Thursday, January 3, 2008

തൊഴില്‍ തേടി എത്തുന്ന മറുനാട്ടുകാര്‍

അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എത്തുന്ന മറുനാടന്‍ തൊഴിലാളികളെ കൂടി കണക്കിലെടുത്തുള്ള ആസൂത്രണപ്രക്രിയക്ക് കേരളം എത്രയും വേഗം തയ്യാറാകണമെന്ന് പഠനം. കേരളസമൂഹത്തിലേക്ക് ഈ കുടിയേറ്റ തൊഴിലാളികളെ ഉള്‍ച്ചേര്‍ക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ അടിയന്തരമായി പരിഗണിക്കണ്ടതുണ്ട്. ഇല്ലെങ്കില്‍ അടുത്തകാലത്ത് ഫ്രാന്‍സ് പോലെയുള്ള രാജ്യങ്ങള്‍ നേരിട്ട തരത്തിലുള്ള സാമൂഹ്യ അസ്വസ്ഥതകളിലേക്ക് കേരളവും നീങ്ങിയേക്കുമെന്ന് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എന്‍വയണ്‍മെന്റല്‍ സ്റ്റഡീസിലെ (സി. എസ്. ഇ. എസ്.) കെ എസ് സുരഭിയും (റിസര്‍ച്ച് അസോസിയേറ്റ്) ഡോ. എന്‍ അജിത്കുമാറും (ഡയറക്ടര്‍) നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ക്കിടയിലായിരുന്നു പഠനം.

നയരൂപീകരണ രംഗത്തുള്ളവരും ആസൂത്രകരും ഭരണാധികാരികളും ഈ പ്രശ്നങ്ങളെപ്പറ്റി ജാഗ്രത പുലര്‍ത്തണം. സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലും ഇതിനുള്ള ശ്രമങ്ങളുണ്ടാകണം. മറുനാടന്‍ തൊഴിലാളികളുടെ വര്‍ധനവ് ഭരണനിര്‍വ്വഹണത്തിലും പൊതുആരോഗ്യ സംവിധാനത്തിലും ശുചിത്വരംഗത്തും ജലവിതരണ മേഖലയിലും ഭവനം, നഗരപരിസ്ഥിതി, ആഭ്യന്തര സൌകര്യങ്ങള്‍,വിദ്യാഭ്യാസം, ക്രമസമാധാനം തുടങ്ങിയ മേഖലകളിലും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ആസൂത്രണത്തിന്റെയും പദ്ധതി നടത്തിപ്പിന്റെയും രംഗത്ത് കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണിത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി ഭാഷയിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന വലിയൊരു ജനവിഭാഗത്തിന്റെ തള്ളിക്കയറ്റം ഭരണനിര്‍വ്വഹണത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു.ലഭ്യമായ നഗരസൌകര്യങ്ങളുടെ അപര്യാപ്തതയും പ്രശ്നമാകുന്നു. വന്നുപോകുന്ന ഈ മറുനാട്ടുകാരില്‍ പലരും ജനസംഖ്യാ കണക്കുകളില്‍ പെടുന്നില്ല. അതുകൊണ്ടുതന്നെ ആസൂത്രണത്തിന്റെ പരിധിയിലും അവര്‍ പലപ്പോഴും വരുന്നില്ല. ഇവരുടെ കണക്കു കൂടി പരിഗണിച്ചുള്ള കണക്കുകള്‍ തയ്യാറാക്കി പ്രാദേശിക ആസൂത്രണപ്രക്രിയക്ക് രൂപം നല്‍കണം. ഇവരുടെ എണ്ണവും വൈവിധ്യവും നഗരാസൂത്രണത്തില്‍ പരിഗണനാവിഷയമാകണം. ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതിയും സുസ്ഥിര നഗര വികസന പദ്ധതിയും പോലെയുള്ളവ നടപ്പാക്കുമ്പോള്‍ മറുനാടന്‍ തൊഴിലാളികളെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

രണ്ടായിരത്തിലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യയുടെ 1.3 ശതമാനം പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറിയവരാണ്. ഇവരില്‍ 67.8% പേരും തമിഴ്നാട്ടില്‍ ജനിച്ചവരാണ്. കര്‍ണാടകക്കാര്‍ 13.5% വരും. മഹാരാഷ്ട്ര-4.5%, ആന്ധ്രാപ്രദേശ് - 2.3%,പോണ്ടിച്ചേരി-2.1%, ഉത്തര്‍പ്രദേശ്-1.4%, പശ്ചിമ ബംഗാള്‍-1.0% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം. ഇവരില്‍ പകുതിയോളം പേര്‍ (49.1%) സ്ത്രീകളാണെന്നും പഠനം പറയുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സെന്‍സസ് കണക്കില്‍ നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ഈ കണക്കുകളെല്ലാം അഞ്ചോ ആറോ വര്‍ഷം പഴക്കമുള്ളവയാണ്. അതിനുശേഷം ഏറെ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് വന്നിട്ടുണ്ട്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മറുനാടന്‍ തൊഴിലാളികള്‍ എറണാകുളം ജില്ലയിലാണ്. ഈ തൊഴിലാളികളില്‍ ചെറിയൊരു പങ്കാണ് ഏതെങ്കിലും തൊഴിലില്‍ വിശേഷജ്ഞാനമുള്ളവര്‍. ഭൂരിഭാഗം പേരും കെട്ടിട നിര്‍മ്മാണത്തിലും റോഡ് പണിയിലും പൈപ്പിടല്‍ പോലുള്ള ജോലികളിലും ഏര്‍പ്പെടുന്നവരാണ്. കുറച്ചുപേര്‍ കൃഷിയിലും വ്യവസായങ്ങളുടെ അനുബന്ധ സേവന മേഖലകളിലും പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നിന്ന് തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുമ്പോലെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കേരളത്തിലേക്ക് ഒഴുകുന്നു. സംസ്ഥാന സമ്പദ്‌ വ്യവസ്ഥയുടെയും ആഭ്യന്തരമേഖലയിലെയും നിര്‍മ്മാണരംഗത്തെയും വളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ കുടിയേറ്റം വര്‍ധിക്കാനാണ് സാധ്യത.

കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ രണ്ടുതരമാണ്. കരാറുകാര്‍ക്ക് കീഴില്‍ പണിയെടുക്കുന്നവരും അന്നന്ന് കിട്ടുന്ന പണിയെടുക്കുന്നവരും. ആദ്യകൂട്ടര്‍ക്ക് നിശ്ചിത കാലത്തേക്ക് കരാറുകാര്‍ പണി നല്‍കും. മറ്റേകൂട്ടര്‍ നഗരത്തിലെ 'തൊഴില്‍ ചന്ത'കളായി മാറിയിട്ടുള്ള സ്ഥലങ്ങളില്‍ ദിവസവും തൊഴില്‍ കാത്തുനില്‍ക്കുന്നു. വാത്തുരുത്തി, കടവന്ത്ര, കലൂര്‍, ബാനര്‍ജി റോഡിലെ മാര്‍ക്കറ്റ് ജംഗ്‌ഷന്‍, ഇടപ്പള്ളി, തൃക്കാക്കര തുടങ്ങിയ സ്ഥലങ്ങള്‍ ഇന്ന് ഇത്തരം തൊഴില്‍ ചന്തകളാണ്. വാത്തുരുത്തി, വാഴക്കാല, ഇടപ്പള്ളി, തൃക്കാക്കര എന്നിവിടങ്ങളില്‍ ഈ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളുമുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ കൂടുതല്‍ സമയം പണിയെടുക്കുമെന്നതും മലയാളികളേക്കാള്‍ അവര്‍ കൂടുതല്‍ അനുസരണയുള്ളവരാണെന്നതുമൊക്കെ ഇവരെ ജോലിക്ക് കൂടുതലായി നിയോഗിക്കുന്നതിന് വിശദീകരണമായി തൊഴിലുടമകളും കരാറുകാരും പറയുന്നു.

പഠനത്തിന്റെ ഭാഗമായി കൊച്ചിയിലെ തമിഴ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയില്‍ നിന്നുകിട്ടിയവിവരങ്ങള്‍ അടിസ്ഥാനമാക്കി ഈ തൊഴിലാളികളുടെ ജീവിത സാഹചര്യവും തൊഴില്‍ അന്തരീക്ഷവും അവരെ കൊച്ചിയിലെത്തിച്ച ഘടകങ്ങളുമൊക്കെ പഠനം വിലയിരുത്തുന്നു.തൊഴിലാളികളില്‍ പകുതിയോളം പേര്‍ സ്കൂളില്‍ പോയിട്ടേ ഇല്ലെന്ന് സര്‍വ്വേയില്‍ കണ്ടെത്തി. ഇവരില്‍ കൂടുതല്‍ സ്ത്രീകളാണ്. 19% പേര്‍ സ്കൂള്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയവരാണ്. നാലില്‍ മൂന്ന് പേരും വിവാഹിതരാണ്. വിവാഹിതരില്‍ 59% പേരും കുടുംബമായി കൊച്ചിയില്‍ താമസിക്കുകയാണ്.

ഈ തൊഴിലാളികള്‍ കൊച്ചിയിലെത്തിയത് വ്യത്യസ്തകാരണങ്ങളാലാണ്. നാട്ടിലെ കുറഞ്ഞ വേതനവും അവസരങ്ങളില്ലായ്മയുമാണ് ഭൂരിപക്ഷം തൊഴിലാളികളേയും ഇവിടേക്ക് നയിച്ചത്. പുരുഷന്മാരില്‍ 66% വും സ്ത്രീകളില്‍ 63% വും നാട്ടിലെ കുറഞ്ഞ വേതനം കുടിയേറ്റത്തിന് കാരണമായി പറയുന്നു. തൊഴിലില്ലായ്മ പുരുഷന്മാരില്‍ 40% പേരും സ്ത്രീകളില്‍ 48% പേരും ചൂണ്ടിക്കാട്ടി. വരള്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ കാരണമായി പറഞ്ഞവര്‍ 35% വരും. ഈ പ്രശ്നം കൂടുതലായി പറഞ്ഞത് സ്ത്രീകളാണ്. നാട്ടില്‍ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് നാലിലൊന്നു പേരും. ചെറിയ കച്ചവടവും മറ്റും നടത്തിയിരുന്നവരുമുണ്ട്. 56% പേരും എന്തെങ്കിലും പ്രത്യേക തൊഴില്‍ അറിയുന്നവരല്ല. എന്തു തൊഴില്‍ ചെയ്യാനും തങ്ങള്‍ സന്നദ്ധരാണെന്ന് ഭൂരിഭാഗം തൊഴിലാളികളും സര്‍വ്വേയില്‍ വ്യക്തമാക്കി. നിര്‍മ്മാണജോലിയാണ് മുഖ്യരംഗമെന്ന് പറയുന്നുണ്ടെങ്കിലും പലരും ഒരു ദിവസം കെട്ടിടം പണിക്ക് പോയാല്‍ പിറ്റേന്ന് കാന കോരാനോ കിണര്‍ കുഴിക്കാനോ പോകും. ഒമ്പതു ശതമാനം പേരേ പരിശീലനം ആവശ്യമുള്ള കല്‍പ്പണി, പെയിന്റിങ്ങ്, പ്ളംബിങ്ങ് തുടങ്ങിയ ജോലികളില്‍ ഏര്‍പ്പെടുന്നുള്ളൂ.

കുടിയേറ്റ തൊഴിലാളികള്‍ക്ക് കിട്ടുന്ന ശരാശരി വേതനം 211 രൂപയാണ്. സ്ത്രീകള്‍ക്ക് കൂലി കുറവാണ്. പുരുഷന് ശരാശരി 226 രൂപ കിട്ടുമ്പോള്‍ സ്ത്രീക്ക് ശരാശരി 196 രൂപയാണ് പ്രതിദിനം കിട്ടുന്നത്. നാട്ടില്‍ ഇവര്‍ക്ക് കിട്ടുന്ന വേതനത്തെപ്പറ്റി സര്‍വ്വേയില്‍ ചോദ്യമുണ്ടായി. പുരുഷന്മാര്‍ക്ക് 96ഉം സ്ത്രീകള്‍ക്ക് 56ഉം രൂപയാണ് നാട്ടില്‍ കിട്ടുന്നത്. ശരാശരി കണക്കെടുത്താല്‍ തമിഴ്‌നാട്ടില്‍ കിട്ടുന്നതിന്റെ മൂന്നിരട്ടി കൂലി ഇവിടെ കിട്ടുന്നുണ്ട്. സ്ത്രീകള്‍ക്ക് മൂന്നര ഇരട്ടി വരെ കൂലിക്കൂടുതല്‍ കിട്ടുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തമ്മിലെ വേതനത്തിലെ വ്യത്യാസം കൊച്ചിയില്‍ തമിഴനാട്ടിലേതിനേക്കാള്‍ കുറവാണെന്നും കാണാം. പണക്കണക്കില്‍ നോക്കുമ്പോള്‍ വേതനത്തില്‍ കാര്യമായ വ്യത്യാസമുണ്ടെങ്കിലും കൊച്ചിയിലെ ജീവിതച്ചെലവ് അവരുടെ ഗ്രാമങ്ങളിലേതിനേക്കാള്‍ കൂടുതലായതിനാല്‍ തൊഴിലാളികളുടെ യഥാര്‍ഥ വരുമാനത്തില്‍ അതേ തോതില്‍ മെച്ചമില്ല.

തൊഴിലാളികളുടെ ശരാശരി ജോലിസമയം ഒമ്പതു മണിക്കൂറാണെന്നും പഠനം പറയുന്നു. 93% തൊഴിലാളികള്‍ എട്ടുമണിക്കൂറിലേറെ പണിയെടുക്കുന്നു. ഒമ്പതു മണിക്കൂറിലേറെ പണിയെടുക്കേണ്ടി വരുന്നതായി 30% തൊഴിലാളികള്‍ സര്‍വ്വേയില്‍ വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളില്‍ ഭൂരിപക്ഷവും വര്‍ഷം മുഴുവന്‍ കൊച്ചിയില്‍ പണിയെടുക്കുന്നില്ല. പുരുഷ തൊഴിലാളികളില്‍ പകുതിപ്പേരും എട്ടുമാസത്തില്‍ കുറഞ്ഞ കാലമാണ് കൊച്ചിയില്‍ പണിയെടുക്കുന്നത്. സ്ത്രീ തൊഴിലാളികളാണ് കൊച്ചിയില്‍ കുടുതല്‍ കാലം തങ്ങുന്നത്. അവരില്‍ ഭൂരിപക്ഷവും ഭര്‍താക്കന്മാര്‍ക്കൊപ്പം വന്നിരിക്കുന്നവരായതിനാലാകാം ഇത്. പുരുഷന്മാരില്‍ ഭൂരിപക്ഷത്തിനുമൊപ്പം കുടൂംബം വന്നിട്ടുമുണ്ടാകില്ല. മുമ്പ് നാട്ടില്‍ കൃഷിപ്പണി ചെയ്തിരുന്നവര്‍ വിളവെടുപ്പ് കാലത്ത് നാട്ടില്‍ പോകുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

തൊഴിലാളികള്‍ മിക്കവരും കൊച്ചിയിലെത്തുന്നത് ബന്ധുക്കള്‍ വഴിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ അപേക്ഷിച്ച് തമിഴ് തൊഴിലാളികള്‍ മെച്ചപ്പെട്ട നിലയിലാണ് കഴിയുന്നത്. എണ്ണക്കൂടുതലും ഒന്നിച്ചു താമസിക്കുന്ന രീതിയും അവരുടെ വിലപേശല്‍ ശേഷി കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ കരാറുകാര്‍ ഇപ്പോള്‍ വടക്കേ ഇന്ത്യയില്‍ നിന്നും കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി തുടങ്ങിയിട്ടുണ്ട്. മോശപ്പെട്ട തൊഴില്‍ ജീവിത സാഹചര്യങ്ങളില്‍ കഴിയാനും കൂടുതല്‍ പണിയെടുക്കാനും അവര്‍ തയ്യാറാണെന്നതാണ് കാരണം. അവര്‍ ഇടക്കിടെ നാട്ടില്‍ പോകുകയുമില്ല. ഈ തൊഴിലാളികള്‍ കൂടുതലായി മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നുമുണ്ട്.

നഗരത്തിന്റെ പ്രത്യേക ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് തമിഴ് കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്നത്. അവരുടെ സാമൂഹ്യബന്ധം നിലനിര്‍ത്താനും ഭാഷാപരവും സാംസ്ക്കാരികവുമായ സ്വത്വം സംരക്ഷിക്കാനും ഇത് അവരെ സഹായിക്കുന്നു. നാട്ടുകാര്‍ വീട് വാടകക്ക് നല്‍കാന്‍ മടിക്കുന്നതും അവരിങ്ങനെ ഒന്നിച്ചു താമസിക്കുന്നതിന് കാരണമാകുന്നുണ്ട്. കൂടുതല്‍ പേരും ചേരിപോലുള്ള വീടുകളിലാണ് താമസം. ഇരുപതില്‍ ഒരു കുടുംബമാണ് പ്രത്യേക വീട്ടില്‍ താമസിക്കുന്നത്. മറ്റുള്ളവര്‍ ഒറ്റമുറി വീടുകളിലോ മറ്റുള്ളവര്‍ക്കൊപ്പമോ താമസിക്കുന്നു. കുടുംബം കൂടെ ഇല്ലാത്തവര്‍ കടവരാന്തകളില്‍ ഉറങ്ങുന്നു. ആവശ്യത്തിന് വിസര്‍ജ്ജന സൌകര്യം പലയിടത്തുമില്ല. പലപ്പോഴും പലര്‍ക്കായി ഒരു കക്കൂസേ ഉണ്ടാകൂ. ഇങ്ങനെ പങ്കുവെക്കുന്നവര്‍ 87% വരും. അതുകൊണ്ട് പൊതുസ്ഥലങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നവര്‍ ഏറെയാണ്. ഇത് അവരുടെ ആരോഗ്യത്തേയും പ്രദേശത്തെ പൊതുജനാരോഗ്യത്തെയും ബാധിക്കുന്നു. പൊതു ടാപ്പില്‍ നിന്നാണ് തൊഴിലാളികളില്‍ ഭൂരിപക്ഷവും വെള്ളമെടുക്കുന്നത്.കുളിക്കാനും തുണി അലക്കാനുമായി ദിവസവും പത്തുരൂപ പബ്ളിക്ക് കംഫര്‍ട്ട് സ്റ്റേഷനില്‍ ചെലവാക്കുന്ന തൊഴിലാളിയേയും കണ്ടു.

നാലിലൊന്നുപേര്‍ക്കും വീട്ടില്‍ വൈദ്യുതിയില്ല. 77% പേരും ഭക്ഷണം പാകം ചെയ്യാന്‍ മണ്ണെണ്ണയോ വിറകോ ആണുപയോഗിക്കുന്നത്. വിറകിനായി താമസിക്കുന്നതിനടുത്തുള്ള കണ്ടല്‍ വനത്തെയും മറ്റുമാണ് ചിലര്‍ ആശ്രയിക്കുന്നത്. ഇത് നഗര പരിസ്ഥിതിയെ ബാധിക്കുന്ന പ്രശ്നമാണ്. 85% പേര്‍ക്കും പ്രത്യേകം അടുക്കളയില്ല. താമസിക്കുന്ന ഒറ്റമുറി തന്നെ അടുക്കളയാക്കുന്നു.ഈ മുറിക്ക് വായു കടക്കാനും പോകാനും കൃത്യമായ സംവിധാനവും ഉണ്ടാകില്ല. മൂന്നില്‍ രണ്ടു തൊഴിലാളികളും 500 മുതല്‍ 1000 വരെ വാടക നല്‍കുന്നു.

പുരുഷ തൊഴിലാളികളില്‍ മൂന്നില്‍ രണ്ടും ഹോട്ടലിലാണ് രാവിലെയും ഉച്ചക്കും ഭക്ഷണം കഴിക്കുന്നത്. രാത്രി ഭക്ഷണം വീട്ടിലാണ്. സ്ത്രീ തൊഴിലാളികളില്‍ നാലിലൊന്ന് പ്രാതല്‍ ഹോട്ടലില്‍ കഴിക്കും. ഉച്ചഭക്ഷണം പൊതിഞ്ഞു കൊണ്ടുവരും. അത്താഴം അവരില്‍ ഭൂരിപക്ഷവും വീട്ടില്‍ കഴിക്കും.

കുടിയേറ്റ തൊഴിലാളികളുടെ വീട്ടിലെ മാലിന്യങ്ങള്‍ ഏറെയും പൊതുസ്ഥലത്ത് നിക്ഷേപിക്കുകയാണെന്ന് പഠനം പറയുന്നു. 34% പേര്‍ നഗരസഭയുടെ മാലിന്യശേഖരണ സ്ഥലത്ത് മാലിന്യം ഇടുന്നു. 34% പേര്‍ കാനയില്‍ മാലിന്യം തള്ളുന്നു.ശേഷിച്ചവര്‍ താമസ സ്ഥലത്തിനടുത്തും റോഡിലും കനാലിലും ഒക്കെ മാലിന്യമെറിയുന്നു. മൂന്നിലൊന്ന് തൊഴിലാളികള്‍ മാത്രമാണ് മാലിന്യം ഉചിതമായ സ്ഥലത്ത് നിക്ഷേപിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. നഗര പരിസ്ഥിതിയിലും പൊതുജനാരോഗ്യത്തിലും ഇതുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനവധിയാണ്.ഈ പ്രശ്നങ്ങളെല്ലാം തൊഴിലാളികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന ദുശ്ശീലങ്ങളുമുണ്ട്. 60% പുരുഷന്മാരും മദ്യപിക്കുന്നു. പുകവലിക്കുന്നവരാണ് 70% പുരുഷന്മാരും. 16% പേര്‍ പാന്‍ പരാഗും ഉപയോഗിക്കുന്നു. പുകയില ചവക്കുന്നവരുടെ എണ്ണം കൂടുതല്‍ സ്ത്രീകളിലാണ്. ഇത് 48% വരും.

ചികിത്സക്കായി 37% പേരും നഗരത്തിലെ സ്വകാര്യ ആശുപത്രികളെയാണ് സമീപിക്കുന്നത്. 30% പേര്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്നു വാങ്ങി കഴിക്കുന്നു. അഞ്ചിലൊരു ഭാഗം പേര്‍ മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നത്. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ സൌജന്യ ചികിത്സ ലഭിക്കാത്തതാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പലരും പോകാത്തതിന്റെ കാരണം. അവിടുത്തെ ചികിത്സാസമയവും ഈ തൊഴിലാളികള്‍ക്ക് സൌകര്യപ്രദമല്ല. സര്‍ക്കാരിന്റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ക്കിടയില്‍ തീരെ എത്തുന്നില്ലെന്നും പഠനം കണ്ടെത്തുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ രണ്ടു ശതമാനം പേരെ മാത്രമാണ് ഹെല്‍ത്ത് വര്‍ക്കര്‍ സന്ദര്‍ശിച്ചിട്ടുള്ളത്. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള തൊഴിലാളികള്‍ കുട്ടികള്‍ക്ക് പോളിയോയും മറ്റും കൊടുത്തിട്ടുണ്ട്, അത് നാട്ടില്‍ പോയി കൊടുക്കുകയായിരുന്നു. ഇവിടെ എവിടെയാണ് പോളിയോ കൊടുക്കുന്നതെന്ന് അവര്‍ക്ക് അറിയാനാകുന്നില്ല. കുടിയേറ്റ തൊഴിലാളികളുടെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി പൊതുജനാരോഗ്യ സംവിധാനത്തിന്റെ അറിവ് പരിമിതമാണ്. പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇവര്‍ ചിക്കുന്‍ ഗുനിയ അടക്കം പലരോഗങ്ങളുടെയും വാഹകരാകാനിടയുണ്ട്. കുടിയേറ്റവും എയ്‌സിന്റെ വ്യാപനവും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിതര സംഘടനകളുടെ ബോധവല്‍ക്കരണവും മറ്റും ഈ തൊഴിലാളികള്‍ക്കിടയില്‍ ഒരു പരിധിവരെയുണ്ട്. 27% തൊഴിലാളികള്‍ക്ക് കൊച്ചിയിലെ ജോലിക്കിടയില്‍ പരിക്കുണ്ടായിട്ടുണ്ട്. ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ മാത്രമേ ചികിത്സാ ചെലവുകള്‍ തൊഴിലുടമ വഹിച്ചിട്ടുള്ളൂ.

തൊഴിലാളികളുടെ മക്കള്‍ ഭൂരിപക്ഷവും നാട്ടിലാണ് പഠിക്കുന്നത്. കൊച്ചിയിലുള്ളവരില്‍ മൂന്നിനും ആറിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ അഞ്ചില്‍ രണ്ടു വിഭാഗം പ്രീസ്കൂളില്‍ പോകുന്നില്ല. കൂടുതല്‍ തമിഴ് മീഡിയം സ്കൂള്‍ തുടങ്ങുകയോ സര്‍വ്വ ശിക്ഷാ അഭിയാന്‍ മുഖേനയുള്ള ബദല്‍ സ്കൂള്‍ സംവിധാനം വിപുലപ്പെടുത്തുകയോ വേണം.

തൊഴിലാളികളില്‍ പുരുഷന്മാരില്‍ 56%വും സ്ത്രീകളില്‍ 16%വും പത്രം വായിക്കും. 69% പേര്‍ റേഡിയോ കേള്‍ക്കും. 73% പേര്‍ ടിവി കാണും. അടുത്ത വീട്ടിലോ കടയിലോ പോയാണ് ടിവി കാണുന്നത്. ഇതിലൊക്കെ സ്ത്രീകളും പുരുഷന്മാരും ഏറെക്കുറെ ഒരുപോലെയാണ്. പക്ഷേ പുരുഷന്മാരില്‍ 62% സിനിമക്ക് പോകുമ്പോള്‍ സ്ത്രീകളില്‍ 30% മാത്രമേ സിനിമ കാണുന്നുള്ളൂ. സ്വന്തം വീട്ടില്‍ മാസത്തിലൊരിക്കല്‍ പോകുന്നവരാണ് തൊഴിലാളികളില്‍ പകുതിയിലേറെ (55%)പ്പേരും.

കൊച്ചിയില്‍ നേരിടുന്ന മുഖ്യ പ്രശ്നമായി കുടിയേറ്റ തൊഴിലാളികള്‍ പറഞ്ഞത് ഇവിടെയുള്ളവരുമായി തൊഴിലിടങ്ങളിലും തൊഴില്‍ കാത്തു നില്‍ക്കുന്നിടത്തും ഇടക്കിടെ ഉണ്ടാകുന്ന വഴക്കാണ്. 25% പേര്‍ ഈ പരാതി പറഞ്ഞു. ചിലരൊക്കെ മര്‍ദ്ദനമേറ്റതായും പറഞ്ഞു. ഭാഷ പ്രശ്നമാകുന്നുവെന്ന് പറഞ്ഞവരുണ്ട്. പൊതുസേവനങ്ങള്‍ എവിടെ ലഭിക്കും എന്നും മറ്റുമുള്ള വിവരങ്ങള്‍ കിട്ടാനുള്ള പ്രയാസത്തെപ്പറ്റിയാണ് ഏതാനും ചിലര്‍ പരാതിപ്പെട്ടത്.

ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തെപ്പറ്റിയും അവരുടെ തിരിച്ചുവരവിനെപ്പറിയും ഏറെ പഠനം നടക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള തൊഴിലാളി കുടിയേറ്റത്തെപ്പററി വേണ്ടത്ര ഗവേഷണം നടക്കുന്നില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ കുടിയേറ്റത്തിന്റെ എല്ലാവശങ്ങളും ആഴത്തില്‍ പരിശോധിക്കപ്പെടണം. തൊഴില്‍ വിപണി, പട്ടിണി, ആരോഗ്യം. വിദ്യാഭ്യാസ ലഭ്യത, തുടങ്ങിയ പ്രശ്നങ്ങളെല്ലാം ആസൂത്രണവുമായും നഗര വികസനവുമായും ബന്ധപ്പെടുത്തി പഠിക്കണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ കാരണങ്ങളും അവരുടെ തെരഞ്ഞെടുപ്പും തൊഴില്‍ രീതികളും എല്ലാം പരിശോധിക്കപ്പെടണം. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ എത്ര നന്നായി നടപ്പാകുന്നു എന്നതും പഠനവിധേയമാകണം.

പലപ്പോഴും കുടിയേറ്റ തൊഴിലാളികള്‍ ക്രിമിനലുകളായി മുദ്രയടിക്കപ്പെടുന്നു. മറുനാട്ടുകാരായ കുറ്റവാളികളില്‍ നിന്ന് ഇവരെ തിരിച്ചറിയാന്‍ സംവിധാനം വേണം. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. മധ്യപ്രദേശില്‍ ഇത്തരം രീതി നിലവിലുണ്ട്.കുടിയേറ്റ തൊഴിലാളികള്‍ വ്യത്യസ്ത സാമൂഹ്യ,സാംസ്കാരിക, ഭാഷാ വിഭാഗങ്ങളില്‍ നിന്നു വരുന്നവരായതിനാല്‍ ഇത് പ്രധാനമാണ്. നമ്മുടെ സമൂഹത്തിലേക്കുള്ള അവരുടെ ഉല്‍ഗ്രഥനവും ആഴത്തിലുള്ള പഠനം വേണ്ട കാര്യമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള കുടിയേറ്റ തൊഴിലാളികളെയാകെ ഉള്‍പ്പെടുത്തുന്ന പഠനം അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

5 comments:

വര്‍ക്കേഴ്സ് ഫോറം said...

ഗള്‍ഫിലേക്കുള്ള കുടിയേറ്റത്തെപ്പറ്റിയും തിരിച്ചുവരവിനെപ്പറിയും ഏറെ പഠനം നടക്കുന്നുണ്ടെങ്കിലും അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള തൊഴിലാളി കുടിയേറ്റത്തെപ്പററി വേണ്ടത്ര ഗവേഷണം നടക്കുന്നില്ല. ഈ കുടിയേറ്റത്തിന്റെ എല്ലാവശങ്ങളും ആഴത്തില്‍ പരിശോധിക്കപ്പെടണം. തൊഴില്‍ വിപണി, പട്ടിണി, ആരോഗ്യം. വിദ്യാഭ്യാസ ലഭ്യത, തുടങ്ങിയ പ്രശ്നങ്ങളെല്ലാം ആസൂത്രണവുമായും നഗര വികസനവുമായും ബന്ധപ്പെടുത്തി പഠിക്കണം. മറുനാടന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന ലഭിക്കുന്നതിന്റെ കാരണങ്ങളും അവരുടെ തെരഞ്ഞെടുപ്പും തൊഴില്‍ രീതികളും എല്ലാം പരിശോധിക്കപ്പെടണം. കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ തൊഴില്‍ നിയമങ്ങള്‍ എത്ര നന്നായി നടപ്പാകുന്നു എന്നതും പഠനവിധേയമാകണം.

പലപ്പോഴും കുടിയേറ്റ തൊഴിലാളികള്‍ ക്രിമിനലുകളായി മുദ്രയടിക്കപ്പെടുന്നു. മറുനാട്ടുകാരായ കുറ്റവാളികളില്‍ നിന്ന് ഇവരെ തിരിച്ചറിയാന്‍ സംവിധാനം വേണം. ഇതിനായി തിരിച്ചറിയല്‍ രേഖകള്‍ ഏര്‍പ്പെടുത്താവുന്നതാണ്. മധ്യപ്രദേശില്‍ ഇത്തരം രീതി നിലവിലുണ്ട്.കുടിയേറ്റ തൊഴിലാളികള്‍ വ്യത്യസ്ത സാമൂഹ്യ,സാംസ്കാരിക, ഭാഷാ വിഭാഗങ്ങളില്‍ നിന്നു വരുന്നവരായതിനാല്‍ ഇത് പ്രധാനമാണ്. നമ്മുടെ സമൂഹത്തിലേക്കുള്ള അവരുടെ ഉല്‍ഗ്രഥനവും ആഴത്തിലുള്ള പഠനം വേണ്ട കാര്യമാണ്.

കേരളത്തിലേക്ക് കുടിയേരുന്ന അന്യ സംസ്ഥാനക്കാരായ തൊഴിലാളികളെക്കുറിച്ച് കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്‍‌ഡ് എന്‍‌വിറോണ്‍‌മെന്റല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിന്റെ പ്രസക്തഭാഗങ്ങള്‍ പോസ്റ്റു ചെയ്യുന്നു.

ഒരു “ദേശാഭിമാനി” said...

വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ പ്രശ്നമാണു ഇതു. ഇങ്ങനെ ഒരു തൊഴിലാളികളുടെ ഒഴുക്കു ഉണ്ടാകാന്‍ പ്രധാനകാരണം നമ്മുടെ നാട്ടില്‍ ജോലിക്കു ആളെ കിട്ടാതായതോടെ ആണു. ഇവിടെ ശരാശരി മാസം 7500 രൂപക്കു വരെ അന്യസംഥാനത്തു നിന്നു വന്നു 8 മണിക്കൂര്‍ പണിചെയ്തു സമ്പാധിക്കുന്നു. ഇവിടെള്ള നമ്മുടെ ചെറുപ്പക്കാര്‍ ഗള്‍ഫില്‍ പോയി മാസം 500ദിര്‍ഹം/35 കുവറ്റി ദിനാര്‍/ 500 സൌദി റിയാല്‍/50 ഒമാനി ദിനാര്‍ എന്ന നിരക്കില്‍ ജോലിചെയ്യുന്ന്ണ്ട്. ഈ തുക നാട്ടില്‍ അന്യ സംസ്ഥാനക്കാര്‍ക്കു നാം കൊടുക്കുന്നതിനേക്കാള്‍ കുറവുമാണു. മാത്രവുമല്ല 10 മണിക്കൂര്‍ വരെ ജോലിയും, നാട്ടില്‍ പോകാന്‍ സ്വന്തം കൈയ്യില്‍ നിന്നു ടിക്കറ്റും എടുക്കെണ്ടിവരുന്നുമുണ്ടു. ഇവര്‍ ഇവിടെ കാണിക്കുന്നതിന്റെ പകുതി ആത്മാര്‍ഥത നാട്ടില്‍ കാണിച്ചാല്‍ ഈ വരുമാനത്തില്‍ ജീവിക്കുന്നതിനോടൊപ്പം, നാടു സുരക്ഷിതമാവുകയും ചെയ്യും. പക്ഷേ, ഭാഗ്യാന്വേഷികളെ പറഞ്ഞു മനസ്സിലാക്കാനാണു പാടു! സ്വന്തം നാ
ട്ടുകാരില്‍ ബോധവല്‍ക്കരണം നടത്തി നാട്ടില്‍ തന്നെ ജോലിചെയാന്‍ പ്രേരിപ്പിക്കുകയാണു വേണ്ടതു.

Anoop Technologist (അനൂപ് തിരുവല്ല) said...

ദേശാഭിമാനി പറഞ്ഞത് വളരെ ശരിയാണ്.

http://anooptiruvalla.blogspot.com/2007/10/blog-post_26.html

ഈ പോസ്റ്റില്‍ ഞാനിതു നേരത്തെ ചൂണ്ടിക്കാണിച്ചതാണ്. അന്നെന്തായിരുന്നു പുകില്‍. ലോകത്തുള്ള ഗള്‍ഫുകാരൊക്കെ എന്നെ ചീത്ത പറഞ്ഞു.

N.J Joju said...

കാലിക പ്രസക്തിയും സാമ്പത്തികവും സാമൂഹികവും രാക്ഷ്ടീയവുമായ മാനങ്ങളുള്ളതുമായ വിഷയം.
നന്നായിരിയ്ക്കുന്നു

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ഒരു ദേശാഭിമാനി..മൌലികമായ ചിന്തക്ക് നന്ദി
അനൂപ് , പോസ്റ്റ് കണ്ടു. നിരീക്ഷണങ്ങള്‍ക്കു പിന്നിലുള്ള ആര്‍ജവത്തെ അഭിനന്ദിക്കുന്നു.
ജോജു..പതിവായി ബ്ലോഗ് സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ക്കും നന്ദി