ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ നടപ്പിലാക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ സ്ത്രീകളുടെ ജീവിതത്തെ അനേകം രീതിയില്‍ ബാധിച്ചിട്ടുണ്ട്. വളര്‍ച്ചാനിരക്കിനെ സൂചനകളായി ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഈ വികസനപ്രക്രിയയില്‍ തൊഴിലാളികള്‍ എന്ന നിലയില്‍ സ്ത്രീകള്‍ക്കും നേട്ടമുണ്ടാകുന്നുണ്ടെന്നാണ് ചിലരുടെ വാദം. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ് ? കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെങ്കിലും തൊഴില്‍ ലഭ്യതയുടെ മാതൃക പരിശോധിച്ചാല്‍ സ്ഥിരവേതനവും ജോലിക്ക് സുരക്ഷിതത്വവുമുള്ള സംഘടിത മേഖലയിലെ ജോലികളല്ല സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് കാണാം. ഉദാഹരണത്തിന് ബാങ്ക് , ഇന്‍ഷുറന്‍സ് മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ 1.4 ശതമാനം മാത്രമാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഐ ടി വ്യവസായ മേഖലയില്‍ 0.3 ശതമാനം മാത്രമാണ് സ്ത്രീതൊഴിലാളികള്‍.
അതേ സമയം, തുണിവ്യാപാരരംഗത്ത് പണിയെടുക്കുന്ന സ്ത്രീകളുടെ എണ്ണം ഇരട്ടിയായി മാറി; വസ്ത്ര നിര്‍മാണ മേഖലയിലാകട്ടെ രണ്ടര ഇരട്ടിയുമായി. തുകല്‍ ഉല്‍പ്പന്ന വ്യവസായത്തിലും ഇപ്പോള്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നു. ഏറ്റവും കൂടുതല്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളത് വീട്ടുജോലിക്കാരുടെ വിഭാഗത്തിലാണ്. ഇവരുടെ എണ്ണം 30 ലക്ഷത്തിലധികം വരും. ഇത് ഇന്ത്യയിലെ നഗരങ്ങളില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ 12 ശതമാനം ആണ്. സാധാരണ കൂലിപ്പണിക്കാരിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ തൊഴില്‍ പങ്കാളിത്തം ഉള്ളത് ; രണ്ടാം സ്ഥാനം സ്വയം തൊഴില്‍ ചെയ്യുന്ന കര്‍ഷകരുടെ വിഭാഗത്തിനാണ്.
വര്‍ദ്ധിക്കുന്ന സ്ത്രീകുടിയേറ്റം
ചൂഷണാത്മകമായ പുതിയ വളര്ച്ചാക്രമത്തിന്റെ ഒരു പ്രധാന സവിശേഷതയായി അടുത്ത കാലത്ത് കാണാന്‍ കഴിയുന്ന കാര്യം സ്ത്രീകളുടെ കുടിയേറ്റത്തിലുള്ള(migration) വന്‍ വര്‍ദ്ധനവാണ്. ഔദ്യോഗിക സര്‍ക്കാര്‍ കണക്കുകളില്‍ ഈ കുടിയേറ്റത്തിന്റെ യാഥാര്‍ത്ഥ ചിത്രം പ്രതിഫലിക്കുന്നില്ല. ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്ന പ്രവണത ശക്തമായതിനെത്തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പലരും ചിന്തിച്ചുതുടങ്ങിയതു തന്നെ. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയില്‍ 31 ശതമാനം സ്വന്തം ഗ്രാമങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും കുടിയേറ്റം നടത്തിയവരാണ്. ഇതില്‍ 70 ശതമാനത്തിനുമേല്‍- ഏകദേശം 22.1 കോടി സ്ത്രീകളാണ്. വിവരശേഖരണത്തിന്റെ വിശ്വാസ്യതയെപ്പറ്റി സംശയങ്ങളുണ്ടാകാമെങ്കിലും ഔദ്യോഗിക കണക്കുകളില്‍ നിന്നും സൂഷ്മതല പഠനങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ദൈനംദിന വരുമാനത്തിനുള്ള മാര്‍ഗ്ഗം തേടി സ്ത്രീകള്‍ വര്‍ദ്ധിച്ച തോതില്‍ നാടും വീടും വിട്ടു കുടിയേറ്റം നടത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്നതാണ്.
ഒറ്റയ്ക്കും കൂട്ടായും ജോലി തേടി സഞ്ചരിക്കുന്ന സ്ത്രീകളെ മഹിളാ സംഘടനകള്‍ കുറച്ചുകാലമായി വീക്ഷിക്കുന്നുണ്ട്. ഹ്രസ്വകാലത്തേക്കുള്ള ജോലി തേടി, എന്നാല്‍ അത് ലഭിക്കുമെന്നുള്ള യാതൊരു ഉറപ്പുമില്ലാതെ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടിവരുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രഭാതത്തിനുമുമ്പെ ജോലി തേടി വീട് വിട്ടിറങ്ങുന്ന ഇവര്‍ രാത്രി വളരെ വൈകിയാണ് വീടുകളില്‍ തിരിച്ചെത്തുക; കുടുംബ ജീവിതം എന്നത് അവര്‍ക്കന്യമാണ്. നിവൃത്തികേട് കൊണ്ട് ഏതെങ്കിലും വാഹനങ്ങളില്‍ സൌജന്യയാത്ര തരപ്പെടുത്തിയും. തീവണ്ടികളില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തും പൊതു സ്ഥലങ്ങളില്‍ കിടന്നുറങ്ങിയും അവര്‍ ജീവസന്ധാരണത്തിനുള്ള മാര്‍ഗം തേടുന്നു.ഗ്രാമീണ ഇന്ത്യയെ ഗ്രസിച്ചിരിക്കുന്ന കാര്‍ഷിക പ്രതിസന്ധിയുടെ ഫലമായി കാര്‍ഷികവൃത്തി ആദായകരമല്ലാതായി മാറിയതും തൊഴിലവസരങ്ങള്‍ ഇല്ലാതായതും കുടിയേറ്റത്തിന് ആക്കം കൂട്ടുന്നു. ഭൂരഹിതര്‍ക്ക് പണിയൊന്നും ലഭ്യമല്ല; കുറച്ച് ഭൂമിയുള്ളവര്‍ക്ക് തന്നെ അവിടെ പണി ചെയ്യാന്‍ പറ്റുന്നില്ല. പരമ്പരാഗത തൊഴിലുകള്‍ തകര്ന്നുപൊയ്ക്കൊണ്ടിരിക്കുന്നു. കൈത്തൊഴിലുകളെ ആശ്രയിച്ചിരുന്ന കുടുംബങ്ങള്‍ പട്ടിണിയിലാണ്. ഭര്ത്താക്കന്മാര് അന്യദേശങ്ങളില്‍ പോയി പണിയെടുത്ത് അയച്ചുകൊടുത്തിരുന്ന പണം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന സ്ത്രീകള്‍ അത്തരം വരുമാനത്തിലെ സ്ഥിരതയില്ലായ്മ മൂലം ജീവിക്കാന്‍ വേണ്ടി മറ്റു തൊഴിലുകള്‍ കണ്ടെത്താന്‍ നിര്‍ബന്ധിതരാവുന്നു. ജോലിയന്വേഷിച്ച് കുടുംബത്തോടൊപ്പമോ, മറ്റു സ്ത്രീകളോടൊപ്പമോ, ഒറ്റയ്ക്കോ മറ്റു സ്ഥലങ്ങളിലേക്ക് പോവുകയല്ലാതെ മാര്‍ഗ്ഗമില്ല എന്നതാണവസ്ഥ. കാര്‍ഷിക പ്രതിസന്ധിയുടെ ആഴവും വ്യാപ്തിയുമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ കാണപ്പെടുന്ന കുടിയേറ്റ തരംഗത്തിനുള്ള പ്രധാന കാരണം.
പരിതാപകരമായ തൊഴില്‍ രംഗം
ഇന്നത്തെ സാഹചര്യത്തില്‍ നിര്‍മാണ മേഖലയിലും സേവന മേഖലയിലും വളരെക്കുറച്ച് തൊഴിലവസരങ്ങള്‍ മാത്രം ലഭ്യമായതിനാല്‍ ഇങ്ങനെ ജോലി തേടുന്ന സ്ത്രീകള്‍ക്ക് സ്ഥിരമായ വരുമാനമോ, മറ്റു സൌകര്യങ്ങളോ, കുറഞ്ഞകൂലിയെങ്കിലുമോ ഉറപ്പുനല്‍കുന്ന മുഴുവന്‍ സമയ ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കാനേ വയ്യ. പലപ്പോഴും വിവിധ സമയങ്ങളില്‍ വിവിധ ജോലികള്‍ ചെയ്യാനും ജോലി തേടി പല സ്ഥലങ്ങളില്‍ അലയാനും അവര്‍ നിര്‍ബന്ധിതരാവുന്നു. ഇന്നത്തെ കുടിയേറ്റത്തിന്റെ സവിശേഷതകളിലൊന്ന് നിരന്തരമായ ചംക്രമണമാണ്. ഒന്നാമത്തെ ഗ്രാമത്തില്‍ നിന്നും സ്ത്രീകള്‍ രണ്ടാമത്തെ ഗ്രാമത്തിലേക്കും രണ്ടാമത്തെ ഗ്രാമത്തിലെ സ്ത്രീകള്‍ മൂന്നാമത്തെ ഗ്രാമത്തിലേക്കും മൂന്നാമത്തെ ഗ്രാമത്തിലെ സ്ത്രീകള്‍ ഒന്നാമത്തെ ഗ്രാമത്തിലേക്കും ജോലി തേടി കറങ്ങിക്കൊണ്ടിരിക്കുന്നു. തൊഴില്‍ ദാതാക്കള്‍ തദ്ദേശീയരായ തൊഴിലാളികളേക്കാള്‍ ഇഷ്ടപ്പെടുന്നത് കുടിയേറ്റക്കാരെയാണ് ; കൂലി കുറച്ച് നല്കിയാല് മതി എന്നത് തന്നെയാണ് പ്രധാന കാരണം. നിരന്തരമായ ഈ യാത്ര സ്ത്രീകളെയും അവരുടെ കുടുംബങ്ങളെയും ചൂഷണത്തിനും വിവിധ രീതിയിലുള്ള അടിച്ചമര്‍ത്തലിനും ഇരകളാക്കുന്നു. അതോടൊപ്പം ഉയര്‍ന്ന കൂലിക്കുവേണ്ടിയുള്ള പ്രാദേശിക തൊഴിലാളികളുടെ സമരത്തെ തകര്‍ക്കാന്‍ ഉപയോഗിക്കപ്പെടുന്നവരെന്ന നിലയില്‍ അവരില്‍ നിന്നും ശത്രുത നേരിടേണ്ടി വരികയും ചെയ്യുന്നു. പലപ്പോഴും സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുകയും ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു.
കുടിയേറ്റ തൊഴിലാളികള്‍ക്ക് യാതൊരു വിധത്തിലുമുള്ള വിലപേശല്‍ ശേഷിയുമില്ല. കൂലി നല്‍കുന്നത് വൈകിപ്പിക്കലും കൂലി നല്കുകയില്ല എന്ന ഭീഷണിയും കൂടുതല്‍ പണിയെടുപ്പിക്കുന്നതിനുള്ള മാര്‍ഗമായി ഉപയോഗിക്കപ്പെടുന്നു. പുരുഷന്മാര്ക്ക് ലഭിക്കുന്നതിനേക്കള്‍ തുലോം കുറവാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്ന കൂലി. ജോലി ചെയ്യുന്ന അന്തരീക്ഷം തീരെ മോശവും സൌകര്യങ്ങള്‍ കുറഞ്ഞതുമാണ്. ലൈംഗിക പീഡനം വര്‍ദ്ധിച്ചുവരുന്നു. താമസിക്കുന്നതിനുള്ള സ്ഥലങ്ങളുടെ സ്ഥിതി പരിതാപകരമാണ്. പലപ്പോഴും താമസിക്കാന്‍ ലഭിക്കുന്നത് താല്‍ക്കാലിക ഷെഡുകളോ വഴിയോരങ്ങളിലുള്ള കൂടാരങ്ങളോ ആയിരിക്കും. അവിടെ കക്കൂസ്, കുടി വെള്ളം, മറ്റ് സൌകര്യങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നു. വാസസ്ഥലങ്ങളില്‍ സുരക്ഷിതത്വവും തീരെയില്ല. ഉത്തര്‍ പ്രദേശിലെ നിഥാരി സംഭവം വെളിവാക്കിയതുപോലെ ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്ന കുഞ്ഞുങ്ങളും കൌമാരപ്രായക്കാരായ പെണ്‍കുട്ടികളും നേരിടുന്ന ആപത്തിന്റെ ആഴം വളരെ വലുതാണ്. നിഥാരിയില്‍ കൊല ചെയ്യപ്പെട്ട കുട്ടികള്‍ തൊഴിലന്വേഷിച്ച് ഡല്‍ഹിയിലേക്ക് വന്നവരും പ്രധാനമായും വീട്ടുജോലി ചെയ്തിരുന്നവരുമായ കുടിയേറ്റക്കാരുടെ മക്കളായിരുന്നു.
കൌമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ കുടിയേറ്റം
അവിവാഹിതരായ സ്ത്രീ തൊഴിലാളികള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചുവരികയാണ്. ഇത് ചെറുപ്പക്കാരികളുടെ കുടിയേറ്റത്തില്‍- പലപ്പോഴും ഹ്രസ്വകാലത്തേക്ക് മാത്രമായി - അനിയന്ത്രിതമായ വര്‍ദ്ധനവാണ് ഉണ്ടാക്കിയിട്ടുള്ളത്. 1980 കളില്‍ ദൃശ്യമായ ഒരു പ്രവണത കേരളത്തില്‍ നിന്നും ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ പശ്ചിമതീരത്തുള്ള മത്സ്യ സംസ്ക്കരണ ഫാക്ടറികളിലേക്ക് അവിവാഹിതരായ പെണ്‍കുട്ടികളുടെ വന്‍തോതിലുള്ള കുടിയേറ്റമായിരുന്നു. ഇലക്ട്രോണിക്സ് വ്യവസായത്തിലും മാംസ സംസ്ക്കരണവ്യവസായത്തിലും ഈ പ്രവണത ഇപ്പോള്‍ കാണാം.
രാജ്യത്ത് ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴില്‍ പങ്കാളിത്തമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍, ഒറ്റയ്ക്ക് ജോലി തേടി കുടിയേറുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഉയര്‍ന്ന നിരക്കുള്ള ഒരു സംസ്ഥാനമാണ് കേരളം എന്ന സാമൂഹ്യ പ്രതിഭാസവും ശ്രദ്ധേയമാണ്. രാജ്യത്തിനകത്തും പുറത്തും മലയളി നേഴ്സ് പ്രിയങ്കരിയാണ്. എന്നാല്‍ ഇത്തരം തൊഴിലുകളും സഞ്ചാര സ്വാതന്ത്ര്യവും ഉയര്‍ന്ന സാമ്പത്തിക സ്വാതന്ത്ര്യമായിട്ടോ സ്വന്തം ഭാവി തീരുമാനിക്കാനുള്ള അധികാരമായിട്ടോ മാറിയിട്ടില്ല. മിക്കവാറും പെണ്‍കുട്ടിയുടെ വരുമാനം സ്ത്രീധനം സ്വരൂപിക്കുന്നതിനുള്ള ഒരു മാര്‍ഗമായി തീരുകയും സ്വന്തം കുടുംബത്തില്‍ നിന്നും വിവാഹ ശേഷം മറ്റൊരു കുടുംബത്തിലേക്കുള്ള കീഴടങ്ങല്‍ മാത്രമായി ഇത് മാറുന്നു.
അവിവാഹിതകളായ പെണ്‍കുട്ടികള്‍ സ്ത്രീധനം നല്‍കാനുള്ള പണമുണ്ടാക്കാന്‍ തൊഴില്‍ തേടി അന്യദേശങ്ങളിലേക്ക് പോകുന്നത് മറ്റുസ്ഥലങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ ടെക്സ്റ്റൈല്‍ മില്ലുകള്‍ ഗ്രാമീണമേഖലകളില്‍ നിന്നും അവിവാഹിതകളായ പെണ്‍കുട്ടികളെ `സുമംഗലിത്തിട്ടം‘ എന്ന പേരില്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ നിശ്ചിത തുക രൊക്കമായി കൊടുക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് വയ്ക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് പെണ്‍കുട്ടികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഹോസ്റ്റലുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുന്നു. നിയന്ത്രണങ്ങളുടെ ഏതു തരത്തിലുള്ള ലംഘനവും കര്‍ശനമായി ശിക്ഷിക്കപ്പെടും. ട്രേഡ് യൂണിയനുകളില്‍ അംഗമാകുന്നത് നിഷിദ്ധമാണ്. ഇടയ്ക്കുവച്ച് ജോലി നിറുത്തുന്ന പെണ്‍കുട്ടികള്‍ക്ക് അതുവരെ ജോലി ചെയ്തതിനുള്ള കൂലിയ്ക്കും അവകാശമില്ല. നവ ഉദാരവല്‍കൃത സമ്പദ്വ്യവസ്ഥ യാഥാസ്ഥിതികവും പുരുഷ മേധാവിത്വപരവുമായ പ്രത്യയശാസ്ത്രവുമായി കൈകോര്‍ത്തുകൊണ്ട് ചെറുപ്പക്കാരികളെ ചൂഷണം ചെയ്യുന്നതിനുള്ള പുത്തന്‍ രൂപങ്ങള്‍ ആവിഷ്ക്കരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
ആദിവാസി സ്ത്രീകളുടെ കുടിയേറ്റം
ഝാര്‍ഖണ്ഡ് പോലുള്ള സംസ്ഥനങ്ങളില്‍ നിന്ന് വീട്ടുജോലികള്‍ക്കായി നഗരങ്ങളിലേക്ക് കൊണ്ടുവരുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും ആദിവാസി സ്ത്രീകളാണ്. പുതിയ തരം ലേബര്‍ കോണ്ട്രാക്ടര്മാരും പ്രാദേശിക ഏജന്റുമാരും നഗരപ്രദേശങ്ങളിലെ തൊഴില്‍ ദാന ഏജന്‍സികളുമായി ചേര്‍ന്നുകൊണ്ട് ആദിവാസിമേഖലയില്‍ ചുവടുറപ്പിച്ചിരിക്കുന്നു. പ്രാദേശിക തൊഴില്‍ ദല്ലാളന്മാര്ക്ക് സാധിച്ചിരുന്നതില്‍ നിന്നും വളരെ വ്യാപ്തിയുള്ള പുത്തന്‍ ചൂഷണതന്ത്രങ്ങള്‍ നടപ്പിലാക്കുന്നതിന് ഇത്തരം പുതിയ ഏജന്‍സികള്‍ക്ക് കഴിയുന്നുണ്ട്. ജോലിതേടിയുള്ള കുടിയേറ്റം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്നത് കൂടുതല്‍ ഗൌരവപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു സംഭവവികാസമാണ്. ഇത് സ്ത്രീകളുടെ പദവിയെയും തൊഴില്‍ സാഹചര്യങ്ങളേയും കൂടുതല്‍ ഇടിച്ചുതാഴ്ത്താനുള്ള സാധ്യതകള്‍ തുറക്കുന്നു.
അതുകൊണ്ട് കുടിയേറ്റം എന്ന പ്രശ്നം കൂടുതല്‍ ഗൌരവത്തോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഈ ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ വനിതാപ്രസ്ഥാനങ്ങള്‍ അടിയന്തിരമായി ഏറ്റെടുക്കുകയും അദ്ധ്വാനിക്കുന്നവരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ജനാധിപത്യ സമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
അവസാനിപ്പിക്കും മുമ്പ്, ഒരു കാര്യം കൂടി. കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൌരന്മാര്ക്കുള്ള മൌലികാവകാശങ്ങളിലൊന്നായ വോട്ടുചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുകയാണ്. വാസസ്ഥലങ്ങള്‍ മാറി മാറിക്കൊണ്ടിരിക്കുന്ന ഇവര്‍ക്ക് തങ്ങളുടെ താമസസ്ഥലത്തിനുള്ള തെളിവുകളും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കുക എളുപ്പമല്ല. അതുകൊണ്ടുതന്നെ അവര്‍ക്ക് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യുന്നതിന് സാധിക്കുന്നില്ല. കുടിയേറ്റക്കാര്‍ക്ക് പൌരന്മാരെന്ന നിലയിലുള്ള അടിസ്ഥാനജനാധിപത്യ അവകാശം അംഗീകരിച്ച് കിട്ടുന്നതിന് വേണ്ടിയുള്ള ആവശ്യം ഉയര്‍ത്തുകയും അതിനായി അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യേണ്ടിയിരിക്കുന്നു.
(ലേഖിക: ശ്രീമതി സുധ സുന്ദരരാമന്‍. കടപ്പാട്: സ്ത്രീശബ്ദം)
അധിക വായനക്ക്
“Adolescent Dreams Shattered in the Lure of Marriage”: Sumangali System: A New Form of Bondage in Tamil Nadu
1 comment:
അവിവാഹിതകളായ പെണ്‍കുട്ടികള്‍ സ്ത്രീധനം നല്‍കാനുള്ള പണമുണ്ടാക്കാന്‍ തൊഴില്‍ തേടി അന്യദേശങ്ങളിലേക്ക് പോകുന്നത് വ്യാപകമായിട്ടുണ്ട്. തമിഴ്നാട്ടിലെ ടെക്സ്റ്റൈല്‍ മില്ലുകള്‍ ഗ്രാമീണമേഖലകളില്‍ നിന്നും അവിവാഹിതകളായ പെണ്‍കുട്ടികളെ “സുമംഗലിത്തിട്ടം” എന്ന പേരില്‍ മൂന്നുവര്‍ഷം കഴിയുമ്പോള്‍ നിശ്ചിത തുക രൊക്കമായി കൊടുക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് വയ്ക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് പെണ്‍കുട്ടികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ ഹോസ്റ്റലുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരാവുന്നു. നിയന്ത്രണങ്ങളുടെ ഏതു തരത്തിലുള്ള ലംഘനവും കര്‍ശനമായി ശിക്ഷിക്കപ്പെടും. ട്രേഡ് യൂണിയനുകളില്‍ അംഗമാകുന്നത് നിഷിദ്ധമാണ്. ഇടയ്ക്കുവച്ച് ജോലി നിറുത്തുന്ന പെണ്‍കുട്ടികള്‍ക്ക് അതുവരെ ജോലി ചെയ്തതിനുള്ള കൂലിയ്ക്കും അവകാശമില്ല. നവ ഉദാരവല്‍കൃത സമ്പദ്വ്യവസ്ഥ യാഥാസ്ഥിതികവും പുരുഷ മേധാവിത്വപരവുമായ പ്രത്യയശാസ്ത്രവുമായി കൈകോര്‍ത്തുകൊണ്ട് ചെറുപ്പക്കാരികളെ ചൂഷണം ചെയ്യുന്നതിനുള്ള പുത്തന്‍ രൂപങ്ങള്‍ ആവിഷ്ക്കരിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
Post a Comment