കഷ്ടമാണ് തോമസേ. നമ്മുടെ നാട്ടുകാരുടെ കാര്യം മഹാകഷ്ടം.
സത്യം പറഞ്ഞാല്‍ ഈ നാട്ടില്‍ നിന്ന് കെട്ടുംകെട്ടി പോയാലോ എന്നു പോലും ഞാന്‍ ആലോചിയ്ക്കുകാ. മര്യാദക്കാര്‍ക്ക് ഇവിടെ സ്ഥാനമില്ല തോമസേ. അല്ലെങ്കില്‍ തന്നെ നോക്ക്. ഞാനായി എന്റെ പാടായി ജീവിക്കുന്ന എനിക്ക് നാട്ടുകാര്‍ ഇട്ടുതന്നേക്കുന്ന പേര് എന്തോന്നാ? പൊങ്ങച്ചം പത്മനാഭനെന്ന്. എന്റെ ഭാര്യയെ 'പൊങ്ങച്ചത്തിന്റെ ഭാര്യ' എന്നാ സൂചിപ്പിക്കുന്നത്. എന്റെ മക്കള്‍ 'പൊങ്ങച്ചത്തിന്റെ മക്കള്‍'. ചിലര്‍ അല്‍പ്പനെന്നും വിളിക്കുന്നു. കുറച്ചു കാശു വന്നുപോയി. അതൊരു വലിയ കുറ്റമാണോ തോമസേ. അതുമല്ല നാട്ടില്‍ എത്രയോ കാശുകാരുണ്ട്. അവരെ ആരെയും ഇങ്ങനെ കളിയാക്കുന്നില്ലല്ലോ. എനിക്കറിയാം എന്താ യഥാര്‍ത്ഥ സംഗതിയെന്ന്. അസൂയ. വെറും അസൂയ. ഒരാള്‍ നന്നാകുന്നത് വേറൊരുത്തന് സഹിക്കാന്‍ പറ്റില്ല. ഐ ബൈറ്റ്, കണ്ണുകടി.
തോമസ് പറ തോമസിനോട് ഞാന്‍ എന്നെങ്കിലും പൊങ്ങച്ചം പറഞ്ഞിട്ടുണ്ടോ? ഇപ്പൊത്തന്നെ ആര്‍ട്ട്സ് ക്ലബ്ബിന്റെ വാര്‍ഷികത്തിന് ഞാന്‍ എത്രയാ സംഭാവന കൊടുത്തതെന്ന് തോമസിനറിയാമോ? അഞ്ഞൂറു രൂപ. സത്യം. തോമസാണേ, ദാ നമ്മള്‍ ഇരിക്കുന്ന, ഞാന്‍ കഴിഞ്ഞ മാസം വാങ്ങിയ ഇരുപത്തയ്യായിരം രൂപയുടെ ഈ സെറ്റി സെറ്റാണേ, തോമസ് ഇപ്പോള്‍ കുടിച്ചുകൊണ്ടിരിക്കുന്ന ഈ ജ്യൂസാണേ-ഈ ജ്യൂസ് മകന്‍ അമേരിക്കയില്‍ നിന്ന് കൊണ്ടുവന്നതാ. അവിടെ അതിന് ഒരു കുപ്പിയ്ക്ക് അഞ്ഞൂറുഡോളറാണത്രേ വില. അതു കൂടിയ ഇനമാ-ഒരു ഡോളര്‍ എന്നു വെച്ചാല്‍ നാല്‍പ്പതു രൂപ. അപ്പോള്‍ അമ്പതു ഡോളര്‍ എത്രയാണെന്ന് ഒന്നുകൂട്ടി നോക്ക്- സാധാരണ ഈ ജ്യൂസ് ഞാന്‍ അങ്ങനെ ഇങ്ങനെ എല്ലാപേര്‍ക്കും കൊടുക്കാറില്ല. ഏറ്റവും വേണ്ടപ്പെട്ടവര്‍ വരുമ്പോള്‍ മാത്രമേ എടുക്കാറുള്ളൂ. ദാ തോമസ് കഴിച്ച ഈ ബിസ്കറ്റ്-പത്തു ഡോളറിന്റേതാ. ഡോളര്‍ നാല്‍പ്പതുരൂപ വെച്ച് പത്തു ഡോളര്‍ കൂട്ടിനോക്കിക്കേ...
ങാ അപ്പോള്‍ പറഞ്ഞുവന്നത്-ഈ ജ്യൂസാണേ, ബിസ്ക്കറ്റാണേ സത്യം, ഞാനീ അഞ്ഞൂറു രൂപ സംഭാവന വലിച്ചെറിഞ്ഞ കാര്യം ഒരൊറ്റ മനുഷ്യജീവിയോട് മിണ്ടിയിട്ടില്ല തോമസേ. കഴിഞ്ഞയാഴ്ച നമ്മുടെ വാസുക്കുട്ടന് എഴുനൂറ്റമ്പതു രൂപ കടം കൊടുത്തു. വീട്ടിലെന്തോ അത്യാവശ്യമാണെന്നും പറഞ്ഞ് കരഞ്ഞുവിളിച്ചു വന്നു. അവനു കൊടുത്തു എഴുനൂറ്റമ്പതു രൂപ. പക്ഷെ, ങേഹേ! അവന് കാശുകൊടുത്ത കാര്യം ഞാന്‍ ഒരൊറ്റ മനുഷ്യരോട് പറഞ്ഞിട്ടില്ല. എന്റെ ശ്വാസംപോകുന്നതുവരെ, ഒട്ട് പറയുകയുമില്ല. എന്നിട്ടും നാട്ടുകാര്‍ പറയുന്നതെന്താ. ഞാന്‍ മേനി നടിക്കുന്നവനാണെന്ന്. പൊങ്ങച്ചം പറയുന്നവനാണെന്ന്. എന്താ തോമസേ. തോമസിന് തന്ന ജ്യൂസിന്റെയും ബിസ്കറ്റിന്റെയും കണക്കും ആരോടെങ്കിലും പറയുമോ എന്നോ? അതു ശരി. തോമസ് എന്നെ അങ്ങനെയാണോ കണ്ടിരിക്കുന്നത്?
ദേ തോമസേ. കഴിഞ്ഞയാഴ്ച നമ്മുടെ രമേഷും സണ്ണിക്കുട്ടിയും കൂടി വന്നിരുന്നു. ഉച്ചയ്ക്കാണ് വന്നത്. അല്ല ഉച്ചസമയത്ത് ഒരു വീട്ടില്‍ ചെന്നുകയറുന്നതേ മര്യാദയല്ല. അവര്‍ അടുത്ത് എവിടെയോ വന്നപ്പോള്‍ ഇങ്ങോട്ടും കൂടി കയറീട്ട് പോകാമെന്ന് വിചാരിച്ചതാണത്രെ. അതുപോട്ടെ. വന്നപ്പോ പന്ത്രണ്ടരമണി. ഉച്ചക്ക് വന്നവര്‍ക്ക് ഊണുകൊടുക്കാതെ വിടുന്നത് ശരിയല്ലല്ലോ. ഞാന്‍ ഒരു മര്യാദയ്ക്കുവേണ്ടി 'ഊണുകഴിച്ചോ രമേഷേ' എന്നു ചോദിച്ചു. 'ഇല്ല ചേട്ടാ, ഊണു കഴിച്ചില്ല' എന്നു മറുപടി.
എനിക്കെന്തോ അതത്ര ഇഷ്ടപ്പെട്ടില്ല. ആ മറുപടി. ഒരന്യവീട്ടില്‍ വന്നിട്ട് ആഹാരം കഴിച്ചില്ലാന്നൊക്കെ പറയുക. അതൊക്കെ മോശം. ങാ ചുരുക്കത്തില്‍ ചിക്കനൊക്കെ കൂട്ടി അവര്‍ ഊണുകഴിച്ചു. എനിയ്ക്കാണെങ്കില്‍ മറ്റൊരിടത്ത് ചെന്ന് പച്ചവെള്ളം കുടിക്കുന്നതുപോലും ഇഷ്ടമില്ല. ഇല്ലെങ്കില്‍ ഇല്ലാത്തതുപോലെ. ഹാ! ആ ജ്യൂസ് എന്താ പകുതിയില്‍ വെച്ചു കളഞ്ഞത്. കുടിയ്ക്ക് അപ്പോള്‍ എന്താണു പറഞ്ഞുവന്നത്. അതെ ആഹാരക്കാര്യം. ങാ രമേഷിനും സണ്ണിക്കുട്ടിയ്ക്കും ആഹാരം കൊടുത്ത കാര്യം ഞാന്‍ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇല്ല. പറയില്ല. അതാണ് തോമസേ എന്റെ പോളിസി. എന്നെ അല്‍പ്പന്മാരെന്ന് വിളിക്കുന്നവരോട് തോമസ് തന്നെ ഇതൊക്കെ ഒന്നു ചോദിക്കണം.
ങാ. പിന്നെ തോമസേ. റോഡ്‌സൈഡിലെ ആ വെയിറ്റിങ് ഷെഡ് കണ്ടില്ലേ. പഞ്ചായത്ത് നിര്‍മ്മിച്ചത്. സംഭാവന ചോദിക്കാന്‍ എന്നെയും സമീപിച്ചു. ആകെ അയ്യായിരംരൂപയാ ബഡ്ജറ്റിട്ടത്. രണ്ടായിരം രൂപ ഞാന്‍ കൊടുക്കാമെന്നു പറഞ്ഞു. പക്ഷെ സ്പോണ്‍സേര്‍ഡ് ബൈ പത്മനാഭപിള്ള എന്ന് ബോര്‍ഡ് വെക്കണമെന്ന് ഞാന്‍ പറഞ്ഞു. അതൊരു തെറ്റാണോ. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കണ്ടേ തോമസേ. അവസാനം ബോര്‍ഡുവെച്ചു. അതിത്തിരി വലിയ ബോര്‍ഡായിപ്പോയി. ഷെഡ് കണ്ണില്‍ പെട്ടില്ലെങ്കിലും ബോര്‍ഡ് ശ്രദ്ധിക്കും. പക്ഷെ തോമസേ ഞാന്‍ പറഞ്ഞില്ലേ, നാട്ടുകാരുടെ കണ്ണുകടി. സ്പോണ്‍സേര്‍ഡ് ബൈ പത്മനാഭപിള്ള എന്നെഴുതിയതില്‍ പത്മനാഭപ്പിള്ളയുടെ മുന്നില്‍ അല്‍പ്പന്‍ എന്നു കൂടി ആരോ ചേര്‍ത്തുവച്ചു കളഞ്ഞു. സ്പോണ്‍സേര്‍ഡ് ബൈ അല്‍പ്പന്‍ പത്മനാഭപിള്ള. നന്നാവില്ല തോമസേ. നമ്മുടെ നാട് ഒരുകാലത്തും നന്നാവില്ല.
ങാ തോമസ് കുടിയ്ക്ക്. ജ്യൂസ് കുടിയ്ക്ക്. തോമസ് വളരെ വേണ്ടപ്പെട്ട ആളെന്നുതോന്നിയതുകൊണ്ടാ ഞാനീ ജ്യൂസ് ഫ്രിഡ്ജില്‍ നിന്നെടുത്തത്. ആപ്പ ഊപ്പകളാണെങ്കില്‍ കരിങ്ങാലിവെള്ളത്തിലൊതുക്കിയേനെ. എന്താ തോമസേ എണീയ്ക്കുന്നത്. ജ്യൂസ് കുടിച്ചില്ല. ബിസ്ക്കറ്റും മുഴുവനും കഴിച്ചില്ല. എന്താ കാര്യം വയറിന് അസ്വസ്ഥത എന്തെങ്കിലും? ധൃതിയുണ്ടെന്നോ. ശരി എന്നാല്‍ ആയിക്കോട്ടെ. ഗേറ്റുവരെ ഞാനും വരാം. ഗേറ്റിനപ്പുറത്തെ ആ നായക്കൂടു കണ്ടോ. ഒന്നരലക്ഷത്തിന്റെ ഒരള്‍സേഷ്യനാ അതിനകത്ത്. ഒന്നരലക്ഷത്തിന്റെ. ശരി തോമസേ...ഓകെ ഇടയ്ക്കിടെ വരണം...ബൈ..
ങാ ഇതാര് വിശ്വംഭരനോ? ഞാന്‍ നമ്മുടെ തോമസിനെ യാത്രയാക്കാന്‍ പുറത്തേക്കിറങ്ങിയതാ. തോമസ് വീട്ടില്‍ വന്നു. കുറേ ജ്യൂസ് കുടിച്ചു. മോന്‍ അമേരിക്കയില്‍ നിന്നുകൊണ്ടു വന്ന ജ്യൂസ്. ബോട്ടിലിന് അഞ്ഞൂറുഡോളര്‍. ഒരു ഡോളര്‍ എന്നുവച്ചാല്‍ നാല്‍പ്പത് ഇന്ത്യന്‍ രൂപ. അതുപോലെ കുറേ വില കൂടിയ ബിസ്ക്കറ്റും വലിച്ചുവാരി കഴിച്ചു. എന്നിട്ട് ഇതാ പൊടിയും തട്ടി ഒരു പോക്ക്..നമ്മള്‍ എല്ലാവര്‍ക്കും നല്ലതു ചെയ്യുന്നു. എന്നിട്ട് പേര് അല്‍പ്പന്‍.
വാ റഹീം വാ.....നമുക്ക് കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരിയ്ക്കാം.
(ലേഖകന്‍: ശ്രീ. കൃഷ്ണ പൂജപ്പുര. കടപ്പാട്: ദേശാഭിമാനി)
4 comments:
വരൂ വായനക്കാരാ.. നമുക്ക് കുറച്ചുനേരം വര്‍ത്തമാനം പറഞ്ഞിരിയ്ക്കാം.
കൃഷ്ണ പൂജപ്പുരയുടെ ഹാസ്യഭാവന
എഴുത്ത് ഇഷ്ടപ്പെട്ടു. പക്ഷേ കമന്റിട്ടൂന്നും പറഞ്ഞ് ജ്യൂസും ബിസ്കറ്റും ഒന്നും ഓഫര്‍ ചെയ്യരുത്. അതൊന്നും കടിച്ചും കുടിച്ചും കളയാന്‍ സമയമില്ലാന്നേയ്. മണിക്കൂറിനു പത്തറുന്നൂറു ദിര്ഹം ശമ്പളം വാങ്ങുന്നതല്ലേ, ബ്ലോഗുവായിച്ചും കമന്റിട്ടും ദിവസം മൊത്തം കളഞ്ഞാല്‍ കമ്പനിയുടെ സി.ഇ.ഓയ്ക്ക് വിഷമം ആവും, അല്ല, പുള്ളി ഒന്നും പറയൂല്ല, എന്നാലും ആള്‍ക്കാരെ വിഷമിപ്പിക്കുന്നതു ശരിയല്ലല്ലോ. എന്നാ വരട്ടെ.
അവസാനം എന്റെ പേര്‍ വിളീച്ചത്, ജ്യൂസും തന്ന് നാട്ടാരോട് വിളീച്ച് പറയാനല്ലെ? വേല കയ്യിലിരിക്കട്ടെ എനിക്കല്പം ധൃതിയുണ്ട്. ഞാന്‍ കരിങ്ങാലി കുടിച്ചോളാം ജ്യൂസിലൊക്കെ കണ്ടമാനം കെമിക്കല്സ് കാണൂമ്-
എന്നെപ്പറ്റി എഴുതിയതിന് ഞാന്‍ കേസ് കൊടുക്കും.സുപ്രീം കോടതിയില്‍ വെച്ച് കാണാം...
Post a Comment