ആഗോളീകരണവും നവലിബറലിസവും ലാഭം എന്ന മന്ത്രം മാത്രമാണ് ഉരുവിടുന്നത്. സാമൂഹ്യസുരക്ഷ, സബ്സിഡി, ക്രോസ് സബ്സിഡി, പ്ലാനിംഗ് തുടങ്ങിയ പദങ്ങളൊക്കെ ഈ വ്യവസ്ഥയില്‍ കീഴില്‍ നിഷിദ്ധമാണ്. കാര്യക്ഷമതയുടെ ഏകമാനദണ്ഡം ലാഭമത്രേ. ലാഭമുണ്ടാക്കാനുള്ള ഏകമാര്‍ഗ്ഗം തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നതാണ്. അതിന്, സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കമ്പോളത്തെ ഏല്‍പ്പിക്കുക എന്നതാണ് നവലിബറലിസത്തിന്റെ വഴി. കമ്പോളം നിയന്ത്രിക്കുന്നതാകട്ടെ വന്‍കിട കുത്തകകളും. കമ്പോളമാണ് ദൈവം എന്നൊക്കെ പറയുന്നത് വെറും വാചകമടി മാത്രം. യഥാര്‍ത്ഥ ദൈവം കുത്തകതന്നെ.
ഇന്‍ഷുറന്‍സ്, അടിസ്ഥാനപരമായി, സ്വകാര്യസ്വത്തിന് സംരക്ഷണം നല്കുന്ന ഒരു മുതലാളിത്ത ഉല്പന്നമാണെങ്കിലും അതിനെ സാമൂഹ്യസുരക്ഷയ്ക്കുള്ള ശക്തമായ ഒരു ഉപകരണമാക്കി മാറ്റാന്‍ കഴിയും എന്ന് മൂന്നു ദശകംകൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഈ നവലിബറല്‍ കാലഘട്ടത്തില്‍, നാഴികമണി പുറകോട്ടാണ് തിരിയുന്നത്. അതുകൊണ്ട് ഇന്‍ഷുറന്‍സും പുറകോട്ടുപോകുന്നു - 1971-ന് മുന്‍പുള്ള കാലത്തേയ്ക്ക്. സ്വകാര്യകമ്പനികളെ സഹായിക്കുക എന്നതായിരിക്കുന്നു ഇന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ പുതിയ മെഡിക്ലെയിം പോളിസി രംഗത്തിറക്കിയിരിക്കുന്നു. നാലു കമ്പനികള്‍ നാലുതരത്തിലുള്ള പോളിസികളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 15000 രൂപയുണ്ടായിരുന്ന ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയുടെ പരിധി അന്പതിനായിരവും, ഒരുലക്ഷവുമൊക്കെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 213 രൂപയുടെ ചുരുങ്ങിയ പ്രീമിയം 600 - ന് മുകളിലും ആയിരത്തിന് മുകളിലുമായിരിക്കുന്നു. കൂടുതല്‍ പണം കൊടുത്ത് സുരക്ഷ വാങ്ങാന്‍ കഴിയുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി എന്ന് പൊതുമേഖലയും പറഞ്ഞുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ മനുഷ്യരെ ഇന്‍ഷുറന്‍സ് സുരക്ഷയില്‍ നിന്നൊഴിവാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഫലമാണ് പുതിയ മെഡിക്ലെയിം പോളിസി.
പ്രീമിയം വര്‍ദ്ധിപ്പിച്ചു എന്നതുമാത്രമല്ല പ്രശ്നം. പോളിസി നിബന്ധനകളില്‍ യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത, മൌലികാവകാശങ്ങളെപോലും ഹനിക്കുന്ന തരത്തിലുള്ള പുതിയ നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. പൊതുമേഖലാ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുകയും പ്രീമിയം കൂട്ടിയതോടുകൂടി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ആ വഴിക്ക് നീങ്ങിയിരിക്കുന്നു. ഇവര്‍ കൊട്ടിഘോഷിക്കുന്ന, കമ്പോളം അനുവദിക്കുന്ന, തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് സ്വകാര്യകമ്പനികള്‍ക്ക് കൂടുതല്‍ പ്രീമിയം നേടിയെടുക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് പൊതുമേഖല.
പുതുക്കിയ മെഡിക്ലെയിം പോളിസിയില്‍ ഏറ്റവും കൂടുതല്‍ മോശമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത് ന്യൂ ഇന്ത്യയുടെ പോളിസിയിലാണ്. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷമാണ് എന്നതു മാത്രമല്ല പ്രശ്നം. മുബൈ, ഡല്‍ഹി, മറ്റിടങ്ങള്‍ എന്ന രീതിയില്‍ ഇന്ത്യാ രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. മുബൈ-സോണ്‍ I, ഡല്‍ഹി-സോണ്‍ II, മറ്റിടങ്ങള്‍-സോണ്‍ III എന്ന തരത്തില്‍. സോണ്‍ മൂന്നില്‍ പ്രീമിയം അടയ്ക്കുന്ന ഒരാള്‍ക്ക് സോണ്‍ ഒന്നിലോ രണ്ടിലോ പോയി ചികിത്സിച്ചാല്‍ 10-20% തുക ക്ലെയിമില്‍ കുറയും, അതായത്, മുഴുവന്‍ തുകയും ക്ലെയിം കിട്ടാന്‍ കൂടുതല്‍ പ്രീമിയം അടയ്ക്കണം എന്നര്‍ത്ഥം. ഈ രീതി മറ്റു കമ്പനികളിലില്ല. ദന്ത ചികിത്സ ന്യു ഇന്ത്യയുടെ പോളിസി അനുവദിക്കുന്നില്ല. മറ്റു കമ്പനികള്‍ക്ക് അതാവാം. ആയുര്‍വേദ ചികിത്സയ്ക്കാവട്ടെ ന്യൂ ഇന്ത്യയില്‍ 25% മാത്രമേ ലഭിക്കുകയുള്ളു. മറ്റ് മൂന്നു കമ്പനികള്‍ക്കും അത്തരം ഒരു വ്യവസ്ഥയില്ല. ആയുര്‍വേദം എന്നത് ഒരു വൈദ്യശാസ്ത്രമാണ്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ചികിത്സാരീതി. സര്‍ക്കാര്‍ തന്നെ നടത്തുന്ന മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബിരുദം നേടിവരുന്ന ഡോക്ടര്‍മാര്‍ നല്കുന്ന ചികിത്സയ്ക്ക് 25% മാത്രമേ ക്ലെയിം നല്‍കുകയുള്ളു എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു പ്രത്യേക ചികിത്സാ രീതി മാത്രം അവലംബിക്കാന്‍ ഉപഭോക്താവില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ഇതുവഴി ചെയ്യുന്നത്. ഇത് മൌലികാവകാശ ലംഘനമല്ലാതെ മറ്റെന്താണ്?
പ്ലാറ്റിനം, ഗോള്‍ഡ്, സീനിയര്‍ സിറ്റിസണ്‍സ് തുടങ്ങിയ പേരുകളില്‍ യുണൈറ്റഡ് ഇന്ത്യ പോളിസികള്‍ നല്കുന്നു. അപ്പോള്‍ ന്യൂ ഇന്ത്യ, സാധാരണക്കാര്‍ക്ക് വേണ്ടി ഒരു മെഡിക്ലെയിം പോളിസി രൂപപ്പെടുത്തിയിരിക്കുന്നു-ജനതാ മെഡിക്ലെയിം പോളിസി. 50,000; 75,000 എന്നിങ്ങനെ രണ്ട് തുകയ്ക്ക് മാത്രമുള്ള പോളിസിയാണിത്. പേരില്‍ മാത്രമേ 'ജനത' യുള്ളു. ഉള്ളടക്കം മുഴുവനും സാധാരണക്കാരനെതിരാണ്. പ്രീമിയം കൂടുന്നു എന്നു മാത്രമല്ല, വിചിത്രമായ നിബന്ധനകളാണ് പോളിസിയിലുള്ളത്. ആശുപത്രിയിലെ 'ജനറല്‍ വാര്‍ഡി' ലെ ചികിത്സയ്ക്കാണത്രെ ക്ലെയിം നല്‍കുക. ഒരാള്‍ മുറിയെടുത്ത് ചികിത്സ നടത്തിയാല്‍ കാശ് പോയെന്നര്‍ത്ഥം. ഇവിടെയും ആയുര്‍വേദം 25% മാത്രം-അതും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചാല്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയ്ക്ക് കാശ് വേണ്ട എന്ന കാര്യം പോളിസി നിര്‍മ്മാതാക്കള്‍ മറന്നുപോയതാണോ? ദന്തചികിത്സ ഇവിടെയും നിഷിദ്ധം. ഡൊമിസിലിയറിയും ഇല്ല. ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കിയിരുന്ന അസുഖങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും ഒഴിവ് രണ്ടു വര്‍ഷത്തേക്കായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.
ചുരുക്കത്തില്‍, സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയ്യാറാക്കാന്‍ ബാദ്ധ്യതപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍, അവരെ അപ്പാടെ ഒഴിവാക്കുകയാണ്. ഇതാണ് ഗ്ലോബലൈസേഷന്. ഇതാണ് മാറിയ കാലം. മാസ് ഇന്‍ഷുറന്‍സില്‍നിന്ന് ക്ലാസ് ഇന്‍ഷുറന്‍സിലേക്ക്. സാധാരണ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അവരെ കൈവെടിഞ്ഞാല്‍ എന്താണ് ചെയ്യുക? പ്രൊഫ: എം.എന്‍. വിജയന് പറഞ്ഞതുപോലെ: "നിങ്ങള്‍ ശാന്തിക്കാരന് ദക്ഷിണ കൊടുത്ത ഒരു രൂപയെടുത്ത് അയാള്‍ കള്ളു കുടിച്ചാല്‍ നിങ്ങളെന്താ ചെയ്യുക?''
-സി.ബി. വേണുഗോപാല്‍
1 comment:
സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയ്യാറാക്കാന്‍ ബാദ്ധ്യതപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍, അവരെ അപ്പാടെ ഒഴിവാക്കുകയാണ്. ഇതാണ് ഗ്ലോബലൈസേഷന്. ഇതാണ് മാറിയ കാലം. മാസ് ഇന്‍ഷുറന്‍സില്‍നിന്ന് ക്ലാസ് ഇന്‍ഷുറന്‍സിലേക്ക്. സാധാരണ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അവരെ കൈവെടിഞ്ഞാല്‍ എന്താണ് ചെയ്യുക? പ്രൊഫ: എം.എന്‍. വിജയന് പറഞ്ഞതുപോലെ: "നിങ്ങള്‍ ശാന്തിക്കാരന് ദക്ഷിണ കൊടുത്ത ഒരു രൂപയെടുത്ത് അയാള്‍ കള്ളു കുടിച്ചാല്‍ നിങ്ങളെന്താ ചെയ്യുക?''
Post a Comment