കേരളത്തിലെ മരുന്നുവില്‍പ്പന രംഗത്തും, ചികിത്സാ മേഖലയിലും സംസ്ഥാന സര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച നടപടികള്‍ ഏറെ സ്വാഗതാര്‍ഹമാണ്. മരുന്നിന്റെ വിപണനമേഖലയില്‍ ജനദ്രോഹകരങ്ങളായ നിരവധി കാര്യങ്ങളാണ് തുടര്‍ന്നുവന്നത്. ഉല്‍പ്പാദകരും വിതരണക്കാരുമെല്ലാം മരുന്നിനെ ഒരു ഉല്‍പ്പന്നമായിട്ടല്ലാതെ രോഗനിവാരണ ഉപാധിയായി കാണുന്നില്ല.
വില്‍പ്പനരംഗത്തെ കുത്തകപ്രവണത കേരളത്തില്‍ മാത്രം കാണുന്ന ഒന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിതരണരംഗത്ത് ഒരു നിയന്ത്രണവും സര്‍ക്കാരോ സംഘടനകളോ ഏര്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ ഹോള്‍സെയില്‍ വിപണിയില്‍ കുത്തക സംവിധാനം കൊണ്ടുവന്നത് വ്യാപാരി സംഘടനയായ എകെസിഡിഎയാണ്. എന്നാല്‍, മരുന്നുകടകള്‍ അടച്ചിട്ട് സമരംചെയ്ത ഘട്ടത്തിലാണ് ആശുപത്രികളോട് അനുബന്ധിച്ച് ന്യായവിലഷോപ്പുകള്‍ ആദ്യം തുടങ്ങിയത്.
അതേത്തുടര്‍ന്ന് മാവേലി മെഡിക്കല്‍ സ്റ്റോറുകള്‍ , നീതി മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവ വ്യാപകമായി നിലവില്‍ വന്നു. ജീവന്‍രക്ഷാമരുന്നുകളും, പഞ്ഞി, പ്ളാസ്റ്റര്‍, ഇഞ്ചക്ഷന്‍ സൂചികള്‍, ട്രിപ്പു കൊടുക്കുന്ന ഡെക്ട്രോസ് അടക്കമുള്ള മരുന്നുകള്‍ എന്നിവ പൊതുമാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ വളരെ കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ ഈ കടകളിലൂടെ കഴിഞ്ഞു.
എങ്ങനെയാണ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ നിയന്ത്രിത കടകളില്‍ വില്‍ക്കാന്‍ കഴിയുന്നത്? സ്വാഭാവികമായും ലാഭവിഹിതത്തില്‍ കുറവുവരുത്തിക്കൊണ്ടുമാത്രമേ അത്തരത്തില്‍ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കഴിയൂ.
എന്നാല്‍, ഇതുമാത്രമല്ല. മരുന്നുകളുടെ ലാഭവിഹിതം ഏറെക്കുറെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതാണ്. ഹോള്‍സെയില്‍ വ്യാപാരിക്ക് എട്ടുശതമാനം മുതല്‍ 10 ശതമാനംവരെ മാത്രമേ ലാഭവിഹിതം (മാര്‍ജിന്‍) ലഭിക്കൂ. എന്നാല്‍, റീട്ടെയില്‍ കടക്കാര്‍ക്ക് നിശ്ചയിച്ചിട്ടുള്ളത് 16 ശതമാനവും 20 ശതമാനവുമാണ്.
അറിയപ്പെടുന്ന ബ്രാന്‍ഡുകളുടെ കാര്യത്തില്‍മാത്രമേ ഈ കണക്ക് ഇന്ന് നിലവിലുള്ളൂ. അത്തരം ബ്രാന്‍ഡുകളില്‍ത്തന്നെ ഹോള്‍സെയില്‍ -റീട്ടെയില്‍ മാര്‍ജിന്‍മേല്‍വിവരിച്ച നിരക്കില്‍ നിലനിര്‍ത്തിയിട്ട് വന്‍തോതില്‍ ട്രേഡ് ഡിസ്കൌണ്ട് കൊടുക്കുന്നത് പതിവായി മാറി. 20 ശതമാനം മുതല്‍ 100 ശതമാനംവരെ സൌജന്യ മരുന്ന് ഓരോ വാങ്ങലിനൊപ്പവും മരുന്നുകമ്പനികള്‍ കൊടുക്കുന്നുണ്ട്.
ഇന്ന് നമ്മുടെ നാട്ടില്‍ കിട്ടുന്ന പ്രമുഖ കമ്പനികളുടെ അറിയപ്പെടുന്ന മിക്ക ബ്രാന്‍ഡുകളും 30 ശതമാനത്തിനുമുകളില്‍ (മുപ്പതുശതമാനം) ട്രേഡ് ഫ്രീ ഉല്‍പ്പന്നങ്ങള്‍ കൊടുക്കുന്നവയാണ്. മിക്ക ആന്റി ബയോട്ടിക്കുകളുടെയും ഇഞ്ചക്ഷന്‍ മരുന്നുകള്‍ക്ക് 100 ശതമാനംവരെ ഫ്രീ ഡിസ്കൌണ്ട് ലഭ്യമാണ്.
മരുന്നുകമ്പനികള്‍ നീതി-മാവേലി സ്റ്റോറുകള്‍ക്ക് നേരിട്ടു മരുന്നുവില്‍പ്പന നടത്തിയാല്‍ ഈ ഫ്രീയും, ഡിസ്കൌണ്ടും അവിടെയും കൊടുക്കും. അത്തരത്തില്‍ കിട്ടുന്നതുകൊണ്ടാണ് മെഡിക്കല്‍ കോളേജ് പേയിങ് കൌണ്ടറിലെ ഔഷധങ്ങള്‍ക്ക് പുറത്തുള്ള വിലയേക്കാള്‍ 40 മുതല്‍ 50 ശതമാനംവരെ വില കുറച്ച് വില്‍ക്കാന്‍ കഴിയുന്നത്.
മരുന്നിന്റെ ലേബലില്‍ അടിച്ചിട്ടുള്ള വിലയും, മാര്‍ക്കറ്റ് വിലയും തമ്മില്‍ വലിയ അന്തരമുണ്ട്. ഈ കൊള്ളലാഭം ജനങ്ങളറിയാതെ നടക്കുന്ന വന്‍ ചൂഷണമാണ്. സര്‍ക്കാര്‍-സഹകരണ മെഡിക്കല്‍ സ്റ്റോറുകള്‍ നേരിട്ടു കമ്പനിയില്‍നിന്ന് മരുന്നുവാങ്ങിയാല്‍, ഈ പകല്‍ക്കൊള്ള ജനങ്ങള്‍ തിരിച്ചറിയും എന്നതിനാലാണ് കേരളത്തില്‍ 'നിരോധനം' ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഹോള്‍സെയില്‍ കടയില്‍നിന്ന് റീട്ടെയിലര്‍ വാങ്ങുന്നതുപോലെ നീതി-മാവേലി കടകളും മരുന്നുവാങ്ങിയാല്‍ ഈ 'കൊള്ള' സുഗമമായി തുടരുകയും ചെയ്യാം. മരുന്നുകള്‍ക്ക് വിലനിയന്ത്രണം കര്‍ശനമാക്കിക്കൊണ്ടുമാത്രമേ ഇത്തരത്തിലുള്ള സംഘടിത ചൂഷണത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാവൂ. എന്നാല്‍, മരുന്നുവില നിയന്ത്രിക്കാനുള്ള ഒരു നീക്കവും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.
ഉല്‍പ്പാദനച്ചെലവിന്റെ പതിന്മടങ്ങ് വിലയ്ക്കാണ് മിക്ക മരുന്നുകളും വിറ്റഴിക്കുന്നത്. രോഗാവസ്ഥയെ ഇത്രയേറെ ചൂഷണംചെയ്യുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏറെയൊന്നും ചെയ്യാനില്ല. എന്നാല്‍,പുതുതായി ഒരു ബ്രാന്‍ഡ് കൂടി മാര്‍ക്കറ്റില്‍ വരുമ്പോള്‍, മുമ്പുള്ളതിനേക്കാള്‍ വില കുറവായിരിക്കണം എന്ന പുതിയ നിര്‍ദേശം അല്‍പ്പമെങ്കിലും ആശ്വാസമേകാന്‍ സഹായകരമാകും. ഓരോ രോഗത്തിനും ചികിത്സ എങ്ങനെയായിരിക്കണം, എത്ര മരുന്നുകള്‍വരെ വേണ്ടിവരും എന്നീ കാര്യങ്ങളെക്കുറിച്ച് പഠിച്ച് സമഗ്രമായ ഒരു ചികിത്സാ പ്രോട്ടോക്കോള്‍ കൊണ്ടുവരാനുള്ള തീരുമാനം ഈ രംഗത്ത് ഒരു നാഴികക്കല്ലായി മാറും. മരുന്നുകമ്പനികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ചികിത്സിക്കുക എന്ന സ്ഥിതി മാറ്റിയെടുക്കാന്‍ ഈ നടപടി സഹായകരമാകും.
ഇതുപോലെ കടുത്ത ചൂഷണം നടത്തുന്ന ലബോറട്ടറികളെയും, സ്കാനിങ് സെന്ററുകളെയും നിയന്ത്രിക്കാന്‍ അടിയന്തര നടപടി ഉണ്ടാകണം. സര്‍ജിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ഉപകരണങ്ങള്‍, വീല്‍ചെയറുകള്‍ എന്നിവയുടെ യഥാര്‍ഥ വിലയേക്കാള്‍ ഇരട്ടിയിലേറെയാണ് ഇന്ന് രോഗികളില്‍നിന്ന് ഈടാക്കുന്നത്. ഇവ വില്‍ക്കുന്ന കടക്കാരുടെ വാങ്ങല്‍ബില്‍ പരിശോധിച്ച്, അധികവില ഈടാക്കുന്നവര്‍ക്കെതിരെ, കടുത്ത നടപടികളെടുക്കാനും ആരോഗ്യവകുപ്പിന് കഴിയേണ്ടതുണ്ട്.
പൊതുവെ ഇന്ന് ചികിത്സാരംഗത്തും മരുന്നുകച്ചവടത്തിലും നടമാടുന്ന കടുത്ത ചൂഷണത്തെയും കച്ചവടവല്‍ക്കരണത്തെയും തുറന്നുകാട്ടാനും, കഴിയുന്നത്ര ആശ്വാസം ജനങ്ങള്‍ക്ക് നല്‍കാനും സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടികളിലൂടെ കഴിയും. ഡോക്ടര്‍മാരുടെ സംഘടനകളും, ആരോഗ്യരംഗത്തെ മറ്റു സംഘടനകളും, വ്യക്തികളുമായി വിശദ ചര്‍ച്ച നടത്തി, കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.
-കല്ലറ മധു (സംസ്ഥാന പ്രസിഡന്റ്, കെഎംഎസ്ആര്‍എ) കടപ്പാട്: ദേശാഭിമാനി
1 comment:
മരുന്നിന്റെ വിപണനമേഖലയില്‍ ജനദ്രോഹകരങ്ങളായ നിരവധി കാര്യങ്ങളാണ് തുടര്‍ന്നുവന്നത്. ഉല്‍പ്പാദകരും വിതരണക്കാരുമെല്ലാം മരുന്നിനെ ഒരു ഉല്‍പ്പന്നമായിട്ടല്ലാതെ രോഗനിവാരണ ഉപാധിയായി കാണുന്നില്ല.വില്‍പ്പനരംഗത്തെ കുത്തകപ്രവണത കേരളത്തില്‍ മാത്രം കാണുന്ന ഒന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ വിതരണരംഗത്ത് ഒരു നിയന്ത്രണവും സര്‍ക്കാരോ സംഘടനകളോ ഏര്‍പ്പെടുത്തിയിട്ടില്ല.
മരുന്നു കച്ചവട രംഗത്തെ ചൂഷണത്തെക്കുറിച്ച് ശ്രീ.കല്ലറ മധു (സംസ്ഥാന പ്രസിഡന്റ്, കെഎംഎസ്ആര്‍എ)തയ്യാറാക്കിയ കുറിപ്പ് തികച്ചും പ്രസക്തമായതിനാല്‍ ഇവിടെ പോസ്റ്റ് ചെയ്യുന്നു.
Post a Comment