ടില്‍ സബ്‌സിഡികള്‍ വെട്ടിക്കുറച്ചതുമൂലമുണ്ടാകുന്ന വിലക്കയറ്റത്തിന്റെയും കെടുതികള്‍ ഒരേപോലെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാര്‍ഷികരംഗത്തെ പ്രതിസന്ധി (മഴയെമാത്രം ആശ്രയിച്ച് കൃഷിനടത്തുന്ന ചില കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാര്‍ഷികോല്‍പന്നങ്ങളുടെ അന്താരാഷ്ട്ര വിലകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോഴും) തുടരുന്നതിന്റെ അര്‍ത്ഥം ആഭ്യന്തരനയവും സ്ഥാപനപരമായ തകരാറുകളുമാണ് അതിനിടയാക്കുന്ന മുഖ്യഘടകങ്ങളെന്നാണ്.
നഗരപ്രദേശങ്ങളില്‍ മൊത്തം തൊഴില്‍ അവസരങ്ങള്‍ നേരിയ നിലയില്‍ മെച്ചപ്പെട്ടിട്ടുണ്ട്; പക്ഷേ, അവിടെയും ഔപചാരികമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചിട്ടേയില്ല. സേവനമേഖലയില്‍ ചെറിയതോതില്‍ തൊഴിലവസരം കൂടിയിട്ടുണ്ട്- പ്രത്യേകിച്ചും ഐടി അധിഷ്ഠിത സേവനമേഖലയില്‍. അതാണ് അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ കുറഞ്ഞത്. എന്നാല്‍, നഗരപ്രദേശങ്ങളില്‍ പോലും തൊഴില്‍ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ക്കെല്ലാം വേണ്ടത്ര തൊഴില്‍ ലഭ്യമല്ലെന്ന പ്രശ്നം ഇപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ഏറെ പ്രധാന പ്രശ്നം. വൈദഗ്ദ്യം കുറഞ്ഞ തൊഴിലാളികള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് ഉല്‍പാദനക്ഷമമായ ജോലി ലഭ്യതയുടെ പ്രശ്നം ഗുരുതരമായി തുടരുകതന്നെയാണ്.
സ്ത്രീകള്‍ കൂലിവേലക്കാരുടെ സൈന്യത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത് ഒരുതരം പിന്‍വാങ്ങല്‍ രീതിയിലാണ്; വന്‍കിട മുതലാളിമാര്‍ സംഘടിപ്പിക്കുന്ന വന്‍ ഉല്‍പാദനശൃംഖലയുടെ ഭാഗമായുള്ള വീട്ടിലിരുന്നുള്ള ജോലികളുടെ രൂപത്തിലോ കുറഞ്ഞ വേതനവും കടുത്ത ചൂഷണവും നിലനില്‍ക്കുന്ന സേവനമേഖലാ തൊഴിലാളികളെന്ന നിലയിലോ ആണത്. നഗരപ്രദേശങ്ങളിലെ സ്ത്രീകളുടെ സ്ഥിരം തൊഴില്‍ ലഭ്യതയുടെ ഏറ്റവും വലിയ വര്‍ധന (ഏറെക്കുറെ 30 ലക്ഷം പുതിയ തൊഴിലാളികള്‍) 1999-2000നും 2004-05നും ഇടയ്ക്കുണ്ടായത് വീട്ടുവേലക്കാര്‍ എന്ന നിലയിലാണ്.
അതിനും പുറമെ, തൊഴില്‍ സുരക്ഷിതത്വവും പൊതുവെ വരുമാനവും കുറയുന്നതിന്റെ പ്രശ്നവുമുണ്ട്. നിശ്ചയമായും ഇത് വൈദഗ്ദ്യം കുറഞ്ഞതും സ്ഥിരതയില്ലാത്തതുമായ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള കൂലിവേലക്കാരെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. അതാണ് 2004-05ലെ നാഷണല്‍ സാമ്പിള്‍ സര്‍വെ ഇന്ത്യയിലെ തൊഴിലാളികളില്‍ 80 ശതമാനത്തിലേറെയും പ്രതിദിനം 20 രൂപയില്‍ കുറഞ്ഞ വരുമാനമുള്ളവരാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം ഉന്നത തൊഴില്‍മേഖലകളില്‍പോലും തൊഴില്‍സാധ്യത തികച്ചും ചാഞ്ചാട്ടസ്വഭാവമുള്ളതും ദുര്‍ബലവുമാണെന്നതാണ്; മാത്രമല്ല, ഔപചാരിക തൊഴില്‍മേഖലകളില്‍ മുമ്പ് നിലനിന്നിരുന്ന സുരക്ഷിതത്വംപോലും പുതിയ കരാറുകളില്‍ അപ്രത്യക്ഷമാവുകയാണ്. അതിനുമുപരിയായി, വേതനേതരവരുമാനങ്ങള്‍ക്കുപോലും സുരക്ഷിതത്വം കുറഞ്ഞിരിക്കുന്നു; സ്ഥിരതയില്ലായ്മ ഏറിയിരിക്കുന്നു; കഴിഞ്ഞ കാലങ്ങളെക്കാള്‍ കമ്പോളങ്ങളും അവയില്‍നിന്നുണ്ടാകുന്ന വരുമാനവും അധികമധികം ചാഞ്ചാട്ടസ്വഭാവമുള്ളതായി മാറിക്കൊണ്ടിരിക്കുന്നതാണ് അതിനു കാരണം.
ഭൌതികമായ സുരക്ഷിതത്വമില്ലായ്മ മറ്റു ചില നിഷേധാത്മകഘടകങ്ങളില്‍ (ഏറെ ശ്രദ്ധേയമായി ഭക്ഷ്യ ഉപഭോഗത്തില്‍) വര്‍ധമാനമായ വിധത്തില്‍ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മ വീണ്ടും അതിപ്രധാനമായ ദേശീയപ്രശ്നമായി മാറിയിരിക്കുന്നു. പരമ്പരാഗതമായി ദാരിദ്ര്യമനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് മാത്രമല്ല, മൊത്തത്തില്‍തന്നെ ഈ പ്രശ്നം ബാധിച്ചിരിക്കുന്നു. രാജ്യത്താകെയുള്ള ജനങ്ങളുടെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 30 വര്‍ഷത്തിനു മുമ്പുണ്ടായിരുന്നതിനെക്കാള്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഗണ്യമായി കുറഞ്ഞുവരികയാണ്. പ്രതിശീര്‍ഷ കലോറി ഉപഭോഗം, ജനസംഖ്യയിലെ പരമദരിദ്രരായ 40 ശതമാനംപേര്‍ക്കുപോലും, കുറഞ്ഞുവരികയാണ്.
ആരോഗ്യം, ശുചീകരണം എന്നീ രംഗങ്ങളിലെ അടിസ്ഥാന പൊതുസേവനങ്ങളുടെ ലഭ്യതയിലും പ്രകടമായ കുറവുണ്ടായിക്കൊണ്ടിരിക്കുകയാണ്. പൊതുനിക്ഷേപ ചെലവ് കുറയുന്നതിന്റെ അര്‍ഥം അവശ്യം വേണ്ട ആരോഗ്യസൌകര്യങ്ങളുടെ വിപുലീകരണത്തോത് കുറയുന്നു എന്നുമാത്രമല്ല, അത്തരം സൌകര്യങ്ങള്‍ നിലനിര്‍ത്തിപ്പോകുന്നതിനു വേണ്ട അനുദിന അറ്റകുറ്റപ്പണികള്‍ക്കും വേണ്ട ചെലവുകള്‍ പോലും കുറച്ചുകൊണ്ടിരിക്കുന്നു എന്നുമാണ്; അതിന്റെ ദൈനംദിന പ്രവര്‍ത്തനച്ചെലവുകള്‍പോലും പ്രദാനം ചെയ്യുന്നില്ലെന്നാണ്. അങ്ങനെ പൊതുജനാരോഗ്യ-ശുചീകരണസൌകര്യങ്ങളുടെ ശരിക്കുള്ള ഗുണനിലവാരവും ലഭ്യതയും തന്നെ കുറയുകയാണ്.
പൊതുമേഖലയിലെ രോഗചികിത്സാരംഗത്തെയും രോഗപ്രതിരോധ സംവിധാനങ്ങളെയും തന്നെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പരമദരിദ്ര കുടുംബങ്ങള്‍പോലും ആരോഗ്യപരിരക്ഷയ്ക്കുവേണ്ടി സ്വകാര്യമേഖലയില്‍ വലിയ ചെലവ് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നാണ് ഇതിനര്‍ഥം. തന്മൂലം അവര്‍ക്ക് കഷ്ടിച്ച് ജീവിച്ചുപോകാന്‍ വേണ്ട ചെലവുകള്‍പോലും വെട്ടിച്ചുരുക്കേണ്ടതായി വരുന്നു. സ്വാഭാവികമായും ഇത് സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്; പോഷകാഹാരത്തിന്റെ കാര്യത്തിലും കൂടി അവര്‍ ലിംഗപരമായ വിവേചനത്തിന് വിധേയരാവുന്നു. ചില സംസ്ഥാനങ്ങളില്‍ അടുത്തകാലത്തായി ശിശുരോഗപ്രതിരോധശേഷി കുറഞ്ഞുവരികയാണ്; "അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന'' ഗുജറാത്തുപോലുള്ള സംസ്ഥാനങ്ങളില്‍ ഇത് വളരെ പ്രകടമാണ്.
ഇതിനോടൊപ്പം തന്നെ, കമ്പോളങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്, മുമ്പ് സര്‍ക്കാരും സമൂഹവും സ്വാഭാവികമായി പ്രദാനംചെയ്തിരുന്നതും കമ്പോള ഇടപാടുകള്‍ക്കും സ്വത്തുബന്ധങ്ങള്‍ക്കും വിധേയമാകാതിരുന്നതുമായ പല ജീവിതാവശ്യങ്ങളുടെയും ചരക്കുവല്‍ക്കരണത്തിനിടയാക്കി. അങ്ങനെ, ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയോ സര്‍ക്കാരിന് അത് കഴിയാതിരിക്കുകയോ ചെയ്യുന്നത് കുപ്പിവെള്ള വ്യവസായത്തിന്റെ സ്ഫോടനാത്മകമായ വളര്‍ച്ചയ്ക്ക് അവസരമായി. വൈദ്യുതിവിതരണം, വാര്‍ത്താവിനിമയം തുടങ്ങിയ മുമ്പ് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരുന്ന സേവനങ്ങളും അവശ്യ സൌകര്യങ്ങളുമെല്ലാം സ്വകാര്യവല്‍ക്കരിക്കുകയാണ്. ബൌദ്ധികസ്വത്തവകാശം പോലും കമ്പോളത്തിനായി വിട്ടുകൊടുത്തിരിക്കുന്നത് പുതിയ മേഖലകളിലേക്കുള്ള കമ്പോളത്തിന്റെ കടന്നുവരവിനെ സ്വാഗതം ചെയ്യലാണ്.
സൌന്ദര്യമത്സരങ്ങള്‍
കമ്പോളങ്ങള്‍ ക്രയവിക്രയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അധികമധികം ഉപഭോക്താക്കളെ പരസ്യങ്ങളിലൂടെയും ജനങ്ങളുടെ അഭിരുചികളെയും വിവേചനശേഷിയെയും തന്ത്രപൂര്‍വം സ്വാധീനിക്കാനുള്ള ശ്രമങ്ങളിലൂടെയും വിപണിയുടെ വലക്കെട്ടിനുള്ളിലേക്ക് കൊണ്ടുവരുകയുംചെയ്യുന്നു. ഇതിനായി, പരസ്യകമ്പനിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങളെ അണിയിച്ച് അവതരിപ്പിക്കാനുള്ള വസ്തുക്കളായി സ്ത്രീകളെ ഉപയോഗിക്കുന്നത് കുപ്രസിദ്ധമാണ്. ഇവിടെ സ്ത്രീകള്‍ക്ക് ഒരു ഇരട്ടബന്ധമാണുള്ളത്. ഒരുവശത്ത് സാധനങ്ങള്‍ വിറ്റഴിക്കാനുള്ള പരസ്യവസ്തുക്കളായി സ്ത്രീകളെ ഉപയോഗിക്കുന്നു; മറുവശത്ത് അവരെ സാധനങ്ങള്‍ വാങ്ങാനുള്ള വമ്പന്‍ കമ്പോളസാധ്യതയായും പരിഗണിക്കുന്നു. ഇത് സ്ത്രീകളെ തങ്ങളുടെ തന്നെ വിഷയദൃഷ്ടാന്തരീകരണത്തിന് സ്വയം പ്രേരിതരാക്കാനുള്ള സവിശേഷ പ്രക്രിയ സൃഷ്ടിക്കുന്നു. സൌന്ദര്യമത്സരങ്ങള്‍, "വിജയശ്രീലാളിതരായ'' മോഡലുകള്‍ എന്നിവയ്ക്കെല്ലാം വന്‍ മാധ്യമപ്രാധാന്യം നല്‍കുന്നത് അതിവേഗം വളര്‍ന്നുവരുന്ന സൌന്ദര്യവ്യവസായത്തിനെ ശക്തിപ്പെടുത്താനാണ്. ഇത് സൌന്ദര്യവര്‍ധക വസ്തുക്കളും അനുസാരികളും മാത്രമല്ല, ശരീരം മെലിയിക്കാനുള്ള വസ്തുക്കള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഭാരം കുറയ്ക്കാനുള്ള ക്ലിനിക്കുകള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ്. ഇവയില്‍ പലതും സ്ത്രീകളെയും അവരുടെ ബാഹ്യരൂപത്തെയും സംബന്ധിച്ച ഏറ്റവും അനാശാസ്യവും അറുപഴഞ്ചനുമായ സമീപനമാണ് പ്രകടിപ്പിക്കുന്നത്. ഉദാഹരണത്തിന് അഴകുണ്ടാക്കാനുള്ള ക്രീമിന്റെ പരസ്യം ഊന്നല്‍ നല്‍കുന്നത് "നല്ല'' വിവാഹബന്ധം ലഭിക്കാന്‍ അഴകുണ്ടാകേണ്ടത് ആവശ്യമാണെന്നാണ്. സ്ത്രീയെ സംബന്ധിച്ച പരമമായ ലക്ഷ്യം അതാണെന്നും സൂചന നല്‍കുന്നു.
ഇതെല്ലാംതന്നെ ഒറ്റനോട്ടത്തില്‍ സത്യമാണെന്ന് ആരും സമ്മതിക്കും. എന്നാല്‍, ഇവയും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി ഇതില്‍ എവിടെയും പ്രകടമാകുന്നില്ല. എന്നാല്‍, ഇത് തിരിച്ചറിയാനുള്ള സംവിധാനങ്ങളുണ്ട്. കൂടുതല്‍ വലിയ, ഭൌതികമായ സുരക്ഷിതത്വമില്ലായ്മ എന്ന കേവലസത്യത്തില്‍നിന്നാണ് ഏറ്റവും ആധികാരികമായ സംവിധാനം ഉണ്ടാകുന്നത്. സാധാരണജീവിതം വളരെയേറെ ക്ഷണികവും സുരക്ഷിതത്വമില്ലാത്തതും നാനാവിധത്തില്‍ പ്രവചനാതീതവുമാകുമ്പോള്‍ ആളുകള്‍ സുരക്ഷിതത്വം തേടി തങ്ങള്‍ക്കാവുംവിധമെല്ലാം ശക്തി സംഭരിക്കാന്‍ നോക്കും. കൃത്യമായും ഒരുപരിധിവരെ നിശ്ചിതത്വം വലിയൊരാശ്വാസമായി തോന്നാം; പലപ്പോഴും സംവിധാനം കൂടുതല്‍ അയവില്ലാത്തതാകുംതോറും (അതൊരു ബൌദ്ധികമോ ആത്മീയമോ ആയ പൊതുവിശ്വാസമുള്ളവരുടെ കൂട്ടായ്മയോ മതപരമായ സംവിധാനമോ, ഏതെങ്കിലും പ്രത്യേക സാമൂഹിക അസ്തിത്വം വച്ചുപുലര്‍ത്തുന്നവരുടെ സംഘമോ ആകാം) തെറ്റായ വഴികളിലൂടെ നീങ്ങാന്‍ അത് കൂടുതല്‍ പ്രേരകമായിത്തീരും. (അതുകൊണ്ടാണ് ഇക്കാലത്ത് ഗോത്രാധിപത്യത്തിന് ശക്തമായ പ്രാധാന്യം നല്‍കുന്നതും അയവില്ലാത്ത ഘടനയുള്ളതുമായ മതപരവും സാമൂഹികവുമായ വിഭാഗങ്ങള്‍ക്ക് ഏറെ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നത്).
ഇതിലെല്ലാം തന്നെ അക്രമത്തിന്റേതായ ശക്തമായ ഒരു അടിയൊഴുക്ക് കാണാം. അക്രമത്തിനുള്ള ഇത്തരം നാനാവിധമായ പ്രവണതകള്‍- അത് മറ്റു "സമുദായങ്ങളോ''ടോ ജാതിവിഭാഗങ്ങളോടൊ ആകാം, പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെയും ആയിരിക്കും- നേരത്തെ വിശദീകരിച്ച സാമ്പത്തിക-സാമൂഹികപ്രക്രിയകളുടെ മറ്റൊരു പ്രതിഫലനമോ ഫലമോ ആയി കാണാന്‍ കഴിയും. ഏറ്റവും വലിയ സുരക്ഷിതത്വമില്ലായ്മയും സാധാരണ ജീവിതത്തിലുള്ള വെറും ബുദ്ധിമുട്ടുകളും അടിസ്ഥാനാവാശ്യങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വേവലാതികളും സങ്കീര്‍ണ്ണതകളും ഇവയെല്ലാം ആളുകളില്‍ നിത്യേന വലിയതോതിലുള്ള പ്രകോപനങ്ങള്‍ ഉണ്ടാക്കാറുണ്ട്. പണിസ്ഥലങ്ങളില്‍ ഇതിന് വളരെ അപൂര്‍വമായി മാത്രമേ ബഹിര്‍ഗമനമാര്‍ഗം ലഭിക്കാറുള്ളൂ; അതുകൊണ്ടുതന്നെ മറ്റുവിധത്തില്‍ അത് പ്രകടിപ്പിക്കേണ്ടതായിവരുന്നു.
ഇതിനുപുറമെ, അസമത്വം ആകപ്പാടെ വര്‍ധിച്ചത്, അനിയന്ത്രിതമായ ഉപഭോഗസംസ്കാരത്തിന്റെ വളര്‍ച്ച, എല്ലാവിധത്തിലും ആര്‍ഭാടപൂര്‍ണമായ പുത്തന്‍ ജീവിതരീതി വെളിപ്പെടുത്തുന്ന നവമാധ്യമങ്ങളുടെ തള്ളിക്കയറ്റം ഇവയെല്ലാം നിസ്വവര്‍ഗത്തിന്റെ അമര്‍ഷത്തിനും ആശാഭംഗത്തിനും എരിതീയില്‍ എണ്ണയൊഴിക്കുംപോലെ ആക്കം കൂട്ടുന്നു. മോഹങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള വിടവ് എന്നത്തേയുംകാള്‍ വര്‍ധിച്ചുവരികയാണ്; തങ്ങളുടെ ഈ ദു:സ്ഥിതിക്ക് "ഉത്തരവാദികള്‍'' ആണെന്ന് കാണുന്നവരില്‍നിന്നും എല്ലാം തട്ടിയെടുക്കാനുള്ള ശക്തമായ പ്രേരണ ഇത് നല്‍കുന്നു. നിരുത്തരവാദിയായ സര്‍ക്കാരും വന്‍കിട കമ്പനികളും ബഹുരാഷ്ട്ര കുത്തകകളും വിദേശനിക്ഷേപകരുമാണ് ഈ പ്രക്രിയയുടെ യഥാര്‍ഥ ഏജന്റുമാര്‍- അവരാകട്ടെ തൊടാന്‍പോലും പറ്റാത്തത്ര അകലെയാണ്, അത്രയേറെ ശക്തരാണ്, അവര്‍ പിടിച്ചാല്‍ പിടികിട്ടാത്തവരാണ്. ആ നിലയ്ക്ക് ഈ വിദ്വേഷമൊക്കെ തീര്‍ക്കുന്നത്, അത് അനായാസം നടത്താന്‍പറ്റുന്ന ദുര്‍ബലരായവരെ ആക്രമിച്ചുകൊണ്ടായിരിക്കും- ന്യൂനപക്ഷസമുദായങ്ങളോ താഴ്ന്ന ജാതിക്കാരോ വീട്ടിനുള്ളിലും പുറത്തുമുള്ള സ്ത്രീകളോ ആയിരിക്കും ഇതിന്റെ ഇരകളായിത്തീരുന്നത്. സംഭവങ്ങളെ സംബന്ധിച്ച് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുകൊണ്ടുമാത്രമല്ല, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ഗണ്യമായി വര്‍ധിച്ചുവരുന്നതായി കാണുന്നത്, മറിച്ച് ഈ പ്രക്രിയ കാരണം ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം ശ്രദ്ധേയമായവിധം വര്‍ധിച്ചുവരുന്നു എന്നതാണ് യാഥാര്‍ഥ്യം.
വ്യക്തിയാണ് സര്‍വപ്രധാനമെന്ന സിദ്ധാന്തം
കമ്പോളത്തെ ആശ്രയിക്കുന്നതിന്റെ ഉള്ളിന്റെ ഉള്ളില്‍ മറ്റൊരു തത്വശാസ്ത്രം കൂടിയുണ്ട്; അത് നടപ്പിലാക്കാനും പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നുമുണ്ട്- വ്യക്തിപ്രധാനവാദം. "മത്സരബുദ്ധി'' കെട്ടഴിച്ചുവിടപ്പെടുകയും സ്ത്രീപുരുഷന്മാര്‍ക്ക് ഒരോരുത്തര്‍ക്കും ഓരോ സാമൂഹികവിഭാഗത്തിലെയും മറ്റുള്ളവരുടെ ചെലവില്‍ വ്യക്തികളെന്ന നിലയില്‍ നേട്ടം കൈവരിക്കുന്നതില്‍ വിജയിക്കാനാവും എന്ന് ആളുകളെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. അക്രമങ്ങളുടെ മൂര്‍ധന്യത്തിലക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിന് ഇതിന് രണ്ടുവിധത്തില്‍ കഴിയും: ഇത് ഓരോ പ്രവര്‍ത്തനത്തെയും ഒരു ഒറ്റയാന്റെ താന്‍പ്രമാണിത്തമായി മാത്രം കാണുന്നു; അതോടൊപ്പം ഇരകള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും കൂട്ടായ്മയുടെയും സാധ്യതകളെ ഇത് കുറയ്ക്കുന്നു. കൂട്ടായ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നു.
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ സാമ്പത്തികമായ അടിവേര് കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്യേണ്ടത് പരമപ്രധാനമായിരിക്കുന്നത് അതുകൊണ്ടാണ്. വ്യക്തിപരമായി അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹ മനഃസാക്ഷി ഉണര്‍ന്നതുകൊണ്ടോ ഭരണകൂട നയങ്ങള്‍ തിരിഞ്ഞതുകൊണ്ടോ മാത്രം കാര്യമില്ല, മറിച്ച് ഇത്തരം അക്രമങ്ങളെ പൊതുവെ പരോക്ഷമായി സഹായിക്കുന്ന ഉദാരവല്‍ക്കരണത്തിന്റെയും കോര്‍പ്പറേറ്റ് ആഗോളവല്‍ക്കരണത്തിന്റെയും പ്രക്രിയയെതന്നെ മാറ്റുന്നതിനായി സമൂഹമാകെ ഉണരേണ്ടതും ഭരണകൂട നയങ്ങള്‍ മാറേണ്ടതും കൂടി അനിവാര്യമാണ്.
(ലേഖിക: ശ്രീമതി. ജയതി ഘോഷ്)
അധിക വായനക്ക്: ഇന്ത്യ ടുഗതറിലെ ലേഖനങ്ങള്‍
1 comment:
സ്ത്രീകള്‍ക്കെതിരായ അക്രമത്തിന് വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള അടിവേരുകളുണ്ടെന്ന കാര്യം സുവിദിതമാണ്. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ പദവി താഴ്ന്ന തലങ്ങളിലുള്ള വിഭാഗങ്ങളില്‍ ഇത്തരം അക്രമങ്ങള്‍ "നാട്ടുനടപ്പാ''യി പൊതുവെ പരിഗണിക്കുന്നുണ്ടെന്നതും സംശയാതീതമാണ്. നാനാവിധത്തില്‍ ഇത്തരം അക്രമങ്ങളുണ്ടാവുന്നു എന്നതും പൊതുവെ അംഗീകരിക്കപ്പെടുന്നുണ്ട്. നഗ്നമായ ശാരീരികാക്രമങ്ങള്‍ക്കു പുറമെ, സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പ്രക്രിയകളിലൂടെ അക്രമത്തിന്റെ "ഘടനാപരമായ'' രൂപങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയ്ക്കും അവര്‍ വിധേയരാകാറുണ്ട്.....
ശ്രീമതി. ജയതി ഘോഷ് എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.
Post a Comment