1821 സെപ്റ്റംബര്‍ 7-ന് വെനസ്വേല, കൊളംബിയ, പനാമ, ഇക്വഡോര്‍ എന്നീ ലാറ്റിന്‍ അമേരിക്കന്‍ ഭൂവിഭാഗങ്ങളില്‍ നിന്നും സ്പാനിഷ് സാമ്രാജ്യാധിപതികളെ തുരിത്തിയോടിച്ച് ഗ്രാന്‍ കൊളമ്പിയ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് രൂപംകൊടുത്ത മഹാനായ വിമോചകന് സൈമണ്‍ ബൊളിവര്‍(Simón Bolívar) സ്വപ്നം കണ്ടത് ലാറ്റിന്‍ അമേരിക്കയെ സുശക്തമായ ഒറ്റരാഷ്ട്രമായി കെട്ടിപ്പടുക്കണമെന്നായിരുന്നു. ആ ലക്ഷ്യത്തോടെ മുന്നേറിയ ബൊളിവര്‍ 1824-ല്‍ പെറുവിനെയും 1825-ല്‍ ബൊളീവിയേയും സ്പാനീഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ചു. പക്ഷെ, ബൊളിവറുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ പ്രഭുക്കന്മാര് ആ മഹാരാജ്യത്തെ വിവിധ ഭാഗങ്ങളായി തിരിച്ച് താന്താങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കി. ഈ തക്കത്തിന് മണ്‍റൊ സിദ്ധാന്തത്തിന്റെ മറ പിടിച്ച് വടക്കേ അമേരിക്കയില്‍നിന്ന് മെല്ലെ നുഴഞ്ഞു കയറിയ യാങ്കികള്‍ തങ്ങളുടെ അടുക്കള മുറ്റമാക്കി മാറ്റി ഈ നാടിനെ കൊള്ളയടിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ചെ ഗുവേരയും സഖാക്കളും ബൊളിവറിന്റെ വിമോചനദൌത്യം ഏറ്റെടുത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അവരുടെ ശിങ്കിടികളായ സൈനിക ഭരണാധികാരികളെയും വിറപ്പിച്ചെങ്കിലും ചെയുടെ ജീവിതം അസ്തമിച്ചതോടെ വീണ്ടും ആ വിമോചനദൌത്യം സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായി തന്നെ തുടര്‍ന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആ വിമോചന ദൌത്യത്തിന്റെ പതാക വാഹകനായാണ് വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നത്. സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ - നവലിബറല്‍ നയങ്ങളുടെ - പരീക്ഷണശാലയായിരുന്നു ലാറ്റിന്‍ അമേരിക്ക. 1970-കളില്‍ അലന്‍ഡെയുടെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചശേഷം ചിലിയില്‍ തുടക്കം കുറിച്ച ഈ നവലിബറല്‍ പരീക്ഷണം മെക്സിക്കോയിലും ബ്രിസീലിലും അര്‍ജന്റീനയിലും മഹാവിപത്തുകളാണ് വിതച്ചത്. നവലിബറല്‍ നയത്തിന്റെ ഈ പരീക്ഷണശാല ഇന്ന് തിരിഞ്ഞുനിന്ന് സാമ്രാജ്യത്വത്തെ - സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളെ വെല്ലുവിളിക്കാന്‍ കരുത്തുകാട്ടി തുടങ്ങിയിരിക്കുന്നു. ഇത് കേവലം വീരനായകന്മാരുടെ ധീരോദാത്തതയല്ല, ഒരു ജനതയുടെയാകെ പോരാട്ടത്തിന്റെ, ചെറുത്തുനില്പിന്റെ പ്രതിഫലനമാണ്.
2007 ഡിസംബര്‍ 9 ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തില്‍ പുതിയൊരു ഏടിന് തുടക്കം കുറിച്ചിരിക്കുന്നു. ഐഎംഎഫിനും ലോകബാങ്കിനും ഇന്റര്‍ അമേരിക്കന്‍ വികസന ബാങ്കിനും (ഐഎഡിബി) ബദലായി ഒരു പുതിയ ബാങ്ക് - ബാങ്ക് ഓഫ് സൌത്ത് -രൂപീകരിക്കാനുള്ള കരാറില്‍ ഏഴു രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ജന്റീനയുടെ അപ്പോഴത്തെ പ്രസിഡന്റ് നെസ്റ്റര്‍ കിര്‍ച്ചിനര്‍ക്കും അടുത്ത ദിവസം പ്രസിഡന്റായി അധികാരമേറ്റ ക്രിസ്റ്റീന കിര്‍ച്ചിനര്‍ക്കും പുറമെ വെനിസ്വേലയുടെ ഹ്യൂഗോ ഷാവേസ്, ബ്രസീലിന്റെ ലൂയി ഇനാഷ്വോ ലുല ഡിസില്‍വ, ബൊളീവിയയുടെ ഈവൊ മൊറേല്‍സ്, ഇക്വഡോറിലെ റാഫേല്‍ കോറിയ, പരാഗ്വേയുടെ നിക്കനോര്‍ ദുവാര്‍ത്തെ എന്നിവരും ഉറുഗ്വേയുടെ ധനമന്ത്രിയും സന്നിഹിതരായിരുന്നു. ആറു രാഷ്ട്രത്തലവന്മാര് ഒപ്പുവച്ച കരാറില്‍ ഉറുഗ്വേയുടെ പ്രസിഡന്റ് തബാരെ വാസക്വെസും ഒപ്പിടും. നിക്കരാഗ്വയും മറ്റു ചില മധ്യ അമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളും ഈ പുതിയ ബാങ്കുമായി സഹകരിക്കാന്‍ സന്നദ്ധരായി വന്നിട്ടുണ്ട്.
2004-ല്‍ കാരക്കാസില്‍ ചേര്‍ന്ന പന്ത്രണ്ടാമത് ജി-15 ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഹ്യൂഗോ ഷാവേസാണ് ഇത്തരം ഒരാശയം മുന്നോട്ടുവച്ചത്. അദ്ദേഹം വികസ്വര- അവികസിത രാജ്യങ്ങളുടെ - ദക്ഷിണ ദിക്കിന്റെ - ബാങ്ക് രൂപീകരിക്കണമെന്നായിരുന്നു പറഞ്ഞത്. 2006-ല്‍ ഹവാനയില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയില്‍ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളുടേതായ ഒരു ബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപനം നടത്തി. സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികള്‍ക്കെതിരായി ദക്ഷിണ ദിക്കിന്റെയാകെ ഒരു ബാങ്ക് രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
"നമ്മുടെ ദേശീയ കരുതല്‍ ധനം നിക്ഷേപിക്കാനും നമ്മുടെ വികസനത്തിന് സമ്പത്ത് സ്വരൂപിക്കാനും കരുത്തുള്ള ഒരു ബാങ്ക് നമുക്ക് ഉണ്ടാകണം. ഐഎംഎഫും ലോകബാങ്കും അടിച്ചേല്പിക്കുന്നതു പോലുള്ള വ്യവസ്ഥകള്‍ പ്രകാരമുള്ളതായിരിക്കില്ല അത്. ഐഎംഎഫ് പണത്തിനു പകരമായി ചോദിക്കുന്നത് നമ്മുടെ പരമാധികാരമാണ്, നമ്മുടെ വിശ്വാസപ്രമാണങ്ങളാണ്''.
ഷാവേസിന്റെ നിരന്തരമായ ഇടപെടലും പരിശ്രമവുമാണ് ബാങ്ക് ഓഫ് സൌത്ത് എന്ന പേരില്‍ ഏഴ് ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളുടേതായ ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. ബാങ്കിന്റെ ആസ്ഥാനം വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ആയിരിക്കും. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലും ബൊളീവിയയിലെ ലാപാസിലും ഓരോ ബ്രാഞ്ചും പ്രവര്‍ത്തിക്കും. അംഗരാഷ്ട്രങ്ങളുടെ ധനമന്ത്രിമാരായിരിക്കും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. തുടക്കത്തില്‍ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം (paid up capital) 700 കോടി ഡോളറായിരിക്കും. ബ്രസീലും വെനിസ്വേലയുമായിരിക്കും ഏറ്റവും അധികം നിക്ഷേപം നടത്തുന്നത്. വെനിസ്വേല 140 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അര്‍ജന്റീന 30 കോടി ഡോളറോ അവരുടെ കരുതല്‍ ധനത്തിന്റെ പത്തു ശതമാനമോ നിക്ഷേപിക്കും.
2008 മാര്‍ച്ച് 10 നു മുമ്പ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത 60 ദിവസത്തിനകം അംഗരാജ്യങ്ങള്‍ ബാങ്കിന്റെ ഘടനയേയും പ്രവര്‍ത്തന സംവിധാനത്തെയും സംബന്ധിച്ച് ചര്‍ച്ച ചെയ്ത് വിശദമായ രൂപരേഖ തയ്യാറാക്കും. എല്ലാ അംഗരാജ്യങ്ങള്‍ക്കും സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള കരുത്തോ ഭൂമിശാസ്ത്രപരമായ വലിപ്പമോ നോക്കാതെ തുല്യപരിഗണനയും തുല്യ അധികാരവുമായിരിക്കണം എന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അംഗരാജ്യങ്ങള്‍ക്ക് മാത്രമായിരിക്കും വായ്പ. തുടര്‍ന്ന് ലോകത്തെവിടെയുമുള്ള ആവശ്യക്കാര്‍ക്ക് വായ്പ എന്ന നിലയിലേക്ക് ഉയരണമെന്നും തീരുമാനിച്ചിട്ടുണ്ട്. നല്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കും എന്ന് ഉറപ്പുവരുത്താന്‍ വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളും. എന്നാല്‍ ഐഎംഎഫോ ലോകബാങ്കോ ഏര്‍പ്പെടുത്തുന്നതു പോലെ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍, കമ്പോളം ബഹുരാഷ്ട്ര കുത്തകകള്‍ക്കായി തുറന്നുകൊടുക്കല്‍ തുടങ്ങിയതുപോലുള്ള ഉപാധികളൊന്നും ഉണ്ടാവില്ല. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏതെങ്കിലും നയങ്ങള്‍ വായ്പയുടെ മറവില്‍ അടിച്ചേല്പിക്കില്ല. ചരടുകളും നിയന്ത്രണങ്ങളും ഒന്നും ഉണ്ടാവില്ല എന്നര്‍ത്ഥം. "നിയോ ലിബറലിസത്തിന്റെ സ്തുതിഗീതങ്ങള്‍ ഇനിയും ഈ മണ്ണില്‍നിന്നും ഉയരില്ല'' എന്നാണ് ബാങ്ക് രൂപീകരണ കരാര്‍ ഒപ്പിട്ട ശേഷം ഹ്യൂഗോ ഷാവേസ് പ്രസ്താവിച്ചത്. "നമ്മുടെ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളുടെ യഥാര്‍ത്ഥ നിയന്ത്രണത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ബാങ്കായിരിക്കും ഇത്'' എന്നായിരുന്നു ലുല ഡിസില്‍വയുടെ പ്രഖ്യാപനം.
പ്രധാനമായും പശ്ചാത്തല വികസന ആവശ്യങ്ങള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹിക നീതിക്കും സാമ്പത്തിക വളര്‍ച്ചക്കും വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും മുഖ്യപരിഗണന. അംഗരാഷ്ട്രങ്ങളുടെ അടവുശിഷ്ട പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സഹായം നല്‍കണമെന്നും ഹ്യൂഗോ ഷാവേസ് നിര്‍ദ്ദേശിക്കുന്നു.
ആദ്യമായി ബാങ്ക് ഏറ്റെടുക്കുന്ന വന്പദ്ധതികളിലൊന്ന് വെനിസ്വേല മുതല്‍ അര്‍ജന്റീന വരെ 8000 കിലോമീറ്റര്‍ നീളത്തില്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കലാണ്. ഈ പൈപ്പ് ലൈനിലൂടെ വെനിസ്വേലയില്‍ നിന്നും ബൊളീവിയയില്‍ നിന്നും പ്രകൃതിവാതകം ചുരുങ്ങിയ ചെലവില്‍ ദക്ഷിണ അമേരിക്കയിലാകെ എത്തിക്കാനാകും. അതിനും ഉപരിയായി ദക്ഷിണ അമേരിക്കന്‍ ഏകീകരണത്തിന്റെ ഏജന്റായി ഇതു മാറും. ബാങ്ക് ഓഫ് സൌത്തും വാതക പൈപ്പ് ലൈനും യൂറോപ്യന്‍ യൂണിയനെപ്പോലെ "ദക്ഷിണ അമേരിക്കന്‍ കോണ്‍ഫെഡറേഷന്‍'' രൂപീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പാണ്. യൂറോപ്യന്‍ യൂണിയനേക്കാള്‍ നിര്‍ദ്ദിഷ്ട കോണ്‍ഫെഡറേഷന്‍ രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാപരമായും കൂടുതല്‍ ഏകീകൃത സ്വഭാവമുണ്ടായിരിക്കും. പൊതുകമ്പോളവും പൊതു നാണയവുമുള്ള ഈ സംവിധാനം ബൊളിവറിന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കും. സാമ്രാജ്യത്വത്തിന് കനത്ത ആഘാതവുമായിരിക്കും.
ഐഎംഎഫിനെയും ലോകബാങ്കിനെയും കുടിയൊഴിപ്പിക്കലായിരിക്കും ബാങ്ക് ഓഫ് സൌത്തിന്റെ മുഖ്യ അജണ്ട. ഇപ്പോള്‍ തന്നെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ ബ്രെട്ടന്‍ വുഡ്സ് ഇരട്ടകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വെനിസ്വേലയില്‍ ഷാവേസ് 1999-ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വെനിസ്വേലയുടെ കടബാധ്യതകള്‍ അടച്ചുതീര്‍ത്ത് ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. ഇക്വഡോറില്‍ റാഫേല്‍ കോറിയ പ്രസിഡന്റായതിനെ തുടര്‍ന്ന് ലോകബാങ്ക് പ്രതിനിധിയെ അവിടെനിന്ന് പുറത്താക്കി. നിക്ഷേപ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ലോകബാങ്കിന്റെ അന്താരാഷ്ട്ര സെന്റര്‍ അടച്ചുപൂട്ടാന്‍ വെനിസ്വേലയും ബൊളീവിയയും നിക്കരാഗ്വയും തീരുമാനിച്ചു. ബഹുരാഷ്ട്ര കുത്തക കമ്പനികളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ പേരില്‍ ഇടനിലക്കാരനായി നിന്ന് കുത്തകകളെ സഹായിക്കുന്ന ഈ ലോകബാങ്ക് സംവിധാനത്തോട് വിട പറയുന്നതു തന്നെ മൂലധന ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ്.
വായ്പാ വ്യവസ്ഥകളിലൂടെ നവലിബറല്‍ നയങ്ങള്‍ അടിച്ചേല്പിക്കുന്ന സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ ശവക്കുഴി തോണ്ടാനുള്ള ചെറിയൊരു തുടക്കമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോടുള്ള കനത്ത വെല്ലുവിളിയും.
(കടപ്പാട്: സിഐടിയു സന്ദേശം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ട്രൈബ്യൂണ്‍ ഇന്ത്യ )
അധിക വായനയ്ക്ക്
A Bank of Their Own: Latin America Casting off Washington's Shackles
Banco del Sur: A reflection of declining IFI relevance in Latin America
1 comment:
2007 ഡിസംബര്‍ 9 ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തില്‍ പുതിയൊരു ഏടിന് തുടക്കം കുറിച്ചിരിക്കുന്നു. ഐഎംഎഫിനും ലോകബാങ്കിനും ഇന്റര്‍ അമേരിക്കന്‍ വികസന ബാങ്കിനും (ഐഎഡിബി) ബദലായി ഒരു പുതിയ ബാങ്ക് - ബാങ്ക് ഓഫ് സൌത്ത് -രൂപീകരിക്കാനുള്ള കരാറില്‍ ഏഴു രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു.
വായ്പാ വ്യവസ്ഥകളിലൂടെ നവലിബറല്‍ നയങ്ങള്‍ അടിച്ചേല്പിക്കുന്ന സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ ശവക്കുഴി തോണ്ടാനുള്ള ചെറിയൊരു തുടക്കമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോടുള്ള കനത്ത വെല്ലുവിളിയും.
പ്രധാനമായും പശ്ചാത്തല വികസന ആവശ്യങ്ങള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹിക നീതിക്കും സാമ്പത്തിക വളര്‍ച്ചക്കും വേണ്ട പദ്ധതികള്‍ നടപ്പാക്കുക എന്നതിനായിരിക്കും പുതിയ ബാങ്ക് മുഖ്യപരിഗണന നല്‍കുക.
Post a Comment