Monday, January 21, 2008

ചിരിയുടെയും കണ്ണീരിന്റെയും കഥ പറയുന്ന 'സുല്‍ത്താന്‍'

മലയാളക്കരയ്ക്ക് ജനുവരി 21 ഒരു തിരുനാളാണ്.

ചരിത്രപ്രസിദ്ധമായ വൈക്കത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന തലയോലപ്പറമ്പില്‍ ഒരു ഇടത്തരം കുടുംബത്തില്‍ അബ്ദു റഹിമാന്‍- കുഞ്ഞാച്ചമ്മ ദമ്പതികളുടെ മകനായി 1908 ജനുവരി 21ന് ജനിച്ച, സ്വാതന്ത്ര്യസമരസേനാനികളുടെയും സഹൃദയരുടെയും ഹൃദയം കവര്‍ന്ന വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ നൂറാം ജന്മദിനം. സ്വാതന്ത്ര്യസമരത്തിന്റെയും സാഹിത്യ നവോത്ഥാനത്തിന്റെയും ഉച്ചകോടിക്ക് സാക്ഷ്യംവഹിച്ച ആയിരത്തിതൊള്ളായിരത്തി നാല്‍പ്പതുകള്‍ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊണ്ട തകഴിയെയും പൊറ്റക്കാട്ടിനെയും കേശവദേവിനെയും ഉറൂബിനെയുംപോലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും കഥാകൃത്തുക്കളെയും ആഖ്യായികാകാരന്മാരെയും മലയാളസാഹിത്യ നഭോമണ്ഡലത്തില്‍ തിളക്കമുറ്റ താരങ്ങളായി ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, പലനിലയിലും അവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്ന ഒരു പ്രതിഭാശാലിയും പോരാളിയും ഒരേ സമയം ചിരിയുടെയും കണ്ണീരിന്റെയും കഥാകാരനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ജീവിതത്തിലും സാഹിത്യസപര്യയിലും ബഷീറിനൊപ്പം ബഷീര്‍മാത്രം.

അറസ്റ്റും ദേശാടനവും

ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും ദുര്‍ഘടങ്ങള്‍ താണ്ടിയാണെങ്കിലും തലയോലപ്പറമ്പിലെ പ്രാഥമിക വിദ്യാലയത്തിലും വൈക്കത്തെ ഇംഗ്ളീഷ് സ്കൂളിലും പഠിച്ച് അവസാനപരീക്ഷയ്ക്ക് ഇരിക്കുന്നതിനു മുമ്പുതന്നെ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ ബഷീര്‍ ഗാന്ധിയുടെയും നെഹ്റുവിന്റെയും അനുയായിയായി 1931ലെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് കോഴിക്കോട്ടുവച്ച് അറസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍, ആ വര്‍ഷംതന്നെ ഗാന്ധിയുടെ അഹിംസാ പരിപാടിയില്‍നിന്ന് അകന്ന് വീരരക്തസാക്ഷി ഭഗത്സിങ്ങിന്റെ ആരാധകനായിത്തീര്‍ന്നു. ഭഗത്സിങ്ങിന്റെ സായുധ സമരപരിപാടി നടപ്പാക്കാനായി ഒരു സംഘടന രൂപീകരിക്കാനും അതിന്റെ മുഖപത്രമായി 'ഉജ്ജീവനം' എന്നൊരു വാരിക നടത്താനുംവരെ ഈ സാഹസികനായ ഇരുപത്തിരണ്ടുകാരന്‍ ധൈര്യപ്പെട്ടു. സ്വാഭാവികമായും പൊലീസിന്റെ നോട്ടപ്പുള്ളിയായി വീണ്ടും അറസ്റ്റിലാകും എന്നുറപ്പായപ്പോള്‍ പിടികൊടുക്കാതെ ഒടുവില്‍ ബഷീര്‍ നാടുവിട്ടു. തുടര്‍ന്നുള്ള എട്ടുവര്‍ഷക്കാലം ഇന്ത്യയിലും ഇന്ത്യക്ക് പുറത്തുമായി പല പേരുകളും വേഷങ്ങളും ധരിച്ച് അലഞ്ഞ ബഷീര്‍ 1940കളോടെ അളവറ്റ സമ്പത്തും അറിവും പക്വതയുമായി നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവിതാംകൂറിലെ സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭവും 1942 ലെ 'ക്വിറ്റ് ഇന്ത്യാ സമര'വും അദ്ദേഹത്തെ വീണ്ടും ജയിലിലെത്തിച്ചു.

ഈ നീണ്ട ദേശാടനകാലത്തുതന്നെ തൂലിക വ്യാപാരത്തിലുള്ള അദമ്യമായ ആവേശം അദ്ദേഹത്തെ പിടികൂടിയിരുന്നു. യാത്രക്കിടയില്‍ അനുഭവങ്ങളും ഓര്‍മകളും മറ്റും എഴുതാറുണ്ടെങ്കിലും അതൊന്നും അവശേഷിച്ചിട്ടില്ല. ബഷീറിനെ മലയാളസാഹിത്യ നഭോമണ്ഡലത്തില്‍ പെട്ടെന്ന് കൊള്ളിമീനെന്നപോലെ ഉയര്‍ത്തിയ 1944 ലെ 'ബാല്യകാലസഖി' എന്ന ആഖ്യായികയുടെ ആദ്യരൂപം കൊല്‍ക്കത്തയില്‍വച്ച് ഇംഗ്ലീഷിലാണ് രചിച്ചതെന്ന് പറയപ്പെടുന്നു.

പൂജപ്പുരയില്‍ തുടക്കം

ആയിരത്തിതൊള്ളായിരത്തി നാല്‍പത്തി രണ്ടില്‍ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വച്ചാണ് അദ്ദേഹത്തിന്റെ പ്രഥമകൃതിയായി നമുക്കിപ്പോള്‍ ലഭിച്ചിരിക്കുന്ന 'പ്രേമലേഖനം' രചിക്കപ്പെട്ടത്. 1965 ലാണ് പ്രസിദ്ധീകരിച്ചതെങ്കിലും പൂജപ്പുര ജയില്‍ വാസക്കാലത്തെ അനുഭവങ്ങള്‍കൂടി അയവിറക്കുന്നതും ഹൃദയഹാരിയായ പ്രേമത്തിന്റെയും ത്യാഗോജ്വലമായ രാഷ്ട്രീയ യാതനയുടെയും തിരകള്‍ ഇളക്കുന്ന ഹൃദയസ്പൃക്കായ 'മതിലുകള്‍' എന്ന കൃതിയെ ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയായി കരുതുന്നതില്‍ യുക്തിയുണ്ട്. ജയിലില്‍ പോകുന്നതിനുമുമ്പും ജയിലില്‍നിന്ന് 1944ല്‍ മോചിപ്പിക്കപ്പെട്ടതിനുശേഷവും തിരുവിതാംകൂറിന്റെ ഉത്തരവാദ പ്രക്ഷോഭത്തെയും ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ ദുര്‍ഭരണത്തെയുംകുറിച്ച് സ്വതസിദ്ധമായ ഫലിതരസം തുളുമ്പുന്ന അനേകം ലേഖനങ്ങള്‍ പല പത്ര മാസികകളിലായി ബഷീര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബഷീറിന്റെ ലേഖനങ്ങളെ മുന്‍നിര്‍ത്തി അവയില്‍ പലതും നിരോധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തടവില്‍നിന്ന് മോചിപ്പിക്കപ്പെട്ടശേഷം സജീവരാഷ്ട്രീയത്തില്‍നിന്നും ബഷീര്‍ പിന്മാറി എങ്കിലും കോണ്‍ഗ്രസുകാരും അതിലേറെ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമായുള്ള സൌഹാര്‍ദവും സഹകരണവും തുടര്‍ന്നു. സ്വാതന്ത്ര്യസമരം അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നുവെങ്കിലും അമേരിക്കന്‍ മോഡലും സ്വതന്ത്ര തിരുവിതാംകൂറും മറ്റും പ്രഖ്യാപിച്ച് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ മര്‍ദനവാഴ്ച അഭംഗുരം തുടരുകയായിരുന്നു. ഈ ഘട്ടത്തിലാണ് ബഷീര്‍ എറണാകുളത്തേക്ക് താമസംമാറ്റി ഉപജീവനത്തിനായി ബോട്ട് ജെട്ടിയില്‍ ഒരു പുസ്തകക്കട ആരംഭിച്ചത്. അദ്ദേഹം താമസിച്ചിരുന്ന ഒരു ഇടുങ്ങിയ വാടകമുറിയില്‍ പി കൃഷ്ണപിള്ളയും കെ സി ജോര്‍ജും മറ്റ് പല സഖാക്കളും ഒളിവില്‍ താമസിച്ച് വന്നതിനെക്കുറിച്ച് പില്‍ക്കാലത്ത് സരസമായ കുറിപ്പുകള്‍ ബഷീര്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവാദവും വികാസവും

പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെയും അതിലും വിശേഷിച്ച് അതിന്റെ അധ്യക്ഷന്‍ മഹാനായ എം പി പോളിന്റെയും മുക്തകണ്ഠമായ പ്രശംസ നേടിയ 'ബാല്യകാലസഖി'യെന്ന നോവലിനെത്തുടര്‍ന്ന് ബഷീര്‍ രചിച്ച 'കഥാബീജം' എന്ന നാടകവും 'ജന്മദിനം' എന്ന കഥയും വളരെ വിവാദങ്ങള്‍ ഉയര്‍ത്തുകയും ബഷീറിന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയുംചെയ്തു. 'ബാല്യകാലസഖി'യും 'ജന്മദിന'വും അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന പേരില്‍ കടുത്ത വിമര്‍ശനത്തിനും വിധേയമായി. 1951 ലാണ് ബഷീറിന്റെ ഏറ്റവും വലിയ കൃതിയെന്ന് വിശേഷിപ്പിക്കാവുന്ന 'ന്റുപ്പുപ്പാക്കൊരനേണ്ടാര്‍ന്ന്' എന്ന മറ്റൊരു വിവാദകൃതി പുറത്തു വന്നത്.

1957ല്‍ അധികാരത്തിലെത്തിയ പ്രഥമകേരള സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി ഈ നോവല്‍ ഒരു ഉപപാഠപുസ്തകമായി തെരഞ്ഞെടുത്തത് അന്നത്തെ കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെയും മുസ്ലിംലീഗിന്റെയും നിശിതമായ ആക്ഷേപത്തിന് കാരണമായി എന്നത് ഇന്നവര്‍ ഓര്‍ക്കുമെങ്കില്‍ ലജ്ജിക്കാതിരിക്കില്ല. ഈ കൃതിക്ക് ശേഷമാണ് വിശ്വവിഖ്യാതമായ 'ജീവിത നിഴല്‍പ്പാടുകള്‍', 'വിശ്വവിഖ്യാതമായ മൂക്ക്', 'വിശപ്പ്' എന്നീ കൃതികള്‍ രചിക്കപ്പെട്ടത്. ആയിരത്തിതൊള്ളായിരത്തി അമ്പത്തിനാലോടുകൂടി ഈ സര്‍ഗ പ്രവാഹത്തിന് ഒരു പ്രതിബന്ധം നേരിട്ടു. ബഷീറിന് ചിത്തഭ്രമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തൃശൂരില്‍ വല്ലാപ്പുഴ വൈദ്യരുടെ ചികിത്സയില്‍ നാലു-നാലരവര്‍ഷം കഴിഞ്ഞതോടുകൂടി പൂര്‍ണമായി സുഖപ്പെടുകയും 1958 ല്‍ കോഴിക്കോട്ടിനടുത്ത് ചെറുവണ്ണൂരിലെ കോയകുട്ടിയുടെ മൂത്തമകള്‍ 'ഫാത്തിമബീവിയെന്ന 'ഫാബി'യെ വിവാഹം കഴിക്കുകയുംചെയ്തു. വിവാഹം കഴിഞ്ഞ് വൈക്കത്ത് 'അസഹര്‍ കോട്ടേജ്’ എന്ന ഒരു വീട് പണിത് താമസമാക്കി. അക്കാലത്താണ് അദ്ദേഹത്തിന്റെ സഹോദരിയെയും അവരുടെ ആടിനെയുംകുറിച്ച് അത്യന്തം മനോഹരമായ 'പാത്തുമ്മയുടെ ആട്' എന്ന കഥ എഴുതിയത്. 1962ല്‍ തന്റെ ഭാര്യാഗൃഹത്തിനടുത്ത് ബേപ്പൂരില്‍ ഒരു പഴയ വീട് വാങ്ങി അവിടെ സ്ഥിരതാമസമാക്കി. അങ്ങനെ ബഷീര്‍ സ്വയമായും ആരാധകരും അഭിസംബോധന ചെയ്യുന്ന 'ബേപ്പൂര്‍- സുല്‍ത്താന്‍' മലയാള സാഹിത്യചരിത്രത്തില്‍ സ്ഥാനം പിടിച്ചു. ബഷീര്‍- ഫാബി ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്. 1994 ല്‍ ബഷീര്‍ അന്തരിച്ചു.

പ്രത്യയശാസ്ത്രവും ശൈലിയും

പുരോഗമനസാഹിത്യസംഘത്തിലോ മറ്റേതെങ്കിലും സംഘടനയിലോ അംഗമായിരുന്നില്ലെങ്കിലും അടിസ്ഥാനപരമായി അദ്ദേഹത്തിന്റെ രചനാലക്ഷ്യങ്ങള്‍ അധഃസ്ഥിതരുടെ ഉന്നമനവും അനാചാരങ്ങളുടെ നിര്‍മാര്‍ജനവും ആയിരുന്നു. മനുഷ്യപ്പറ്റ് അദ്ദേഹത്തിന്റെ കൃതികളുടെ സ്ഥായീഭാവമായിരുന്നു. തകഴി, കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ചെറുകാട് തുടങ്ങിയവരുടെ തീക്ഷ്ണമായ സമര ശൈലിയെക്കാള്‍ ഉറൂബ്, എം ടി വാസുദേവന്‍നായര്‍, മാധവിക്കുട്ടി, ടി പത്മനാഭന്‍ തുടങ്ങിയവരുടെ ഭാവഗീതാത്മക ശൈലി ആയിരുന്നു ബഷീറിന്റേത്. അതിനുപുറമെ അവരേക്കാളെല്ലാം കൂടുതല്‍ നര്‍മബോധം പരുപരുത്ത ജീവിതാനുഭവങ്ങളെ വിവരിക്കുമ്പോഴും ബഷീര്‍ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ പലതിന്റേയും പേരുതന്നെ കദനരസത്തോടൊപ്പം ഹാസ്യരസവും ചേര്‍ന്ന് സമന്വയിച്ചതാണെന്ന് കാണാം. 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' 'ആനവാരി രാമന്‍നായര്‍' 'പൊന്‍കുരിശ് തോമ' 'എട്ടുകാലി മമ്മൂഞ്ഞ്' എന്നിങ്ങനെ പോകുന്ന ഹാസ്യകഥാപാത്രങ്ങളുടെ നര്‍മാവതരണത്തിന് കീഴില്‍ കദനരസം കരകവിയുന്ന ജീവിതയാഥാര്‍ഥ്യങ്ങളെയാണ് ബഷീര്‍ ആവിഷ്കരിക്കുന്നത്. 'ബാല്യകാലസഖി' എന്ന കരളില്‍ കുളിര്‍ ഇളക്കുന്ന പേരിനെ സാധൂകരിക്കുന്ന ശൈശവ ലീലകളും പ്രേമരംഗങ്ങളുമുള്ള ആ ദുരന്തകഥയുടെ കാതല്‍ എങ്ങനെയെന്ന് പരേതനായ പ്രൊഫ. കെ എം തരകന്‍ വിവരിക്കുന്നത് വായിക്കൂ:

"...ഇത്രയേറെ ധ്വനിപ്രധാനമായ ഭാഗങ്ങള്‍ മലയാളത്തില്‍ തുലോം വിരളമത്രേ.

'ബാല്യകാലസഖി ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരേടാണ്. അതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. മുസ്ളിംസമുദായത്തെ തികച്ചും യഥാര്‍ത്ഥമായി ഇതില്‍ ബഷീര്‍ പകര്‍ത്തിക്കാണിക്കുന്നു. നിലവിലുള്ള സാമ്പത്തികഘടനയുടെ ചാഞ്ചല്യം, മുസ്ളിംവിവാഹ നിയമങ്ങളുടെ വൈകല്യം, മുസ്ലീം സമൂഹത്തിലെ സാഹോദര്യബോധത്തിന്റെ അഭാവം, നിലവിലുള്ള ഭരണക്രമത്തില്‍ തൊഴിലാളികളുടെ അശരണാവസ്ഥ തുടങ്ങിയവയെല്ലാം ബാല്യകാലസഖിയില്‍ ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു. ബഷീറിന്റെ വീക്ഷണത്തില്‍ ഈ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം സ്നേഹത്തില്‍ സമൂഹത്തെ പുനഃപ്രതിഷ്ഠിക്കുക എന്നതാണ്. ബാല്യകാലസഖിയിലെ പ്രേമകഥ ആശാന്റെ പ്രേമകാവ്യങ്ങളിലെന്നപോലെ വികാരതീവ്രമാണ്. ഇതില്‍ നായികാനായകന്മാരുടെ പ്രേമഗതിക്ക് വിഘ്നം വരുത്തുന്നത് സാമ്പത്തിക സാമൂഹ്യഘടകങ്ങളും വിധിയുമാണ്. ജീവിതമെന്ന മഹാപ്രശ്നം മറ്റു സര്‍വപ്രശ്നങ്ങളെയും ഗ്രസിച്ചുകളയുന്നു. ജീവിതത്തിലെ പാരുഷ്യങ്ങളെ ദൂരികരിക്കുവാന്‍ മനോഹാരിതകള്‍ക്ക് കഴിയുന്നില്ല. എങ്കിലും മനുഷ്യാത്മാവിനെ തച്ചുടയ്ക്കാന്‍ ഒരു പ്രതികൂലശക്തിക്കും സാധ്യമല്ല. സുഹ്റ മരിച്ചിട്ടും മജീദ് നിസ്വനായിത്തീര്‍ന്നിട്ടും ബാല്യകാലസഖിയില്‍ പ്രേമം വേദനയുടെ ഇരുള്‍പ്പടര്‍പ്പുകളെ സ്വന്തം പ്രകാശത്തില്‍ വിലയിപ്പിക്കുന്നു....''

തകര്‍ന്നടിഞ്ഞ തറവാട്ടുകാര്‍ ഗതകാല പ്രതാപത്തെക്കുറിച്ച് അയവിറക്കി ഡംഭ് നടിക്കുന്നതിനെ പരിഹാസത്തോടൊപ്പം വേദന നിറഞ്ഞ സ്വരത്തില്‍ ബഷീര്‍ 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു' വായിക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്ന് അറിയാതെ നാം വീര്‍പ്പുമുട്ടുന്നു. 'ആന ഉണ്ടാര്‍ന്ന' തറവാട്ടിലെ കാരണവത്തിയായതിനാല്‍ പട്ടിണിയാണെങ്കിലും മെതിയടിയിന്മേല്‍ തത്തി തത്തി നടക്കുന്ന ഉമ്മയെ മകള്‍ കുഞ്ഞുപാത്തുമ്മ കളിയാക്കുന്നു: അത് 'കുയ്യാന' ആയിരുന്നു (കുഴിയാന).

തന്റെ കഥകളിലെ നര്‍മരസത്തെ വെല്ലുന്നതായിരുന്നു ബഷീറിന്റെ സുഹൃദ്സല്ലാപങ്ങളിലെ പൊട്ടിച്ചിരിപ്പിക്കുന്നതും ചിന്താമൃതങ്ങളുമായ നര്‍മോക്തികള്‍ എന്ന് അനുഭവസ്ഥര്‍ക്കറിയാം.

ധീരനായ സമരസേനാനി, സരസനായ സംഭാഷണചതുരന്‍, കൃതഹസ്തനായ കഥാകാരന്‍, ഹൃദയാലുവായ സാമൂഹ്യപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ആധുനിക കേരളം കണ്ട ഈ അപൂര്‍വപ്രതിഭയ്ക്ക് ശതാബ്ദിപ്രണാമം.

(ലേഖകന്‍: ശ്രീ. പി.ഗോവിന്ദപ്പിള്ള. കടപ്പാട്: ദേശാഭിമാനി. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, പുഴ.കോം)

അധിക വായനക്ക്

Basheer and the freedom struggle

പാത്തുമ്മയുടെ ആടുകള്‍ മേയുന്ന ഇടം

ബഷീര്‍ കൃതികളുടെ ഒരു ലിസ്റ്റ് പുഴ.കോമില്‍ നിന്ന്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

മലയാളക്കരയ്ക്ക് ജനുവരി 21 ഒരു തിരുനാളാണ്.ചരിത്രപ്രസിദ്ധമായ വൈക്കത്തിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന തലയോലപ്പറമ്പില്‍ ഒരു ഇടത്തരം കുടുംബത്തില്‍ അബ്ദു റഹിമാന്‍- കുഞ്ഞാച്ചമ്മ ദമ്പതികളുടെ മകനായി 1908 ജനുവരി 21ന് ജനിച്ച, സ്വാതന്ത്ര്യസമരസേനാനികളുടെയും സഹൃദയരുടെയും ഹൃദയം കവര്‍ന്ന വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ബേപ്പൂര്‍ സുല്‍ത്താന്റെ നൂറാം ജന്മദിനം. സ്വാതന്ത്ര്യസമരത്തിന്റെയും സാഹിത്യ നവോത്ഥാനത്തിന്റെയും ഉച്ചകോടിക്ക് സാക്ഷ്യംവഹിച്ച ആയിരത്തിതൊള്ളായിരത്തി നാല്‍പ്പതുകള്‍ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊണ്ട തകഴിയെയും പൊറ്റക്കാട്ടിനെയും കേശവദേവിനെയും ഉറൂബിനെയുംപോലെ പ്രശസ്തരും പ്രഗത്ഭരുമായ ഏതാനും കഥാകൃത്തുക്കളെയും ആഖ്യായികാകാരന്മാരെയും മലയാളസാഹിത്യ നഭോമണ്ഡലത്തില്‍ തിളക്കമുറ്റ താരങ്ങളായി ഉയര്‍ത്തുകയുണ്ടായി. എന്നാല്‍, പലനിലയിലും അവരില്‍നിന്നെല്ലാം വ്യത്യസ്തനായിരുന്ന ഒരു പ്രതിഭാശാലിയും പോരാളിയും ഒരേ സമയം ചിരിയുടെയും കണ്ണീരിന്റെയും കഥാകാരനുമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍. ജീവിതത്തിലും സാഹിത്യസപര്യയിലും ബഷീറിനൊപ്പം ബഷീര്‍മാത്രം.

ബഷീര്‍ അനുസ്മരണം...

അനാഗതശ്മശ്രു said...

ഇതും കൂടി നോക്കാം